90 മീറ്റർ കടമ്പ പിന്നിട്ടു; ചരിത്ര നേട്ടവുമായി നീരജ് ചോപ്ര
Friday, May 16, 2025 11:47 PM IST
ദോഹ: ജാവലിൻ ത്രോയിൽ 90 മീറ്റർ കടമ്പ പിന്നിട്ട് ഇന്ത്യൻ താരം നീരജ് ചോപ്ര. ദോഹ ഡമയമണ്ട് ലീഗിലാണ് നീരജ് ചരിത്രമെഴുതിയത്. കരിയറിൽ ആദ്യമായിട്ടാണ് താരം 90 മീറ്റർ ദൂരം താണ്ടിയത്.
ദോഹ ഡയമണ്ട് ലീഗിലെ മൂന്നാം ശ്രമത്തിൽ 90.23 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് റിക്കാർഡിട്ടത്. ആദ്യ ത്രോയിൽ 88.44 മീറ്റർ ദൂരമാണ് നീരജ് പിന്നിട്ടത്. രണ്ടാം ശ്രമം ഫൗളായി. സ്റ്റോക്കോം ഡയമണ്ട് ലീഗിലെ 89.94 മീറ്ററായിരുന്നു നീരജിന്റെ കരിയറിലെ മികച്ച ദൂരം.
നീരജിന് കരിയറിലെ മികച്ച ദൂരം കണ്ടെത്താനായെങ്കിലും ജർമൻ താരമായ ജൂലിയൻ വെബെറാണ് ഒന്നാം സ്ഥാനത്തുള്ളത്. 89.06 മീറ്റർ ദൂരം മൂന്നാം ശ്രമത്തിൽ പിന്നിട്ട ജൂലിയൻ അവസാന ശ്രമത്തിൽ 91.06 മീറ്റർ എന്ന ദൂരത്തിലെത്തി. ഇതോടെ നീരജ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
ടോക്കിയോ ഒളിംന്പിക്സിൽ സ്വർണം നേടിയപ്പോൾ 87.58 മീറ്ററായിരുന്നു നീരജ് എറിഞ്ഞത്. പാരിസ് ഒളിംമ്പിക്സിൽ 89.45 മീറ്റർ ദൂരം എറിഞ്ഞെങ്കിലും ഇന്ത്യൻ താരത്തിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അന്ന് സ്വർണം നേടിയ അര്‍ഷാദ് നദീം ഇത്തവണ പങ്കെടുക്കുന്നില്ല.
ദോഹയിൽ ജാവലിൻ ത്രോയില്‍ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരമായ കിഷോർ ജന എട്ടാമതാണ് ഫിനിഷ് ചെയ്തത്. 78.60 മീറ്ററെന്ന സീസണിലെ മികച്ച പ്രകടനവുമായാണ് കിഷോർ ജന ദോഹയിൽ ഫിനിഷ് ചെയ്തത്.