ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ
വത്തിക്കാന് സിറ്റി: അമേരിക്കയില്നിന്നുള്ള ആദ്യത്തെ മാര്പാപ്പ എന്ന ഖ്യാതിയോടെ പത്രോസിന്റെ പിന്ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ നടക്കും.
പ്രാദേശികസമയം രാവിലെ പത്തിനാണ് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) തിരുക്കർമങ്ങൾ ആരംഭിക്കുക. വിശുദ്ധ പത്രോസിന്റെ കബറിടത്തിൽ പ്രത്യേക പ്രാർഥനകൾക്കുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രധാന ബലിവേദിയിലേക്ക് കർദിനാൾമാരുടെ അകന്പടിയോടെ പ്രദക്ഷിണമായി മാർപാപ്പ എത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്നു നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.
ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവന്റെ മോതിരവും ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. വിശുദ്ധ കുർബാനയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിലൂടെ പോപ് മൊബീലിൽ യാത്ര ചെയ്തു മാർപാപ്പ വിശ്വാസികളെ ആശീർവദിക്കും.
സ്ഥാനാരോഹണച്ചടങ്ങിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്. അതിനാൽതന്നെ വത്തിക്കാനിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പങ്കെടുക്കും. അടിയുറച്ച കത്തോലിക്കാവിശ്വാസികളായ ഇരുവർക്കു മൊപ്പം നിരവധി യുഎസ് കോൺഗ്രസ് അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. ഗൾഫിൽ സന്ദർശനം നടത്തുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാളെ വത്തിക്കാനിൽ എത്തിയേക്കുമെന്നും സൂചനകളുണ്ട്.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോ ബോയ്റു, യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി, പെറു പ്രസിഡന്റ് ദിന എർസിലിയ ബൊലാർതെ സെഗാര, ബ്രിട്ടനിലെ എഡ്വേർഡ് രാജകുമാരൻ, നൈജീരിയൻ പ്രസിഡന്റ് ബൊല അഹമ്മദ് ടിനുബു, ഡെന്മാർക്കിൽനിന്ന് മാക്സിമ രാജ്ഞി, പ്രധാനമന്ത്രി ഡിക് ഷൂഫ്, ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയെൻ, ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മത്തറെല്ല, പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയ പ്രമുഖ നേതാക്കൾ എത്തുമെന്ന് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽനിന്നും കർമമണ്ഡലമായിരുന്ന പെറുവിൽനിന്നും ആയിരക്കണക്കിനു വിശ്വാസികളും നാളെ വത്തിക്കാനിലെത്തും.
അതിനിടെ, ഇന്നലെ വത്തിക്കാനിലുള്ള വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി ലെയോ പതിനാലാമൻ മാർപാപ്പ കൂടിക്കാഴ്ച നടത്തി. നയതന്ത്രമേഖലയിൽ കൂട്ടായ്മ വളർത്തുന്നതിനുള്ള പരിശ്രമങ്ങളെ മാർപാപ്പ അഭിനന്ദിക്കുകയും അവർ ചെയ്യുന്ന സേവനങ്ങൾക്ക് നന്ദിയർപ്പിക്കുകയും ചെയ്തു.
ജൂബിലിവർഷത്തിൽ ആരംഭിക്കുന്ന തന്റെ ശുശ്രൂഷ, പ്രത്യാശയ്ക്കായി പ്രത്യേകം സമർപ്പിച്ചിരിക്കുന്നുവെന്നു പറഞ്ഞ മാർപാപ്പ, സത്യം, നീതി, സമാധാനം എന്നിവയിൽ അടിസ്ഥാനമാക്കി മാനവികത സാക്ഷാത്കരിക്കാൻ കഴിയുന്ന ഒരു ലോകം കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്വവും എടുത്തുപറഞ്ഞു.
വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നിവയ്ക്കിടയിൽ കെട്ടിപ്പടുത്ത തന്റെ ജീവിതാനുഭവങ്ങൾ വ്യത്യസ്ത ആളുകളെയും സംസ്കാരങ്ങളെയും ഉൾക്കൊള്ളാൻ തന്നെ സഹായിച്ചുവെന്നു പറഞ്ഞ മാർ പാപ്പ വത്തിക്കാൻ കാര്യാലയത്തിന്റെ പ്രവർത്തനങ്ങളിലൂടെ ഓരോ രാജ്യവുമായും സംഭാഷണം ഊട്ടിയുറപ്പിക്കുവാൻ തനിക്കുള്ള അതിയായ ആഗ്രഹം ചൂണ്ടിക്കാട്ടി.
മനുഷ്യനെയും ലോകത്തെയും കുറിച്ചുള്ള സത്യം സംസാരിക്കുന്നതിൽനിന്ന് സഭയ്ക്ക് ഒരിക്കലും ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും, കുടിയേറ്റം, നിർമിതബുദ്ധിയുടെ ധാർമിക ഉപയോഗം, ഭൂമിയുടെ സംരക്ഷണം തുടങ്ങിയ നമ്മുടെ കാലത്തെ വെല്ലുവിളികളെ കൂടുതൽ ഊർജസ്വലതയോടെ നേരിടാൻ സത്യസന്ധമായ ജീവിതം ആവശ്യമാണെന്നും മാർപാപ്പ വ്യക്തമാക്കി.
ബ്രിട്ടീഷ്-ഇന്ത്യൻ സാഹിത്യകാരൻ റുഷ്ദിയെ കുത്തിയ ഹാദിക്ക് 25 വർഷം തടവ്
ന്യൂയോർക്ക്: വിഖ്യാത ബ്രിട്ടീഷ്-ഇന്ത്യൻ സാഹിത്യകാരൻ സൽമാൻ റുഷ്ദിയെ കുത്തിപ്പരിക്കേൽപ്പിച്ച ലബനീസ് വംശജനായ അമേരിക്കൻ പൗരൻ ഹാദി മതാറിന് (27) അമേരിക്കൻ കോടതി 25 വർഷം തടവുശിക്ഷ വിധിച്ചു.
വധശ്രമം അടക്കമുള്ള കേസുകളാണ് ഇയാൾക്കെതിരേ തെളിഞ്ഞത്. സൽമാർ റുഷ്ദി 2022 ഓഗസ്റ്റിൽ ന്യൂയോർക്കിലെ വേദിയിൽ പ്രഭാഷണം നടത്തുന്നതിനിടെയാണ് ആക്രമണം നേരിട്ടത്.
റുഷ്ദിയുടെ കണ്ണ്, കവിൾ, കഴുത്ത്, നെഞ്ച്, കാൽ എന്നിവിടങ്ങളിലായി 15 കുത്തേറ്റു. ഇതേത്തുടർന്ന് റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. ഞരന്പുകൾക്കേറ്റ പരിക്കുമൂലം കൈ തളർന്നുപോയി. കരളിനും തകരാറുണ്ടായി.
റുഷ്ദിക്കൊപ്പം വേദിയിലുണ്ടായിരുന്ന അവതാരകൻ ഹെൻറി റീസിനും കുത്തേറ്റെങ്കിലും പരിക്കു ഗുരുതരമല്ലായിരുന്നു.
പർവതാരോഹകൻ സുബ്രത ഘോഷ് മരിച്ചു
കാഠ്മണ്ഡു: എവറസ്റ്റിന്റെ ഉയരംതാണ്ടി തിരിച്ചിറങ്ങവെ ഇന്ത്യൻ പർവതാരോഹകൻ പ്രാണവായുകിട്ടാതെ മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സുബ്രത ഘോഷ് (45) ആണ് മരിച്ചത്.
"മരണ മേഖല’യെന്ന് അറിയപ്പെടുന്ന ഹിലാരി സ്റ്റെപ്പിന് (ഇവിടെ ഓക്സിജന്റെ അളവ് വളരെ കുറവാണ്) തൊട്ടുതാഴെയായിരുന്നു അപകടം.
കൃഷ്ണനഗർ–സ്നോവി എവറസ്റ്റ് എക്സ്പെഡിഷൻ 2025ലെ പർവതാരോഹണ അസോസിയേഷന്റെ ഭാഗമായിരുന്നു ഘോഷ്. മൃതദേഹം ബേസ് ക്യാമ്പിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഈ സീസണിൽ ഇവിടെ മരിക്കുന്ന രണ്ടാമത്തെ പർവതാരോഹകനാണ് ഘോഷ്. ഈ സീസണിൽ 50ലധികം പർവതാരോഹകർ കൊടുമുടി കീഴടക്കിയിട്ടുണ്ട്. 450ലധികം പർവതാരോഹകർക്ക് കയറാൻ അനുമതി നൽകിയിട്ടുണ്ട്.
റഷ്യ-യുക്രെയ്ൻ ചർച്ച: യുദ്ധത്തടവുകാരെ കൈമാറും
ഇസ്താംബൂൾ: യുദ്ധം അവസാനിപ്പിക്കാനായി റഷ്യയും യുക്രെയ്നും മൂന്നു വർഷത്തിനുശേഷം ആദ്യമായി നടത്തിയ മുഖാമുഖ ചർച്ചയിൽ കാര്യമായ തീരുമാനങ്ങളില്ല. ആയിരം വീതം യുദ്ധത്തടവുകാരെ പരസ്പരം കൈമാറാൻ ഇരു പക്ഷവും ധാരണയായി.
തുർക്കിയിലെ ഇസ്താംബൂളിലുള്ള ഡോൽമബാച്ചെ കൊട്ടാരത്തിൽ നടന്ന ചർച്ച രണ്ടു മണിക്കൂർ നീണ്ടു. വെടിനിർത്തലും യുദ്ധത്തടവുകാരുടെ കൈമാറ്റവുമാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് യുക്രെയ്ൻ സംഘത്തെ നയിച്ച പ്രതിരോധമന്ത്രി റസ്തം ഉമറോവ് അറിയിച്ചു.
തടവുകാരുടെ കൈമാറ്റം വരും ദിവസങ്ങളിലുണ്ടാകുമെന്ന് റഷ്യൻ സംഘത്തെ നയിച്ച പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഉപദേശകൻ വ്ലാഡിമിർ മെഡിൻസ്കി അറിയിച്ചു.
വെടി നിർത്തൽ സംബന്ധിച്ച് ഇരു പക്ഷവും പദ്ധതികൾ തയാറാക്കും. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും പുടിനും തമ്മിൽ മുഖാമുഖ ചർച്ച വേണമെന്ന് യുക്രെയ്ൻ സംഘം നിർദേശിച്ചു. ചർച്ചയിൽ റഷ്യക്കു തൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാനും ചർച്ചയിൽ പങ്കെടുത്തു.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ സമ്മർദങ്ങൾക്കൊടുവിലാണ് റഷ്യ-യുക്രെയ്ൻ മുഖാമുഖ ചർച്ച വീണ്ടും സാധ്യമായത്. ഇസ്താംബൂളിൽ വ്യാഴാഴ്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചർച്ച ഇന്നലെയാണു നടന്നത്.
അതേസമയം, പുടിനും താനും തമ്മിൽ കൂടിക്കാഴ്ച നടത്താതെ വെടിനിർത്തൽ ശ്രമങ്ങളിൽ പുരോഗതിയുണ്ടാകില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞ പശ്ചാത്തലത്തിൽ ഇസ്താംബൂൾ ചർച്ചയിൽ സുപ്രധാന തീരുമാനങ്ങളുണ്ടാവില്ലെന്നു വ്യക്തമായിരുന്നു. കഴിയുന്നതും വേഗം പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
ഇതിനിടെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി വ്യാഴാഴ്ച അങ്കാറയിൽ തുർക്കി പ്രസിഡന്റ് എർദോഗനുമായി കൂടിക്കാഴ്ച നടത്തി. യുക്രെയ്ൻ, തുർക്കി, യുഎസ് ത്രികക്ഷി ചർച്ച ഇന്നലെ തുർക്കിയിൽ അരങ്ങേറി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഈ ചർച്ചയിൽ പങ്കെടുത്തു.
ട്രംപ്-പുടിൻ കൂടിക്കാഴ്ച ഉടൻ
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഉടനുണ്ടാകുമെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനു മുന്നോടിയായുള്ള വെടിനിർത്തൽ പ്രഖ്യാപനം കൂടിക്കാഴ്ചയിൽ ഉണ്ടാകുമെന്ന സൂചനയും ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് ആയ സെബാസ്റ്റ്യൻ ഗോർക നല്കി.
പാപ്പുവ ന്യൂ ഗിനിയയിൽ പോളിയോ ബാധ
ജനീവ: പാപ്പുവ ന്യൂ ഗിനിയയിൽ വീണ്ടും പോളിയോ പടരാൻ തുടങ്ങിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രണ്ടു കുട്ടികൾ രോഗബാധിതരായിട്ടുണ്ട്. രാജ്യത്ത് അടിയന്തരമായി വാക്സിൻ വിതരണം ആരംഭിക്കാനാണു സംഘടന നിർദേശിച്ചിരിക്കുന്നത്.
പാപ്പുവ ന്യൂ ഗിനിയ രണ്ടായിരത്തിൽ പോളിയോ മുക്തമാണെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2018ൽ വീണ്ടും രാജ്യത്ത് രോഗം പ്രത്യക്ഷപ്പെട്ടു. അതേ വർഷംതന്നെ വാക്സിനേഷനിലൂടെ രോഗബാധ നിയന്ത്രിക്കാനായി.
പ്രധാനമായും അഞ്ചുവയസിൽ താഴെയുള്ള കുട്ടിൾക്കാണു രോഗം പിടിപെടുന്നത്. രോഗബാധിതരുടെ മലത്തിൽനിന്നും തുമ്മൽ, ചുമ എന്നിവയിലൂടെ ഉമിനീരിൽനിന്നും പോളിയോ വൈറസ് മറ്റൊരാളിലേക്കു പടരാം.
യുഎസ് നിക്ഷേപം സ്വാഗതം ചെയ്ത് ഇറാൻ
ടെഹ്റാൻ: അമേരിക്കൻ കന്പനികൾ ഇറാനിൽ പ്രവർത്തിക്കുന്നതിനെ എതിർക്കില്ലെന്നു വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി.
ഇറാനും അമേരിക്കയും ആണവകരാറിന്റെ വക്കിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അരാഗ്ചി ഇക്കാര്യം പറഞ്ഞത്.
അമേരിക്കൻ കന്പനികളെ ഇറാൻ നിരോധിച്ചിട്ടില്ല. അമേരിക്ക ചുമത്തിയ ഉപരോധം മൂലമാണു കന്പനികൾക്ക് ഇറാനിൽ പ്രവർത്തിക്കാൻ കഴിയാത്തത്. ഇറാന്റെ എണ്ണ, പ്രകൃതിവാതക മേഖലകളിൽ അമേരിക്കൻ കന്പനികളെ അനുവദിക്കാം.
കന്പനികൾക്ക് ഇറാനിൽ നിക്ഷേപിക്കാൻ താത്പര്യമുണ്ടെങ്കിൽ ഉപരോധം നീക്കാൻ അമേരിക്ക തയാറാകണമെന്ന് അരാഗ്ചി കൂട്ടിച്ചേർത്തു.
ഗാസയിൽ 100 പേർ കൊല്ലപ്പെട്ടു
കയ്റോ: ഇസ്രേലി സേനയുടെ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53,000 പിന്നിട്ടു. ഇന്നലെ മാത്രം നൂറിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് ഗാസയിലെ ആരോഗ്യവൃത്തങ്ങൾ അറിയിച്ചത്. ഇതിൽ 55 പേർ വടക്കൻ ഗാസയിലാണു കൊല്ലപ്പെട്ടത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗൾഫ് പര്യടനം പൂർത്തിയാക്കി മടങ്ങിയ പശ്ചാത്തലത്തിൽ ഇസ്രേലി സേന ആക്രമണം ശക്തിപ്പെടുത്തിയെന്നാണു റിപ്പോർട്ട്. ട്രംപിന്റെ സന്ദർശനത്തിനിടെ ഹമാസ് വെടിനിർത്തലിനു തയാറായില്ലെങ്കിൽ ആക്രമണം ശക്തിപ്പെടുത്തുമെന്ന് ഇസ്രയേൽ മുന്നറിയിപ്പു നല്കിയിരുന്നു.
2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനു പിന്നാലെ ഇസ്രയേൽ ആരംഭിച്ച പ്രത്യാക്രമണത്തിൽ 53,010 പേർ കൊല്ലപ്പെട്ടുവെന്നാണു ഹമാസിന്റെ ആരോഗ്യവകുപ്പ് ഇന്നലെ അറിയിച്ചത്.1.19 ലക്ഷം പേർക്കാണു പരിക്കേറ്റിരിക്കുന്നത്. ആയിരക്കണക്കിനു പേരെ കാണാതായി.
ഇതിനിടെ, ഗാസയിൽ സഹായവിതരണം പുനഃസ്ഥാപിക്കണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഗാസയിൽ ഒട്ടേറെപ്പേർ പട്ടിണിയിലാണ്. അവരെ സഹായിക്കണം. അടുത്തമാസം നല്ല കാര്യങ്ങൾ സംഭവിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വെടിനിർത്തൽ സംബന്ധിച്ച് ഖത്തറിൽ നടക്കുന്ന ചർച്ചകളിൽ കാര്യമായ പുരോഗതി ഇല്ലെന്ന് ഇസ്രേലി മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തു.
ഐസിസി പ്രോസിക്യൂട്ടർ കരീംഖാൻ പദവിയൊഴിഞ്ഞു
ദ ഹേഗ്: ലൈംഗിക പീഡനാരോപണം നേരിടുന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പ്രോസിക്യൂട്ടർ കരീം ഖാൻ താത്കാലികമായി പദവി ഒഴിഞ്ഞുവെന്ന് റിപ്പോർട്ട്. യുഎൻ അന്വേഷണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിൽ അദ്ദേഹം അവധിയെടുക്കുകയായിരുന്നു.
കരീം ഖാന്റെ അസിസ്റ്റന്റായിരുന്ന മലേഷ്യൻ അഭിഭാഷകയാണ് പരാതി ഉന്നയിച്ചത്. പല സ്ഥലങ്ങളിൽവച്ച് പിഡിപ്പിച്ചുവെന്നാണ്, വിവാഹിതയും കുഞ്ഞിന്റെ അമ്മയുമായ മുപ്പതുകാരിയുടെ പരാതി. ഐസിസി അഞ്ചു ദിവസം നീണ്ട അഭ്യന്തര അന്വേഷണം നടത്തിയെങ്കിലും ഖാനെതിരേ നടപടി എടുത്തില്ല. കഴിഞ്ഞവർഷം അവസാനമാണ് യുഎൻ സംഘത്തിന് അന്വേഷണം കൈമാറിയത്.
ഗാസ യുദ്ധത്തിന്റെ പേരിൽ ഇസ്രയേലിലെ പ്രധാനമന്ത്രി നെതന്യാഹുവിനും മുൻ പ്രതിരോധമന്ത്രി യൊവാവ് ഗാലന്റിനും എതിരേ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നതിന് രണ്ടാഴ്ച മുന്പാണ് മലേഷ്യൻ അഭിഭാഷക ഖാനെതിരേ ഔദ്യോഗികമായി പരാതി നല്കിയത്.
ഇതേത്തുടർന്ന് ഖാൻ തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ഇസ്രേലി നേതാക്കൾക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ തിടുക്കത്തിൽ ഐസിസിയെ സമീപിക്കുകയായിരുന്നുവെന്ന് അരോപണമുണ്ട്.
ബ്രിട്ടീഷ് അഭിഭാഷകനായ ഖാൻ 2021ലാണ് ഐസിസി പ്രോസിക്യൂട്ടറായത്.
അമേരിക്ക-ഇറാൻ ആണവകരാറിന് സാധ്യത തെളിഞ്ഞു: ട്രംപ്
ദുബായി: ഇറാൻ-അമേരിക്ക ആണവകരാറിനു സാധ്യത തെളിഞ്ഞെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാർ ഒപ്പുവയ്ക്കുന്നതിന്റെ വക്കിലാണ് ഇരു രാജ്യങ്ങളുമെന്ന് ട്രംപ് ഗൾഫ് പര്യടനത്തിനിടെ പറഞ്ഞു.
ദീർഘകാല സമാധാനം ലക്ഷ്യമിട്ട് ഇറാനും അമേരിക്കയും ഗൗരവമേറിയ ചർച്ചകൾ തുടരുകയാണ്. കാര്യങ്ങൾ നല്ല രീതിയിലോ അക്രമാസക്ത രീതിയിലോ പരിഹരിക്കാൻ കഴിയും. അക്രമാസക്ത വഴി തെരഞ്ഞെടുക്കാൻ തനിക്കു താത്പര്യമില്ലെന്നു ട്രംപ് കൂട്ടിച്ചേർത്തു.
ഇറാന്റെ ആണവപദ്ധതികൾ പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണു ട്രംപ് ഇക്കാര്യം പറഞ്ഞത്. യുഎസ്, ഇറാൻ പ്രതിനിധികൾ ഒമാനിൽ ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
നയതന്ത്രത്തിലൂടെ പ്രശ്നപരിഹാരം കണ്ടെത്താനാണു ശ്രമിക്കുന്നതെന്ന് ഇരുവിഭാഗവും പറയുന്നുണ്ടെങ്കിലും അഭിപ്രായഭിന്നതകൾ പരിഹരിക്കപ്പെട്ടിട്ടില്ല. ചർച്ചകൾ സംബന്ധിച്ച് വ്യത്യസ്ത നിലപാടുകളാണ് ഇറാനിൽനിന്നു ലഭിക്കുന്നത്.
ട്രംപിന്റെ ഇന്നലത്തെ പ്രസ്താവനയ്ക്കു ഭീഷണിയുടെ സ്വരമുണ്ടെന്ന രീതിയിലാണ് ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ പ്രതികരിച്ചത്. ഉപരോധംകൊണ്ട് ഭീഷണിപ്പെടുത്താമെന്നാണു ട്രംപ് കരുതുന്നതെന്നും ഇറാൻ പശ്ചിമേഷ്യയിലെ ഏറ്റവും വിനാശ ശക്തിയാണെന്നും പസെഷ്കിയാൻ പറഞ്ഞു.
അതേസമയം, പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ ഉപദേഷ്ടാവ് അലി ഷംഖാനി ബുധനാഴ്ച അമേരിക്കൻ ചാനലിനു നല്കിയ അഭിമുഖത്തിൽ ഇറാൻ വിട്ടുവീഴ്ചയ്ക്കു തയാറാകുമെന്ന സൂചന നല്കിയിരുന്നു.
അണ്വായുധം നിർമിക്കില്ല, ഉയർന്ന അളവിൽ സന്പുഷ്ടീകരിച്ച യുറേനിയം ഉപേക്ഷിക്കും, യുറേനിയത്തിന്റെ ഉപയോഗം സമാധാന ആവശ്യങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തും, ആണവകേന്ദ്രങ്ങളിൽ അന്താരാഷ്ട്ര നിരീക്ഷകരുടെ മേൽനോട്ടം അനുവദിക്കും തുടങ്ങിയവയ്ക്ക് ഇറാൻ തയാറാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ആണവ കരാർ യാഥാർഥ്യമാക്കാൻ, ഇറാൻ യുറേനിയം സന്പുഷ്ടീകരണം പൂർണമായി ഉപേക്ഷിക്കണമെന്ന ആവശ്യം മയപ്പെടുത്താൻ അമേരിക്കയും തയാറാകുമെന്നാണു സൂചന.
ഗാസയിൽ 103 പേർ കൊല്ലപ്പെട്ടു
കയ്റോ: ഇസ്രേലി സേന ഇന്നലെ ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 103 പേർ കൊല്ലപ്പെട്ടു. ധാരാളം കുട്ടികളും വനിതകളും ഇതിൽ ഉൾപ്പെടുന്നതായി ഗാസയിലെ മെഡിക്കൽ വൃത്തങ്ങൾ പറഞ്ഞു.
തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിൽ പലസ്തീൻ അഭയാർഥികളുടെ ടെന്റുകൾക്കു നേർക്കുണ്ടായ ആക്രമണത്തിൽ 56 പേരാണു കൊല്ലപ്പെട്ടത്. ഹമാസിന്റെ അഖ്സ റേഡിയോയിൽ പ്രവർത്തിച്ചിരുന്ന ഹസൻ സമൂർ എന്ന മാധ്യമപ്രവർത്തകനും ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 11 പേരും ഇതിൽ ഉൾപ്പെടുന്നു.
വടക്കൻ ഗാസയിലെ ജബലിയ പട്ടണത്തിൽ മെഡിക്കൽ ക്ലിനിക് ഉൾപ്പെടെ ആക്രമണത്തിനിരയായി. വടക്ക് ബെയ്ത് ലാഹിയ, സെൻട്രൽ ഗാസയിലെ ദെയിർ അൽ ബലാ പട്ടണങ്ങളിലും ആക്രമണമുണ്ടായി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗൾഫ് പര്യടനത്തിനിടെ ഇസ്രേലി സേന ഗാസയിൽ വൻ ആക്രമണമാണു നടത്തിയത്. ബുധനാഴ്ച 80 പേർ കൊല്ലപ്പെട്ടിരുന്നു.
ട്രംപിന്റെ പര്യടനം അവസാനിക്കുന്നതിനു മുന്പ് ഹമാസ് ഭീകരർ വെടിനിർത്തലിനു തയാറാകണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു.
യുഎസിന് ഖത്തറിന്റെ വൻ നിക്ഷേപം
ദോഹ: ഖത്തർ അമേരിക്കയിൽ വൻതോതിൽ നിക്ഷേപം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചു. 4200 കോടി ഡോളറിന്റെ പ്രതിരോധ ഉത്പന്നങ്ങൾ ഖത്തർ വാങ്ങും.
ഖത്തറിലെ അൽ ഉദെയ്ദ് അമേരിക്കൻ വ്യോമസേനാ താവളത്തിൽ 1000 കോടി ഡോളറിന്റെ നിക്ഷേപം നടത്തും. ഖത്തർ എയർവേസ് 9600 കോടി ഡോളറിന് അമേരിക്കയിലെ ബോയിംഗ് കന്പനിയിൽനിന്ന് 210 യാത്രാവിമാനങ്ങൾ വാങ്ങും.
നേരത്തേ സൗദിയിൽനിന്നും വൻതോതിലുള്ള നിക്ഷേപം ട്രംപ് ഉറപ്പാക്കിയിരുന്നു. 60,000 കോടി ഡോളറിന്റെ നിക്ഷേപമാണു സൗദി യുഎസിൽ നടത്തുക. 14,200 ഡോളറിന്റെ ആയുധങ്ങളും വാങ്ങും.
ഇസ്രയേലിൽ ഭീകരാക്രമണം; ഗർഭിണി കൊല്ലപ്പെട്ടു
ടെൽ അവീവ്: ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിൽ ഗർഭിണി കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്കുഭാഗത്ത് ബുധനാഴ്ചയായിരുന്നു സംഭവം. 30 വയസുള്ള സീല ഗേസ് ആണു മരിച്ചത്.
പ്രസവത്തിനായി ഇവരും ഭർത്താവും വീട്ടിൽനിന്ന് ആശുപത്രിയിലേക്കു പോകവേ അക്രമി കാറിനു നേർക്കു വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചു നടത്തിയ അടിയന്തര ശസ്ത്രക്രിയയിൽ കുഞ്ഞിനെ രക്ഷപ്പെടുത്താനായെങ്കിലും അമ്മ മരിച്ചു.
ഭർത്താവിനും നിസാര പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പിടികൂടാനായി ഇസ്രേലി സുരക്ഷാ ഭടന്മാർ വെസ്റ്റ് ബാങ്കിലെ പലസ്തീൻ ഗ്രാമം വളഞ്ഞു തെരച്ചിൽ നടത്തുന്നു.
ടിക് ടോക് സ്ട്രീമിംഗിനിടെ കൊലപാതകം
മെക്സിക്കോ സിറ്റി: ടിക് ടോക്കിൽ ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനിടെ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൊല്ലപ്പെട്ടു.
മെക്സിക്കോയിലെ ഗ്വാദ്ലാഹരയിലാണു സംഭവം. വലേറിയ മർക്വേസ് എന്ന ഇരുപത്തിമൂന്നുകാരി തന്റെ ബ്യൂട്ടി പാർലറിൽ തത്സമയ സംപ്രേഷണം നടത്തുന്നതിനിടെ അജ്ഞാതൻ അകത്തു കയറി വെടിവച്ചു കൊല്ലുകയായിരുന്നു.
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ 21 പേർ മരിച്ചു. ടാങ്കർ ലോറി, ബസ്, വാൻ എന്നിവയാണ് അപകടത്തിൽ ഉൾപ്പെട്ടത്.
ട്രംപോ, മോദിയോ; ആരുടെ "വെടി’നിർത്തലെന്നു കോൺഗ്രസ്
ന്യൂയോർക്ക്: ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയ്ക്കായി ഇടപെട്ടെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് അഞ്ചാം തവണയാണ്, വെടിനിർത്തലിന് യുഎസ് മധ്യസ്ഥം വഹിച്ചതായി ട്രംപ് അവകാശപ്പെടുന്നത്.
എന്നാൽ മൂന്നാം കക്ഷി ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. ഇന്ത്യ-പാക് വെടിനിർത്തൽ സംഭവച്ചതിൽ സന്തോഷമുണ്ടെന്നു ട്രംപ് പറഞ്ഞു.
""വളരെ ചെറിയ സമയത്തേക്കായിരുന്നെങ്കിലും ആണവയുദ്ധ സാധ്യതയുള്ള ഒരുകാലഘട്ടം ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് കരുതുന്നു. ഇന്ത്യക്കും പാക്കിസ്ഥാനും വളരെ നല്ല നേതാക്കളുണ്ട്, എനിക്ക് നന്നായി അറിയാവുന്ന ആളുകൾ.
വെടിനിർത്തൽ ധാരണയിലെത്താൻ അമേരിക്ക, ഇടപെടൽ നടത്തി. ഇന്ത്യയും പാക്കിസ്ഥാനും ശക്തമായ രണ്ട് ആണവരാജ്യങ്ങളാണ്. ശക്തമായ ആണവായുധങ്ങളാണ് രണ്ട് പക്ഷത്തുമുള്ളത്.
വളരെ കുറഞ്ഞ അളവിൽപോലും പ്രയോഗിച്ചാൽ ദശലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെടും. ധീരമായ ഈ തീരുമാനത്തിലേക്ക് എത്തിച്ചേരാന് സഹായിക്കാനായതില് അമേരിക്കയ്ക്ക് അഭിമാനവും സന്തോഷവുമുണ്ട്. വ്യാപാരക്കരാറുകൾ ആണവായുധങ്ങളേക്കാൾ നല്ലതാണെന്ന് ഇരുരാജ്യങ്ങളെയും ബോധ്യപ്പെടുത്തി''-ട്രംപ് പറഞ്ഞു.
സൗദിയിലും ട്രംപ് ഇക്കാര്യം പറഞ്ഞിരുന്നു. ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയിലെത്താൻ തന്റെ ഭരണകൂടം ചരിത്രപരമായ ഇടപെടൽ നടത്തിയെന്ന് റിയാദിലെ ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ ട്രംപ് പറഞ്ഞു.
ട്രംപിന്റെ അവകാശവാദത്തിൽ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും മറുപടി പറയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. യുഎസ് സമ്മർദത്തിനു മുന്നിൽ ഇന്ത്യയുടെ സുരക്ഷാ താത്പ ര്യങ്ങൾ പണയം വയ്ക്കുന്നുണ്ടോയെന്ന് സ്വതവേ വാചാലരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പറയണം.
സൗദിയിൽനടന്ന പരിപാടിയിൽ ഉപരോധങ്ങളും വ്യാപാരക്കരാറുകളും ഉപയോഗിച്ച് ഇന്ത്യയെ ബ്ലാക് മെയിൽ ചെയ്യിച്ച് വെടിനിർത്തൽ കരാറിലെത്തിച്ചെന്ന് ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നു.
പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും ഈ വെളിപ്പെടുത്തലിനെക്കുറിച്ച് എന്താണു പറയാനുള്ളത്? യുഎസ് സമ്മർദത്തിനു മുന്നിൽ ഇന്ത്യയുടെ സുരക്ഷാ താത്പര്യങ്ങൾ പണയപ്പെടുത്തിയോ? കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് രമേശ് എക്സിൽ ചോദിച്ചു.
പാക് സൈനിക നടപടി ; നവാസ് ഷെരീഫിന്റെ മേൽനോട്ടത്തിൽ?
ലാഹോർ: ഇന്ത്യക്കെതിരായ സൈനിക നടപടിയുടെ രൂപരേഖ തയാറാക്കിയത് നവാസ് ഷരീഫിന്റെ മേൽനോട്ടത്തിലെന്നു റിപ്പോർട്ട്.
പാർട്ടി പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് സൈനിക നടപടി തയാറാക്കിയതെന്ന് ഭരണകക്ഷിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസ് (പിഎംഎൽ-എൻ) നേതാവ് അവകാശപ്പെട്ടു.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ മൂത്ത സഹോദരനും മുൻ പാക് പ്രധാനമന്ത്രിയുമാണ് നവാസ് ഷെരീഫ്.
1999ലെ കാർഗിൽ യുദ്ധകാലത്ത് നവാസ് ഷരീഫായിരുന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി. ഇന്ത്യയ്ക്കെതിരായ മുഴുവൻ സൈനിക നടപടിയും രൂപകൽപ്പന ചെയ്തത് നവാസ് ഷരീഫിന്റെ മേൽനോട്ടത്തിലായിരുന്നു- പാക് പഞ്ചാബ് പ്രവിശ്യ മന്ത്രി അസ്മ ബുക്കാരി പറഞ്ഞു. പാകിസ്ഥാനെ ആണവശക്തിയാക്കി മാറ്റിയത് നവാസ് ഷെരീഫാണ്.
ഇപ്പോൾ ഇന്ത്യക്കെതിരേ മുഴുവൻ ഓപ്പറേഷനും രൂപകൽപ്പന ചെയ്തതും അദ്ദേഹമായിരുന്നു വെന്ന് അവർ അവകാശപ്പെട്ടു. ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തൽ ധാരണയിലെത്തിയതിനു പിന്നാലെ പാക് സൈനിക നേതൃത്വത്തെ നവാസ് ഷരീഫ് അഭിനന്ദിച്ചിരുന്നു.
പാക്കിസ്ഥാനിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെതിരേ നടപടി
ഇസ്ലാമബാദ്: ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനോട് ഉടനടി രാജ്യം വിടാൻ കേന്ദ്രസർക്കാർ നിർദേശിച്ചതിനു പിന്നാലെ പ്രതികാര നടപടിയുമായി പാക്കിസ്ഥാനും രംഗത്ത്. ഇസ്ലാമബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെതിരേയാണ് പാക്കിസ്ഥാന്റെ നടപടി.
ഉദ്യോഗസ്ഥൻ പദവിക്ക് ചേരാത്ത പെരുമാറ്റം നടത്തിയെന്നാരോപിച്ചാണ് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.
പാക് ക്രൈസ്തവരുടെ ഭൂമി പിടിച്ചെടുക്കുന്നത് ആശങ്കയുളവാക്കുന്നു: മനുഷ്യാവകാശ കമ്മീഷൻ
ലാഹോർ: പാക്കിസ്ഥാനിലെ ക്രൈസ്തവ കർഷകരെ സ്വന്തം ഭൂമിയിൽനിന്ന് ഭൂമാഫിയ ഒഴിപ്പിക്കുന്നെന്ന് രാജ്യത്തെ മനുഷ്യാവകാശ കമ്മീഷൻ. പാസ്റ്ററുടെ പരാതിയെത്തുടർന്ന് സംഭവം അന്വേഷിച്ച കമ്മീഷൻ ആണ് സുപ്രധാന കണ്ടെത്തലുകൾ നടത്തിയത്.
ക്രൈസ്തവർക്കു നേരേ അനീതി നടക്കുന്പോൾ പ്രാദേശിക സർക്കാർ മൗനം പാലിക്കുകയാണെന്നും കമ്മീഷൻ പറയുന്നു. ലാഹോറിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള കോത് അദ്ദുവിലെ കർഷകസമൂഹത്തിന്റെ ഭൂമിയാണ് നഷ്ടപ്പെട്ടത്.
കർഷകരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള കോടതിവിധികൾ സർക്കാർ നടപ്പാക്കുന്നില്ലെന്നും വ്യക്തമാണ്. ഒഴിപ്പിക്കൽ നടപടികൾക്ക് സ്റ്റേ പ്രഖ്യാപിച്ച ലാഹോർ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് തങ്ങൾ ഫയൽ ചെയ്ത റിട്ട് ഹർജി കോടതി ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു.
പൗരസ്ത്യസഭകളുടെ പാരന്പര്യം സാർവത്രികസഭയ്ക്ക് മുതൽക്കൂട്ട്: ലെയോ മാർപാപ്പ
വത്തിക്കാൻ സിറ്റി: പൗരസ്ത്യസഭകളുടെ പാരന്പര്യം സാർവത്രിക സഭ ഏറെ വിലമതിക്കുന്നുവെന്നും ഈ പാരന്പര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ലെയോ പതിനാലാമൻ മാർപാപ്പ. പൗരസ്ത്യ സഭകളുടെ ജൂബിലി ആഘോഷ സമാപനത്തോടനുബന്ധിച്ച് ഇന്നലെ വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ 23 പൗരസ്ത്യ സഭകളുടെ മേലധ്യക്ഷന്മാരെയും വിശ്വാസികളെയും അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
പൗരസ്ത്യസഭകൾ പാരന്പര്യങ്ങൾ മുറുകെപ്പിടിക്കണം. പൗരസ്ത്യദേശത്തിന്റെ മരുന്ന് സഭയ്ക്ക് ആവശ്യമുണ്ടെന്നു പറഞ്ഞ മാർപാപ്പ, തന്റെ ആദ്യത്തെ പൊതുപരിപാടികളിലൊന്ന് പൗരസ്ത്യസഭാംഗങ്ങൾക്കൊപ്പമാണെന്നതിൽ ഏറെ സന്തോഷമുണ്ടെന്നും പറഞ്ഞു.
“നിങ്ങളെ നോക്കുമ്പോൾ, നിങ്ങളുടെ ഉത്ഭവത്തിന്റെ വൈവിധ്യം, നിങ്ങളുടെ മഹത്തായ ചരിത്രം, നിങ്ങളുടെ പല സമൂഹങ്ങളും സഹിച്ചതും ഇപ്പോഴും സഹിക്കുന്നതുമായ കയ്പേറിയ കഷ്ടപ്പാടുകൾ എന്നിവയെക്കുറിച്ച് ഞാൻ ഓർത്തുപോകുകയാണ്.
പൗരസ്ത്യസഭകൾ സംരക്ഷിക്കുന്ന അതുല്യമായ ആത്മീയവും ദൈവശാസ്ത്രപരവുമായ പാരമ്പര്യങ്ങൾ, ക്രിസ്തീയ ജീവിതശൈലി, സിനഡാത്മകത, ആരാധനക്രമം എന്നിവയെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ ബോധ്യമാണ് എനിക്കുമുള്ളത്”-മാർപാപ്പ പറഞ്ഞു.
ലെയോ പതിമൂന്നാമൻ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ എന്നിവരുൾപ്പെടെ മുൻ മാർപാപ്പമാരുടെ പ്രബോധനങ്ങളെ അനുസ്മരിച്ച ലെയോ പതിനാലാമൻ മാർപാപ്പ, പൗരസ്ത്യ സഭാപാരമ്പര്യങ്ങളുടെ, പ്രത്യേകിച്ച് ആരാധനക്രമത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
സ്വന്തം നാട്ടിൽനിന്നു നാടുകടത്തപ്പെട്ട നിരവധി പൗരസ്ത്യ സഭാംഗങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച മാർപാപ്പ അവരുടെ ജന്മദേശങ്ങൾ മാത്രമല്ല, അവരുടെ മതപരമായ സ്വത്വവും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പറഞ്ഞു.
പൗരസ്ത്യ ആചാരങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയ മാർപാപ്പ, പ്രവാസികളിലെ പൗരസ്ത്യ കത്തോലിക്കരെ അവരുടെ പൈതൃകം സംരക്ഷിക്കുന്നതിന് പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം സഹായിക്കണമെന്നും ഇതിനായി ലത്തീൻ ബിഷപ്പുമാരുടെ സഹായം തേടുന്നതടക്കമുള്ള കർമപദ്ധതികൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

വിവിധ പൗരസ്ത്യസഭകളിൽനിന്നായി പാത്രിയർക്കീസുമാരും കർദിനാൾമാരും മെത്രാന്മാരുമുൾപ്പെടെ ആയിരക്കണക്കിനുപേർ ചടങ്ങുകളിൽ സംബന്ധിച്ചു. പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ക്ലൗദിയോ ഗുജറോത്തിയും പൊതുകൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
ജൂബിലി സമാപനത്തോടനുബന്ധിച്ച് പ്രാദേശികസമയം ഉച്ചകഴിഞ്ഞു രണ്ടിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ബൈസന്റൈൻ സഭാപാരന്പര്യമുള്ള ഗ്രീക്ക് മെല്ക്കീത്ത കത്തോലിക്കാസഭ, യുക്രെയ്ൻ ഗ്രീക്ക് കത്തോലിക്കാസഭ, റുമേനിയൻ ഗ്രീക്ക് കത്തോലിക്കാസഭ തുടങ്ങിയ സഭകളിലെ മേലധ്യക്ഷന്മാർചേർന്ന് ബൈസന്റൈൻ റീത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
സാർവത്രിക സഭ 2025 പ്രത്യാശയുടെ ജൂബിലി വർഷമായി ആഘോഷിക്കുന്നതിൽ പങ്കുചേർന്നുകൊണ്ട് സഭയിലെ വിവിധ വിഭാഗങ്ങൾ നിശ്ചിത ദിവസങ്ങളിൽ നടത്തുന്ന ജൂബിലിയാചരണത്തിന്റെ ഭാഗമായിട്ടാണ് ഈമാസം 12 മുതൽ ഇന്നലെവരെ പൗരസ്ത്യസഭകളുടെ ആഘോഷം നടന്നത്. ഇതിന്റെ ഭാഗമായി വിവിധ പൗരസ്ത്യസഭാ പാര ന്പര്യങ്ങളിൽ വിശുദ്ധ കുർബാനയർപ്പണമുണ്ടായിരുന്നു.
ഉറുഗ്വേയുടെ ‘ദരിദ്രനായ പ്രസിഡന്റ്’ ഹോസെ മുഹിക അന്തരിച്ചു
മോണ്ടെവിഡിയോ: മുൻ ഉറുഗ്വെൻ പ്രസിഡന്റ് ഹോസെ മുഹിക (89) അന്തരിച്ചു. പെപെ എന്നറിയപ്പെടുന്ന ഇദ്ദേഹം കാൻസർബാധിതനായിരുന്നു.
ലളിതജീവിതമാണ് ലോകത്തെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ് എന്ന് മുഹിക അറിയപ്പെടാൻ കാരണം. മുൻ ഗറില്ലാ നേതാവായ മുഹിക 2010 മുതൽ 2015 വരെ ഉറുഗ്വേയുടെ പ്രസിഡന്റായിരുന്നു. 2005ൽ ഫ്രെന്തേ ആംപ്ലിയോ സർക്കാരിൽ മന്ത്രിയായി.
മുഹിക പ്രസിഡന്റായിരുന്ന കാലത്ത് ഉറുഗ്വേ പുരോഗതിയുടെ പാതയിലായിരുന്നു. സന്പദ്ഘടന 5.4 ശതമാനം വാർഷികവളർച്ച നേടി. ദാരിദ്ര്യവും തൊഴിലില്ലായ്മയും കുറഞ്ഞു.
പ്രസിഡന്റായിരുന്ന കാലത്ത് പ്രസിഡൻഷൽ പാലസിൽ താമസിക്കാൻ വിമുഖത കാട്ടിയ മുഹിക മോണ്ടെവിഡിയോയുടെ പ്രാന്തത്തിലുള്ള സാധാരണവീട്ടിലായിരുന്നു കഴിഞ്ഞത്. വീട്ടിൽ ജോലിക്കാരോ സുരക്ഷാഗാർഡുകളോ ഉണ്ടായിരുന്നില്ല.
സിറിയയ്ക്കു കൈ കൊടുത്ത് ട്രംപ്
റിയാദ്: അമേരിക്കയുടെ സിറിയൻ നയം പ്രസിഡന്റ് ട്രംപ് പൊളിച്ചെഴുതി. നാലര പതിറ്റാണ്ടായി സിറിയയ്ക്കെതിരേ തുടരുന്ന അമേരിക്കൻ ഉപരോധങ്ങൾ പിൻവലിക്കുമെന്ന് സൗദി സന്ദർശനത്തിൽ ട്രംപ് പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ സിറിയൻ ഭരണാധികാരി അഹമ്മദ് അൽ ഷാരയുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. ഇസ്രയേലുമായുള്ള ബന്ധം സിറിയ മെച്ചപ്പെടുത്തണമെന്നു ഷാരയോടു ട്രംപ് നിർദേശിച്ചു.
റിയാദിൽ നടന്ന കൂടിക്കാഴ്ച ഹ്രസ്വമായിരുന്നു. സൗദിയുടെ ഭരണം നിയന്ത്രിക്കുന്ന മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരിട്ടും തുർക്കി പ്രസിഡന്റ് എർദോഗൻ വീഡിയോ ലിങ്കിലൂടെയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിൽ ബന്ധം വീണ്ടെടുത്ത ഏബ്രഹാം ഉടന്പടിയിൽ സിറിയ ഒപ്പുവയ്ക്കുക, വിദേശ തീവ്രവാദികളെ, പ്രത്യേകിച്ച് പലസ്തീൻ തീവ്രവാദികളെ സിറിയയിൽനിന്നു പുറത്താക്കുക, ഇസ്ലാമിക് സ്റ്റേറ്റിനെതിരായ അമേരിക്കൻ പോരാട്ടത്തിൽ സഹായിക്കുക എന്നീ കാര്യങ്ങൾ ചെയ്യണമെന്നു ഷാരയോട് ട്രംപ് ആവശ്യപ്പെട്ടു. സൗദി ഉചിതമായ സമയത്ത് ഏബ്രഹാം ഉടന്പടിയിൽ പങ്കാളിയാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഒരിക്കൽ അമേരിക്ക ഒരു കോടി ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്ന, ജിഹാദി പാരന്പര്യമുള്ള ഷാരയോട് ട്രംപ് ഭരണകൂടം അടുക്കുന്നതിൽ ഇസ്രേയലിനു കടുത്ത എതിർപ്പുള്ളതായി സൂചനയുണ്ട്.
അതേസമയം, ഡിസംബറിൽ പ്രസിഡന്റ് ബഷാർ അൽ അസാദിനെ പുറത്താക്കി ഭരണം പിടിച്ച ഷാരയ്ക്കു ട്രംപിന്റെ പ്രഖ്യാപനങ്ങൾ വലിയ ആശ്വാസമാണ്. ഉപരോധങ്ങൾ നീങ്ങുന്നതോടെ സിറിയയിൽ വിദേശ നിക്ഷേപത്തിനും ജീവകാരുണ്യ സംഘടനകളുടെ പ്രവർത്തനത്തിനും അവസരമൊരുങ്ങും. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ സിറിയൻ ജനത വൻ ആഘോഷപ്രകടനങ്ങൾ നടത്തി.
1979ൽ ഹഫീസ് അൽ അസാദ് പ്രസിഡന്റായിരിക്കേയാണ് അമേരിക്ക സിറിയയ്ക്കെതിരേ ഉപരോധം ചുമത്താൻ തുടങ്ങിയത്. ഹഫീസിന്റെ മകൻ ബഷാർ അൽ അസാദിന്റെ ഭരണകാലത്ത് സിറിയ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലായപ്പോൾ അമേരിക്ക ഉപരോധങ്ങൾ കർശനമാക്കി.
ഹിസ്ബുള്ളയെ പുറത്താക്കിയാൽ ലബനനും അവസരം
ഹിസ്ബുള്ള ഭീകരരിൽനിന്നു മുക്തി നേടിയാൽ ലബനനും ശോഭന ഭാവിക്കുള്ള അവസരമുണ്ടാകുമെന്നു ട്രംപ് റിയാദിൽ പ്രഖ്യാപിച്ചു. ഇറാനുമായി കരാറുണ്ടാക്കാനും ആഗ്രഹമുണ്ട്.
പക്ഷേ, ഇറാൻ ഭീകരവാദികളെ പിന്തുണയ്ക്കുന്നത് നിർത്തണമെന്നും അണ്വായുധം സ്വന്തമാക്കാൻ ശ്രമിക്കരുതെന്നും ട്രംപ് കൂട്ടിച്ചേർത്തു. സൗദി സന്ദർശനം പൂർത്തിയാക്കിയ ട്രംപ് തുടർന്ന് ഖത്തറിലേക്കു പോയി.
ഗാസയിൽ 22 കുട്ടികളടക്കം 48 പേർ കൊല്ലപ്പെട്ടു
കയ്റോ: ഇസ്രേലി സേന ചൊവ്വാഴ്ച രാത്രി വടക്കൻ ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 22 കുട്ടികളും 15 വനിതകളും അടക്കം 48 പേർ കൊല്ലപ്പെട്ടതായി മേഖലയിൽ സ്ഥിതിചെയ്യുന്ന ഇന്തോനേഷ്യൻ ഹോസ്പിറ്റൽ വൃത്തങ്ങൾ അറിയിച്ചു. ജബലിയ പട്ടണത്തിലും അഭയാർഥി ക്യാന്പിലുമായിരുന്നു ആക്രമണങ്ങൾ.
കുട്ടികൾ കൊല്ലപ്പെട്ടതായ റിപ്പോർട്ടുകൾ പരിശോധിച്ചുവരുന്നതായി ഇസ്രേലി സേന അറിയിച്ചു. ഓപ്പറേഷന്റെ ഭാഗമായി ജബലിയ പ്രദേശത്തുനിന്നു ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന നിർദേശം ഇസ്രേലി സേന ചൊവ്വാഴ്ച നല്കിയിരുന്നു.
ചൊവ്വാഴ്ച തെക്കൻ ഗാസയിലെ യൂറോപ്യൻ ഹോസ്പിറ്റൽ വളപ്പിലുണ്ടായ ഇസ്രേലി ആക്രമണത്തിൽ 28 പേരും കൊല്ലപ്പെടുകയുണ്ടായി.
വധിക്കപ്പെട്ട ഹമാസ് നേതാവ് യഹ്യ സിൻവറിന്റെ സഹോദരൻ മുഹമ്മദ് സിൻവറിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുഹമ്മദ് സിൻവറാണു ഹമാസിന്റെ ഇപ്പോഴത്തെ നേതാവെന്നു പറയുന്നു. ഇതിനിടെ, ഗാസയിലെ വംശീയ ഉന്മൂലനം അവസാനിപ്പിക്കാൻ രക്ഷാസമിതി ഇടപെടണമെന്ന് യുഎന്നിന്റെ ഹ്യൂമാനിറ്റേറിയൻ വിഭാഗം മേധാവി ടോം ഫ്ലെച്ചർ ആവശ്യപ്പെട്ടു.
റഷ്യയിൽ തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘടനാ മേധാവിക്കു ജയിൽശിക്ഷ
മോസ്കോ: റഷ്യയിലെ ഏക സ്വതന്ത്ര തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘടനയായ ഗോളോസിന്റെ മേധാവി ഗ്രിഗറി മെൽക്കോൺയാന്റ്സിന് അഞ്ചു വർഷം തടവുശിക്ഷ. അനഭിമത സംഘടനകളുമായി ചേർന്നു പ്രവർത്തിച്ചുവെന്ന കുറ്റമാണു തെളിഞ്ഞത്.
2023 ഓഗസ്റ്റിലാണു ഗ്രിഗറി അറസ്റ്റിലായത്. യുക്രെയ്ൻ അധിനിവേശത്തെ ചോദ്യംചെയ്യുന്ന സംഘടനകൾക്കെതിരായ നടപടികളുടെ ഭാഗമായിട്ടാണ് അറസ്റ്റെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടി.
2011ലെ പാർലെന്റ് തെരഞ്ഞെടുപ്പിലും വ്ലാദിമിർ പുടിൻ മൂന്നാം വട്ടം അധികാരത്തിലേറിയ 2012ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നതായി ഗ്രിഗറിയുടെ സംഘടന തെളിയിച്ചിരുന്നു. 2024ൽ പുടിൻ 88 ശതമാനം വോട്ടോടെ വിജയിച്ചതു റഷ്യൻ തെരഞ്ഞെടുപ്പുചരിത്രത്തിലെ ഏറ്റവും വലിയ ക്രമക്കേടായിരുന്നുവെന്നും സംഘടന ആരോപിച്ചു.
യൂറോപ്പിലെയും സെൻട്രൽ ഏഷ്യയിലെയും മുൻ കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ നിരീക്ഷണ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള നെറ്റ്വർക്ക് ഓഫ് ഇലക്ഷൻ മോണിറ്ററിംഗ് ഓർഗനൈസേഷൻ എന്ന സംഘടനയ്ക്കൊപ്പം പ്രവർത്തിച്ചു എന്നാരോപിച്ചാണ് ഗ്രിഗറിയെ അറസ്റ്റ് ചെയ്തത്.
ഇസ്താംബൂളിൽ ഇന്ന് റഷ്യ-യുക്രെയ്ൻ ചർച്ച
മോസ്കോ: റഷ്യ-യുക്രെയ്ൻ പ്രതിനിധികൾ ഇന്ന് തുർക്കിയിലെ ഇസ്താംബൂളിൽ നേരിട്ടു ചർച്ച നടത്തിയേക്കും. യുദ്ധം അവസാനിപ്പിക്കാനായി ഇരു പക്ഷവും മുഖത്തോടുമുഖം ചർച്ച നടത്തുന്നതു മൂന്നു വർഷത്തിനു ശേഷമാണ്.
ചർച്ചയ്ക്കു പ്രതിനിധിസംഘത്തെ അയയ്ക്കുന്ന കാര്യം റഷ്യ സ്ഥിരീകരിച്ചു. റഷ്യൻ സംഘം ഇസ്താംബൂളിൽ യുക്രെയ്ൻ സംഘത്തെ കാത്തിരിക്കുമെന്നാണു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ഇന്നലെ അറിയിച്ചത്. റഷ്യൻ സംഘത്തിലുള്ളവരുടെ പേരുവിവരങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല.
സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ ഇസ്താംബൂളിലേക്ക് അയയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് സൗദി സന്ദർശനത്തിനിടെ അറിയിച്ചു. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, യുക്രെയ്ൻകാര്യ പ്രതിനിധി കീത്ത് കെല്ലോഗ് എന്നിവരും ഇസ്താംബൂളിലെത്തിയേക്കും.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനാണ് ഇസ്താംബൂൾ ചർച്ചയ്ക്കു നിർദേശം വച്ചത്. വെടിനിർത്തലിനായി ട്രംപ് റഷ്യക്കും യുക്രെയ്നും മേൽ സമ്മർദം ചെലുത്തുന്നതിനിടെയാണു പുടിൻ ഞായറാഴ്ച പ്രഖ്യാപനം നടത്തിയത്.
പുടിന് എന്നെ അഭിമുഖീകരിക്കാൻ പേടി: സെലൻസ്കി
കീവ്: റഷ്യൻ പ്രസിഡന്റ് പുടിൻ ഇസ്താംബൂളിലെത്തിയാൽ താനും പോകുമെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി. താനുമായി മുഖത്തോടു മുഖം ചർച്ച നടത്താൻ പുടിനു ഭയമാണെന്നും സെലൻസ്കി പരിഹസിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള ആദ്യപടിയെന്ന നിലയിൽ 30 ദിവസത്തെ വെടിനിർത്തലിന് റഷ്യ തയാറാകണം. റഷ്യയിലെ എല്ലാ കാര്യങ്ങളും പുടിനെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ട് അദ്ദേഹവും ചർച്ചയിൽ പങ്കെടുക്കണമെന്നു സെലൻസ്കി ആവശ്യപ്പെട്ടു.
സ്റ്റാർമറെ വിമർശിച്ച് കാർണി
ഒട്ടാവ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഔദ്യോഗിക സന്ദർശനത്തിനു ക്ഷണിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറെ വിമർശിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി.
കാനഡയെ അമേരിക്കൻ സംസ്ഥാനമാക്കുമെന്നു പ്രഖ്യാപിച്ച ട്രംപിനെതിരേ ഏകീകൃത മുന്നണിയുണ്ടാക്കാനുള്ള നീക്കങ്ങൾക്കു തുരങ്കംവയ്ക്കുന്നതായിരുന്നു സ്റ്റാർമറുടെ നടപടിയെന്ന് കാർണി ടിവി അഭിമുഖത്തിൽ പറഞ്ഞു.
സ്റ്റാർമെൻ ഫെബ്രുവരിയിൽ അമേരിക്ക സന്ദർശിക്കവേയാണു ട്രംപിനു ക്ഷണം നല്കിയത്.
കൊല്ലപ്പെട്ടത് 11 സൈനികർ; 78 പേർക്കു പരിക്കേറ്റെന്നും പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ ഒരു സ്ക്വാഡ്രൺ ലീഡർ ഉൾപ്പെടെ11 സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ. 78 പേർക്കു പരിക്കേറ്റുവെന്നും പാക്കിസ്ഥാൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ ആറ്, ഏഴ് തീയതികളിൽ നടന്ന ഏറ്റുമുട്ടലിൽ 40 സാധാരണക്കാർക്കും ജീവഹാനിയുണ്ടായി. 121 പേർക്കു പരിക്കേറ്റു.
ഇന്ത്യ-പാക് സംഘർഷത്തിൽ ഒരു വിമാനത്തിനു ചെറിയരീതിയിൽ കേടുപാടു പറ്റിയെന്ന് മൂന്നുദിവസം മുന്പ് പാക്കിസ്ഥാൻ സമ്മതിച്ചിരുന്നു.
അതേസമയം വിമാനത്തിന്റെ വിശദാംശങ്ങൾ നൽകിയതുമില്ല. പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന സൈനികരെയും മറ്റുള്ളവരെയും കഴിഞ്ഞദിവസം പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനിർ സന്ദർശിച്ചിരുന്നു.
അനിത ആനന്ദ് കനേഡിയൻ വിദേശകാര്യ മന്ത്രി
ടൊറന്റോ: കാനഡയിൽ മാർക്ക് കാർണി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. അനിത ആനന്ദ് ആണ് പുതിയ വിദേശകാര്യ മന്ത്രി.
മെലാനി ജോളിക്കു പകരമാണ് അനിത വിദേശകാര്യമന്ത്രിയാകുന്നത്. പത്തു മന്ത്രിമാരെ പുതിയ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കി. കാർണി സർക്കാരിൽ പകുതിയിലേറെ മന്ത്രിമാരും വനിതകളാണ്.
സൗദിയും അമേരിക്കയും 14,200 കോടി ഡോളറിന്റെ പ്രതിരോധ കരാറിൽ ഒപ്പിട്ടു
റിയാദ്: സൗദി അറേബ്യയും അമേരിക്കയും 14,200 കോടി ഡോളറിന്റെ പ്രതിരോധ കരാറിൽ ഒപ്പുവച്ചു. നാലു ദിവസം നീളുന്ന പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഇന്നലെ സൗദിയിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമാണു കരാറിൽ ഒപ്പുവച്ചത്.
ഇറാന്റെ ആണവപരീക്ഷണം നിർത്തലാക്കുക, ഗാസ യുദ്ധം അവസാനിപ്പിക്കുക, എണ്ണവില പിടിച്ചുനിർത്തുക തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. യുഎസ് പ്രസിഡന്റായശേഷം ഡോണൾഡ് ട്രംപിന്റ ആദ്യ വിദേശ സന്ദർശനമാണിത്. 16-ാം തീയതി വരെ നീളുന്ന ഗൾഫ് സന്ദർശനത്തിടെ ഖത്തർ, യുഎഇ രാജ്യങ്ങളും ട്രംപ് എത്തും.
കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരിട്ടെത്തിയാണ് ട്രംപിനെ സ്വീകരിച്ചത്. അമേരിക്കയും സൗദിയും കൈകോർക്കുന്പോൾ വലിയ കാര്യങ്ങൾ സംഭവിക്കാറുണ്ടെന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.
600 ബില്യൺ ഡോളറിന്റെ നിക്ഷേപം യുഎസിൽ നടത്തുമെന്ന് സൽമാൻ രാജകുമാരൻ നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ഒരു ട്രില്യണായി ഉയർത്തിയാൽ നന്നായിരിക്കുമെന്നു തമാശരൂപേണ ട്രംപ് പറഞ്ഞു.
തുടർന്ന് ആഡംബരപൂർണമായ ഉച്ചഭക്ഷണവിരുന്നിലും ട്രംപ് പങ്കെടുത്തു. ട്രംപിന്റെ യാത്രാപരിപാടിയുടെ ഭാഗമായ സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലെല്ലാം അദ്ദേഹത്തിന്റെ മക്കൾ റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകൾ വികസിപ്പിച്ചുവരികയാണ്. സൗദിയുടെ ഫൈറ്റർ ജെറ്റുകൾക്കുവേണ്ടിയുള്ള എയർ ടു എയർ മിസൈലുകൾ സംബന്ധിച്ചുള്ള ആദ്യഘട്ട അനുമതി ഈ മാസമാദ്യം യുഎസ് നൽകിയിരുന്നു.
ഗൾഫ് രാജ്യങ്ങളും ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യവും ട്രംപിനുണ്ട്. എന്നാൽ, ഇതിനുപകരമായി യുഎസിന്റെ സുരക്ഷാ ഉറപ്പും ആണവപദ്ധതികൾക്ക് സഹായവും പലസ്തീനിന് രാഷ്ട്രപദവിയും സൗദി പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ വാരം പലസ്തീൻ വൈസ് പ്രസിഡന്റ് ഹുസൈൻ ഷെയ്ഖിന് ജിദ്ദയിൽ സ്വീകരണം നൽകിയതും പലസ്തീൻ വിഷയത്തിലെ സൗദിയുടെ നിലപാടിനെ സൂചിപ്പിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.
വെളുത്ത വർഗക്കാരായ ദക്ഷിണാഫ്രിക്കൻ സ്വദേശികൾക്ക് യുഎസിൽ അഭയാർഥി പദവി
വാഷിംഗ്ടൺ: വെളുത്ത വർഗക്കാരായ 59 ദക്ഷിണാഫ്രിക്കൻ സ്വദേശികൾ യുഎസിലെത്തി. ഇവർക്ക് അഭയാർഥിപദവി നൽകാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചതിനെത്തുടർന്നാണിത്.
ഡച്ചുകാരുടെ പിന്മുറക്കാരായ ആഫ്രിക്കാനർ എന്ന വിഭാഗമാണിവർ. ഇവർ ദക്ഷിണാഫ്രിക്കയിൽ വിവേചനമനുഭവിക്കുന്ന വിഭാഗമാണെന്നും അതിനാലാണ് അഭയം നൽകാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കിയതെന്നും ട്രംപ് പ്രതികരിച്ചു.
യുദ്ധമേഖലയിൽനിന്നടക്കമുള്ള മറ്റ് അഭയാർഥികളെ സ്വീകരിക്കാനുള്ള നടപടികളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വാഷിംഗ്ടൺ ഡിസിക്ക് സമീപമുള്ള ഡാളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ സംഘത്തിന് ഉജ്വല വരവേൽപ്പാണു ലഭിച്ചത്. എത്തിയവർ അമേരിക്കൻ പതാകകൾ വീശി സന്തോഷം പ്രകടിപ്പിച്ചു. സാധാരണ അഭയാർഥികളെ രാജ്യത്ത് പ്രവേശിപ്പിക്കുന്നതിനു മുൻപുള്ള പരിശോധനകൾ ഇത്തവണ നടത്തിയിട്ടില്ലെന്ന് യുഎൻ ആരോപിക്കുന്നു.
“കൃഷിക്കാർക്കെതിരേ രാജ്യത്ത് വംശഹത്യയാണ് നടന്നുകൊണ്ടിരുന്നത്. അവരിലെ വെളുത്ത വർഗക്കാരെ പ്രത്യേകം ഉന്നംവയ്ക്കുന്നുമുണ്ടായിരുന്നു. അവർ വെളുത്ത വർഗക്കാരായിപ്പോയി. പക്ഷേ, പീഡിപ്പിക്കപ്പെടുന്നവർ വെളുത്തവരോ കറുത്തവരോ എന്നത് എനിക്ക് പ്രധാനമല്ല’’, ട്രംപ് പറഞ്ഞു.
ഇവരുടെ പക്കൽനിന്നു കൃഷിഭൂമി പിടിച്ചെടുക്കുകയും നഷ്ടപരിഹാരം നിഷേധിക്കുകയും ചെയ്തെന്നാണ് യുഎസ് നിലപാട്. എന്നാൽ ട്രംപിന്റെ വിലയിരുത്തൽ തെറ്റാണെന്ന് ടെലിഫോൺ സംഭാഷണത്തിൽ അദ്ദേഹത്തെ താൻ അറിയിച്ചെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ പറഞ്ഞു.
ഗാസയിൽ കുട്ടികൾ പട്ടിണിമൂലം മരിച്ചെന്ന് റിപ്പോർട്ട്
ഗാസ സിറ്റി: ഗാസയിലെ 500,000 പേർ പട്ടിണിമൂലം വലയുകയാണെന്നും 57 കുട്ടികൾ ഇത്തരത്തിൽ മരണപ്പെട്ടുവെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.
മാർച്ച് രണ്ടു മുതൽ പ്രദേശത്തേക്കു സഹായങ്ങൾ എത്തിക്കുന്നത് ഇസ്രയേൽ തടഞ്ഞതാണു കാരണം. പോഷകാഹാരക്കുറവാണ് കുട്ടികളെ മരണത്തിലേക്കു തള്ളിവിട്ടതെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു.
ഓസ്ട്രേലിയയിലെ ലിബറൽ പാർട്ടിക്ക് വനിതാ നേതാവ്
സിഡ്നി: ഓസ്ട്രേലിയയിലെ പ്രധാന പ്രതിപക്ഷമായ ലിബറൽ പാർട്ടിയെ നയിക്കാൻ വനിതാ നേതാവ് സൂസൻ ലേ. തെരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് പീറ്റർ ഡട്ടണ് സ്ഥാനമൊഴിഞ്ഞിരുന്നു.
തുടർന്ന് പാർട്ടി നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നു. ആംഗസ് ടെയ് ലറെ നാലു വോട്ടിനാണ് സൂസൻ പരാജയപ്പെടുത്തിയത്.
മേയ് മൂന്നിനു നടന്ന തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ലിബറൽ പാർട്ടിക്കുണ്ടായത്. പ്രധാനമന്ത്രി ആന്തണി ആൽബനീസിന്റെ ലേബർ പാർട്ടി മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി.
ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം 18ന്
വത്തിക്കാനിൽനിന്ന് ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഈമാസം 18നു നടക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ അന്നേദിവസം പ്രാദേശികസമയം രാവിലെ പത്തിനായിരിക്കും ( ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ആഘോഷമായ വിശുദ്ധ കുർബാന നടക്കുക. ചടങ്ങിലേക്ക് വിദേശരാജ്യ തലവന്മാരെ ക്ഷണിക്കുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ലെയോ പതിനാലാമൻ പാപ്പാ ഇന്നലെ സിസ്റ്റൈൻ ചാപ്പലിൽ ആദ്യത്തെ പൊന്തിഫിക്കൽ കുർബാന അർപ്പിച്ചു. കർദിനാൾമാർ സഹകാർമികരായിരുന്നു.
ഇതിനിടെ, മാർപാപ്പയുടെ അടുത്ത ദിവസങ്ങളിലെ പരിപാടികളുടെ ഷെഡ്യൂൾ വത്തിക്കാൻ പുറത്തുവിട്ടു. ഇതുപ്രകാരം മാർപാപ്പ ഇന്ന് കർദിനാൾമാരുമായി കൂടിക്കാഴ്ച നടത്തും.
നാളെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽനിന്ന് ചത്വരത്തിലെ വിശ്വാസികളോടൊപ്പം 12 മണിക്ക് ത്രികാലജപം ചൊല്ലും. തിങ്കളാഴ്ച വത്തിക്കാനിലുള്ള ലോകമെങ്ങുംനിന്നുള്ള മാധ്യമപ്രവർത്തകരുമായും 16ന് വത്തിക്കാനിലെ നയതന്ത്രപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.
ഈമാസം 21 നായിരിക്കും പോൾ ആറാമൻ ഹാളിൽ നടന്നുവരാറുള്ള ആദ്യത്തെ പ്രതിവാര പൊതുജന സന്പർക്ക പരിപാടി. 24ന് റോമൻ കൂരിയയുമായും വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തും.
വിവിധ ഭാഷകൾ വഴങ്ങും; ഇരട്ട പൗരത്വം
വത്തിക്കാന് സിറ്റി: മാര്പാപ്പയാകുന്ന ആദ്യ അമേരിക്കന് കര്ദിനാള്, പെറുവിലും അമേരിക്കയിലും പൗരത്വം, ഇംഗ്ലീഷും ലാറ്റിനും ഇറ്റാലിയനും സ്പാനിഷും പോർച്ചുഗീസും ഉള്പ്പെടെ വിവിധ ഭാഷകളില് പ്രാവീണ്യം, പെറുവിലെ സാധാരണക്കാരുടെ ഹൃദയം അറിഞ്ഞ മിഷനറി, വിശുദ്ധ അഗസ്റ്റിന്റെ പാത പിന്തുടര്ന്നുള്ള അഗസ്റ്റീനിയന് സമൂഹത്തില്നിന്നുള്ള മാർപാപ്പ... റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന ലെയോ പതിനാലാമൻ മാർപാപ്പയ്ക്കുള്ള സവിശേഷതകളേറെയാണ്.
ഫ്രഞ്ച്-ഇറ്റാലിയൻ വംശജനായ ലൂയിസ് മാരിയസ് പ്രെവോസ്റ്റിന്റെയും സ്പാനിഷ് വംശജയും ന്യൂ ഓർലിയൻസ് സ്വദേശിനിയുമായ മിൽഡ്രഡ് മാർട്ടിനസിന്റെയും മകനായി1955 സെപ്റ്റംബർ 14 ന് അമേരിക്കയിൽ ഇല്ലിനോയിസിലെ ബ്രോൺസ്വില്ലയിലാണു ജനനം. ലൂയിസ് മാർട്ടിൻ, ജോൺ ജോസഫ് എന്നിവരാണു സഹോദരങ്ങൾ. പിതാവ് ലൂയിസ് മാരിയസ് രണ്ടാം ലോകമഹായുദ്ധകാലത്ത് നാവികസേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പിന്നീട് ഷിക്കാഗോയുടെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ സ്കൂളുകളുടെ സൂപ്രണ്ടായി ജോലി ചെയ്യുകയും ചെയ്തു. എഡ്യുക്കേഷനിൽ മാസ്റ്റേഴ്സ് ബിരുദമുണ്ടായിരുന്ന അമ്മ മിൽഡ്രഡ് മാർട്ടിനസ് ലൈബ്രേറിയനായിരുന്നു.
സെന്റ് മേരി ഓഫ് ദ അസംപ്ഷൻ ഇടവകയിലാണ് പ്രെവോസ്റ്റ് തന്റെ ആത്മീയജീവിതത്തിന് തുടക്കം കുറിച്ചത്. ഇടവകപ്പള്ളിയിലെ ഗായകസംഘത്തിൽ പാടിയും അൾത്താരബാലനായും അദ്ദേഹം തന്റെ ദൈവവിളിക്കു വിത്തുപാകി.
സഹായം തേടി പാക് സന്ദേശം: തൊട്ടുപിന്നാലെ പിൻവലിച്ചു
ഇസ്ലാമാബാദ്/ന്യൂഡൽഹി: ഇന്ത്യയുമായുള്ള സംഘർഷത്തിലുണ്ടായ കനത്ത നഷ്ടം നേരിടാൻ രാജ്യാന്തര വായ്പകൾ തേടി സാന്പത്തിക മന്ത്രാലയത്തിന്റെ പേരിൽ പ്രത്യക്ഷപ്പെട്ട എക്സ് സന്ദേശം സമൂഹമാധ്യമ അക്കൗണ്ട് ഹാക്ക് ചെയ്തതിനെത്തുടർന്നാണെന്നു പാക്കിസ്ഥാൻ.
സന്ദേശം പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും അക്കൗണ്ട് പൂര്വ സ്ഥിതിയിലാക്കാന് ശ്രമിക്കുന്നുണ്ടെന്നും സാന്പത്തിക മന്ത്രാലയം വിശദീകരിച്ചിരുന്നു.
‘ശത്രുക്കള് കനത്ത നാശം വരുത്തിയതിനാല് രാജ്യാന്തര പങ്കാളികളില് നിന്നും കൂടുതല് വായ്പ അഭ്യര്ഥിക്കുന്നു. ഓഹരി വിപണി തകര്ച്ചക്കിടയില് സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാന് രാജ്യാന്തര പങ്കാളികള് സഹായിക്കണം’ എന്നായിരുന്നു അക്ഷരതെറ്റുകളോടെയുള്ള സന്ദേശം.
രാജ്യാന്തര നാണയനിധിയില് നിന്ന് (ഐഎംഎഫ്) ഏറ്റവും കൂടുതല് വായ്പയെടുത്ത രാജ്യങ്ങളുടെ പട്ടികയിൽ നാലാമതുള്ള പാകിസ്ഥാന് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇതിനിടയിലാണ് ഇന്ത്യയുമായുള്ള സംഘര്ഷം.
വ്യാഴാഴ്ച പാക് ഓഹരിസൂചികകൾ 6,000 പോയിന്റ് തകർന്നതിനു പിന്നാലെയാണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇന്നലെ രാവിലെ ആയിരം പോയിന്റോളം വിപണി തിരിച്ചുപിടിച്ചിട്ടുണ്ട്.
വിശ്വാസത്തിന്റെ അഭാവം ജീവിതത്തിന്റെ അർഥം നഷ്ടപ്പെടുത്തുന്നു: മാർപാപ്പ
വത്തിക്കാൻ സിറ്റി: സുവിശേഷത്തിനുവേണ്ടി നാം ത്യാഗങ്ങൾ സഹിക്കേണ്ടത് ഏറെ ആവശ്യമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. വിശ്വാസത്തിന്റെ അഭാവം ജീവിതത്തിന്റെ അർഥം നഷ്ടപ്പെടുന്നതിനും കരുണയെ വിസ്മരിക്കുന്നതിനും വ്യക്തിയുടെ അന്തസിനെ തിരസ്കരിക്കുന്നതിനും ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി ഇന്നലെ രാവിലെ സിസ്റ്റൈൻ ചാപ്പലിൽ കർദിനാൾമാർക്കൊപ്പം അർപ്പിച്ച പൊന്തിഫിക്കൽ വിശുദ്ധ കുർബാന മധ്യേ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
രണ്ടായിരം വർഷത്തെ സഭയുടെ വിശ്വാസപാരമ്പര്യം വിശുദ്ധ പത്രോസിന്റെ “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാകുന്നു’’ എന്ന വാക്കുകളിൽ അടിസ്ഥാനമാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. പിതാവായ ദൈവത്തിന്റെ മുഖം മനുഷ്യകുലത്തിന് വെളിപ്പെടുത്തുന്ന ഏക രക്ഷിതാവാണ് യേശുക്രിസ്തു.
ദൈവത്തോട് മനുഷ്യരെ അടുപ്പിക്കുന്നതിനായി, പുനരുത്ഥാനത്തിനുശേഷം നമുക്കെല്ലാവർക്കും അനുകരിക്കാൻ കഴിയുന്ന വിശുദ്ധ മാനവികതയുടെ മാതൃക കാണിച്ചുതന്ന നിത്യവിധിയുടെ വാഗ്ദാനം പ്രദാനം ചെയ്തവനാണ് യേശു.
വിശുദ്ധ പത്രോസ്, താൻ ആരാണെന്നുള്ള യേശുവിന്റെ ചോദ്യത്തിന് നൽകുന്ന മറുപടിയിൽ, ദൈവത്തിന്റെ മഹത്തായ ദാനവും രൂപാന്തരപ്പെടാൻ അനുവദിക്കുന്നതിനു സ്വീകരിക്കേണ്ട പാതയും നമുക്ക് കാണിച്ചുതരുന്നു.
രക്ഷയുടെ ഈ മാനമാണ് മാനവകുലത്തിന്റെ നന്മയ്ക്കുവേണ്ടി സഭ പ്രഘോഷിക്കേണ്ടത്. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനുമുന്പേ നമ്മെ തെരഞ്ഞെടുക്കുകയും ജ്ഞാനസ്നാനത്താൽ പുനരുജ്ജീവിപ്പിക്കുകയും നമ്മുടെ പരിമിതികൾക്കുമപ്പുറം നമ്മെ നയിക്കുകയും ചെയ്ത ദൈവം നമുക്ക് നൽകുന്ന ഉത്തരവാദിത്വവും സകല സൃഷ്ടികളോടുമുള്ള വചനപ്രഘോഷണമാണെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
ലെയോ പതിനാലാമന് മാർപാപ്പയ്ക്കു ലോകനേതാക്കളുടെ അഭിനന്ദനം
വത്തിക്കാന് സിറ്റി: ആഗോള കത്തോലിക്കാസഭയുടെ 267-ാമത് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമന് മാർപാപ്പയ്ക്കു ലോകനേതാക്കളുടെ അഭിനന്ദനപ്രവാഹം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഗ്രീക്ക് പ്രധാനമന്ത്രി കിറിയാക്കോസ് മിറ്റ്സോട്ടാക്കിസ്, കെനിയ പ്രസിഡന്റ് വില്യം റൂട്ടോ, ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ഡി സിൽവ, മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം തുടങ്ങി നിരവധി ലോകനേതാക്കളാണ് വ്യാഴാഴ്ച രാത്രി പ്രഖ്യാപനം വന്നതുമുതൽ മാർപാപ്പയ്ക്ക് അഭിനന്ദനമറിയിച്ചത്.
“ആവേശഭരിതം. നമ്മുടെ രാജ്യത്തിന് എത്ര വലിയ ബഹുമതി. ലിയോ പതിനാലാമൻ മാർപാപ്പയെ കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അത് വളരെ അർത്ഥവത്തായ ഒരു നിമിഷമായിരിക്കും’’-എന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്.
പരിശുദ്ധ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ത്യയിലെ ജനങ്ങളുടെ ആത്മാർത്ഥമായ അഭിനന്ദനങ്ങളും ആശംസകളും താൻ അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പൊതുവായ മൂല്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനായി പരിശുദ്ധ സിംഹാസനവുമായി തുടർച്ചയായ സംഭാഷണത്തിനും ഇടപെടലിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോദി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ പൗരനായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന്റെ സ്ഥാനലബ്ധി ഏറെ അഭിമാനം പകരുന്നുവെന്ന് പെറു പ്രസിഡന്റ് ഡിന ബൊലുവാർട്ടെ പറഞ്ഞു. വിശ്വാസത്തിന്റെയും പ്രത്യാശയുടെയും ഒരു രാഷ്ട്രമായ പെറുവിലെ ജനങ്ങൾ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന്റെ പേപ്പല് പദവിയില് പ്രാർഥനയിൽ ഒന്നിക്കുകയും പെറുവിനെ സ്നേഹിച്ച വൈദികന് ഇപ്പോൾ സാർവത്രികസഭയെ നയിക്കുന്നത് നന്ദിയോടെ ആഘോഷിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദൈവവചനത്തിൽനിന്ന് ഒഴുകുന്ന സ്നേഹം, ദാനധർമം, പ്രത്യാശ എന്നിവയുടെ അക്ഷയമായ സന്ദേശത്തിൽനിന്ന് ഉരുത്തിരിഞ്ഞ ആത്മീയവും ധാർമികവുമായ അധികാരം മാർപാപ്പയിലും സഭയിലും അംഗീകരിക്കുന്ന ഇറ്റലിക്കാർ അങ്ങയെ ഒരു വഴികാട്ടിയായും അടയാളമായും കാണുമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആശംസാസന്ദേശത്തിൽ പറഞ്ഞു.
പെറുവിന്റെ മിഷനറിവര്യൻ
ലിമ: സാർവത്രികസഭയെ നയിക്കാൻ നിയുക്തനായ ലെയോ പതിനാലാമൻ മാർപാപ്പ (കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ) തെക്കേ അമേരിക്കൻ രാജ്യമായ പെറുവിനെ അകമഴിഞ്ഞു സ്നേഹിച്ച മിഷനറിവര്യനാണ്.
അമേരിക്കയിൽ ജനിച്ചു പഠിച്ച് അഗസ്റ്റീനിയൻ സഭയുടെ മിഷനറിയായി പെറുവിലെത്തി 20 വർഷക്കാലം ഇവിടെ പ്രവർത്തിച്ച അദ്ദേഹത്തിന് ഈ രാജ്യത്തെ ഏറ്റവും പാവപ്പെട്ട ആളുകളുടെ ജീവിതസാഹചര്യങ്ങൾ മനഃപാഠമായിരുന്നു.
2023 മാർച്ചിൽ ചിക്ലായോയിൽ കനത്ത നാശംവിതച്ച പ്രളയമുണ്ടായപ്പോൾ ചെളിനിറഞ്ഞ സ്ഥലങ്ങളിലൂടെ നടന്നെത്തി ആശ്വാസമേകിയും ദുരിതാശ്വാസവസ്തുക്കൾ വിതരണം ചെയ്തും തങ്ങളിലൊരുവനായി നിന്ന ബിഷപ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ പെറുവിയൻ ജനത ഒരിക്കലും മറക്കില്ല.
ചിക്ലായോയുടെ മെത്രാനായിരുന്ന അദ്ദേഹം ദുരന്തസമയത്ത് പുഴുങ്ങിയ ഉരുളക്കിഴങ്ങു മാത്രം ഭക്ഷിച്ചതും ഇരുട്ടുമുറിയിൽ നിലത്ത് കിടന്നുറങ്ങിയതുമൊക്കെ പ്രദേശത്തെ ജനങ്ങൾ മറന്നിട്ടില്ല. കോവിഡ് കാലത്ത് ഉപകാരികളുടെ സഹായത്തോടെ രണ്ട് ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ നിർമിച്ചുനൽകിയും അദ്ദേഹം ജനത്തിന് ആശ്വാസമേകി.
പെറുവിലെ ബിഷപ്പായിരിക്കെ വത്തിക്കാനിലേക്ക് സ്ഥലംമാറ്റമുണ്ടായപ്പോൾ വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് താനിപ്പോഴും തന്നെ കാണുന്നത് ഒരു മിഷനറിയായിട്ടാണെന്നും എല്ലാ ക്രൈസ്തവരെയുംപോലെ തന്റെ ദൈവവിളിയും ഒരു മിഷനറിയാകാനും ദൈവവചനം എല്ലാവരോടും പ്രഘോഷിക്കാനുമാണെന്നാണ്.
തന്നെ രൂപപ്പെടുത്തിയതിൽ പ്രധാന പങ്ക് വഹിച്ചത് പെറുവിലെ അനുഭവങ്ങളായിരുന്നുവെന്ന് മറ്റൊരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 2015ലാണ് അദ്ദേഹം പെറുവിന്റെ പൗരത്വം സ്വീകരിച്ചത്. അമേരിക്കൻ പൗരനാണെങ്കിലും ആ സന്പന്നരാജ്യത്തിന്റെ ലേബലിൽ അറിയപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചിട്ടില്ല.
തങ്ങളുടെ പ്രിയ മെത്രാൻ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദാരവത്തിലാണ് പെറുവിലെ 76 ശതമാനം വരുന്ന കത്തോലിക്കാവിശ്വാസികൾ. വിവരമറിഞ്ഞയുടൻ രാജ്യത്തെ എല്ലാ പള്ളികളിലും മണികൾ മുഴക്കുകയും വിശ്വാസികൾ കൂട്ടത്തോടെയെത്തി മധുരം പങ്കിട്ട് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്നലെ എല്ലാ പള്ളികളിലും പ്രത്യേക വിശുദ്ധ കുർബാനയും സ്തോത്രഗീതാലാപനവുമുണ്ടായിരുന്നു.
നയതന്ത്ര ഇടപെടൽ തുടരുന്നു: പാക് പ്രതിരോധമന്ത്രി
ഇസ്ലാമാബാദ്: സംഘർഷം ലഘൂകരിക്കുന്നതിനായി ഇറാൻ, യുഎഇ, സൗദി അറേബ്യ, ചൈന, ഖത്തർ തുടങ്ങിയ രാജ്യങ്ങളുമായി ദൈനംദിന നയതന്ത്ര ഇടപെടലുകൾ നടത്തുകയാണെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ അസിഫ്.
ആക്രമണം ലക്ഷ്യമിട്ടല്ല രഹസ്യവിവരങ്ങൾ തേടിയാണ് ഇന്ത്യയുടെ സമീപദിവസങ്ങളിലെ ഡ്രോൺ ആക്രമണമെന്നും ദേശീയ അസംബ്ലിയിൽ ഖ്വാജ അസിഫ് പറഞ്ഞതായി എക്സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു.
സുരക്ഷിതമായ പരിധിവരെ ഡ്രോണുകളെ പ്രവേശിപ്പിച്ചശേഷമാണ് നശിപ്പിക്കുന്നത്. രഹസ്യവിവരങ്ങൾ നഷ്ടമാകാതിരിക്കാനാണ് ഇത്. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി കുറഞ്ഞത് 29 ഡ്രോണുകൾ തകർത്തുവെന്നാണ് ഇൻഫർമേഷൻ മന്ത്രി അത്താ തരാറിന്റെ വിശദീകരണം.
സോവ്യറ്റ് പങ്കിനെ ചെറുതാക്കി കാട്ടരുത്: വിക്ടറി ഡേയിൽ പുടിൻ
മോസ്കോ: രണ്ടാം ലോക മഹായുദ്ധത്തിൽ സോവ്യറ്റ് സേന വഹിച്ച നിർണായ പങ്കിനെ കുറച്ചുകാട്ടാനുള്ള നീക്കങ്ങൾ റഷ്യ അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ. സോവ്യറ്റ് സേന നാസി ജർമനിയെ പരാജയപ്പെടുത്തിയതിന്റെ 80-ാം വാർഷികാഘോഷത്തിൽ (വിക്ടറി ഡേ) പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യ ശക്തികളെ വിമർശിക്കാതിരുന്ന പുടിൻ, ഹിറ്റ്ലറെ പരാജയപ്പെടുത്തുന്നതിൽ പാശ്ചാത്യശക്തികൾ വഹിച്ച പങ്കിനെ റഷ്യ അംഗീകരിക്കുന്നതായും പറഞ്ഞു. ചൈനയിലെ ധീരന്മാരും സമാധാനത്തിനായി പോരാടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മോസ്കോയിലെ റെഡ് സ്ക്വയറിൽ നടന്ന ആഘോഷങ്ങളിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗായിരുന്നു മുഖ്യാതിഥി.
ബ്രീസിലിയൻ പ്രസിഡന്റ് ലുലാ ഡിസിൽവ, സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുചിക്, യൂറോപ്യൻ യൂണിയൻ അംഗമായ സ്ലൊവാക്യയിലെ പ്രധാനമന്ത്രി റോബർട്ട് ഫിസോ, വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോ എന്നിവരും വിശിഷ്ടാതിഥികളായിരുന്നു.
റഷ്യ ആഗോളതലത്തിൽ ഒറ്റപ്പെട്ടിട്ടില്ലെന്നു ബോധ്യപ്പെടാൻ ഏഷ്യ, ലാറ്റിനമേരിക്ക, ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽനിന്നുള്ള നേതാക്കളുടെ പങ്കാളിത്തം മതിയാകുമെന്ന് ക്രെംലിൻ പറഞ്ഞു.
ആഘോഷത്തോടനുബന്ധിച്ചുള്ള വന്പൻ സൈനിക പരേഡിൽ 11,500 ഭടന്മാരാണു പങ്കെടുത്തത്. യുക്രെയ്നിൽ യുദ്ധം ചെയ്യുന്ന 1500 പേരും ചൈന, ഈജിപ്ത് എന്നിവിടങ്ങളിൽനിന്നുള്ള സൈനികരും പരേഡിൽ പങ്കെടുത്തു.
എല്ലാ വർഷവും വിക്ടറി ഡേയിൽ പ്രദർശിപ്പിക്കാറുള്ള ആയുധങ്ങൾക്കു പുറമേ യുക്രെയ്ൻ അധിനിവേശത്തിൽ വലിയതോതിൽ ഉപയോഗിക്കുന്ന ഡ്രോണുകളും പരേഡിൽ ഉൾപ്പെടുത്തി. ലാൻസെറ്റ്, ജെറാൻ-2, ഒർലാൻ-10, ഒർലാൻ-30 ഡ്രോണുകളാണു പ്രദർശിപ്പിച്ചത്.
കിം ജോംഗ് ഉൻ റഷ്യൻ എംബസി സന്ദർശിച്ചു
പ്യോഗ്യാംഗ്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ഇന്നലെ തലസ്ഥാനമായ പ്യോഗ്യാംഗിലെ റഷ്യൻ എംബസി സന്ദർശിച്ചു.
കിമ്മിന്റെ മകളും ഒപ്പമുണ്ടായിരുന്നു. സോവ്യറ്റ് സേന നാസി ജർമനിയെ തോൽപ്പിച്ചതിന്റെ 80-ാം വാർഷികം റഷ്യ ഇന്നലെ ആഘോഷിച്ച പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. റഷ്യ- ഉത്തരകൊറിയ ബന്ധം ശക്തമായി തുടരുമെന്നു കിം പറഞ്ഞു.
ഇന്നലെ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നടന്ന സൈനിക പരേഡ് വീക്ഷിക്കാൻ ഉത്തരകൊറിയൻ സൈനികോദ്യോഗസ്ഥരും ഉണ്ടായിരുന്നു.
റഷ്യൻ പ്രസിഡന്റ് പുടിൻ ഇവർക്കു ഹസ്തദാനം നല്കുകയും ഇതിലൊരാളെ ആലിംഗനം ചെയ്യുകയുമുണ്ടായി. യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയ സൈനികരെയും ആയുധങ്ങളെയും വിട്ടുനല്കിയിട്ടുണ്ട്. ഇതിനു പകരമായി പ്രതിരോധ സാങ്കേതികവിദ്യകളാണ് റഷ്യ ഉത്തരകൊറിയയ്ക്കു നല്കുന്നത്.
ഹൂതി മിസൈൽ ഇസ്രയേൽ വെടിവച്ചിട്ടു
ടെൽ അവീവ്: യെമനിലെ ഹൂതി വിമതർ ഇസ്രയേലിനു നേർക്ക് വീണ്ടും മിസൈൽ ആക്രമണം നടത്തി. മിസൈൽ വിജയകരമായി വെടിവച്ചിട്ടുവെന്ന് ഇസ്രയേൽ അറിയിച്ചു.
ഇസ്രയേലിലെ ആരോ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഹൂതി മിസൈൽ തകർത്തത്. അതേസമയം ഇസ്രയേലിന്റെ സംരക്ഷണത്തിനായി അമേരിക്ക വിന്യസിച്ചിട്ടുള്ള ഥാഡ് മിസൈൽ പ്രതിരോധ സംവിധാനത്തിന് ഹൂതി മിസൈലിനെ വീഴ്ത്താനായില്ല.
ഹൂതി മിസൈലിനെ തകർക്കാൻ ഥാഡ് മിസൈൽ തൊടുത്തുവെങ്കിലും ലക്ഷ്യം കണ്ടില്ലെന്നാണ് ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതേസമയം തന്നെ ഇസ്രയേലിന്റെ ആരോ സംവിധാനം തൊടുത്ത മിസൈൽ ഹൂതി മിസൈലിനെ തകർക്കുകയും ചെയ്തു.
ഞായറാഴ്ച ഹൂതികൾ അയച്ച മിസൈൽ ടെൽ അവീവിലെ ബെൻഗുരിയൻ വിമാനത്താവളത്തിനു സമീപം പതിച്ചതിനു കാരണവും ഥാഡ് സംവിധാനത്തിന്റെ പരാജയമായിരുന്നു.
ഇതേസമയം, ഹൂതികൾ അമേരിക്കയുമായി ഉണ്ടാക്കിയ വെടിനിർത്തൽ ധാരണയിൽ ഇസ്രയേൽ ഉൾപ്പെടുന്നില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു ഇന്നലത്തെ ആക്രമണം.
ഡുട്ടെർട്ടെ മേയർസ്ഥാനത്തേക്കു മത്സരിക്കുന്നു
മനില: അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് ചെയ്ത മുൻ ഫിലിപ്പീനി പ്രസിഡന്റ് റൊദ്രിഗോ ഡുട്ടേർട്ടെ തിങ്കളാഴ്ച ഫിലിപ്പീൻസിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ മേയർസ്ഥാനത്തേക്കു മത്സരിക്കുന്നു. സ്വന്തം തട്ടകമായ ദവാവോ നഗരത്തിന്റെ ഡുട്ടേർട്ടയുടെ വിജയം അനായാസകരമായിരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
2016 മുതൽ 2022 വരെ പ്രസിഡന്റായിരുന്ന ഡുട്ടേർട്ടെ മയക്കുമരുന്നു സംഘങ്ങൾക്കെതിരേ സ്വീകരിച്ച നടപടികളിൽ മനുഷ്യാവകാശലംഘനമുണ്ടായെന്ന് ആരോപിക്കപ്പെടുന്നു. ഇപ്പോഴത്തെ ഫിലിപ്പീനി സർക്കാർ അദ്ദേഹത്തെ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കു കൈമാറുകയായിരുന്നു.
നിലവിൽ ഡുട്ടേർട്ടെ ഹേഗിലെ തടവറയിൽ വിചാരണ കാത്തു കഴിയുകയാണ്. ഫിലിപ്പീൻസിൽ തിങ്കളാഴ്ച നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ പാർലമെന്റിലെ ജനപ്രതിനിധി സഭയിലെ 317 സീറ്റുകളിലെയും സെനറ്റിലെ ഏതാനും സീറ്റുകളിലെയും പ്രാദേശിക സമിതികളിലേക്കും വോട്ടെടുപ്പുണ്ടാകും.
സംഘർഷം അവസാനിപ്പിക്കണം, എന്തു സഹായത്തിനും ഞാനുണ്ട്: ട്രംപ്
ന്യൂയോർക്ക്: അടിക്ക് തിരിച്ചടിയെന്ന സമീപനം നിർത്താനും എന്ത് സഹായത്തിനും താൻ തയാറാണെന്നും ഇന്ത്യ-പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
“രണ്ട് രാജ്യങ്ങളെയും എനിക്ക് നന്നായറിയാം. അവർ ഇപ്പോൾ ചെയ്യുന്നതു നിർത്തണമെന്നാണ് എനിക്കു പറയാനുള്ളത്.
കലഹം തുടങ്ങിയിട്ട് പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ കഴിഞ്ഞു. ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമെങ്കിൽ ഞാൻ സദാസന്നദ്ധനാണ്”- ട്രംപ് പറഞ്ഞു.
ചൈനയിലേക്കുള്ള യുഎസ് അംബാസഡർ ഡേവിഡ് പെർഡ്യുവിന്റെ സത്യപ്രതിജ്ഞാചടങ്ങിനു ശേഷം ഓവൽ ഓഫീസിൽ വെച്ചാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. ഇപ്പോഴത്തെ സാഹചര്യം യുഎസ് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് ഒരു ഉന്നത യുഎസ് സൈനിക കമാൻഡർ പറഞ്ഞു.
അമേരിക്കക്കാർ ലാഹോർ വിടണം: യുഎസ് കോൺസുലേറ്റ്
ലാഹോർ: ജീവനക്കാരോട് സുരക്ഷിതസ്ഥാനങ്ങളിൽ തുടരാൻ നിർദേശിച്ച് ലാഹോറിലെ യുഎസ് കോൺസുലേറ്റ്. സംഘർഷമേഖലയിൽനിന്നു വിട്ടുപോകാൻ അമേരിക്കൻ പൗരന്മാരോട് കോൺസുലേറ്റ് ആവശ്യപ്പെട്ടു.
ലാഹോറിലെ പ്രധാനവിമാനത്താവളത്തിനു സമീപമുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാൻ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതായും കോൺസുലേറ്റ് വ്യക്തമാക്കി.
സംഘർഷ മേഖലയിൽ കഴിയുന്ന യുഎസ് പൗരന്മാർ സുരക്ഷിതമായി മടങ്ങാൻ കഴിയുമെങ്കിൽ അവർ ലാഹോർ വിടണം. മടക്കയാത്ര സാധ്യമല്ലെങ്കിൽ സുരക്ഷിതകേന്ദ്രങ്ങളിൽ അഭയം തേടണമെന്നും സുരക്ഷാ മുന്നറിയിപ്പിൽ കോൺസുലേറ്റ് പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷം യുകെ പാർലമെന്റിൽ
ലണ്ടൻ: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം യുകെ പാർലമെന്റിൽ വിശദമായ ചർച്ചയ്ക്കു വിധേയമായി. ഹൗസ് ഓഫ് കോമൺസിൽ വിദേശ മന്ത്രാലയ മന്ത്രി ഹമീഷ് ഫാൽക്കണറാണ് സംവാദത്തിന് തുടക്കമിട്ടത്. നയതന്ത്രത്തിന്റെയും ചർച്ചകളുടെയും പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി കീയർ സ്റ്റാർമർ നടത്തിയ പ്രസ്താവന ആവർത്തിച്ചുകൊണ്ടായിരുന്നു ചർച്ചകൾ ആരംഭിച്ചത്.
യുകെയിലെ ഇന്ത്യൻ, പാക് വംശജർക്ക് ഇപ്പോൾ നടക്കുന്ന യുദ്ധം വ്യക്തിപരമായി അനുഭവപ്പെടുന്നതാണെന്നും ഫാൽക്കണർ പറഞ്ഞു. "ഇരുരാജ്യങ്ങളെയും യുകെയ്ക്ക് അടുത്തറിയാം. സിവിലയന്മാരുടെ ജീവൻ നഷ്ടപ്പെടുന്നത് ഹൃദയഭേദകമാണ്. സാഹചര്യം വഷളായാൽ ആരും ജയിക്കില്ല. പഹൽഗാം ഭീകരാക്രമണത്തെ യുകെ അപലപിച്ചിരുന്നു’- അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, സ്വന്തം സുരക്ഷിതത്വത്തിനു ഭീഷണിയാകുന്ന പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ഇല്ലായ്മ ചെയ്യുകയെന്നത് ഇന്ത്യയുടെ അവകാശമാണെന്ന് ഇന്ത്യൻവംശജയായ ഷാഡോ വിദേശകാര്യ സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു.
ഡ്രോൺ ആക്രമണം ഉണ്ടായെന്ന് പാക് സൈന്യം
ഇസ്ലാമാബാദ്: ലാഹോർ കന്റോൺമെന്റ് മേഖലയിൽ ഡ്രോൺ ആക്രമണത്തിൽ മൂന്നു പേർ കൊല്ല പ്പെട്ടെന്നും നാലു സൈനികർക്ക് പരിക്കേറ്റെന്നും പാക്കിസ്ഥാൻ ആർമി വക്താവ് ലഫ്. ജനറൽ അഹമ്മദ് ഷരീഫ് ചൗധരി വ്യക്തമാക്കി.
നാലു ഡ്രോണുകളാണ് ലാഹോറിൽ ആക്രമണം നടത്തിയത്. ലാഹോർ, ഗുജ്റൻവാസ, ചക്വാൾ, ബഹാവൽപുർ, മിയാനോ, കറാച്ചി, ഛോർ, റാവൽപിണ്ടി, അട്ടോക്ക് എന്നിവിടങ്ങളിൽ ഡ്രോണുകൾ തകർത്തുവെന്ന് പാക് സൈന്യം അവകാശപ്പെട്ടു.
ബിഎൽഎയുടെ സ്ഫോടനത്തിൽ 14 പാക് സൈനികർ കൊല്ലപ്പെട്ടു
ക്വെറ്റ: ഇന്ത്യയിൽനിന്നു കനത്ത പ്രഹരം നേരിടുന്നതിനിടെ പാക്കിസ്ഥാനു മറ്റൊരു തലവേദനയായി ബലൂച് ഭീകരർ. ഇന്നലെ ബലൂച് ലിബറേഷൻ ആർമിയുടെ (ബിഎൽഎ) ഐഇഡി സ്ഫോടനത്തിൽ 14 പാക് സൈനികർ കൊല്ലപ്പെട്ടു.
ബോലൻ മേഖലയിലായിരുന്നു ആക്രമണം. കരസേനാ ട്രക്ക് സ്ഫോടനത്തിൽ തകർന്നാണു സൈനികർ കൊല്ലപ്പെട്ടത്.
അമേരിക്കയ്ക്കു ലഭിച്ച ബഹുമതി: ട്രംപ്
വാഷിംഗ്ടൺ: ഒരു അമേരിക്കക്കാരൻ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയ്ക്കു ലഭിച്ച ബഹുമതിയാണിത്.
അദ്ദേഹത്തെ ഹൃദയംഗമമായി അഭിനന്ദിക്കുന്നു. ലെയോ പതിനാലാമൻ മാർപാപ്പയെ കാണാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. അതൊരു അർഥവത്തായ നിമിഷമായിരിക്കും. -ട്രംപ് പറഞ്ഞു.
ഒന്നാം ലോകത്തിൽ ജനിച്ച്, മൂന്നാം ലോകത്തിൽ പ്രവർത്തിച്ച്, സാർവത്രിക സഭയുടെ തലപ്പത്തേക്ക്
വത്തിക്കാൻ സിറ്റി: ഒന്നാം ലോകത്തിൽ ജനിച്ച് മൂന്നാം ലോകത്തിൽ പ്രവർത്തിച്ച് സാർവത്രികസഭയുടെ തലവനായി അവരോധിതനാകുന്ന ലെയോ പതിനാലാമൻ പാപ്പാ ഒരു ദിശമാറ്റത്തിന്റെ സൂചനയാണു തരുന്നത്.
പ്രേഷിതപ്രവർത്തനമില്ലാത്ത സഭ നിർജീവമാകുമെന്ന് ഫ്രാൻസിസ് പാപ്പാ പലപ്പോഴും ഓർമിപ്പിച്ചിരുന്നു. പ്രേഷിതപ്രവർത്തനത്തിലുള്ള ഔത്സുക്യവും തീക്ഷണതയും കുറഞ്ഞതാണ് ഒന്നാം ലോകരാജ്യങ്ങളിൽ സഭ ദുർബലമാകാൻ കാരണമെന്ന് പല നിരീക്ഷകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
റോമിലെ വിവിധ സഭാ ശുശ്രൂഷകളിൽ വ്യാപൃതരായവർ താന്താങ്ങളുടെ രൂപതകളിലേക്കു മടങ്ങാനും തദ്ദേശീയ സഭകളെ കെട്ടിപ്പടുക്കാനും ഫ്രാൻസിസ് പാപ്പാ നിർദേശിച്ചിരുന്നു. ഏതായാലും സഭയുടെ ഏറ്റവും സാധാരണക്കാരായ അംഗങ്ങളുടെ വികാരവിചാരങ്ങൾ അറിയുന്ന ആളാണ് പുതിയ പാപ്പാ.
സുവിശേഷം പങ്കുവയ്ക്കുന്നതിന്റെ ആനന്ദം അനുഭവിച്ചിരുന്ന വ്യക്തി. അദ്ദേഹത്തിന്റെ പുതിയ നയങ്ങൾ ഈ കാഴ്ചപ്പാടോടെ ആയിരിക്കും എന്നതിൽ സംശയമില്ല.
പെറുവിൽ 20 വർഷക്കാലം പ്രവർത്തിച്ച അദ്ദേഹത്തിന് ഏറ്റവും പാവപ്പെട്ട ആളുകളുടെ ജീവിതസാഹചര്യങ്ങൾ മനഃപാഠമാണെന്ന് അമേരിക്കൻ ജസ്വീറ്റായ തോമസ് റീസ് ദീപികയോട് പ്രതികരിച്ചു.
പെറുവിലെപ്പോലെ ലോകത്തിന്റെ വിളുന്പുകളിൽനിന്നുള്ള ഒരു വ്യക്തിയെന്ന നിലയിൽ ഫ്രാൻസിസ് മാർപാപ്പ നിയമിച്ച മറ്റ് കർദിനാൾമാർ തങ്ങളിലൊരാളായി അദ്ദേഹത്തെ കണ്ടു എന്നുവേണം മനസിലാക്കാൻ. സഭയുടെ അച്ചുതണ്ട് വികസിതരാജ്യങ്ങളിൽനിന്ന് ദക്ഷിണ രാജ്യങ്ങളിലേക്ക് മാറുന്നതിന്റെ സൂചനയായി ഈ തെരഞ്ഞെടുപ്പിനെ കാണാമെന്നും ഫാ. തോമസ് റീസ് പറഞ്ഞു.
“ഭാരതമേ നിന്റെ രക്ഷ നിന്റെ സന്താനങ്ങളിൽ’’ എന്നുദ്ഘോഷിച്ച ലെയോ പതിമൂന്നാമന്റെ പിൻഗാമിയായി ലെയോ പതിനാലാമൻ വരുന്പോൾ അത് സഭാജീവിതത്തിൽ പുതിയൊരു വസന്തത്തിന്റെ തുടക്കമാകും എന്നു പ്രത്യാശിക്കാം.
ദൃഢനിശ്ചയവും പ്രത്യാശയും ആത്മവിശ്വാസവും സ്ഫുരിക്കുന്ന മുഖഭാവത്തോടെ അദ്ദേഹം ഇന്നലെ ജനസഹസ്രങ്ങളെ അഭിവാദ്യം ചെയ്യുകയും ഉത്ഥിതനായ കർത്താവിന്റെ സമാധാനം ആശംസിക്കുകയും ചെയ്പ്പോൾ അജഗണങ്ങളെ നയിക്കാൻ വലിയ മുക്കുവന്റെ യോഗ്യനായ പിൻഗാമിയാണ് അദ്ദേഹമെന്ന് ഏവർക്കും അനുഭവേദ്യമായി.