മുതലപ്പൊഴിയിൽ വീണ്ടും സംഘർഷം; സമരക്കാർ തടഞ്ഞുവച്ച ഉദ്യോഗസ്ഥരെ മോചിപ്പിച്ചു
Friday, May 16, 2025 11:04 PM IST
തിരുവനന്തപുരം: മുതലപ്പൊഴിയിൽ അടിഞ്ഞു കിടക്കുന്ന മണൽ നീക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തിൽ വീണ്ടും സംഘർഷം. പ്രതിഷേധത്തിന്റെ ഭാഗമായി ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ തടഞ്ഞുവച്ച മുഴുവൻ ഉദ്യോഗസ്ഥരെയും പോലീസ് മോചിപ്പിച്ചു.
സ്ഥലത്തെ സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. ഹാർബർ എൻജിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകർത്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സമരക്കാർ.
വെള്ളിയാഴ്ച രാവിലെ തീരദേശ റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരത്തിലേക്കാണ് ആദ്യം മത്സ്യത്തൊഴിലാളികൾ കടന്നത്. ഉച്ചയോട് കൂടി അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിലേക്ക് മത്സ്യത്തൊഴിലാളികൾ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
മുതലപ്പൊഴിയിൽ അടിഞ്ഞു കിടക്കുന്ന മണൽ നീക്കാൻ അഴീക്കൽ തുറമുഖത്തുനിന്ന് ഡ്രജർ എത്തിച്ചിരുന്നു. രണ്ടാഴ്ച പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്നാണ് ആരോപണം. ഒരു തവണ ഡ്രജർ പ്രവർത്തിച്ചപ്പോൾ വെള്ളം മാത്രമാണ് വന്നത്. മണൽ പുറത്തേക്ക് കൊണ്ടുവരാൻ ഡ്രജറിന് സാധിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.