ഐവിനെ മനഃപൂര്‍വം കാറിടിപ്പിച്ചു കൊന്നു ; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: നെടുമ്പാശേരി നായത്തോടില്‍ വാഹനം ഉരസിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അങ്കമാലി തുറവൂര്‍ ആരിശേരില്‍ ഐവിന് ജിജോ (24)യെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയത് പ്രതികള്‍ മനഃപൂര്‍വം ചെയ്തതെന്നു പോലീസ്.
തുറവൂരിലെ വീട്ടില്‍നിന്നു ജോലിസ്ഥലത്തേക്ക് കാറില്‍ വരുന്നതിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കാറുമായി ഉരസിയതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണു കൊലപാതകത്തിലേക്ക് നയിച്ചത്. പോലീസ് എത്തിയിട്ടു പോയാല്‍ മതിയെന്നു പറഞ്ഞ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കാര്‍ ഐവിന് തടഞ്ഞു. ഇതോടെയാണു പ്രതികള്‍ കാറിടിപ്പിച്ചത്.
കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെതന്നെയായിരുന്നു ഇതെന്നും പ്രതികളായ സിഐഎസ്എഫ് എസ്ഐ വിനയകുമാര്‍ ദാസ് (38), കോണ്‍സ്റ്റബിള്‍ മോഹന്‍കുമാര്‍ (31) എന്നിവര്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായും നെടുമ്പാശേരി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കാറിടിച്ചതിനെത്തുടര്‍ന്ന് ബോണറ്റിലേക്കു വീണ ഐവിനെ 600 മീറ്ററോളം കൊണ്ടുപോയി. ബ്രേക്കിട്ടു നിലത്തു വീഴ്ത്തിയശേഷം വീണ്ടും കാറിടിപ്പിച്ചു. അടിയില്‍പ്പെട്ട ഐവിനെ 37 മീറ്ററോളം റോഡിലൂടെ ഉരച്ചുകൊണ്ടുപോയി. ഗുരുതര പരിക്കേറ്റാണു മരണം. പ്രതികള്‍ ഇരുവരും ഒരുപോലെ കുറ്റക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒന്നാംപ്രതി സിഐഎസ്എഫ് എസ്ഐ വിനയകുമാര്‍ ദാസ്, രണ്ടാംപ്രതി കോണ്‍സ്റ്റബിള്‍ മോഹന്‍കുമാര്‍ എന്നിവരെ അങ്കമാലി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. പ്രതികളെ കോടതിയില്‍ എത്തിച്ചപ്പോള്‍ നാടകീയ രംഗങ്ങൾ അരങ്ങേറി.
യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോടതി പരിസരത്തു പ്രതിഷേധിക്കാന്‍ ഒത്തുകൂടിയിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് പ്രതികളെ മറ്റൊരു വഴിയിലൂടെയാണു കോടതിയില്‍ എത്തിച്ചത്.
കണ്ണീരോടെ വിട
കൊച്ചി: സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ക്രൂരമായി കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ഐവിന് ജിജോയ്ക്ക് കണ്ണീരോടെ വിട നല്കി നാട്ടുകാരും ബന്ധുക്കളും.
അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങളാണ് തുറവൂര്‍ ആരിശേരില്‍ വീട്ടിലും സംസ്കാരം നടന്ന സെന്റ് അഗസ്റ്റിൻസ് പള്ളിയിലുമെത്തിയത്. പിതാവ് ജിജോ മകന്റെ മൃതദേഹം കാണാനാകാതെ തളര്‍ന്നിരുന്നു. അമ്മ റോസ് മേരിയും സഹോദരി അലീനയും അന്ത്യചുംബനം നല്കുന്ന ദൃശ്യങ്ങള്‍ കണ്ടുനിന്നവരുടെ ഉള്ളുലച്ചു.
ആദരാഞ്ജലിയര്‍പ്പിക്കാന്‍ നിരവധി പേര് എത്തിയതോടെ ഇന്നലെ വൈകുന്നേരം 3.15ഓടെയാണ് മൃതദേഹം സംസ്കാരത്തിനായി തുറവൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയിലേക്കു കൊണ്ടുപോയത്. സംസ്കാരച്ചടങ്ങില്‍ ഫരീദാബാദ് അതിരൂപത സഹായമെത്രാൻ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മികനായിരുന്നു.
ദീപിക 139-ാം വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും ഇന്ന്
കോട്ടയം: ദീപികയുടെ 139-ാം വാര്‍ഷികാഘോഷവും എക്സലന്‍സ് അവാര്‍ഡ് ദാനവും ഇന്ന് കുമരകം ബാക്വാട്ടര് റിപ്പിള്‍സ് റിസോര്‍ട്ടില്‍ നടക്കും.
വൈകുന്നേരം ആറിന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം ഗവര്‍ണര്‍ രാജന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുകയും എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിക്കുകയും ചെയ്യും.
മന്ത്രി വി.എന്‍. വാസവന്, മുഖ്യ പ്രഭാഷണം നടത്തും. മന്ത്രി പി. പ്രസാദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സ്വാഗതം പറയും. ദീപിക ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലില്‍ കൃതജ്ഞത അര്‍പ്പിക്കും.
ആന ചരിഞ്ഞ സംഭവത്തിൽ അന്യായ കസ്റ്റഡി: വനപാലകർക്കെതിരേ കേസെടുത്തു
പത്തനംതിട്ട: പാടം ഫോറസ്റ്റ് സ്റ്റേഷനിൽ അന്യായമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന പരാതിയിൽ വനപാലകർക്കെതിരേ പോലീസ് കേസ്.
കുളത്തുമണ്ണിൽ സ്വകാര്യ ഭൂമിയിൽ കാട്ടാന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. കാട്ടാന ചരിഞ്ഞ സംഭവത്തിൽ മൊഴിയെടുപ്പിനെന്ന പേരിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത പശ്ചിമബംഗാൾ സ്വദേശി സേതു മണ്ഡലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പാടം ഫോറസ്റ്റ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരേയാണ് കേസ്.
കണ്ടാലറിയാവുന്നവർ എന്ന പേരിലാണ് ഇവരെ പരാതിയിൽ പരാമർശിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
വനം ഉദ്യോഗസ്ഥരുടെ തെറ്റായ പ്രവണതകൾ സർക്കാർ പരിശോധിക്കണം: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: വനം വകുപ്പ് ഉദ്യോഗസ്ഥർ എടുക്കുന്ന ചില തെറ്റായ പ്രവണതകളെ കുറിച്ച് വ്യാപകമായ ആക്ഷേപമുയർന്നിട്ടുണ്ടെന്നും ഇക്കാര്യം സർക്കാർ പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ചില സമീപനങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. വനം വകുപ്പ് ജീവനക്കാരെ കെ.യു. ജനീഷ്കുമാർ എംഎൽഎ ഭീഷണിപ്പെടുത്തിയെന്ന ആക്ഷേപം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂണിയറെ മർദിച്ച ‘സീനിയർ’ റിമാൻഡിൽ
തിരുവനന്തപുരം: ജൂണിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച പ്രതിയായ അഭിഭാഷകൻ ബെയ്ലിൻ ദാസ് റിമാൻഡിൽ. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പതിനൊന്നാണ് അഡ്വക്കേറ്റ് ബെയ്ലിൻ ദാസിനെ ഈ മാസം 27 വരെ റിമാൻഡ് ചെയ്തത്.
ഇയാളെ പൂജപ്പുര ജില്ല ജയിലിലേക്കു മാറ്റി. ജാമ്യ ഹർജിയിൽ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റി. തൊഴിലിടത്ത് നടന്ന അതിക്രമത്തെ ഗൗരവമായി കാരണമെന്നും ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി പ്രതിയെ റിമാൻഡ് ചെയ്തത്.
അതേസമയം, ശ്യാമിലിയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായതിനെ തുടർന്ന് പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് മർദിച്ചതെന്നും കരുതിക്കൂട്ടി ചെയ്തതല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
തപാൽ വോട്ട് തിരുത്തി എന്ന പരാമർശം; ജി. സുധാകരനെതിരേ കേസെടുത്തു
ആലപ്പുഴ: തപാൽ വോട്ട് തിരുത്തിയെന്ന വിവാദ പരാമർശത്തിൽ മുൻ മന്ത്രി ജി. സുധാകരനെതിരേ പോലീസ് കേസെടുത്തു. കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് പോലീസിന്റെ നടപടി.
ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ഐപിസി 465, 468, 471 വകുപ്പുകൾ ചുമത്തിയാണ് കേസ്. 36 വർഷം മുൻപ് ആലപ്പുഴയൽ മത്സരിച്ച കെ.വി. ദേവദാസിനായി കൃത്രിമം നടത്തിയെന്നാണ് കഴിഞ്ഞ ദിവസം ജി. സുധാകരൻ പറഞ്ഞത്.
തനിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താലും കുഴപ്പമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. പരാമർശത്തിൽ പുന്നപ്രയിലെ സുധാകരന്റെ വസതിയിൽ എത്തി അമ്പലപ്പുഴ തഹസിൽദാർ മൊഴിയെടുത്തിരുന്നു.
സംഭവം വിവാദമായതോടെ ജി. സുധാകരൻ പരാമർശത്തിൽ മലക്കംമറിഞ്ഞു. വോട്ടുമാറ്റി കുത്തുന്നവർക്ക് താൻ ചെറിയൊരു ജാഗ്രത നൽകിയതാണ്. അൽപ്പം ഭാവന കലർത്തിയാണ് താൻ സംസാരിച്ചത്. ഒരുതവണ പോലും ബാലറ്റ് തുറന്നുനോക്കിയിട്ടില്ല.
ഒരു വോട്ടുപോലും തിരുത്തിയിട്ടില്ല. ഒരുതവണ പോലും കളളവോട്ട് ചെയ്യുകയോ പണം കൊടുക്കുകയോ ചെയ്തിട്ടില്ല. വോട്ട് മാറ്റി കുത്തുന്നവർക്ക് ജാഗ്രത നൽകിയതാണ്. മൊഴിയെടുത്തപ്പോൾ ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്ന് ജി. സുധാകരൻ പറഞ്ഞു.
44.40 ലക്ഷത്തിന്റെ വിദേശ കറൻസി പിടികൂടി
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ കറൻസി വേട്ട. വിദേശത്തേക്കു കടത്താൻ ശ്രമിച്ച 44.40 ലക്ഷം രൂപയുടെ സൗദി റിയാലാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചത്.
കൊച്ചിയിൽനിന്നു സ്പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ ദുബായിലേക്കു പോകാൻ വന്ന മൂവാറ്റുപുഴ സ്വദേശി ഗീതയെന്ന യാത്രക്കാരിയിൽനിന്നാണു വിദേശ കറൻസി പിടികൂടിയത്.
400ന്റെ 500 റിയാലാണ് ഇവരിൽനിന്നു കണ്ടെടുത്തത്. റിയാൽ അലൂമിനിയം ഷീറ്റിന്റെ പായ്ക്കറ്റുകളിലാക്കി ബാഗിന്റെ അകത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയപ്പോൾ ബാഗ് തുറന്നു വിശദപരിശോധന നടത്തി വിദേശ കറൻസി കണ്ടെടുക്കുകയായിരുന്നു. വിശദ അന്വേഷണം ആരംഭിച്ചു.
സ്വർണാഭരണത്തിന് അഡ്വാൻസ് ബുക്കിംഗ്: 100 കോടിയുടെ തട്ടിപ്പ്
കൊല്ലം: സ്വർണാഭരണം വാങ്ങുന്നതിന് അഡ്വാൻസ് ബുക്കിംഗ് നടത്തിയവരിൽ നിന്നും 100 കോടിയിലേറെ രൂപ സമാഹരിച്ച് തട്ടിപ്പ് നടത്തിയതായി ആരോപണം.
അൽ-മുക്താദിർ ഇൻവെസ്റ്റേഴ്സ് ഗ്രൂപ്പും ഉടമ മുഹമ്മദ് മൻസൂർ അബ്ദുൽ സലാമും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് കബളിപ്പിക്കലിന് ഇരയായവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ കൊല്ലം ബീച്ച് റോഡ്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ശാഖകളിൽ 500 ലേറെ പേരാണ് തട്ടിപ്പിനിരയായിട്ടുള്ളത്.
അൽ-മുക്താദിർ ഗ്രൂപ്പ് ഉടമയക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള 40 ശാഖകളിലൂടെ 2000-ൽ അധികം ആൾക്കാരിൽനിന്നും 100 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം ഒളിവിലാണ്. ഇയാൾക്ക് വിദേശത്ത് തങ്ങുന്നതിനുള്ള അവസരം ഉണ്ടാകരുത്. പ്രത്യേക സംഘത്തെ നിയോഗിച്ച് മൻസൂറിനെ അവിടെനിന്നും അറസ്റ്റുചെയ്യണം.
അഞ്ച് മാസമായി ജ്വല്ലറിയുടെ എല്ലാ ശാഖകളും പ്രവർത്തനരഹിതമാണ്. മത- ആത്മീയ നേതാക്കൾ, മത പ്രഭാഷകർ, ഏജന്റുമാർ തുടങ്ങിയവർ വീടുകളിലെത്തി പ്രചാരണം നടത്തിയപ്പോൾ തങ്ങൾ അൽ-മുക്താദിർ ഇൻവെസ്റ്റേഴ്സ് ഗ്രൂപ്പിന്റെയും ഉടമയുടെയും വാഗ്ദാനത്തിൽ വീണുപോകുകയായിരുന്നു.
ഏജന്റുമാർക്ക് 10 മുതൽ 20ശതമാനം വരെ കമ്മീഷനാണ് ലഭിച്ചിരുന്നത്. കോടികൾ തട്ടിയെടുത്തയാളെ നിയമത്തിന്റെ മുന്നിലെത്തിച്ച് നിസഹായരും നിരാലംബരുമായവരുടെ പണം അല്ലെങ്കിൽ സ്വർണം തിരികെ ലഭിക്കാൻ നടപടി വേണം.
പോലീസിൽ പരാതിപ്പെട്ടതിന് അജ്ഞാത വാട്സ്ആപ്പ് നമ്പരുകളിൽനിന്നും വിളിച്ച് ഭീഷണിപ്പെടുത്തുന്നു. പണവും സ്വർണവും തിരികെ ലഭിക്കാത്തതിനാൽ ചികിൽസ നടത്താൻ കഴിയാത്തവരും വിവാഹം മുടങ്ങിയവരുമുണ്ടെന്ന് തട്ടിപ്പിന് ഇരയായവർ പറഞ്ഞു.
കാലവർഷം കനക്കുമെന്ന് പ്രവചനം; ഇടുക്കിയിൽ 32 ശതമാനം വെള്ളം
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: സംസ്ഥാനത്ത് കാലവർഷം ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കേ ഇടുക്കി അണക്കെട്ടിലുള്ളത് 2332.76 അടി വെള്ളം. സംഭരണശേഷിയുടെ 32 ശതമാനമാണിത്. കഴിഞ്ഞ വർഷം ഇതേ ദിവസം 33 ശതമാനം വെള്ളമാണുണ്ടായിരുന്നത്.
സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി നിലവിൽ 31 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞവർഷം 30 ശതമാനമായിരുന്നു വെള്ളത്തിന്റെ അളവ്. കഴിഞ്ഞ വർഷം 10 ദിവസത്തോളം പ്രതിദിന വൈദ്യുതി ഉപഭോഗം റിക്കാർഡ് ഭേദിച്ച് 10 കോടി യൂണിറ്റിനു മുകളിൽ എത്തിയിരുന്നു.
ഇന്നലെ സംസ്ഥാനത്ത് 98.821 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. ഇതിൽ 33.067 ദശലക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോൾ 65.753 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നുംഎത്തിച്ചു. ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവർഹൗസിൽ മാത്രം 13.642 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും ഉത്പാദിപ്പിച്ചു.
പതിവിൽനിന്നു വ്യത്യസ്തമായി ഇത്തവണ വേനൽമഴ തുണച്ചതും നിരവധി ഉപഭോക്താക്കൾ സോളാറിനെ ആശ്രയിക്കുന്നതും മൂലം ഇത്തവണ വൈദ്യുതി ഉപഭോഗം കുത്തനെ കുറയാൻ കാരണമായി.
2024 മാർച്ച് 13 മുതൽ 10 കോടി യൂണിറ്റിനു മുകളിലെത്തിയ ഉപഭോഗം പിന്നീട് ഒന്നരമാസത്തോളം അവധിദിവസങ്ങളിലൊഴികെ ഈ സ്ഥിതിയിലായിരുന്നു. എന്നാൽ ഇത്തവണ രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രമാണ് പ്രതിദിന ഉപഭോഗം പത്തുകോടിക്കു മുകളിലെത്തിയത്. ഏപ്രിൽ 22നു രേഖപ്പെടുത്തിയ 10.28 കോടി യൂണിറ്റാണ് ഈ വർഷത്തെ വൈദ്യുതി ഉപഭോഗത്തിലെ റിക്കാർഡ്.
പ്രതിമാസം 250 യൂണിറ്റിനു മുകളിൽ വൈദ്യുതി ഉപഭോഗമുള്ളവർക്ക് വൈകുന്നേരം ആറിനു ശേഷമുള്ള പീക്ക് സമയത്ത് 25 ശതമാനം അധികനിരക്ക് ബാധകമാക്കിയത് ഉപഭോക്താക്കൾ കൂടുതൽ ജാഗ്രതപുലർത്താൻ കാരണമായി.
സംസ്ഥാനത്ത് ഇതുവരെ എട്ടു ശതമാനം അധിക വേനൽമഴ ലഭിച്ചതായാണ് കണക്ക്. ഇത്തവണ കാലവർഷം നേരത്തേ എത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. അങ്ങനെയെങ്കിൽ ഇത്തവണത്തെ വേനൽമഴയുടെ അളവിൽ ഗണ്യമായ വർധനയുണ്ടാകും.
ലക്ഷദ്വീപിൽ ഇത്തവണ 24 ശതമാനം അധിക വേനൽമഴയാണ് ലഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽമഴ രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലാണ്. ഇവിടെ 55 ശതമാനം അധികവേനൽ മഴ പെയ്തു.
കണ്ണൂർ-40, തിരുവനന്തപുരം-34 ശതമാനം എന്നിങ്ങനെ അധിക വേനൽമഴ ലഭിച്ചു. ഇതേസമയം ഇടുക്കിയിൽ ഇതുവരെ 14 ശതമാനത്തിന്റെ മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 306.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 262.5 മില്ലിമീറ്റർ മഴ മാത്രമാണ് പെയ്തത്.
ഇത്തവണ കാലവർഷം ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഇടുക്കിയിൽ വൈദ്യുതി ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്. ഡാമിൽ എക്കലും മണലും അടിഞ്ഞ് സംഭരണശേഷിയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതു നീക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കാലവർഷത്തിൽ ഡാം വേഗം നിറയാനും ഷട്ടറുകൾ തുറന്നുവിടാനും ഇടയാകുന്ന സാഹചര്യം ഉണ്ടായേക്കാം.
ഇഡി കേസ് ഒഴിവാക്കുന്നതിന് പണം ആവശ്യപ്പെട്ടു; രണ്ടുപേര്‍ വിജിലന്‍സ് പിടിയില്‍
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കേസ് ഒഴിവാക്കുന്നതിന് രണ്ടു കോടി കൈക്കൂലി ആവശ്യപ്പെട്ട രണ്ടുപേരെ വിജിലന്‍സ് പിടികൂടി. തമ്മനം സ്വദേശി വില്സൻ, രാജസ്ഥാന് സ്വദേശി മുരളി മുകേഷ് എന്നിവരെയാണ് രണ്ടു ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം വിജിലന്‍സ് യൂണിറ്റ് പിടികൂടിയത്.
കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായിയാണു പരാതിക്കാരൻ. കശുവണ്ടി വ്യവസായ സ്ഥാപനത്തിന് ടേണോവര്‍ കൂടുതലാണെന്നും കണക്കുകളില്‍ വ്യാജ രേഖകള്‍ കാണിച്ച് പണം കൂടുതലും വിദേശത്താണ് ഉപയോഗിക്കുന്നതെന്നും മറ്റും കാണിച്ച് കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍നിന്നും കഴിഞ്ഞവര്‍ഷം സമന്‍സ് ലഭിച്ചിരുന്നു.
ഇതുപ്രകാരം കൊച്ചി ഇഡി ഓഫീസില്‍ ഹാജരായ പരാതിക്കാരനോട് വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ ബിസിനസുകളുടെ രേഖകളും കണക്കുകളും ഹാജരാക്കാന്‍ ആവശ്യപ്പെടുകയും അല്ലാത്തപക്ഷം കേസെടുക്കുമെന്നും പറഞ്ഞിരുന്നു.
തുടര്‍ന്ന് ഇഡി ഓഫീസിലെ ഏജന്റാണെന്നു പറഞ്ഞ് വില്സൻ പരാതിക്കാരനെ പലപ്രാവശ്യം ഫോണില്‍ വിളിക്കുകയും നേരില്‍ക്കണ്ടു കേസില്‍നിന്ന് ഒഴിവാക്കുന്നതിന് രണ്ടു കോടി ഇഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നുവെന്നും പറഞ്ഞു.
ഇഡി ഓഫീസുമായുള്ള ബന്ധം തെളിയിക്കുന്നതിലേക്ക് ഓഫീസില്‍നിന്നു വീണ്ടും സമന്‍സ് അയപ്പിക്കാമെന്ന് വില്സൻ പറഞ്ഞതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ 14ന് വീണ്ടും പരാതിക്കാരന് സമന്‍സ് ലഭിച്ചു. പിന്നീട് പരാതിക്കാരനെ നേരില്‍ക്കണ്ടു കേസ് സെറ്റില്‍ ചെയ്യുന്നതിന് 50 ലക്ഷം രൂപവീതം നാലു തവണകളായി രണ്ടു കോടി ആക്സിസ് ബാങ്കിന്റെ മുംബൈയിലുള്ള അക്കൗണ്ടിലേക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
കൂടാതെ രണ്ടു ലക്ഷം രൂപ പണമായി നേരിട്ട് വില്‍സനെ ഏല്‍പ്പിക്കണമെന്നും 50,000 രൂപകൂടി അധികമായി അക്കൗണ്ടില്‍ ഇട്ടു നല്‍കണമെന്നും പറഞ്ഞു. അക്കൗണ്ട് നമ്പര്‍ പരാതിക്കാരന് കൈമാറുകയും ചെയ്തു.
കൈക്കൂലി നല്കി കാര്യം സാധിക്കുന്നതിന് താത്പര്യമില്ലാതിരുന്ന പരാതിക്കാരന് ഈ വിവരം എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3.30 ന് പനമ്പള്ളിനഗറില്‍ വച്ച് പരാതിക്കാരനില്‍നിന്ന് 2,00,000 രൂപ കൈക്കൂലി വാങ്ങവെ വില്‍സനെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടി.
ഇയാളെ ചോദ്യം ചെയ്തതില്‍ മറ്റൊരു പ്രതിയായ രാജസ്ഥാന് സ്വദേശി മുരളി മുകേഷിന്റെ പങ്ക് വെളിവാകുകയും ഇയാളെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
കഞ്ചാവുമായി പിടിയിലായയാളുടെ മൊബൈലിൽ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യം
പെരുമ്പാവൂർ: കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈലിൽ അഞ്ചു വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ. പ്രതിയുടെ ബന്ധുവിന്റെ കുട്ടിയെയാണു പ്രതി പീഡനത്തിനിരയാക്കിയത്.
50 ഗ്രാം കഞ്ചാവുമായി ചെമ്പറക്കിയിൽനിന്നു പിടിയിലായയാളുടെ മൊബൈലിലാണു ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. ചോദ്യം ചെയ്യലിൽ ഇയാൾ ലഹരിക്ക് അടിമയാണെന്ന് കണ്ടെത്തി.
ഇതോടെയാണ് ഇയാളുടെ മൊബൈൽ ഫോൺ പോലീസ് പരിശോധനയ്ക്കു വിധേയമാക്കിയത്. നാളുകളായി ഈ ബന്ധുവിനൊപ്പമാണ് ഇയാൾ താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
അതിനാൽത്തന്നെ കുട്ടി നിരന്തരം പീഡനത്തിനിരയായിരിക്കാമെന്നാണു പോലീസ് നിഗമനം. കഞ്ചാവ് കേസിനൊപ്പം ഇയാൾക്കെതിരേ പോക്സോ കേസുകൂടി ചുമത്തി.
നരഭോജി കടുവ എവിടെ ?; റാവുത്തൻകാട്ടിൽ തെരച്ചിൽ
കാളികാവ്: കല്ലാമൂല പാലത്തിങ്ങലിലെ കളപ്പറന്പിൽ അബ്ദുൾ ഗഫൂർ എന്ന ടാപ്പിംഗ് തൊഴിലാളിയെ കടിച്ചുകൊന്ന നരഭോജി കടുവയ്ക്കായുള്ള തെരച്ചിൽ തുടങ്ങി. പാറശേരി റാവുത്തൻകാട്ടിലാണ് ഇന്നലെ തെരച്ചിൽ ആരംഭിച്ചത്. വൈകുന്നേരമായതോടെ തെരച്ചിൽ നിർത്തിവച്ചു. 50 കാമറകൾ മേഖലയിൽ സ്ഥാപിച്ചാണു തെരച്ചിൽ സംഘം മടങ്ങിയത്.
മൂന്നു സംഘങ്ങളായി തിരിഞ്ഞ് രണ്ടു മയക്കുവെടി വിദഗ്ധൻമാരടങ്ങുന്ന 60 അംഗങ്ങളാണു റാവുത്തൻകാട്ടിൽ കടുവയ്ക്കായി തെരച്ചിൽ നടത്തുന്നത്. കടുവയുടെ കാൽപ്പാടുകൾ കണ്ടതല്ലാതെ മറ്റു സൂചനയൊന്നും ഇന്നലെ ലഭിച്ചില്ലെന്നാണു സംഘം പറയുന്നത്. രണ്ടു കെണികൂടി മലയിൽ സ്ഥാപിച്ചിട്ടുണ്ട്.
തെരച്ചിൽ സംഘത്തിൽനിന്ന് കടുവയെ ലൊക്കേറ്റ് ചെയ്തതായുള്ള വിവരം ലഭിച്ചാലുടൻ പുറപ്പെടാൻ തയാറായി ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ഉമ, നിലന്പൂർ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാൽ, മയക്കുവെടി വിദഗ്ധൻ ഡോ. അരുണ്‍ സഖറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പാറശേരി ഗവണ്മെന്റ് എൽപി സ്കൂൾ അങ്കണത്തിൽ കാത്തുനിന്നിരുന്നു.
കടുവയുടെ സാന്നിധ്യം കണ്ടെത്തിയാൽ അവിടേക്ക് മയക്കുവെടി വിദഗ്ധനെ എത്തിക്കുന്നതിനായി വയനാട്ടിൽനിന്നു കൊണ്ടുവന്ന കുങ്കിയാന സ്കൂൾ ഗ്രൗണ്ടിൽ തന്നെയുണ്ട്. മറ്റൊരു കുങ്കി ആനയെ കൂടി കൊണ്ടുവരുന്നുണ്ടെന്നും രണ്ട് ഡ്രോണുകൾ എത്തുന്നുണ്ടെന്നും സിസിഎഫ് ഉമ ദീപികയോടു പറഞ്ഞു. ദൗത്യസംഘാംഗങ്ങൾ കാളികാവിൽ തന്നെ തങ്ങുകയാണ്.
മരണം രക്തം വാർന്നതു മൂലം
മഞ്ചേരി: കാളികാവിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മരണം രക്തം വാർന്നതിനാലെന്നു പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. അബ്ദുൾ ഗഫൂറിന്റെ (41) മൃതദേഹം പോസ്റ്റ്മോർട്ടമാണ് മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ഫോറൻസിക് വകുപ്പ് മേധാവി ഡോ. ടി.എസ്. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിൽ നടന്നത്.
അബ്ദുൾ ഗഫൂറിന്റെ കഴുത്തിനു പിറകിൽ കടുവയുടെ കോന്പല്ലുകൊണ്ട് ആഴത്തിൽ കടിയേറ്റിട്ടുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിൽനിന്നായി മാംസം കടിച്ചെടുത്തിട്ടുമുണ്ട്. യുവാവിന്റെ എല്ലുകൾ പൊട്ടി നുറുങ്ങിയതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
വന്യജീവിഭീതി കൂടാതെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണം: മാർ റാഫേൽ തട്ടിൽ
കൊച്ചി: വനാതിർത്തികളോടു ചേർന്നു ജീവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും മതിയായ സുരക്ഷിതത്വം ഒരുക്കാൻ ബന്ധപ്പെട്ടവർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ആവശ്യപ്പെട്ടു. വന്യജീവി ഭീതി കൂടാതെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണം.
നിലമ്പൂർ കാളികാവിൽ റബർ ടാപ്പിംഗ് തൊഴിലാളി ഗഫൂർ അലിയെ കൃഷിയിടത്തിൽ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ദുഃഖവും പരേതന്റെ കുടുംബാംഗങ്ങളോടുള്ള അനുശോചനവും രേഖപ്പെടുത്തുന്നു.
ജനവാസമേഖലകളിൽ ദിനംപ്രതി വർധിക്കുന്ന വന്യജീവി ആക്രമണങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. ജനങ്ങൾക്കു സ്വന്തം കൃഷിയിടങ്ങളിൽപ്പോലും പ്രവേശിക്കാൻ കഴിയാത്തവിധം കഴിഞ്ഞ കുറെ നാളുകളായി വന്യജീവികൾ ജനവാസമേഖലകളിൽ പെരുകുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്യുന്നു. നിഷ്ക്രിയവും ഉദാസീനവുമായ ഭരണകൂടത്തിന്റെയും വനംവകുപ്പിന്റെയും കാര്യക്ഷമതയില്ലായ്മയുടെ തെളിവാണിത്.
പരിഷ്കൃത സമൂഹങ്ങളെയും വികസിതരാജ്യങ്ങളെയും മാതൃകയാക്കി വന്യജീവികളെ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണം. വനംവകുപ്പിന്റെ മനുഷ്യത്വരഹിതമായ നടപടികളും നയങ്ങളും തിരുത്തണമെന്നും മേജർ ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.
വനംവകുപ്പിനെതിരായ സിപിഎം പ്രതിഷേധം തട്ടിപ്പ്: സണ്ണി ജോസഫ്
കോഴിക്കോട്: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വനംവകുപ്പിനെതിരായ സിപിഎമ്മിന്റെ പ്രതിഷേധം തട്ടിപ്പാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഈ വിഷയത്തില്‍ ജനങ്ങളുടെ പ്രതിഷേധത്തിന്റെ മുന്പില് കയറിനില്ക്കാനാണു സിപിഎം പരിശ്രമിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
“വന്യജീവികളില്‍നിന്നു ജനങ്ങളുടെ ജീവന് സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ അലസത കാണിക്കുകയാണ്. സംസ്ഥാനത്ത് വനംവകുപ്പിനെതിരേ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം നാലുതവണ അടിയന്തര പ്രമേയം കൊണ്ടുവന്നിരുന്നു. രണ്ടു തവണ ഞാനും ഓരോ തവണ ടി. സിദ്ദിഖും മാത്യു കുഴല്‍നാടനുമാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്.
എന്നാല്‍ ഒരു തവണപോലും അതു ചര്‍ച്ചയ്ക്കെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിക്കണമെന്ന് പലതവണ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നതാണ്”. എംഎല്‍എമാരെയും എംപിമാരെയും പ്രശ്നബാധിത പ്രദേശങ്ങളിലെ സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ആലോചനാ യോഗം വിളിക്കാന്‍ സര്‍ക്കാരിനു സാധിച്ചില്ല. സര്‍ക്കാരിന്റെ അലസതയാണ് ഇതിനുകാരണം.
ഭരണകക്ഷി എംഎല്‍എപോലും പ്രതിഷേധവുമായി എത്തേണ്ടിവന്നത് അതുകൊണ്ടാണ്. സര്‍ക്കാരാണ് ഇതിന് ഉത്തരവാദി. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ സര്‍ക്കാരിനു ഭരണപരമായ ഉത്തരവാദിത്വമുണ്ട്. ഭരണസംവിധാനം തികഞ്ഞ പരാജയമാണെന്നും പ്രതിപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
“മലങ്കൾട്ടിന് എന്താണ് കുഴപ്പം..?” വിനോയ് തോമസിന്റെ കുറിപ്പ് വൈറൽ
കണ്ണൂർ: പുതിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരേ സോഷ്യൽ മീഡിയയിൽ ഉയർന്ന കമന്റുകളിൽ നോവലിസ്റ്റ് വിനോയി തോമസിന്റെ പ്രതികരണം വൈറലായി. തന്നെപ്പോലെ തന്നെ ഒരു മലയോരക്കാരനാണ് സണ്ണി ജോസഫ് അദ്ദേഹത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ വന്ന നിരവധി കമന്റുകൾ കണ്ടപ്പോൾ കേരളത്തിന്റെ സാംസ്കാരികരംഗം തനി മലയോരക്കാരെ എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് വ്യക്തമായെന്ന് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
വിനോയ് തോമസിന്റെ പോസ്റ്റിൽനിന്ന്: പലപ്പോഴും കേരളത്തിന്റെ പൊതു സാംസ്കാരിക സമൂഹമെന്ന് നമ്മൾ കരുതുന്ന കൂട്ടം എന്നെ കാണുന്നത് ഒരു മലയോര ക്രിസ്ത്യൻ സംവരണ എഴുത്തുകാരനായാണ്. മലയോരം എന്ന ആ ലേബൽകൊണ്ട് എനിക്ക് ചില സ്പെഷൽ കരുതലുകൾ കിട്ടാറുണ്ട്. പക്ഷെ ആ കരുതൽ അനുഭവിക്കുമ്പോഴൊക്കെ എനിക്ക് തോന്നുക ഞാൻ ഒരു പ്രത്യേക വിഭാഗക്കാരനായി മാറിപ്പോയല്ലോ എന്നാണ്.
ആലോചിക്കുമ്പോൾ ആ വിഭാഗത്തെ പറ്റി അത്രനല്ല അഭിപ്രായമല്ല സാംസ്കാരികലോകത്തിന് പൊതുവേയുള്ളതെന്ന് മനസിലാകും. ഞാനുൾപ്പെട്ട ആ കുടിയേറ്റവിഭാഗം കുഴപ്പംപിടിച്ചവരാണെന്ന് എന്തുകൊണ്ടോ അവർ കരുതിയിരിക്കുന്നു.
കാട് കൈയേറിയവർ, വേട്ടയാടി മൃഗങ്ങളെ കൊല്ലുന്നവർ, ആദിവാസി സമൂഹങ്ങളെ നശിപ്പിച്ചവർ, കപ്പയും റബറും നാടിനുവേണ്ട മറ്റ് ഉത്പന്നങ്ങളും കൃഷിചെയ്യുക എന്ന കൊടുംപാതകം നടത്തുന്നവർ, ബുദ്ധിജീവി വേഷംകെട്ടലുകളോട് വലിയ ബഹുമാനമില്ലാത്തവർ, കാല്പനികമായ രാഷട്രീയ തത്വശാസ്ത്രങ്ങളിൽ കാര്യമായ വിശ്വാസമില്ലാത്തവർ, പൈങ്കിളിക്കാർ, പരിസ്ഥിതി വിരുദ്ധർ, സർവോപരി കോൺഗ്രസുകാർ... അച്ചൻമാർ, കന്യാസ്ത്രീകൾ, പള്ളി ജീവനക്കാർ, കശാപ്പുകാർ, കർഷകർ, വാറ്റുകുടിക്കുന്നവർ, അശ്ലീലം പറയുന്നവർ, പള്ളിയിൽ പോകുന്നവർ, അധ്വാനിക്കുന്നവർ എന്നിങ്ങനെ ഒട്ടുമേ സാഹിത്യപൊലിമയില്ലാത്ത കഥാപാത്രങ്ങളായി ജീവിക്കുന്ന ഈ സമൂഹം കേരളീയജീവിതത്തിന്റെയോ മലയാളസാഹിത്യത്തിന്റെയോ ഭാഗമാണെന്ന് ഇവിടത്തെ സാംസ്കാരികപ്രമാണിമാർ ആരുംതന്നെ ഇതുവരെ അംഗീകരിച്ചിട്ടില്ല. കരിക്കോട്ടക്കരി എന്ന നോവൽ എഴുതിക്കഴിഞ്ഞപ്പോൾ ഒരു പുതിയ ലോകം എനിക്ക് തുറന്നുകിട്ടി. അതോടെ നാൽപതു വയസുവരെ ഞാൻ അനുഭവിച്ച ജീവിതം, അതിന്റെ വേദനകൾ, അപമാനങ്ങൾ, മുറിവുകൾ, എന്റെ ചുറ്റിലുമാടിയ കഥാപാത്രങ്ങൾ, ഞാൻ കണ്ട കാഴ്ചകൾ, എന്റെ മതം, എന്റെ രാഷ്ട്രീയം, എന്റെ കാമനകൾ, എന്റെ പിടിവിട്ട ഭാവനകൾ, എല്ലാത്തിനെക്കുറിച്ചും എഴുതുകതന്നെ എന്ന് ഞാൻ തീരുമാനിച്ചു. ആ തീരുമാനം നടപ്പിലാക്കാൻ എത്രമാത്രം പ്രയാസമുണ്ടെന്ന് എഴുത്ത് എന്ന പ്രക്രിയയുടെ ദുരിതപർവത്തിലൂടെ ഒരിക്കലെങ്കിലും കടന്നുപോയിട്ടുള്ളവർക്ക് മനസിലാകും. അതുകൊണ്ട് ഏത് മഹാസാഹിത്യകാരനേയും പോലെ എനിക്കും എന്റെ എഴുത്ത് പ്രധാനപ്പെട്ടതാണ്.
എന്റെ സാഹിത്യത്തിന്റെ ഗുണദോഷങ്ങളേക്കുറിച്ച് ഒന്നും പറയാതെ മലയാളത്തിലെ കുടിയേറ്റസംവരണം എന്ന വിഭാഗത്തിലേക്ക് എന്റെ കൃതികളെ ഒതുക്കുന്ന ചിലരുണ്ട്. അവർക്ക് അതിന് ഒറ്റ കാരണമേയുള്ളൂ, ഞാനൊരു മലയോരക്കാരനായി ജനിച്ചുപോയി. സാംസ്കാരിക തമ്പുരാക്കൻമാരെ സംബന്ധിച്ച് കേരളത്തിൽ പെടാത്ത ഒരു സ്ഥലമാണ് മലയോരം. അവിടന്നുണ്ടാകുന്ന സാഹിത്യം അവർക്ക് മലയാളത്തിന്റെ മുഖ്യധാരയിൽ പെടുത്താൻ ഒരിക്കലും കഴിയില്ല.
അതുകൊണ്ട് ഞങ്ങൾ മലയോര സാഹിത്യകാരൻമാർ നന്നായി എഴുതിയാൽ മാത്രം പോരാ, ഞങ്ങളുടെ മതം, ജാതി, ജന്മസ്ഥലം എന്നിവയൊക്കെ വരേണ്യമായ മറ്റൊരു അവസ്ഥയിലേക്ക് മാറ്റിയെടുത്തെങ്കിൽ മാത്രമേ സ്വീകാര്യത കിട്ടുകയുള്ളൂ. തങ്ങളുടെ ജീവിതത്തെ അങ്ങനെ മാറ്റിയെടുത്തവരുടെ കഥയാണ് ഞാൻ കരിക്കോട്ടക്കരിയിൽ പറഞ്ഞത്.
സാഹിത്യരംഗത്ത് മാത്രമാണ് ഈ അവസ്ഥ എന്ന് വിചാരിക്കരുതേ. മലയോരത്ത് വളർന്ന സാധാരണക്കാരനായ ഒരു കോൺഗ്രസുകാരൻ കെപിസിസി പ്രസിഡന്റ് ആയപ്പോഴും ഈ സാംസ്കാരികപ്രഭുക്കൾ വെട്ടുക്കിളി വിഷപ്രയോഗവുമായി ഇറങ്ങിയിട്ടുണ്ട്. സണ്ണി ജോസഫ് ഒരു രൂപ മെമ്പർഷിപ്പുള്ള വെറുമൊരു കോൺഗ്രസുകാരൻ മാത്രമായിരുന്ന കാലം മുതൽക്കേ എനിക്ക് അദ്ദേഹത്തെ അറിയാം. കേരളത്തിലെ കോൺഗ്രസുകാർക്ക് വോട്ടു ചെയ്ത് തങ്ങളുടെ നേതാവിനെ തെരഞ്ഞെടുക്കാൻ അവസാനമായി അവസരം കിട്ടിയത് 1991 ലാണ്. ആ സംഘടനാതെരഞ്ഞെടുപ്പിൽ എന്റെ നാടായ ഉളിക്കല്ലിലെ കോൺഗ്രസുകാർ ഇതാണ് ഞങ്ങളുടെ നേതാവ് എന്ന് പറഞ്ഞ് ഡിസിസി സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തയച്ച ആളുടെ പേരാണ് സണ്ണി ജോസഫ്.
അന്നുമുതൽ ഒരു പ്രലോഭനത്തിനും വഴങ്ങാതെ പാർട്ടിക്കും നാടിനും വേണ്ടി അദ്ദേഹം ചെയ്ത കഠിനാധ്വാനത്തിന്റെ അംഗീകാരമാണ് ഈ കെപിസിസി പ്രസിഡന്റ് സ്ഥാനം. അവഹേളിക്കുന്നവരെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള മാർഗം കഠിനാദ്ധ്വാനമാണ് എന്നു വിശ്വസിക്കുന്ന ഞങ്ങളുടെ രീതിയെക്കുറിച്ച് ഫോണെടുത്ത് വിരലു ചലിപ്പിക്കുക എന്നത് മാത്രം ശീലിച്ച ഈ കമന്റ് കമ്പനികൾക്ക് അറിയില്ലായിരിക്കാം.
സാമൂഹ്യ വിഷയങ്ങൾ മനസിലാക്കാനുള്ള കഴിവ്, പ്രശ്നങ്ങൾ വിശകലനം ചെയ്ത് പടിപടിയായി അതിന്റെ കുരുക്കഴിക്കുന്ന ബുദ്ധികൂർമത, ചെറിയ കാര്യങ്ങളിൽപോലുമുള്ള കഠിനാധ്വാനം, നർമബോധം, ഷോ ഇറക്കാതെ നാടിനു ഗുണമുള്ള കാര്യങ്ങൾ ചെയ്യണമെന്നുള്ള മനോഭാവം എന്നിവയൊക്കെ സണ്ണി ജോസഫിന്റെ ഗുണങ്ങളായി താൻ നേരിട്ട് നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്ന് വിനോയി വിശദമാക്കുന്നു. ഒരു കാര്യം ഉറപ്പിച്ചു പറയാം, അദ്ദേഹം ആർക്കും ശത്രുവല്ല. എന്നിട്ടും ഇത്രയധികം അധിക്ഷേപം അദ്ദേഹം കേൾക്കേണ്ടിവരുന്നത് എന്തുകൊണ്ടായിരിക്കാം? കാരണം ഒന്നേയുള്ളൂ, അദ്ദേഹം ഒരു കുടിയേറ്റക്കാരനാണ്. ഇങ്ങനെയൊക്കെ ഞങ്ങളെ കാണുന്നവരോട് ഒറ്റ കാര്യമേ പറയാനുള്ളൂ. ഇത്രയും കാലം കുടിയേറ്റക്കാർ എന്ന പേരിൽ നിങ്ങൾ ഞങ്ങളോട് കാണിച്ച കരുതലിൽ പൊതിഞ്ഞ ആ അവഗണനയുണ്ടല്ലോ, അതിന്റെ കൊമ്പ് ചവിട്ടിയൊടിച്ചിട്ടാണ് ഞങ്ങളിൽ ചിലരൊക്കെ വന്ന് ഇവിടെയിങ്ങനെ നിൽക്കുന്നത്. ആ നിൽപ്പു കാണുമ്പോൾ തെറി വിളിക്കാൻ തോന്നുന്നവരോടും എനിക്ക് സ്നേഹം മാത്രം.
കാരണം നമ്മളെ അവഹേളിക്കുന്നവരോട് എങ്ങനെ പെരുമാറണമെന്ന് എന്നെ പഠിപ്പിച്ചത് മണ്ണിനെയും കൃഷിയെയും മനുഷ്യരെയും സ്നേഹിച്ച് കുടിയേറ്റമേഖലയിൽ പുതിയൊരു ലോകം സൃഷ്ടിച്ച എന്റെ പൂർവികരും അവരോടൊപ്പം വളർന്ന സണ്ണി ജോസഫ് എന്ന രാഷട്രീയ നേതാവുമാണെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.
ജനീഷ് കുമാറിന്റേത് അപക്വ നടപടി; അന്വേഷണ റിപ്പോർട്ട് കൈമാറി
പത്തനംതിട്ട: കോന്നിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ ഫോറസ്റ്റ് സ്റ്റേഷനിൽനിന്നും ബലമായി ഇറക്കിക്കൊണ്ടുപോയ സംഭവത്തിൽ കെ.യു. ജനീഷ് കുമാർ എംഎൽഎയ്ക്കു വീഴ്ച പറ്റിയതായി അന്വേഷണ റിപ്പോർട്ട്.
ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തയാറാക്കിയ റിപ്പോർട്ട് വനംമന്ത്രിക്കു കൈമാറി. ആന ഷോക്കേറ്റു ചരിഞ്ഞ കേസിന്റെ അന്വേഷണം എംഎൽഎയുടെ നീക്കംമൂലം തടസപ്പെട്ടു. വനംവകുപ്പ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ എംഎൽഎയും പോലീസും ചേർന്ന് ഇറക്കിക്കൊണ്ടുപോയി.
വനപാലകർ ആരെയും കസ്റ്റഡിയിലെടുത്തിരുന്നില്ല. നിയമപരമായ ഒരു വീഴ്ചയും ഉദ്യോഗസ്ഥരുടെ ഭാഗത്തില്ലെന്നും എംഎൽഎയുടേത് അപക്വമായ പെരുമാറ്റമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ അവാർഡ് അംബികാസുതൻ മാങ്ങാടിന്
തിരുവനന്തപുരം: മലയാറ്റൂർ ഫൗണ്ടേഷന്റെ നാലാമത് മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യഅവാർഡ് ‘അല്ലോഹലൻ’ എന്ന നോവലിന്റെ രചയിതാവ് അംബികാസുതൻ മാങ്ങാടിന്.
പ്രശസ്ത എഴുത്തുകാരനും ഫൗണ്ടേഷൻ പ്രസിഡന്റുമായ പെരുമ്പടവം ശ്രീധരനാണ് അവാർഡ് പ്രഖ്യാപിച്ചത്.
25000രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് 30ന് വൈകുന്നേരം തിരുവനന്തപുരത്ത് തൈക്കാട് ഭാരത് ഭവനിൽ സംഘടിപ്പിക്കുന്ന മലയാറ്റൂർ സാംസ്കാരിക സായാഹ്നത്തിൽ സമ്മാനിക്കും.
തുഞ്ചൻ സ്മാരക പ്രബന്ധമത്സരം: തീയതി നീട്ടി
തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ 2024ലെ തുഞ്ചൻസ്മാരക പ്രബന്ധമത്സരത്തിനു രചനകൾ അയയ്ക്കാനുള്ള സമയപരിധി 31 വരെ ദീർഘിപ്പിച്ചു.
എഴുത്തച്ഛന്റെ കാവ്യഭാഷ എന്നതാണു വിഷയം. രചനകള്‍ 30 പേജില്‍ കുറയാതെ മലയാളം യൂണികോഡില് ടൈപ്പ് ചെയ്തതായിരിക്കണം. കൈയെഴുത്തുപ്രതി സ്വീകരിക്കില്ല. ഒരുതവണ പുരസ്കാരം ലഭിച്ചവര്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ പാടില്ല. പ്രായപരിധിയില്ല.
അപേക്ഷ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, പാലസ് റോഡ് തൃശൂര്‍ - 680020 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ അയയ്ക്കാം. ഫോൺ: 0487-2331069, 2333967.
മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾ വനംവകുപ്പ് അട്ടിമറിക്കുന്നു: കത്തോലിക്ക കോണ്‍ഗ്രസ്
പാലക്കാട്: മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾപോലും വനംവകുപ്പ് അട്ടിമറിക്കുന്നുവെന്നു കത്തോലിക്ക കോണ്‍ഗ്രസ്.
കൊല്ലപ്പെട്ട കാട്ടുപന്നിയുടെ പിറകേപോയി കർഷകരെ ബുദ്ധിമുട്ടിക്കരുതെന്നു മുഖ്യമന്ത്രി വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതു കേരളജനത കേട്ടതാണ്. എന്നിട്ടും വന്യമൃഗങ്ങൾ വിവിധ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്പോൾ കർഷകരെ പ്രതികളാക്കുന്ന സമീപനമാണു വനംവകുപ്പ് ഇപ്പോഴും തുടരുന്നത്.
മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും തീരുമാനങ്ങൾക്കെതിരേ വനംവകുപ്പ് ഉദ്യോഗസ്ഥലോബി പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണിത്. ഇതിനെതിരേ ശക്തമായ നടപടിയുണ്ടാകണമെന്ന്, കത്തോലിക്ക കോണ്‍ഗ്രസ് അന്താരാഷ്ട്രസമ്മേളനത്തിനു മുന്നോടിയായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു.
സാധാരണക്കാരുടെ കാര്യത്തിൽമാത്രമാണു വനംവകുപ്പിന്റെ നിയമം കർശനമാകുന്നത്. വന്യമൃഗങ്ങൾ ഉദ്യോഗസ്ഥർക്കെതിരേ തിരിഞ്ഞാൽ അവയെ കൊല്ലാൻ അവർക്കു മടിയില്ല. വന്യമൃഗഭീഷണിയിൽ കൃഷിചെയ്യാൻ പറ്റാതെയും വില ലഭിക്കാതെയും കർഷകർ ദുരിതത്തിലാണ്.
ക്രൈസ്തവസമുദായത്തിന്റെ പ്രശ്നപരിഹാരത്തിനായി സർക്കാർതന്നെ വർഷങ്ങൾക്കുമുന്പേ നിയമിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഇന്നും പുറത്തുവിട്ടിട്ടില്ല.
സമുദായത്തിനുനേരെയുള്ള അടിച്ചമർത്തലും അധിനിവേശവും വച്ചുപൊറുപ്പിക്കില്ല. വിശ്വാസത്തെ അവഹേളിക്കരുത്. വിലകൊടുത്തുവാങ്ങിയ ഭൂമിക്കു രേഖാപരമായ അവകാശം കിട്ടുംവരെ മുനന്പം പ്രശ്നത്തിൽ സമരം തുടരും.
സർക്കാർ ചെയ്യേണ്ടതൊന്നും ചെയ്യുന്നില്ലെന്നും, കർഷകസമൂഹത്തിന്റെ വേദനകൾ മനസിലാകാത്ത സർക്കാരുകൾക്കു തെരഞ്ഞെടുപ്പുകളിലൂടെ മറുപടി നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറന്പിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വനപാലകർ വനത്തിന്റെ സംരക്ഷണം നോക്കിയാൽ മതി: കെ.പി. ഉദയഭാനു
കോന്നി: വനംവകുപ്പ് വനസംരക്ഷണ പ്രവർത്തനങ്ങൾ നോക്കിയാൽ മതിയെന്നും നാട്ടിലിറങ്ങുന്ന മൃഗങ്ങൾക്ക് വനസംരക്ഷണ നിയമം നടപ്പാക്കാൻ വരേണ്ടെന്നും സിപിഎം സംസ്ഥാന സമിതിയംഗം കെ.പി. ഉദയഭാനു.
കൃഷിയിടത്തിൽ കാട്ടാന ചരിഞ്ഞതിന്റെ പേരിൽ കർഷകർക്കു നേരേ വനംവകുപ്പ് നടത്തുന്ന നീക്കങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി വനം ഡിവിഷൻ ഓഫീസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരുമായി ബന്ധമില്ലാത്ത നിലയിലാണ് വനംവകുപ്പ് പ്രവർത്തിക്കുന്നത്. അവരുടെ സ്വഭാവം അങ്ങനെ ആയിപ്പോയതാണ്. ജനങ്ങൾക്കുനേരേ അനാവശ്യ വകുപ്പുകൾ ചുമത്തി കേസെടുത്ത് പീഡിപ്പിക്കാനാണ് ശ്രമമെങ്കിൽ അതിനെ നേരിടും.
നിരപരാധികളെ പീഡിപ്പിച്ച വനപാലകർക്കെതിരേ കേസെടുക്കാൻ പോലീസ് തയാറാകണം. അല്ലെങ്കിൽ പോലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്താനും തങ്ങൾക്ക് മടിയുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സമിതിയംഗം പറഞ്ഞു. കാട്ടിലെ മൃഗങ്ങൾ നാട്ടിലിറങ്ങി വരുത്തിവയ്ക്കുന്ന നഷ്ടങ്ങൾക്കും ജീവഹാനിക്കും ഉത്തരവാദികൾ വനംവകുപ്പാണ്.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു തടയാൻ വനംവകുപ്പിനു കഴിയുന്നില്ലെങ്കിൽ അതിനെ പ്രതിരോധിക്കാൻ ജനങ്ങൾക്കറിയാം. കാട്ടുപന്നിയുടെ വ്യാപനം ആലപ്പുഴ ജില്ല വരെ എത്തിയിരിക്കുന്നു. കാട്ടുപന്നി ശല്യം നേരിടുന്നതിലേക്ക് വാർഡുകൾ തോറും പ്രതിരോധ സേനയ്ക്കു രൂപം നൽകാൻ സിപിഎം തീരുമാനിച്ചിരിക്കുകയാണെന്നും ഉദയഭാനു പറഞ്ഞു.
കാട്ടുപന്നിയോട് അത്രവലിയ സനേഹം വനംവകുപ്പ് കാണിക്കേണ്ടെന്ന് സിപിഎം ഏരിയാ സെക്രട്ടറി എം.എസ്. രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. ജനങ്ങളോടൊപ്പം നിൽക്കേണ്ടയാളാണ് എംഎൽഎ. നിരപരാധികളെ പീഡിപ്പിക്കുന്പോൾ നോക്കി നിൽക്കാതെ ജനീഷ് കുമാർ വനംവകുപ്പ് ഓഫീസിലേക്ക് വന്നത് അതുകൊണ്ടാണ്. ഭീഷണികൊണ്ട് ഇതിനെ നേരിടാമെന്നു കരുതണ്ട. നാട് എംഎൽഎയ്ക്കൊപ്പമാണെന്ന് ഉദ്യോഗസ്ഥർ മനസിലാക്കണമെന്നും രാജേന്ദ്രൻ പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദനം: മെഡിക്കല്‍ കോളജ് ഡോക്ടര്‍ക്കെതിരേ വിജിലന്‍സ് കേസ്
കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരേ വിജിലന്‍സ് കേസ്.
ഗ്യാസ്ട്രോ എൻറോളജി വിഭാഗം അസോസിയേറ്റ് പ്രഫസറും തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയുമായ ഡേ. സജി സെബാസ്റ്റ്യനെതിരേയാണ് എറണാകുളം വിജിലന്‍സ് സ്പെഷല്‍ സെല്‍ കേസെടുത്തത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അസോസിയേറ്റ് പ്രഫസറായി ജോലിചെയ്തുവരുന്ന കാലയളവില്‍ വിവിധ ബാങ്ക് നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ 2,55,56,546 രൂപയുടെ സ്വത്ത് സമ്പാദിച്ചിട്ടുള്ളതായും ഇതില്‍ 19,78,339 രൂപയുടെ സ്വത്തുക്കള്‍ വരവില്‍ കവിഞ്ഞ സമ്പാദ്യമാണെന്നും വിജിലന്‍സ് കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി.
ഇന്നലെ വിജിലന്‍സ് ഡിവൈഎസ്പി ആര്. ഷാബുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നെല്ലിക്കോടുള്ള ഇയാളുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയില്‍ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുള്ള 70ഓളം രേഖകള്‍ പിടിച്ചെടുത്തു. ഇവ വിശദമായി പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് വിജിലന്‍സ് അറിയിച്ചു.
കലാപമുണ്ടാക്കാൻ ശ്രമം: സണ്ണി ജോസഫ്
തിരുവനന്തപുരം: ആസൂത്രിത ആക്രമണങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും കണ്ണൂരിൽ സിപിഎം കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
കോണ്‍ഗ്രസ് സ്ഥാപനങ്ങളിലേക്കും നേതാക്കളുടെ വീടുകളിലേക്കും സിപിഎം ഗുണ്ടകൾ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. ഇതെല്ലാം സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും ജില്ലാ സെക്രട്ടറിയുടെയും അറിവോടെയും ആശിർവാദത്തോടെയുമാണ്.
പോലീസ് ഇതിനെല്ലാം ഒത്താശ ചെയ്യുകയാണ്. സിപിഎമ്മിന്റെ ഉദ്ദേശ്യം ജനങ്ങളിൽ ഭീതി പടർത്തി നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുകയാണ്. അതിലൂടെ ഭരണ വിരുദ്ധത ചർച്ച ചെയ്യപ്പെടരുതെന്ന ലക്ഷ്യമാണ്. കോണ്‍ഗ്രസ് നേതാക്കളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. ഗോപിനാഥ് ഗാന്ധി സ്തൂപം സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചതിലൂടെ രാഷ്ട്രപിതാവിനെയാണ് അപമാനിച്ചത്. സിപിഎം തകർക്കുന്ന ഓരോ ഗാന്ധി സ്തൂപവും കോണ്‍ഗ്രസ് പുനർനിർമിക്കുക തന്നെ ചെയ്യും. സിപിഎമ്മിന്റെ അക്രമത്തിൽ നിന്ന് കോണ്‍ഗ്രസ് പ്രവർത്തകർക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
സർക്കാരിന്റെ നാലാം വാർഷികദിനം യുഡിഎഫ് കരിദിനമായി ആചരിക്കും
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ നാലാം വാർഷിക ദിനമായ 20ന് യുഡിഎഫിന്റെ നേതൃത്വത്തിൽ കരിദിനമായി ആചരിക്കുമെന്ന് കണ്‍വീനർ അടൂർ പ്രകാശ് എംപി അറിയിച്ചു.അന്നു പ്രാദേശിക തലത്തിൽ യുഡിഎഫ് കരിങ്കൊടി പ്രകടനം നടത്തും.
നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന വികസനപദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളിൽ എംപിമാർ, എംഎൽഎമാർ, തദ്ദേശ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. കാരണം അത് അവരുടെകൂടി അധ്വാനത്തിന്റെ ഫലമാണ്.
അല്ലാതെയുള്ള എല്ലാ ആഘോഷ പരിപാടികളും യുഡിഎഫ് പൂർണമായി ബഹിഷ്കരിക്കും. സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനം തുറന്നുകാട്ടുനുള്ള ബദൽ പ്രചരണ പരിപാടികളും യുഡിഎഫ് സംഘടിപ്പിക്കും- യുഡിഎഫ് കണ്‍വീനർ അറിയിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് അന്താരാഷ്ട്രസമ്മേളനം ഇന്നും നാളെയും
പാലക്കാട്: സീറോമലബാർ സഭയുടെ സമുദായസംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ് രൂപീകൃതമായി 107 വർഷം പൂർത്തിയാകുന്നതോടനുബന്ധിച്ച് ഇന്നും നാളെയും അന്താരാഷ്ട്രസമ്മേളനവും അവകാശപ്രഖ്യാപനറാലിയും നടത്തുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രതിനിധിസമ്മേളനവും ഛായാചിത്ര-പതാകപ്രയാണവും ഉണ്ടാകും.
ഇന്നു വൈകുന്നേരം അഞ്ചിനു പാലയൂർ തീർഥാടനകേന്ദ്രത്തിൽനിന്നു വിശുദ്ധ തോമാശ്ലീഹായുടെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള പ്രയാണവും താമരശേരി കത്തീഡ്രലിൽനിന്നു കത്തോലിക്ക കോണ്‍ഗ്രസിന്റെ പതാക വഹിച്ചുകൊണ്ടുള്ള വിളംബരജാഥയും പാലക്കാട് കത്തീഡ്രൽ സ്ക്വയറിലുള്ള മാർ ജോസഫ് ഇരിന്പൻ നഗറിൽ എത്തിച്ചേരും. ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറന്പിൽ പതാക ഉയർത്തി ഛായാചിത്രം പ്രതിഷ്ഠിക്കും. തുടന്നു വർക്കിംഗ് കമ്മിറ്റി യോഗം ചേരും.
നാളെ ഉച്ചയ്ക്കു രണ്ടിനു പതിനായിരങ്ങൾ പങ്കെടുക്കുന്ന അവകാശപ്രഖ്യാപനറാലി പാലക്കാട് കോട്ടമൈതാനത്തുനിന്നാരംഭിച്ച് പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രൽ അങ്കണത്തിലെ മാർ ജോസഫ് ഇരിന്പൻ നഗറിൽ എത്തിച്ചേരും.
വിവിധ ഫ്ലോട്ടുകളുടെ അകന്പടിയോടെയുള്ള റാലിയിൽ എല്ലാ രൂപതയിൽനിന്നുള്ള അംഗങ്ങളും പാലക്കാട് രൂപതയിലെ എല്ലാ ഇടവകകളിൽനിന്നുള്ളവരും പങ്കെടുക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. പ്രഫ. രാജീവ് കൊച്ചുപറന്പിൽ അധ്യക്ഷനാകും.
കേരളത്തിനുപുറമേ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തുനിന്നുമുള്ള പ്രതിനിധികളും ഫ്രാൻസ്, ഓസ്ട്രേലിയ, യുകെ, അയർലൻഡ്, അമേരിക്ക, ഇറ്റലി, ഗൾഫ് രാജ്യങ്ങൾ, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളും പ്രവർത്തകരും പങ്കെടുക്കും.
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും വന്യജീവി ആക്രമണത്തിനു ശാശ്വതപരിഹാരം കാണണമെന്നും ലഹരിവസ്തുക്കളുടെ വ്യാപനം തടയാൻ നടപടി സ്വീകരിക്കണമെന്നും കാർഷികവിലത്തകർച്ചയ്ക്കു പരിഹാരം കാണണമെന്നും അന്തർദേശീയസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടും.
പത്രസമ്മേളനത്തിൽ പാലക്കാട് രൂപത ബിഷപ് പീറ്റർ കൊച്ചുപുരയ്ക്കൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറന്പിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ, ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിൻ, ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
ഫുഡ്ടെക് കേരള പ്രദർശനം 22 മുതല്‍ കൊച്ചിയില്‍
കൊച്ചി: പ്രമുഖ ഭക്ഷ്യസംസ്കരണ, പാക്കേജിംഗ് പ്രദര്‍ശനമായ ഫുഡ്ടെക് കേരളയുടെ പതിനാറാം പതിപ്പ് 22 മുതല്‍ 24 വരെ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും.
ഭക്ഷ്യസംസ്കരണ സ്ഥാപനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യോത്പന്ന മെഷിനറികൾ, പാക്കേജിംഗ് ഉപകരണങ്ങള്‍, ചേരുവകള്‍ തുടങ്ങിയ മേഖലകളില്‍നിന്നുള്ള 200ലേറെ സ്ഥാപനങ്ങള്‍ മേളയില്‍ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും. ഹോട്ടല്‍ടെക് പ്രദര്‍ശനവും ഇതോടൊപ്പം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
പിഎംപിഎഫ്ഇ സ്കീമിനു കീഴിലുള്ള 104 സ്റ്റാളുകളായിരിക്കും ഈ വര്‍ഷത്തെ പതിപ്പിന്റെ പ്രധാന ആകര്‍ഷണം. എച്ച്പിഎംഎഫ്-കേരള ചാപ്റ്റര്‍, എച്ച്പിഎംഎഫ്-കേരള ചാപ്റ്റര്‍ എന്നിവയുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. 22ന് രാവിലെ 11ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
ലയണ്‍സ് ക്ലബ് കേരള സംസ്ഥാന സമ്മേളനം
കൊച്ചി: അന്താരാഷ്ട്ര ലയണ്‍സ് ക്ലബ് കേരള ഘടകത്തിന്റെ 16-ാമത് സംസ്ഥാന വാര്‍ഷിക സമ്മേളനം ഇന്നും നാളെയും കലൂര്‍ ഗോകുലം കണ്വന്ഷന് സെന്ററില്‍ നടക്കും.
ഇന്നു രാവിലെ 11ന് നേതൃയോഗം നടക്കും. നാളെ നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനം ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി നിര്‍മിക്കുന്ന അഞ്ചുകോടിയുടെ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയുടെ സമാരംഭവും ചടങ്ങില്‍ നടക്കും.
നിലവാരമില്ലാത്ത റെയില്‍വേ ഭക്ഷണം; പരിശോധനയും നടപടിയും പ്രഹസനം
റെജി ജോസഫ്
കോട്ടയം: ദിവസേന രണ്ടര കോടി യാത്രക്കാരുമായി പതിമൂവായിരം പാസഞ്ചര്‍ ട്രെയിനുകള്‍ 7325 സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ റെയില്‍വേ യ്ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സംവിധാനങ്ങളില്ല.
പതിനൊന്നു ലക്ഷം ജീവനക്കാരുള്ള ഇന്ത്യന്‍ റെയില്‍വേ ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും ഗുണനിലവാര പരിശോനയ്ക്ക് ആശ്രയിക്കുന്നത് സ്വകാര്യ ലാബുകളെയാണ്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വിലയും ഏറ്റവും മോശവും ഭക്ഷണം നല്കുന്ന സംവിധാനമായി റെയില്‍വേ മാറുന്നു.
1500 കേറ്ററിംഗ് ഏജന്‍സികളാണ് ഭക്ഷണം എത്തിക്കാന്‍ റെയില്‍വേയില്‍നിന്ന് കരാറെടുത്തിരിക്കുന്നത്. ഇവയിലേറെയും വകുപ്പുതല ഉന്നതരുടെ ബെനാമികളും അടുപ്പക്കാരായ വ്യക്തികളും സ്ഥാപനങ്ങളുമാണ്. കോടികള്‍ മുടക്കി ശതകോടികള്‍ ലാഭമുണ്ടാക്കുന്ന ഈ കരാറുകാരില്‍ ഏറെപ്പേരും അടുക്കളയോ പാചകമോ ഇല്ലാത്ത അധോലോകമാണ്. ലേലത്തില്‍ കരാറെടുത്ത് ഉപകരാറുകാര്‍ക്കു നല്‍കുകയും അവര്‍ ഭക്ഷണം ട്രെയിനുകളില്‍ എത്തിക്കുകയും ചെയ്യുകയാണ് പതിവ്.
ഇത്തരമൊരു സംവിധാനമാണ് കഴിഞ്ഞ ദിവസം കൊച്ചി കടവന്ത്രയില്‍ ദുര്‍ഗന്ധം വമിക്കുന്ന മുറിയില്‍ വന്ദേഭാരത് ട്രെയിനിലേക്ക് ആഴ്ചകള്‍ പഴകിയ ഭക്ഷണം പായ്ക്ക് ചെയ്തു വച്ചത്. ദുര്ഗന്ധമുറികളില് എലിയും പാറ്റയും പഴുതാരയും നിറഞ്ഞ ചുറ്റുപാടുകളില്‍ ഇതരസംസ്ഥാന തൊഴിലാളികളാണ് യാതൊരു ശുചിത്വവുമില്ലാതെ ഭക്ഷണം തയാറാക്കുന്നത്. ഇവരില്‍ ഒരാള്‍ക്കും ഹെല്‍ത്ത് കാര്‍ഡോ റെയില്‍വേ നിര്‍ദേശിക്കുന്ന പാചകപരിചയമോ ഇല്ല.
പാചകക്കാര്‍ക്ക് നിര്ദേശിച്ചിക്കുന്ന ഡ്രസ് കോഡും പാലിക്കപ്പെടുന്നില്ല. തയാറാക്കുന്ന ഭക്ഷണം ആണ്ടിലൊരിക്കല്പോലും പരിശോധിക്കാന്‍ റെയില്‍വേയ്ക്ക് സംവിധാനമില്ല. ഒരു റെയില്‍വേ സ്റ്റേഷനോടു ചേര്‍ന്നു ഭക്ഷണം തയാറാക്കാന്‍ അടുക്കള സൗകര്യവുമില്ല.
ഉപകരാറുകാര്‍ എന്തു കൊടുത്താലും അതാണ് യാത്രക്കാര്‍ക്കു വിശപ്പും ദാഹവും അകറ്റാനുള്ളത്. ഇവരുടെ അടുക്കളയില്‍ നിരീക്ഷണ കാമറ വേണമെന്ന് നിര്‍ദേശം ഒരിടത്തും പാലിക്കപ്പെട്ടിട്ടുമില്ല. ഹോട്ടലുകളിലില്‍ മിച്ചം വരുന്ന ഭക്ഷണം ഉപകരാറുകാര്‍ വാങ്ങി ട്രെയിനുകളില്‍ വിതരണം ചെയ്യുന്നതായും പരാതിയുണ്ട്. അസൗകര്യങ്ങള്‍മൂലം പാന്‍ട്രി കാറുകളുള്ള ട്രെയിനുകളുടെ എണ്ണം കുറഞ്ഞുവരുന്നതിനാല്‍ ട്രെയിനില്‍ കിട്ടുന്നത് കൊള്ളവില കൊടുത്തു വാങ്ങിക്കഴിക്കുകയേ തരമുള്ളൂ.
ഭക്ഷണം ഉള്‍പ്പെടെ യാത്രാടിക്കറ്റ് സംവിധാനം വന്നതോടെയാണ് സംവിധാനം ആകെ കുഴഞ്ഞുമറിയുന്നത്. വന്ദേഭാരത് ഉള്‍പ്പെടെ ഏറെ ട്രെയിനുകളിലെയും കേറ്ററിംഗ് കരാര്‍ ഡല്‍ഹി ആസ്ഥാനമായ ഒരു കമ്പനിയും അതിനു കീഴിലുള്ള ബെനാമി കമ്പനികളും കൈവശപ്പെടുത്തിയിരിക്കുന്നു. വിലയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ നിശ്ചയിച്ചിരിക്കുന്ന നിലവാരവും അളവും ചായ, കാപ്പി എന്നിവയിലും പാലിക്കപ്പെടുന്നില്ല.
ട്രെയിനുകളിലെ ശൗചാലയങ്ങളോട് ചേര്‍ന്ന് വിതരണക്കാര്‍ ഭക്ഷണപ്പൊതികള്‍ വയ്ക്കുന്നത് മുന്‍പ് പരാതികള്‍ക്ക് ഇടയാക്കിയിരുന്നു. ഭക്ഷണ കരാറുകള്‍ കൈകാര്യം ചെയ്യുന്ന റെയില്‍വേ കൊമേഴ്സ്യല്‍ വിഭാഗവും ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനും (ഐആര്‍സിടിസി) കരാര്‍ തുക കൂട്ടുന്നതല്ലാതെ ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുന്നില്ല. യാത്രക്കാര്‍ തെളിവടക്കം പരാതിപ്പെട്ടാലും പിഴയടച്ചു കരാറുകാരനു വീണ്ടും ഭക്ഷണം വിതരണം തുടരാം. ഒരേ കരാറുകാരന് പല പേരുകളില്‍ എടുക്കുന്നതിനാല്‍ ഒരെണ്ണം റദ്ദാക്കപ്പെട്ടാലും കച്ചവടം തുടരാം.
ഫുഡ് സേഫ്റ്റി ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ക്കു ട്രെയിനുകളിലെ ഭക്ഷണം പരിശോധിക്കാമെങ്കിലും ശിക്ഷ പിഴയില്‍ ഒതുങ്ങും. കരാറുകാര്‍ മാത്രമല്ല റെയില്‍ സ്റ്റേഷനിലെ ഭക്ഷ്യശാലകളിലും പരിശോധനകള്‍ പ്രഹസനമാണ്.
മായം കലർന്ന ഭക്ഷണം വിതരണം ചെയ്യുന്നവർക്കെതിരേ കർശന നടപടി വേണമെന്ന് എംപിമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മായം കലർന്നതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷണം വിതരണം ചെയ്യുന്നവർക്കെതിരേ കർക്കശ നടപടി സ്വീകരിക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ എംപിമാരുടെ യോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്.
ഗുണനിലവാരമില്ലാത്ത ഭക്ഷണം നൽകുന്നവരുടെ പേരിൽ പിഴ ചുമത്തുന്നതിൽ മാത്രം നടപടി ഒതുങ്ങരുത്. പഴകിയതും ഗുണനിലവാരം ഇല്ലാത്തുമായ ഭക്ഷണം വിതരണം ചെയ്യുന്നവർക്കെതിരേ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ കർശന ശിക്ഷാ നടപടി സ്വീകരിക്കണം. വന്ദേഭാരത് ട്രെയിനിൽ പഴകിയ ഭക്ഷണ പദാർഥങ്ങൾ വിതരണം ചെയ്തത് കണ്ടെത്തിയിരുന്നു.
അന്പലപ്പുഴ- തുറവൂർ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട അന്തിമാനുമതി അനിശ്ചിതമായി വൈകുന്നത് നീതീകരിക്കാൻ ആകില്ലെന്നും ഇക്കാര്യത്തിലുള്ള തടസങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും കെ.സി. വേണുഗോപാൽ എംപി യോഗത്തിൽ ആവശ്യപ്പെട്ടു.
നടപടിക്രമങ്ങൾ വൈകുന്നതിലെ പോരായ്മകൾ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടൽ ദക്ഷിണ റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
തിരുവനന്തപുരം-നിസാമുദീൻ വൺവേ സ്പെഷൽ ഇന്ന്
കൊല്ലം: യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ തിരുവനന്തപുരം സെൻട്രലിൽനിന്ന് ഹസ്രത്ത് നിസാമുദീനിലേക്ക് റെയിൽവേ ഇന്ന് വൺവേ എക്സ്പ്രസ് ( 06033) സ്പെഷൽ ട്രെയിൻ സർവീസ് നടത്തും.തിരുവനന്തപുരത്തുനിന്ന് രാവിലെ 7.30ന് പുറപ്പെടുന്ന വണ്ടി മൂന്നാം ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് നിസാമുദീനിൽ എത്തും.
രണ്ട് എസി ത്രീ ടയർ, 10 സ്ലീപ്പർ ക്ലാസ്, 11 ജനറൽ സെക്കൻഡ് ക്ലാസ് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. വർക്കല, കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
ആധാർ: ഐടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു
തിരുവനന്തപുരം: ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള സംസ്ഥാന ഐടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
നവജാത ശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാനാകും. അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം. ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടനെ തന്നെ ആധാർ എൻറോൾമെന്റ് പൂർത്തീകരിക്കുന്നത് സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ ഭാവിയിൽ സഹായകമാകും.
കുട്ടികളുടെ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്സ് നിർബന്ധമായും പുതുക്കണം. അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ ഏഴു വയസിനുള്ളിലും പതിനഞ്ച് വയസിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ പതിനേഴു വയസിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകുകയുള്ളൂ. അല്ലാത്തപക്ഷം നൂറ് രൂപ ഈടാക്കും.
നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ കുട്ടികളുടെ ആധാറിനെ ശക്തിപ്പെടുത്തുന്നു. പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ അസാധു ആകാൻ സാധ്യതയുണ്ട്.
സ്കോളർഷിപ്പ്, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്കൂൾ/കോളജ് അഡ്മിഷൻ, എൻട്രൻസ് / മത്സര പരീക്ഷകൾ, ഡിജിലോക്കർ, പാൻ കാർഡ് മുതലായവയിൽ ആധാർ ഉപയോഗപ്പെടുത്തുന്നു. തക്ക സമയത്ത് നിർബന്ധിത ബയോമെട്രിക് പുതുക്കൽ നടത്തിയാൽ നീറ്റ്, ജെഇഇ, മറ്റ് മത്സര പരീക്ഷകൾ എന്നിവയ്ക്ക് രജിസ്ട്രേഷൻ ചെയ്യുമ്പോൾ വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകും.
ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ നിങ്ങളുടെ ആധാറിൽ മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ നൽകണം. പല വകുപ്പുകളും ആധാറിൽ കൊടുത്തിരിക്കുന്ന മൊബൈലിൽ / ഇമെയിലിൽ ഒടിപി അയച്ച് സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.
അഞ്ച് വയസുവരെ പേര് ചേർക്കൽ, നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ, മൊബൈൽ നമ്പർ, ഇമെയിൽ ഉൾപ്പെടുത്തൽ എന്നീ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കും.
ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും സിറ്റിസൺ കോൾ സെന്റർ: 180042511800 / 04712335523. കേരള സംസ്ഥാന ഐടി മിഷൻ (ആധാർ സെക്ഷൻ): 04712 525442.
കൊച്ചി മെട്രോ ഫ്യൂവല്‍ സ്റ്റേഷന് ഉദ്ഘാടനം 19ന്
കൊച്ചി: കൊച്ചി മെട്രോ ബിപിസിഎല്ലുമായി ചേര്‍ന്ന് കളമശേരി മെട്രോ സ്റ്റേഷനു സമീപം ആരംഭിക്കുന്ന അത്യാധുനിക ഫ്യൂവല്‍ സ്റ്റേഷന് 19ന് ഉദ്ഘാടനം ചെയ്യും.
ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം നിര്‍വഹിക്കും. ഹൈബി ഈഡന് എംപി അധ്യക്ഷനായിരിക്കും. കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബഹ്റ, കളമശേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സീമ കണ്ണന് തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി മെട്രോ ഫ്യൂവല്‍ സ്റ്റേഷന് ആരംഭിക്കുന്നത്.26,900 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പമ്പ് പ്രവര്‍ത്തിക്കുന്നത്.
സുസ്ഥിരവും യാത്രാസൗഹൃദവുമായ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായാണ് ഇത്തരം സൗകര്യങ്ങള്‍ കൊച്ചി മെട്രോ ഏര്‍പ്പെടുത്തുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ പറഞ്ഞു.
ഡീസലിനും പെട്രോളിനും പുറമെ പമ്പില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്. ഫ്യൂവല്‍ സ്റ്റേഷനോടനുബന്ധിച്ച് വാണിജ്യ സമുച്ചയം, ഫുഡ് കോര്‍ട്ട്, പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയവ സജ്ജമാക്കി വിപുലീകരിക്കാനും പദ്ധതിയുണ്ട്. 24 മണിക്കൂറും സേവനസന്നദ്ധമായ പമ്പില്‍ 17 സ്ത്രീകളും 13 പുരുഷന്മാരുമാണ് പ്രവര്‍ത്തിക്കുന്നത്.
ഐഒസി ബോട്ടിലിംഗ് പ്ലാന്റിൽ തൊഴിലാളികൾ പണിമുടക്കി
ഉദയംപേരൂർ: ഉദയംപേരൂർ ഐഒസി ബോട്ടിലിംഗ് പ്ലാന്റിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ പണിമുടക്കി.
പണിമുടക്കിയ തൊഴിലാളികൾ ജോലിക്കെത്തിയവരെ തടഞ്ഞതോടെ പ്ലാന്റിന്റെ പ്രവർത്തനം പൂർണമായി നിലച്ചു. ഇതോടെ വിവിധ ജില്ലകളിലേക്കുള്ള ഗാർഹിക, വാണിജ്യ സിലിണ്ടറുകളുടെ നീക്കവും സ്തംഭിച്ചു.
ഐഒസി പ്ലാന്റിലെ തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകൾ പുതുക്കാത്തതിൽ പ്രതിഷേധിച്ച് പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) പ്ലാന്റിൽ അനിശ്ചിതകാല പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്.
ചരിത്രം വസ്തുനിഷ്ഠമാകണം: മാർ ബോസ്കോ പുത്തൂർ
തൃശൂർ: ചരിത്രം സത്യസന്ധവും വസ്തുനിഷ്ഠവുമായിരിക്കണമെന്നു ബിഷപ് മാർ ബോസ്കോ പുത്തൂർ. കേരള ഹിസ്റ്ററി കോണ്‍ഗ്രസ് സുവർണജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ സെന്റ് തോമസ് കോളജിൽ രാവിലെ നടന്ന സമ്മേളനം സുപ്രീം കോടതി റിട്ട. ജസ്റ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഹിസ്റ്ററി കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. കുര്യാസ് കുന്പളക്കുഴി, മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്ത, ഡോ. പി.വി. കൃഷ്ണൻനായർ, ഡോ. ഡെമിൻ തറയിൽ, പോൾ മണലിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, അഡ്വ. തോമസ് ഉണ്ണിയാടൻ, റവ.ഡോ. പോൾ പൂവത്തിങ്കൽ, റവ.ഡോ. മാർട്ടിൻ കൊളന്പ്രത്ത്, സിന്ധു ആന്റോ ചാക്കോള, നിമ്മി റപ്പായി, ബേബി മൂക്കൻ, ജയിംസ് മുട്ടിക്കൽ, എ.ഡി. ഷാജു, ജോമോൻ ചെറുശേരി എന്നിവർ പ്രസംഗിച്ചു.
ആർ.കെ. ബിജുരാജ്, വിനായക് നിർമൽ, റവ.ഡോ. ദേവസി പന്തല്ലൂക്കാരൻ, ഫാ.ഡോ. ഫ്രാൻസിസ് ആലപ്പാട്ട്, ഡോ. ജോസഫ് ആന്റണി, വി.എം. രാധാകൃഷ്ണൻ, ജോർജ് ആലപ്പാട്ട് എന്നിവർക്കു പുരസ്കാരങ്ങൾ സമ്മാനിച്ചു.
മഴക്കാല മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാല പൂർവ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. ഈ മാസം 20നകം ജില്ലാതലത്തിൽ യോഗം ചേർന്ന് മഴക്കാല ദുരന്ത സാധ്യതകളെ നേരിടാൻ പ്രാദേശിക കർമ്മപദ്ധതി തയാറാക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു.
ജില്ലാ, താലൂക്ക് തലങ്ങളിൽ തയാറാക്കിയ ഇൻസിഡന്റ് റെസ്പോണ്‍സ് സിസ്റ്റം കൃത്യമായും സമയബന്ധിതമായും പ്രവർത്തിപ്പിക്കാൻ ആവശ്യമായ പരിശീലനം നൽകണം. ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവരുടെ പട്ടിക തദ്ദേശ തലത്തിലും വില്ലേജ് തലത്തിലും പുതുക്കണം.
തദ്ദേശ സ്ഥാപനങ്ങൾ അടിയന്തരമായി മഴക്കാലപൂർവ ശുചീകരണം ആരംഭിക്കണം. വേനൽമഴ ശക്തമാകുന്നതിന് മുൻപ് ഓടകൾ, കൈത്തോടുകൾ, കൾവർട്ടുകൾ, ചെറിയ കനാലുകൾ എന്നിവയിലെ തടസങ്ങൾ നീക്കണം. ഓടകൾ, നീർച്ചാലുകൾ, പൊതുജലാശയങ്ങൾ മുതലായ എല്ലാ ജല നിർഗമന പാതകളും വൃത്തിയാക്കണം.
ദേശീയപാത നിർമാണവുമായ ബന്ധപ്പെട്ടു രൂപം കൊള്ളാനിടയുള്ള വെള്ളക്കെട്ടുകൾ ഇല്ലാതാക്കാൻ നാഷണൽ ഹൈവേ അഥോറിറ്റിയുമായി ചേർന്ന് സംയുക്ത പരിഹാര പദ്ധതി തയാറാക്കണം.
ഗ്രാമപഞ്ചായത്തിന് ഒരു ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് മൂന്നു ലക്ഷം രൂപയും കോർപറേഷന് അഞ്ചു ലക്ഷം രൂപവരെയും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി നിർദേശിക്കുന്ന ഉപകരണങ്ങൾ വാങ്ങാനും സംഭരണകേന്ദ്രം തുടങ്ങാനും ജില്ലാദുരന്തനിവാരണ അഥോറിറ്റിയിൽ നിന്ന് അനുവദിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
കൂടുതലായി ഉപകരണങ്ങൾ ആവശ്യമായി വന്നാൽ തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ തുക-ഉപകരണങ്ങൾ സ്വരൂപിക്കണം. സമഗ്രമായി പരിഷ്കരിച്ച ഓറഞ്ച് ഡാറ്റ ബുക്ക് മേയ് 25നകം പുറത്തിറക്കണം.
ഗാന്ധിനിന്ദ നടത്തിയ സിപിഎം നേതാവിനെതിരേ കേസെടുക്കണം: വി.ഡി. സതീശൻ
തിരുവനന്തപുരം: ഗാന്ധിനിന്ദ നടത്തുകയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്ത സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. ഗോപിനാഥിനെതിരേ കേസെടുക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സംഘ്പരിവാർ നേതാക്കളെയും നാണിപ്പിക്കുന്ന രീതിയിലുള്ള ഗാന്ധി നിന്ദയാണ് കണ്ണൂരിലെ സിപിഎം നേതാക്കൾ നടത്തുന്നത്. മലപ്പട്ടം അടുവാപുറത്ത് ഗാന്ധി സ്തൂപം നിർമിക്കാൻ അനുവദിക്കില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. ഗോപിനാഥിന്റെ ഭീഷണി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി സനീഷിന്റെ പേരെടുത്തു പറഞ്ഞാണ് സിപിഎം നേതാവായ ഈ ക്രിമിനൽ ഭീഷണിപ്പെടുത്തിയത്.
സനീഷിന്റെ വീടിനു മുന്നിലോ വീടിന്റെ അടുക്കളയിലോ ഗാന്ധി സ്തൂപം നിർമിച്ചാൽ തകർക്കുമെന്നാണ് ഇയാളുടെ ഭീഷണി. ഇതേ ഭാഷ തന്നെയായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടേതും. കൊലപാതകവും ഗുണ്ടായിസവും ക്വട്ടേഷൻ പ്രവർത്തനങ്ങളുമൊക്കെയാണ് സിപിഎം എന്ന പാർട്ടിയുടെ പൊതുപരിപാടിയെന്നാണ് ഈ നേതാക്കൾ വ്യക്തമാക്കുന്നത്.
മലപ്പട്ടം അടുവാപുറത്ത് ഗാന്ധി സ്തൂപം നിർമിക്കുമെന്നു തന്നെയാണ് സിപിഎം ക്രിമിനൽ സംഘങ്ങളോടു പറയാനുള്ളത്. ആരൊക്കെ ഏതൊക്കെ രീതിയിൽ ഭീഷണിപ്പെടുത്തിയാലും പാർട്ടി ഗ്രാമങ്ങളെന്ന് അവകാശപ്പെടുന്ന ഇടങ്ങളിലേക്കെല്ലാം കോണ്‍ഗ്രസ് കടന്നു വരുമെന്നും സതീശൻ പറഞ്ഞു.
മലപ്പുറത്ത് ടാപ്പിംഗ് തൊഴിലാളിയെ കടുവ കൊന്നു തിന്നു
ഉമ്മച്ചൻ തെങ്ങുംമൂട്ടിൽ
കാളികാവ് (മലപ്പുറം): പുലർച്ചെ ടാപ്പിംഗ് ജോലിക്കു പോയ തൊഴിലാളിയെ കടുവ കടിച്ചുകൊന്നു. കല്ലാമൂല സ്വദേശി കളപ്പറന്പൻ അബ്ദുൾ ഗഫൂറിനെ (44) യാണു കടുവ കടിച്ചുകൊന്നത്.
മലപ്പുറം ജില്ലയിലെ കാളികാവ് അടയ്ക്കാക്കുണ്ട് പാറശേരിമലയിലായിരുന്നു സംഭവം. ഇന്നലെ രാവിലെ ആറിന് രണ്ടു സഹപ്രവർത്തകരോടൊപ്പം ടാപ്പിംഗ് നടത്തവേയായിരുന്നു അബ്ദുൾ ഗഫൂറിനെ കടുവ ആക്രമിച്ചത്.
ടാപ്പിംഗിനിടെ ഉൾക്കാട്ടിലേക്കു കടുവ കടിച്ചുകൊണ്ടുപോയ അബ്ദുൾഗഫൂറിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. ഗഫൂറിനെ കടുവ കടിച്ചുകൊണ്ടുപോകുന്നതു കണ്ടുവെന്ന് കൂടെയുണ്ടായിരുന്ന ടാപ്പിംഗ് തൊഴിലാളി സമദ് ആണ് നാട്ടുകാരെ അറിയിച്ചത്. തുടർന്നു നടത്തിയ തെരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.
ശരീരത്തിന്റെ ഏതാനും ഭാഗങ്ങൾ കടുവ കടിച്ചുതിന്നിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിടുക്കപ്പെട്ട് കൊണ്ടുപോകാനുള്ള പോലീസിന്റെയും വനംവകുപ്പിന്റെയും ശ്രമം മലമുകളിൽവച്ചുതന്നെ നാട്ടുകാർ തടഞ്ഞത് സംഘർഷത്തിനു കാരണമായി. തുടർന്ന് നിലന്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ സ്ഥലത്തെത്തി പ്രാഥമിക ചർച്ച നടത്തി.
നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാമെന്നും കടുവയെ പിടികൂടാനുള്ള സംവിധാനം ഏർപ്പെടുത്താമെന്നും ഡിഎഫ്ഒ ഉറപ്പുനൽകിയതോടെയാണ് മൃതദേഹം കൊണ്ടുപോകാൻ നാട്ടുകാർ സമ്മതിച്ചത്. എന്നാൽ, മൃതദേഹം ആംബുലൻസിൽ കയറ്റിക്കൊണ്ടുപോകാനുള്ള ശ്രമം താഴെ റാവുത്തൻകാട് കവലയിൽവച്ച് ജനക്കൂട്ടം വീണ്ടും തടഞ്ഞു.
കടുവയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. മരിച്ച യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്നും ആവശ്യമുന്നയിച്ചു. എന്നാൽ, മൃതദേഹം വേഗം കൊണ്ടുപോകാൻ അനുവദിക്കണമെന്നു ഗഫൂറിന്റെ ബന്ധുക്കൾ ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടു. നഷ്ടപരിഹാര തീരുമാനത്തിനൊപ്പം കടുവാശല്യത്തിനു പരിഹാര നടപടികൂടി പ്രഖ്യാപിക്കണമെന്നായി നാട്ടുകാരുടെ ആവശ്യം.
മലപ്പുറം, പെരിന്തൽമണ്ണ, നിലന്പൂർ എന്നിവിടങ്ങളിലെ ഡിവൈഎസ്പിമാരും സിഐമാരും നൂറുക്കണക്കിനു പോലീസുകാരും വനം വകുപ്പുദ്യോഗസ്ഥരും സംയമനം പാലിച്ചതോടെ സംഘർഷം ഒഴിവായി. തുടർന്ന് സ്ഥലം എംഎൽഎ എ.പി. അനിൽകുമാർ, പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠി, നിലന്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ എന്നിവർ ചേർന്ന് ചർച്ച നടത്തി.
14 ലക്ഷം രൂപ നഷ്ടപരിഹാരം ഉടൻ ബന്ധുക്കൾക്കു നൽകാമെന്നും കടുവയെ പിടികൂടുന്നതിന് അടിയന്തര നടപടി സ്വീകരിക്കാമെന്നുമുള്ള തീരുമാനം എഴുതി തയാറാക്കി മരിച്ച ഗഫൂറിന്റെ സഹോദരനു കൈമാറി. തുടർന്നാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോകാൻ നാട്ടുകാർ സമ്മതിച്ചത്.
മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം രാത്രിയോടെ മൃതദേഹം കല്ലാമൂല ജുമാമസ്ജിദിൽ കബറടക്കി. ഹന്നത്ത് ആണ് അബ്ദുൾ ഗഫൂറിന്റെ ഭാര്യ. മക്കൾ: ഹൈഫ, അസ മെഹറിൻ, ഹസാൻ ഗഫൂർ (മൂവരും വിദ്യാർഥികൾ).
കാറുകള്‍ ഉരസിയതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തി
കൊച്ചി: നെടുമ്പാശേരിയില്‍ കാറുകള്‍ ഉരസിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തി. തുറവൂര്‍ ഗവ. ആശുപത്രിക്കു സമീപം അരിശേരി വീട്ടില്‍ ജിജോ ജയിംസിന്റെ മകന് ഐവിന് ജിജോ (25) ആണു കൊല്ലപ്പെട്ടത്.
സംഭവത്തില്‍ സിഐഎസ്എഫ് എസ്ഐ വിനയകുമാര്‍ ദാസ് (38), കോണ്‍സ്റ്റബിള്‍ മോഹന്‍കുമാര്‍ (31) എന്നിവരെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ ഇരുവരും കൊച്ചി വിമാനത്താവളത്തിലാണു ജോലി ചെയ്യുന്നത്.
നെടുമ്പാശേരിയിലെ കാസിനോ എയര്‍ കാറ്ററേഴ്സ് ആന്‍ഡ് ഫ്ലൈറ്റ് സര്‍വീസസ് എന്ന കാറ്ററിംഗ് സ്ഥാപനത്തിലെ ഷെഫാണു കൊല്ലപ്പെട്ട ഐവിന്. ബുധനാഴ്ച രാത്രി പത്തോടെ നായത്തോട് സെന്റ് ജോണ്‍സ് ചാപ്പലിനും സെന്റ് സെബാസ്റ്റ്യന്‍സ് കപ്പേളയ്ക്കും ഇടയിലുള്ള കപ്പേള റോഡിലായിരുന്നു സംഭവങ്ങളുടെ തുടക്കം.
തുറവൂരിലെ വീട്ടില്‍നിന്നു ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു ഐവിന്. സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഐവിനും ഒരേ ദിശയിലാണു സഞ്ചരിച്ചിരുന്നത്. നായത്തോട് തോമ്പ്ര റോഡില്‍വച്ച് ഐവിന്റെയും സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെയും കാറുകള്‍ തമ്മില്‍ ഉരസി. ഇതോടെ കാറില്‍നിന്ന് ഇരുകൂട്ടരും പുറത്തിറങ്ങി വാക്കുതര്‍ക്കമായി. ഇതിനിടെ, സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിനു മുന്നില്‍ നിന്നു സംസാരിക്കുകയായിരുന്ന ഐവിനെ കാര്‍ ഇടിപ്പിച്ചു.
ബോണറ്റിലേക്കു വീണ ഐവിൻ ബോണറ്റില്‍ പിടിച്ചുകിടന്ന് നിലവിളിച്ചെങ്കിലും പ്രതികള്‍ അമിതവേഗത്തില്‍ ഒരു കിലോമീറ്ററോളം ദൂരം കാര്‍ ഓടിച്ചുപോയി. സംഭവം കണ്ട ചിലര്‍ കാറിനെ പിന്തുടര്ന്നു. സെന്റ് ജോണ്‍സ് യാക്കോബായ ചാപ്പലിനും സെന്റ് സെബാസ്റ്റ്യന്‍സ് കപ്പേളയ്ക്കുമിടയില്‍ കാര്‍ പെട്ടെന്നു നിര്‍ത്തിയപ്പോള്‍ റോഡിലേക്കു വീണ ഐവിന്റെ ദേഹത്തുകൂടി കയറ്റിവിടുകയായിരുന്നു.
അടിയില്‍ കുടുങ്ങിയ ഐവിനെ 20 മീറ്ററോളം വലിച്ചിഴച്ചു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോള്‍ രക്തത്തിൽ കുളിച്ച് ഐവിൻ റോഡില്‍ വീണുകിടക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പിന്നീട് കാറിനു പുറത്ത് റോഡില്‍ വീണ നിലയില്‍ കണ്ടെത്തിയ വിനയകുമാറിനെ ആദ്യം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു ചികിത്സ നല്‍കിയശേഷമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രക്ഷപ്പെട്ട മോഹന്‍കുമാറിനെ പിന്നീട് സിഐഎസ്എഫ് ഓഫീസില്‍നിന്ന് കസ്റ്റഡിയിലെടുത്തു.
റൂറല്‍ എസ്പി എം. ഹേമലതയുടെ നേതൃത്വത്തില്‍ സംഭവസ്ഥലം സന്ദർശിച്ചു പരിശോധന നടത്തി. ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തുറവൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയിൽ നടക്കും.
അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ സീനിയർ ഫിസിയോതെറാപ്പിസ്റ്റാണ് ഐവിന്റെ പിതാവ് ജിജോ ജെയിംസ്. അമ്മ റോസ്മേരി പാലാ ചേർപ്പുങ്കൽ മാര്‍ സ്ലീവ ആശുപത്രിയില്‍ ഓപ്പറേഷന് തിയറ്റര്‍ മാനേജരാണ്. സഹോദരി: അലീന ജിജോ (ബംഗളൂരു നാറ്റ് വെസ്റ്റ് ഗ്രൂപ്പ് ഓഫ് ബാങ്കിംഗ്).
ദീപിക 139-ാം വാര്‍ഷിക ആഘോഷവും അവാര്‍ഡ് ദാനവും നാളെ കുമരകത്ത്
കോട്ടയം: ദീപികയുടെ 139-ാം വാര്‍ഷികാഘോഷവും എക്സലന്‍സ് അവാര്‍ഡ് ദാനവും നാളെ കുമരകം ബാക് വാട്ടര്‍ റിപ്പിള്‍സ് റിസോര്‍ട്ടില്‍ നടക്കും.
വൈകുന്നേരം ആറിന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ഗവര്‍ണര്‍ രാജന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുകയും എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിക്കുകയും ചെയ്യും.
മന്ത്രി വി.എന്‍. വാസവന്, മുഖ്യ പ്രഭാഷണം നടത്തും. മന്ത്രി പി. പ്രസാദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സ്വാഗതം പറയും. ദീപിക ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലില്‍ കൃതജ്ഞത അര്‍പ്പിക്കും.
ഹൊറൈസണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എബിന് എസ്. കണ്ണിക്കാട്ട്, ഡയമണ്ട് റോളര്‍ ഫ്ളവര്‍ മില്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ടി.കെ. അമീര്‍ അലി, പാത്താമുട്ടം സെയിന്റ്ഗിറ്റ്സ് കോളജ് പ്രിന്‍സിപ്പല്‍ ടി. സുധ, സീക്യു കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജിബിന്‍ ബിനു ജോസഫ്, മാന്നാനം കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശേരി സിഎംഐ, ഡോ. ജോര്‍ജ് ജോസഫ് പടനിലം, ചങ്ങനാശേരി ക്രിസ്തുജ്യോതി ഗ്രൂപ്പ് ഡയറക്ടര്‍ ഫാ. ടോമി ഇലവനാല്‍ സിഎംഐ, കൊല്ലം കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ വിന്നി വെട്ടുകല്ലേല്‍ എന്നിവര്‍ക്കാണ് എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്.
നെല്ല് സംഭരണം: കേന്ദ്രം നല്‍കാനുള്ളത് 1000 കോടി രൂപ
തിരുവനന്തപുരം: നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനു നല്‍കാനുള്ളത് 1,000 കോടി രൂപ.
ഇക്കാരണത്താല്‍ നെല്ലുസംഭരണത്തിന്റെ ചുമതലയുള്ള സപ്ലൈകോ കര്‍ഷര്‍ക്ക് നെല്ലിന്റെ വില നല്കാന് മാവേലിസ്റ്റോറിലെ വിറ്റുവരവ് തുകയാണ് ഇപ്പോള്‍ വിനിയോഗിക്കുന്നതെന്നു മന്ത്രി പി. പ്രസാദ് പറഞ്ഞു.
പിആര്‍എസ് വായ്പ നല്‍കുന്നത് എസ്ബിഐ, ഫെഡറല്‍, കനറാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ആയിരുന്നു. എന്നാല്‍, നിലവിലെ പലിശനിരക്ക് വ്യത്യാസപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കനറാ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍നിന്നു പിന്മാറി.
ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്. കേരള ബാങ്കിനെക്കൂടി കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ബാങ്ക് അധികൃതരുമായി ചര്‍ച്ച നടക്കുകയാണ്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. കേര പദ്ധതിയിലേക്ക് ലോകബാങ്കില്‍നിന്ന് അനുവദിച്ച തുക വകമാറ്റിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.
കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് നിയന്ത്രണാതീതമാണെന്നും കാടില്ലാത്ത ജില്ലയായ ആലപ്പുഴയില്‍ പോലും കാട്ടുപന്നി ശല്യം രൂക്ഷമായതായും മന്ത്രി പറഞ്ഞു. കാട്ടുപന്നികളെ കൊന്നു തിന്നാനുള്ള അധികാരം കര്‍ഷകര്‍ക്കു നല്കിയാല് ഈ പ്രശ്നം അവസാനിക്കും. എന്നാല്‍, അതിനു കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല.
ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണത്തിന്റെ സാഹത്തോടെ കാട്ടുപന്നികളെ തുരത്താനുള്ളപദ്ധതി നടപ്പാക്കാന്‍ അഞ്ചു കോടി രൂപ ആര്‍കെവിവൈ ഫണ്ടില്‍നിന്നു നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വനപാലകരെ ഭീഷണിപ്പെടുത്തിയെന്ന്; കെ.യു. ജനീഷ്കുമാർ എംഎൽഎയ്ക്കെതിരേ കേസ്
പത്തനംതിട്ട: വനം വകുപ്പിന്റെ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തി കസ്റ്റഡിയിലുള്ളയാളെ മോചിപ്പിച്ച സംഭവത്തിൽ കെ.യു. ജനീഷ് കുമാർ എംഎൽഎയ്ക്കെതിരേ കൂടൽ പോലീസ് കേസെടുത്തു.
വനംവകുപ്പ് നടുവത്തുമൂഴി റേഞ്ച് ഓഫീസർ, പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, ജീവനക്കാർ, എന്നിവർ എംഎൽഎയ്ക്കെതിരേ മൊഴി നൽകി. ഇതിനിടെ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലും മൊഴി രേഖപ്പെടുത്തി.
ഭാരതീയ ന്യായ സംഹിത 132 പ്രകാരം കൃത്യ നിർവഹണം തടസപെടുത്തൽ, 351(2) ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വനപാലകരുടെ സംഘടനയും എംഎൽഎയ്ക്കെതിരേ പരാതി നൽകിയിട്ടുണ്ട്.
കോന്നി കുളത്തുമണ്ണിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശി രാജുവിനെ കഴിഞ്ഞദിവസം ജനീഷ് കുമാർ എംഎൽഎ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി ഇറക്കിക്കൊണ്ടു പോന്നിരുന്നു.
വനപാലകരുടെ നിലപാടിൽ നക്സലുകൾ വീണ്ടും വരുമെന്നും ഓഫീസ് കത്തിക്കുമെന്നും തുടങ്ങിയ ഭീഷണി ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. കോന്നി ഡിവൈഎസ്പി ടി. രാജപ്പൻ റാവുത്തറും സംഭവസമയം ഫോറസ്റ്റ് സ്റ്റേഷനിലുണ്ടായിരുന്നു.
അതേസമയം സ്വകാര്യ കൃഷിയിടത്തിൽ ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പ് സാധാരണക്കാർക്കെതിരേ കേസെടുക്കാൻ ശ്രമിച്ചതിനെതിരേയാണ് താൻ ഇടപെട്ടതെന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് കെ. യു. ജനീഷ് കുമാർ എംഎൽഎ നിലപാട്.
നിയമപരമായ യാതൊരു നടപടികളുമില്ലാതെയാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. ഇക്കാര്യം ബോധ്യപ്പെടുത്താനാണ് ഡിവൈഎസ്പിയെ വിളിച്ചുവരുത്തിയതെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ പ്രതിഷേധവുമായി ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ രംഗത്തെത്തി. നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംഘടന നിയമസഭാ സ്പീക്കർക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി.
സർജൻമാരുടെ സംസ്ഥാന സമ്മേളനം ഇന്നുമുതൽ
തൃശൂർ: അസോസിയേഷൻ ഓഫ് സർജൻസ് ഒഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ 48-ാം സംസ്ഥാനസമ്മേളനം ഇന്നുമുതൽ 18 വരെ തൃശൂർ മെഡിക്കൽ കോളജിലെ അലുമ്നി ഹാളിലും ഹയാത്ത് റീജൻസി ഹോട്ടലുമായി നടക്കുമെന്നു സംഘാടകർ അറിയിച്ചു.
നാളെ വൈകീട്ട് അഞ്ചിനു ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യസർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ ഓർഗനൈസിംഗ് ചെയർമാൻ ഡോ. പി.കെ. മോഹനൻ, കണ്‍വീനർ ഡോ.എസ്. ശ്രീകുമാർ, വൈസ് ചെയർമാൻ ഡോ. ആൽഫി ജെ. കവലക്കാട്, സെക്രട്ടറി ഡോ. സഹീർ നെടുവഞ്ചേരി എന്നിവർ പങ്കെടുത്തു.
ഭീഷണി സന്ദേശത്തിലെ വിവരങ്ങള്‍ തേടി വാട്സ്ആപ്പിന് കത്തു നല്കി
കൊച്ചി: കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരേ സാക്ഷി പറയാന്‍ മുന്നോട്ടുവരുന്നവരെ വധിക്കുമെന്നു വ്യക്തമാക്കി ഭീഷണിസന്ദേശം അയച്ച കേസില്‍ സന്ദേശം കൈമാറിയ വ്യക്തിയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് പോലീസ് വാട്സ്ആപ്പിന് കത്തു നല്കി.
യഹോവസാക്ഷികളുടെ കേരളത്തിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശ്രീകുമാറിന് വാട്സ്ആപ്പിലൂടെ ബുധനാഴ്ച രാത്രിയിലാണു സന്ദേശമെത്തിയത്. മലേഷ്യന്‍ ഫോണ്നമ്പറില്നിന്നായിരുന്നു സന്ദേശം.
ലഹരിക്കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകന്
കൊച്ചി: ലഹരിമരുന്ന് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കേസിലെ പ്രതിയും അഭിഭാഷകനുമായ കോഴിക്കോട് താമരശേരി സ്വദേശി അഡ്വ. റോഷന് ജേക്കബ് ഉമ്മന്‍.
സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ ബന്ധുവും എക്സൈസ് ഉദ്യോഗസ്ഥനും ചേര്‍ന്നാണു തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നും 17 മാസം ജയിലില്‍ കഴിഞ്ഞെന്നും റോഷന് പറഞ്ഞു.
വടകര കോടതി കുറ്റവിമുക്തനാക്കിയതിനു പിന്നാലെ ഡിജിപി അടക്കമുള്ളവര്‍ക്കു പരാതി നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
ചെറുപുഷ്പ സഭയുടെ പ്രഥമ വ്രതവാഗ്ദാനവും വ്രതവാഗ്ദാന ജൂബിലി ആഘോഷവും നാളെ
ആലുവ: അഖിലലോക മിഷൻമധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തിലുള്ള ചെറുപുഷ്പ സഭയുടെ ഈ വർഷത്തെ പ്രഥമ വ്രതവാഗ്ദാനവും വ്രതവാഗ്ദാന ജൂബിലി ആഘോഷവും ആലുവ ലിറ്റിൽ ഫ്ലവർ മേജർ സെമിനാരിയിൽ (ആലുവ കാസിനോ തിയറ്ററിനു സമീപം) നാളെ നടക്കും.
പ്രഥമ വ്രതവാഗ്ദാനം നടത്തുന്ന 12 നവസന്യാസികളും സുവർണ ജൂബിലി ആഘോഷിക്കുന്ന ആറു വൈദികരും രജതജൂബിലി ആഘോഷിക്കുന്ന 12 വൈദികരും സിഎസ്റ്റി സഭയുടെ നാല് പ്രോവിൻസുകളിലെ വൈദികവിദ്യാർഥികളും വൈദികരും ചടങ്ങിൽ പങ്കെടുക്കും.
രാവിലെ പത്തിന് സെമിനാരിയിൽ നടക്കുന്ന ചടങ്ങിൽ കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസിലെ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജോൺസൺ വരയ്ക്കാപറമ്പിൽ, ആലുവ സെന്റ് ജോസഫ്സ് പ്രോവിൻസിലെ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജിജോ ജയിംസ് ഇൻഡിപറമ്പിൽ, പഞ്ചാബ് - രാജസ്ഥാൻ ക്രിസ്തുജ്യോതി പ്രോവിൻസിലെ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ.ജോർജ് ആലുക്ക ഗോരഖ്പുർ ലിറ്റിൽ ഫ്ലവർ പ്രോവിൻസിലെ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. സാബു കണ്ടംകെട്ടിയിൽ തുടങ്ങിയവർ പങ്കെടുക്കും.
ഉപ്പ് വെള്ളം കയറിയ കുട്ടനാട് പാടശേഖരങ്ങളിലെ നെല്ല് കൃഷിവകുപ്പ് സംഭരിക്കും
തിരുവനന്തപുരം: ഉപ്പുവെള്ളം കയറിയ കുട്ടനാട് പാടശേഖരങ്ങളിലെ നെല്ല് കൃഷി വകുപ്പ് സംഭരിക്കുമെന്നു മന്ത്രി പി. പ്രസാദ്. ഇതിനായി കൃഷി വകുപ്പിന് ആദ്യഘട്ടമായി മൂന്നു കോടി രൂപ പ്രത്യേക പാക്കേജായി സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
കുട്ടനാട്ടിലെ ചില പാടശേഖരങ്ങളില്‍ ഉപ്പു വെള്ളം കയറിയതിനെ തുടര്‍ന്ന് നെല്ലു സംഭരണത്തില്‍നിന്ന് മില്ലുകള്‍ പിന്മാറിയ സാഹചര്യത്തിലാണു പ്രത്യേക പാക്കേജ് അനുവദിച്ചത്. കൃഷി വകുപ്പ് നേരിട്ട് സംഭരിക്കുന്ന നെല്ലിനാണു പ്രത്യേക പാക്കേജ്. പ്രതിസന്ധി നേരിട്ട മേഖലകളിൽ ഒരാഴ്ചയ്ക്കകം നെല്ല് സംഭരണം പൂർത്തീകരിക്കാനാണു നിർദേശം നൽകിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.
ഉപ്പു വെള്ളം കയറിയ പാടശേഖരങ്ങളിൽ ഉത്പാദിപ്പിച്ച നെല്ലിനു ഫെയര്‍ ആവറേജ് ക്വാളിറ്റി (എഫ്എക്യു) നിലവാരം ഇല്ലാത്ത സാഹചര്യത്തിൽ സപ്ലൈകോ മുഖേനയുള്ള നെല്ലുസംഭരണം സാധ്യമാവാതെ വന്ന സാഹചര്യത്തിൽ സമയബന്ധിതമായി നെല്ല് സംഭരിക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേന ഈ നെല്ല് സംഭരിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഗുണ നിലവാരം കൃഷി വകുപ്പ് ഉറപ്പാക്കി കൃഷി വകുപ്പ് ഡയറക്ടർ നിശ്ചയിക്കുന്ന തുക സംഭരണ വിലയായി ലഭ്യമാക്കും.
നിലവിലുള്ള ചട്ടങ്ങൾ പ്രകാരം കൃഷി നാശത്തിന്റെ നഷ്ടപരിഹാരം നിശ്ചയിക്കുവാൻ കൃഷി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
കൊല്ലത്തുനിന്ന് കാണാതായ കുട്ടി ഫോര്‍ട്ട്കൊച്ചിയില്‍
കൊച്ചി: കൊല്ലത്തുനിന്ന് കാണാതായ പതിനാലുകാരനെ ഫോര്‍ട്ട്കൊച്ചിയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി ഫോര്‍ട്ട്കൊച്ചിയിലെ ഒരു ഹോംസ്റ്റേയില്‍ കുട്ടി എത്തുകയായിരുന്നു.
ഫോര്‍ട്ട്കൊച്ചി പോലീസ് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കൊല്ലം പോലീസെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.കഴിഞ്ഞദിവസം രാവിലെ കൊല്ലം ചിതറയിലെ വീട്ടില്‍നിന്ന് സ്കൂളിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ കുട്ടിയെ കാണാതാകുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.
നെഹ്റുവിനെ തമസ്കരിക്കുന്നത് ഫാസിസം വളർത്താൻ: സണ്ണി ജോസഫ്
തിരുവനന്തപുരം: അരനൂറ്റാണ്ടു മുമ്പ് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സ്ഥാപിച്ച നെഹ്റു യുവകേന്ദ്രയുടെ പേരു മാറ്റുന്നവരും പാലക്കാട് നൈപുണ്യവികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗെവാറിന്റെ പേരു നൽകുന്നവരുമെല്ലാം ആത്യന്തികമായി ലക്ഷ്യമിടുന്നത് മതരാഷ്ട്രത്തിന്റെ സ്ഥാപനമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
നെഹ്റുവിനെ മായ്ക്കാനുള്ള ഓരോ നടപടിയും രാജ്യത്തെ ഫാസിസത്തിലേക്ക് ഒരുപടി കൂടി അടുപ്പിക്കുകയാണ്.
കേരളത്തിൽ പോലും ഹെഗ്ഡെ വാറിനെയും ഗോൾവർക്കറേയും പ്രചരിപ്പിക്കുന്നു. ആത്യന്തിക ലക്ഷ്യം മതരാഷ്ട്രമാണെന്ന യാഥാർഥ്യം മറക്കരുതെന്ന് സണ്ണി ജോസഫ് പറഞ്ഞു.
2,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം 20ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്സൈറ്റ് (www.finance.kerala.gov.in) സന്ദർശിക്കുക.
കാർഷിക സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്നുമുതൽ
നീലേശ്വരം: കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ അമ്പത്തൊന്നാം സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി പടന്നക്കാട് കാർഷിക കോളജിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് 1.30 ന് കൗൺസിൽ യോഗം.
വൈകുന്നേരം 5.30 ന് യുജിസി ഡ്രാഫ്റ്റ് റഗുലേഷൻ 2025: പ്രശ്നങ്ങളും പ്രതിരോധവും എന്ന സെമിനാർ സിപിഎം ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
സിപിഎം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ.രാജ്മോഹൻ അധ്യക്ഷത വഹിക്കും. തുടർന്ന് ജീവനക്കാരുടെ വിവിധ കലാപരിപാടികൾ. നാളെ രാവിലെ 9.15 ന് പ്രതിനിധി സമ്മേളനം എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എൻ.ആർ.സാജൻ അധ്യക്ഷത വഹിക്കും.
വാട്ടർ അഥോറിറ്റി പെൻഷനേഴ്സ് സംസ്ഥാന സമ്മേളനം നാളെ
തൃശൂർ: വാട്ടർ അഥോറിറ്റി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ സംസ്ഥാനസമ്മേളനം നാളെ തൃശൂർ ടൗണ്‍ഹാളിൽ നടക്കും. രാവിലെ 10നു മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, സംഘാടകസമിതി ചെയർമാൻ എം.കെ. കണ്ണൻ, കെഎസ്എസ്പിയു സംസ്ഥാന പ്രസിഡന്റ് എ.പി. ജോസ് എന്നിവർ പ്രസംഗിക്കും. എം.കെ. കണ്ണൻ, ജനറൽ കണ്‍വീനർ വി.എം. ഭവാനി, ജനറൽ സെക്രട്ടറി വത്സപ്പൻനായർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അനിശ്ചിതകാല സമരം നടത്തുമെന്ന് ബസ് ഉടമകൾ
കോട്ടയം: പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വിദ്യാര്‍ഥി കണ്സഷന് ടിക്കറ്റ് നിരക്ക് ഉയര്‍ത്തുക, ഭീമമായ തുക പിഴ ചുമത്തുന്ന തിൽ നിന്നു പിന്മാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസ് ഓപ്പറേഷന് ഫെഡറേഷന്.
ദീര്‍ഘകാലമായി സര്‍വീസ് നടത്തുന്ന ദീര്‍ഘദുര ബസുകളുടെയും ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണം.
വിദ്യാര്‍ഥി കണ്സഷന് വിദ്യാര്‍ഥികള്‍ക്കു മാത്രമാക്കി നിജപ്പെടുത്തി വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണം. ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത വകുപ്പിന്റെയും പോലീസിന്റെയും നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണു സര്‍വിസുകള്‍ നിര്ത്തിവക്കുന്നതെന്ന് ബസുടമകള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഹംസ ഏരിക്കുന്നന്‍, ജോയന്റ് സെക്രട്ടറി പാലമുറ്റത്ത് വിജയ് കുമാര്‍, കോട്ടയം ജില്ലാ പ്രസിഡന്റ് ജാക്സന്, സെക്രട്ടറി കെ.എസ്. സുരേഷ് എന്നിവര്‍ പങ്കെടുത്തു.
ജൂണിയർ അഭിഭാഷകയ്ക്കു മർദനം; ബെയ്ലിൻ ദാസ് അറസ്റ്റിൽ
തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂണിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ചശേഷം ഒളിവിൽ പോയ പ്രതി സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസ് മൂന്നാം ദിവസം അറസ്റ്റിൽ.
കാറിൽ സഞ്ചരിക്കുന്നതിനിടെ തുമ്പ സ്റ്റേഷൻ കടവിൽ നിന്നാണ് പൂന്തുറ ആലുകാട് ദാസ് ഭവനിൽ വൈ. ബെയ്ലിൻ ദാസിനെ (47) തുമ്പ പോലീസ് പിടികൂടിയത്.
സിറ്റി ഡാൻസാഫ് പോലീസ് സംഘം അടക്കം നടത്തിയ വ്യാപക തെരച്ചിലിനൊടുവിൽ ഇന്നലെ വൈകുന്നേരം 6.45നു പിടിയിലായ ബെയ്ലിൻ ദാസിനെ രാത്രിയോടെ വഞ്ചിയൂർ പോലീസിനു കൈമാറി.
അന്വേഷണസംഘത്തലവൻ തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നകുൽ ദേശ്മുഖിന്റെ നേതൃത്വത്തിൽ ബെയ്ലിൻ ദാസിനെ ചോദ്യം ചെയ്തു.
ബോധപൂർവം സ്ത്രീത്വത്തെ അപമാനിക്കാൻ ലക്ഷ്യമിട്ടിരുന്നില്ലെന്നും ജൂണിയർ അഭിഭാഷക ശ്യാമിലി ജസ്റ്റിനുമായി സംസാരിക്കുന്നതിനിടെ പ്രകോപനപരമായി മറുപടി പറഞ്ഞ സാഹചര്യത്തിലാണ് താൻ മർദിച്ചതെന്നുമാണ് ബെയ്ലിൻ ദാസ് പോലീസിനു നൽകിയ മൊഴിയെന്നാണു സൂചന. ഇദ്ദേഹത്തെ ഇന്നു കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നാണ് വഞ്ചിയൂരിലെ ബെയ്ലിൻ ദാസിന്റെ ഓഫീസിൽ വച്ച് ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ക്രൂരമായി മർദിച്ചത്. വലതുകവിൾ അടിച്ചു തകർത്തിരുന്നു.
തുടർന്ന് കോടതിയിലെ ബാർ അസോസിയേഷൻ ഹാളിലുണ്ടായിരുന്ന ബെയ്ലിൻ ദാസിനെ പിടികൂടാൻ പോലീസ് എത്തിയെങ്കിലും അഭിഭാഷകർ തടഞ്ഞിനെ തുടർന്നു അറസ്റ്റു ചെയ്യാൻ കഴിഞ്ഞില്ലെന്ന ആരോപണമുയർന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
കാറുകൾ മാറി തുടർച്ചയായി സഞ്ചരിക്കുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്. ബെയ്ലിൻ ദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കാൻ ഇരിക്കേയാണ് ഇന്നലെ പോലീസ് പിടിയിലായത്. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ബെയ്ലിൻ ദാസ് ജാമ്യാപേക്ഷ നൽകിയത്.
പാര്‍ട്ടിയുടെ അംഗീകാരം വേണ്ട; അണികളുടെ പിന്തുണ മതി: കെ. സുധാകരൻ
കണ്ണൂര്‍: കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കി എഐസിസി പ്രവര്‍ത്തകസമിതി അംഗത്വം പകരം നല്കിയ പാര്‍ട്ടി നടപടിയില്‍ അതൃപ്തി വ്യക്തമാക്കി കെ. സുധാകരൻ. കണ്ണൂരിൽ മാധ്യമങ്ങൾക്ക് മുന്നിലാണ് സുധാകരൻ കോൺഗ്രസ് നേതൃത്വത്തിനെതിരേ തുറന്നടിച്ചത്. നേതൃത്വം തന്നത് വലിയ പോസ്റ്റായിരിക്കും.
ആ സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം എവിടെ വരെ എന്ന് പരസ്യമായി ചോദിച്ച സുധാകരന്, കേരളം തന്നെയായിരിക്കും ഭാവിയിലും തന്റെ പ്രവര്‍ത്തനമണ്ഡലമെന്നും പാര്‍ട്ടി പറഞ്ഞാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്നും വ്യക്തമാക്കി.
നേതൃത്വം ഇല്ലെങ്കിലും താന്‍ രാഷ്ട്രീയ ഉത്തരവാദിത്വം നിറവേറ്റും. അതിന് സ്ഥാനം വേണ്ട, പ്രവര്‍ത്തകര്‍ മതി. പാര്‍ട്ടിയുടെ അംഗീകാരമോ അഭിനന്ദനമോ പോലും തനിക്കു വേണ്ട.പറഞ്ഞാൽ പറഞ്ഞയിടത്തു നില്ക്കുന്ന അണികളാണ് തന്റെ കരുത്തെന്നും കെ. സുധാകരൻ പറഞ്ഞു. തന്റേത് സ്വാഭാവിക മാറ്റമാണെന്ന് കരുതുന്നില്ലെന്നും മാറ്റിയ രീതിയോട് വിയോജിപ്പുണ്ടെന്നും കെ. സുധാകരന് തുറന്നടിച്ചു.
അധ്യക്ഷപദവി മാറ്റത്തെക്കുറിച്ച് ?
കേരളത്തില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഒരു രാഷ്ട്രീയ പോരാട്ടത്തിലേക്ക് കോണ്‍ഗ്രസ് പോകുകയാണ്. എന്നെ മാറ്റിയത് തെറ്റല്ലെങ്കിലും ശരിയല്ല. ഒഴിവാക്കിയതിന്റെ കാരണമറിയില്ല. ആരോടും ചോദിക്കാനും പോയില്ല.
ഡല്‍ഹിയിലെ യോഗത്തിൽ നിന്നു വിട്ടുനിന്നത്?
സമയമില്ലാത്തതുകൊണ്ടാണ് പങ്കെടുക്കാതിരുന്നത്.
പദവി നീക്കിയതില്‍ അതൃപ്തിയുണ്ടോ?
എനിക്ക് ഒരു അതൃപ്തിയുമില്ല. അതൃപ്തിയുണ്ടെങ്കില്‍ പാര്‍ട്ടിയില്‍നിന്നു രാജിവയ്ക്കില്ലേ. അതിന് ആരുടെയെങ്കിലും സമ്മതം എനിക്കു വേണോ? അഖിലേന്ത്യാ നേതാക്കന്മാര്ക്ക് എന്റെ സേവനം വേണ്ട എന്നുണ്ടെങ്കില്‍ അതു വേണം എന്നു വാദിക്കാന്‍ എനിക്കു താത്പര്യമില്ല. സംസ്ഥാന നേതൃത്വത്തിനല്ല, ദേശീയ നേതാക്കന്മാര്ക്കാണ് കെ. സുധാകരന്റെ സേവനം അത്ര മതി എന്നു തോന്നിയത്.
മാറ്റിയ സമയം ശരിയായോ?
അതു പറയേണ്ടത് സുധാകരനല്ല, പാര്ട്ടിക്കാര് വിലയിരുത്തട്ടെ. അണികളും അനുഭാവികളും തീര്‍ച്ചയായും വിലയിരുത്തും. ഒരു തെരഞ്ഞെടുപ്പിന്റെ എല്ലാ മുന്നൊരുക്കങ്ങളും ഞാന്‍ നടത്തിയിരുന്നു. വോട്ടര്‍പട്ടിക മുതല്‍ ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ വരെ. എല്ലാംകൊണ്ടും തെരഞ്ഞെടുപ്പിന് സജ്ജമായിരുന്നു. ഇനി ഒരു പണിയും ബാക്കിയില്ല. പാര്‍ട്ടിക്കുവേണ്ടിയാണ് അതൊക്കെ ചെയ്തതത്. അതുകൊണ്ട് നിരാശയൊന്നുമില്ല.
ദീപ ദാസ് മുന്‍ഷിയുടെ നിലപാടുകള്‍?
ദീപ ദാസ് മുന്‍ഷിയുമായി തര്‍ക്കമൊന്നുമില്ല. അതേസമയം അവർ കൊടുത്തിരിക്കുന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് പരാതിയുണ്ട്.
പുതിയ അധ്യക്ഷനെ നിയമിക്കുന്നതില്‍ സാമുദായിക സമവാക്യം പരിഗണിച്ചോ?
അങ്ങനെയൊന്നും കോണ്‍ഗ്രസ് നോക്കിയിട്ടില്ല. സണ്ണി വക്കീല്‍ അര്‍ഹനാണ്.
പിണറായിയെ നേരിടാൻ സുധാകരനില്ലെങ്കില്‍?
ഔദ്യോഗിക സ്ഥാനമില്ലെങ്കിലും മുതിര്‍ന്ന നേതാവ് എന്ന നിലയ്ക്കു പിണറായിയെ എതിര്‍ക്കാന്‍ ഞാനുണ്ടാകും. പിണറായി വിജയന് അങ്ങനെ നിങ്ങള്‍ വിചാരിക്കുന്നത് പോലെ ഒലക്കയും കുന്തവുമൊന്നുമല്ല. പിണറായിയുടെ സ്വന്തം മണ്ഡലത്തില്‍ ഇപ്പോള്‍ എനിക്കാണു ഭൂരിപക്ഷം.
പ്രവർത്തകസമിതി പദവിയെക്കുറിച്ച് ?
ആ പദവി കിട്ടിയിട്ട് എനിക്ക് എന്താ കാര്യം. പാര്‍ട്ടി പറഞ്ഞതിനാല്‍ ആ സ്ഥാനം ഏറ്റെടുക്കും.ദേശീയ നേതൃത്വത്തിലെ ചിലര്‍ക്കാണ് എതിര്‍പ്പെന്നു സൂചിപ്പിച്ചു.
കെ.സി. വേണുഗോപാലിനെആണോ ഉദ്ദേശിച്ചത് ?
വ്യക്തിപരമായിട്ടുള്ള ചോദ്യങ്ങളൊന്നും വേണ്ട. ഞാന്‍ ആരുടെയും സപ്പോര്ട്ടിനുവേണ്ടി പിറകേ നടന്ന ആളല്ല.
നേതൃമാറ്റം പ്രതിപക്ഷ നേതാവിനു ബാധകമാക്കാത്തത്?
അവര്‍ക്ക് മാറ്റേണ്ട എന്ന് അഭിപ്രായമുണ്ടാകാം. എന്തെങ്കിലും താത്പര്യം അതിനകത്തുണ്ടാകും. ഐ ഡോണ്ട് ബോതര്‍ എബൗട്ട് ദാറ്റ്...
കെപിസിസി അധ്യക്ഷന്റെ മാറ്റവുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ
വി.ഡി. സതീശനുമായി ദേശീയ നേതൃത്വം ആശയ വിനിമയം നടത്തിക്കാണില്ലേ?
അദ്ദേഹത്തിന് ഇക്കാര്യത്തില്‍ എന്തെങ്കിലും റോള്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹം ഇക്കാര്യത്തില്‍ മുന്‍കൈയെടുത്ത് ഇറങ്ങിയോ എന്നതിന് തെളിവുകളൊന്നും എന്റെ കൈയിലില്ല. അതുകൊണ്ടു പ്രതികരിക്കുന്നില്ല.
പദവിമാറ്റത്തെക്കുറിച്ച് സൂചന ലഭിച്ചായിരുന്നോ?
ഉണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയുമായി നടന്ന കൂടിക്കാഴ്ചയില്‍ പക്ഷേ നേതൃമാറ്റം ചര്‍ച്ചയായില്ല.
സണ്ണി ജോസഫ് സുധാകരന്റെ നോമിനിയാണോ?
എന്റെ നോമിനിയല്ലെങ്കിലും എന്റെ ഒരു അറിവും പിന്തുണയും അതിനകത്തുണ്ട്.
നാലു വര്‍ഷം കിട്ടിയില്ലേ?
ഒമ്പതു വയസുമുതല്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ ഇത്രയും സീനിയര്‍ നേതാവായ എനിക്ക് അതില്‍ കൂടുതല്‍ കാലം നയിക്കാന്‍ അര്‍ഹതയുണ്ട്. എന്റെ അത്രയും പാരമ്പര്യമുള്ള നേതാക്കന്മാര് അപൂർവമാണ്.
നിയമസഭയിലെ പ്രതിപക്ഷ പ്രവര്‍ത്തനം?
മികച്ചതല്ല എന്നൊന്നും പറയുന്നില്ല. കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. സഭയില്‍ ഇനി കെപിസിസി പ്രസിഡന്റ്കൂടി വരുന്നതോടെ കൂടുതല്‍ സജീവമാകും.
ചുമതലയില്‍നിന്നു മാറ്റുമ്പോള്‍ സണ്ണി ജോസഫിന്റെ പേര് നിര്‍ദേശിച്ചിരുന്നോ?
എന്നോട് ആരും ചോദിച്ചില്ല. ആരോടാണു ചോദിച്ചതെന്നറിയില്ല. അവർ സണ്ണിയുടെ പേര് പറഞ്ഞിരുന്നു. അതില്‍ എനിക്ക് സന്തോഷമുണ്ട്.
ഭാവി പ്രവര്‍ത്തനം?
കേരളത്തില്‍ എല്ലായിടത്തും ഉണ്ടാകും. ദേശീയതലത്തില്‍ ആവശ്യമുണ്ടെങ്കില്‍ പറഞ്ഞാൽ പോകും. അല്ലാതെ പോകില്ല. പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരില്‍ മത്സരിക്കും. കണ്ണൂര്‍ സീറ്റ് പിടിച്ചെടുക്കും. കേരളത്തിന്റെ തെരഞ്ഞെടുപ്പുചുമതല എനിക്കു തന്നാൽ ഏറ്റെടുക്കും.
മേയ് 20 ലെ ദേശീയ പണിമുടക്ക് ജൂലൈ ഒന്‍പതിലേക്കു മാറ്റി
തിരുവനന്തപുരം: ഈ മാസം 20ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ദേശീയ പണിമുടക്ക് ജൂലൈ ഒന്‍പതിലേക്കു മാറ്റാൻ സംയുക്ത ട്രേഡ് യുണിയനുകളുടെ യോഗം തീരുമാനിച്ചു.
""ബാലറ്റ് തുറന്നുനോക്കിയിട്ടില്ല''; വിവാദ പരാമര്‍ശം തിരുത്തി ജി. സുധാകരന്
ആലപ്പുഴ: തപാല്‍വോട്ടില്‍ കൃത്രിമം നടത്തിയെന്ന വിവാദ പ്രസ്താവന തിരുത്തി മുന്‍ മന്ത്രി ജി. സുധാകരന്.
വിവാദ പ്രസംഗത്തില്‍ മൊഴി രേഖപ്പെടുത്തി മണിക്കൂറുകള്‍ക്കകം സുധാകരന് പൊതുവേദിയിലെത്തിയാണ് വിവാദ പ്രസ്താവനയില്‍നിന്നു മലക്കം മറിഞ്ഞത്. താന്‍ പൊതുവേ പറഞ്ഞ കാര്യമാണതെന്നും ഒരു തവണപോലും ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും സുധാകരന് പറഞ്ഞു. പറഞ്ഞതില്‍ അല്പം ഭാവന കലര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതൊന്നും പ്രശ്നമാക്കേണ്ടെന്നും താന്‍ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ആരെയും കള്ളവോട്ട് ചെയ്യാന്‍ പഠിപ്പിച്ചിട്ടില്ലെന്നും സുധാകരന് പറഞ്ഞു. സിപിഐയുടെ കടക്കരപ്പള്ളി ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായുള്ള കുടുംബസംഗമത്തിലാണ് ജി. സുധാകരന് കഴിഞ്ഞദിവസത്തെ തന്റെ പ്രസംഗത്തിലെ വിവാദ പ്രസ്താവനകള്‍ തിരുത്തിയത്.
ചിലര്‍ വോട്ടു മാറ്റിക്കുത്തിക്കളിക്കാറുണ്ട്. അത്തരക്കാര്‍ക്കു കൊടുക്കുന്ന ഒരു ജാഗ്രത എന്ന നിലയ്ക്ക് പൊതുവായാണ് താന്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞതെന്നും സുധാകരന് പറഞ്ഞു.
ഭാവന അല്പം കൂടിപ്പോയെന്നും പ്രസംഗത്തിലെ ഭാഗങ്ങള്‍ മാധ്യമങ്ങളില്‍ വന്നത് അത്തരത്തില്‍ മനസിലാക്കരുതെന്നും സംവാദത്തെ സംവാദമായി തന്നെ കാണണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
പുതുതലമുറ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരേ
കുടുംബസംഗമത്തിലെ പ്രസംഗത്തില്‍ പുതുതലമുറ നേതാക്കളെയും സുധാകരന് വിമര്‍ശിച്ചു. ചരിത്രത്തെ ബഹുമാനിക്കുന്നവരാണ് കമ്യൂണിസ്റ്റുകള്‍. എന്നാല്‍ പ്രായോഗികമായി അങ്ങനെ സംഭവിക്കുന്നില്ല.
പാര്‍ട്ടിയില്‍ പുതുതായി ചേരുന്നവര്‍ പഠിക്കുന്ന രീതി ഇപ്പോള്‍ കുറഞ്ഞുവരുന്നു. ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കുന്നതും മഹത്തായ പ്രവര്‍ത്തനമാണ്. ഇപ്പോള്‍ ചരിത്രത്തെ മറക്കുന്ന പ്രവണതയാണ് എല്ലായിടത്തുമെന്നും അദ്ദേഹം വിമര്‍ശിച്ചു.
പോസ്റ്റൽ ബാലറ്റ് വിവാദത്തിൽ അന്വേഷണം, മൊഴിയെടുപ്പ്
ആലപ്പുഴ: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന മുന്‍ മന്ത്രി ജി. സുധാകരന്റെ വെളിപ്പെടുത്തല്‍ വിവാദത്തില്‍. എന്‍ജിഒ യൂണിയന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ നടന്ന എന്‍ജിഒ യൂണിയന് പൂര്‍വകാല നേതൃസംഗമത്തില്‍ സംസാരിക്കവെയായിരുന്നു വിവാദ വെളിപ്പെടുത്തല്‍
. 1989ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ചായിരുന്നു സുധാകരന്റെ പരാമര്‍ശം. ബാലറ്റ് പൊട്ടിച്ച് പരിശോധിച്ച് തിരുത്തിയിട്ടുണ്ടെന്നും ഇനി കേസെടുത്താലും കുഴപ്പമില്ലെന്നുമാണ് ജി. സുധാകരന് പറഞ്ഞത്. അന്ന് ജി. സുധാകരനായിരുന്നു തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി.
""തപാല്‍വോട്ട് ചെയ്യുമ്പോള്‍ എന്‍ജിഒ യൂണിയന്കാര് വേറെ ആളുകള്‍ക്ക് ചെയ്യരുത്. കുറച്ചുപേര്‍ അങ്ങനെ ചെയ്യുന്നുണ്ട്. കെഎസ്ടിഎ നേതാവ് കെ.വി. ദേവദാസ് ആലപ്പുഴയില്‍നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച്, പരിശോധിച്ച് ഞങ്ങള്‍ തിരുത്തി. 15 ശതമാനം പേരും വോട്ട് ചെയ്തത് എതിര്‍സ്ഥാനാര്‍ഥിക്കായിരുന്നു.
ഇനി എന്റെ പേരില്‍ കേസെടുത്താലും കുഴപ്പമില്ല''- എന്നിങ്ങനെയായിരുന്നു പ്രസംഗം.അന്ന് വക്കം പുരുഷോത്തമന് എതിരായിട്ടായിരുന്നു ദേവദാസ് മത്സരിച്ചത്. യൂണിയനിലെ മിക്കവര്‍ക്കും ദേവദാസിനെ അറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് അത്തരം ഒരു പ്രവൃത്തി ചെയ്യേണ്ടിവന്നതെന്നും അദ്ദേഹം വിശദീകരിച്ചു. തെരഞ്ഞെടുപ്പില്‍ പതിനെട്ടായിരം വോട്ടിന് ദേവദാസ് തോറ്റു.
കേസെടുക്കാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
സുധാകരന്റെ വെളിപ്പെടുത്തലില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്കി. വിശദമായ അന്വേഷണം നടത്താനാണ് നിര്‍ദേശം. ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ നിര്‍ദേശം നല്‍കിയത്.
വെളിപ്പെടുത്തലില്‍ തുടര്‍നടപടിക്കുള്ള നിയമ വശം പരിശോധിക്കുകയാണെന്നും അത്യന്തം ഗൗരവമുള്ള കാര്യമാണിതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
ജനപ്രാതിനിധ്യ നിയമം, തെരഞ്ഞെടുപ്പു ചട്ടങ്ങള്‍, ഇന്ത്യന്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയ്ക്കു വിധേയമായാണ് തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. എന്നാല്‍ തപാല്‍വോട്ടുകള്‍ പൊട്ടിച്ച് തിരുത്തല്‍ വരുത്തി എന്നത് ഗുരുതര നിയമലംഘനമാണ് -മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
മൊഴിയെടുത്തു
തപാല്‍വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ മുന്‍ മന്ത്രി ജി. സുധാകരന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പു കമ്മീഷന്. ആലപ്പുഴയിലെ സുധാകരന്റെ വീട്ടിലെത്തിയ തഹസില്‍ദാറാണ് മൊഴിയെടുത്തത്.
ചോദ്യംചെയ്യല്‍ പൂര്‍ത്തിയായതോടെ റിപ്പോര്‍ട്ട് ജില്ലാ കളക്ടർക്കു കൈമാറും. മൊഴിയെടുപ്പ് അര മണിക്കൂറോളം നീണ്ടു. വെളിപ്പെടുത്തലില്‍ കേസെടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് തഹസില്‍ദാര്‍ നിയമനടപടികളിലേക്കു കടന്നത്.
ജി. സുധാകരനെ തള്ളി ജില്ലാ സെക്രട്ടറി
ജി. സുധാകരനെ തള്ളി ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്. നാസര്‍. പോസ്റ്റല്‍ വോട്ട് തിരുത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തലില്‍, അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ആര്. നാസര്‍ പറഞ്ഞു. സുധാകരന് എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നറിയില്ലെന്നും നാസര്‍ പ്രതികരിച്ചു. പാര്‍ട്ടി ഇക്കാര്യം ഗൗരവമായി എടുത്തിട്ടുണ്ടെന്നും അന്വേഷിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാമെന്നും നാസര്‍ പറഞ്ഞു.
തെറ്റായി വ്യാഖ്യാനിച്ചു: ജി. സുധാകരന്
തപാല്‍വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയെന്ന പരാമര്ശത്തി് വശദീകണവുമായി സി പി എം നേതാവ് ജി. സുധാകരന്. നടപടികളെ ഭയക്കുന്നില്ലെന്നും പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്നും തഹസില്‍ദാര്‍ മൊഴിയെടുത്തതിനുശേഷം സുധാകരന് മാധ്യമങ്ങളോടു പ്രതികരിച്ചു. തന്റെ പ്രസംഗത്തെക്കുറിച്ചാണ് ചോദിച്ചതെന്നും മാന്യമായി മറുപടി നല്‍കിയെന്നും സുധാകരന് പറഞ്ഞു. ്
വന്യമൃഗശല്യം തടയാൻ നടപടിയെടുക്കാതെ വനംവകുപ്പ്; പ്രതിരോധത്തിനു വെട്ടുകത്തിയും കുറുവടിയും
നിലന്പൂർ: വന്യമൃഗ ആക്രമണം തടയാൻ നടപടി എടുക്കാതെ വനം വകുപ്പ്. വന്യമൃഗങ്ങളെ നേരിടാൻ വനപാലകർക്കുള്ളത് കുറുവടിയും വെട്ടുകത്തിയും.
മലപ്പുറം ജില്ലയുടെ മലയോര മേഖലകളിൽ വന്യമ്യഗങ്ങൾ ആളുകളെ കൊല്ലുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്പോൾ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണു വനംവകുപ്പ്.
ജില്ലയിൽ വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ നിലന്പൂരിലും അമരന്പലത്തുമായി വനം ആർആർടിയുടെ ഓരോ ഓഫീസുകൾ ഉണ്ടെങ്കിലും നിലന്പൂർ സൗത്ത് ഡിവിഷന് കീഴിൽ അമരന്പലത്തെ ആർആർടിക്കു സ്വന്തമായി ഡെപ്യൂട്ടി റേഞ്ചർ പോലുമില്ല.
ചക്കിക്കുഴി വനംസ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ചർ അഭിലാഷിനാണ് അധിക ചുമതല. റോഡ് വികസനത്തിനും സർക്കാർ ഓഫീസുകളുടെ നവീകരണങ്ങൾക്കും മറ്റുമായി സർക്കാർ കോടികൾ ചെലവഴിക്കുന്പോഴാണ് മനുഷ്യന്റെ ജീവനും കൃഷിയും നശിപ്പിക്കുന്ന വന്യമൃഗങ്ങളെ ഉൾവനങ്ങളിലേക്ക് കയറ്റി അയയ്ക്കാനും വനത്തിനുള്ളിൽ ഭക്ഷണം ഒരുക്കാനും വനം വകുപ്പ് ആവശ്യമായ ഫണ്ട് നീക്കിവയ്ക്കാത്തത്.
കാട്ടാനകൾ, കടുവ, പുലി, കരടി, കാട്ടുപോത്തുകൾ എന്നിവയെ നേരിടാൻ ആർആർടി ജീവനക്കാർക്കുള്ളത് റബർ ബുള്ളറ്റ് ഉപയോഗിക്കാവുന്ന തോക്കുകളും വടിയും കത്തിയും മാത്രം.
പലപ്പോഴും വന്യമൃഗങ്ങളെ തുരത്താൻ എത്തുന്ന വനപാലകർ ഓടി രക്ഷപ്പെടേണ്ട അവസ്ഥയാണ്. വനംവകുപ്പ് കണക്കുകൾ മറച്ചു വയ്ക്കുന്പോഴും ജില്ലയുടെ വനമേഖലകളിൽ വന്യമൃഗങ്ങളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്.
വനംവകുപ്പ് കോടികൾ ചെലവഴിച്ച് സ്ഥാപിക്കുന്ന സോളാർ വൈദ്യുത തൂക്കുവേലികൾ ഉൾപ്പെടെ കാട്ടാനകൾ നശിപ്പിക്കുകയാണ്. വനാതിർത്തികളിലും പുഴയോരങ്ങളിലും കരിങ്കൽഭിത്തികൾ നിർമിക്കുകയും വലിയ കിടങ്ങുകൾ സ്ഥാപിക്കുകയും ചെയ്താൽ ഒരു പരിധി വരെ വന്യമൃഗ ശല്യം പരിഹരിക്കാനാകും.
സർക്കാർ വന്യമൃഗശല്യം തടയാൻ ബജറ്റിൽ വലിയ തുക മാറ്റിവയ്ക്കുകയാണാവശ്യം. കാടിനുള്ളിലല്ല, കാടിന് പുറത്താണ് വന്യമൃഗങ്ങൾ മനുഷ്യരുടെ ജീവൻ കവരുന്നതും കൃഷി നശിപ്പിക്കുന്നതും.
എംഎൽഎമാർ, ത്രിതല പഞ്ചായത്ത് ഭരണ സമിതികൾ എന്നിവരും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കേണ്ടതുണ്ട്. ദുരന്തങ്ങൾ ഉണ്ടാകുന്പോൾ ഓടിയെത്തുന്നതിന് പകരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനാണ് അധികൃതർ നടപടി സീകരിക്കേണ്ടത്.
ജനവാസ കേന്ദ്രങ്ങളിൽ കടുവയുടെയും പുലിയുടെയും സാന്നിധ്യം
ഷിബു എടക്കര
എടക്കര: കാട്ടാനകൾക്കും കാട്ടുപന്നികൾക്കും പുറമേ ജനവാസ കേന്ദ്രങ്ങളിൽ കടുവയുടെയും പുലിയുടെയും സാന്നിധ്യം മലപ്പുറത്തിന്റെ മലയോര ജനതയുടെ ഉറക്കം കെടുത്തുന്നു.
കഴിഞ്ഞ ദിവസം എടക്കര പഞ്ചായത്തിലെ കരുനെച്ചി മണക്കാട് റോഡിൽവച്ച് പോത്തുകൽ സ്വദേശികളായ ഓട്ടോ യാത്രക്കാർ റോഡിനു കുറുകെ ഓടുന്ന പുലിയെ കണ്ടിരുന്നു. തികച്ചും ജനവാസ കേന്ദ്രമായ മണക്കാട് ഭാഗത്ത് പുലിയെ കണ്ടത് ജനങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. രണ്ടു കിലോമീറ്റർ അകലെയുളള കരിയംമുരിയം വനത്തിൽനിന്നാകാം പുലിയിറങ്ങിയതെന്നാണ് നാട്ടുകാർ കരുതുന്നത്.
പോത്തുകൽ, എടക്കര, വഴിക്കടവ്, മൂത്തേടം, ചുങ്കത്തറ എന്നീ ഗ്രാമപഞ്ചായത്തുകളിൽ കാട്ടാന, കാട്ടുപന്നി, മാൻ, മലാൻ, മയിൽ തുടങ്ങിയ വന്യജിവികളുടെ ശല്യംമൂലം ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ജനങ്ങൾ. ജനവാസ കേന്ദ്രങ്ങളിലെ കൃഷിയിടങ്ങളിലിറങ്ങുന്ന ഇവ വ്യാപകമായ തോതിലാണ് കാർഷിക വിളകൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
വഴിക്കടവ് പഞ്ചായത്തിലെ മരുത വനയോര മേഖലകളിൽ മാത്രമാണ് കടുവയുടെ സാന്നിധ്യം വനം വകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ മരുത കൊക്കോ എസ്റ്റേറ്റിലേക്കുള്ള വനപാതയിൽ രണ്ട് കാട്ടാനകൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
എന്നാൽ ഇക്കാര്യം തുറന്നു പറയാൻ വനം വകുപ്പ് അധികതർ തയാറാകുന്നില്ലെന്നതാണ് വസ്തുത. പോത്തുകൽ ഭൂദാനം പ്രദേശങ്ങളിലും വഴിക്കടവ് മാമാങ്കര, നറുക്കുംപൊട്ടി, കന്പളക്കല്ല്, ആനമറി, മൂത്തേടം പാലാങ്കരയടക്കമുള്ള വനാതിർത്തി പ്രദേശങ്ങളിലും പുലികളുടെ സ്ഥിര സാന്നിധ്യം നിലവിലുണ്ട്.
പുലർച്ചെ ടാപ്പിംഗിനു പോകുന്ന തൊഴിലാളികൾ, മസ്ജിദുകളിൽ നമസ്കാരത്തിനു പോകുന്നവർ തുടങ്ങിയവരാണ് വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്ക് ഇരകളാകുന്നത്.
ടെറൻസ് ഡിൽസണ്‍
പൂക്കോട്ടുംപാടം: കാളികാവ് കല്ലാമൂലയിൽ യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തിയിൽ. അമരന്പലം ഗ്രാമപഞ്ചായത്തിലെ അതിർത്തി ഗ്രാമങ്ങളായ പാട്ടക്കരിന്പ്, ടികെ ഉന്നതി ചുള്ളിയോട്, കവളമുക്കട്ട തുടങ്ങിയ ഭാഗങ്ങളിലുള്ള ജനങ്ങളാണ് ഭീതിയിൽ കഴിയുന്നത്.
യുവാവിനെ ആക്രമിച്ച കടുവയെ പിടികൂടാത്തതും മേൽപ്രദേശങ്ങളിലേക്കു വന പ്രദേശങ്ങളിൽനിന്ന് അപകടകാരിയായ കടുവ എത്താനുള്ള സാധ്യതയുമാണ് ഭീതിക്ക് കാരണം.
അതേസമയം പ്രദേശത്ത് അടുത്തിടവരെ കരടിശല്യം രൂക്ഷമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച യുവാവ് കരടിയെ കണ്ടതിനെത്തുടർന്ന് അപകടത്തിൽപ്പെട്ടിരുന്നു.
രണ്ടുവർഷം മുന്‍പേ കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റ മധ്യവയസ്കൻ ദീർഘകാലമാണ് ആശുപത്രിയിൽ കഴിഞ്ഞത്. മേഖലയിൽ പുലി ശല്യവും രൂക്ഷമായിരുന്നു. തേനീച്ചകർഷകർ ഉൾപ്പെടെ കരടിശല്യം മൂലം കൃഷി ഒഴിവാക്കേണ്ട സ്ഥിതിയിലെത്തിയിരുന്നു.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്കു പരിക്ക്
സുൽത്താൻ ബത്തേരി: ജോലി കഴിഞ്ഞു ഭർത്താവിനോടൊപ്പം പോകുകയായിരുന്ന വീട്ടമ്മയ്ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു. ഇരുളം പാന്പ്ര ഓർക്കടവ് പുനത്തിൽ വീട്ടിൽ വിശ്വനാഥന്റെ ഭാര്യ പ്രേമകുമാരി (54) ക്കാണു പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം നാലോടെ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ചെതലയം റേഞ്ചിലെ പാന്പ്ര എസ്റ്റേറ്റ് വഴിയിൽ വച്ചായിരുന്നു സംഭവം. കഴുത്തിനു പരിക്കേറ്റ വീട്ടമ്മയെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
കാപ്പി കവാത്തുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്തു വരുന്ന വിശ്വനാഥനും ഭാര്യയും ഇന്നലെ പുൽപ്പള്ളിയിലെ ജോലി കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്നു. ഏതാനും ദൂരം മുന്നിൽ സഞ്ചരിച്ച പ്രേമകുമാരിയെ കാപ്പിത്തോട്ടത്തിൽനിന്ന് ഓടിയെത്തിയ പോത്ത് തട്ടിയിടുകയായിരുന്നു.
ഭർത്താവ് ഒച്ചയുണ്ടാക്കിയതോടെ കാട്ടുപോത്ത് തോട്ടത്തിലേക്ക് കടന്നു. ഉടൻ തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന ആളുകളുടെ സഹായത്തോടെ ബത്തേരിയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വനം വകുപ്പിന്റേത് ഗുരുതര വീഴ്ച; എ.പി. അനിൽകുമാർ എംഎൽഎ
കാളികാവ്: അടക്കാക്കുണ്ടിൽ റബർ ടാപ്പിംഗിനു പോയ അബ്ദുൾ ഗഫൂറിനെ കടവു കടിച്ചുകൊന്ന സംഭവം അതിദാരുണമാണെന്ന് സ്ഥലം എംഎൽഎ എ.പി. അനിൽകുമാർ.
രാവിലെ ടാപ്പിംഗ് നടത്തുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത് ഏറെ വേദനയുണ്ടാക്കുന്നു. നാട് മുഴുവൻ അതിയായ പ്രയാസത്തോടെയാണ് ഈ വാർത്ത കേട്ടത്.
രണ്ട് മാസക്കാലം മുന്‍പ് തന്നെ ഈ പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം ഉള്ളതായി സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ എത്രയും വേഗം കടുവയെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നിയമസഭയിൽ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നിർഭാഗ്യമെന്നു പറയട്ടെ അത്തരം നടപടികളൊന്നും ഉണ്ടായില്ല. ഇന്ന് കടുവ ഒരു ജീവനെടുക്കുന്ന അവസ്ഥയുണ്ടായി. ഒരു കുടുംബം അനാഥമായി. മൂന്നു കുട്ടികളാണു ഗഫൂറിനുള്ളത്.
വനംവകുപ്പുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതമായ വീഴ്ചയാണ് ഒരു ജീവൻ നഷ്ടപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചത്. ഗഫൂറിന്റെ കുടുംബത്തിന് മതിയായ സംരക്ഷണം നൽകേണ്ട ഉത്തവാദിത്വം സർക്കാരിനുണ്ട്.
എത്രയും പെട്ടെന്ന് അതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് അനിൽകുമാർ എംഎൽഎ പറഞ്ഞു.
നിലന്പൂർ: നരഭോജി കടുവയെ പിടികൂടാൻ രണ്ട് കുങ്കിയാനകൾ ഉൾപ്പെടെ 25 അംഗ സംഘമെത്തി. കടുവയെ പിടികൂടുകയാണു പ്രധാനലക്ഷ്യമെന്നു നിലന്പൂർ സൗത്ത് ഡിഎഫ്ഒ ജി. ധനിക്ലാൽ പറഞ്ഞു.
കാളികാവിൽ മനുഷ്യജീവനെടുത്ത കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ രണ്ട് കുങ്കിയാനകൾ അടക്കമുള്ള സംഘമാണ് അടക്കാക്കുണ്ട് പാറശേരിയിലെത്തിയത്. വയനാട്ടിൽനിന്നും പാലക്കാട്ടുനിന്നുമുള്ള വെറ്ററിനറി ഡോക്ടർമാരടക്കമുള്ള വിദഗ്ധ സംഘവും ഇന്നലെ രാത്രിയോടെ കരുവാരക്കുണ്ടിലെത്തി.
കടുവയെ പിടുകൂടാൻ സാധ്യമായ വഴികളെല്ലാം നോക്കുമെന്ന് ഡിഎഫ്ഒ പറഞ്ഞു. ഡോ. അരുണ്‍ സഖറിയയും വെറ്ററിനറി ഡോ. അജേഷ് മോഹൻദാസ്, ഡോ. എസ്. ശ്യാം എന്നിവരും സംഘത്തിലുണ്ട്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് കുങ്കിയാനകളെത്തിയത്.
കടുവയുടെ ആക്രമണത്തിൽ മരിച്ച ഗഫൂറിന്റെ ആശ്രിതർക്ക് 10 ലക്ഷം രൂപ വനം വകുപ്പ് സഹായം പ്രഖ്യാപിച്ചു. ഇതിൽ അഞ്ചുലക്ഷം രൂപ ഇന്ന് ഗഫൂറിന്റെ കുടുംബത്തിന് നൽകും. ഗഫൂറിന്റെ ഭാര്യക്ക് അടിയന്തരമായി വനം വകുപ്പിൽ താത്കാലികമായി ജോലി നൽകും. ജോലി സ്ഥിരപ്പെടുത്തുന്ന കാര്യം ഉടൻ പരിഗണിക്കുമെന്നും ഡിഎഫ്ഒ വിശദീകരിച്ചു.
മുപ്പതോളം കാമറകൾ കടുവയെ കണ്ട സ്ഥലത്തിന്റെ ചുറ്റുപാടുകളിലായി സ്ഥാപിക്കും. കടുവയുടെ സാന്നിധ്യം തിറിച്ചറിയാനാണിത്. ഇതിനു പുറമേയാണ് പരിശീലനം നേടിയ കുങ്കിയാനകളെ ഉപയോഗിച്ച് പട്രോളിംഗ് നടത്തുക.
ഇതിനായി പരിശീലനം നേടിയ ആർആർടി അംഗങ്ങളെയാണ് ചുമതലപ്പെടുത്തുക. നിലവിൽ വനം വകുപ്പിന്റെ 50 ജീവനക്കാർ സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് 25 അംഗ വിദഗ്ധ സംഘംകൂടിയെത്തിയത്.
കടുവയുടെ കാൽപ്പാടുകൾ കണ്ടതിനാൽ ഗഫൂറിനെ ആക്രമിച്ചത് കടുവ തന്നെയാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. ഗഫൂറിനെ കടിച്ച് വലിച്ച് 200 മീറ്ററോളം ദൂരത്തേക്ക് കൊണ്ടുപോയിട്ടുണ്ട്.
സൈലന്റ്വാലിയുടെ ഒന്നര കിലോമീറ്റർ ബഫർസോണ്‍ പരിധിയിലാണ് സംഭവം നടന്നത്. രണ്ട് മാസം മുന്‍പ് പാന്ത്ര തരിശ് ഭാഗത്ത് കണ്ടതും ഇതേ കടുവ തന്നെയാണെന്നാണ് നിഗമനം.
വന്യമൃഗ ആക്രമണങ്ങളിൽ മലപ്പുറത്ത് കൊല്ലപ്പെട്ടത് 48 പേർ
തോമസ്കുട്ടി ചാലിയാർ
നിലന്പൂർ: മലപ്പുറത്തിന്റെ മലയോര മേഖലകളിൽ വന്യമൃഗങ്ങളുടെ കൊലവിളിയിൽ പൊലിഞ്ഞത് ഒരു വനപാലകൻ ഉൾപ്പെടെ 48 പേർ. പാന്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ ജില്ലയിൽ മരിച്ചത് 11 പേർ.
ഇന്നലെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൾ ഗഫൂറാണ് അവസാന ഇര. കഴിഞ്ഞ 20 വർഷത്തിനിടയിലാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്. ഇതിൽ 11 മരണം കഴിഞ്ഞ മൂന്നു വർഷത്തിനിടയിലാണ്.
നിലന്പൂർ നോർത്ത്, സൗത്ത് ഡിവിഷൻ പരിധികളിലായാണു കാട്ടാനകൾ, കാട്ടുപന്നികൾ, കടുവ, കാട്ടുപോത്ത് എന്നീ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇത്രയും പേർ കൊല്ലപ്പെട്ടത്. ഇതിൽ വാനപാലകനായിരുന്ന കെ. സുധീറും ഉള്‍പ്പെടുന്നു.
പോത്തുകൽ വനമേഖലയിലെ പുഷ്കരൻപൊട്ടിയിൽ വച്ച് കാട്ടാന ആക്രമണത്തിലാണ് ഇദ്ദേഹം മരണപ്പെട്ടത്. കരുളായി വനമേഖലയിലെ മാഞ്ചീരി ആദിവാസി നഗറിലെ മൂപ്പൻ, പാണപുഴ മാതൻ, മാഞ്ചിരി നഗറിലെ മണി, ചാലിയാർ പഞ്ചായത്തിലെ പാലക്കയം നഗറിലെ സഹോദരങ്ങളായ സുനിൽ, ബാലകൃഷ്ണൻ, അകന്പാടം സ്വദേശി ആമിന, കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച അകന്പാടത്തെ ഉപ്പൂടൻ അബൂട്ടി, മന്പാട് ഓടായ്ക്കൽ കണക്കൻ കടവിൽ പരശുരാംകുന്നത്ത് ആസ്യ, ഓടായ്ക്കൽ പാലക്കടവ് സ്വദേശിയും ടാപ്പിംഗ് തൊഴിലാളിയുമായിരുന്ന ചേർപ്പുകല്ലിൽ രാജൻ, പോത്തുകല്ല് ചെന്പൻകൊല്ലിയിലെ പാലക്കാട്ട് തോട്ടത്തിൽ ജോസ്, തമിഴ്നാട് സ്വദേശിനി ബിന്ദു, കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട കരുവാരക്കുണ്ട് സ്വദേശി ഷാജി, മൂത്തേടം ഉച്ചകുളം നഗറിലെ സരോജിനി, വഴിക്കടവ് സ്വദേശി ഖദീജ, വഴിക്കടവ് പുഞ്ചക്കൊല്ലി നഗറിലെ പോക്കർ, ബൊമ്മൻ, വഴിക്കടവ് പൂവത്തിപൊയിൽ സ്വദേശികളായ ഉണ്ണീൻ, ഞണ്ടുകണ്ണി സിദ്ദീഖ്, മന്പാട് ഓടായ്ക്കൽ പൈക്കാടൻ അസ്മാബി തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.
പോത്തുകൽ ഫോറസ്റ്റ് അറ്റാച്ചഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ കോഴിക്കോട് ആർആർടി ടീമിലെ സംഗീത് ഉൾപ്പെടെ 200 ലേറെ പേരാണ് വന്യമൃഗ ആക്രമങ്ങളിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്.
കരുളായി വനമേഖലയിൽ മാവോയിസ്റ്റ് വേട്ടയ്ക്കു പോയ തണ്ടർബോൾട്ട് അംഗം ബഷീറിനും കാട്ടാന ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മനുഷ്യ ജീവനുകൾ പൊലിയുന്പോഴും നഷ്ടപരിഹാരം കൈമാറുന്നതല്ലാതെ വനം വകുപ്പ് ശാശ്വതമായ ഒരു നടപടിയും സീകരിക്കുന്നില്ല.
വന്യമൃഗങ്ങളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണിക്കണം: കെഎഫ്പിഎസ്എ
നിലന്പൂർ: വനത്തിലെ വന്യമൃഗങ്ങളുടെ എണ്ണം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിഷേഷൻ (കെഎഫ്പിഎസ്എ) മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കടുവയുടെ ആക്രമണത്തിൽ കാളികാവ് ഭാഗത്ത് ഒരാൾ മരിച്ച സാഹചര്യത്തിലാണ് അസോസിയേഷൻ ഇക്കാര്യം ആവശ്യപ്പെട്ടത്.
അബ്ദുൾ ഗഫൂർ എന്ന ടാപ്പിംഗ് തൊഴിലാളി കടുവയുടെ ആക്രമണത്തിൽ മരണപ്പെട്ടത് ദൗർഭാഗ്യകരമാണ്. ദുരന്തം നടന്ന ഉടൻ വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തുകയും മറ്റു നടപടികൾ സ്വീകരിച്ചിട്ടുള്ളതുമാണ്. വന്യജീവി ആക്രമണം സവിശേഷ ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വനം, പോലീസ്, റവന്യു, തദ്ദേശ വകുപ്പുകൾ എന്നിവ യോജിച്ച് പ്രവർത്തിച്ചാലേ സംഘർഷം കുറച്ചുകൊണ്ടുവരാൻ കഴിയൂ.
വനമേഖലയോടു ചേർന്നു കിടക്കുന്ന സ്വകാര്യതോട്ടങ്ങൾ കാടുപിടിച്ചു കിടന്ന് വന്യജീവികളുടെ ആവാസസ്ഥലമായി മാറുന്ന സാഹചര്യമുണ്ട്. ഈ തോട്ടങ്ങളിലെ കാടുകൾ വെട്ടി വൃത്തിയാക്കേണ്ടതുണ്ട്.
ദുരന്തബാധിതർക്ക് അടിയന്തരമായി സാന്പത്തിക സഹായങ്ങൾ ലഭ്യമാക്കണം. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി സംസ്ഥാന സർക്കാർ പുതിയതായി രൂപീകരിച്ച ദ്രുത പ്രതികരണ ടീമിൽ (ആർആർടി) മതിയായ സ്റ്റാഫുകളെ നിയമിക്കുകയും അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും നൽകണം.
20 ആർആർടികളിൽ 20 ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരെ അപ്ഗ്രേഡ് ചെയ്തു നിയമിക്കാനുള്ള സർക്കാർ ഉത്തരവ് ധനവകുപ്പിന്റെ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്.
നിലവിലുള്ള സാഹചര്യം നിയമാനുസൃതമായി ജോലി നോക്കുന്ന വനം വകുപ്പ് ജീവനക്കാർക്ക് നേരേ കൈയേറ്റം നടത്താനുള്ള അവസരമായി ചിലർ ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ട്. ആയത് എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്നും കെഎഫ്പിഎസ്എ പ്രസതാവനയിൽ വ്യക്തമാക്കി.
വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് 351.48 കോടിയുടെ ഭരണാനുമതി
തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്കു മന്ത്രിസഭായോഗം ഭരണാനുമതി നൽകി. ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കൽപ്പറ്റ എൽസ്റ്റോണ്‍ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിക്കാണ് 351.48 കോടി രൂപയുടെ ഭരണാനുമതി നൽകിയത്.
കിഫ്കോണ്‍ സാങ്കേതിക അനുമതി നൽകണമെന്ന നിബന്ധനയോടെയാണു ഭരണാനുമതി നൽകിയത്.പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള ചെലവ് ഉൾപ്പെടെയാണിത്.
402 കുടുംബങ്ങളെയാണു പുനരധിവസിപ്പിക്കേണ്ടത്. ഒരു കുടുംബത്തിന് ഏഴു സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണു നിർമിച്ചു നൽകുന്നത്. വീട് നിർമാണത്തിന് സ്പോണ്‍സർമാരുണ്ട്. ടൗണ്‍ഷിപ്പിലേക്കുള്ള റോഡ്, പാലം, വൈദ്യുതി, കുടിവെള്ളം, ആരോഗ്യ കേന്ദ്രം, വിദ്യാലയം, മാർക്കറ്റ്, കമ്യൂണിറ്റി ഹാൾ അടക്കമുള്ളവയുടെ നിർമാണത്തിനാണിത്.
അതേസമയം, എൽസ്റ്റോണ്‍ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതിയുടെ ഏപ്രിൽ 11ലെ ഉത്തരവു പ്രകാരം വയനാട് ജില്ലാ കളക്ടറുടെ സിഎംഡിആർഎഫ് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് 17 കോടി രൂപ നിക്ഷേപിച്ച ജില്ലാ കളക്ടറുടെ നടപടി മന്ത്രിസഭ സാധൂകരിച്ചു.
ദുരന്തബാധിതരുടെ വീടുകൾക്കു വാടക നൽകുന്നില്ലെന്ന പരാതിയെ തുടർന്ന് മേയ് 12ന് വയനാട് ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 17 കോടി രൂപ അനുവദിച്ച സർക്കാർ നടപടിയും മന്ത്രിസഭ സാധൂകരിച്ചു.
വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്, സ്പെഷൽ ഓഫീസറും, ഇപിസി കോണ്‍ട്രാക്ടറും തമ്മിൽ കരാർ ഒപ്പുവയ്ക്കുന്ന മുറയ്ക്ക്, കോണ്‍ട്രാക്ടർക്ക് (യുഎൽസിസിഎസ്) മുൻകൂർ തുക അനുവദിക്കുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 20 കോടി രൂപ വയനാട് ടൗണ്‍ഷിപ്പ് സ്പെഷൽ ഓഫീസർക്ക് അനുവദിക്കാനും തീരുമാനിച്ചു.
ബിഎസ്സി നഴ്സിംഗ്: ഏകപക്ഷീയ നിലപാടിനെതിരേ മാനേജ്മെന്റുകൾ
തോമസ് വർഗീസ്
തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സിംഗ് കോളജുകളിലെ ബിഎസ്സി നഴ്സിംഗ് പ്രവേശനത്തിൽ ഏകപക്ഷീയമായി സർക്കാർ നിലപാട് സ്വീകരിച്ചതിനു പിന്നാലെ ശക്തമായ പ്രതിഷേധവുമായി മാനേജ്മെന്റുകൾ രംഗത്തു വന്നതോടെ അടിയന്തര യോഗം വിളിച്ച് ആരോഗ്യ വകുപ്പ്.
മാനേജ്മെന്റുകളുമായി ചർച്ച നടത്താതെ പ്രവേശന നടപടികൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതിനു പിന്നാലെ 50 ശതമാനം സീറ്റു വിട്ടുകൊടുക്കില്ലെന്ന നിലപാടിലേക്കു സംസ്ഥാനത്തെ സ്വകാര്യ നഴ്സിംഗ് കോളജ് മാനേജ്മെന്റുകൾ രംഗത്തു വന്നു. ഇതിനു പിന്നാലെയാണ് ഇന്ന് അടിയന്തര യോഗം നടത്താൻ സർക്കാർ തീരുമാനിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞാണു യോഗ തീരുമാനം മാനേജ്മെന്റ് പ്രതിനിധികളെ അറിയിച്ചത്. തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉച്ചകഴിഞ്ഞ് രണ്ടിനാണു യോഗം. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടത്തണമെന്ന ആവശ്യമായിരുന്നു മാനേജ്മെന്റുകൾ മുന്നോട്ടുവച്ചത്. മുൻ വർഷങ്ങളിൽ പ്രവേശന നടപടികൾക്കു മുന്‍പായി മാനേജ്മെന്റുകളുമായി സർക്കാർ തലത്തിൽ ചർച്ച നടത്തുമായിരുന്നു.
എന്നാൽ ഇക്കുറി അത്തരത്തിലൊരു ചർച്ചയുണ്ടായില്ല. മാനേജ്മെന്റുകളുമായി ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് ദ മാനേജ്മെന്റ് ഓഫ് ക്രിസ്ത്യൻ സെൽഫ് ഫിനാൻസിംഗ് നഴ്സിംഗ് കോളജ് ഓഫ് കേരള കഴിഞ്ഞ ഫെബ്രുവരിയിൽ ആരോഗ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. സ്വകാര്യ മാനേജ്മെന്റ് അസോസിയേഷൻ ഏപ്രിലിലും ഇതേ ആവശ്യമുന്നയിച്ച് സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ നടപടികൾ ഒന്നുമുണ്ടായില്ല.
മുൻ വർഷങ്ങളിലേപ്പോലെ പ്രവേശന നടപടി ആരംഭിക്കുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ മാത്രം ചർച്ചയ്ക്ക് വിളിക്കുന്നത് ഒഴിവാക്കി പരമാവധി നേരത്തേ മാനേജ്മെന്റുകളുമായി ചർച്ച നടത്തണമെന്ന് ഇത്തവണ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, ഇത്തവണയും ഏറെ വൈകിയാണ് ചർച്ചയ്ക്കു വിളിച്ചിരിക്കുന്നത്.
50 ശതമാനം സീറ്റിൽ സർക്കാരിന് പ്രവേശനം നടത്താനുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമാകേണ്ടതുണ്ട്. മുൻ വർഷങ്ങളിൽ നടത്തിയ ചർച്ചയിൽ സർക്കാർ നല്കിയ പല ഉറപ്പുകളും ഇതേവരെ പാലിക്കപ്പെട്ടിട്ടില്ലെന്ന പരാതിയും വിവിധ മാനേജ്മെന്റുകൾ മുന്നോട്ടുവയ്ക്കുന്നു.
കോളജുകളുടെ അഫിലിയേഷൻ പുതുക്കാനായി കേരള നഴ്സിംഗ് കൗണ്‍സിലും ആരോഗ്യ സർവകലാശാലയും കോളജുകളിൽ നടത്തേണ്ട പരിശോധന ഇതേ വരെ ആരംഭിച്ചിട്ടില്ല. ഇതു വൈകുന്നത് പ്രവേശന നടപടികളെ പ്രതികൂലമായി ബാധിക്കും. സംസ്ഥാനത്തു ആകെയുള്ള പതിനായിരത്തോളം നഴ്സിംഗ് സീറ്റുകളിൽ ബഹുഭൂരിപക്ഷവും സ്വകാര്യ നഴ്സിംഗ് കോളജുകളിലാണ്.
ഐഎൻസി പ്രവേശന ഷെഡ്യൂൾ പ്രകാരം സാധാരണ സെപ്റ്റംബറിൽ പ്രവേശന നടപടികൾ പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കേണ്ടതാണ്.
സംസ്ഥാന സര്‍ക്കാരിന് ഫണ്ടില്ല ; കേരളത്തിലെ 55 മേല്‍പ്പാലങ്ങളുടെ നിര്‍മാണച്ചെലവ് റെയില്‍വേ വഹിക്കും
കൊല്ലം: സംസ്ഥാന സര്‍ക്കാരിന് പണം ഇല്ലെന്ന് അറിയിച്ചതോടെ കേരളത്തിലെ 55 മേൽപ്പാലങ്ങള്‍ സ്വന്തം ചെലവില്‍ നിര്‍മിക്കാൻ റെയില്‍വേ തീരുമാനം.
മുന്‍ധാരണ പ്രകാരം മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിന് റെയില്‍വേയും സംസ്ഥാന സര്‍ക്കാരും 50 ശതമാനം തുക വീതമായിരുന്നു വഹിച്ചിരുന്നത്. എന്നാല്‍, നിര്‍മാണച്ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയാത്ത സാഹചര്യമാണെന്ന് റെയില്‍വേയെ അറിയിച്ചു.
തുടര്‍ന്ന് മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിന്റെ മുഴുവന്‍ ചെലവും വഹിക്കാന്‍ റെയില്‍വേ മുന്നോട്ടുവരികയായിരുന്നു. ചെലവ് പങ്കിടാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയാത്തത് കാരണമാണ് 55 റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മാണം വൈകുന്നതെന്നും ദക്ഷിണ റെയില്‍വേ ചൂണ്ടിക്കാട്ടി.
ലെവൽക്രോസുകള്‍ ഒഴിവാക്കി സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വേ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിന് അനുമതി നല്‍കിയത്. ഇത്തരത്തില്‍ സംസ്ഥാനത്ത് 126 മേൽപ്പാലങ്ങള്‍ നിര്‍മിക്കാനായിരുന്നു തീരുമാനിച്ചത്.
ഇതിനായി സംസ്ഥാന സര്‍ക്കാരും റെയില്‍വേയും നിര്‍മാണ ചെലവ് തുല്യമായി പങ്കിടുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. കൂടാതെ സ്ഥലം ഏറ്റെടുത്തു നൽകുന്നതിനുള്ള ബാധ്യതയും സംസ്ഥാന സര്‍ക്കാരിനാണ്.
കേരള റെയിൽ ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡി (കെആര്‍ഡിസിഎല്‍)നാണ് സംസ്ഥാനത്തെ മേൽപ്പാലങ്ങളുടെ നിര്‍മാണചുമതല. ഇതില്‍ 18 എണ്ണത്തിന്റെ മാത്രമേ ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തീകരിച്ച് നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങാന്‍ കഴിഞ്ഞിട്ടുള്ളൂ. ഈ പാലങ്ങള്‍ റെയില്‍വേയുടെ 100 ശതമാനം ധനസഹായത്തോടെ ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിന് കെആര്‍ഡിസിഎല്ലിന് റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
18 പാലങ്ങളുടെ ഭൂമി ഏറ്റെടുക്കലിന് മാത്രമായി 95 കോടി രൂപയാണ് റെയില്‍വേ ചെലവഴിച്ചത്. ബാക്കി 37 പാലങ്ങളുടെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. ഇത് കൂടാതെ അനുമതി ലഭിച്ച 65 മേല്‍പ്പാലങ്ങള്‍ കൂടിയുണ്ട്. സ്ഥലമേറ്റെടുക്കല്‍ വൈകുന്നതും തുക അനുവദിക്കുന്നതിലുള്ള കാലതാമസവുമാണ് ഇവയുടെ നിര്‍മാണത്തിന് തടസമാകുന്നത്.
പാതിവില തട്ടിപ്പുകേസ്: ആനന്ദകുമാറിന് ജാമ്യം
മൂവാറ്റുപുഴ: പാതിവിലയ്ക്ക് ഇരുചക്രവാഹനങ്ങളും ലാപ്ടോപ്പും വാഗ്ദാനം ചെയ്തു വഞ്ചിച്ച കേസിൽ പ്രതി ആനന്ദകുമാറിന് ജാമ്യം. മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്.
നാഷണൽ എൻജിഒ കോണ്‍ഫെഡറേഷൻ ചെയർമാനും സായിഗ്രാമം ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എൻ. ആനന്ദകുമാറിനെതിരേ മുപ്പതോളം കേസുകളുണ്ട്. എന്നാൽ ബാക്കി കേസുകളിൽ ജാമ്യമില്ലാത്തതിനാൽ ജയിലിൽ തുടരും.
കണ്ണൂർ ടൗണ്‍ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആനന്ദകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളിയതിനു പിന്നാലെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് ശാസ്തമംഗലത്തെ വീട്ടിലെത്തി ആനന്ദകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പാതിവില തട്ടിപ്പുകേസിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളാണ് കെ.എൻ. ആനന്ദകുമാർ. നാഷണൽ എൻജിഒ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ പാതിവില തട്ടിപ്പിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലുള്ളവരും കുടുങ്ങിയിട്ടുണ്ട്. എണ്ണായിരത്തിലേറെ പേരുടെ പരാതികളുണ്ട്.
പത്തുവയസുകാരനെ പൊള്ളലേൽപ്പിച്ച അമ്മയ്ക്കെതിരേ കേസ്
ബേക്കൽ: പത്തുവയസുകാരന്റെ വയറ്റത്ത് തിളയ്ക്കുന്ന ചായപ്പാത്രം വച്ച് പൊള്ളിച്ചതിന് അമ്മയ്ക്കെതിരേ കേസ്. പള്ളിക്കര കീക്കാനം സ്വദേശിയായ കുട്ടി അച്ഛനൊപ്പം പോലീസ് സ്റ്റേഷനിലെത്തി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയ്ക്കെതിരേ കേസെടുത്തത്.
കുട്ടിയുടെ അമ്മ ഒരാഴ്ച മുമ്പ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ടും ബേക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയെയും ആൺസുഹൃത്തിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ മാസം 28ന് വൈകുന്നേരം അഞ്ചോടെയായിരുന്നു കുട്ടിയെ പൊള്ളിച്ച സംഭവം നടന്നതെന്ന് കുട്ടിയുടെ മൊഴിയിൽ പറയുന്നു. ചായ കുടിക്കുന്നതിനിടെ യുവതി ആൺസുഹൃത്തുമായി ഫോണിൽ സംസാരിക്കുകയും വീഡിയോ കോൾ ചെയ്യുകയുമായിരുന്നു.
കുട്ടി ഇതിനെ തടയാൻ ശ്രമിക്കുകയും അച്ഛനോടു പറയുമെന്നു പറയുകയും ചെയ്തതിനെത്തുടർന്നാണ് കുട്ടിയെ മർദിക്കുകയും ചായപ്പാത്രം കൊണ്ട് പൊള്ളിക്കുകയും ചെയ്തത്. ഇക്കാര്യം ആരോടും പറയരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
ദിവസങ്ങൾക്കകം യുവതി കുടുംബത്തെ ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയതോടെയാണു കുട്ടി അച്ഛനോടു വിവരം പറഞ്ഞത്. പൊള്ളലേറ്റതിന്റെ പാടുകളും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു. സ്കൂളിലെ സഹപാഠിയായിരുന്ന കള്ളാർ സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി പോയതെന്നാണു കുട്ടിയുടെ അച്ഛൻ നല്കിയ പരാതിയിൽ പറയുന്നത്.
സാന്പത്തിക തട്ടിപ്പ്: കെഎസ്ഇബി മുൻ ലൈൻമാന് മൂന്നുവർഷം തടവ്
മൂവാറ്റുപുഴ: സാന്പത്തിക തട്ടിപ്പ് കേസിൽ കെഎസ്ഇബി മുൻ ലൈൻമാന് മൂന്നു വർഷം തടവും 15,000 രൂപ പിഴയും വിധിച്ച് കോടതി.
ഇടുക്കി കൊന്നത്തടി പഞ്ചായത്തിൽ 2005-2006ൽ നടപ്പാക്കിയ കുടിവെള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കിയതിൽ കൃത്രിമം കാണിച്ച എം.പി. ജോസഫിനെയാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി എൻ.വി. രാജു ശിക്ഷിച്ചത്.
യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം; സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു
നെടുമ്പാശേരി: യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സിഐഎസ്എഫ് എസ്ഐ വിനയകുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍കുമാര്‍ എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതായി എയര്‍പോര്‍ട്ട് സൗത്ത് സോണ്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ആര്. പൊന്നി അറിയിച്ചു.
ഇതുസംബന്ധിച്ച് സിയാല്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സിഐഎസ്എഫ് തലത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു. പോലീസും വിശദമായ അന്വേഷണം നടത്തിവരികയാണ്.
സംഭവത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നെടുമ്പാശേരി പോലീസ് അന്വേഷണം ആരംഭിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചിരുന്നോയെന്നും സംശയമുണ്ട്. യുവാവും ഉദ്യോഗസ്ഥരും തമ്മില്‍ മുന്‍ പരിചയമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ഐവിന്റെ ഫോണില്‍ തര്‍ക്കം സംബന്ധിച്ച തെളിവുകളുണ്ടെന്നാണു വിവരം. ഇതുസംബന്ധിച്ച നിര്‍ണായക രേഖകള്‍ പോലീസ് ശേഖരിച്ചുവരികയാണ്.
മരണകാരണം തലയ്ക്കേറ്റ പരിക്ക്
കൊച്ചി: ഐവിന്റെ മരണകാരണം തലയ്ക്കേറ്റ പരിക്കെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്കേറ്റ പരിക്കും ശരീരത്തില്‍നിന്നു രക്തം വാര്‍ന്നുപോയതുമാണ് മരണകാരണമെന്നാണ് പ്രഥമിക കണ്ടെത്തല്‍. തല മതിലിലോ മറ്റോ ഇടിച്ചതായും സംശയമുണ്ട്. ശരീരത്തില്‍ മറ്റു പരിക്കുകള്‍ ഉണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
നടന്നത് അതിക്രൂര കൊലപാതകം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചി: നെടുമ്പാശേരിയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വാഹനം യുവാവിനെ ഇടിച്ചുതെറിപ്പിക്കുകയും കാറിന്റെ ബോണറ്റില്‍ ഒരു കിലോമീറ്ററോളം വലിച്ചുകൊണ്ടു പോകുകയും ചെയ്തു.
നെടുമ്പാശേരി നായത്തോട് ഭാഗത്തു സിഐഎസ്എഫുകാരടക്കം ഒട്ടേറെപ്പേർ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തുവച്ചായിരുന്നു പ്രതികളും ഐവിനും തമ്മില്‍ തര്‍ക്കമുണ്ടായത്. കാറുകള്‍ തമ്മില്‍ ഉരസിയതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. കാര്‍ ഇങ്ങനെയാണോ ഓവര്‍ടേക്ക് ചെയ്യുന്നതെന്ന് ഐവിന് ചോദിക്കുന്നതും ഇങ്ങനെയാണെന്ന് സിഐഎസ്എഫുകാര്‍ മറുപടി പറയുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. താന്‍ പോലീസിനെ വിളിക്കാമെന്ന് ഐവിന് പറയുന്നതും കേള്‍ക്കാം. ഇംഗ്ലീഷിലാണു സംസാരം.
കുറച്ചുസമയത്തെ തര്‍ക്കത്തിനുശേഷം സിഐഎസ്എഫുകാര്‍ കാര്‍ സമീപത്തെ ഒരു വീടിന്റെ മുന്നിലേക്ക് കയറ്റി തിരിച്ചുപോകാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ കാര്യങ്ങള്‍ക്കു തീരുമാനമുണ്ടാക്കാതെ പോകാന്‍ പറ്റില്ലെന്നു വ്യക്തമാക്കി ഐവിന് ഇവരുടെ കാറിന്റെ മുന്നില്‍ കയറി നിന്ന് ഫോണില്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി.
ഇതോടെ സിഐഎസ്എഫുകാര്‍ ഐവിനെ ഇടിച്ചുതെറിപ്പിച്ച് ബോണറ്റിലേക്കിട്ട് അതിവേഗത്തില്‍ ഓടിച്ചുപോകുകയാണു ചെയ്തത്. അപകടത്തിനുമുമ്പ് പ്രതികള്‍ ഐവിന്റെ മുഖത്ത് മര്‍ദിച്ചു. മര്‍ദനത്തില്‍ മൂക്കിന്റെ പാലം തകര്‍ന്നു. ശരീരത്തില്‍ പലയിടത്തും മര്‍ദനമേറ്റ പാടുകളുമുണ്ട്.
‘‘കൊന്നുകളയാൻ മാത്രം എന്തു തെറ്റാ എന്റെ മോന് ചെയ്തത്’’
കൊച്ചി: “കൊന്നുകളയാൻ മാത്രം എന്തു തെറ്റാ എന്റെ മോന് ചെയ്തത്, അവനെ കൊല്ലണ്ടായിരുന്നു, ഒരു പാവം കൊച്ചാ, വെറുതെ വിട്ടൂടായിരുന്നോ”. മകന്റെ ദാരുണമായ അന്ത്യത്തിൽ നിയന്ത്രണംവിട്ടു കരഞ്ഞുകൊണ്ട് ഐവിന്റെ അമ്മ റോസ് മേരിയുടെ നൊന്പരവാക്കുകളാണിത്. മകന് ഒരു വഴക്കിനും പോകാത്തയാളാണ്. ഒരാള്‍ കൂട്ടില്ലാതെ പുറത്തേക്കുപോലും ഇറങ്ങാത്ത അവനെ എന്തിനു കൊലപ്പെടുത്തിയെന്ന് ഇപ്പോഴും അറിയില്ല.
അവനെ കൊല്ലുമെന്ന് ഒരിക്കലും ഞങ്ങള്‍ പ്രതീക്ഷിച്ചില്ല. വാക്കുതര്‍ക്കം ഉണ്ടായെന്നു കേട്ടപ്പോള്‍ അടിപിടിയില്‍ എന്തെങ്കിലും പരിക്കുണ്ടാകുമെന്നല്ലാതെ കൊന്നു ബോണറ്റില്‍ കയറ്റിയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ആ അമ്മ വേദനയോടെ പറഞ്ഞു.
വീടും ജോലിചെയ്യുന്ന സ്ഥലവുമല്ലാതെ വേറെ ഒരു കൂട്ടും അവനില്ല. ഒരു വഴക്കിനും പോകാറില്ല. കള്ളുകുടിയോ കഞ്ചാവോ ഒന്നുമില്ലാത്ത കൊച്ചാണ്. എല്ലാവരോടും സ്നേഹമാണ്. നീ ഇങ്ങനെ പാവമാകല്ലടാ.. ആളുകള്‍ കബളിപ്പിക്കുമെന്നാണ് ഞങ്ങള്‍ അവനോട് പറയാറുണ്ടായിരുന്നത്. ആ കൊച്ചിനെയാണ് കൊന്നിരിക്കുന്നേ... ഡ്യൂട്ടി രാത്രിയിലായതിനാല്‍ നായ്ശല്യം ഭയന്നാണ് ബൈക്ക് ഒഴിവാക്കി കാറില്‍ പോയിരുന്നത്. -റോസ് മേരി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വയലാർ രവിയെ സന്ദർശിച്ചു
കാക്കനാട്: കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി കൊച്ചിയിലെത്തിയ സണ്ണി ജോസഫ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വയലാർ രവിയെ വീട്ടിലെത്തി സന്ദർശിച്ചു.
ഇന്നലെ രാവിലെ 11. 30 ഓടെ പടമുകൾ പാപ്പാളി റോഡിൽ എസ്എഫ്എസ് വില്ലയിലെത്തിയാണ് സണ്ണി ജോസഫ്, വയലാർ രവിയെ കണ്ടത്.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എംഎൽഎമാരായ റോജി എം.ജോൺ, മാത്യു കുഴൽനാടൻ, തൃക്കാക്കര നഗരസഭാധ്യക്ഷ രാധാമണിപ്പിള്ള, അജയ് തറയിൽ, ദീപ്തി മേരി വർഗീസ് തുടങ്ങിയവരും സണ്ണി ജോസഫിനൊപ്പം ഉണ്ടായിരുന്നു.
ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഉന്നതതല സമിതി രൂപവത്കരിച്ച് ഉത്തരവിറക്കി
തിരുവനന്തപുരം: ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ ഉന്നതതല സമിതി രൂപവത്കരിച്ച് ഉത്തരവിറക്കി. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ അധ്യക്ഷയായ സമിതിയെയാണ് സർക്കാർ നിയോഗിച്ചത്.
ആശമാരുടെ ഓണറേറിയം, സേവന കാലാവധി എന്നിവയടക്കം പഠിച്ച് സമിതി സർക്കാരിനു മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകും.
ഒരു വിഭാഗം ആശാ വർക്കർമാർ സമരം ചെയ്യുന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഏപ്രിൽ മൂന്നിന് ചേർന്ന യോഗത്തിൽ ആശാ വർക്കർമാരുടെ ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കമ്മിറ്റി രൂപവത്കരിച്ചതെന്ന് ഉത്തരവിൽ പറയുന്നു.
യുദ്ധഭീതി വിവരിച്ച് അഫ്സാന
പയ്യന്നൂര്‍: ജമ്മു-കാഷ്മീര്‍ കേന്ദ്ര സര്‍വകാലാശാലയിലെ വിദ്യാര്‍ഥിനിയും പെരിങ്ങോത്തെ അധ്യാപികയും എഴുത്തുകാരിയുമായ ഡോ.എം.എ. മുംതാസിന്റെ മകളുമായ കെ.അഫ്സാനയുടെ കാതിൽ വെടിയൊച്ചകളും ഡ്രോണുകളുടെ മൂളലും ഇപ്പോഴും മുഴങ്ങുന്നു.
ഇന്ത്യാ-പാക് അതിര്‍ത്തിക്കു സമീപത്തെ സാംബ ജില്ലയിലെ വിജയ്പുരില്‍നിന്ന് യുദ്ധഭീതിയില്‍ രക്ഷപ്പെടാനുള്ള വെമ്പലോടെ നാട്ടില്‍ എത്തിച്ചേര്‍ന്ന അഫ്സാന തന്റെ അനുഭവങ്ങള്‍ ദീപികയോട് പങ്കുവയ്ക്കുകയായിരുന്നു.
സാംബ ജില്ലയിലെ വിജയ്പുരില്‍ മലയാളികളായ നാലു വിദ്യാര്‍ഥികള്‍ക്കൊപ്പം വീടെടുത്ത് താമസിച്ച് പഠിച്ചുവരികയായിരുന്നു ഇന്റഗ്രേറ്റഡ് ബോട്ടണി നാലാം വര്‍ഷ വിദ്യാര്‍ഥിനിയായ അഫ്സാന. ഇവിടെ അന്‍പതിലേറെ മലയാളി വിദ്യാർഥികളാണുള്ളത്. പരീക്ഷയ്ക്കുള്ള തയാറെടുപ്പിനിടെയാണു യുദ്ധകാഹളമുണ്ടായത്.
അതിർത്തിക്ക് അടുത്തുള്ള വീട്ടുകാരെ ഒഴിപ്പിച്ചിരുന്നു. ഏഴിനു വൈകുന്നേരം പോലീസിന്റെ അനൗണ്‍സ്മെന്റുണ്ടായി. റോഡുകളില്‍നിന്നു വാഹനങ്ങള്‍ മാറ്റിയിടണമെന്നും കടകളടയ്ക്കണമെന്നും കടന്നുപോകുന്ന പട്ടാളവാഹനങ്ങളുടെ ദൃശ്യങ്ങൾ മൊബൈലിലോ മറ്റ് സംവിധാനങ്ങളിലോ പകർത്തരുതെന്നുമായിരുന്നു അറിയിപ്പ്.
ഇതോടെ കടകളിലും വൻ തിരക്കായി.
സംഘർഷമുണ്ടായാൽ കടകൾ പോലും തുറക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നു നാട്ടുകാർക്ക് അറിയാമായിരുന്നു. അതിനാൽത്തന്നെ ബിസ്കറ്റ് പോലുള്ള, പെട്ടെന്ന് കേടാകാത്ത ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചു വയ്ക്കുകയായിരുന്നു എല്ലാവരും.
ഒരുമാസത്തേക്കുള്ള സാധനങ്ങള്‍ ഞാനും വാങ്ങിവച്ചു. മറ്റു മലയാളികള്‍ക്കും വിവരം നല്‍കിയതോടെ അവരും ഭക്ഷണസാധനങ്ങള്‍ ശേഖരിച്ചു. സന്ധ്യയായപ്പോള്‍ മുന്നറിയിപ്പ് മറികടന്ന് വീടുകളില്‍ പ്രകാശിച്ചുകൊണ്ടിരുന്ന ലൈറ്റുകള്‍ പോലീസെത്തി ഓഫ് ചെയ്യിക്കുകയും കടകൾ അടപ്പിക്കുകയും ചെയ്തു.
തൊട്ടുപിന്നാലെ പാറ്റൺ ടാങ്കുകള്‍ കയറ്റിയ ഇരുപത്തഞ്ചോളം വലിയ ലോറികള്‍ വീടിനു സമീപത്തെ റോഡിലൂടെ കടന്നുപോയി. ചുറ്റുപാടുമുള്ള മുഖങ്ങളില്‍ ഭയമായിരുന്നു.
എട്ടിന് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. രാത്രിയിലെ ഇരുട്ടില്‍ അന്യോന്യം മുഖംപോലും കാണാതെ ഭീതിയോടെ തള്ളിനീക്കിയ നിമിഷങ്ങളായിരുന്നു അത്. പുലര്‍ച്ചെ ഒന്നുമുതല്‍ ഇടതടവില്ലാത്ത മുഴങ്ങിയ വെടിയൊച്ചകൾ എങ്ങും ഭീതിയും ആശങ്കയും പരത്തി.
രാത്രി മുഴുവന്‍ തുടരുന്ന വെടിയൊച്ചകളും സൈറണുകളും ഉറക്കമില്ലാതാക്കി. അതോടൊപ്പം നിരകളായി മൂളലോടെ തലയ്ക്കു മുകളിൽ ഡ്രോണുകളും പ്രത്യക്ഷപ്പെട്ടതോടെ എങ്ങനെയെങ്കിലും നാട്ടിലേക്ക് രക്ഷപ്പെട്ടാല്‍ മതിയെന്ന ചിന്തയായിരുന്നു. എന്നാല്‍ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ മടിച്ചു.
സ്ഫോടനങ്ങളും പട്ടാള വാഹനങ്ങളുടെ കുതിക്കലും യുദ്ധഭീതിയിലാക്കിയ വിറങ്ങലിച്ച രാത്രിക്കു ശേഷം നേരം പുലര്‍ന്നതോടെ മടിച്ചുനിന്നിരുന്നവരും നാട്ടിലേക്കു പോകാന്‍ തീരുമാനിക്കുകയായിരുന്നു.
വിവരമറിഞ്ഞ പി. സന്തോഷ്കുമാര്‍ എംപിയും കെ.സി. വേണുഗോപാല്‍ എംപിയും ടി.ഐ. മധുസൂദനന് എംഎല്‍എയും ആവശ്യമായ ഇടപെടല്‍ നടത്തിയതോടെയാണു നാട്ടിലെത്താമെന്ന പ്രതീക്ഷ നാമ്പിട്ടത്.
ജമ്മുവിലേക്ക് രാത്രി ബസില്‍ പോകാനായിരുന്നു തീരുമാനം. എന്നാല്‍ സാംബയില്‍ പ്രശ്നങ്ങള്‍ നടക്കുന്നതും രാത്രി ലൈറ്റിട്ട് വാഹനമോടുന്നതും അപകടമാണെന്ന് മനസിലാക്കിയതോടെ ഡല്‍ഹിയിലേക്കാണ് ബസ് കയറിയത്.
ഡല്‍ഹിയിലെത്തിയപ്പോഴാണ് അല്പമെങ്കിലും ആശ്വാസമായത്. അവിടെ ഞങ്ങളെ ആശ്വസിപ്പിക്കാന്‍ രാഷ്ട്രീയ നേതാക്കളുണ്ടായിരുന്നു. ഇവിടെനിന്നുള്ള സ്പെഷല്‍ ട്രെയിനിലായിരുന്നു നാട്ടിലേക്കുള്ള യാത്ര.
ചൊവ്വാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിയിട്ടും ഉള്ളിലെ ഭീതിയടങ്ങിയില്ല. യുദ്ധഭീഷണിയില്ലാതായ വാർത്ത വലിയ ആശ്വാസമാണ് നല്‍കിയത്. ഈ മാസം 26നാണ് പരീക്ഷ. അപ്പോഴേക്കും അവിടെ തിരിച്ചെത്തണം. ഇനി മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകരുതേ എന്നാണ് പ്രാർഥന.
ഇതിനിടെയാണ് പയ്യന്നൂരിലെ അഖിലേന്ത്യാ വോളി വേദിയിലേക്ക് എംഎല്‍എ ടി.ഐ. മധുസൂദനന് അതിഥിയായി ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ചെത്തിയ അഫ്സാന യുദ്ധഭീതിയോടു വിടപറഞ്ഞ് കളിയാരവങ്ങളിലലിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സമ്മര്‍ദം നിറഞ്ഞ അന്തരീക്ഷത്തില്‍നിന്നുള്ള മോചനമാണ് തനിക്കു ലഭിച്ചതെന്ന് അഫ്സാന പറഞ്ഞു.
കുട്ടികളുടെ കൃഷ്ണമണിയിലെ വെളുത്ത തിളക്കം നേത്രകാൻസറിന്റെ ലക്ഷണമാകാമെന്ന് ഡോക്ടർമാർ
തലശേരി: അഞ്ചു വയസിനു താഴെയുള്ള കുട്ടികളുടെ കണ്ണിലെ കൃഷ്ണമണിയിലെ വെളുത്ത തിളക്കം നേത്രകാൻസറിന്റെ ലക്ഷണമാകാമെന്ന് മലബാർ കാൻസർ സെന്ററിലെ പീഡിയാട്രിക് കാൻസർ വിദഗ്ധർ.
ഇക്കഴിഞ്ഞ 11 മുതൽ 17 വരെ റെറ്റിനോബ്ലാസ്റ്റോമ അവബോധ വാരാചരണം നടത്തുന്നതിന്റെ ഭാഗമായാണ്, കുട്ടികളുടെ ജീവന് ഭീഷണിയാകുന്ന കണ്ണിലെ കാൻസറിനെക്കുറിച്ച് ഡോക്ടർമാർ മുന്നറിയിപ്പ് പങ്കുവച്ചത്.
നേരത്തേ കണ്ടെത്തിയാൽ ചികിത്സിച്ചു ഭേദമാക്കാൻ പറ്റുന്ന ശിശുരോഗ കാൻസറുകളിൽ ഒന്നാണിത്. വൈകിയുള്ള രോഗനിർണയം കാഴ്ചയും കണ്ണും നഷ്ടപ്പെടുത്തും. മറ്റു ഭാഗങ്ങളിലേക്കു കാൻസർ പടരാനും മരണത്തിനും ഇടയാക്കും.
‘റെറ്റിനോബ്ലാസ്റ്റോമ’യുടെ ആദ്യ ലക്ഷണങ്ങളിൽ ഒന്നിനെയാണ് ‘ല്യൂക്കോകോറിയ’ അഥവാ കൃഷ്ണമണിയിലെ വെളുത്ത തിളക്കം അല്ലെങ്കിൽ പ്രതിഫലനം എന്ന് വിശേഷിപ്പിക്കുന്നതെന്ന് നേത്ര കാൻസർ സ്പെഷലിസ്റ്റ് ഡോ. പി.എം. ഫൈറൂസ് പറഞ്ഞു. സാധാരണ, കണ്ണിന്റെ കൃഷ്ണമണിയിൽ ലൈറ്റ് അടിച്ചാൽ ചുവന്ന പ്രതിഫലനമാണു കാണുക.
പക്ഷേ ഇത്തരം കുട്ടികളുടെ കണ്ണിൽ വെളിച്ചം തെളിയുമ്പോൾ കണ്ണിന്റെ മധ്യവൃത്തത്തിൽ വെളുത്ത നിറം കണ്ടേക്കാം. വെളുത്ത റിഫ്ലെക്സ് കാണുകയാണെങ്കിൽ അടിയന്തരമായി കണ്ണ് പരിശോധന നടത്തണം. കോങ്കണ്ണ്, കാഴ്ചക്കുറവ്, കണ്ണിൽ ചുവപ്പ് അല്ലെങ്കിൽ വീക്കം, കണ്ണ് വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.
മറ്റ് കാൻസറുകളിൽനിന്ന് വ്യത്യസ്തമായി റെറ്റിനോബ്ലാസ്റ്റോമ നേരിട്ട് കാണാനും ചികിത്സയോടുള്ള പ്രതികരണം നിരീക്ഷിക്കാനും കഴിയും. രോഗ നിർണയത്തിനു ബയോപ്സി ടെസ്റ്റിന്റെ ആവശ്യമില്ല.
ആവശ്യമെങ്കിൽ എംആർഐ, അൾട്രാസൗണ്ട് പോലുള്ള അധിക ടെസ്റ്റുകൾ നടത്തും. ഏത് കണ്ണിനെയാണ് ട്യൂമർ ബാധിച്ചിട്ടുള്ളത്, ട്യൂമറിന്റെ വലുപ്പം, ബാധിച്ചിട്ടുള്ള സ്ഥാനം, കണ്ണിന് പുറത്തേക്ക് ബാധിച്ചിട്ടുണ്ടോ എന്നിവ പരിശോധനയിൽ മനസിലാക്കാനാകും. നേരത്തേ യുള്ള രോഗനിർണയവും ചികിത്സയും രോഗം പൂർണമായും മാറ്റാൻ സാഹായിക്കുമെന്ന് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ.ടി.കെ. ജിതിൻ പറഞ്ഞു.
സിസ്റ്റമിക് കീമോതെറാപ്പി അല്ലെങ്കിൽ ഇൻട്ര-ആർട്ടീരിയൽ കീമോതെറാപ്പി ഉപയോഗിച്ച് ട്യൂമർ ചുരുക്കാനും ശസ്ത്രക്രിയ ഒഴിവാക്കാനും കണ്ണിനെയും കുട്ടിയെയും രക്ഷിക്കാനും കഴിയുമെന്ന് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ. ഗോപകുമാറും വ്യക്തമാക്കി.
40 ശതമാനം റെറ്റിനോബ്ലാസ്റ്റോമ കേസുകളും പാരമ്പര്യമായി ഉണ്ടാകുന്നതാണ്. അതുകൊണ്ട് ജനിതക പരിശോധനയും കൗൺസിലിംഗും വളരെ പ്രധാനമാണ്. രോഗവാഹകരെ തിരിച്ചറിയാനും ചികിത്സ ആസൂത്രണം ചെയ്യാനും ബാധിച്ച കുട്ടിയെ മാത്രമല്ല, സഹോദരങ്ങളെയും ഭാവി തലമുറകളെയും നിരീക്ഷിക്കാനും ഇതു സഹായിക്കുമെന്ന് ഒക്കുലാർ ഓങ്കോളജി വിഭാഗം അസി. പ്രഫസർ ഡോ. ഹൃദ്യ പറഞ്ഞു.
മലബാർ കാൻസർ സെന്ററിൽ റെറ്റിനോബ്ലാസ്റ്റോമയ്ക്കുള്ള ചികിത്സ ലഭ്യമാണ്. ഒരു വർഷത്തിനിടെ നൂറിലേറെ അനസ്തേഷ്യയിലുള്ള പരിശോധനകളും ആവശ്യമുള്ളവർക്ക് ചികിത്സയും നൽകിക്കഴിഞ്ഞു.
ട്യൂമർ കാരണം കണ്ണ് നീക്കം ചെയ്യാൻ നിർദേശിക്കപ്പെട്ട പല കുട്ടികൾക്കും പ്ലാക്ക് ബ്രാക്കിതെറാപ്പി ഉപയോഗിച്ച് രോഗം ചികിത്സിക്കാനും കണ്ണ് സംരക്ഷിക്കാനും സാധിച്ചതായും ഡോക്ടർമാർ വ്യക്തമാക്കി.
വെറ്ററിനറി ജൂണിയര്‍ റെസിഡന്റ് നിയമനം: ഇതരസംസ്ഥാനങ്ങളില്‍ പഠിച്ചവരെയും പരിഗണിക്കും
കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പിലെ ജൂണിയര്‍ റെസിഡന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള വെറ്ററിനറി ബിരുദധാരികളുടെ നിയമനച്ചുമതല സംസ്ഥാന വെറ്ററിനറി കൗണ്‍സിലിന്.
അഖിലേന്ത്യാ പ്രവേശന പരീക്ഷ വഴി ഇതര സംസ്ഥാനങ്ങളിലും ദേശീയതല വെറ്ററിനറി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിച്ച കേരളീയരായ രജിസ്റ്റേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.
മുമ്പ് ഈ നിയമനങ്ങള്‍ മൃഗസംരക്ഷണ വകുപ്പും വെറ്ററിനറി സര്‍വകലാശാലയും ചേര്‍ന്നാണു നടത്തിയിരുന്നത്.
എന്നാല്‍ ഇത് ഇതര സംസ്ഥാനങ്ങളില്‍നിന്നു വെറ്ററിനറി ബിരുദം നേടിയ കേരളീയരായ ഉദ്യോഗാർഥികള്‍ക്ക് അവസരം നിഷേധിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.