പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണം ; ബഹുകക്ഷി സംഘം വിദേശത്തേക്ക്
ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂറി’ലും ഇന്ത്യ-പാക് അതിർത്തി സംഘർഷത്തിലും വിശദീകരണം നൽകാനും പാക്കിസ്ഥാൻ അതിർത്തി കടന്ന് ഇന്ത്യയിൽ നടത്തുന്ന തീവ്രവാദപ്രവർത്തനങ്ങളെക്കുറിച്ചു ബോധ്യപ്പെടുത്താനും ബഹുകക്ഷി പ്രതിനിധികളുടെ സംഘത്തെ വിദേശരാജ്യങ്ങളിലേക്ക് അയയ്ക്കുന്നു.
വിവിധ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലേക്ക് പ്രതിപക്ഷ പാർട്ടികളിൽനിന്നടക്കമുള്ള എംപിമാരുടെയും രാഷ്ട്രീയനേതാക്കളുടെയും നയതന്ത്രജ്ഞരുടെയും സംഘത്തെയാണ് അയയ്ക്കുക.
ഈമാസം 22 മുതൽ പത്തു ദിവസത്തേക്കാണ് എംപിമാർ സംഘങ്ങളായി തിരിഞ്ഞു വിവിധ രാജ്യങ്ങൾ സന്ദർശിക്കുക. ഓരോ സംഘത്തിലും ഏഴു മുതൽ എട്ടു വരെ എംപിമാരുണ്ടാകും. സന്ദർശനം കേന്ദ്ര പാർലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു ഏകോപിപ്പിക്കും.
കോൺഗ്രസിൽനിന്ന് നാല് എംപിമാർ സംഘത്തിലുണ്ടാകും. യുഎസിലേക്കുള്ള സംഘത്തെ ശശി തരൂർ നയിക്കും. ശശി തരൂരിനെക്കൂടാതെ കോൺഗ്രസിൽനിന്ന് മനീഷ് തിവാരി, സൽമാൻ ഖുർഷിദ്, അമർ സിംഗ് എന്നിവരുമുണ്ടാകും.
തെക്ക്, തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള എംപിമാരുടെ സംഘത്തെ നയിക്കുക മുൻ വിദേശകാര്യ മന്ത്രിയായ സൽമാൻ ഖുർഷിദ് ആണ്. യൂറോപ്പിലേക്കോ മിഡിൽ ഈസ്റ്റിലേക്കോ ഉള്ള സംഘത്തെ മനീഷ് തിവാരി നയിക്കും. കേരളത്തിൽനിന്ന് ശശി തരൂരിനു പുറമെ, ഇ.ടി. മുഹമ്മദ് ബഷീർ, ജോൺ ബ്രിട്ടാസ് എന്നിവരും സംഘാംഗങ്ങളാണ്.
മുൻ കേന്ദ്രമന്ത്രിയും ജമ്മു കാഷ്മീർ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദ്, എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി, സിപിഎം എംപി ജോൺ ബ്രിട്ടാസ്, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) രാജ്യസഭാംഗം പ്രിയങ്ക ചതുർവേദി തുടങ്ങിയവരും പ്രതിനിധിസംഘാംഗങ്ങളാണ്. ബിജെപി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, എൻസിപി(എസ്പി), ജെഡി-യു, ബിജെഡി, ശിവസേന(യുബിടി), സിപിഎം, എഐഎംഐഎം എന്നീ പാർട്ടികളുടെ പ്രതിനിധികളും സംഘത്തിലുണ്ടാകും.
പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് പട്ടിക തയാറാക്കിയത്. തീവ്രവാദത്തിനെതിരേയുള്ള ഇന്ത്യയുടെ ശക്തമായ നിലപാട് ലോകരാജ്യങ്ങളെ ധരിപ്പിക്കുവാനും ലോകത്തിനുമുന്നിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുവാനും നയതന്ത്രനീക്കംകൊണ്ടു സാധിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ.
പ്രതിനിധിസംഘത്തിൽ കോൺഗ്രസ് എംപിമാരും ഉണ്ടാകുമെന്നു സ്ഥിരീകരിച്ച എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്, ഓപ്പറേഷൻ സിന്ദൂറിനെ ബിജെപി രാഷ്ട്രീയലാഭത്തിനായി ദുരുപയോഗം ചെയ്യുകയാണെന്നും വിമർശിച്ചു.
1994ലും 2008ലും
അതിർത്തി കടന്നുള്ള തീവ്രവാദം തുറന്നുകാട്ടുവാനും കാഷ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് അറിയിക്കുവാനും കേന്ദ്രം ഇതിനുമുന്‍പും വിവിധ പാർട്ടികളിൽനിന്നുള്ള പ്രതിനിധിസംഘത്തെ വിദേശരാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട്.
1994ൽ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു പ്രതിപക്ഷ നേതാവായിരുന്ന അടൽ ബിഹാരി വാജ്പേയി, ഫറൂഖ് അബ്ദുള്ള, സൽമാൻ ഖുർഷിദ്, യുഎന്നിന്റെ ഇന്ത്യൻ അംബാസഡർ ഹമീദ് അൻസാരി തുടങ്ങിയവരടങ്ങിയ സംഘത്തെ ജനീവയിൽ നടന്ന യുഎൻ സമ്മേളനത്തിലേക്ക് അയച്ചിട്ടുണ്ട്.
കാഷ്മീർ വിഷയം യുഎന്നിൽ ഉയർത്തിക്കാട്ടാനും വിഷയത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പാക്കിസ്ഥാന്റെ പ്രമേയം പരാജയപ്പെടുത്താനുമായിരുന്നു ഇത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാന്റെ ഭീകരബന്ധം തുറന്നു കാട്ടുവാൻ മൻമോഹൻ സർക്കാരും വിവിധ രാജ്യങ്ങളിലേക്കു ബഹുകക്ഷി പ്രതിനിധികളെ അയച്ചിരുന്നു.
അന്താരാഷ്ട്ര പിന്തുണ നേടിയെടുക്കുന്നതിന് പ്രതിനിധിസംഘത്തെ അയയ്ക്കുന്നതിൽ പിന്തുണ നൽകിയിട്ടുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന സർവകക്ഷി യോഗത്തിനും പാർലമെന്റിൽ പ്രത്യേക സമ്മേളനം കൂടുന്നതിലും കേന്ദ്രസർക്കാർ സമ്മതം അറിയിക്കാത്തതിനെ കോണ്‍ഗ്രസ് വിമർശിച്ചിട്ടുണ്ട്.
ബിജെപി ഓപ്പറേഷൻ സിന്ദൂറിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും എന്നാൽ ഞങ്ങൾക്ക് രാജ്യമാണ് ആദ്യം വരുന്നതെന്നും ജയ്റാം രമേശ് പ്രതികരിച്ചു.
‘ഓപ്പറേഷൻ സിന്ദൂർ’ ട്രെയ്ലർ മാത്രം: രാജ്നാഥ് സിംഗ്
ന്യൂഡൽഹി: തീവ്രവാദികൾക്കെതിരേ ഇന്ത്യ ആരംഭിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ അവസാനിച്ചിട്ടില്ലെന്നും ഇപ്പോൾ നടന്നത് വെറും ട്രെയ്ലർ മാത്രമാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
ശരിയായ സമയത്ത് മുഴുവൻ സിനിമയും ലോകത്തിന് മുന്നിൽ ഇന്ത്യ പ്രദർശിപ്പിക്കുമെന്ന് ഗുജറാത്തിലെ ഭുജ് രുദ്രമാതാ വ്യോമസേനാകേന്ദ്രം സന്ദർശിച്ച് സൈനികരെ അഭിവാദ്യം ചെയ്തുകൊണ്ട് പ്രതിരോധമന്ത്രി വ്യക്തമാക്കി. പാക്കിസ്ഥാന്റെ പെരുമാറ്റം ഇന്ത്യ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാനത്തിന്റെ പേരിൽ ഇന്ത്യ ഹൃദയം തുറക്കാൻ തയാറായപ്പോൾ അതു തകർക്കാൻ ശ്രമിച്ചവർക്ക് രാജ്യം ശക്തമായ മറുപടി നൽകി. പാക്കിസ്ഥാന്റെ ഏതൊരു കോണിലും എത്താൻ ഇന്ത്യക്കു സാധിക്കുമെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു.
ഇന്ത്യൻ സൈന്യം പാക്കിസ്ഥാൻ മണ്ണിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങൾ തകർത്തത് എങ്ങനെയാണെന്ന് ലോകം കണ്ടുവെന്നും പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകികൊണ്ട് രാജ്നാഥ് സിംഗ് വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണം അടക്കം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനപരമായ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിരോധമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ശ്രീനഗറിലെ സൈനികകേന്ദ്രം സന്ദർശിച്ച ശേഷമായിരുന്നു ഭുജിലെ വ്യോമ താവളത്തിലേക്ക് രാജ്നാഥ് സിംഗ് എത്തിയത്.
പാക്കിസ്ഥാനെതിരേ ഇന്ത്യ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ചുവെന്ന സൂചനയും രാജ്നാഥ് സിംഗ് ഇന്നലെ നൽകി. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിന്റെ ശക്തിക്ക് മുന്നിൽ പാക്കിസ്ഥാൻ തലകുനിച്ചുവെന്നാണ് അദ്ദേഹം സൈനികരെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞത്.
നേരത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബ്രഹ്മോസ് മിസൈലിന്റെ ചൂട് പാക്കിസ്ഥാൻ അനുഭവിച്ചുവെന്ന് പറഞ്ഞിരുന്നു. എന്നാൽ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സൈന്യം നടത്തിയ വാർത്താസമ്മേളനത്തിൽ ഒന്നുംതന്നെ ഇന്ത്യ പ്രയോഗിച്ച ആയുധങ്ങളുടെ വിവരം വ്യക്തമാക്കിയിരുന്നില്ല.
തക്കതായ മറുപടി പാക്കിസ്ഥാനു നൽകി എന്നു മാത്രമാണ് സൈന്യം വ്യക്തമാക്കിയത്. അതേസമയം ഇന്ത്യ ബ്രഹ്മോസ് മിസൈൽ പ്രയോഗിച്ചതായി പാക്കിസ്ഥാൻ പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഐഎംഎഫ് ധനസഹായം പുനഃപരിശോധിക്കണം
പാക്കിസ്ഥാനുള്ള ധനസഹായം അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) പുനഃപരിശോധിക്കണമെന്ന് രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകുന്നതിന് പാക്കിസ്ഥാൻ ഈ ഫണ്ട് ഉപയോഗിക്കും.
പാക്കിസ്ഥാനു സാന്പത്തിക സഹായം നൽകരുതെന്ന് ഇന്ത്യ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാൻ ഇന്ത്യൻ അതിർത്തികളിൽ ഡ്രോണ്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് ഐഎംഎഫ് പാക്കിസ്ഥാന് ഒരു ബില്യണ്‍ അമേരിക്കൻ ഡോളർ വായ്പയായി അനുവദിച്ചത്.
നീറ്റ് -യുജി ഫലത്തിനു താത്കാലിക സ്റ്റേ
ഇൻഡോർ: മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ് -യുജി ഫലപ്രഖ്യാപനം മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് താത്കാലികമായി തടഞ്ഞു.
പരീക്ഷാഹാളിൽ വൈദ്യുതി തടസപ്പെട്ടതിനാൽ മികച്ച പ്രകടന നടത്താൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി ഒരു വിദ്യാർഥിനി നൽകിയ ഹർജിയിലാണു നടപടി.
പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, മധ്യപ്രദേശ് വൈദ്യുതി വിതരണ വകുപ്പ് തുടങ്ങിയവർ നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ നാലിനു നടന്ന പരീക്ഷയ്ക്കിടെ ഇൻഡോറിലെ പലയിടങ്ങളിലും വൈദ്യുതി തടസപ്പെട്ടിരുന്നു. ജൂൺ 14ന് പരീക്ഷാഫലം വരുമെന്ന് പ്രതീക്ഷിക്കുന്നതിനിടെയാണ് കേസ് വീണ്ടും പരിഗണിക്കുന്നതുവരെ പരീക്ഷാഫലം തടഞ്ഞിരിക്കുന്നത്. ഈ തീരുമാനം 21 ലക്ഷം വിദ്യാർഥികളെ ബാധിച്ചേക്കും. അടുത്തമാസം 30നു കേസ് വീണ്ടും പരിഗണിക്കുമെന്നാണ് സൂചന.
മധ്യപ്രദേശ് മന്ത്രിക്കു പിന്നാലെ സൈന്യത്തെ അപമാനിച്ച് ഉപമുഖ്യമന്ത്രിയും
ജബൽപുർ/ഇൻഡോർ: ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്നുള്ള മോദി സ്തുതിക്കിടെ സൈന്യത്തെ അപമാനിച്ച് മധ്യപ്രദേശ് മന്ത്രിക്കു പിന്നാലെ ഉപമുഖ്യമന്ത്രിയും.
രാജ്യത്തെ സേനയും സൈനികരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല്ക്കീഴില് വണങ്ങി നില്‍ക്കുന്നവരാണെന്നാണ് ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ജഗദീഷ് ദേവ്ഡ പറഞ്ഞത്.
സായുധസേനകളെ അപമാനിക്കുന്ന പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ് രംഗത്തുവന്നതോടെ നിലപാടിൽ മാറ്റംവരുത്തുകയാണെന്ന് ജഗദീഷ് ദേവ്ഡ പറഞ്ഞെങ്കിലും പ്രതിഷേധം ശക്തമായി തുടരുകയാണ്.
തന്റെ വാക്കുകൾ പ്രതിപക്ഷം വളച്ചൊടിച്ചെന്നും ഓപ്പറേഷൻ സിന്ദുറിന്റെ വിജയത്തെത്തുടർന്ന് രാജ്യത്തെ ജനങ്ങൾ സൈന്യത്തിന്റെ കാൽക്കീഴിൽ വീണുവെന്നാണ് ഉദ്ദേശിച്ചതെന്നുമാണ് ഉപമുഖ്യമന്ത്രിയുടെ പുതിയ ന്യായീകരണം.
മധ്യപ്രദേശ് ധനമന്ത്രികൂടിയായ ജഗദീഷ് ദേവ്ഡ ജബൽപുരിൽ സിവിൽ ഡിഫൻസ് സന്നദ്ധപ്രവർത്തകരെ അഭിസംബോധന ചെയ്യുന്പോഴാണ് വിവാദ പരാമർശം നടത്തിയത്. “പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു നാം നന്ദി പറയേണ്ടതുണ്ട്. രാജ്യം മുഴുവൻ, അതിന്റെ സൈനികരും സൈന്യവും തലകുന്പിട്ട് അദ്ദേഹത്തിന്റെ കാൽക്കീഴിൽ നമസ്തേ പറയണം.
ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനു കൊടുത്ത മറുപടി വിവരിക്കാൻ എനിക്കു വാക്കുകൾ മതിയാകുന്നില്ല”.- ഉപമുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യ-പാക് വെടിനിർത്തൽ നാളെ വരെ നീട്ടി
ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം അംഗീകരിച്ചിട്ടുള്ള വെടിനിർത്തൽ ധാരണ തുടരാൻ തീരുമാനം. ഈ മാസം 10നു തീരുമാനിച്ച വെടിനിർത്തൽ നാളെ വരെ നീട്ടിയെന്നു പാക്കിസ്ഥാൻ അറിയിച്ചു.
ഇരുരാജ്യങ്ങളുടെയും മിലിറ്ററി ഓപ്പറേഷൻസിന്റെ ഡയറക്ടർ ജനറൽമാർ (ഡിജിഎംഒ) നടത്തിയ ചർച്ചയ്ക്കു ശേഷമാണ് വെടിനിർത്തൽ 18 വരെ നീട്ടിയതായി പാക്കിസ്ഥാൻ അറിയിച്ചത്.
സ്വാശ്രയ മെഡിക്കൽ കോളജുകളിലെ കോർപസ് ഫണ്ട് തിരികെ നൽകണം സംസ്ഥാനത്തോട് സുപ്രീംകോടതി
സനു സിറിയക്
ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള (ബിപിഎൽ) വിദ്യാർഥികളുടെ പഠന ഗുണനിലവാരത്തിനായി സ്വരൂപിച്ച "കോർപസ് ഫണ്ട്’ മൂന്നു മാസത്തിനുള്ളിൽ അതത് കോളജുകൾക്ക് തിരികെ നല്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.
അഡ്മിഷൻ ആൻഡ് ഫീസ് റെഗുലേറ്ററി കമ്മിറ്റി നിർദേശിച്ചത് പ്രകാരം കോർപസ് ഫണ്ട് രൂപീകരിക്കാൻ സംസ്ഥാന സർക്കാരിന് താത്പര്യമുണ്ടെങ്കിൽ അനുയോജ്യമായ നിയമനിർമാണം നടത്തി മാത്രമേ അതിന് സാധിക്കൂവെന്ന് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ഇത്തരത്തിൽ സ്വാശ്രയ കോളജുകൾക്ക് തിരികെ ലഭിക്കുന്ന തുക ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസ ഗുണനിലവാരത്തിനു വേണ്ടി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. കോർപസ് ഫണ്ട് തുകയുടെ ട്രസ്റ്റികളായി മാത്രമേ കോളജുകളെ നിയമിച്ചിട്ടുള്ളു എന്നും കോടതി വ്യക്തമാക്കി.
അതിനാൽ കോളജുകളുടെ താത്പര്യ പ്രകാരം ഫണ്ട് ഉപയോഗിക്കാൻ സാധിക്കില്ല. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനു സബ്സിഡി നൽകുന്നതിനായി ഒരു "കോർപസ് ഫണ്ട്' സൃഷ്ടിക്കണമെന്ന് സംസ്ഥാനത്തെ അഡ്മിഷൻ ആൻഡ് ഫീസ് റെഗുലേറ്ററി കമ്മിറ്റി നിർദേശം നൽകിയിരുന്നു.
എൻആർഐ ക്വോട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികളിൽനിന്ന് സ്ഥാപനം ഈ ഫണ്ട് സ്വാരൂപിക്കാനായിരുന്നു നിർദേശം. എന്നാൽ, കോർപസ് ഫണ്ടിലെ ഈ തുക അതത് സ്ഥാപങ്ങളിലേക്കു മാറ്റാനും ബിപിഎൽ വിഭാഗത്തിൽ പെട്ട വിദ്യാർഥികളുടെ പഠനത്തിന്റെ ഉന്നമനത്തിന് ഉപയോഗിക്കാനും കേരള ഹൈക്കോടതി 2020ൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ സംസ്ഥാന സർക്കാരും സ്വാശ്രയ കോളജുകളും എൻആർഐ വിദ്യാർഥികളും സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചത്.
അതേസമയം സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പഠിക്കുന്നതോ ഭാവിയിൽ പഠിക്കാനിരിക്കുന്നതോ ആയ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വിദ്യാർഥികളിൽ നിന്നു സബ്സിഡിക്ക് പുറമെ അധിക തുക ഫീസായി ഈടാക്കാൻ പാടില്ലെന്നും ഇന്നലത്തെ വിധിയിൽ കോടതിയിൽ ഊന്നിപ്പറഞ്ഞു.
ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥിക്ക് ഫീസ് നിർണയ കമ്മിറ്റി നിശ്ചയിച്ച സബ്സിഡി തുകയ്ക്ക് പുറമെ ഫീസായി അടച്ചിട്ടുള്ള തുക തിരികെ ലഭിക്കാനുള്ള അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. ഫീസായി അധിക തുക ഈടാക്കിയിട്ടുണ്ടെങ്കിൽ അത് വരുംവർഷത്തെ ഫീസിൽനിന്നു മാറ്റി വയ്ക്കാമെന്നും തിരികെ നല്കുകയാണെങ്കിൽ മൂന്നു മാസത്തിനുള്ളിൽ നൽകണമെന്നും കോടതി പറഞ്ഞു.
കോളജുകൾക്ക് തിരികെ ലഭിച്ച കോർപസ് ഫണ്ടിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ പരിശോധിക്കാൻ സംസ്ഥാന സർക്കാരിനോ ഫീസ് നിർണയ അഥോറിറ്റിക്കോ അവകാശമുണ്ടെന്നും കോടതിവിധിയിൽ പറഞ്ഞു.
എന്നാൽ എൻആർഐ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് കോർപസ് ഫണ്ട് തിരികെ ആവശ്യപ്പെടാനുള്ള അവകാശമില്ലെന്നും ഫീസ് റെഗുലേറ്ററി കമ്മിറ്റി അംഗീകരിച്ചതു പ്രകാരം ഫീസ് അടച്ചിട്ടില്ലെങ്കിൽ മൂന്നു മാസത്തിനുള്ളിൽ അത് അടയ്ക്കണമെന്നും കോടതി നിർദേശിച്ചു.
"ക്വിറ്റ് ഇന്ത്യ'; ചൂടറിഞ്ഞ് തുർക്കിയും അസർബൈജാനും
ജയ്പുർ: പാക്കിസ്ഥാനെ പിന്തുണച്ച തുർക്കിയുടെ ആപ്പിൾ വേണ്ടെന്ന് ആൾവാറിലെ പഴക്കച്ചവടക്കാർ. തുർക്കിയുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ രാജസ്ഥാനിലെ വ്യാപാരികൾ തീരുമാനിച്ചതിനു പിന്നാലെയാണ് ആപ്പിളിനും വിലക്കേർപ്പെടുത്തിയത്.
നേരത്തേ തുർക്കിയിൽനിന്നും കല്ലുകൾ ഇറക്കുമതിചെയ്യാൻ അജ്മേറിലെ മാർബിൾ വ്യാപാരികളും വിസമ്മതിച്ചിരുന്നു. തുർക്കിയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ആപ്പിളിന്റെ വില്പന പൂർണമായും നിർത്തിവയ്ക്കുന്നതായി ആൽവാറിലെ ഫ്രൂട്ട് മണ്ടി യൂണിയൻ പ്രഖ്യാപിച്ചു.
പൊതുജനവികാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് തീരുമാനമെന്നും തുർക്കിയുടെ സാമ്പത്തിക മേഖലയെ തളർത്തുകയാണ് ലക്ഷ്യമെന്നും വ്യാപാരികൾ പറഞ്ഞു. മാർച്ചിനും ജൂണിനും ഇടയിൽ ദിവസവും 15 ടണ്ണിലധികം തുർക്കി ആപ്പിളുകളാണ് രാജസ്ഥനിലെത്തുന്നതെന്ന് ഫ്രൂട്ട് മണ്ടി യൂണിയൻ ജനറൽ സെക്രട്ടറി സൗരഭ് കൽറ പറഞ്ഞു.
""തുർക്കിയുടെ ഇന്ത്യാവിരുദ്ധ നിലപാട് മൂലം തങ്ങൾ അവ വിൽക്കുന്നില്ലെന്ന് തീരുമാനിച്ചു. വെറുമൊരു വിപണി തീരുമാനമല്ല, ഇതൊരു സന്ദേശമാണ്''- അദ്ദേഹം കൂട്ടിച്ചേർത്തു. ""തുർക്കി ആപ്പിൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ബോധവൽകരണ പരിപാടി ആരംഭിക്കും. ഏതെങ്കിലും വ്യാപാരി അവ വിൽക്കുന്നത് കണ്ടെത്തിയാൽ, ദേശതാത്പര്യത്തിനെതിരായ നടപടിയായി കണക്കാക്കും''- കൽറ പറഞ്ഞു.
ബഹിഷ്കരണം: വ്യാപാരസംഘടനകളുടെ ആഹ്വാനം ശക്തമായി
ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിൽ പാക്കിസ്ഥാനു പരസ്യ പിന്തുണ പ്രഖ്യാപിച്ച തുർക്കിക്കും അസർബൈജാനും എതിരേ രാജ്യത്തു പ്രതിഷേധം ശക്തം.
ഇരു രാജ്യങ്ങളുമായുള്ള എല്ലാ വ്യാപാരവും നിർത്തിവയ്ക്കാൻ ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമെസ്റ്റിക് കൗൺസിൽ (ജിജെസി) ആവശ്യപ്പെട്ടു. തുർക്കിയുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ വിവിധ വ്യാപാരസംഘടനകൾ ആഹ്വാനം ചെയ്തു.
ഐഐടി റൂർക്കിയും ജെഎൻയു, ജാമിയ മിലിയ തുടങ്ങിയ യൂണിവേഴ്സിറ്റികളും തുർക്കിയിലെ യൂണിവേഴ്സിറ്റുകളുമായുണ്ടാക്കിയ ധാരണാപത്രം റദ്ദാക്കി. തുർക്കി കന്പനി സെലെബിയുമായുള്ള ഗ്രൗണ്ട് ഹാൻഡ്ലിംഗ് കരാർ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) റദ്ദാക്കി. വ്യാഴാഴ്ച മുതൽ സെലെബിയുടെ സേവനം അവസാനിപ്പിച്ചെന്ന് സിയാൽ പ്രസ്താവനയിൽ അറിയിച്ചു.
ദേശീയ സുരക്ഷ മുൻനിർത്തി സെലെബിയുമായുള്ള കരാർ അവസാനിപ്പിക്കുകയാണെന്ന് വ്യാഴാഴ്ച ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) അറിയിച്ചിരുന്നു. 15 വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്നതും പതിനായിരത്തിലേറെ ജീവനക്കാരുമുള്ളതുമായ സെലെബി രാജ്യത്തെ ഒന്‍പതു വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്ലിംഗ് കൈകാര്യം ചെയ്തിരുന്നു.
തുർക്കിയിലെ ഇനോനു യൂണിവേഴ്സിറ്റിയുമായുള്ള ധാരണാപത്രമാണ് റൂർക്കി ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) റദ്ദാക്കിയത്. അക്കഡേമിക്, റിസർച്ച് മേഖലകളിൽ ഇരു സ്ഥാപനങ്ങളും സഹകരിച്ചിരുന്നു.
പഞ്ചാബിലെ ലവ്ലി പ്രഫഷണൽ യൂണിവേഴ്സിറ്റി (എൽപിയു), ഹൈദരാബാദ് ആസ്ഥാനമായ മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റി (എംഎഎൻയുയു), കാൺപുരിലെ ഛത്രപതി ഷാഹുജി മഹാരാജ് യൂണിവേഴ്സിറ്റി എന്നിവയും തുർക്കി യൂണിവേഴ്സിറ്റുകളുമായുള്ള ധാരണാപത്രം റദ്ദാക്കി.
ഇറാക്ക് കപ്പൽ ജീവനക്കാരെ കാർവാറിൽ ഇറക്കിയില്ല
ബംഗളൂരു: ഇറാക്കി ചരക്കുകപ്പലിലെ ജീവനക്കാർക്ക് കർണാടകയിലെ കാർവാർ തുറമുഖത്തിറങ്ങാൻ അനുമതി നിഷേധിച്ച് തീരസംരക്ഷണ സേന അധികൃതർ.
ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നിർദേശപ്രകാരമായിരുന്നു നടപടിയെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. ജീവനക്കരിൽ പാക്കിസ്ഥാനികളും സിറിയക്കാരുമുണ്ടായിരുന്നതിനാലാണ് അനുമതി നിഷേധിച്ചത്.
ഇറാക്കിലെ അൽ സുബൈറിൽനിന്നാണ് കപ്പലെത്തിയത്. ബിറ്റുമിനുമായെത്തിയ കപ്പലിൽ ജീവനക്കാരായി 15 ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനിയും രണ്ട് സിറിയക്കാരുമാണുണ്ടായിരുന്നത്. ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് ജാഗ്രതയിലായിരുന്ന സുരക്ഷാ സേനയുടെ പരിശോധനയിലാണ് പാക്കിസ്ഥാൻ, സിറിയൻ പൗരന്മാരുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
ഇതോടെ കപ്പൽ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ചരക്ക് ഇറക്കുന്നതുവരെ ജീവനക്കാർ രണ്ട് ദിവസം കപ്പലിൽത്തന്നെ തുടർന്നു. പിന്നീട് കപ്പൽ വിട്ടയച്ചതായി തുറമുഖ ഉദ്യോഗസ്ഥൻ പറഞ്ഞു.
"ഇന്ത്യ’ മുന്നണിയുടെ ഭാവി അത്ര ശോഭനമല്ല: ചിദംബരം
ന്യൂഡൽഹി: വിശാല പ്രതിപക്ഷ സഖ്യമായ "ഇന്ത്യ’ മുന്നണിയുടെ ഭാവി അത്ര ശോഭനമല്ലെന്നും സഖ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടോയെന്നതിൽ ഉറപ്പില്ലെന്നും മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ പി. ചിദംബരം.
സഖ്യം ഇപ്പോഴും പൂർണമായി നിലനിൽക്കുന്നുണ്ടെങ്കിൽ താൻ സന്തോഷവാനാണെന്നും മുന്നണിയെ ശക്തിപ്പെടുത്താൻ ഇനിയും സമയം ബാക്കിയുണ്ടെന്നും ചിദംബരം കൂട്ടിച്ചേർത്തു. ഭരണകക്ഷിയായ ബിജെപി എല്ലാ തലത്തിലും സംഘടിതമായ പ്രബലമായ പാർട്ടിയാണെന്നും ചിദംബരം വിശേഷിപ്പിച്ചു.
ഡൽഹിയിൽ മുൻ വിദേശകാര്യമന്ത്രി സൽമാൻ ഖുർഷിദും പാർലമെന്ററി സ്റ്റാൻഡിംഗ് സമിതിയുടെ സീനിയർ പ്രൈവറ്റ് സെക്രട്ടറി മൃത്യുഞ്ജയ് സിംഗും ചേർന്നു രചിച്ച പുസ്തക പ്രകാശന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ മറ്റൊരു രാഷ്ട്രീയകക്ഷിയും ബിജെപിയുടേതു പോലെ സംഘടിതമായി പ്രബലമല്ലെന്ന് ചിദംബരം പറഞ്ഞു.
യന്ത്രത്തിനുള്ളിലെ യന്ത്രമായി ഇന്ത്യയിലെ എല്ലാ യന്ത്രവത്കരണത്തെയും നിയന്ത്രിക്കാൻ കഴിയുന്ന പാർട്ടിയാണ് ബിജെപി. രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ മുതൽ പ്രാദേശിക പോലീസ് സ്റ്റേഷൻ വരെ അവർക്ക് നിയന്ത്രിക്കാനും ചിലപ്പോഴൊക്കെ പിടിച്ചെടുക്കാനും കഴിയുന്നു.
ജനാധിപത്യത്തിൽ അനുവദനീയമായ തലത്തിൽ വരെ ബിജെപിയുടെ പ്രബലമായ യന്ത്രവത്കരണം നടക്കുന്നുവെന്നും ചിദംബരം കൂട്ടിച്ചേർത്തു.
നമ്മളിപ്പോളും ഇലക്ടറൽ ജനാധിപത്യത്തിലാണെന്നും അതിന്റെ ഏറ്റവും വലിയ തെളിവാണ് 2024ലെ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകളിൽ ഇടപെടാമെന്നും കൈകടത്താമെന്നും എന്നാലൊരിക്കലും നശിപ്പിക്കാൻ കഴിയില്ലെന്നും കഴിഞ്ഞ വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് തെളിയിച്ചെന്ന് കോണ്‍ഗ്രസ് എംപി വ്യക്തമാക്കി.
ചിദംബരത്തിന്റെ പ്രസ്താവനകൾക്ക് പിന്നാലെ ഇന്ത്യ മുന്നണിക്ക് ഭാവിയില്ലെന്ന് അദ്ദേഹം സമ്മതിച്ചെന്നും ബിജെപിക്കെതിരേ ഗൂഢാലോചന നടത്താൻ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്ന പിക്നിക് സഖ്യമാണ് ഇന്ത്യ മുന്നണിയെന്നും ബിജെപി പ്രതികരിച്ചു.
നാരങ്ങാ തർക്കം വർഗീയ ലഹളയായി
ഉദയ്പുർ: നാരങ്ങ വാങ്ങുന്നതിനിടെ രണ്ടുപേർ തമ്മിലുണ്ടായ തർക്കം രാജസ്ഥാനിലെ ഉദയ്പുരിൽ വർഗീയസംഘർഷമായി വളർന്നു. ഒരു പച്ചക്കറി വ്യാപാരിക്കു ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ രണ്ടു കടകളും ഏതാനും കുടിലുകളും കത്തിനശിച്ചു.
ഉദയ്പുരിലെ ധൻമന്ദിയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവത്തിന്റെ തുടക്കം. തേജ്കാ ചൗക്കിലെ ഒരു പച്ചക്കറി കടയിൽ നാരങ്ങ വാങ്ങാനെത്തിയ രണ്ടുപേർ തമ്മിലുണ്ടായ തർക്കത്തിനിടെ ഏഴംഗസംഘം മാരകായുധങ്ങളുമായി കടയുടമയെ ആക്രമിച്ചു. ഇതോടെ സംഭവത്തിനു വർഗീയനിറം കൈവരികയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ആറു പേരെ അറസ്റ്റ്ചെയ്തതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പോലീസ് പറഞ്ഞു.
ചരക്കുകപ്പൽ മുങ്ങി, ആറു ജീവനക്കാരെ രക്ഷപ്പെടുത്തി
ന്യൂഡൽഹി: മംഗളൂരുവിൽനിന്ന് ലക്ഷദ്വീപിലെ കടമത്ത് ദ്വീപിലേക്കു പോയ കോസ്റ്റ് ഗാർഡ് കപ്പൽ മുങ്ങി. ആറു ജീവനക്കാരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി.
ബുധനാഴ്ച രാത്രിയാണ് എംടി എപിക് സുസുയ് എന്ന കപ്പൽ സൂറത്കൽ തീരത്തുനിന്ന് 52 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയത്.
പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന കോസ്റ്റ് ഗാർഡ് കപ്പൽ വിക്രം ഉടൻ അപകടസ്ഥലത്തെത്തി ആറു ജീവനക്കാരെയും രക്ഷപ്പെടുത്തി. സിമന്റും നിർമാണ വസ്തുക്കളുമായിരുന്നു കപ്പലിലുണ്ടായത്. അപകടകാരണം വ്യക്തമായിട്ടില്ല.
മൂന്നു ദിവസത്തിനിടെ ആറു ഭീകരരെ കൊലപ്പെടുത്തിയെന്നു സേന
ശ്രീനഗര്‍: കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നടന്ന രണ്ട് ഓപ്പറേഷനുകളിലായി ആറ് ഭീകരരെ വധിച്ചതായി സേനകള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സൈന്യവും സിആര്‍പിഎഫും ജമ്മു കാഷ്മീര്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. മൂന്നു സേനകളും സംയുക്തമായാണ് ഓപ്പറേഷന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. കെല്ലെര്‍, ഷോപിയാന്‍, ത്രാല്‍ മേഖലകളില്‍ നടന്ന ഏറ്റുമുട്ടലിലാണു ഭീകരര്‍ കൊല്ലപ്പെട്ടത്.
ത്രാലിലും ഷോപ്പിയാനിലും അതീവ ദുഷ്കരമായ ദുര്‍ഘടസാഹചര്യങ്ങളെ അതിജീവിച്ചാണ് ഓപ്പറേഷനുകള്‍ പൂര്‍ത്തിയാക്കിതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ത്രാലിലെ നാദേറില്‍ ഗ്രാമത്തിനകത്താണു ഭീകരര്‍ എത്തിയത്.
ഗ്രാമത്തിലെ വീടുകളില്‍ ഒളിച്ചിരുന്നാണുഭീകരര് സേനയ്ക്കു നേരേ വെടിയുതിര്‍ത്തത്. ഗ്രാമവാസികളെ കവചമാക്കാന്‍ ശ്രമമുണ്ടായി. സാധാരണക്കാര്‍ക്ക് അപായമൊന്നും പറ്റാതെ വേണമായിരുന്നു ഭീകരരെ നേരിടേണ്ടത്. അതും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സേനാംഗങ്ങള്‍ക്ക് കഴിഞ്ഞെന്ന് അവര്‍ വ്യക്തമാക്കി.
""കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ സേനകള്‍ രണ്ടു വിജയകരമായ ഓപ്പറേഷനുകള്‍ നടത്തി.അതില്‍ കാര്യമായ നേട്ടം കൈവരിക്കാനായി. ഷോപിയാന്‍, ത്രാല്‍, കെല്ലര്‍ മേഖലകളിലാണ് ഈ രണ്ട് ഓപ്പറേഷനുകളും നടത്തിയത്. ആറു ഭീകരരെ വധിച്ചു. കാഷ്മീര്‍ താഴ്വരയിലെ ഭീകരരെ ഇല്ലാതാക്കാന്‍ സേനകള്‍ പ്രതിജ്ഞാബദ്ധരാണ്''കാഷ്മീര്‍ പോലീസ് ഐജി വി.കെ. ബിര്‍ദി പറഞ്ഞു.
""കൊല്ലപ്പെട്ട ആറു ഭീകരരില്‍ ഒരാളായ ഷാഹിദ് കുട്ടേ രണ്ട് പ്രധാന ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ജര്‍മന്‍ വിനോദസഞ്ചാരിക്കെതിരായ ആക്രമണവും ഇതില്‍ ഉള്‍പ്പെടുന്നു. ഭീകരവാദത്തിനു ഫണ്ട് ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ട്.''മേജര്‍ ജനറല്‍ ധനഞ്ജയ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു.
നാട്ടുകാരുടെ പിന്തുണയും സഹകരണവും ഇല്ലാതെ സൈനിക നീക്കങ്ങളുടെ വിജയം സാധ്യമാകുമായിരുന്നില്ലെന്ന് സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയുടെ (സിആര്‍പിഎഫ്) ഇന്‍സ്പെക്ടര്‍ ജനറല്‍ പറഞ്ഞു.
മണിപ്പുരിൽ വീണ്ടും അശാന്തി
ഇംഫാൽ: സുരക്ഷാസേനകളുമായുള്ള ഏറ്റുമുട്ടലിൽ പത്ത് കുക്കികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് മ്യാൻമർ അതിർത്തിയോടുചേർന്നുള്ള ചന്ദേലിൽ സ്ഫോടനാത്മകമായ അന്തരീക്ഷം. ഇതേത്തുടർന്ന് സുരക്ഷാസേന അതീവജാഗ്രതയിലാണ്.
അതിർത്തിയിൽനിന്ന് കൂടുതലാളുകൾ സംസ്ഥാനത്ത് കടക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് അധികൃതർ.ചന്ദേലിലെ ന്യൂ സാംതാളിൽ ആസാം റൈഫിൾസ് സംഘത്തിനുനേരേ ആക്രമണം നടത്തിയതിനാലാണു കുക്കികളെ വധിച്ചതെന്ന് പ്രതിരോധമന്ത്രാലയം പറഞ്ഞു.
സംഭവത്തിനുശേഷം പ്രദേശത്ത് സുരക്ഷാസേന നടത്തിയ പരിശോധനയിൽ ഏഴ് എകെ 47 റൈഫിളുകളും ഗ്രനേഡ് ലോഞ്ചറും എം-4 റൈഫിളും നാല് ഒറ്റക്കുഴൽ തോക്കുകളും ഉൾപ്പെടെ കണ്ടെത്തിയതായി സുരക്ഷാസേന അറിയിച്ചു.
അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും എട്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി സുരക്ഷാസേന അറിയിച്ചു. തൗബാലിൽനിന്ന് അറസ്റ്റിലായ ഒരാളിൽനിന്ന് ഒട്ടേറെ ആയുധങ്ങൾ കണ്ടെത്തി.
ഇംഫാൽ ഈസ്റ്റിൽ രണ്ടുപേർ അറസ്റ്റിലായി. അതേസമയം പ്രത്യേക ഭരണസംവിധാനം എന്ന ആവശ്യത്തിൽ സമ്മർദ്ദതന്ത്രത്തിന് കുക്കികൾ തീവ്രശ്രമം തുടരുകയാണ്. കുക്കി എംഎൽഎമാരും പൗരപ്രമുഖരും ഉൾപ്പെടെ ആസാമിലെ ഗോഹട്ടിയിൽ കഴിഞ്ഞദിവസം രഹസ്യയോഗം ചേർന്നു.
ക്രമസമാധാനം സാധാരണ നിലയിലേക്കു മടങ്ങുന്ന സാഹചര്യത്തിൽ പ്രത്യേക ഭരണസംവിധാനം എന്ന ആവശ്യമുൾപ്പെടെ ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്.
കേണൽ സോഫിയ ഖുറേഷിയുടെ ഡീപ്ഫേക്ക് ദൃശ്യം: ഹർജി പരിഗണിച്ചില്ല
ന്യൂഡൽഹി: "ഓപ്പറേഷൻ സിന്ദൂറി’ന്റെ സേനാനടപടി വിശദീകരിച്ച വനിതാ സൈനിക ഉദ്യോഗസ്ഥ കേണൽ സോഫിയ ഖുറേഷിയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കുന്നതിനെതിരേ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കാൻ നിരസിച്ച് സുപ്രീംകോടതി.
സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്ന വ്യാജ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഒരു മാതൃകാനിയമം തയാറാക്കുന്നതിനായി സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ഒരു വിദഗ്ധ സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നരേന്ദ്ര കുമാർ ഗോസ്വാമി എന്ന വ്യക്തിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ, സമാനസ്വഭാവമുള്ള കേസ് രണ്ട് വർഷമായി ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഒരു ബെഞ്ച് കൈകാര്യം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിംഗ് എന്നിവരുടെ ബെഞ്ച് വിഷയം പരിഗണിക്കാൻ വിസമ്മതിച്ചത്.
ഗുജറാത്ത് സമാചാർ ഉടമ ബാഹുബലി ഷായെ ഇഡി അറസ്റ്റ് ചെയ്തു
അഹമ്മദാബാദ്: ഗുജറാത്ത് സമാചാർ ദിനപത്രം ഉടമ ബാഹുബലി ഷായെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ആരോഗ്യനില മോശമായ ഇദ്ദേഹത്തിന് സെഷൻസ് കോടതി 15 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.
ഒന്നിടവിട്ട ദിവസങ്ങളിൽ ഷായുടെ ആരോഗ്യനില അന്വേഷണ ഏജൻസി അറിയിക്കണമെന്നും അന്വേഷണ ഏജൻസിയുമായി ഷാ സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. ഗുജറാത്തിലെ ഏറ്റവും പ്രചാരമുള്ള പത്രമാണു ഗുജറാത്ത് സമാചാർ.
പത്രം ഉടമകളുടെ സ്ഥപനങ്ങളിൽ നടന്ന റെയ്ഡിനു പിന്നാലെയാണ് ഷായെ അറസ്റ്റ് ചെയ്തത്. പത്രത്തിന്റെ ഉടമകളായ ലോക് പ്രകാശൻ ലിമിറ്റഡിലെ ഡയറക്ടർമാരിലൊരാളാണ് ബാഹുബലി ഷാ. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ശ്രേയാൻഷ് ഷാ ആണ് ഗുജറാത്ത് സമാചാർ എഡിറ്റർ.
അറസ്റ്റിനു പിന്നാലെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ബാഹുബലി ഷായെ അഹമ്മദാബാദിലെ സൗദസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ശ്രേയാൻഷ് ഷായുടെ ഉടമസ്ഥതയിലുള്ള ജിഎസ്ടിവിയുടെ ഓഫീസിൽ 36 മണിക്കൂറാണ് ഇഡി റെയ്ഡ് നടത്തിയത്.
കേന്ദ്ര സർക്കാരിനെതിരേ നിശിത വിമർശനം നടത്തുന്നതിന്റെ പേരിലാണ് ഗുജറാത്ത് സമാചാറിനെ ഇഡി ലക്ഷ്യമിടുന്നതെന്ന് ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റും എംഎൽഎയുമായ ജിഗ്നേഷ് മേവാനി കുറ്റപ്പെടുത്തി.
സിആർപിഎഫ് ഉദ്യോഗസ്ഥൻ ഇടിമിന്നലേറ്റ് മരിച്ചു
റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്റ്റ് വേട്ടയ്ക്കിടെ ഇടിമിന്നലേറ്റ് സിആർപിഎഫ് ഉദ്യോഗസ്ഥൻ മരിച്ചു. 26-ാം ബറ്റാലിയനിലെ സെക്കൻഡ് ഇൻ കമാൻഡിംഗ് ഓഫീസർ എം. പ്രഭു സിംഗ് (46) ആണു മരിച്ചത്. വെസ്റ്റ് സിംഗ്ഭും ജില്ലയിലെ കെരിബുറു ഗ്രാമത്തിൽ വ്യാഴാഴ്ച വൈകുന്നേരം 5.30നായിരുന്നു സംഭവം.
അസിസ്റ്റന്റ് കമൻഡാന്റ് സുബിർ കുമാർ മണ്ഡലിനും ജാർഖണ്ഡ് പോലീസിലെ രണ്ട് ഉദ്യോഗസ്ഥർക്കും ഇടിമിന്നലിൽ പൊള്ളലേറ്റു. മഴ കനത്തതോടെ സിആർപിഎഫ് സെക്യൂരിറ്റി ഔട്ട്പോസ്റ്റിലിരിക്കുകയായിരുന്നു ഇവർ.
പ്രഭു സിംഗ് മണിപ്പുരിലെ വെസ്റ്റ് ഇംഫാൽ സ്വദേശിയാണ്. പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസ് സ്വദേശിയായ സുബിർ കുമാർ മണ്ഡലിനെ വിദഗ്ധ ചികിത്സയ്ക്കായി നോമുണ്ടിയിലെ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജസ്റ്റീസ് ബേല എം. ത്രിവേദി വിരമിച്ചു
ന്യൂഡൽഹി: കഠിനാധ്വാനത്തിനും സത്യസന്ധതയ്ക്കും പേരുകേട്ട വ്യക്തിയാണ് ജസ്റ്റീസ് ബേല എം. ത്രിവേദിയെന്ന് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്. സുപ്രീംകോടതി ചരിത്രത്തിലെ പതിനൊന്നാമത്തെ വനിതാജഡ്ജിയായ ബേല എം.ത്രിവേദിയുടെ വിരമിക്കൽ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ചീഫ് ജസ്റ്റീസ്.
ജൂണ്‍ ഒന്‍പതിന് വിരമിക്കേണ്ടിയിരുന്നത് വ്യക്തിപരമായ കാരണങ്ങളാൽ ഇന്നലെ ആക്കുകയായിരുന്നു. 2011ൽ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 2021 ഓഗസ്റ്റ് 31നാണ് സുപ്രീംകോടതി ജഡ്ജിയാകുന്നത്. സുപ്രീംകോടതി ബാർ കൗണ്‍സിൽ ജസ്റ്റീസിന് വിടവാങ്ങൽ പരിപാടി സംഘടിപ്പിക്കാതിരുന്നതിനെ ചീഫ് ജസ്റ്റീസ് വിമർശിച്ചു.
യുപിയിൽ മുടിമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കിടെ പിഴവ്; രണ്ട് എൻജിനിയർമാർ മരിച്ചു
കാൺപുർ: യുപിയിലെ ഡോ. അനുഷ്ക തിവാരി എംപയർ ക്ലിനിക്കിൽ മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാപ്പിഴവിനെത്തുടർന്ന് രണ്ട് എൻജിനിയർമാർ മരിച്ചതായി വിവരം.
വിനീത് ദുബൈ (40), മായങ്ക് കത്യാർ എന്നിവരാണു മരിച്ചത്. വിനീത് ദുബെയുടെ ഭാര്യ ജയ ത്രിപാഠി മുഖ്യമന്ത്രിയുടെ ഓൺലൈൻ പരാതിപരിഹാര സെല്ലിൽ പരാതിപ്പെട്ടതിനു പിന്നാലെയാണ് മായങ്കിന്റെ മരണവും ക്ലിനിക്കിലെ ചികിത്സാപ്പിഴവുമൂലമാണെന്നു വെളിപ്പെട്ടത്.
സുപ്രീംകോടതിക്കു മുന്നിൽ ചോദ്യങ്ങളുമായി രാഷ്ട്രപതി
സനു സിറിയക്
ന്യൂഡൽഹി: സുപ്രീംകോടതിക്കു മുന്നിൽ ചോദ്യങ്ങളുമായി രാഷ്ട്രപതി. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ മുൻ ഉത്തരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് രാഷ്ട്രപതി കോടതിക്കു മുന്നിൽ ഉന്നയിച്ചത്.
ബില്ലുകളിൽ തീരുമാനമെടുക്കാൻ ഭരണഘടനയിൽ സമയപരിധി നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കോടതിക്ക് എങ്ങനെ അത്തരമൊരു വിധി പുറപ്പെടുവിക്കാൻ സാധിക്കുമെന്നതടക്കമുള്ള 14 വിഷയങ്ങളിൽ അഭിപ്രായം തേടിയാണു രാഷ്ട്രപതി കോടതിയെ സമീപിച്ചത്.
രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങൾ കണക്കിലെടുത്താണ് രാഷ്ട്രപതിയും ഗവർണർമാരും വിവേചനാധികാരം ഉപയോഗിക്കുന്നതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 143(1) പ്രകാരം നിയമപരവും പൊതുപ്രാധാന്യമുള്ളതുമായ വിഷയങ്ങളിൽ രാഷ്ട്രപതിക്ക് സുപ്രീംകോടതിയിൽനിന്ന് അഭിപ്രായം തേടാൻ സാധിക്കും. ഇത്തരത്തിൽ സുപ്രീംകോടതിയോട് രാഷ്ട്രപതി അഭിപ്രായം തേടുന്നത് പ്രസിഡന്റ്സ് റഫറൻസ് എന്നാണ് അറിയപ്പെടുന്നത്. ഏതെങ്കിലുമൊരു വിഷയത്തിൽ രാഷ്ട്രപതി ചോദ്യങ്ങൾ ഉന്നയിച്ചാൽ അതു സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനുമുള്ള അധികാരം കോടതിക്കുണ്ട്.
സ്വീകരിച്ചാൽ ഒരു വിശാല ബെഞ്ച് ചോദ്യങ്ങൾ പരിശോധിച്ച് അതിന് ഉത്തരം നൽകും. അല്ലാത്തപക്ഷം ഉത്തരം നൽകാതെ നിരസിക്കാം. എന്നാൽ 1950 മുതൽ ഒരു തവണ ഒഴികെ രാഷ്ട്രപതി അഭിപ്രായം തേടിയ എല്ലാ വിഷയങ്ങളിലും സുപ്രീംകോടതി മറുപടി നൽകിയിട്ടുണ്ട്.
ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിച്ച ജസ്റ്റീസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിനെതിരേ പുനഃപരിശോധനാ ഹർജി നൽകാൻ കേന്ദ്രസർക്കാരിന് അവസരം നിലനിൽക്കുന്പോഴാണ് പ്രസിഡന്റ്സ് റഫറൻസുമായി രാഷ്ട്രപതി കോടതിക്കു മുന്നിലെത്തുന്നത്.
1991ൽ കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇത്തരത്തിൽ പ്രസിഡന്റ്സ് റഫറൻസ് വന്നപ്പോൾ ഭരണഘടനയിലെ ഈ സാധ്യത പുനഃപരിശോധനയ്ക്കുള്ള ഒരു സംവിധാനമല്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു.
നിലവിലെ സാഹചര്യത്തിൽ ആദ്യ 11 ചോദ്യങ്ങൾ ബില്ലിൽ തീരുമാനമെടുക്കുന്നതിനു സമയപരിധി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. അവസാനത്തെ മൂന്ന് ചോദ്യങ്ങൾ സുപ്രീംകോടതിയുടെ ചില അധികാരപരിധിയുമായി ബന്ധപ്പെട്ട് അഭിപ്രായം തേടിയുള്ളതാണ്.
രാഷ്ട്രപതി അഭിപ്രായം തേടിയ 14 ചോദ്യങ്ങൾ
* ആർട്ടിക്കിൾ 200 പ്രകാരം നിയമസഭ പാസാക്കിയ ബിൽ ഗവർണർക്കു മുന്നിലെത്തിയത് സ്വീകരിക്കാവുന്ന സാധ്യതകൾ?
* ബില്ലുകളിൽ തീരുമാനമെടുക്കുന്നതിൽ മന്ത്രിസഭയുടെ സഹായവും ഉപദേശമനുസരിച്ചു പ്രവർത്തിക്കാൻ ഗവർണർമാർ ബാധ്യസ്ഥരാണോ?
* ആർട്ടിക്കിൾ 200 പ്രകാരം ഗവർണർക്കു ഭരണഘടനാപരമായ വിവേചനാധികാരം ഉപയോഗിക്കാൻ കഴിയില്ലേ?
* ബില്ലുകളിൽ ഗവർണർമാർ എടുക്കുന്ന തീരുമാനങ്ങൾക്ക് 361-ാം അനുച്ഛേദ പ്രകാരമുള്ള പരിരക്ഷ ബാധകമല്ലേ?
* ബില്ലുകളിൽ തീരുമാനമെടുക്കാൻ ഭരണഘടന സമയപരിധി നിശ്ചയിക്കാത്ത സാഹചര്യത്തിൽ സമയപരിധി നിശ്ചയിച്ചുള്ള ഉത്തരവ് കോടതിക്കു നൽകാൻ സാധിക്കുമോ?
* ഭരണഘടനയുടെ 201-ാം അനുച്ഛേദ പ്രകാരം രാഷ്ട്രപതിക്ക് ഭരണഘടനാപരമായ വിവേചനാധികാരമില്ലേ?
* ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിക്കാൻ കോടതിക്ക് സാധിക്കുമോ.
* ഗവർണർ അയയ്ക്കുന്ന ബില്ലിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 143 പ്രകാരം രാഷ്ട്രപതിക്ക് സുപ്രീംകോടതിയിൽനിന്ന് അഭിപ്രായം തേടേണ്ടതുണ്ടോ?
* ബില്ലുകൾ നിയമമാകുന്നതിനുമുന്‍പ് ഉള്ളടക്കം ജുഡീഷൽ പരിശോധനയ്ക്കു വിധേയമാക്കാൻ കോടതികൾക്കു സാധിക്കുമോ?
* രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും ഭരണഘടനാപരമായ അധികാരങ്ങളും ഉത്തരവുകളും മറികടക്കാൻ കോടതിക്കു സാധിക്കുമോ?
* നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണറുടെ അംഗീകാരമില്ലാതെ നിയമമാക്കാൻ സാധിക്കുമോ?
* ഭരണഘടനാ വ്യാഖ്യാനമുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത് ഭരണഘടനാബെഞ്ച് അല്ലേ?
* ഭരണഘടനയുടെ 32-ാം അനുച്ഛേദം ഉപയോഗിച്ചു കേന്ദ്രസർക്കാരിനെതിരേ സംസ്ഥാനങ്ങൾ നൽകുന്ന റിട്ട് ഹർജി നിലനിൽക്കുമോ?
* ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരം സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെതിരേ സ്യൂട്ട് ഹർജി അല്ലേ നൽകേണ്ടത്?
ജഡ്ജിമാരുടെ ജോലിയിലെ പ്രവർത്തനക്ഷമത പരിശോധിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ജഡ്ജിമാരുടെ ജോലിയിലെ പ്രവർത്തനക്ഷമത പരിശോധിക്കേണ്ട സമയമാണിതെന്നു വാക്കാൽ പരാമർശിച്ച് സുപ്രീംകോടതി.
ചില ജഡ്ജിമാർ കഠിനാധ്വാനം ചെയ്യുന്പോൾ മറ്റു ചിലർ അനാവശ്യമായി ഇടവേളകൾ എടുക്കുന്നുണ്ടെന്നും ജസ്റ്റീസുമാരായ സൂര്യകാന്ത്, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
തങ്ങൾക്കെതിരായ ക്രിമിനൽ കേസിൽ വാദം പൂർത്തിയായിട്ടും മൂന്നു വർഷമായിട്ടും വിധി പറഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടി നാലുപേർ സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. വിവിധ ഹൈക്കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതിൽ നേരത്തേ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
വാദം പൂർത്തിയായിട്ടും ഇതുവരെ ഉത്തരവ് പുറപ്പെടുവിക്കാത്ത കേസുകളുടെ റിപ്പോർട്ട് ഹൈക്കോടതികളിൽനിന്നു സുപ്രീംകോടതി ഈ മാസം ആദ്യം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
വഖഫ് ഭേദഗതി നിയമം: ഹർജികൾ 20ന് പരിഗണിക്കും
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്തുള്ള ഹർജികൾ ഈ മാസം 20ന് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
ഉപയോഗത്തിലൂടെ വഖഫായി മാറുക, വഖഫ് കൗണ്‍സിലുകളിലേക്കും ബോർഡുകളിലേക്കും അമുസ്ലിംകളെ നാമനിർദേശം ചെയ്യുക തുടങ്ങി നിയമത്തിലെ വ്യവസ്ഥകളിൽ ഇടക്കാല ഉത്തരവ് ആവശ്യമുണ്ടോ എന്ന വിഷയമാണു കോടതി പരിശോധിക്കുക.
കോടതി അടുത്ത നടപടി സ്വീകരിക്കുന്നതുവരെ നിലവിലെ സാഹചര്യം തുടരുമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.
20ന് കേസ് കേൾക്കുന്പോൾ ഇരുകൂട്ടർക്കും തങ്ങളുടെ വാദം നടത്തുന്നതിന് രണ്ടു മണിക്കൂർ അനുവദിക്കുമെന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. നേരത്തെ മുൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചായിരുന്നു വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചിരുന്നത്.
എന്നാൽ താൻ വിരമിക്കുന്നതിനുമുന്പ് വിഷയത്തിൽ ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കില്ലെന്നും വിശദമായ വാദം ആവശ്യമാണെന്നും അതിനാൽ ഈ ഹർജികൾ പുതിയ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന് നിർദേശിക്കുന്നതായും ഈ മാസം അഞ്ചിന് കേസ് പരിഗണിച്ചപ്പോൾ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഏപ്രിൽ 17 ന് വാദം കേട്ടപ്പോൾ കോടതി ഇടക്കാല ഉത്തരവിലേയ്ക്കു കടന്നെങ്കിലും നിയമത്തിലെ പല പ്രധാന വ്യവസ്ഥകളും തത്കാലം നടപ്പിലാക്കില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ ഉറപ്പ് നൽകിയതിനെത്തുടർന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല.
പുൽവാമയിൽ മൂന്നു ജയ്ഷ് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുൽവാമയിൽ മൂന്നു ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
അവന്തിപോറയിലെ നാദെർ ത്രാൽ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ആസിഫ് അഹമ്മദ് ഷേഖ്, അമിർ നസീർ വാനി, യവാർ അഹമ്മദ് ഭട്ട് എന്നിവരാണു കൊല്ലപ്പെട്ടത്. മൂന്ന് എകെ സീരിസ് റൈഫിളുകളും മൂന്നു ഗ്രനേഡുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ സുരക്ഷാസേന കണ്ടെടുത്തു.
പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളിയായ ഭീകരൻ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഭീകരവേട്ട തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച ഷോപിയാനിൽ ലഷ്കർ കമാൻഡർ ഉൾപ്പെടെ മൂന്നു ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.
പോലീസ് തടഞ്ഞിട്ടും അംബേദ്കർ ഹോസ്റ്റലിലെത്തി പ്രസംഗിച്ച് രാഹുൽ
ന്യൂഡൽഹി: ബിഹാർ ദർബാംഗയിലെ അംബേദ്കർ ഹോസ്റ്റലിൽ പ്രവേശിക്കുന്നതിൽനിന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പോലീസ് തടഞ്ഞു.
ബിഹാറിലെ ദളിത്, പിന്നാക്ക വിഭാഗ, ന്യൂനപക്ഷ സമൂഹങ്ങളിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്ന "ശിക്ഷാ ന്യായ് സംവാദ്’ എന്ന പരിപാടിയിൽ പ്രസംഗിക്കാനായി അംബേദ്കർ ഹോസ്റ്റലിലേക്കു സഞ്ചരിക്കവെയാണ് രാഹുൽ സഞ്ചരിച്ചിരുന്ന കാർ പോലീസ് വഴിയിൽ തടഞ്ഞത്. ഇതോടെ രാഹുൽ കാറിൽനിന്നിറങ്ങി നൂറോളം കോണ്‍ഗ്രസ് പ്രവർത്തകരുടെ അകന്പടിയോടെ രണ്ടര കിലോമീറ്ററോളം നടന്നാണ് അംബേദ്കർ ഹോസ്റ്റലിലെ വേദിയിലെത്തി പ്രസംഗിച്ചത്.
ബിഹാറിലെ ആയിരത്തിലധികം വിദ്യാർഥികളുമായി രാഹുൽ സംവദിക്കുന്ന "ശിക്ഷാ ന്യായ് സംവാദ്’പരിപാടി നടത്താൻ ദർബാംഗയിലെ അംബേദ്കർ ഹോസ്റ്റലാണു കോണ്‍ഗ്രസ് നേതൃത്വവും വിദ്യാർഥികളും തെരഞ്ഞെടുത്തതെങ്കിലും അധികൃതർ ഹോസ്റ്റലിൽ പരിപാടി നടത്താൻ അനുമതി നൽകാതെ ദർബാംഗയിലെ ടൗണ്‍ ഹാളിൽ പരിപാടി നടത്താൻ നിർദേശിക്കുകയായിരുന്നു.
എന്നാൽ അംബേദ്കർ ഹോസ്റ്റലിൽ നിർമിച്ച വേദിയിൽത്തന്നെ പരിപാടി നടത്തുമെന്ന നിലപാടിൽ നിരവധി വിദ്യാർഥികളും കോണ്‍ഗ്രസ് പ്രവർത്തകരും ഉറച്ചുനിന്നു. ഇതോടെയാണ് അംബേദ്കർ ഹോസ്റ്റലിലെ പരിപാടിയിൽ പങ്കെടുക്കാനുള്ള മാർഗമധ്യേ രാഹുലിന്റെ വാഹനവ്യൂഹം പോലീസ് തടഞ്ഞത്.
ബിഹാറിലെ എൻഡിഎയുടെ ഡബിൾ എൻജിൻ വഞ്ചനാസർക്കാർ അംബേദ്കർ ഹോസ്റ്റലിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്നതിൽനിന്നു തന്നെ തടഞ്ഞുവെന്ന് രാഹുൽ കുറ്റപ്പെടുത്തി.
യുവാക്കളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിൽനിന്നു തന്നെ ആർക്കും തടയാൻ കഴിയില്ലെന്നും ഭീംറാവു അംബേദ്കറിന്റെ ഫോട്ടോ ഉയർത്തിപ്പിടിച്ച് രാഹുൽ പറഞ്ഞു.
പാക് അണ്വായുധശേഖരം അന്താരാഷ്ട്ര ഏജൻസി നിരീക്ഷിക്കണം: രാജ്നാഥ് സിംഗ്
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പാക്കിസ്ഥാന്റെ അണ്വായുധശേഖരം അന്താരാഷ്ട്ര ആണവോർജ ഏജൻസി നിരീക്ഷിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഉത്തരവാദിത്വമില്ലാത്ത തെമ്മാടിരാജ്യത്തിന്റെ കൈകളിൽ ആണവായുധങ്ങൾ സുരക്ഷിതമാണോയെന്നു ലോകത്തോട് അദ്ദേഹം ചോദിച്ചു.
പാക്കിസ്ഥാന്റെ ആണവ ബ്ലാക്ക്മെയിലിംഗ് ഇനി വച്ചുപൊറുപ്പിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണു രാജ്നാഥിന്റെ പരാമർശം. ജമ്മുകാഷ്മീരിലെ ശ്രീനഗറിൽ ബദാമി ബാഗ് സൈനിക കേന്ദ്രത്തിൽ ഇന്നലെ നടന്ന സമ്മേളനത്തിലാണു പ്രതിരോധമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
പാക്കിസ്ഥാന്റെ അണ്വായുധശേഖരം ഐക്യരാഷ്ട്രസഭയുടെ ആണവ ഏജൻസിയായ ഐഎഇഎയുടെ നിരീക്ഷണത്തിൽ കൊണ്ടുവരണമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. വളരെ വ്യക്തമായി ഇക്കാര്യം പറയാൻ ആഗ്രഹിക്കുന്നു. ലോകത്തോട് ഈ ചോദ്യം ഉന്നയിക്കാൻ ആഗ്രഹിച്ചു.
തെമ്മാടിയും ഉത്തരവാദിത്വമില്ലാത്തതുമായ രാജ്യത്തിന്റെ കൈകളിൽ ആണവായുധങ്ങൾ സുരക്ഷിതമാണോ? ഇന്ത്യക്കെതിരേ ആണവ ആക്രമണങ്ങൾ നടത്തുമെന്ന് പലതവണ നിരുത്തരവാദപരമായി പാക്കിസ്ഥാൻ ഭീഷണിപ്പെടുത്തിയതായി ലോകം മുഴുവൻ കണ്ടിട്ടുണ്ട്.
പാക്കിസ്ഥാന്റെ ആണവ ഭീഷണിപോലും ഗൗനിച്ചില്ലെന്ന വസ്തുതയിലൂടെ ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പ്രതിജ്ഞ എത്ര ശക്തമാണെന്നു മനസിലാക്കാം. രാജ്നാഥ് സിംഗ് പറഞ്ഞു.
അതേസമയം, പാക്കിസ്ഥാനിലെ ആണവസ്ഥാപനങ്ങളെ ആക്രമിച്ചിട്ടില്ലെന്ന് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കി. കിരാന കുന്നുകൾ ആക്രമിച്ചിട്ടില്ലെന്ന് വ്യോമസേന ഡയറക്ടർ ജനറൽ എയർ മാർഷൽ എ.കെ. ഭാരതി പറഞ്ഞു.
ഭീകരരുടെ നെഞ്ചു പിളർക്കും
ന്യൂഡൽഹി: ഇന്ത്യക്കെതിരേ ഭീകരാക്രമണം തുടർന്നാൽ ഭീകരരുടെ നെഞ്ചു പിളർക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
നിരപരാധികളെ കൊല്ലുന്നത് തീവ്രവാദികളുടെ കർമമാണെങ്കിൽ അവരെ ഇല്ലാതാക്കുക എന്നത് ഇന്ത്യയുടെ ഭാരതീയ ധർമമാണെന്ന് രാജ്നാഥ് പറഞ്ഞു.
പഹൽഗാമിൽ ധർമം (മതം) ചോദിച്ചുതീവ്രവാദികൾ നിരപരാധികളെ കൊന്നു. അതിനു നൽകിയ മറുപടി ലോകം മുഴുവൻ കണ്ടു. അവരുടെ കർമം (പ്രവൃത്തികൾ) നോക്കിയാണ് ഇന്ത്യ തീവ്രവാദികളെ കൊന്നത്.
എന്നാൽ, ധർമം നോക്കി നിരപരാധികളെ കൊല്ലുന്നതാണു പാക്കിസ്ഥാന്റെ കർമമെന്നും ശ്രീനഗറിലെ ബദാമി ബാഗ് കന്റോണ്മെന്റിൽ നടന്ന സമ്മേളനത്തിൽ രാജ്നാഥ് സിംഗ് പറഞ്ഞു.
സിന്ധു നദീജല കരാർ ; മരവിപ്പിക്കൽ തുടരും: ജയശങ്കർ
ന്യൂഡൽഹി: അതിർത്തി കടന്നുള്ള തീവ്രവാദം പാക്കിസ്ഥാൻ വിശ്വസനീയമായി എന്നെന്നേക്കും അവസാനിപ്പിക്കുന്നതുവരെ സിന്ധുനദീജല കരാർ മരവിപ്പിക്കൽ തുടരുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ.
പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യ മരവിപ്പിച്ച 1960ലെ നദീജല കരാറിൽ ചർച്ചകൾക്കു തയാറാണെന്നും ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും പാക്കിസ്ഥാൻ അഭ്യർഥിച്ചതിനു പിന്നാലെയാണ് തീവ്രവാദം അവസാനിപ്പിക്കാതെ മരവിപ്പിക്കൽ നടപടിയിൽനിന്നു പിന്നോട്ടില്ലെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്.
സിന്ധു നദീജലത്തിന് പാക്കിസ്ഥാനിലുള്ള പ്രാധാന്യം വ്യക്തമാക്കി ഇന്ത്യയുടെ കരാർ മരവിപ്പിക്കൽ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു പാക്കിസ്ഥാൻ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയീദ് അലി മുർത്താസ ഇന്ത്യക്ക് കത്തയച്ചിരുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് ജയ്ശങ്കർ നിലപാട് വ്യക്തമാക്കിയത്.
സിന്ധു നദീജല കരാറിൽ ഇന്ത്യ നേരത്തെ ഉന്നയിച്ചിട്ടുള്ള ആശങ്കകളിൽ ചർച്ച നടത്താനുള്ള സന്നദ്ധത പാക്കിസ്ഥാന്റെ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും പാക്കിസ്ഥാനുമായുള്ള ഏതൊരു ചർച്ചയും തീവ്രവാദത്തെ സംബന്ധിച്ചു മാത്രമായിരിക്കുമെന്ന് ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കവെ ജയ്ശങ്കർ വ്യക്തമാക്കി.
കൈമാറേണ്ട തീവ്രവാദികളുടെ പട്ടിക പാക്കിസ്ഥാന്റെ കൈവശമുണ്ടെന്നും തീവ്രവാദി കേന്ദ്രങ്ങൾ അവർ പൂർണമായും അടച്ചുപൂട്ടണമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം കർശനമായി ഉഭയകക്ഷിപരമായിരിക്കും. ഈ വിഷയത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന ഒരു ദേശീയ സമവായമുണ്ടെന്നും അതിൽനിന്നു മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാഷ്മീർ വിഷയത്തിൽ ഒരേയൊരു കാര്യമേ ചർച്ച ചെയ്യാനുള്ളൂ. അത് ഇന്ത്യൻ പ്രദേശത്തു നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പാക് അധിനിവേശ കാഷ്മീർ ഒഴിപ്പിക്കുക എന്നതാണെന്നും ജയ്ശങ്കർ പറഞ്ഞു.
യുഎസുമായുള്ള ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. തീരുവയില്ലാതെയുള്ള വ്യാപാരക്കരാർ ഇന്ത്യ അമേരിക്കയ്ക്കു വാഗ്ദാനം ചെയ്തുവെന്ന് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടതിനോടായിരുന്നു ജയ്ശങ്കറിന്റെ പ്രതികരണം.
സൈന്യത്തിന് ആദരം 20 മുതൽ കോൺഗ്രസിന്റെ ജയ് ഹിന്ദ് സഭകൾ
ന്യൂഡൽഹി: സൈന്യത്തിന് ആദരമർപ്പിച്ച് ഈ മാസം 20 മുതൽ രാജ്യവ്യാപകമായി ജയ് ഹിന്ദ് സഭകൾ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ നടത്തുന്ന റാലികളിൽ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും പാർട്ടി നേതാക്കളും പൊതുജനങ്ങളും പങ്കാളികളാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
ഇതുസംബന്ധിച്ച് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സുരക്ഷാ വീഴ്ചകൾ, ദേശീയസുരക്ഷ കൈകാര്യം ചെയ്യുന്ന സർക്കാരിന്റെ രീതി, ദേശീയസുരക്ഷാ കാര്യങ്ങളിലെ യുഎസ് ഇടപെടലിൽ സർക്കാർ പാലിക്കുന്ന മൗനം എന്നീ വിഷയങ്ങളിൽ ഗുരുതര ചോദ്യമുയർത്തണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
ഡൽഹി, കൊച്ചി, സിംല, ഹൽദ്വാനി, പാറ്റ്ന, ജബൽപുർ, പുന, ഗോവ, ബംഗളൂരു, ഗോഹട്ടി, കോൽക്കത്ത, ഹൈദരാബാദ്, ഭുവനേശ്വർ, പത്താൻകോട്ട് എന്നിവിടങ്ങളിലാണ് ജയ് ഹിന്ദ് സഭകൾ സംഘടിപ്പിക്കുക.
രാജ്യത്ത് ആദ്യ പ്രതിമാസ തൊഴിലില്ലായ്മ ഡാറ്റ പുറത്തിറക്കി
ന്യൂഡൽഹി: ഇന്ത്യ ആദ്യത്തെ പ്രതിമാസ ലേബർ ഫോഴ്സ്, തൊഴിലില്ലായ്മ ഡാറ്റ പുറത്തിറക്കി. 2025 ഏപ്രിലിൽ 15 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്ക് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് (യുആർ) 5.1% ആണ്.
പുരുഷന്മാരുടെ നിരക്ക് (5.2%) സ്ത്രീകളേക്കാൾ (5.0%) നേരിയ തോതിൽ കൂടുതലാണ്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.
പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പിഎൽഎഫ്എസ്) യുടെ കറന്റ് വീക്ക്ലി സ്റ്റാറ്റസ് (സിഡബ്ല്യുഎസ്) അളവുകോലിന്റെ കീഴിൽ ശേഖരിച്ച ഈ പുതിയ പ്രതിമാസ ഡാറ്റ, ഇന്ത്യയുടെ തൊഴിൽ വിപണിയെക്കുറിച്ചുള്ള വേഗതയേറിയതും കൂടുതൽ സൂക്ഷ്മവുമായ ഉൾക്കാഴ്ചകൾ ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ഇതുവരെ, നഗരപ്രദേശങ്ങൾക്ക് ത്രൈമാസമായും ദേശീയ തലത്തിൽ വാർഷികമായും മാത്രമേ തൊഴിൽ സൂചകങ്ങൾ ലഭ്യമായിരുന്നുള്ളൂ. ഏപ്രിലിൽ രാജ്യവ്യാപകമായി തൊഴിൽ സേന പങ്കാളിത്ത നിരക്ക് (എൽഎഫ്പിആർ) 55.6% ആയി രേഖപ്പെടുത്തി.
ഗ്രാമീണ ഇന്ത്യയിൽനിന്നാണ് ലേബർ ഫോഴ്സിൽ ശക്തമായ ഇടപെടലുണ്ടായത്. ഗ്രാമ പ്രദേശങ്ങളിൽ 58.0 ശതമാനവും നഗരപ്രദേശങ്ങളിലിത് 50.7 ശതമാനവുമാണ് രേഖപ്പെടുത്തിയത്. പുരുഷന്മാരിൽ എൽഎഫ്പിആർ രണ്ടു പ്രദേശങ്ങളിലും ഉയർന്ന നിലയിൽ തുടർന്നപ്പോൾ വനിതകളുടേത് വളരെ കുറഞ്ഞു.
ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരുടെ തൊഴിൽ അനുപാതത്തിന്റെ അളവുകോലായ വർക്കർ പോപ്പുലേഷൻ റേഷ്യോ രാജ്യത്ത് 52.8 ശതമാനമായി തുടർന്നു. ഗ്രാമപ്രദേശത്ത് 55.4 ശതമാനവും നഗരപ്രദേശത്ത് 47.4 ശതമാനവും. ഈ സൂചികയിലും ലിംഗ അസമത്വം പ്രകടമായി.
ഗ്രാമീണ വനിതകളിൽ ഡബ്ല്യുപിആർ 36.8 ശതമാനവും 15നു മുകളിലുള്ള പ്രായമുള്ള സ്ത്രീകളിൽ 23.5 ശതമാനത്തിനേ തൊഴിലുള്ളൂ. ഇന്ത്യയിലെ മൊത്തം വനിതാ ഡബ്ല്യുപിആർ ഏപ്രിലിൽ 32.5 ശതമാനമാണ്.
തുർക്കിയെയും അസർബൈജാനെയും ബഹിഷ്കരിക്കാൻ ഇന്ത്യ
ന്യൂഡൽഹി: പാക്കിസ്ഥാനെ അനുകൂലിക്കുന്ന തുർക്കി, അസർബൈജാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യൻ സഞ്ചാരികളെ പരമാവധി നിരുൽസാഹപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ.
2023ൽ മൂന്നു ലക്ഷം ഇന്ത്യൻ സഞ്ചാരികൾ തുർക്കിയും രണ്ട് ലക്ഷം പേർ അസർബൈജാനും സന്ദർശിച്ചിരുന്നു. ഈ രാജ്യങ്ങളിൽ നടക്കുന്ന ഇന്ത്യൻ വിവാഹാഘോഷങ്ങളും ബോളിവുഡ് സിനിമകളുടെ ഷൂട്ടിംഗു വരുംദിവസങ്ങളിൽ വൻതോതിൽ കുറയുമെന്നാണു കരുതപ്പെടുന്നത്.
ടൂറിസം വരുമാനത്തിനു പുറമേ, സന്പന്നരായ ഇന്ത്യാക്കാർ കോടിക്കണക്കിന് രൂപ ഈ രാജ്യങ്ങളിൽ ആഡംബരവിവാഹങ്ങൾ നടത്താൻ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കുകൾ. തുർക്കിയെ ബഹിഷ്കരിക്കണമെന്ന് നിർമാതാക്കളോടും നടീനടന്മാരോടും ചലച്ചിത്ര സംഘടനകളും അഭ്യർഥിച്ചിട്ടുണ്ട്.
ഈ രാജ്യങ്ങളിൽ ചിത്രീകരിക്കുന്ന സിനിമകൾക്ക് യാതൊരുവിധ സർക്കാർ സഹായവുമുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു കഴിഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ അപലപിച്ച രാജ്യങ്ങളാണ് തുർക്കിയും അസർബൈജാനും. പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ ഉപയോഗിച്ച നിരവധി ഡ്രോണുകളും തുർക്കിയുടെ സംഭാവനയായിരുന്നു.
തുർക്കി ഗ്രൗണ്ട് ഹാൻഡ്ലിംഗ് കന്പനിക്ക് ഇന്ത്യയിൽ വിലക്ക്
ന്യൂഡൽഹി: തുർക്കി ആസ്ഥാനമായി ഗ്രൗണ്ട് ഹാൻഡ്ലിംഗ് കന്പനി സെലെബിക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ വിലക്കേർപ്പെടുത്തി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്). ഇന്ത്യ-പാക് സംഘർഷത്തിൽ പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന തുർക്കിയുടെ നിലപാടാണ് നടപടിക്കു കാരണം.
ദേശീയസുരക്ഷ മുൻനിർത്തിയാണ് കന്പനിക്കു നല്കിയ സെക്യൂരിറ്റി ക്ലിയറൻസ് റദ്ദാക്കുന്നതെന്ന് ബിസിഎഎസ് ജോയിന്റ് ഡയറക്ടർ (ഓപ്പറേഷൻസ്) സുനിൽ യാദവ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി, ചെന്നൈ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഗ്രൗണ്ട് ഹാൻഡ്ലിംഗ് കൈകാര്യം ചെയ്യുന്ന കന്പനിയാണ് തുർക്കിയിലെ ഈസ്താംബുൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെലെബി എയർപോർട്ട് സർവീസസ്.
സോഫിയ ഖുറേഷിക്കെതിരായ പരാമർശം: മന്ത്രിക്ക് സുപ്രീംകോടതിയുടെ താക്കീത്
ന്യൂഡൽഹി: "ഓപ്പറേഷൻ സിന്ദൂറി’നെക്കുറിച്ച് മാധ്യമങ്ങളിലൂടെ രാജ്യത്തെ അറിയിച്ച വനിതാ സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായ കേണൽ സോഫിയ ഖുറേഷിക്കെതിരേ മധ്യപ്രദേശ് കാബിനറ്റ് മന്ത്രി കുൻവർ വിജയ് ഷാ നടത്തിയ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.
സംവേദനക്ഷമത പാലിക്കേണ്ട സമയങ്ങളിൽ ഭരണഘടനാപദവികൾ വഹിക്കുന്ന വ്യക്തികൾ ഉത്തരവാദിത്വത്തോടെ സംസാരിക്കണമെന്ന് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുടെ ബെഞ്ച് താക്കീത് നൽകി.
രാജ്യം പ്രത്യേക സാഹചര്യത്തിലൂടെ കടന്നുപോകുന്പോൾ പൊതുപരാമർശങ്ങളിൽ അന്തസ് നിലനിർത്തേണ്ട പ്രാധാന്യത്തെക്കുറിച്ച് മന്ത്രിയെ കോടതി ഓർമിപ്പിച്ചു.
സോഫിയ ഖുറേഷിയെ "തീവ്രവാദികളുടെ സഹോദരി' എന്നു വിശേഷിപ്പിച്ച ബിജെപി മന്ത്രിയുടെ പ്രസ്താവനയിൽ എഫ്ഐആർ ഇട്ട് കേസെടുക്കാൻ മധ്യപ്രദേശ് ഹൈക്കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ഷാ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് വിഷയത്തിൽ രൂക്ഷവിമർശനം നേരിട്ടത്.
വിഷയത്തിൽ അടിയന്തര വാദം ആവശ്യപ്പെട്ടെങ്കിലും അതു നിരസിച്ച കോടതി എഫ്ഐആർ സ്റ്റേ ചെയ്യാനും വിസമ്മതിച്ചു. ഹർജി ഇന്ന് പരിഗണിക്കും. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് ഹൈക്കോടതിയെ അറിയിക്കാനും ബെഞ്ച് നിർദേശിച്ചു.
മന്ത്രിയുടെ പരാമർശത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചതായും തന്റെ വാക്കുകളെ മാധ്യമങ്ങളാണ് മറ്റു തലത്തിലേക്ക് എത്തിച്ചതെന്നും ഷായ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക വിഭ ദത്ത മഖിജ കോടതിയിൽ പറഞ്ഞു. എന്നാൽ, ഈ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളുകയായിരുന്നു.
"ഓപ്പറേഷൻ സിന്ദൂറി'ന്റെ വിജയം ആഘോഷിക്കുന്പോൾ പൊതുപരിപാടിയിലെ ബിജെപി മന്ത്രിയുടെ പ്രസ്താവന കേന്ദ്രസർക്കാരിനെയും പാർട്ടിയെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു.
വിവാദ പരാമർശനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ഹൈക്കോടതി ഇടപെട്ടതോടെ ബുധനാഴ്ച വൈകുന്നേരമാണ് ഭാരതീയ ന്യായ സംഹിതയിൽ വിവിധ വകുപ്പുകൾ ചേർത്തു മന്ത്രിക്കെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
എഫ്ഐആർ ദുർബലമെന്ന് ഹൈക്കോടതി
ജബൽപുർ: കേണൽ സോഫിയ ഖുറേഷിക്കെതിരേ വിദ്വേഷ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആർ ദുർബലമെന്നു മധ്യപ്രദേശ് ഹൈക്കോടതി.
മന്ത്രിയെ സഹായിക്കുന്ന വിധത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നു കോടതി കുറ്റപ്പെടുത്തി. കേസ് അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കുമെന്നു ജസ്റ്റീസ് അതുൽ ശ്രീധരൻ, അനുരാധ ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.
ഭീകരരുടെ സഹോദരി എന്നാണു കേണൽ സോഫിയ ഖുറേഷിയെ മന്ത്രി വിജയ് ഷാ അധിക്ഷേപിച്ചത്. അപമാനകരവും അപകടകരവുമാണു മന്ത്രിയുടെ പരാമർശമെന്നു കഴിഞ്ഞ ദിവസം കോടതി നിരീക്ഷിച്ചിരുന്നു.
മണിപ്പുരിൽ സൈനിക നടപടി; 10 കുക്കികൾ കൊല്ലപ്പെട്ടു
ന്യൂഡൽഹി: മണിപ്പുരിലെ മ്യാൻമർ അതിർത്തിക്കടുത്തുള്ള ചന്ദേലിൽ സുരക്ഷാസേനകളുമായുള്ള ഏറ്റുമുട്ടലിൽ 10 കുക്കികൾ കൊല്ലപ്പെട്ടു. തീവ്രവാദ ഗ്രൂപ്പിൽപ്പെട്ട സായുധ കേഡറുകളാണു കൊല്ലപ്പെട്ടതെന്ന് ആസാം റൈഫിൾസ് അവകാശപ്പെട്ടു.
ചന്ദേൽ ജില്ലയിലെ ഖെംഗ്ജോയ് താലൂക്കിലെ ന്യൂ സാംതാൽ ഗ്രാമത്തിനടുത്ത് സായുധ കേഡറുകളുടെ നീക്കത്തെക്കുറിച്ച് രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെത്തുടർന്ന് ആസാം റൈഫിൾസിന്റെ മൂന്നാം കോർപ്സിനു കീഴിലുള്ള യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ദൗത്യത്തിലാണു തീവ്രവാദികൾ കൊല്ലപ്പെട്ടതെന്ന് ഇന്ത്യൻ സൈന്യത്തിന്റെ ഈസ്റ്റേണ്‍ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു.
സായുധരായ പോരാളികൾ സൈനികർക്കു നേരേ വെടിയുതിർത്തെന്നും തുടർന്നു നടത്തിയ പ്രത്യാക്രമണത്തിലാണ് പത്തുപേരും കൊല്ലപ്പെട്ടതെന്നുമാണ് വിശദീകരണം. ഇവരിൽനിന്നു വലിയതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തുവെന്നും സൈന്യം അറിയിച്ചു. കൊല്ലപ്പെട്ടവരുടെ സായുധ കേഡറുകളുമായുള്ള ബന്ധവും തിരിച്ചറിയലും അടക്കമുള്ള വിശദാംശങ്ങളും ശേഖരിച്ചുവരുന്നതേയുള്ളൂവെന്നും സൈന്യം വ്യക്തമാക്കി.
ഇതിനിടെ, നാഗാ ഭൂരിപക്ഷ ജില്ലയായ ഉക്രുളിൽ ചൊവ്വാഴ്ച മുതൽ 24 വരെ നീളുന്ന ഷിരിയി ലില്ലി ഉത്സവത്തിന് തടങ്ങളുണ്ടാകില്ലെന്ന് മണിപ്പുർ പോലീസ് അറിയിച്ചു. മണിപ്പുരിന്റെ സംസ്ഥാന പുഷ്പമായ ഷിരിയി ലില്ലിപ്പൂക്കളുടെ സംസ്ഥാന ഉത്സവത്തിനു വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയതായി രാഷ്ട്രപതി ഭരണത്തിലുള്ള ഭരണകൂടം വ്യക്തമാക്കി.
കുക്കി മേഖലകളിലൂടെ മെയ്തെയ് വിഭാഗക്കാർ ഉത്സവത്തിനായി പോകാൻ അനുവദിക്കില്ലെന്ന കുക്കി സോ വില്ലേജ് വോളണ്ടിയർ - ഇസ്റ്റേണ്‍ സോണ്‍ എന്നപേരിൽ പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്നു പോലീസ് പറയുന്നു. അത്തരത്തിലൊരു സംഘടന നിലവിലില്ലെന്ന് കുക്കി സംഘടനകൾ വ്യക്തമാക്കിയതായും പോലീസ് അറിയിച്ചു.
പാക് അനുകൂല പ്രസ്താവന: എംഎൽഎ അറസ്റ്റിൽ
നാഗാവ്: പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെ അനുകൂലിച്ചു പ്രസ്താവനകൾ നടത്തിയ ആസാമിലെ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) എംഎൽഎയ അമിനുൾ ഇസ്ലാമിനെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തു.
രാജ്യദ്രോഹക്കുറ്റം ചുമത്തി ഏപ്രിൽ 24ന് അറസ്റ്റ് ചെയ്ത എംഎൽഎയെ പിന്നീട് ജാമ്യത്തിൽ വിട്ടെങ്കിലും ഉടനടി നാഗാവ് സെൻട്രൽ ജയിലിൽനിന്ന് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇപ്പോൾ ഇതേ ജയിലിലാണു പാർപ്പിച്ചിരിക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നതിനിടെ, പഹൽഗാം ഭീകരാക്രമണം സർക്കാരിന്റെ ഗൂഢാലോചനയാണെന്ന തരത്തിൽ എംഎൽഎ പ്രസംഗിക്കുന്ന വീഡിയോ നേരത്തേ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, പ്രസ്താവന വ്യക്തിപരമാണെന്നും പാർട്ടി നിലപാടല്ലെന്നും എഐയുഡിഎഫ് വക്താവ് അറിയിച്ചു.
ഇന്ത്യയെ ആക്രമിക്കാൻ തുർക്കി നൽകിയത് 350 ഡ്രോൺ
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാന് തുർക്കി 350ലേറെ ഡ്രോണുകളും സാങ്കേതിക വിദഗ്ധരടക്കം നേരിട്ടു പലവിധ സഹായങ്ങളും നൽകിയതിന്റെ തെളിവുകൾ പുറത്ത്. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ "ഓപ്പറേഷൻ സിന്ദൂർ' ആക്രമണത്തിൽ രണ്ടു തുർക്കി സൈനികരും കൊല്ലപ്പെട്ടു.
ഇന്ത്യക്കെതിരേയുള്ള ആക്രമണത്തെ സഹായിക്കാൻ "ഓപ്പറേഷൻ സിന്ദൂറി'നു മുന്‍പേതന്നെ തുർക്കി വ്യോമസേനയുടെ സി-130 വിമാനവും തുർക്കിയുടെ യുദ്ധക്കപ്പലും പാക്കിസ്ഥാനിലെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പാക്കിസ്ഥാൻ വിലയേറിയ സഹോദരനാണെന്നും മുന്‍പത്തേതുപോലെ നല്ലതും ചീത്തയുമായ സമയങ്ങളിൽ പാക്കിസ്ഥാനോടൊപ്പം തുർക്കി എപ്പോഴും ഉണ്ടാകുമെന്നും പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പ്രഖ്യാപിച്ചതും ഇന്ത്യയോടുള്ള വെല്ലുവിളികൂടിയായി.
പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന തുർക്കി, അസർബൈജാൻ, ചൈന എന്നീ രാജ്യങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനം ഇന്ത്യയിൽ ശക്തമാകുന്നതിനിടെയാണ് ഇന്ത്യക്കെതിരേയുള്ള പാക് ആക്രമണത്തിൽ തുർക്കിയുടെ നേരിട്ടുള്ള പങ്കിന്റെ വിശദാംശങ്ങൾ പുറത്തു വന്നത്.
കോവിഡിനെത്തുടർന്ന് തുർക്കിയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി വ്യാപിച്ചതാണ് തുർക്കിയുടെ പ്രതിരോധ ഉത്പാദനം വർധിപ്പിക്കാൻ സഹായിച്ചതെന്നും ഇതു ഫലത്തിൽ ഇന്ത്യക്കെതിരേതന്നെ അവർ ഉപയോഗിച്ചുവെന്നും വിദഗ്ധർ കരുതുന്നു.
വിമാനം, അലുമിനിയം, ഓട്ടോ ഘടകങ്ങൾ, ടെലികോം ഉപകരണങ്ങൾ, ഇലക്ട്രിക്കൽ യന്ത്രങ്ങൾ എന്നിവയുൾപ്പെടെ തുർക്കിയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്ന പ്രധാന സാധനങ്ങളാണ് ഡ്രോണ്‍ ഉത്പാദനം കൂട്ടിയതിനു കാരണമായതെന്നാണു റിപ്പോർട്ടുകൾ.
പാക്കിസ്ഥാന്റെ സൈനിക ഇറക്കുമതിയുടെ 80 ശതമാനത്തോളം തുർക്കിയിൽനിന്നാണ്. യുദ്ധവിമാനങ്ങൾ, റഡാറുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, സായുധ ഡ്രോണുകൾ തുടങ്ങിവയെല്ലാം തുർക്കിയിൽനിന്നാണു പാക്കിസ്ഥാൻ വാങ്ങുന്നത്.
നിർണായക സൈനിക ഹാർഡ്വെർ നൽകിയതിനു പുറമെ, പാക്കിസ്ഥാൻ സൈന്യത്തിന് തുർക്കി പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. ഡ്രോണുകൾ ഇന്ത്യയിലെ കൃത്യലക്ഷ്യത്തിലേക്ക് അയച്ച് മാരകപ്രഹരം നൽകാനായി വിദഗ്ധരായ ഓപ്പറേറ്റർമാരെയും തുർക്കി പാക്കിസ്ഥാനിലേക്കയച്ചു. ഇന്ത്യയെ ആക്രമിക്കാനായി തുർക്കിയുടെ 350-ലധികം ഡ്രോണുകൾ പാക്കിസ്ഥാൻ ഉപയോഗിച്ചതായി ഇന്ത്യൻ സൈന്യം ചൂണ്ടിക്കാട്ടിയിരുന്നു.
ആളില്ലാ യുദ്ധവിമാനമായ "ബെയ്രക്തർ ടിബി2’ (യുസിഎവി), വൈഐഎച്ച്എ ഡ്രോണുകൾ എന്നിവ ഇന്ത്യക്കെതിരേ പാക്കിസ്ഥാൻ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. ലക്ഷ്യങ്ങൾ നിർണയിക്കാനും മാരകവും കൃത്യവുമായ ആക്രമണങ്ങൾ നടത്താനുമായിരുന്നു ഇവ.
ഇന്ത്യയുടെ സൈനിക മുന്നേറ്റങ്ങളും വാഹനവ്യൂഹങ്ങളും ലക്ഷ്യമിട്ടായിരുന്നു ഡ്രോണുകൾ പ്രധാനമായും ഉപയോഗിച്ചത്. കഴിഞ്ഞ ഏഴിനു രാത്രി ലേ മുതൽ സർ ക്രീക്ക് വരെയുള്ള ഇന്ത്യയിലെ 36 സ്ഥലങ്ങളിൽ വ്യോമാതിർത്തി ലംഘിച്ച് 300-400 ഡ്രോണുകൾ പാക്കിസ്ഥാൻ ആക്രമണത്തിന് ഉപയോഗിച്ചു.
ഡ്രോണുകളുടെ അവശിഷ്ടങ്ങളിൽ ഫോറൻസിക് അന്വേഷണം നടന്നുവരികയാണെന്നും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അവ തുർക്കി അസിസ്ഗാർഡ് സോങ്കർ ഡ്രോണുകളാണെന്നും പത്രസമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി പറഞ്ഞിരുന്നു.
തുർക്കിയിലേക്കുള്ള യാത്രകൾ മുതൽ ആപ്പിളുകൾ വരെ ബഹിഷ്കരിക്കുന്നു
ന്യൂഡൽഹി: പഹൽഗാം കൂട്ടക്കുരുതിക്കുശേഷം പാക്കിസ്ഥാനെ പിന്തുണച്ച തുർക്കി, അസർബൈജാൻ, ചൈന രാജ്യങ്ങളെയും അവരുടെ ഉത്പന്നങ്ങളെയും ബഹിഷ്കരിക്കണമെന്ന ആഹ്വാനത്തിന് ഇന്ത്യയിൽ പിന്തുണയേറുന്നു. പഴങ്ങൾ മുതൽ ടൂറിസം വരെയുള്ള മേഖലകളിലാണ് വ്യാപാരികളും ട്രാവൽ ഏജൻസികളും ബഹിഷ്കരണം പ്രഖ്യാപിച്ചത്.
തുർക്കി ആപ്പിൾ ഇനി വേണ്ടെന്നു വ്യക്തമാക്കി ഡൽഹിയിലെയും പൂനയിലെയും വ്യാപാരികൾ അനൗദ്യോഗിക നിരോധനം ഇന്നലെമുതൽ നടപ്പാക്കി. തുർക്കി ആപ്പിളുകളും മറ്റു പഴവർഗങ്ങളും പൂർണമായി ബഹിഷ്കരിക്കുമെന്ന് ഡൽഹിക്കടുത്ത് ഗാസിയാബാദിലെയും പൂനയിലെയും പഴവർഗങ്ങളുടെ മൊത്ത-ചില്ലറ വ്യാപാരികൾ അറിയിച്ചു.
1,200 മുതൽ 1,400 കോടി രൂപയുടെ തുർക്കി ആപ്പിളുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. ഡൽഹി, യുപി, പൂന തുടങ്ങിയ നഗരങ്ങളിലെ പഴക്കടകളിൽ ഇനിമുതൽ തുർക്കിയുടെ പഴങ്ങൾ വിൽക്കില്ല.
പാക്കിസ്ഥാനെ പിന്തുണച്ച തുർക്കിയിൽനിന്നുള്ള എല്ലാ പഴവർഗങ്ങളുടെയും ഇറക്കുമതിയും വില്പനയും ഉടൻ നിർത്തിവയ്ക്കുകയാണെന്ന് യുപിയിലെ ഗാസിയാബാദ് ഫ്രൂട്ട് വ്യാപാരികളായ ഷദാബ് ഖാനും നൂർ മുഹമ്മദും പറഞ്ഞു.
മറ്റു രാജ്യങ്ങളിൽനിന്നുള്ള ആപ്പിളുകൾ കൂടുതലായി ഇറക്കുമതി ചെയ്യാനാണു തീരുമാനം. തുർക്കിയിലേക്കുള്ള വിനോദസഞ്ചാര പാക്കേജുകൾ തത്കാലം റദ്ദാക്കിയതായി പ്രമുഖ ട്രാവൽ കന്പനികളായ കോക്സ് ആൻഡ് കിംഗ്സ്, ഈസി മൈ ട്രിപ്, ഇക്സിഗോ എന്നിവ അറിയിച്ചു.
തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള വിനോദയാത്രകൾ ഇന്ത്യക്കാർ വൻതോതിലാണു റദ്ദാക്കുന്നത്. തുർക്കി, അസർബൈജാൻ വിനോദയാത്രകൾ നേരത്തെ ബുക്ക് ചെയ്തിരുന്നവർ യാത്രാപരിപാടികൾ വൻതോതിൽ റദ്ദാക്കുകയാണെന്നും റദ്ദാക്കുന്നവരുടെ എണ്ണത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ 250 ശതമാനം വരെ വർധനയുണ്ടായെന്നും മെയ്ക്ക് മൈ ട്രിപ്പ് കന്പനി വ്യക്തമാക്കി.
മാലദ്വീപിലെ മുയിസു സർക്കാരിന്റെ ഇന്ത്യാവിരുദ്ധ, മോദിവിരുദ്ധ പരാമർശങ്ങളെത്തുടർന്ന് മുന്‍പ് മാലദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുത്തനേ ഇടിവുണ്ടായതിനു സമാനമാണ് തുർക്കിയിലേക്കുള്ള ഇപ്പോഴത്തെ സ്ഥിതി.
പാക്കിസ്ഥാന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന തുർക്കി, അസർബൈജാൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ബഹിഷ്കരിക്കാൻ ഇന്ത്യൻ കോടീശ്വരൻ ഹർഷ് ഗോയങ്ക ഇന്ത്യക്കാരോട് അഭ്യർഥിച്ചു.
“തുർക്കിയുടെയും അസർബൈജാന്റെയും സന്പദ്വ്യവസ്ഥയ്ക്ക് 4,000 കോടിയിലധികം രൂപ ഇന്ത്യൻ വിനോദസഞ്ചാരികൾ സംഭാവന നൽകിയിട്ടുണ്ട്.
പാക്കിസ്ഥാനെ പരസ്യമായി പിന്തുണയ്ക്കുന്ന ഈ രാജ്യങ്ങളിലേക്കുള്ള യാത്ര ഇന്ത്യക്കാർ ബഹിഷ്കരിക്കുന്നതോടെ ഇന്ത്യയുടെ ശക്തി മനസിലാകും. ഇന്ത്യയിലും ലോകത്തും ധാരാളം മനോഹരമായ സ്ഥലങ്ങളുണ്ട്. ദയവായി ഈ രണ്ടു രാജ്യങ്ങൾ ഒഴിവാക്കുക. ജയ് ഹിന്ദ്.”- ഗോയങ്ക ട്വിറ്ററിൽ എഴുതി.
നമ്മുടെ രാജ്യത്തോടുള്ള ഐക്യദാർഢ്യത്തോടെ തുർക്കി, അസർബൈജാൻ, ചൈന എന്നിവിടങ്ങളിലേക്കുള്ള വിമാന, ഹോട്ടൽ ബുക്കിംഗുകൾ താത്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ഇക്സിഗോ അറിയിച്ചു.
സിന്ധു നദീജല കരാര്‍; പുനഃപരിശോധന വേണമെന്ന് പാക്കിസ്ഥാന്
ന്യൂഡല്‍ഹി: സിന്ധുനദീജല കരാര്‍ റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് പാക്കിസ്ഥാന്.
ഇക്കാര്യമുന്നയിച്ച് പാക്കിസ്ഥാന് ജലവിഭവ മന്ത്രാലയം സെക്രട്ടറി സയിദ് അലി മുര്‍തസ ഇന്ത്യന്‍ ജല്‍ ശക്തി മന്ത്രാലയത്തിനു കത്തയച്ചു. കരാര്‍ റദ്ദാക്കിയതു പാക്കിസ്ഥാനില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നു കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നാണ് സിന്ധു നദീ ജല കരാര്‍ ഇന്ത്യ റദ്ദാക്കിയത്. പാക്കിസ്ഥാനുമായി മുമ്പു പല തവണ യുദ്ധങ്ങളുണ്ടായിട്ടും സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ആദ്യമായാണ്.
പാക്കിസ്ഥാനു വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കുന്നതും ഇന്ത്യ നിര്‍ത്തിവച്ചു. കരാര്‍ റദ്ദാക്കിയതു യുദ്ധമായി കണക്കാക്കുമെന്നായിരുന്നു പാക്കിസ്ഥാന്റെ നിലപാട്. ഓപ്പറേഷന് സിന്ദൂറില്‍ വന്‍ തിരിച്ചടി നേരിട്ട പാക്കിസ്ഥാന് ഗത്യന്തരമില്ലാതെ സിന്ധുനദീജല കരാര്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയാണ്. സിന്ധുനദീജല കരാര്‍ റദ്ദാക്കിയതോടെ പാക്കിസ്ഥാന്റെ കിഴക്കന്‍ മേഖല വരള്‍ച്ചയുടെ പിടിയിലാണ്. കാര്‍ഷികവിളകളെ വരള്‍ച്ച ബാധിച്ചിട്ടുണ്ട്.
ജലവും രക്തവും ഒരുമിച്ച് ഒഴുകില്ലെന്നായിരുന്നു ഓപ്പറേഷന് സിന്ദൂറിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
1960ല്‍ ലോക ബാങ്കിന്റെ ഇടപെടലിലാണു സിന്ധു നദീജലകരാര്‍ യാഥാര്‍ഥ്യമായത്. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പാക്കിസ്ഥാന് പ്രസിഡന്റ് മുഹമ്മദ് അയൂബ് ഖാനും കറാച്ചിയില്വച്ചാണു കരാറില്‍ ഒപ്പുവച്ചത്.
കരാര്‍പ്രകാരം കിഴക്കോട്ട് ഒഴുകുന്ന മൂന്നു നദികളുടെ നിയന്ത്രണം ഇന്ത്യക്കും പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ നിയന്ത്രണം പാക്കിസ്ഥാനുമായിരുന്നു.
കേണൽ സോഫിയ ഖുറേഷിക്കെതിരേ ബിജെപി മന്ത്രി
ഇൻഡോർ/ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ വിജയാഹ്ലാദം തുടരുന്നതിനിടെ കേന്ദ്രസർക്കാരിനെയും ബിജെപിയെയും വെട്ടിലാക്കി മധ്യപ്രദേശ് മന്ത്രിയുടെ അതിനിന്ദ്യമായ പരാമർശങ്ങൾ.
പാക്കിസ്ഥാനെതിരേയുള്ള ഇന്ത്യയുടെ സൈനിക നടപടികൾ ലോകത്തോടു വിശദീകരിച്ച കേണൽ സോഫിയ ഖുറേഷിയെ “ഭീകരരുടെ സഹോദരി” എന്നു വിശേഷിപ്പിച്ച കാബിനറ്റ് മന്ത്രി കുൻവാർ വിജയ് ഷാ കേന്ദ്രസർക്കാരിനെയും ബിജെപിയെയും ഒരുപോലെ പ്രതിരോധത്തിലാക്കുകയായിരുന്നു.
വ്യാപക പ്രതിഷേധം തുടരുന്നതിനിടെ മന്ത്രിക്കെതിരേ കേസെടുക്കാൻ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് (എഫ്ഐആര്‍) ഫയല്‍ ചെയ്യാനാണ് സംസ്ഥാന പോലീസിനു നിർദേശം നൽകിയത്.
നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ട് മോദിജി പാഠം പഠിപ്പിച്ചു എന്നാണ് ഇൻഡോറിനു സമീപം രാമരാമകുണ്ഡയില് നടന്ന പൊതുയോഗത്തിൽ മന്ത്രി പറഞ്ഞത്.
ഭീകരരെ അവരുടെ വീടുകളില്‍ച്ചെന്ന് ആക്രമിക്കാനായി അവരുടെ സഹോദരിയെത്തന്നെ സൈനിക ഹെലികോപ്റ്ററില്‍ വിട്ടാണു പ്രധാനമന്ത്രി തിരിച്ചടിച്ചതെന്നും പ്രസംഗത്തിലുണ്ടായിരുന്നു.
പരാമർശം വിവാദമായതോടെ മന്ത്രി നിലപാട് മയപ്പെടുത്തി. “കേണൽ സോഫിയ ഖുറേഷി ജാതിക്കും മതത്തിനും അതീതമായി രാജ്യത്തിന് അഭിമാനം കൊണ്ടുവന്നു. രാജ്യത്തോടുള്ള അവരുടെ സേവനത്തിന് അവരെ അഭിവാദ്യം ചെയ്യുന്നു.
സ്വപ്നത്തില്‍ പോലും അവരെ അപമാനിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ കഴിയില്ല. തന്റെ പരാമർശം ജനങ്ങളെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പത്തു തവണ ക്ഷമ ചോദിക്കാന്‍ തയാറാണ്”- മന്ത്രി വിശദീകരിച്ചു.
മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുകയാണ്. മന്ത്രിക്കെതിരേ കടുത്ത നടപടി വേണമെന്ന് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു. കേണൽ സോഫിയ ഖുറേഷിയെ ഇന്ത്യയുടെ പെൺകടുവ എന്നു വിശേഷിപ്പിക്കുന്ന ബാനറുമായാണ് മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധത്തിന് എത്തിയത്.
മധ്യപ്രദേശ് മന്ത്രിയെ എന്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്താക്കുന്നില്ല എന്നാണു കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ ചോദ്യം. അതിനീചമായ തരത്തിലുള്ള പരാമർശം ബിജെപിയുടെ രോഗാതുരമായ മാനസികാവസ്ഥയാണു പ്രതിഫലിപ്പിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
വനിതാ ഓഫീസറെ അപമാനിച്ചത് തീർത്തും അസ്വീകാര്യമാണെന്ന് മറ്റൊരു ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് പറഞ്ഞു. മന്ത്രിയെ ഉടൻ പുറത്താക്കുക മാത്രമല്ല ബിജെപിയുടെ മുതിർന്ന നേതൃത്വം മാപ്പ് പറയണമെന്നും സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു.
അതേസമയം ദേശീയ വനിതാ കമ്മിഷനാകട്ടെ പരാമർശത്തെ അപലപിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരോടൊപ്പം ദൈനംദിന സൈനിക നടപടികൾ വിശദീകരിച്ചതോടെ ഇന്ത്യാ-പാക് സംഘർഷകാലത്ത് ശ്രദ്ധാകേന്ദ്രമാവുകയായിരുന്നു.
പാക് പിടിയിലായ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഏപ്രിൽ 23ന് പാക്കിസ്ഥാൻ റേഞ്ചേഴ്സിന്റെ കസ്റ്റഡിയിലായ ബിഎസ്എഫ് കോണ്‍സ്റ്റബിൾ പൂർണം കുമാർ ഷായെ ഇന്ത്യക്കു കൈമാറി.
22 ദിവസത്തിനുശേഷമാണ് പഞ്ചാബിലെ വാഗ- അട്ടാരി അതിർത്തി വഴി ഷായെ ഇന്നലെ രാവിലെ പത്തരയോടെ പാക്കിസ്ഥാൻ ഇന്ത്യക്കു കൈമാറിയത്.
നിലവിലെ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് സമാധാനപരമായിട്ടാണ് കൈമാറ്റം നടന്നതെന്ന് ബിഎസ്എഫ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഇതോടൊപ്പം രാജസ്ഥാൻ അതിർത്തിയിൽനിന്ന് ബിഎസ്എഫ് പിടികൂടിയ മുഹമ്മദ് അല്ലാഹ് എന്ന പാക് സൈനികനെ ഇന്ത്യ തിരികെ കൈമാറി.
ഇന്ത്യയിലെത്തിയ ഷായെ വൈദ്യപരിശോധനയ്ക്കും ചോദ്യം ചെയ്യലിനും വിധേയമാക്കി. അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നാണ് സേനാവൃത്തങ്ങൾ അറിയിച്ചത്.
പഞ്ചാബിലെ ഫിറോസ്പുരിലെ ബിഎസ്എഫിന്റെ 24-ാം ബറ്റാലിയൻ അംഗമാണ് പശ്ചിമബംഗാൾ ഹൂഗ്ലി സ്വദേശിയായ 40 വയസുള്ള പൂർണം കുമാർ ഷാ. പഹൽഗാം ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനെതിരേ ഇന്ത്യ കടുത്ത നടപടികളിലേക്കു കടന്ന ഘട്ടത്തിൽ അതിർത്തി ഗ്രാമങ്ങളിലെ കർഷകരെ വിളകൾ നീക്കം ചെയ്യുന്നതിനുവേണ്ടി സഹായിക്കുന്പോഴായിരുന്നു ഇദ്ദേഹം പാക്കിസ്ഥാൻ റേഞ്ചേഴ്സിന്റെ പിടിയിലായത്.
തുടർന്ന് പതിവ് ഫ്ലാഗ് മീറ്റിംഗിലൂടെയും മറ്റു നയപരമായ സംവാദത്തിലൂടെയും മോചനം ആവശ്യപ്പെട്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ നീണ്ടുപോകുകയായിരുന്നു.
ബിഎസ്എഫ് ജവാൻ കസ്റ്റഡിയിലായതിനു പിന്നാലെ അദ്ദേഹത്തിന്റെ കണ്ണു കെട്ടിയ ചിത്രം പാക്കിസ്ഥാൻ പുറത്തുവിട്ടിരുന്നു.
തദ്ദേശീയ ഡ്രോണ്‍ പ്രതിരോധ സംവിധാനം "ഭാർഗവാസ്ത്ര’ വിജയകരമായി പരീക്ഷിച്ചു
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണ്‍ പ്രതിരോധ സംവിധാനമായ"ഭാർഗവാസ്ത്ര’ വിജയകരമായി പരീക്ഷിച്ചു.
ഒഡീഷയിലെ ഗോപാൽപുർ സീവാർഡ് ഫയറിംഗ് റേഞ്ചിൽ ആർമി എയർ ഡിഫൻസിലെ (എഎഡി) മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു "ഭാർഗവാസ്ത്ര’യുടെ പരീക്ഷണം. ഡ്രോണ്‍ ആക്രമണത്തെ തടയാൻ താരതമ്യേന ചെലവ് കുറഞ്ഞ ഈ പ്രതിരോധസംവിധാനം സഹായിക്കുമെന്നാണ് കണക്കാക്കുന്നത്.
ഹാർഡ് കിൽ മോഡിൽ രൂപകല്പന ചെയ്തിരിക്കുന്ന "ഭാർഗവാസ്ത്ര’യ്ക്ക് വായുവിലൂടെ 2.5 കിലോമീറ്റർ വരെ ദൂരത്തിൽ ചെറുതും വലുതുമായ ഡ്രോണുകൾ കണ്ടെത്തി ഇല്ലാതാക്കാനുള്ള നൂതന കഴിവുണ്ട്. ചെറുറോക്കറ്റുകളും മിസൈലുകളും ഉപയോഗിച്ചാണ് ഇവ ഡ്രോണുകളെ ഇല്ലാതാക്കുന്നത്.
ദിശനിർണയ സംവിധാനം ഉള്ളത്, ഇല്ലാത്തത് എന്നിങ്ങനെ രണ്ടു തരത്തിലാണ് "ഭാർഗവാസ്ത്ര’ രൂപകല്പന ചെയ്തിരിക്കുന്നത്. ദിശനിർണയ സംവിധാനം ഇല്ലാത്ത ഡ്രോണുകൾ ആദ്യഘട്ട പ്രതിരോധം തീർക്കുന്പോൾ ദിശ നിർണായ സംവിധാനമുള്ളവ രണ്ടാംഘട്ട പ്രതിരോധം തീർക്കും. സമുദ്രനിരപ്പിൽനിന്ന് 5,000 മീറ്ററിൽ കൂടുതൽ ഉയരമുള്ള പ്രദേശങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിൽ തടസമില്ലാതെ പ്രവർത്തിക്കാൻ ഇവയ്ക്കു സാധിക്കും.
ഒരേസമയം 64ലധികം ചെറുമിസൈലുകൾ വിക്ഷേപിക്കാൻ ഇവയ്ക്കു കഴിയും. സോളാർ ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ലിമിറ്റഡ് (എസ്ഡിഎഎൽ) എന്ന കന്പനിയാണ് "ഭാർഗവാസ്ത്ര’രൂപകല്പന ചെയ്തു വികസിപ്പിച്ചത്.
ഇന്ത്യ-പാക് സംഘർഷസമയത്ത് അതിർത്തി മേഖലകൾ നിരവധി ഡ്രോണ്‍ ആക്രമണം നേരിട്ടിരുന്നു. റഷ്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനമായ എസ്- 400 ഉപയോഗിച്ചായിരുന്നു ഇന്ത്യ പാക്കിസ്ഥാനെതിരേ വ്യോമപ്രതിരോധം തീർത്തത്.
താരതമ്യേന വിലകുറഞ്ഞ ഡ്രോണുകളായിരുന്നു ഇന്ത്യക്കെതിരേ ഉപയോഗിച്ചത്. എന്നാൽ ഇവയെ തകർക്കാൻ വിലകൂടിയ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിക്കുന്നത് സായുധസേനയ്ക്ക് വെല്ലുവിളി ഉയർത്തിയിരുന്നു.
എന്നാൽ, ചെലവ് കുറഞ്ഞ വ്യോമപ്രതിരോധ സംവിധാനം സേനയുടെ ഭാഗമാകുന്പോൾ പ്രതിരോധം കൂടുതൽ മെച്ചപ്പെടുമെന്നാണ് കണക്കുകൂട്ടൽ.
ചീഫ് ജസ്റ്റീസായി ബി.ആർ. ഗവായ് സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: രാജ്യത്തിന്റെ 52-ാമത് ചീഫ് ജസ്റ്റീസായി ഭൂഷണ് രാമകൃഷ്ണ ഗവായ് അധികാരമേറ്റു. ഇന്നലെ രാവിലെ രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.
സാധാരണയിൽനിന്നു വ്യത്യസ്തമായി ഹിന്ദിയിലായിരുന്നു ഗവായിയുടെ സത്യപ്രതിജ്ഞ. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രിമാർ, മുൻ ചീഫ് ജസ്റ്റീസ് തുടങ്ങിയവർ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്തു.
സുപ്രീംകോടതിയുടെ ചരിത്രത്തിലെ ആദ്യ ബുദ്ധമതവിശ്വാസിയും ദളിത് വിഭാഗത്തിൽനിന്നുള്ള രണ്ടാമത്തെ ചീഫ് ജസ്റ്റീസുമാണ് ബി.ആർ. ഗവായ്. മലയാളിയായ ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണനാണ് ദളിത് വിഭാഗത്തിൽനിന്നുള്ള ആദ്യ ചീഫ് ജസ്റ്റീസ്.
2019 മേയ് 24ന് സുപ്രീംകോടതി ജഡ്ജിയായി നിയമനം ലഭിച്ച ഗവായ് ഈ വർഷം നവംബർ 23ന് ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്ന് വിരമിക്കും. ആറു മാസമാണ് ചീഫ് ജസ്റ്റീസായുള്ള കാലാവധി.
ഭരണഘടനാബെഞ്ചിൽ ഉൾപ്പെടെ മുന്നൂറോളം കേസുകളിൽ ജസ്റ്റീസ് ഗവായ് വിധിന്യായം എഴുതിയിട്ടുണ്ട്. വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇന്നു വീണ്ടും പരിഗണിക്കാനിരിക്കെ വിഷയത്തിൽ ഗവായിയുടെ നിലപാട് പ്രസക്തമായിരിക്കും.
ഇതോടൊപ്പം വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന കേസുകളിൽ അദ്ദേഹത്തിന്റെ തീരുമാനം നിർണായകമാകും. തെരഞ്ഞെടുപ്പ് ബോണ്ട്, നോട്ട് നിരോധനം തുടങ്ങിയവയ്ക്കെതിരേ സമർപ്പിച്ച ഹർജികൾ പരിഗണിച്ച ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നു ബി.ആർ.ഗവായ്.
ഓപ്പറേഷൻ സിന്ദൂർ; സൈന്യത്തെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു
ന്യൂഡൽഹി: "ഓപ്പറേഷൻ സിന്ദൂർ’വിജയകരമായി നടപ്പിലാക്കിയ സൈന്യത്തെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു.
സൈനികമേധാവികൾ രാഷ്ട്രപതി ഭവനിലെത്തി"ഓപ്പറേഷൻ സിന്ദൂർ’വിശദീകരിച്ചതിനുശേഷമാണ് സർവസൈന്യാധിപകൂടിയായ രാഷ്ട്രപതി സൈന്യത്തിന്റെ ധീരതയെയും അർപ്പണബോധത്തെയും അഭിനന്ദിച്ചത്.
സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ്, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ.ത്രിപാഠി എന്നിവരാണ് "ഓപ്പറേഷൻ സിന്ദൂറി’ൽ വിശദീകരണം നൽകാനായി രാഷ്ട്രപതിയെ സന്ദർശിച്ചത്.
"ഓപ്പറേഷൻ സിന്ദൂർ’ സൈന്യം വൻ വിജയമാക്കി മാറ്റിയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു സേനാ മേധാവികളുടെ സന്ദർശനത്തിനുശേഷം പ്രതികരിച്ചു.
ഓപ്പറേഷൻ സിന്ദൂർ; കേന്ദ്രം രാഷ്ട്രീയവത്കരിക്കുന്നു: കോണ്‍ഗ്രസ്
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുള്ള ദേശീയ പ്രതിസന്ധിയുടെ സമയത്ത് രാജ്യത്തെ ഒറ്റക്കെട്ടായി നയിക്കേണ്ട കേന്ദ്രസർക്കാർ, "ഓപ്പറേഷൻ സിന്ദൂറി’നെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ്.
പഹൽഗാമിനുശേഷം നടന്ന രണ്ടു സർവകക്ഷി യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന പ്രധാനമന്ത്രി 25ന് ഡൽഹിയിൽ ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത് സൈനികനടപടിയെ രാഷ്ട്രീയവത്കരിക്കാനുള്ള നഗ്നമായ ശ്രമമാണെന്ന് ഇന്നലെ ഡൽഹിയിൽ ചേർന്ന കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗീകരിച്ച പ്രമേയത്തിൽ കുറ്റപ്പെടുത്തി.
പഹൽഗാമിലെ ഭീകരാക്രമണത്തിലെ രഹസ്യാന്വേഷണ വീഴ്ചകൾ മുതൽ പാക്കിസ്ഥാനെതിരേ ഇന്ത്യ നടത്തിയ സൈനിക നടപടി പെട്ടെന്ന് അവസാനിപ്പിച്ചതും, മധ്യസ്ഥത നടത്തിയെന്ന് അവകാശപ്പെട്ട അമേരിക്കൻ പ്രസിഡന്റിന്റെ ആദ്യ വെടിനിർത്തൽ പ്രഖ്യാപനവുമടക്കം നിരവധി ചോദ്യങ്ങൾ ചർച്ച ചെയ്യാനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യം വർക്കിംഗ് കമ്മിറ്റി ആവർത്തിച്ചു.
മുതിർന്ന സൈനിക ഉദ്യോഗസ്ഥയെ അപമാനിച്ച് ഭയാനക പ്രസ്താവന നടത്തിയ മധ്യപ്രദേശിലെ ബിജെപി മന്ത്രി ഉടൻ രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ധീരതയോടെ സംരക്ഷിച്ച സായുധസേനകൾക്ക് പൂർണ പിന്തുണ കോണ്‍ഗ്രസ് ആവർത്തിച്ചു. പൂഞ്ചിൽ രക്തസാക്ഷികളായ സൈനികർക്കും സാധാരണക്കാർക്കും അവരുടെ കുടുംബങ്ങൾക്കും കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അഗാധ അനുശോചനം രേഖപ്പെടുത്തി.
പഹൽഗാമിലെ ആക്രമണം വ്യക്തമായ ഇന്റലിജൻസ് പരാജയത്തെക്കുറിച്ച് അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങൾ ഉയർത്തുന്നു. മേഖലയിൽ വർധിച്ച പിരിമുറുക്കങ്ങളും ഭീഷണികളും ഉണ്ടായിരുന്നിട്ടും ഭീകരർക്കു വിലയേറിയ ജീവൻ അപഹരിക്കാൻ കഴിഞ്ഞു.
ഇതിന് ഇതുവരെ ഉത്തരവാദിത്വം നിശ്ചയിച്ചിട്ടില്ലെന്നതു നിർഭാഗ്യകരമാണ്. ആക്രമണം നടത്തിയ ഭീകരെ ഉടൻ അറസ്റ്റ് ചെയ്തു പ്രോസിക്യൂട്ട് ചെയ്യണമെന്ന് വർക്കിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
വ്യക്തമായ മുന്നറിയിപ്പുകൾ നൽകിയിട്ടും ആവശ്യമായ പ്രതിരോധനടപടികൾ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും ഇത്തരമൊരു വീഴ്ച എങ്ങനെ സംഭവിച്ചുവെന്നും സർക്കാർ വിശദീകരിക്കണം.
പാക്കിസ്ഥാനെതിരേ ഇന്ത്യ നടത്തിയ പ്രതികാരനടപടി പെട്ടെന്ന് അവസാനിച്ചത് അദ്ഭുതകരമാണ്. നിരവധി ചോദ്യങ്ങൾക്കു വ്യക്തതയോ ഉത്തരമോ ഇല്ല.
വ്യാപാരഭീഷണിയും ഇന്ത്യക്കുമേൽ സമ്മർദവും ഉപയോഗിച്ചാണ് വെടിനിർത്തൽ നടത്തിയതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന സംബന്ധിച്ച സർക്കാരിന്റെ മൗനം വിശദീകരിക്കാനാകാത്തതും അസ്വീകാര്യവുമാണ്.
ഈ ഗുരുതരമായ ആശങ്കകൾ കണക്കിലെടുത്ത് പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം വിളിക്കാനും പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാനും സർക്കാർ തയാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ജയ്പുർ: രാജസ്ഥാനിൽ പാക് അതിർത്തിയിൽ സുരക്ഷശക്തമാക്കി അധികൃതർ. ഇന്ത്യയിൽനിന്നുള്ള വിവരങ്ങൾ ചോർത്തുന്നതിനു ശ്രമം നടന്നേക്കാമെന്ന നിഗമനത്തിലാണിത്.
ജയ്സാൽമീർ, ശ്രീ ഗംഗാനഗർ എന്നിവിടങ്ങളിൽ പാക് സിം കാർഡുകൾ മൊബൈലിൽ ഉപയോഗിക്കുന്നതിനു വിലക്കുണ്ട്.
അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് 50 കിലോമീറ്റർവരെ ദൂരത്തിലുള്ള ഗ്രാമങ്ങളിൽ സുരക്ഷ അതിശക്തമാക്കി. പുറത്തുനിന്നുള്ളവരുടെ യാത്രയ്ക്കും നിയന്ത്രണങ്ങളുണ്ട്.
അതിർത്തി ജില്ലകളിൽ സ്കൂളുകൾ തുറന്നു
ബാരാമുള്ള: ഇന്ത്യ-പാക് സംഘർഷത്തിന് അയവു വന്നതോടെ ജമ്മു കാഷ്മീരിലെ അതിർത്തിജില്ലകളിൽ സ്കൂളുകളും കോളജുകളും തുറന്നു.
ബാരാമുള്ള, കുപ്വാര, ബന്ദിപോറ ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നത്. നിയന്ത്രണരേഖയോടു ചേർന്നുള്ള ഏതാനും സ്കൂളുകൾ തുറന്നിട്ടില്ല. കാഷ്മീർ താഴ്വരയിലെ മറ്റിടങ്ങളിൽ ചൊവ്വാഴ്ച സ്കൂളുകൾ തുറന്നിരുന്നു.
തകർന്നടിഞ്ഞ് കാഷ്മീർ ടൂറിസം മേഖല
ശ്രീനഗർ: പഹൽഗാമിനെ ഞെട്ടിച്ച ഭീകരാക്രമണം കാഷ്മീരിലെ സന്പദ് വ്യവസ്ഥയെ തകർത്തു തരിപ്പണമാക്കിയെന്നു റിപ്പോർട്ട്.
സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞതോടെ പഹൽഗാം, സോനാമാർഗ്, ഗുൽമാർഗ് തുടങ്ങിയ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ആയിരക്കണക്കിനു പേരുടെ ഉപജീവനമാർഗമാണു വഴിമുട്ടിയിരിക്കുന്നത്.
കുതിരകളെ വളർത്തുന്ന 5,000 പേരും വാഹന ഉടമകളായ 7,700 പേരും അപ്രതീക്ഷിതമായുണ്ടായ ആഘാതത്തിൽ തളർന്നിരിക്കുകയാണ്. ആവശ്യക്കാർ കുറഞ്ഞതോടെ ദാൽ തടാകത്തിലെ ഷിക്കാരകൾ കരയ്ക്കു കയറ്റിയിട്ടിരിക്കുകയാണ്.
ഭീകരാക്രമണത്തിനു മുൻപ് ഷിക്കാരകൾ വിശ്രമമില്ലാതെയുള്ള ഒാട്ടത്തിലായിരുന്നെന്നും ഹോട്ടലുകൾ നിറഞ്ഞുകവിയുകയായിരുന്നെന്നും ഓപ്പറേറ്റർമാരും ഉടമകളും പറയുന്നു.
മേയിൽ ഷിക്കാരകൾ കരയിൽ വിശ്രമിക്കുന്നത് ആദ്യത്തെ സംഭവമാണെന്നും ഒാപ്പറേറ്റർമാർ പറയുന്നു. കൂടാതെ ചെറുകച്ചവടക്കാർ, ടൂർ ഗൈഡുകൾ, ഫോട്ടോഗ്രാഫർമാർ എന്നിവരെല്ലാം പ്രതിസന്ധിയിലാണ്.
പാക്കിസ്ഥാന്റെ കൂടെയെന്ന് എർദോഗൻ
ന്യൂഡൽഹി: പാക്കിസ്ഥാനും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനുമുള്ള പിന്തുണയിൽ ഉറച്ചുനിൽക്കുന്നതായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. മുൻകാലങ്ങളിലേതുപോലെ ഭാവിയിലും പാക്കിസ്ഥാന്റെ നല്ലതും ചീത്തയുമായ സമയങ്ങളിൽ തുർക്കി കൂടെയുണ്ടാകുമെന്നും പാക് പ്രധാനമന്ത്രി ഷെരീഫ് വിലയേറിയ സഹോദരനാണെന്നും എർദോഗൻ വ്യക്തമാക്കി.
ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനു പിന്തുണ നൽകിയതിൽ പ്രതിഷേധിച്ച് തുർക്കിയെ ബഹിഷ്കരിക്കണമെന്ന ആഹ്വാനം ശക്തിപ്രാപിക്കുന്നതിനിടെയാണു പാക്കിസ്ഥാനുള്ള എർദോഗന്റെ ആവർത്തിച്ചുള്ള പരസ്യപിന്തുണ. ""എന്റെ പ്രിയ സഹോദരാ, ലോകത്തിലെ വളരെ കുറച്ചു രാജ്യങ്ങൾ മാത്രം ആസ്വദിക്കുന്ന തുർക്കിയും പാക്കിസ്ഥാനും തമ്മിലുള്ള സാഹോദര്യം യഥാർഥ സൗഹൃദത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ്.
പാക്കിസ്ഥാന്റെ സമാധാനത്തിനും ശാന്തതയ്ക്കും സ്ഥിരതയ്ക്കും തുർക്കി വലിയ പ്രാധാന്യം നൽകുന്നു. തർക്കങ്ങൾ പരിഹരിക്കുന്നതിൽ സംഭാഷണത്തിനും വിട്ടുവീഴ്ചയ്ക്കും മുൻഗണന നൽകുന്ന പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ വിവേകപൂർണവും ക്ഷമാപരവുമായ നയത്തെ അഭിനന്ദിക്കുന്നു. ഏറ്റവും ഹൃദയംഗമമായ വാത്സല്യത്തോടെ സൗഹൃദപരവും സഹോദരപരവുമായ പാക്കിസ്ഥാനെ സ്വാഗതം ചെയ്യുന്നു''തുർക്കി പ്രസിഡന്റ് എഴുതി.
പാക്കിസ്ഥാന് ശക്തമായ പിന്തുണയും അചഞ്ചലമായ ഐക്യദാർഢ്യവും നൽകിയ തുർക്കിക്കു നന്ദി പറഞ്ഞ് പാക് പ്രധാനമന്ത്രി ഷെരീഫ് എക്സിൽ കുറിച്ചതിനു മറുപടിയായാണ് എർദോഗന്റെ പ്രഖ്യാപനം.""പ്രിയ സഹോദരൻ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ പാക്കിസ്ഥാനോടുള്ള പിന്തുണയും ഐക്യദാർഢ്യവും വളരെയധികം സ്പർശിച്ചു.
തുർക്കിയുമായുള്ള ദീർഘകാല സഹോദരബന്ധങ്ങളിൽ പാക്കിസ്ഥാൻ അഭിമാനിക്കുന്നു. ഓരോ പുതിയ വെല്ലുവിളികളിലും അതു കൂടുതൽ ശക്തമായി. ദക്ഷിണേഷ്യയിൽ സമാധാനം വളർത്തുന്നതിനുള്ള അദ്ദേഹത്തിന്റെ സൃഷ്ടിപരമായ പങ്കിനും ദൃഢനിശ്ചയ ശ്രമങ്ങൾക്കും പ്രത്യേകിച്ചു നന്ദിയുള്ളവനാണ്.
രണ്ടു രാജ്യങ്ങൾക്കും ജനങ്ങൾക്കും ശോഭനവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കാൻ ഒരുമിച്ചു പ്രവർത്തിക്കുന്പോൾ പാക്കിസ്ഥാനും തുർക്കിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി വളരട്ടെ’’- പാക് പ്രധാനമന്ത്രി എക്സിലെ കുറിപ്പിൽ പറഞ്ഞു.
തുര്‍ക്കി സര്‍വകലാശാല കരാര്‍ ജെഎന്‍യു റദ്ദാക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല തുര്‍ക്കിയിലെ ഇനോനു സര്‍വകലാശാലയുമായി ഒപ്പുവച്ച കരാര്‍ റദ്ദാക്കി.
ഇന്ത്യ-പാക് സംഘര്‍ഷത്തിലെ തുര്‍ക്കിയുടെ നിലപാട് പരിഗണിച്ചാണു തീരുമാനം. പാക്കിസ്ഥാൻ അനുകൂല നിലപാട് തുർക്കി സ്വീകരിച്ച സാഹചര്യത്തിൽ ദേശീയസുരക്ഷ കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണു തീരുമാനം. സമൂഹമാധ്യമത്തിലൂടെയാണ് ജെഎൻയു ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് ജെഎന്‍യുവും ഇനോനു സര്‍വകലാശാലയും ധാരണയിലെത്തിയത്.
കെപിസിസി രാഷ്ട്രീയകാര്യ സമിതി തുടരും
ന്യൂഡൽഹി: കേരളത്തിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി തത്കാലം തുടരാൻ എഐസിസി നേതൃത്വം തീരുമാനിച്ചു. മുതിർന്ന നേതാക്കളിൽ അസ്വാരസ്യമുണ്ടാക്കുന്ന നടപടികൾ ഒഴിവാക്കാനും കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫും ടീമംഗങ്ങളും രണ്ടാം ദിവസവും ഡൽഹിയിൽ നടത്തിയ ചർച്ചകളിൽ ധാരണയായി.
തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കുന്പോൾ പുനഃസംഘടന എത്രയും വേഗം പൂർത്തീകരിക്കും. ഇതിനായി ബന്ധപ്പെട്ടവരുമായുള്ള ചർച്ചകൾക്ക് സണ്ണിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേതൃത്വം നൽകും. ആവശ്യമുള്ള ഘട്ടങ്ങളിൽ എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലും ദീപാ ദാസ് മുൻഷിയും ഇടപെടും.
പ്രവർത്തകസമിതിയംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ തുടങ്ങിയവരെയും വിശ്വാസത്തിലെടുത്താകും ഡിസിസികളിലെ പുനഃസംഘടന നടപ്പാക്കുക.
ഡിസിസികൾക്ക് പുതിയ നേതൃത്വം വരുന്നതിനൊപ്പമോ, തൊട്ടുപിന്നാലെയോ കെപിസിസിയിലെ മറ്റു ഭാരവാഹികളെയും നിയമിക്കും. ബൂത്തുതലം വരെയുള്ള കമ്മിറ്റികളെ ഊർജസ്വലമാക്കാനും തെരഞ്ഞെടുപ്പിന് സജ്ജമാക്കാനുമാകും മുൻഗണന.
പാർട്ടിയിലെ ഐക്യത്തിൽ വിള്ളലുകളുണ്ടെന്ന ധാരണ പരത്തുന്ന രീതിയിൽ ചില മുതിർന്ന നേതാക്കൾ നടത്തുന്ന പ്രസ്താവനകളും നടപടികളും ഒഴിവാക്കണമെന്ന് ദേശീയ നേതൃത്വം വീണ്ടും നിർദേശിക്കും.
പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി പ്രവർത്തിച്ചില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തലാണ് എഐസിസി, കെപിസിസി നേതാക്കൾക്കുള്ളത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുന്പ് കഴിയുന്നില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായെങ്കിലും ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്- എമ്മിനെ യുഡിഎഫിൽ തിരികെയെത്തിക്കണമെന്ന അഭിപ്രായം സജീവമാണെങ്കിലും ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ ഇന്നലെ ഉണ്ടായില്ല.
വഖഫ്: സുപ്രീംകോടതി ഇന്നു വാദം കേൾക്കും
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഒരുകൂട്ടം ഹർജികളിൽ സുപ്രീംകോടതി ഇന്നു വാദംകേൾക്കും.
ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് അഗസ്റ്റിൻ ജോർജ് മസിഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കേസ് പരിഗണിച്ചിരുന്ന ജസ്റ്റീസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റീസ് പദവിയിൽ നിന്ന് ചൊവ്വാഴ്ച വിരമിച്ചതോടെ കേസ് പുതിയ ബഞ്ചിന്റെ പരിഗണനയിലെത്തുകയായിരുന്നു.
നിയമഭേഗതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ അഞ്ചു വരെ നടപടികൾ സ്വീകരിക്കില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ ഉറപ്പു നല്‍കിയിരുന്നു.