ഓഹരിവിപണികൾ ശക്തമായ നിലയിൽ
മുംബൈ: ഈ ആഴ്ചയിലെ കഴിഞ്ഞ അഞ്ച് സെഷനുകളിലായി ആഭ്യന്തര മുൻനിര ഓഹരികളായ എൻഎസ്ഇ നിഫ്റ്റി 50യും ബിഎസ്ഇ സെൻസെക്സും വ്യാപാരത്തിൽ നാല് ശതമാനം കുതിച്ചു. ഭൗമരാഷ്ട്രീയ ആശങ്കകളെ അവഗണിച്ച് വിദേശ സ്ഥാപന നിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്ക് പണം ഒഴുക്കുകയും ചെയ്തു.
ഈ ആഴ്ച നിഫ്റ്റി 50 സൂചിക 4.2 ശതമാനം ഉയർന്നപ്പോൾ 30 കന്പനികളുടെ കൂട്ടമുള്ള സെൻസെക്സ് 3.6 ശതമാനലേക്ക് ഉയർന്നു. ഇതോടൊപ്പംതന്നെ വിശാല വിപണികളും നേട്ടം കൈവരിച്ചു. നിഫ്റ്റി മിഡ്കാപ് 7.3 ശതമാനം ഉയർന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര നേട്ടമാണ് നിഫ്റ്റി മിഡ്കാപ് രേഖപ്പെടുത്തിയത്. അതേസമയം നിഫ്റ്റി സ്മോൾകാപ് 9.2 ശതമാനമാണ് മുന്നേറിയത്.
നിഫ്റ്റിയിലെ 50 ഓഹരികളിൽ 47 എണ്ണം നേട്ടത്തിൽ വ്യാപാരം പൂർത്തിയാക്കി. ബിഇഎൽ, അദാനി എന്റർപ്രൈസസ്, ഹീറോ മോട്ടകോർപ്, ജിയോ ഫിനാൻഷ്യൽ, ശ്രീറാം ഫിനാൻസ് എന്നിവയാണ് ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത്. മിഡ്കാപ്പിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയവരിൽ ഇന്റലെക്റ്റ് ഡിസൈൻ, എൻബിസിസി, എയ്ഞ്ചൽ വണ്‍, ഐആർഎഫ്സി, എസ്ജെവിഎൻ എന്നിവ ഉൾപ്പെടുന്നു.
മേഖലാ സൂചികകളിൽ നിഫ്റ്റി ഡിഫൻസാണ് ഏറ്റവും കൂടുതൽ മികവ് കാഴ്ചവച്ചത്. 11 ശതമാനത്തിലേക്കാണ് ഡിഫൻസ് സൂചികയെത്തിയത്. റിയാലിറ്റി (10.9 %), മെറ്റൽ (9.22%) എന്നിവയാണ് പിന്നിൽ. പൊതുമേഖലാ ബാങ്കുകൾ, ഓട്ടോ, ഐടി സൂചികകൾ ഏകദേശം ആറു ശതമാനത്തിനടത്ത് ഉയർന്നാണ് വ്യാപാരം പൂർത്തീകരിച്ചത്. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഫാർമ, നിഫ്റ്റി ഹെൽത്കെയർ എന്നിവയും നേരിയ രീതിയിൽ നേട്ടമുണ്ടാക്കി.
സിപിഎസ്ഇ (സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസസ്), എനർജി ഓഹരികൾ യഥാക്രമം 7.1 ശതമാനം വരെ നേട്ടത്തിലെത്തി. ഇൻഫ്രാസ്ട്രക്ചർ, കമ്മോഡിറ്റീസ് സൂചികകൾ യഥാക്രമം 4 ശതമാനവും 6 ശതമാനവും ഉയർന്നു. ശക്തമായ വിദേശ നിക്ഷേപവും മേഖലാടിസ്ഥാനത്തിലുള്ള അനുകൂല സാഹചര്യങ്ങളും മൂലം പ്രത്യേകിച്ച് പ്രതിരോധ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ, ആഴ്ചയിലുടനീളം വികാരം മികച്ചതായി തുടർന്നു.
രണ്ടു ദിവസത്തിനുശേഷം വിപണിയിൽ തിരുത്തൽ
ഈ ആഴ്ച ഓഹരിവിപണി നേട്ടമുണ്ടാക്കിയെങ്കിലും വ്യാപാരത്തിന്റെ ആഴ്ചയിലെ അവസാന ദിനമായ ഇന്നലെ സെൻസെക്സും നിഫ്റ്റിയും ഇന്നലെ തകർച്ചയിൽ ക്ലോസ് ചെയ്തു.
തുടർച്ചയായ രണ്ടു ദിവസത്തെ നേട്ടത്തിനുശേഷമാണ് ഇന്ത്യൻ ആഭ്യന്തര വിപ ണിക്ക് ഇടിവുണ്ടായത്. വ്യാഴാഴ്ചത്തെ ശക്തമായ കുതിപ്പിനു ശേഷം ഐടി ഓഹരികളിലെയും ഭാരതി എയർടെല്ലിലെയും ലാഭമെടുപ്പാണ് വിപണിയുടെ തകർച്ചയ്ക്കിടയാക്കിയത്. സെൻസെക്സ് 200.15 പോയിന്റ് (0.24%) ഇടിഞ്ഞ് 82330.59ലും നിഫ്റ്റി 42.30 പോയിന്റ് (0.17%) താഴ്ന്ന് 25,019.80ലും വ്യാപാരം പൂർത്തിയാക്കി.
ഭാരതി എയർടെല്ലിനാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. 2.85 ശതമാനത്തിന്റെ ഇടിവാണ് കന്പനിയുടെ ഓഹരികൾക്കുണ്ടായത്. എയർടെല്ലിൽ സിംഗപ്പുർ ആസ്ഥാനമായുള്ള സിംഗ്ടെൽ കന്പനി തങ്ങളുടെ നേരിട്ടുള്ള ഓഹരിയുടെ ഏകദേശം 1.2 ശതമാനം (ഏകദേശം 1.5 ബില്യണ്‍ ഡോളർ) വിറ്റതായി അറിയിച്ചതിനെത്തുടർന്നാണ് കന്പനിയുടെ ഓഹരികൾ ഇടിഞ്ഞത്.
എച്ച്സിഎൽ ടെക്, എസ്ബിഐ, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്, ബജാജ് ഫിൻസെർവ്, എൽ ആൻഡ് ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റൻ എന്നിവയാണ് നഷ്ടം നേരിട്ടവരിൽ മുൻപന്തിയിൽ. ഭാരത് ഇലക്ട്രോണിക്സ്, ബജാജ് ഓട്ടോ, ടാറ്റ കണ്‍സ്യൂമർ പ്രൊഡക്ട്സ്, അദാനി എന്റർപ്രൈസസ്, ഇറ്റേണൽ, എച്ച്്യുഎൽ എന്നിവയുടെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഡിഫൻസ് ഓഹരികൾ ഇന്നലെയും മുന്നേറ്റം തുടർന്നു.
വിൻഡ്സർ ഇവി പ്രോയുമായി എംജി
ഓട്ടോസ്പോട്ട്/അരുൺ ടോം
ഇന്ത്യയിലെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) വിപണിയിൽ ടാറ്റാ കൊടികുത്തിവാഴുന്പോളാണ് എംജി വിൻഡ്സറുമായി എത്തുന്നത്. ചുരുങ്ങിയ സമയംകൊണ്ട് ഏവരേയും അന്പരിപ്പിച്ച് വിൻഡ്സർ ‘ഇവി’ വിപണി പിടിച്ചെടുത്തു.
എതിരാളികളെ തലപൊക്കാൻ അനുവദിക്കാതെ വീണ്ടും എംജി വിൻഡ്സർ ഇവി പ്രോ അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്തതിനുശേഷം വിൻഡ്സറിൽ ഉണ്ടായ എല്ലാ പോരായ്മകളും പരിഹരിച്ചാണ് വിൻഡ്സർ ഇവി പ്രോയുടെ വരവ്. 24 മണിക്കൂറിനുള്ളിൽ 8,000ത്തിലധികം ബുക്കിംഗുകൾ ലഭിച്ചതോടെ വിപണിയിലെ എംജിയുടെ സ്വീകാര്യത എത്രമാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് കന്പനി.
പുതിയ പവർപാക്ക്
വാഹനത്തിന്റെ പ്രധാന മാറ്റം ബാറ്ററി പായ്ക്കാണ്. 38 കിലോവാട്ടിൽ നിന്ന് 52.9 കിലോവാട്ടായി ഇതുമാറി. പുതിയ ബാറ്ററി പായ്ക്കുള്ള ഇവിക്ക് ഒറ്റ ചാർജിൽ 449 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് എംജി അവകാശപ്പെടുന്നത്. മുന്‍പ് ഇത് 332 കിലോമീറ്ററായിരുന്നു. 7.4 കിലോവാട്ട് എസി ചാർജർ ഉപയോഗിച്ച് ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം 9.5 മണിക്കൂർ സമയമെടുക്കും. ഫാസ്റ്റ് ചാർജിംഗ് വേഗം നിലവിലുള്ള മോഡലിലെ 45 കിലോവാട്ടിൽ നിന്ന് 60 കിലോവാട്ടായി കന്പനി ഉയർത്തിയിട്ടുണ്ട്. ഇതുമൂലം 50 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജാകും.
വിൻഡ്സർ ഇവി പ്രോയ്ക്ക് വി2വി (വെഹിക്കിൾ ടു വെഹിക്കിൾ), വി2എൽ (വെഹിക്കിൾ ടു ലോഡ്) എന്നീ പ്രവർത്തനക്ഷമതകൾ ലഭിക്കുന്നു. ഇത് വീട്ടുപകരണങ്ങൾ, ഇലക്ട്രിക് സ്കൂട്ടറുകൾ, മറ്റ് ഇലക്ട്രിക് കാറുകൾ എന്നിവയ്ക്ക് റിവേഴ്സ് ചാർജിംഗ് സാധ്യമാക്കും. വലിയ ബാറ്ററി പായ്ക്ക് വന്നതോടെ ഉള്ളിലെ സ്ഥലസൗകര്യം കുറഞ്ഞിട്ടുണ്ട്. സ്റ്റാൻഡേർഡ് വിൻഡ്സറിലെ 604 ലിറ്ററുമായി താരതമ്യപ്പെടുത്തുന്പോൾ പ്രോയുടെ ബൂട്ട് സ്പേസ് 579 ലിറ്ററായി കുറഞ്ഞു.
ബാറ്ററി ശേഷി മെച്ചപ്പെടുത്തിയെങ്കിലും പവറും ടോർക്കും സ്റ്റാൻഡേർഡ് മോഡലിന് സമാനമാണ്. 136 എച്ച്പി പവറും 200 എൻഎം ടോർക്കും മാറ്റമില്ലാതെ തുടരുന്നു.
സുരക്ഷയും ഡിസൈനും
ലെവൽ 2 അഡാസ് സുരക്ഷയാണ് കന്പനി വിൻഡ്സർ ഇവി പ്രോയ്ക്ക് നൽകിയിരിക്കുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ട്രാഫിക് ജാം അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്് എന്നിവയുൾപ്പെടെ 12 സവിശേഷതകളോടുകൂടിയതാണ് അഡാസ് സംവിധാനം. കൂടാതെ ഒരു പവേർഡ് ടെയിൽഗേറ്റും എംജി ചേർത്തിട്ടുണ്ട്.
വിൻഡ്സറിന്റെ സ്റ്റാൻഡേർഡ് പതിപ്പിലുള്ള എൽഇഡി ലൈറ്റുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, എയ്റോ ലോഞ്ച് സീറ്റുകൾ, 15.6 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും പ്രോയിലുമുണ്ട്. പുതുതായി രൂപകൽപ്പന ചെയ്ത 18 ഇഞ്ച് അലോയ് വീലുകൾ ഒഴികെ എംജി വിൻഡ്സർ ഇവി പ്രോയുടെ മൊത്തത്തിലുള്ള രൂപകൽപ്പനയും സ്റ്റൈലിംഗും പഴയ വിൻഡ്സറിന് സമാനമാണ്. ഇത് എംജി ഹെക്ടർ എസ്യുവിയിൽ നിന്ന് കടമെടുത്തിട്ടുള്ളതാണ്.
വിൻഡ്സർ ഇവി പ്രോ സെലാഡണ്‍ ബ്ലൂ, അറോറ സിൽവർ, ഗ്ലേസ് റെഡ് എന്നീ മൂന്ന് പുതിയ എക്സ്റ്റീരിയർ ഷേഡുകളിലും ലഭിക്കും. ഇന്റീരിയർ ഡ്യുവൽ ടോണ്‍ ഐവറിയും ബ്ലാക്ക് ഫിനിഷും ലഭിക്കും. കൂടാതെ, ഫോക്സ് വുഡൻ ആക്സന്റുകളും ചേർത്തിട്ടുണ്ട്.
എംജി വിൻഡ്സർ ഇവി പ്രോ വാഹനം ടോപ്പ് സ്പെക്ക് വേരിയന്റിൽ മാത്രമേ ലഭ്യമാകൂ. ബാറ്ററി സഹിതം 18.10 ലക്ഷം രൂപയും ബാറ്ററി ആസ് സർവീസ് പ്രോഗ്രാമിൽ 13.10 ലക്ഷം രൂപയും എക്സ് ഷോറൂം വില. സബ്സ്ക്രിപ്ഷൻ നിരക്കിൽ മാറ്റമില്ല. കിലോമീറ്ററിന് 4.5 രൂപയായി തുടരുന്നു.
മൈലേജ്: 449 കിലോമീറ്റർ
വില: 13.10 ലക്ഷം
കെഎസ്എഫ്ഇ പലിശ നിരക്കുകൾ പുതുക്കി
കൊച്ചി: കെഎസ്എഫ്ഇ വിവിധ നിക്ഷേപപദ്ധതികളിലെ പലിശനിരക്കുകൾ പുതുക്കി. ജനറൽ ഫിക്സഡ് ഡെപ്പോസിറ്റ്, ചിട്ടിപ്രൈസ് മണി ഡെപ്പോസിറ്റ്, ഷോർട്ട് ടേം ഡെപ്പോസിറ്റ് തുടങ്ങിയ നിക്ഷേപപദ്ധതികളിലാണു മാറ്റം.
സാധാരണ സ്ഥിരനിക്ഷേപം, ചിട്ടിപ്പണം നിക്ഷേപം തുടങ്ങിയവയ്ക്ക് ഒരു വർഷത്തേക്ക് 8.50 ശതമാനമായും ഒരു വർഷം മുതൽ രണ്ടു വർഷത്തേക്ക് എട്ടു ശതമാനമായും രണ്ടു വർഷം മുതൽ മൂന്നു വർഷത്തേക്ക് 7.75 ശതമാനമായുമാണ് പലിശനിരക്ക് ഉയർത്തിയത്.
ചിട്ടിയുടെ മേൽ ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 8.75 ശതമാനത്തിൽ നിന്ന് ഒന്‍പത് ശതമാനമാക്കി. കൂടാതെ 181 മുതൽ 364 ദിവസത്തിനുള്ള ഹ്രസ്വകാല നിക്ഷേപം 5.50 ശതമാനത്തിൽനിന്നു 6.50 ശതമാനമാക്കി പലിശനിരക്കുയർത്തി.
വന്ദനം നിക്ഷേപപദ്ധതിയിലൂടെ മുതിർന്ന പൗരന്മാർക്ക് നിലവിൽ ലഭിക്കുന്ന 8.75 ശതമാനം പലിശനിരക്കിൽ മാറ്റമില്ല. എന്നാൽ നിക്ഷേപകരുടെ പ്രായപരിധി 60ൽനിന്ന് 56 വയസാക്കിയിട്ടുണ്ട്.
സ്വർണ വില ഉയർന്നു; പവന് 880 രൂപ വർധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വ്യാഴാഴ്ച ഉണ്ടായ കനത്ത ഇടിവിനുശേഷം ഇന്നലെ സ്വർണവില ഉയർന്നു.
ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,720 രൂപയും പവന് 69,760 രൂപയുമായി.
കൊച്ചി: അന്തരിച്ച കൂത്താട്ടുകുളം എസ്ഐ കെ.പി. സജീവിന്റെ ഭാര്യ സി.ജി. വിനീതയ്ക്ക് ബാങ്ക് ഓഫ് ബറോഡയുടെ പോലീസ് ശമ്പള പദ്ധതിപ്രകാരം 10 ലക്ഷം രൂപയുടെ ടേം ലൈഫ് ഇൻഷ്വറൻസ് തുക കൈമാറി.
എറണാകുളം റൂറൽ ഡിസ്ട്രിക്ട് ചീഫ് എം. ഹേമലതയാണു ചെക്ക് കൈമാറിയത്. ആലുവ എപി ഓഫീസിൽ നടന്ന ചടങ്ങിൽ എഎസ്പി എം. കൃഷ്ണൻ, ബാങ്ക് ഓഫ് ബറോഡ ഡിജിഎം അനീഷ് കുമാർ കേശവൻ, ആർ.ആർ. അയ്യർ എന്നിവർ പ്രസംഗിച്ചു.
സാന്റാ മോണിക്ക വിദേശ വിദ്യാഭ്യാസ മഹാസഭ ഇന്ന് പാലായിൽ
കോട്ടയം: സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന വിദേശ വിദ്യാഭ്യാസ മഹാസഭ ഇന്ന് പാലാ കടപ്പാട്ടൂർ ബേസ് ഇലവൻ കൺവൻഷൻ സെന്ററിൽ നടക്കും. രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന വിദേശ വിദ്യാഭ്യാസ മഹാസഭയിലൂടെ വിദേശങ്ങളിലെ മുൻനിര സർവകലാശാലകളിലേക്കും കോളജുകളിലേക്കും സ്പോട്ട് അഡ്മിഷൻ നേടാനാകും.
പാലാ കടപ്പാട്ടൂർ ബേസ് ഇലവൻ കൺവൻഷൻ സെന്ററിൽ നടക്കുന്ന വിദേശ വിദ്യാഭ്യാസ മഹാസഭ ഏറ്റവും മികവുറ്റ വിദേശ സർവകലാശാലകളുടെയും കോളജുകളുടെയും സംഗമമായിരിക്കുമെന്ന് സാന്റാ മോണിക്ക മാനേജിംഗ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.
വിദേശ വിദ്യാഭ്യാസ മഹാസഭയിൽ ഓസ്ട്രേലിയ, ജര്‍മനി, യുകെ, യുഎസ്എ, കാനഡ, ഫ്രാന്‍സ്, സ്വിറ്റ്സർലാൻഡ്, യുഎഇ എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നേരിൽക്കണ്ടു സംവദിക്കാം. പ്ലസ് ടു, ഡിഗ്രി, മാസ്റ്റേഴ്സ് കഴിഞ്ഞവർക്ക് 30,000 ല്‍പ്പരം കോഴ്സുകളില്‍നിന്ന് അനുയോജ്യമായതു തെരഞ്ഞെടുക്കാനുള്ള മഹാ അവസരമാണ് വിദ്യാഭ്യാസ മഹാസഭ ഒരുക്കുന്നത്.
പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു മില്യനിലേറെ സ്കോളർഷിപ്പുകൾ നേടാനും ഒരു ലക്ഷം വരെ മൂല്യമുള്ള റിഡീമബിള്‍ കൂപ്പണുകള്‍ നേടാനുമാകും. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് നിബന്ധനകൾക്കു വിധേയമായി IELTS, PTE, TOEFL, GRE, OET, ജർമൻ ഭാഷ, സ്പോക്കൺ ഇംഗ്ലീഷ്, ഫ്രഞ്ച്, ലാംഗ്വേജ് സെർട്ട് (language cert ) സ്പാനിഷ് ക്ലാസുകൾക്ക് ഫീസിനത്തിൽ 30 ശതമാനം കിഴിവും ലഭിക്കും.
പ്രമുഖ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പ കൗണ്ടറുകളും വിദ്യാഭ്യാസ വിദഗ്ധർ നയിക്കുന്ന വിദേശ വിദ്യാഭ്യാസ സെമിനാറുകളും മഹാസഭയിൽ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവർ www. santamonicaedu .inഎന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ഇ മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. ഫോൺ: 0484 4150999.
ലുലു ഫാഷന്‍ ഫോറം നടത്തി
കൊച്ചി: സമൂഹമാധ്യമങ്ങളുടെ കടന്നുവരവ് ഇ-കൊമേഴ്സ് രംഗത്തിന് കരുത്തേകിയെന്ന് ലുലു ഫാഷന്‍ ഫോറം.
കൊച്ചി ലുലു മാളില്‍ ലുലു ഫാഷന്‍ സ്റ്റോര്‍ സംഘടിപ്പിച്ച ലുലു ഫാഷന്‍ ഫോറത്തില്‍ ‘ഫാഷന്‍ ലോകവും സമൂഹമാധ്യമ സ്വാധീനവും’ എന്ന വിഷയത്തിൽ നടന്ന ചര്‍ച്ചയില്‍ നടന് ജിനു ജോസഫ്, ഇന്‍ഫ്ലുവന്‍സറും ആരോഗ്യ വിദഗ്ധയുമായ ഡോ. ഫാത്തിമ നെലുഫര്‍ ഷെറിഫ്, അസിസ്റ്റന്റ് പ്രഫസറും അക്കാഡമിക് വിദഗ്ധയുമായ മുക്തി സുമംഗല, സെലിബ്രിറ്റി കോസ്റ്റ്യൂം സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ദീന് എന്നിവര്‍ അതിഥികളായിരുന്നു.
മുത്തൂറ്റ് ഫിന്‍കോര്‍പ് കാമ്പയിന് അവതരിപ്പിച്ചു
കൊച്ചി: ബ്രാന്‍ഡ് അംബാസഡര്‍ ഷാരൂഖ് ഖാനെ ഉള്‍പ്പെടുത്തി മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡിന്റെ പരസ്യചിത്രങ്ങൾ പുറത്തിറങ്ങി.
സ്വര്‍ണവായ്പകളുടെ എളുപ്പം, വേഗത, സൗകര്യം എന്നിവ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതാണ് കാന്പയിൻ. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, ഗുജറാത്തി ഭാഷകളില്‍ കാന്പയിൻ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയിൽ ഐഫോണ്‍ പ്ലാന്റുകൾ നിർമിക്കേണ്ടെന്ന് ട്രംപ്
ദോഹ: യുഎസിലേക്കുള്ള ഐഫോണുകളുടെ വിതരണത്തിനായി ഇന്ത്യയിൽ പ്ലാന്റുകൾ നിർമിക്കുന്നത് നിർത്താൻ ആപ്പിൾ സിഇഒ ടിം കുക്കിനോട് ആവശ്യപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗൾഫ് സന്ദർശനവേളയിൽ ഖത്തറിലെത്തിയ ട്രംപ് ദോഹയിൽവച്ചാണ് ടിം കുക്കുമായി സംസാരിച്ചത്. യുഎസ് വിപണിയിലേക്കുള്ള എല്ലാ ഐഫോണുകളും ഇന്ത്യയിൽ നിർമിക്കാനുള്ള പദ്ധതികളെ ട്രംപ് വിമർശിച്ചു.
ആപ്പിൾ ചീഫ് എക്സിക്യൂട്ടിവ് ടിം കുക്കുമായി കഴിഞ്ഞ ദിവസം സംസാരിച്ചു. അദ്ദേഹം ഇന്ത്യയിലുടനീളം നിർമാണ പ്രവർത്തനങ്ങൾ നടത്തുകയാണ്. നിങ്ങൾ ഇന്ത്യയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞതായും യുഎസ് പ്രസിഡന്റ് പറഞ്ഞു. ആപ്പിൾ യുഎസിൽ അവരുടെ ഉത്പാദനം വർധിപ്പിക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിന്റെ പരാമർശത്തിനു പിന്നാലെ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർ ആപ്പിൾ എക്സിക്യൂട്ടിവുകളുമായി സംസാരിച്ചു. ഇന്ത്യയിലെ നിക്ഷേപ പദ്ധതികൾ ഉറപ്പാണെന്നും ഐഫോണിന്റെ നിർമാണത്തിൽ രാജ്യം ഒരു പ്രധാന അടിത്തറയാകുമെന്നും കന്പനി അവർക്ക് ഉറപ്പുനൽകി.
2026 അവസാനത്തോടെ യുഎസിലേക്കുള്ള ഐഫോണുകളുടെ ഉത്പാദനം ഭൂരിഭാഗവും ഇന്ത്യയിൽനിന്ന് എന്ന ആപ്പിളിന്റെ പദ്ധതിക്കിടെയാണ് ട്രംപിന്റെ പരാമർശം.
യുഎസിൽ വിൽക്കുന്ന ഐഫോണുകളുടെ ഭൂരിഭാഗവും ഇന്ത്യയിൽനിന്നായിരിക്കുമെന്നും ഈ മാസം ആദ്യം ആപ്പിൾ സിഇഒ പറഞ്ഞിരുന്നു. താരിഫുകളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും കാരണം ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
നിലവിൽ ആപ്പിളിന്റെ ഭൂരിഭാഗം ഐഫോണുകളും ചൈനയിലാണ് നിർമിക്കുന്നത്. യുഎസിൽ സ്മാർട്ട്ഫോണ്‍ നിർമാണം നടത്തുന്നില്ല. ആപ്പിൾ യുഎസിൽ പ്രതിവർഷം 60 മില്യണിലധികം ഐഫോണുകൾ വിൽക്കുന്നുണ്ട്. നിലവിൽ ഏകദേശം 80% ചൈനയിലാണ് നിർമിക്കുന്നത്.
മുന്‍പ് കോവിഡ് -19നെ തുടർന്ന് ചൈനയിൽ ലോക്ക്ഡൗണുകൾ കർശനമാക്കിയത് ഏറ്റവും വലിയ പ്ലാന്റിലെ ഉത്പാദനത്തെ ബാധിച്ചു. ഇതേത്തുടർന്നാണ് ആപ്പിളും അതിന്റെ വിതരണക്കാരും ചൈനയ്ക്ക് പുറത്തൊരു നിർമാണശൃംഖല ആരംഭിച്ചത്. ട്രംപ് ഏർപ്പെടുത്തിയ തീരുവകളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആ ശ്രമം ഉൗർജിതമാക്കാൻ ആപ്പിളിനെ പ്രേരിപ്പിച്ചു.
ഫോക്സ്കോണും ടാറ്റ ഇലക്ട്രോണിക്സുമാണ് ഇന്ത്യയിലെ ഐഫോണ്‍ വിതരണക്കാർ. ഫോക്സ്കോണിന്റെ പ്ലാന്റിലാണ് ഇന്ത്യയിൽ കൂടുതൽ ഐഫോണുകൾ അസംബിൾ ചെയ്യുന്നത്്. നിർമാണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാൻ ഇരു കന്പനികളും പുതിയ പ്ലാന്റുകൾ നിർമാക്കുകയാണ്.
ആപ്പിൾ ഇന്ത്യയിൽനിന്നുള്ള കയറ്റുമതി ഇതിനകം വർധിപ്പിച്ചു. മാർച്ച് വരെയുള്ള 12 മാസത്തിനുള്ളിൽ ആപ്പിൾ ഇന്ത്യയിൽ 22 ബില്യണ്‍ ഡോളർ മൂല്യമുള്ള ഐഫോണുകൾ അസംബിൾ ചെയ്തു
. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 60% ഉത്പാദനം വർധിപ്പിച്ചു. മാർച്ച് മാസം മാത്രം രണ്ടു ബില്യണ്‍ ഡോളറിലധികം വരുന്ന ഐഫോണുകൾ കയറ്റിവിട്ടു. ഇതിൽ 1.3 ബില്യണ്‍ ഡോളർ ഫോക്സ്കോണിന്റെ അക്കൗണ്ടിലേക്കാണ്.
യുഎസ് ഉത്പന്നങ്ങൾക്കു തീരുവ ചുമത്തില്ലെന്ന് ഇന്ത്യ സമ്മതിച്ചതായി ട്രംപ്
ദോഹ: യുഎസ് ഉത്പന്നങ്ങൾക്കു മേൽ ചുമത്തിയിരുന്ന എല്ലാ തീരുവകളും ഉപേക്ഷിക്കാൻ ഇന്ത്യ തയാറായിക്കഴിഞ്ഞെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദോഹയിൽ നടന്ന വ്യാപാരസമ്മേളനത്തിൽവച്ചായിരുന്നു പരാമർശം.
ലോകത്തിൽ ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കുക്കിനോട് ഞാൻ പറഞ്ഞു. യുഎസ് താങ്കളെ വളരെ കാര്യമായി പരിഗണിക്കുന്നുണ്ട്.
ചൈനയിൽ പ്ലാന്റുകൾ നിർമിച്ച താങ്കളുടെ നടപടി വർഷങ്ങളായി നാമെല്ലാം സഹിച്ചുപോരുന്നു. പക്ഷേ ഇന്ത്യയിൽ അത് ചെയ്യുന്നതിനോട് തീരെ യോജിക്കുന്നില്ല. ഇന്ത്യ സ്വന്തം കാര്യം നോക്കട്ട’’, ട്രംപ് സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, താരിഫിനെ സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
സൗത്ത് ഇന്ത്യൻ ബാങ്കിന് 1,303 കോടിയുടെ റിക്കാർഡ് അറ്റാദായം
കൊച്ചി: 2024-25 സാന്പത്തികവർഷത്തിൽ 1,303 കോടി രൂപയുടെ റിക്കാർഡ് അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. മുൻവർഷത്തെ അപേക്ഷിച്ച് 21.75 ശതമാനമാണു വർധന. ബാങ്ക് കൈകാര്യംചെയ്യുന്ന ആകെ ബിസിനസ് 1,95,104.12 കോടി രൂപയായി.
ഓഹരി ഉടമകളുടെ അംഗീകാരത്തിനനുസൃതമായി 40 ശതമാനം ഡിവിഡന്റിനു ശിപാർശചെയ്തു. ബാങ്കിന്റെ പ്രവർത്തനലാഭം മുൻവർഷത്തെ 1,867.67 കോടിയിൽനിന്ന് 2,270.08 കോടിയായും വർധിച്ചു. 21.55 ശതമാനമാണു വാർഷികവളർച്ച.
മൊത്ത നിഷ്ക്രിയ ആസ്തികൾ 130 പോയിന്റുകൾ കുറച്ച് 3.20 ശതമാനമാനത്തിലെത്തിച്ചു. അറ്റ നിഷ്ക്രിയ ആസ്തി 1.46 ശതമാനത്തിൽനിന്നും 0.92 ശതമാനമാനത്തിലെത്തിക്കാനും ബാങ്കിനു കഴിഞ്ഞു.
അറ്റ പലിശ വരുമാനം 4.61 ശതമാനം വാർഷിക വളർച്ചയോടെ 3,485.64 കോടി രൂപയിലെത്തി. റീട്ടെയിൽ നിക്ഷേപങ്ങൾ 7.17 ശതമാനം വളർച്ചയോടെ 1,04,749.60 കോടിയിലെത്തി. പ്രവാസി (എൻആർഐ) നിക്ഷേപം 6.42 ശതമാനം വർധിച്ച് 31,603 കോടി രൂപയിലെത്തി. സേവിംഗ്സ് ബാങ്ക് നിക്ഷേപം 27,699.31 കോടി രൂപയിലെത്തി.
മൊത്ത വായ്പാവിതരണം 8.89 ശതമാനം വളർച്ച കൈവരിച്ച് 87,578.52 കോടി രൂപയായി. കോർപറേറ്റ് വായ്പകൾ, സ്വർണവായ്പകൾ, ഭവന- വാഹനവായ്പകൾ എന്നിവയും മികച്ച വാർഷികവളർച്ച കൈവരിച്ചു.
തുടർച്ചയായ ലാഭക്ഷമത, മികച്ച ആസ്തി ഗുണനിലവാരം, ഭദ്രമായ വായ്പാ പോർട്ട്ഫോളിയോ, ശക്തമായ റീട്ടെയിൽ നിക്ഷേപ അടിത്തറ എന്നിവയാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബിസിനസ് വളർച്ചയുടെ അടിസ്ഥാനമെന്ന് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു.
മുംബൈ: ഇന്ത്യൻ ഓഹരിവിപണികളായ നിഫ്റ്റി 50യും ബിഎസ്ഇ സെൻസെക്സും ഇന്നലെ ശക്തമായ മുന്നേറ്റം നടത്തി.
ഏഴു മാസങ്ങൾക്കുശേഷമാണ് ഇരു സൂചികകളും ഏറ്റവും ഉയർന്ന നിലയിലെത്തുന്നത്. 395.20 പോയിന്റ് (1.6%) ഉയർന്ന് നിഫ്റ്റി ഏഴു മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 25,062.10ൽ ക്ലോസ് ചെയ്തു.
ഇതിനുമുന്‍പ് 2024 ഒക്ടോബർ 17ന് സൂചിക 25,000ന് മുകളിൽ ക്ലോസ് ചെയ്തിരുന്നു. സെൻസെക്സ് 1200.18 പോയിന്റ് (1.48%) ഉയർന്ന് 82,530.74ൽ വ്യാപാരം അവസാനിപ്പിച്ചു.
ഫിനാൻഷൽ, ഓട്ടോമോട്ടിവ്, ഐടി മേഖലകളിലെ മികച്ച പ്രകടനമാണ് ഇന്ത്യൻ വിപണിക്ക് കരുത്തായത്. ഇന്ത്യ-യുഎസ് വ്യാപാരകരാറിനുള്ള ഇന്ത്യയുടെ സീറോ താരിഫ് വാഗ്ദാനത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ പരാമർശവും വിപണിക്ക് ഉണർവേകി,.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനം 5.05 ലക്ഷം കോടി രൂപ ഉയർന്ന് 439.94 ലക്ഷം കോടി രൂപയിലെത്തി.
മിഡ്കാപ്, സ്മോൾകാപ് സൂചികകളും പോസിറ്റീവായാണ് അവസാനിച്ചത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 195 രൂപയും പവന് 1,560 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 8,610 രൂപയും പവന് 68,880 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 160 രൂപ കുറഞ്ഞ് 7,060 രൂപയായി. വെള്ളി വില ഒരു രൂപ കുറഞ്ഞു 107 ആയി.
24 കാരറ്റ് സ്വര്‍ണത്തിന്റെ വില ബാങ്ക് നിരക്ക് കിലോഗ്രാമിന് 95 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3148 ഡോളറാണ്.
താരിഫ് നിരക്ക് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുൻ തീരുമാനം പിൻവലിച്ചതോടെ വ്യാപാരയുദ്ധത്തില്‍ അയവ് വന്നതും അതോടൊപ്പം വന്‍കിട നിക്ഷേപകര്‍ ലാഭമെടുത്ത് പിരിഞ്ഞതും സ്വര്‍ണത്തിന് വില കുറയാന്‍ കാരണമായി.
2950 ഡോളര്‍ വരെ അന്താരാഷ്ട്ര വില കുറഞ്ഞേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.
ടാല്‍റോപ് ഉച്ചകോടി 20ന് ദുബായില്‍
ദുബായ്: കേരളത്തില്‍നിന്ന് ആഗോളസംരംഭങ്ങള്‍ വളര്‍ന്നുവരുന്നതിന് ടാല്‍റോപ് കേരളത്തില്‍ വികസിപ്പിച്ചെടുക്കുന്ന സിലിക്കണ്‍ വാലി മോഡല്‍ ഇക്കോസിസ്റ്റത്തെ 20 രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ടാല്‍റോപ്-ഖലീജ് ടൈംസ് ഇന്നൊവേഷന്, ടെക്നോളജി ആന്‍ഡ് ഓൺട്രപ്രണര്‍ഷിപ്പ് ഉച്ചകോടി 20ന് ദുബായില്‍ നടക്കും. ദുബായ് ഇന്റര്‍കോണ്ടിനെന്റല്‍ ഫെസ്റ്റിവല്‍ സിറ്റിയിലാണു പരിപാടി.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്രപരമായ പങ്കാളിത്തത്തിന്റെ വാതായനങ്ങള്‍ തുറക്കപ്പെടുന്ന ഉച്ചകോടിയില്‍ ടാല്‍റോപ് വികസിപ്പിച്ചെടുക്കുന്ന സിലിക്കണ്‍ വാലി മോഡല്‍ ഇക്കോസിസ്റ്റത്തെക്കുറിച്ചുള്ള വിശദമായ സെഷനുകള്‍ ഉണ്ടാകും.
മൊത്തവില പണപ്പെരുപ്പം 13 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ
ന്യൂഡൽഹി: ഏപ്രിലിൽ ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പത്തിനു പിന്നാലെ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള വാർഷിക പണപ്പെരുപ്പവും കുറഞ്ഞു.
13 മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 0.85 ശതമാനമാണ് ഏപ്രിലിൽ രേഖപ്പെടുത്തിയത്. ആഹാരസാധനങ്ങൾ, ഇന്ധനം, ചില നിർമിതവസ്തുക്കൾ എന്നിവയുടെ വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പം കുറച്ചത്.
മാർച്ചിലെ 2.05 ശതമാനത്തിൽനിന്നാണ് ഈ കുറവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ 1.19 ശതമാനമാണ് രേഖപ്പെടുത്തിയത്. ഭക്ഷ്യ പണപ്പെരുപ്പം മാർച്ചിലെ 4.66 ശതമാനത്തിൽനിന്ന് ഏപ്രിലിൽ 2.55 ശതമാനമായി കുത്തനെ കുറഞ്ഞു.
മൊത്തവില സൂചികയെ അടിസ്ഥാനമാക്കി 2024 മാർച്ചിനുശേഷമുള്ള (0.53%) ഏറ്റവും താഴ്ന്ന നിരക്കാണ് ഏപ്രിലിലേത്. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതിനെത്തുടർന്ന് ഏപ്രിലിൽ ചില്ലറ പണപ്പെരുപ്പം ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.
മൊത്തവിലയിലെ ഇടിവിന് പ്രധാന കാരണം ഭക്ഷണസാധനങ്ങൾ, ഇന്ധന വിലകൾ കുറഞ്ഞതാണ്. മൊത്തത്തിൽ വിലയിൽ ഇപ്പോഴും നേരിയ വർധനയുണ്ടെങ്കിലും ആ വർധന വളരെ മന്ദഗതിയിലാണ്.
ഭക്ഷ്യോത്പന്നങ്ങളുടെ നിർമാണം, മറ്റ് ഉത്പാദനം, രാസവസ്തുക്കൾ, രാസവസ്തുക്കളുടെ നിർമാണം, ഗതാഗത ഉപകരണങ്ങളുടെ നിർമ്മാണം, യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും നിർമാണം എന്നിവയുടെ വിലയിലുണ്ടായ വർധനയാണ് പണപ്പെരുപ്പത്തെ പോസിറ്റീവ് നിലയിൽ നിലനിർത്തിയത്.
ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുന്ന പ്രാഥമിക വസ്തുക്കളുടെയും അസംസ്കൃത പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ ഭക്ഷ്യേതര വസ്തുക്കളുടെയും വില കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞു. ഈ വിഭാഗത്തിലെ പണപ്പെരുപ്പം നെഗറ്റീവ് ടെറിട്ടറിയിലേക്ക് താഴ്ന്നു.
മൊത്തവില സൂചികയുടെ ഏറ്റവും വലിയ ഭാഗമായ നിർമാണോത്പന്നങ്ങളുടെ വില ഏപ്രിലിൽ 2.62% വർധിച്ചു. മാർച്ചിൽ 0.76% വളർച്ച നേടിയ പ്രാഥമിക വസ്തുക്കളുടെ പണപ്പെരുപ്പം ഏപ്രിലിൽ 1.44% ആയി കുറഞ്ഞു.
രണ്ടു വർഷത്തിനിടെ ആദ്യമായാണ് ഇത്രയും ചുരുങ്ങുന്നത്. ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും പണപ്പെരുപ്പം മാർച്ചിൽ 0.20% വളർച്ച നേടിയപ്പോൾ ഏപ്രിലിൽ 2.18% ആയി ചുരുങ്ങി.
ഭക്ഷ്യവസ്തുക്കളുടെയും പച്ചക്കറികളുടെയും വില കുത്തനെ ഇടിഞ്ഞു. മാർച്ചിലെ നെഗറ്റീവ് കണക്കായ 0.32% ൽ നിന്ന് ഈ മാസത്തെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 0.26% ആയി. വാർഷികാടിസ്ഥാനത്തിൽ, പ്രാഥമിക ഭക്ഷ്യവസ്തുക്കളുടെ വില ഏപ്രിലിൽ 0.86% ആയി കുറഞ്ഞു. 27 മാസത്തെ ഇടവേളയ്ക്കുശേഷമാണ് ഇത്രയും ചുരുങ്ങുന്നത്. മാർച്ചിൽ ഇത് 1.57% ആയിരുന്നു.
2023 ഒക്ടോബറിനുശേഷം പച്ചക്കറി വിലയിലെ ഏറ്റവും വലിയ ഇടിവ് (18.26 ശതമാനം). മാർച്ചിൽ 15.88 ശതമാനത്തിന്റെ കുറവാണുണ്ടായത്് 2018 ഒക്ടോബറിനുശേഷം പയർവർഗങ്ങളുടെ വിലയിലെ ഏറ്റവും വലിയ ഇടിവ് (5.6 ശതമാനം) എന്നിവയാണ് ഇതിന് കാരണം. ഉരുളക്കിഴങ്ങിന്റെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 24.3 ശതമാനമാണ് കുറഞ്ഞത്.
2023 ജൂലൈയിൽ വില ഉയരാൻ തുടങ്ങിയ ശേഷമുള്ള 22 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഏപ്രിലിൽ ഉള്ളിയുടെ വില (0.2 ശതമാനം). മാർച്ചിലിത് 26.65 ശതമാനമായിരുന്നു. നെല്ല്, ധാന്യങ്ങൾ, പഴങ്ങൾ, ഗോതന്പ് എന്നിവയുടെ വിലക്കറ്റവും ഏപ്രിലിൽ സാവധാനമായിരുന്നു.
സ്വര്‍ണവില വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 320 രൂപയുടെയും ഗ്രാമിന് 40 രൂപയുടെയും വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന് 8,805 രൂപയും പവന് 70,440 രൂപയുമായി.
1,560 രൂപയിൽനിന്ന് 550 രൂപയിലേക്ക് റെയ്മണ്ട് ഓഹരി കൂപ്പുകുത്തി
മുംബൈ: ടെക്സ്റ്റൈൽ, റിയൽഎസ്റ്റേറ്റ് കന്പനിയായ റെയ്മണ്ടിന്റെ ഓഹരി വില ഇന്നലെ കൂപ്പുകുത്തി. ഓഹരി ഒറ്റ ദിവസം കൊണ്ട് വീണത് 65 ശതമാനം.
ചൊവ്വാഴ്ചയിലെ ക്ലോസിംഗ് വിലയായ 1564 രൂപയിൽ നിന്നും 551 രൂപയിലേക്കാണ് ഓഹരി വീണത്. റിയൽ എസ്റ്റേറ്റ് ബിസിനസായ റെയ്മണ്ട് റിയാലിറ്റി കന്പനിയിൽ നിന്നു വേർപിരിയുന്നതിന്റെ ഭാഗമായാണ് ഓഹരി വിലയിലെ ഇടിവ്. മേയ് ഒന്നിനാണ് റെയ്മണ്ടിൽനിന്ന് റെയ്മണ്ട് റിയാലിറ്റി വിഭജിച്ചത്.
തങ്ങളുടെ കൈവശമുള്ള ഓരോ റെയ്മണ്ട് ഓഹരിക്കും പുതുതായി രൂപീകരിച്ച റെയ്മണ്ട് റിയാലിറ്റിയുടെ ഒരു ഓഹരി അതിന്റെ ഓരോ ഓഹരി ഉടമകൾക്കു ലഭിക്കുമെന്ന് റെയ്മണ്ട് പ്രഖ്യാപിച്ചു. വേർപിരിയലിനു ശേഷം റെയ്മണ്ട് ലിമിറ്റഡിന്റെ ഓഹരി ഉടമകൾക്ക് കയ്യിലുള്ള ഓഹരിക്ക് തുല്യമായ റെയ്മണ്ട് റിയലിറ്റി ഓഹരികൾ ലഭിക്കും.
റെയ്മണ്ടിന്റെ ഓരോ ഓഹരിക്കും റെയ്മണ്ട് റിയാലിറ്റിയുടെ ഒരു ഓഹരി ലഭിക്കുന്ന യോഗ്യരായ ഓഹരി ഉടമകളെ നിർണയിക്കുന്നതിന് വിഭജനത്തിനുള്ള റിക്കാർഡ് തീയതി ഇന്നലെ (മേയ് 14) ആണ് നിശ്ചയിച്ചിരുന്നത്. വിഭജിച്ചു പോകുന്ന റെയ്മണ്ട് റിയാലിറ്റി വിഭാഗത്തിന്റെ മൂല്യം കുറയ്ക്കുന്നതിനുള്ള വില ക്രമീകരണത്തെ തുടർന്നാണ് ഓഹരി വില ഇടിഞ്ഞത്.
വിഭജനത്തിന് ശേഷം ഓഹരി വില ക്രമീകരിച്ചതിനാൽ റെയ്മണ്ട് ഓഹരികൾ കൈവശം വച്ചിരിക്കുന്നവർക്ക് ഹോൾഡിംഗുകളുടെ മൊത്തത്തിലുള്ള മൂല്യത്തിൽ നഷ്ടവും സംഭവിക്കില്ല. നടപ്പു സാന്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തോടെ റെയമണ്ട് റിയാലിറ്റി ഓഹരികൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2024 സെപ്റ്റംബറിൽ കന്പനി റെയ്മണ്ടിനു കീഴിലുള്ള ലൈഫ് സ്റ്റൈൽ ബിസിനസിനെ വേർപെടുത്തിയിരുന്നു.
കൊച്ചി കപ്പൽശാലയിൽ പുതിയ എസ്ഒവി നിർമാണം തുടങ്ങി
കൊച്ചി: കൊച്ചി കപ്പൽശാലയിൽ യുകെയിലെ നോർത്ത് സ്റ്റാർ ഷിപ്പിംഗ് (അബർഡീൻ) ലിമിറ്റഡിനായുള്ള രണ്ടാമത്തെ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലിന്റെ (എസ്ഒവി) നിർമാണം തുടങ്ങി. നോർത്ത് സ്റ്റാർ ഷിപ്പിംഗിലെ ചീഫ് ടെക്നോളജി ഓഫീസർ ജെയിംസ് ബ്രാഡ്ഫോർഡ് സ്റ്റീൽ-കട്ടിംഗ് ചടങ്ങ് നിർവഹിച്ചു
86 മീറ്റർ നീളമുള്ള ഹൈബ്രിഡ്-ഇലക്ട്രിക് എസ്ഒവി നോർവേയിലെ വാർഡ് എഎസാണ് രൂപകല്പന ചെയ്തത്. നോർത്ത് സ്റ്റാറിനായി സിഎസ്എൽ നിർമിക്കുന്ന രണ്ട് എസ്ഒവികളിൽ രണ്ടാമത്തേതാണിത്.
ഡിപി2 ക്ലാസ് കപ്പലിൽ 4 ഡീസൽ മെയിൻ ജനറേറ്റിംഗ് സെറ്റുകളും ഉയർന്ന ശേഷിയുള്ള ലിഥിയം അയൺ ബാറ്ററികളും സംയോജിപ്പിച്ച് പ്രവർത്തിപ്പിക്കും.
എസ്എംഎസ്ടിയിൽനിന്നുള്ള വാക്ക്-ടു-വർക്ക് സിസ്റ്റം കപ്പലിൽ ഘടിപ്പിക്കും. കമ്മീഷൻ ചെയ്തുകഴിഞ്ഞാൽ ഓഫ്ഷോർ വിൻഡ് വ്യവസായ മേഖലയുടെ ആവശ്യകതകൾ നിറവേറ്റുന്നതിന് കപ്പൽ പ്രയോജനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
റീബ്രാൻഡിംഗുമായി വ്യവസായ വകുപ്പ്
തിരുവനന്തപുരം: വ്യവസായ മേഖലയിൽ കേരളം നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്കും നയപരിപാടികൾക്കും പൊതുരൂപം നൽകുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ റീബ്രാൻഡിംഗ് പ്രഖ്യാപനം വ്യവസായമന്ത്രി പി. രാജീവ് നടത്തി. റീബ്രാൻഡിംഗ് ലോഗോയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
റീബ്രാൻഡിംഗിലൂടെ വ്യവസായ വകുപ്പിനു കീഴിലുള്ള എല്ലാ ഓഫീസുകളും ബോർഡുകൾ ഉൾപ്പെടെ പുനഃക്രമീകരിക്കും. വ്യവസായ ഡയറക്ടറേറ്റ്, ഡയറക്ടറേറ്റിനു കീഴിലുള്ള ജില്ലാ, താലൂക്ക്, ബ്ലോക്ക് തല ഓഫീസുകൾ, കെഎസ്ഐഡിസി, കിൻഫ്ര, കെബിപ്പ്, പൊതുമേഖലാ സ്ഥാപനങ്ങൾ, കയർ, കശുവണ്ടി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയെല്ലാം മാറ്റത്തിന് വിധേയമാകും. ഒറ്റനോട്ടത്തിൽ മാറ്റം പ്രകടമാകുന്ന റീബ്രാൻഡിംഗ് ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി മിർ മുഹമ്മദ് അലി, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ വിഷ്ണുരാജ് പി, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
മുത്തൂറ്റ് ഫിനാന്‍സിന്റെ വായ്പാ ആസ്തികള്‍ ലക്ഷം കോടി പിന്നിട്ടു
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തികള്‍ 37 ശതമാനം വാര്‍ഷിക വര്‍ധനയോടെ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിലയായ 1,22,181 കോടി രൂപയിലെത്തി.
മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം വായ്പകള്‍ 43 ശതമാനം വാര്‍ഷിക വര്‍ധനയോടെ 1,08,648 കോടി രൂപയും സംയോജിത അറ്റാദായം 20 ശതമാനം വാര്‍ഷിക വര്‍ധനയോടെ 5,352 കോടി രൂപയിലുമെത്തി.
മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം അറ്റാദായം 28 ശതമാനം വാര്‍ഷിക വര്‍ധനയോടെ 5,201 കോടി രൂപയായി ഉയർന്നിട്ടുമുണ്ട്. ഇവയെല്ലാംതന്നെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കുകളാണ്.
കൈകാര്യം ചെയ്യുന്ന സ്വര്‍ണപ്പണയ വായ്പാ ആസ്തികള്‍ 41 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,02,956 കോടി രൂപയിലെത്തി. ബ്രാഞ്ചുകളിലെ ശരാശരി സ്വര്‍ണപ്പണയ വായ്പാ ആസ്തികളും മികച്ച വളർച്ച രേഖപ്പെടുത്തി 21.21 കോടി രൂപയിലെത്തി.
തങ്ങളുടെ ലോക്കറുകളില്‍ 208 ടണ്‍ സ്വര്‍ണം എന്ന റെക്കോര്‍ഡ് ശേഖരം ഉള്ളതായും കമ്പനി അറിയിച്ചു. ഓഹരി ഒന്നിന് 26 രൂപ എന്നനിലയില്‍ 260 ശതമാനം ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.
തങ്ങളുടെ സംയോജിത വായ്പാ ആസ്തികള്‍ 1,22,181 കോടി രൂപയിലെത്തിയതിലൂടെ ലക്ഷം കോടി രൂപയെന്ന ചരിത്രപരമായ നാഴികക്കല്ലാണു പിന്നിട്ടതെന്ന് പ്രവര്‍ത്തന ഫലങ്ങളെക്കുറിച്ചു പ്രതികരിച്ച മുത്തൂറ്റ് ഫിനാന്‍സ് ചെയര്മാന് ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.
ലുലു കേരള പ്രൈഡ് പുരസ്കാരം സച്ചിന് ബേബിക്ക്
കൊച്ചി: റാംപില്‍ താരനിരയുടെ ചുവടുവയ്പോടെ ലുലു ഫാഷന്‍ വീക്കിന് സമാപനം. ഈ വര്‍ഷത്തെ ഫാഷന്‍ സ്റ്റൈല്‍ ഐക്കണായി നടി ഹണി റോസിനെ തെരഞ്ഞെടുത്തു.
പ്രൈഡ് ഓഫ് കേരള പുരസ്കാരം മലയാളി ക്രിക്കറ്റ് താരവും രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിന്റെ ക്യാപ്റ്റനുമായിരുന്ന സച്ചിന് ബേബിയും ഏറ്റുവാങ്ങി. ലുലു ഫാഷന്‍ വീക്ക് ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടി പുരസ്കാരം പ്രയാഗ മാര്‍ട്ടിനും നടന് വിനയ് ഫോര്‍ട്ട് സമ്മാനിച്ചു.
പുരസ്കാര ജേതാക്കളായ താരങ്ങള്‍ റാംപില്‍ ചുവടുവച്ചതോടെയാണ് ഫാഷന്‍ വീക്കിനു സമാപനമായത്.
ലുലു കൊച്ചി റീജണല്‍ ഡയറക്ടര്‍ സാദിഖ് ഖാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍. ബി. സ്വരാജ്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്സ് ഇന്ത്യ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, എച്ച്ആര്‍ ഹെഡ് അനൂപ് മജീദ്, ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു രഘുനാഥ്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, കാറ്റഗറി മാനേജര്‍ ഷേമ സാറ, കെ.ആര്.ജിനു, ടിനു ജെസി പോള്‍ എന്നിവര്‍ പങ്കെടുത്തു.
ചില്ലറ പണപ്പെരുപ്പം 3.16%; ഏപ്രിലിൽ ആറു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്ക്
ന്യൂഡൽഹി: ഇന്ത്യയിൽ ഉപഭോക്തൃ വിലസൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം (റീട്ടെയ്ൽ ഇൻഫ്ലേഷൻ) ആറു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. ഏപ്രിലിൽ 3.16 ശതമാനമാണ് രേഖപ്പെടുത്തിയത്.
2019 ജൂലൈ (3.15%)ക്കുശേഷമുള്ള കുറഞ്ഞ നിരക്കാണ്. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് ചില്ലറ പണപ്പെരുപ്പം താഴ്ന്ന നിലയിലെത്തിച്ചത്. റിസർവ് ബാങ്കിന്റെ ഇടക്കാല ലക്ഷ്യമായ പണപ്പെരുപ്പം നാലു ശതമാനത്തിൽ താഴെയാകുന്നത് തുടർച്ചയായ മൂന്നാം മാസമാണ്.
മാർച്ചിൽ 3.34 ശതമാനവും ഫെബ്രുവരിയിൽ 3.61 ശതമാനവുമായിരുന്നു. കഴിഞ്ഞ വർഷം ഇതേ മാസം 4.83 ശതമാനമാണ് രേഖപ്പെടുത്തിയത്. ഈ കണക്കുകൾക്കു വിരുദ്ധമായി അവശ്യവസ്തുക്കളുടെ വിലക്കയറ്റതോതിൽ കേരളം തുടർച്ചയായ നാലാം മാസവും ഒന്നാമതെത്തി.
ഏപ്രിലിൽ മൊത്തത്തിലുള്ള സംയോജിത സിപിഐ സൂചിക മാർച്ചിലെ 192.0ൽനിന്ന് നേരിയ തോതിൽ ഉയർന്ന് 192.6 ആയി.
ഉപഭോക്തൃ ഭക്ഷ്യവില സൂചിക (സിഎഫ്പിഐ) അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ പണപ്പെരുപ്പം മാർച്ചിൽ 2.69 ശതമാനമായിരുന്നെങ്കിൽ ഏപ്രിലിൽ ഇത് 1.78 ശതമാനമായി കുറഞ്ഞു. ഫെബ്രുവരിയിൽ 3.75 ശതമാനത്തിലായിരുന്നു. 2021 ഒക്ടോബറിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ഭക്ഷ്യ പണപ്പെരുപ്പ നിരക്കാണിത്. 2024 ഏപ്രിലിൽ 8.70 ശതമാനത്തിലാണ് ഭക്ഷ്യ പണപ്പെരുപ്പമെത്തിയത്.
ഗ്രാമീണ ഭക്ഷ്യ പണപ്പെരുപ്പം മുൻമാസത്തെ 2.82 ശതമാനത്തിൽനിന്ന് ഏപ്രിലിൽ 1.85 ശതമാനത്തിലേക്കു താഴ്ന്നു. നഗരപ്രദേശ ഭക്ഷ്യപണപ്പെരുപ്പം മുൻമാസത്തെ 2.48 ശതമാനത്തിൽനിന്ന് ഏപ്രിലിൽ 1.64 ശതമാനമായി.
പച്ചക്കറികൾ, പയർവർഗങ്ങൾ, പഴങ്ങൾ, ഇറച്ചി, മത്സ്യം, മുട്ട, ധാന്യങ്ങൾ എന്നിവയിലുണ്ടായ വിലക്കുറവാണ് ഭക്ഷ്യ പണപ്പെരുപ്പം ചുരുക്കിയത്.
പച്ചക്കറി വിലകൾ മാർച്ചിലെ 7.04% ഇടിവുമായി താരതമ്യം ചെയ്യുന്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിലിൽ 11% കുറഞ്ഞു.
ഈ വേനൽക്കാലത്ത് ഉണ്ടായ കടുത്ത ഉഷ്ണതരംഗങ്ങൾ മികച്ച വിളവെടുപ്പിനെ കാര്യമായി ബാധിച്ചില്ല. ഇത് ബജറ്റിന്റെ ഒരു പ്രധാന ഭാഗം ഭക്ഷണത്തിനായി നീക്കിവയ്ക്കുന്ന നിരവധി ഇന്ത്യൻ കുടുംബങ്ങൾക്ക് അത്യാവശ്യമായ ആശ്വാസം നൽകി.
ഗ്രാമീണമേഖലയിലാണ് പണപ്പെരുപ്പ നിരക്ക് പ്രധാനമായും കുറഞ്ഞത്. ഗ്രാമപ്രദേശങ്ങളിലെ പണപ്പെരുപ്പം ഏപ്രിലിൽ 2.92 ശതമാനമായി. മാർച്ചിൽ ഇത് 3.25 ശതമാനത്തിലായിരുന്നു. ഫെബ്രുവരിൽ 3.79 ശതമാനവും.
നഗരപ്രദേശങ്ങളിലെ പണപ്പെരുപ്പം മുൻ മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ 3.36 ശതമാനമായി ചുരുങ്ങി. മാർച്ചിൽ 3.43 ശതമാനത്തിലായിരുന്നു. ഫെബ്രുവരിയെക്കാൾ (3.32%) നേരിയ രീതിയിൽ മാർച്ചിൽ നഗരപ്രദേശത്തെ പണപ്പെരുപ്പം ഉയർന്നിരുന്നു.
ഉയർന്ന പണപ്പെരുപ്പ നിരക്കിൽ കേരളം മുന്നിൽ
അവശ്യസാധനങ്ങളുടെ വിലക്കയറ്റതോതിൽ തുടർച്ചയായ നാലാം മാസവും കേരളം മുന്നിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്ക് കേരളത്തിലാണ്. 5.94 ശതമാനവുമായാണ് കേരളം മുന്നിലെത്തിയത്.
കഴിഞ്ഞ വർഷം ഇതേ മാസം 5.33 ശതമാന മായിരുന്നു. മാർച്ചിൽ 6.59 ശതമാനമാണ് രേഖപ്പെടുത്തിയത്. കർണാടക (4.26%), ജമ്മു കാഷ്മീർ (4.25%), പഞ്ചാബ് (4.09%), തമിഴ്നാട് (3.41%) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു പിന്നിൽ. 1.26 ശതമാനവുമായി തെലുങ്കാനയാണ് ഏറ്റവും കുറഞ്ഞ പണപ്പെരുപ്പമുള്ള സംസ്ഥാനം. ഡൽഹിയാണ് (1.77%) രണ്ടാമത്.
ചൈനീസ് പ്രതിരോധ ഓഹരികള്‍ ഇടിഞ്ഞു
മുംബൈ: ഇന്ത്യ-പാക് സംഘർഷത്തിനു ശമനമായെങ്കിലും ഇതിന്റെ പ്രത്യാഘാതം ചൈനയിലും അലയടിക്കുന്നു. ചൈനയുടെ പ്രതിരോധ ഓഹരികളിൽ ഈ പ്രത്യാഘാതം പ്രകടമായി.
ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പാക്കിസ്ഥാന് ഉപയോഗിച്ചതിലേറെയും ചൈനീസ് ആയുധങ്ങളായിരുന്നു. എന്നാൽ, ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തെ ഭേദിക്കാന്‍ ഈ ആയുധങ്ങള്‍ക്ക് സാധിച്ചതുമില്ല. ഇതാണ് ചൈനീസ് പ്രതിരോധ ഓഹരികളിലെ തകർച്ചയ്ക്കു കാരണം. ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങിയതോടെ ചൈനീസ് പ്രതിരോധ ഓഹരികൾ വൻ തകർച്ച നേരിടുകയാണ്.
ചൈനയുടെ ജെ-10സി ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളുടെ നിര്‍മാതാക്കളായ എവിക് ചെംഗ്ദു എയർക്രാഫ്റ്റ് കന്പനിയുടെ ഓഹരികൾ ഇന്നലെ 9.2 ശതമാനമാണ് ഇടിഞ്ഞത്. ചൈനീസ് സര്‍ക്കാരിനു കീഴിലുള്ള ചൈന സ്റ്റേറ്റ് ഷിപ്പ് ബില്‍ഡിംഗ് കോര്‍പറേഷന്റെ ഓഹരികള്‍ നാലു ശതമാനവും താഴ്ന്നു. പാക് നാവികസേനയ്ക്ക് ഈ കമ്പനി കപ്പലുകള്‍ നിര്‍മിച്ചുനൽകുന്നുണ്ട്.
പിഎൽ-15 എയർ ടു എയർ മിസൈലും സൈന്യത്തിനായി ഇലക്ട്രോണിക് ഘടകങ്ങളും നിര്‍മിക്കുന്ന ഷുസ്ഹൗ ഹൊംഗ്ദ ഇലക്ട്രോണിക്സ് കോർപറേഷൻ ലിമിറ്റഡിന്റെ ഓഹരികള്‍ 6.5 ശതമാനവും ഇടിഞ്ഞു. 2019-2023 കാലഘട്ടത്തില്‍ പാക്കിസ്ഥാന് വാങ്ങിയ 82 ശതമാനം ആയുധങ്ങളും ചൈനയില്‍നിന്നാണ്.
ചൈന കഴിഞ്ഞാൽ ആയുധങ്ങള്‍ക്കായി പാക്കിസ്ഥാൻ ആശ്രയിക്കുന്നത് തുര്‍ക്കിയെയാണ്. പാക്കിസ്ഥാൻ പ്രതിരോധസേന തുർക്കി നിർമിത ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. ഇന്ത്യക്കെതിരേ അവർ പ്രയോഗിച്ച തുർക്കി നിർമിത ബൈകർ യിഹാ കാമികാസെ, ആസിസ്ഗാർഡ് സൊൻഗാർ ഡ്രോണുകളെ ഇന്ത്യ ഫലപ്രദമായി പ്രതിരോധിച്ചിരുന്നു.
അതേസമയം, പാക്കിസ്ഥാന് ശക്തമായ മറുപടി നൽകിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ഇന്നലെ ഇന്ത്യന്‍ പ്രതിരോധ ഓഹരികള്‍ക്ക് കരുത്തായി. പ്രതിരോധ ഓഹരികളെല്ലാം മിന്നും പ്രകടനമാണ് നടത്തുന്നത്.
ഭാരത് ഇലക്ട്രോണിക്സ് ഓഹരിവില 4.5 ശതമാനം ഉയർന്നു. ഭാരത് ഡൈനാമിക്സ് ഇന്നലെ 7.8 ശതമാനമാണ് നേട്ടം കൊയ്തത്. ഹിന്ദുസ്ഥാൻ എയ്റനോട്ടിക്സ്, ബിഇഎംഎൽ, സെൻ ടെക്നോളജീസ്, കൊച്ചിൻ ഷിപ്പ് യാർഡ് എന്നിവയുടെ ഓഹരികൾ നാലു ശതമാനത്തിലേറെ ഉയർന്നു. മസഗോണ്‍ ഡോക്, ജിആർഎസ്ഇ, പരസ് ഡിഫൻസ് എന്നിവയുടെ ഓഹരികളും മികച്ച പ്രകടനം നടത്തി.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,765 രൂപയും പവന് 70,120 രൂപയുമായി.
ഷാരൂഖ് ഖാന് രോഹന് കോര്പറേഷന് ബ്രാന്‍ഡ് അംബാസഡർ
കൊച്ചി: രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മുൻനിര ബില്‍ഡര്‍മാരും ഡെവലപ്പര്മാരുമായ രോഹന് കോര്പറേഷന് ബോളിവുഡ് താരം ഷാരൂഖ് ഖാനെ കര്‍ണാടകയിലെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു.
ഷാരൂഖ് ഖാനുമായുള്ള സഹകരണം കമ്പനിയെ വളര്‍ച്ചയുടെ പുതിയ തലങ്ങളിലേക്ക് നയിക്കാന്‍ സഹായിക്കുമെന്ന് മംഗളൂരു കേന്ദ്രീകരിച്ച് 30 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന രോഹന് കോര്പറേഷന് അധികൃതർ അറിയിച്ചു.
ഹില്‍ ക്രെസ്റ്റ്, ഹൈ ക്രെസ്റ്റ്, രോഹന് സിറ്റി, രോഹന് സ്ക്വയര്‍ തുടങ്ങിയ സുപ്രധാന പദ്ധതികളിലൂടെ ശ്രദ്ധേയമായ രോഹന് കോര്പറേഷന് ഇതുവരെ 25 ലാന്‍ഡ്മാര്‍ക്ക് പ്രോജക്ടുകളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.
കിയ ഇവി9, ഇവി6 മോഡലുകള്‍ അവതരിപ്പിച്ചു
കൊച്ചി: കിയയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്യുവി ഇവി9, പ്രീമിയം ഇലക്ട്രിക് എസ്യുവി ഇവി6 എന്നീ മോഡലുകള്‍ ഇഞ്ചിയോണ്‍ കിയ കേരളത്തിൽ അവതരിപ്പിച്ചു.
6 സീറ്റര്‍ ലേ ഔട്ടിലാണ് ഫ്ലാഗ്ഷിപ്പ് മോഡലായ ഇവി9 എത്തുന്നത്. കുത്തനേയുള്ള എല്‍ഇഡി ലൈറ്റുകളും ഡിആര്‍എലുകളും ഡിജിറ്റല്‍ പാറ്റേണ്‍ ലൈറ്റിംഗ് ഗ്രില്ലുമാണ് കിയ ഇവി9ന് നല്‍കിയിരിക്കുന്നത്.
കുത്തനേയുള്ള എല്‍ഇഡി ടെയില്‍ ലാന്പുകളും സ്പോയ്ലറുമാണ് പിന്നില്‍. ഒപ്പം ഡ്യുവല്‍ ടോണ്‍ ബന്പറും സ്കിഡ് പ്ലേറ്റുമുണ്ട്. വാഹനത്തിന്റെ നീളം 5,015 എംഎം, വീതി 1,980എംഎം, ഉയരം 1,780എംഎം എന്നിങ്ങനെയാണ്. വീല്‍ബേസ് 3,100 എംഎം. ഉള്ളില്‍ ഡ്യുവല്‍ സ്ക്രീന്‍ ഡിസ്പ്ലേയും 12.3 ഇഞ്ച് ടച്ച്സ്ക്രീനും അതേ വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്. 1.30 കോടി രൂപയാണ് കിയ ഇവി9-ന്റെ എക്സ്ഷോറൂം വില.
കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയുടെ ഷോറൂമില്‍ നടന്ന ചടങ്ങില്‍ എംഡി നയീം ഷാഹുല്‍ പുതിയ മോഡലുകള്‍ അവതരിപ്പിച്ചു.
സ്കോഡയുടെ പുതിയ കോഡിയാക് വിപണിയില്‍
കൊച്ചി: സ്കോഡയുടെ ആഡംബര വാഹനമായ കോഡിയാക്കിന്റെ പുതിയ പതിപ്പ് നിരത്തിലെത്തി.
കരുത്തുറ്റ ടര്‍ബോ 2.0 ടി എസ്ഐ എന്ജിന്, 7-സ്പീഡ് ഡിഎസ്ജി, 7 സീറ്റുകള്‍, 14.86 കിലോമീറ്റര്‍ ഇന്ധനക്ഷമത, 32.77 സെന്റിമീറ്റര്‍ ഇന്ഫോര്ടെയ്ന്മെന്റെ ഡിസ്പ്ലേ, 13-സ്പീക്കര്‍ കാന്റണ്‍ സൗണ്ട് സിസ്റ്റം, 9 എയര്‍ബാഗുകള്‍ എന്നിവ പുതിയ കോഡിയാക്കിന്റെ സവിശേഷതകളാണ്. എക്സ് ഷോറൂം വില 46.89 ലക്ഷം രൂപ.
വിയറ്റ്നാം സന്ദർശിച്ച് കെഎംഎ പ്രതിനിധി സംഘം
കൊച്ചി: ബിസിനസ്, സംരംഭക സാധ്യതകളെക്കുറിച്ച് പഠിക്കാൻ കെഎംഎ പ്രതിനിധി സംഘം വിയറ്റ്നാമിൽ നാലു ദിവസത്തെ സന്ദർശനം നടത്തി. പ്രസിഡന്റ് ബിബു പുന്നൂരാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വിയറ്റ്നാമിലെ പ്രധാന വ്യവസായങ്ങളെക്കുറിച്ചും നിക്ഷേപ അവസരങ്ങളെക്കുറിച്ചും നേരിട്ടറിഞ്ഞു.
വിയറ്റ്നാമിലെ ഇന്ത്യൻ ബിസിനസ് ചേംബറിലെ (ഇൻചാം) സെക്രട്ടറി ദുയി ക്വിയുടെ സഹകരണത്തോടെ ഡയറക്ടർ ബോർഡ് അംഗങ്ങളായ വിജേഷ് എംവി, പിയൂഷ് റാത്തോർ എന്നിവരാണു പരിപാടി ഏകോപിപ്പിച്ചത്.
അതത് രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും പദ്ധതികൾ വികസിപ്പിക്കുന്നതിനും കെഎംഎയും ഇൻചാമും സഹകരിച്ചു പ്രവർത്തിക്കാൻ ധാരണയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, അറിവ് കൈമാറ്റം എന്നിവ സുഗമമാക്കുന്നതിനായി ഇരു സംഘടനകളും യോജിച്ചു പ്രവർത്തിക്കും.
ചൈനയുടെ യുഎസ് കയറ്റുമതി ഇടിഞ്ഞു
ബെയ്ജിംഗ്: യുഎസിലേക്ക് ചൈനീസ് ഇറക്കുമതിക്ക് ഉയർന്ന തീരുവ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ഏപ്രിലിൽ യുഎസിലേക്കുള്ള ചൈനയുടെ ഇറക്കുമതിയിൽ വൻ ഇടിവ്. ചൈനയുടെ ആകെ കയറ്റുമതി ഉയരുകയും ചെയ്തു.
ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നായ യുഎസിലേക്കുള്ള കയറ്റുമതി 2024 ഏപ്രിലിനേക്കാൾ ഈ ഏപ്രിലിൽ 21% കുറഞ്ഞുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. യുഎസിൽനിന്നുള്ള ഇറക്കുമതി 14 ശതമാനം കുറഞ്ഞെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തീരുവ വർധന മുന്നിൽക്കണ്ട് കയറ്റുമതിക്കാർ പ്രവർത്തിച്ചതിനെത്തുടർന്ന് മാർച്ചിൽ ചൈനയുടെ യുഎസ് കയറ്റുമതി 9.1 ശതമാനം ഉയർച്ച കൈവരിച്ചിരുന്നു.
മാർച്ചിലെ കയറ്റുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12.4% വർധനയുണ്ടായപ്പോൾ, ഏപ്രിലിൽ ചൈനയുടെ ആഗോള കയറ്റുമതി ഏകദേശം 2% വളർച്ച കൈവരിക്കുമെന്ന് സാന്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്. എന്നാൽ ഈ പ്രവചനങ്ങളെ മറികടന്ന് 8.1% വളർച്ച നേടി. ചൈനയുടെ ഇറക്കുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിലിൽ 0.2% കുറഞ്ഞു. ചൈനയുടെ ഇറക്കുമതി 5.9 ശതമാനം കുറയുമെന്നാണ് സാന്പത്തിക വിദഗ്ധർ പ്രവചിച്ചത്.
ഈ വർഷത്തെ ആദ്യ നാലു മാസങ്ങളിൽ ചൈനയിൽനിന്ന് യുഎസിലേക്കുള്ള കയറ്റുമതി 2.5 ശതമാനം ഇടിവ് നേരിട്ടു. ഇറക്കുമതി മുൻ വർഷത്തേക്കാൾ 4.7 ശതമാനം താഴ്ന്നെന്നാണ് ഒൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
ചൈനയുടെ അസിയാൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഏപ്രിലിൽ 20.8 ശതമാനം ഉയർന്നു. മാർച്ചിൽ 11.6 ശതമാനത്തിന്റെ വളർച്ചയാണ് നേടിയത്. ചൈനയിൽനിന്ന് യൂറോപ്യൻ യൂണിയനിലേക്കുള്ള കയറ്റുമതി കഴിഞ്ഞ വർഷത്തേക്കാൾ 8.3 ശതമാനം ഉയർന്നപ്പോൾ ഇറക്കുമതിയിൽ 16.5 ശതമാനത്തിന്റെ കുറവുണ്ടായി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയ്ക്കുമേൽ വിവിധ തരത്തിലുള്ള തീരുവകൾ ഏർപ്പെടുത്തിയതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ട് സന്പദ്വ്യസ്ഥകൾ തമ്മിലുള്ള വ്യാപാരം ഗണ്യമായി കുറഞ്ഞു. യുഎസിലേക്കുള്ള ചൈനീസ് ഇറക്കുമതിക്ക് 145 ശതമാനമാണ് ചുങ്കം ചുമത്തിയിരിക്കുന്നത്. ഇതിനെതിരേ ചൈന അമേരിക്കൻ കന്പനികളെ ലക്ഷ്യമിട്ടുള്ള മറ്റ് നടപടികളോടൊപ്പം, യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 125% തീരുവ ചുമത്തിയാണ് പ്രതികരിച്ചത്.
ചൈനയ്ക്കെതിരേ ട്രംപ് തീരുവ ഏർപ്പെടുത്തിയതിനുശേഷം വൻശക്തികൾ തമ്മിലുള്ള ആദ്യചർച്ച സ്വിറ്റ്സർലൻഡിൽ നടക്കും. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും വ്യാപാര പ്രതിനിധി ജാമിസണ് ഗ്രീറും ചൈനീസ് വൈസ് പ്രധാനമന്ത്രി ഹെ ലൈഫെംഗിനെ കാണും. ഇന്നും നാളെയുമാണ് ചർച്ചകൾ നടക്കുക. ചൈനയ്ക്കെതിരേയുള്ള ഉയർന്ന തീരുവകൾ ലഘൂകരിക്കുന്നതിന് ഈ ചർച്ചകൾ ഇടയാക്കിയേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൈനയ്ക്കെതിരേയുള്ള തീരുവ കുറയ്ക്കുമെന്ന് ട്രംപ്
യുഎസിലേക്കുള്ള ചൈനീസ് ഉത്പന്നങ്ങൾക്കേർപ്പെടുത്തിയ 145 ശതമാനം തീരുവ 80 ശതമാനമായി കുറയ്ക്കാൻ സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയ്ക്കെതിരേ ഉയർന്ന ഇറക്കുമതി ചുങ്കം പ്രഖ്യാപിച്ചശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ വ്യാപാര ചർച്ചയ്ക്കു മുന്നോടിയായാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ലോകത്തെ രണ്ടു സാന്പത്തികശക്തികളായ യുഎസിന്റെയും ചൈനയുടെയും ഉന്നത വ്യാപാര പ്രതിനിധികൾ തമ്മിലുള്ള ചർച്ചകൾക്ക് ഇന്നു ജനീവയിൽ തുടക്കമാകും.
യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും വ്യാപാര പ്രതിനിധി ജാമിസണ് ഗ്രീറും ചൈനീസ് വൈസ് പ്രധാനമന്ത്രി ഹെ ലൈഫെംഗുമായി ചർച്ചകൾ നടത്തും.
യുകെയുമായുള്ള വ്യാപാരക്കരാർ വെളിപ്പെടുത്തിയശേഷമാണ് യുഎസ് പ്രസിഡന്റ് ചൈനയുടെ തീരുവ കുറയുമെന്ന സൂചന നൽകിയത്. ഏപ്രിൽ വിവിധ രാജ്യങ്ങൾക്കുമേൽ ഉയർന്ന ഇറക്കുമതി തീരുവ ചുമത്തിയശേഷം യുകെയുമായാണ് യുഎസ് ആദ്യമായി വ്യാപാര കരാറിലേർപ്പെട്ടത്.
മുഖം മിനുക്കി കിയ കാരൻസ്
ഓട്ടോസ്പോട്ട് / അരുൺ ടോം
ദക്ഷിണകൊറിയൻ വാഹനനിർമാതാക്കളായ കിയയുടെ കാരൻസ് ആദ്യമായി മുഖം മിനുക്കി വിപണിയിൽ. പ്രീമിയം ലുക്കും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഫെയ്സ്ലിഫ്റ്റ് പതിപ്പിന് ’കാരൻസ് ക്ലാവിസ്’ എന്ന പുതിയ പേരാണ് കിയ നൽകിയിരിക്കുന്നത്.
കിയ സിറോസ് എസ്യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കാരൻസ് ക്ലാവിസിന്റെ ഇന്റീരിയർ കിയ തയാറാക്കിയിരിക്കുന്നത്. ഈ ഫെയ്സ്ലിഫ്റ്റ് പതിപ്പ് എംപിവിക്കും എസ്യുവിക്കും ഇടയിലുള്ള ഒരു ക്രോസ് ഓവർ ആണെന്ന് പറയാം.
ക്ലാവിസിന്റെ ഹൃദയം
1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ, 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിൻ, 1.5 ലിറ്റർ ഡീസൽ എൻജിൻ എന്നിങ്ങനെ മൂന്ന് എൻജിൻ ഓപ്ഷനുകളിലാണ് കാരൻസ്് ക്ലാവിസ് ലഭ്യമാവുക. സാധാരണ കാരൻസിലെ അതേ പവർട്രെയിൻ സജ്ജീകരണം പുതിയ കാരൻസ് ക്ലാവിസിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ക്ലച്ചസ് മാനുവൽ (ഐഎംടി) 6 സ്പീഡ് ടോർക്ക് കണ്‍വെർട്ടർ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് വാഹനത്തിന്റെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഡിസൈൻ
വാഹനത്തിന്റെ പുറംകാഴ്ച കാരൻസിന് സമാനമായ ഡിസൈൻ തന്നെയാണ് കിയ ക്ലാവിസിനും നൽകിയിട്ടുള്ളത്. ഐസ് ക്യൂബ് എംഎഫ്ആർ എൽഇഡി ഹെഡ്ലാന്പുകൾ, സിഗ്നേച്ചർ ഡിജിറ്റൽ ടൈഗർ ഫെയ്സ് ഡിസൈൻ, സ്റ്റാർ മാപ്പ് എൽഇഡി കണക്റ്റഡ് ടെയിൽ ലാന്പുകൾ, 17 ഇഞ്ച് ക്രിസ്റ്റൽ കട്ട് ഡ്യുവൽ ടോണ്‍ അലോയ് വീലുകൾ, സാറ്റിൻ ക്രോം ഫിനിഷുള്ള ഫ്രണ്ട് & റിയർ സ്കിഡ് പ്ലേറ്റുകൾ എന്നിവ ഈ ഫെയ്സ്ലിഫ്റ്റ് പതിപ്പിന് നൽകിയിട്ടുണ്ട്.
പരമാവധി സൗകര്യപ്രദവും സുഖകരവുമായ തരത്തിലാണ് ഇന്റീരിയർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് കിയ പറയുന്നത്. സീറ്റ് നീക്കുന്നതിനുള്ള വാക്ക് ഇൻ ലിവർ, ഡ്യുവൽ പാൻ പനോരമിക് സണ്‍റൂഫ്, ഇൻഫോടെയ്ൻമെന്റ് കണ്ട്രോൾ സ്വാപ് സ്വിച്ച്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, 64 കളർ ആംബിയന്റ് ലൈറ്റിംഗ്് എന്നിവയാണ് പുതിയ ഫീച്ചറുകൾ.
സുരക്ഷാ ഫീച്ചറുകൾ
സുരക്ഷയുടെ കാര്യത്തിൽ നിരവധി സവിശേഷതകളുമായിയാണ് കിയ കാരൻസ്് ക്ലാവിസിന്റെ വരവ്. ലെവൽ-2 അഡാസ് ഫീച്ചർ സ്യൂട്ട്, 360 ഡിഗ്രി കാമറ, ഫോർവേഡ് കൊളിഷൻ അവോയിഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് കൊളിഷൻ വാണിംഗ്, സ്റ്റോപ്പ് ആൻഡ് ഗോ അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, റിയർ ക്രോസ് ട്രാഫിക് കൊളിഷൻ അവോയിഡൻസ് അസിസ്റ്റ് തുടങ്ങിയ നിരവധി സുരക്ഷാ ഫീച്ചറുകൾ പുതിയ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
വില പ്രഖ്യാപിക്കും
ക്ലാവിസിന്റെ വില ജൂണ്‍ രണ്ടിന് ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കിയ അറിയിച്ചിരിക്കുന്നത്. 11 ലക്ഷം മുതൽ 21 ലക്ഷം രൂപ വരെയാക്കാം വാഹനത്തിന്റെ എക്സ്-ഷോറൂം വില. കന്പനിയുടെ ഒൗദ്യോഗിക വെബ്സൈറ്റ് വഴിയോ അടുത്തുള്ള കിയ ഡീലർഷിപ്പ് വഴിയോ 25,000 രൂപ ടോക്കണ്‍ തുകയ്ക്ക് വാഹനം ബുക്ക് ചെയ്യാം.
പുതുമോഡലിനായുള്ള ബുക്കിംഗ് ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. ഏഴ് വകഭേദങ്ങളിലാണ് ഇന്ത്യയിൽ വാഹനം ലഭിക്കുക. ഐവറി സിൽവർ ഗ്ലോസ്, പ്യൂട്ടർ ഒലിവ്, ഇംപീരിയൽ ബ്ലൂ, ഗ്ലേസിയർ വൈറ്റ് പേൾ, ഗ്രാവിറ്റി ഗ്രേ, സ്പാർക്ലിംഗ് സിൽവർ, അറോറ ബ്ലാക്ക് പേൾ, ക്ലിയർ വൈറ്റ് എന്നിങ്ങനെ എട്ടു കളറുകളിലാണ് കിയ കാരൻസ് ക്ലാവിസ് ലഭ്യമാവുക.
ഭീകരതയ്ക്കെതിരായി ഇന്ത്യ ഐക്യത്തോടെ നിലകൊള്ളുന്നു: മുകേഷ് അംബാനി
കൊച്ചി: ഭീകരതയുടെ എല്ലാ രൂപങ്ങള്‍ക്കും എതിരായി ഇന്ത്യ ഐക്യമായി, ദൃഢനിശ്ചയത്തോടെ നിലകൊള്ളുന്നുവെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മുകേഷ് ഡി. അംബാനി.
‘ഓപ്പറേഷന് സിന്ദൂരി’ല്‍ നമ്മുടെ സായുധ സേനയെ ഓര്‍ത്ത് വളരെ അഭിമാനമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരവും നിര്‍ണായകവുമായ നേതൃത്വത്തില്‍ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള എല്ലാ പ്രകോപനങ്ങള്ക്കെതിരേയും ഇന്ത്യന്‍ സായുധസേന കൃത്യതയോടും ശക്തിയോടുംകൂടി പ്രതികരിച്ചു.
ഭീകരതയുടെ മുന്നില്‍ ഇന്ത്യ ഒരിക്കലും മൗനമായിരിക്കില്ല. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനുള്ള ഏതൊരു നടപടിക്കും റിലയന്‍സ് കുടുംബം പിന്തുണ നല്കാന് സന്നദ്ധമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
ഓഹരിവിപണിയിൽ ഇടിവ് തുടരുന്നു
മുംബൈ: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്സംഘർഷങ്ങൾ ഉയരുന്നതിനിടെ ഇന്ത്യയുടെ ഓഹരി വിപണികൾ തുടർച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു.
വിൽപ്പന സമ്മർദം ഉയർന്നതോടെ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സെൻസെക്സും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് നിഫ്റ്റിയും ഒരു ശതമാനത്തിലേറെയാണ് ഇടിഞ്ഞത്.
സെൻസെക്സ് 880.34 പോയിന്റ് (1.1%) നഷ്ടത്തിൽ 79,454.47ലും നിഫ്റ്റി നിർണായകമായ 24,050 പോയിന്റിന്റെ താഴെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 265.80 പോയിന്റ് (1.10%) ഇടിഞ്ഞ് 24,008.00ലെത്തി.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കടുക്കുന്നതിനൊപ്പം ക്രൂഡ് ഓയിൽ വില ഉയർന്നതും ഡോളർ ശക്തിപ്പെട്ടതും ഇന്ത്യൻ ഓഹരി വിപണിയെ ബാധിച്ചു.
അജ്മല്‍ ബിസ്മിയില്‍ ‘സേവിംഗ് ഡേയ്സ്’ ഓഫറുകള്‍ തുടരുന്നു
കൊച്ചി: പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ 70 ശതമാനം വരെയുള്ള വിലക്കിഴിവുകളോടെയും ഫെഡറല്‍ ബാങ്ക് കാര്‍ഡ് ഉപയോഗിച്ചുള്ള പര്‍ച്ചേസില്‍ 5000 വരെ ഇന്‍സ്റ്റന്റ് കാഷ്ബാക്കുമായി ‘സേവിംഗ് ഡേസ്’ ഓഫറുകള്‍ തുടരുന്നു.
വൻ വിലക്കുറവിലും ഓഫറുകളിലും ലോകോത്തര ബ്രാന്‍ഡുകളുടെ ഹോം അപ്ലയന്‍സുകള്‍, കിച്ചൺ അപ്ലയന്‍സുകള്‍, അത്യാധുനിക ഗ്യാജറ്റുകള് ലഭ്യമാണെന്ന് അധികൃതർ അവകാശപ്പെട്ടു.
ഒരു ടണ്‍ എസികള്‍ -23,990 മുതല്‍, 32 ഇഞ്ച് എല്‍ഇഡി ടിവികള്‍ -5,990 മുതല്‍, റഫ്രിജറേറ്ററുകള്‍ -9,990 മുതൽ, വാഷിംഗ് മെഷീനുകള്‍ -6490 രൂപ മുതല്‍ എന്നിങ്ങനെ ലഭിക്കുന്നു. സീറോ ഡൗണ്‍ പേമെന്റില്‍ 30 മാസത്തെ ഇഎംഐ സൗകര്യത്തോടെയും 25000 വരെ കാഷ് ബാക് ഓഫറുകള്‍ ലഭ്യമാണ്.ഓഫറുകള്‍ അജ്മല്‍ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലുമുള്ള ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്.
സപ്ലൈകോ സ്കൂൾ മാർക്കറ്റ് 12 മുതൽ
തിരുവനന്തപുരം: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പഠനോപകരണങ്ങളുടെ വിലക്കയറ്റത്തിൽ നിന്നും ആശ്വാസമേകുന്നതിനായി സപ്ലൈകോ സ്കൂൾ മാർക്കറ്റുകൾ ആരംഭിക്കും.
പ്രസ്തുത സ്കൂൾ മാർക്കറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം 12ന് രാവിലെ ഒന്‍പതിന് തിരുവനന്തപുരം സപ്ലൈകോ സൂപ്പർ ബസാർ, ഫോർട്ട്, കോട്ടയ്ക്കകം അങ്കണത്തിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും.
ശബരി നോട്ട്ബുക്ക്, ഐടിസി നോട്ട്ബുക്ക്, സ്കൂൾബാഗ്, കുട, ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ, ഇൻസ്ട്രമെന്റ് ബോക്സ് തുടങ്ങി വിദ്യാർഥികൾക്ക് ആവശ്യമുള്ള എല്ലാ പഠനോപകരണങ്ങളും 17 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കും.
12 മുതൽ ജൂൺ 30 വരെ തെരഞ്ഞെടുത്ത സപ്ലൈകോ വിൽപനശാലകളിൽ സ്കൂൾ മാർക്കറ്റുകൾ പ്രവർത്തിക്കും.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,015 രൂപയും പവന് 72,120 രൂപയുമായി.
അദീബ് അഹമ്മദ് ഫിക്കി അറബ് കൗൺസിൽ ചെയർമാൻ
കൊച്ചി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) യുടെ അറബ് കൗൺസിൽ ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ വീണ്ടും തെരഞ്ഞെടുത്തു. 2025- 26 കാലയളവിലേക്കാണു നിയമനം.
ഈ ചുമതലയിൽ 2023ൽ നിയമിതനായ അദീബ് അഹമ്മദ് ഇന്ത്യയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ ശക്തമാകുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.
ഫിക്കി അറബ് കൗൺസിൽ ചെയർമാൻ എന്ന നിലയിൽ അദീബ് അഹമ്മദ് ഫിക്കിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും തുടരും.
യുഎഇ, ഇന്ത്യ ഉൾപ്പെടെ പത്തു രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിനും ആഡംബര ഹോസ്പിറ്റാലിറ്റി കമ്പനിയായ ട്വന്റി 14 ഹോൾഡിംഗ്സിനും അദീബ് അഹമ്മദ് നേതൃത്വം നൽകുന്നുണ്ട്.
ഫെഡറല്‍ ബാങ്ക് ‘ട്വൈസ് ഈസ് വൈസ്’റോഡ് ഷോ തുടങ്ങി
കൊച്ചി: സൈബര്‍ തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം പകരുന്നതിന് ഫെഡറല്‍ ബാങ്ക് റോഡ് ഷോ ‘ട്വൈസ് ഈസ് വൈസ്’ ആരംഭിച്ചു.
ഗെയിമുകളും സൈബര്‍ തട്ടിപ്പിനോട് ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കുന്നവര്‍ക്ക് സമ്മാനങ്ങളും ഒരുക്കിയിട്ടുള്ള റോഡ് ഷോ 20 ദിവസംകൊണ്ട് കേരളത്തിലെ 14 ജില്ലകളിലെ 60 ലൊക്കേഷനുകളില്‍ സൈബര്‍ തട്ടിപ്പിനെക്കുറിച്ച് ബോധവത്കരണം നടത്തും.
ആലുവയിലെ ഫെഡറല്‍ ബാങ്ക് ഹെഡ് ഓഫീസിനുമുന്നില്‍ കൊച്ചി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയും ഫെഡറൽ ബാങ്ക് എംഡി കെ.വി.എസ്. മണിയനും ചേർന്ന് റോഡ് ഷോ ഫ്ലാഗ് ഓഫ് ഓഫ് ചെയ്തു.
ഫെഡറല്‍ ബാങ്ക് ഇവിപി ആൻഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ കെ. ബിജു, എസ്വിപി ആൻഡ് ഡെപ്യൂട്ടി ചീഫ് വിജിലന്‍സ് ഓഫീസര്‍ ബിന്‍സി ചെറിയാന്, വിപി ആൻഡ് ഹെഡ് - കോര്‍പറേറ്റ് സോഷ്യല്‍ റസ്പോണ്‍സിബിലിറ്റി കെ.വി. ഷാജി, നവീന്‍ ശ്രീനിവാസന്, എൻ. ജയകൃഷ്ണന് തുടങ്ങിയവരും ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ലെക്സസ് ഇന്ത്യ എല്‍എം 350 എച്ച് ബുക്കിംഗ് വീണ്ടും ആരംഭിച്ചു
കൊച്ചി: ഫ്ളാഗ്ഷിപ്പ് മോഡലായ ലെക്സസ് എല്‍എം 350എച്ചിന്റെ ബുക്കിംഗ് വീണ്ടും ആരംഭിച്ചു.
രാജ്യത്തുടനീളമുള്ള ആഡംബര കാര്‍ പ്രേമികള്‍ക്കിടയില്‍ ഈ മോഡലിനായുള്ള വര്‍ധിച്ചുവരുന്ന ആവശ്യകതയാണ് ലെക്സസ് എല്‍എം 350എച്ച് വീണ്ടും വിപണിയിലിറക്കുന്നതിന് കാരണമായതെന്ന് ലെക്സസ് ഇന്ത്യ അറിയിച്ചു.
നാല് സീറ്റര്‍, ഏഴ് സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ലെക്സസ് 350എച്ച് ലഭിക്കും. കൂടാതെ എല്ലാ പുതിയ ലെക്സസ് മോഡലുകള്‍ക്കും എട്ടു വര്‍ഷം അല്ലങ്കില്‍ 160,000 കിലോമീറ്റര്‍ വാഹന വാറന്റിയും ലഭിക്കും.
ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധഭീതി; ഓഹരി വിപണിയിൽ തകർച്ച
മുംബൈ: ലാഹോറിൽ ഇന്ത്യൻ സൈന്യം വ്യോമ പ്രതിരോധ സംവിധാനം നിർവീര്യമാക്കിയതിനെത്തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർധിക്കുമെന്ന് നിക്ഷേപകർ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണികൾ ഇന്നലെ നഷ്ടത്തോടെ ക്ലോസ് ചെയ്തു.
സംഘർഷ സാധ്യത കണക്കിലെടുത്ത് നിക്ഷേപകർ ഓഹരികൾ അവസാന മണിക്കൂറുകളിൽ വിറ്റഴിക്കാൻ തിരക്കു കൂട്ടിയതാണ് വിപണിയെ ദുർബലപ്പെടുത്തിയത്.
ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സെൻസെക്സ് 411.97 പോയിന്റ് (0.51%) ഇടിഞ്ഞ് 80,334.81ലും നിഫ്റ്റി 140.60 പോയിന്റ് (0.58%)നഷ്ടത്തിൽ 24,273.80ലും ക്ലോസ് ചെയ്തു. 1229 ഓഹരികൾ മുന്നേറിയപ്പോൾ 2463 ഓഹരികൾ നഷ്ടത്തിലായി. 123 എണ്ണത്തിനു മാറ്റമുണ്ടായില്ല.
വിശാല സൂചികകളായ നിഫ്റ്റി മിഡ്കാപും (1.95%), സ്മോൾകാപും (1.43%) വൻ ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്കാപ്, സ്മോൾ കാപ് സൂചികകൾ യഥാക്രമം 1.90 ശതമാനം 1.05 ശതമാനം ഇടിഞ്ഞു.
മേഖലാ സൂചികകളുടെ പ്രകടനം സമ്മിശ്രമായിരുന്നു. ഓട്ടോ, എഫ്എംസിജി, ബാങ്കിംഗ്, ഫാർമ ഓഹരികൾക്ക് കനത്ത നഷ്ടം നേരിട്ടു. ഐടി, മാധ്യമ ഓഹരികൾ ലാഭം സ്വന്തമാക്കി.
ഇന്നലെ അഞ്ചു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് വിപണിയിലുണ്ടായത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം മൂലധനം 423.50 ലക്ഷം കോടി രൂപയിൽനിന്ന് 418.50 ലക്ഷം കോടി രൂപയിലെത്തി.
നിഫ്റ്റി 50 സൂചികയിലെ 45 ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതിൽ ശ്രീറാം ഫിനാൻസ്, എറ്റേണൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അദാനി എന്റർപ്രൈസസ്, ഹിൻഡാൽകോ എന്നിവയാണ് നഷ്ടം നേരിട്ടവയിൽ മുൻനിരയിൽ.
അക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്നോളജിസ്, കോട്ടാക് മഹീന്ദ്ര, ടൈറ്റൻ, ടാറ്റ മോട്ടോഴ്സ് എന്നിവ മാത്രമാണ് ലാഭം നേടിയത്.
രൂപയ്ക്കു വൻ ഇടിവ്
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം കൊടുന്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഡോളറിനെതിരേ രൂപയ്ക്കു കനത്ത ഇടിവ്. 84 പൈസ നഷ്ടത്തിൽ 85.61ലെത്തി. ആഭ്യന്തര വിപണികളിൽ അപകടസാധ്യത വർധിച്ചതിനാൽ നിക്ഷേപകർ യുഎസ് ഡോളറിൽ സുരക്ഷ തേടിയതാണ് രൂപയ്ക്കു ക്ഷീണമായത്.
ഭൗമരാഷ് ട്രീയ സംഘർഷങ്ങൾക്കു പുറമെ യുഎസ് ഡോളർ ശക്തിപ്പെട്ടതും ക്രൂഡ് ഓയിൽ വില ഉയർന്നതും രൂപയെ സമ്മർദത്തിലാക്കി.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ 84.61ലാണ് വ്യാപാരം ആരംഭിച്ചത്. ഇത് ഉയർന്ന് 84.52ലും താഴ്ന്ന് 85.77ലുമെത്തി. അവസാനമിത് മുൻ സെഷനേക്കാൾ 84 പൈസ നഷ്ടത്തിൽ 85.61ൽ അവസാനിച്ചു. ബുധനാഴ്ച രൂപ 42 പൈസ ഇടിഞ്ഞിരുന്നു.
പ്രധാന ആറു കറൻസികൾക്കെതിരേ ഡോളറിന്റെ പ്രകടനം അളക്കുന്ന ഡോളർ സൂചിക 0.46 ശതമാനം ഉയർന്ന് 100.07ലാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 1.05 % ഉയർന്ന് ബാരലിന് 61.79 ഡോളറിലെത്തി.
പാക്കിസ്ഥാൻ വിപണി തകർന്നടിഞ്ഞു
പാക്കിസ്ഥാൻ ഓഹരി വിപണി സൂചിക കെഎസ്ഇ-100 ഇന്നലെയും തകർന്നടിഞ്ഞു. ഇന്നലെത്തെ വ്യാപാരത്തിൽ വിൽപ്പന സമ്മർദം ഉയർന്നതിനെത്തുടർന്ന് കെഎസ്ഇ-30 സൂചിക 7.2 ശതമാനത്തോളം തകർന്നു.
ഇതേത്തുടർന്ന് ഒരു മണിക്കൂറോളം വ്യാപാരം നിർത്തിവയ്ക്കേണ്ടിവന്നു. ഇന്ത്യൻ സൈന്യം പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം നിർവീര്യമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് വിൽപ്പന ഉയർന്നത്. കെഎസ്ഇ-30 ബുധനാഴ്ച മൂന്നു ശതമാനത്തോളാണ് താഴ്ന്നത്.
വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ കെഎസ്ഇ-100 സൂചിക ഏകദേശം 1800 പോയിന്റ് വരെ ഉയർന്ന് സൂചിക തിരിച്ചവരവിന്റെ സൂചനകൾ നല്കി. എന്നാൽ ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം തുടരുമെന്ന പ്രതീതി ഉണ്ടായതോടെ 7,334.93 പോയിന്റ് (6.67%) നഷ്ടത്തോടെ 10,2674.1 ൽ അവസാനിച്ചു.
ബുധനാഴ്ചത്തെ തകർച്ചയ്ക്കു പിന്നാലെയാണ് ഇന്നലെയും വിപണി താഴ്ന്നത്. ബുധനാഴ്ച 6,500 പോയിന്റ് ഇടിഞ്ഞ് അതിന്റെ മൂല്യത്തിന്റെ 6 ശതമാത്തോളം നഷ്ടമായി.
പലിശനിരക്കിൽ മാറ്റം വരുത്താതെ ഫെഡറൽ റിസർവ്
ന്യൂയോർക്ക്: യുഎസിന്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് ഇത്തവണയും മാറ്റമില്ലാതെ നിലനിർത്തി.
സാന്പത്തിക അനിശ്ചിതത്വങ്ങൾ മൂലം ഉയരുന്ന പണപ്പെരുപ്പത്തിന്റെയും തൊഴിലില്ലായ്മ നിരക്കിന്റെയും അപകടസാധ്യതകൾ കാരണം യുഎസ് ഫെഡറൽ റിസർവ് അതിന്റെ ഫെഡറൽ വായ്പാ നിരക്കുകൾ 4.25 മുതൽ 4.50 ശതമാനം വരെയായി നിലനിർത്തി.
പലിശ കുറയ്ക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള നിർദേശങ്ങൾ അവഗണിച്ചാണ് ഫെഡ് ചെയർമാൻ ജെറോം പവൽ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയത്. വിപണി പ്രതീക്ഷിച്ചതും ഈ തീരുമാനം തന്നെയാണ്.
താരിഫുകളുടെ ഫലങ്ങൾ ഇപ്പോഴും വളരെ അനിശ്ചിതത്വത്തിലാണെന്നും എന്നാൽ അവ ഉയർന്ന നിലയിൽ തുടർന്നാൽ വളർച്ച ദുർബലപ്പെടുത്താനും ഉയർന്ന പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും സാധ്യതയുണ്ടെന്നും പവൽ ചൂണ്ടിക്കാട്ടി.
ഇറച്ചിക്കോഴി ഉത്പാദനച്ചെലവ് കൂടിയെന്നു കർഷകർ
കൊച്ചി: ഇറച്ചിക്കോഴിയുടെ വർധിക്കുന്ന ഉത്പാദനച്ചെലവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി കർഷകർ. നികുതി പരിഷ്കാരവും സർക്കാർ നിയന്ത്രണങ്ങളും ചെറുകിട സംരംഭകരെയും കർഷകരെയും പ്രതികൂലമായി ബാധിക്കുന്നുന്നുണ്ട്.
നിലവിൽ ഒരു കിലോ ഉത്പാദിപ്പിക്കാൻ 98 രൂപയാണ് ചെലവ്. കഴിഞ്ഞ ഒന്‍പതു മാസത്തോളമായി 60-80 രൂപയാണു കിലോയ്ക്കു ഫാമിൽ ലഭിച്ചതെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ഉത്പാദനച്ചെലവും നഷ്ടവും കണക്കിലെടുത്തു ചെറുകിട കർഷകർ വലിയ തോതിൽ ഈ മേഖല ഉപേക്ഷിക്കുന്നതായും കേരള ബ്രോയ്ലർ ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
കരാറടിസ്ഥാനത്തിൽ കോഴിക്കുഞ്ഞുങ്ങളെ വളർത്തി സംരംഭകർക്കു കൈമാറുന്ന ചെറുകിട കർഷകരും ഉത്പാദനച്ചെലവ് വർധിച്ചതിൽ ബുദ്ധിമുട്ടുകയാണ്. കോഴിഫാമുകളിൽ വിരിപ്പായി ഉപയോഗിക്കുന്ന ചകിരിച്ചോറിനു രണ്ടു വർഷം മുന്‍പു ചാക്കിന് 120 രൂപ ആയിരുന്നെങ്കിൽ ഇപ്പോഴത് 240 രൂപയിലേക്ക് ഉയർന്നു. ചെലവിനനുസരിച്ചു കോഴിയുടെ റീട്ടെയിൽ വില വർധിക്കാത്തതു മൂലം സംരംഭകരും നഷ്ടത്തിലാണ്.
ഇതിനിടെ കോഴിഫാമുകൾക്ക് സർക്കാർ ഒറ്റത്തവണ നികുതി ഏർപ്പെടുത്തിയതും പ്രതിസന്ധിയാകുന്നുണ്ട്. ഒറ്റത്തവണ നികുതി, ആഡംബര ലേബർ സെസ് തുടങ്ങിയവ അന്യായമായി അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കി കർഷകരെ ഈ രംഗത്തു നിലനിർത്താൻ സഹായകമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കേരള ബ്രോയ്ലർ ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
യുഎസ് -യുകെ വ്യാപാരകരാറായി
വാഷിംഗ്ടൺ ഡിസി: യുണൈറ്റഡ് കിംഗ്ഡമുമായി പുതിയ വ്യാപാരക്കരാറിൽ ഏർപ്പെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുഎസുമായി വ്യാപാര പങ്കാളിത്തമുള്ള രാജ്യങ്ങൾക്കെതിരേ തീരുവ പ്രഖ്യാപിച്ചശേഷം നിലവിൽ വന്ന ആദ്യ കരാറാണിത്.
പുതിയ വ്യാപാരക്കരാർ യുകെ പ്രധാനമന്ത്രി കിയർ സ്റ്റാർമറിന് രാഷ് ട്രീയ കരുത്താകും. ദീർഘകാലമായി യുഎസിന്റെ സഖ്യ കക്ഷിയായ യുകെയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്ന കരാർ പൂർണവും സമഗ്രവുമാണെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ബുധനാഴ്ച പുതിയതായി ഒപ്പുവയ്ക്കുന്ന ഒരു വ്യാപാര കരാറിനെക്കുറിച്ച് ട്രംപ് സൂചന നൽകിയെങ്കിലും രാജ്യത്തിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല.
സ്വർണവിലയിൽ ഇടിവ്; പവന് 71,880 രൂപ
കൊച്ചി: തീരുവ കുറയ്ക്കുന്നതിനുള്ള കരാർ യുഎസും യുകെയും ഉടൻ പ്രഖ്യാപിക്കുമെന്ന തീരുമാനം പുറത്തുവന്നതോടെ സ്വർണ വിലയിൽ ഇടിവ്.
ഇന്നലെ രാവിലെ 3414 ഡോളർ വരെ പോയ അന്താരാഷ്ട്ര സ്വർണ വില ബോർഡ് റേറ്റ് നിശ്ചയിക്കുമ്പോൾ ട്രോയ് ഔൺസിന് 3382 ഡോളർ ആയിരുന്നു. അന്താരാഷ്ട്ര സ്വർണവില അതനുസരിച്ച് വില നിശ്ചയിച്ചപ്പോൾ ഗ്രാമിന് 55 രൂപ കൂടി 9130 രൂപയായിരുന്നു. ഉച്ചയ്ക്ക് 12 നു ശേഷം 50 ഡോളർ കുറഞ്ഞതോടെ ട്രോയ് ഔൺസിന് 3330 ഡോളറിൽ എത്തി.
ഉച്ചയ്ക്കുശേഷം ഗ്രാമിന് 145 രൂപ കുറച്ച് ബോർഡ് റേറ്റ് പ്രഖ്യാപിച്ചു. ഇതോടെ സ്വർണ വില ഗ്രാമിന് 8985 രൂപയും പവന് 71,880 രൂപയുമായി. യുഎസ് പലിശ നിരക്ക് കുറയ്ക്കുമെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നതും സ്വർണവില കുറയുന്നതിന് കാരണമായിട്ടുണ്ട്.
കേരളത്തില്‍ ചുവടുറപ്പിക്കാന്‍ റിവര്‍: രണ്ടാം സ്റ്റോര്‍ തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍ കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ സ്റ്റോര്‍ തിരുവനന്തപുരത്ത് ആരംഭിച്ചു.
ഇന്‍ഡല്‍ വീല്‍സ് എല്‍എല്‍പി ഡീലര്‍ഷിപ്പുമായി സഹകരിച്ചാണ് പാപ്പനംകോട് 1375 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള റിവര്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഇന്‍ഡി സ്കൂട്ടർ, ആക്സസറികള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് റിവര്‍ സ്റ്റോറില്‍ നിന്നും നേരിട്ട് സ്വന്തമാക്കാം.
കൊച്ചി സ്റ്റോര്‍ മുഖേന ഇന്ഡിക്ക് ലഭിച്ചിട്ടുള്ള മികച്ച പ്രതികരണവും സ്വീകാര്യതയും ഞങ്ങള്‍ക്ക് വലിയ പ്രചോദനമാണ് നല്കുന്നതെന്നു റിവറിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അരവിന്ദ് മണി പറഞ്ഞു.
ഇന്‍ഡിയുടെ യൂട്ടിലിറ്റി ലൈഫ്സ്റ്റൈല്‍ സ്വഭാവം ഇവിടത്തെ വിപണിക്ക് ഏറെ അനുയോജ്യമാണെന്ന് തെളിയിക്കപ്പെട്ടതാണ്. കേരളത്തില്‍ റിവറിന്റെ സാന്നിധ്യം കൂടുതല്‍ വിപുലീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ ആകുമ്പോഴേക്കും തൃശൂര്‍, കൊല്ലം, പാലക്കാട്, കോഴിക്കോട് എന്നീ നഗരങ്ങളില്‍ ഉള്‍പ്പെടെ 10 പുതിയ സ്റ്റോറുകള്‍ റിവര്‍ ആരംഭിക്കുമെന്നും അരവിന്ദ് മണി പറഞ്ഞു.
കൊച്ചി: നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് കൗണ്‍സില്‍ കമ്മിറ്റി അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിച്ച ഇന്‍ഡെക്സ് 2025ല്‍ മികവ് പുലര്‍ത്തിയ സംരംഭകരെ കേന്ദ്ര ഭക്ഷ്യമന്ത്രി ചിരാഗ് പാസ്വാന് ആദരിച്ചു.
എന്ഐഡിസിസിയുടെ നാഷണല്‍ ലെന്‍ഡിംഗ് പാര്‍ട്ണറായ ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി അഡ്വ. കെ.ജി. അനില്‍കുമാര്‍, ജസ്പെയ്ഡ് റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് സില്‍വര്‍ലീഫ് ബില്‍ഡേഴ്സ് മാനേജിംഗ് ഡയറക്ടര്‍ നിഷാദ് അബുബക്കര്‍, എന്‍ഐഡിസിസി അഡ്മിനിസ്ട്രേറ്റര്‍ എസ്. വാസുദേവ് എന്നിവരെയാണ് ആദരിച്ചത്. ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി മുഖ്യാതിഥിയായിരുന്നു.
മാതൃദിനം: വണ്ടര്‍ലായില്‍ അമ്മമാര്‍ക്കു സൗജന്യ പ്രവേശനം
കൊച്ചി: മാതൃദിനം പ്രമാണിച്ച് മക്കളോടൊപ്പം എത്തുന്ന അമ്മമാര്‍ക്ക് 10, 11 തീയതികളില്‍ വണ്ടര്‍ലായില്‍ സൗജന്യ പ്രവേശനം.
ഒരു കുട്ടിയുടേതടക്കം ചുരുങ്ങിയത് മൂന്നു ടിക്കറ്റുകള്‍ ഒറ്റ ഓണ്‍ലൈൻ ഇടപാടിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 0484 3514001, 7593853107.
എസ്ബിഐ ജനറല്‍ ഫ്ലെക്സി ഹോം ഇന്‍ഷ്വറന്‍സ് പദ്ധതി തുടങ്ങി
കൊച്ചി: എസ്ബിഐ ജനറല്‍ ഫ്ലെക്സി ഹോം ഇന്‍ഷ്വറന്‍സ് പദ്ധതി അവതരിപ്പിച്ചു. വീടുകള്‍ക്കും ഹൗസിംഗ് സൊസൈറ്റികള്‍ക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതാണു പദ്ധതി. സ്വന്തമായും വാടകയ്ക്ക് എടുത്തതുമായ വീടുകള്‍ക്കും ഹൗസിംഗ് സൊസൈറ്റികള്‍ക്കുമാണ് ഇന്‍ഷ്വറന്‍സ് ലഭിക്കുക.
തീപിടിത്തമുണ്ടായാല്‍ ഇന്‍ഷ്വറന്‍സ് കവറേജ് നല്കുന്ന ഫയര്‍ കവര്‍ ഒഴികെയുള്ളവ ഉപഭോക്താവിന്റെ ആവശ്യങ്ങളനുസരിച്ച് പദ്ധതിയിൽ ക്രമീകരിക്കാമെന്ന് അധികൃതർ അറിയിച്ചു.
നേരിയ നേട്ടത്തിൽ വിപണി
മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ നേരിയ തോതിൽ നേട്ടത്തോടെ ഇന്നലെവ്യാപാരം അവസാനിപ്പിച്ചു. യുഎസ് ഫെഡറൽ റിസർവിന്റെ നയ തീരുമാനത്തിന് മുന്നോടിയായി വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ജാഗ്രതയും നിക്ഷേപകരെ പരിഭ്രാന്തരാക്കി. പാക്കിസ്ഥാൻ അതിർത്തി കടന്ന് ഇന്ത്യ ആക്രമണം നടത്തിയ സാഹചര്യമുണ്ടായിട്ടും വിപണികൾക്ക് തിരിച്ചുകയറാനായി.
ബോംബെ സെൻസെക്സ് 105.71 പോയിന്റ് (0.13%) നേട്ടത്തിൽ 80746.78ലും നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് നിഫ്റ്റി 34.80 പോയിന്റ് (0.14) ഉയർന്ന് 24414.40ലും ക്ലോസ് ചെയ്തു. 2121 ഓഹരികൾ മുന്നേറിയപ്പോൾ 1620 എണ്ണം താഴ്ന്നു. 149 ഓഹരികൾക്ക് മാറ്റമുണ്ടായില്ല. മിഡ്, സ്മോൾകാപ് സൂചികളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ് 1.36 ശതമാനവും സ്മോൾകാപ് 1.16 ശതമാനവും ഉയർന്നു.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ) തുടർച്ചയായ 14 സെഷനുകളിലായി 43,900 കോടി രൂപയിലധികം ഇന്ത്യൻ ഓഹരികളിലേക്ക് ഒഴുക്കി. ഈ സ്ഥിരമായ നിക്ഷേപം വിപണിയിലെ പ്രതിരോധശേഷിയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. യുഎസ് വളർച്ചാ പ്രതീക്ഷകൾ മയപ്പെടുത്തുന്നതും, ചൈനയുടെ മന്ദഗതിയിലുള്ള വളർച്ചയും, ആപേക്ഷികമായി ഇന്ത്യയുടെ വളർച്ചാ പ്രകടനവും ഇതിന് സഹായകമായി.
എൻഎസ്ഇയിലെ മേഖല സൂചികകൾ പ്രധാനമായും നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സിന്റെ ഓഹരിയുടെ കരുത്തിൽ നിഫ്റ്റി ഓട്ടോ സൂചിക 1.66 ശതമാനം ഉയർന്നു. കണ്‍സ്യൂമർ ഡ്യൂറബിൾസ്, മീഡിയ എന്നിവയ യഥാക്രമം 1.18 ശതമാനവും 1.06 ശതമാനവും നേട്ടമുണ്ടാക്കി.
മെറ്റൽ, എനർജി, റിയാലിറ്റി, ബാങ്കിംഗ് ഓഹരികളും മാന്യമായ മുന്നേറ്റം നടത്തി. നിഫ്റ്റി മെറ്റൽ 0.98 ശതമാനവും നിഫ്റ്റി ബാങ്ക് 0.63 ശതമാനവും നേട്ടമുണ്ടാക്കി. സ്വകാര്യ ബാങ്കുകൾ പൊതുമേഖലാ ഓഹരികളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു, അതേസമയം ഐടി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ നേരിയ ഉയർച്ച രേഖപ്പെടുത്തി. പ്രധാന മേഖലാ സൂചികകളിൽഎഫ്എംസിജി, ഫാർമ എന്നിവ മാത്രമാണ് പിന്നാക്കംപോയത്. യഥാക്രമം 0.52 ശതമാനവും 0.33 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
ടാറ്റ മോട്ടോഴ്സിന്റെ ഓഹരികൾ 5.18 ശതമാനം ഉയർന്ന് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചു. ടാറ്റ മോട്ടോഴ്സ് രണ്ടായി വിഭജിക്കാനുള്ള തീരുമാനത്തിന് ഓഹരി ഉടമകളുടെ വൻ പിന്തുണ ലഭിച്ചത് കന്പനിക്ക് പ്രചോദനമായി. ഇതേത്തുടർന്നാണ് കന്പനിയുടെ ഓഹരി വിലയിൽ കുതിപ്പുണ്ടാത്. ഇന്ത്യ-യുകെ വ്യാപാര കരാറിൽ നിന്ന് കന്പനിക്ക് നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയുമുണ്ട്.
ബ്രിട്ടനിൽനിന്നുള്ള വാഹന ഇറക്കുമതി തീരുവ 100 ശതമാനമായിരുന്നത് പരിമിതമായ ക്വാട്ട അടിസ്ഥാനത്തിൽ 10 ശതമാനമായി ഇന്ത്യ കുറയ്ക്കും. യുകെ ലക്ഷ്വറി ബ്രാൻഡുകളായ ജാഗ്വാർ, ലാൻഡ് റോവർ എന്നിവ ടാറ്റയുടെ ഉടമസ്ഥതയിലാണ്. ഈ ബ്രാൻഡുകൾക്ക് നികുതി ഇളവ് നേടുന്നതിനും സഹായകമായി മാറും.
മിഡ്, സ്മോൾകാപ് സൂചികകളിലുണ്ടായ ഉയർച്ചയുടെ കരുത്തിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തത്തിലുള്ള വിപണി മൂലധനം കഴിഞ്ഞ സെഷനിലെ 421 ലക്ഷം കോടി രൂപയിൽ നിന്ന് 423 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപകർക്ക് ഒരു ദിവസം രണ്ടു ലക്ഷം കോടി രൂപയുടെ സന്പാദ്യം നൽകി.
പാക്കിസ്ഥാൻ വിപണി തകർന്നു
അതിർത്തികടന്നുള്ള ഇന്ത്യയുടെ ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന്റെ ഓഹരി സൂചികയായ കെഎസ്ഇ-100 ഇന്നലെ 5.7 ശതമാനം വരെ ഇടിഞ്ഞു. 2021നുശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണ്. പിന്നീട് ഈ നഷ്ടം മൂന്നു ശതമാനമായി കുറച്ചു.
കറാച്ചി സ്റ്റോക് എക്സ്ചേഞ്ചിനെ പ്രതിനിധീകരിക്കുന്ന കെഎസ്ഇ-100 സൂചിക ഏപ്രിലിൽ ആറു ശതമാനത്തിലേറെ ഇടിഞ്ഞിരുന്നു. 2023 ഓഗസ്റ്റിനുശേഷം ഒരു മാസത്തെ ഏറ്റവും മോശം പ്രകടനമാണ്. വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വില്പനയ്ക്കു പ്രേരിപ്പിക്കുകയാണ്.
ഇന്ത്യയുടെ ആക്രമണത്തിനുശേഷം കെഎസ്ഇ സൂചിക 6560.82 പോയിന്റ് താഴ്ന്ന് 107007.68ലാണ് വ്യാപാരം തുടങ്ങിയത്.
ടാറ്റാ മോട്ടോഴ്സ് വിഭജിക്കുന്നു; ഇനി പുതിയ രണ്ടു കന്പനികൾ
മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ പ്രമുഖ കന്പനിയായ ടാറ്റ മോട്ടോഴ്സ് വിഭജിക്കുന്നു. കന്പനി വിഭജനം നടത്തി പുതിയ ലിസ്റ്റ്ഡ് കന്പനികളായി മാറുന്നതിന് ടാറ്റ മോട്ടോഴ്സ് ഓഹരിയുടമകൾ അനുമതി നല്‍കിയതായി കന്പനി അറിയിച്ചു. പാസഞ്ചർ വെഹിക്കിൾ, കൊമേഴ്സ്യൽ വെഹിക്കിൾ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി രണ്ടു പുതിയ കന്പനികൾ രൂപീകരിക്കും.
എക്സ്ചേഞ്ച് ഫയലിംഗ് അനുസരിച്ച് 99.99 ശതമാനം ഓഹരി ഉടമകളും വിഭജനത്തിന് അനുകൂലമായി വോട്ട് ചെയ്തു എന്ന് കന്പനി വ്യക്തമാക്കി. കന്പനി വിഭജനം പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്നലെ ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വില നാല് ശതമാനത്തിലധികം ഉയർന്നു. വിഭജന പ്രഖ്യാപനവും ഇന്ത്യ-യുകെ വ്യാപാര കരാറുമാണ് ഓഹരികൾ കുതിക്കാൻ കാരണമായത്.
പദ്ധതി പ്രകാരം ടാറ്റാ മോട്ടോഴ്സിന്റെ വാണിജ്യ വാഹന ബിസിനസ് ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് കൊമേഴ്സ്യൽ വെഹിക്കിൾസിലേക്ക് മാറും. അതേസമയം, ടാറ്റ മോട്ടോഴ്സിന്റെ യാത്ര വാഹന ബിസിനസ് നിലവിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ടാറ്റ മോട്ടോഴ്സിന്റെ ഭാഗമാകുകയും ചെയ്യും. വിഭജനം പ്രാബല്യത്തിലായാൽ കന്പനികളുടെ പേരിലും മാറ്റം വന്നേക്കും. 2024 മാർച്ചിലാണ് ടാറ്റ മോട്ടോഴ്സ് വിഭജനം സംബന്ധിച്ച് ആദ്യ പ്രഖ്യാപനം നടത്തിയത്. ജൂലൈ ഒന്നിനാണ് വിഭജനം പൂർത്തിയാകുക.
കഴിഞ്ഞദിവസം നിലവിൽ വന്ന ഇന്ത്യ-യുകെ വ്യാപാര കരാർ പ്രകാരം ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനവും നികുതി രഹിതമായിരിക്കും. അതേസമയം ഇന്ത്യ ഇറക്കുമതി തീരുവകളും ഗണ്യമായി കുറയ്ക്കും. ഇറക്കുമതി ചെലവ് കുറയുന്നതോടെ ഇന്ത്യൻ വിപണിയിൽ ജാഗ്വാർ, ലാൻഡ് റോവർ വാഹനങ്ങളുടെ വിൽപ്പന വർധിക്കാൻ സാധ്യതയുണ്ട്.
വീട്ടിൽ പാകം ചെയ്ത താലിമീൽസിന്റെ വില ഏപ്രിലിൽ കുറഞ്ഞു: ക്രിസിൽ
ന്യൂഡൽഹി: പച്ചക്കറികളുടെ വിലയിൽ കുത്തനെയുണ്ടായ ഇടിവിനെത്തുടർന്ന വീടുകളിൽ പാകം ചെയ്ത വെജിറ്റേറിയൻ, നോൺ വെജിറ്റേറിൻ താലി മീൽസിന്റെ വില കഴിഞ്ഞ ഏപ്രിലിൽ മുൻ വർഷത്തെ അപേക്ഷിച്ച് നാലു ശതമാനം കുറഞ്ഞുവെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ക്രിസിലിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു.
ക്രിസിലിന്റെ റൊട്ടി റൈസ് റേറ്റ് റിപ്പോർട്ടിൽ കഴിഞ്ഞ മാസം പാചകത്തിന് അവശ്യവസ്തുക്കളായ എൽപിജി, ഭക്ഷ്യ എണ്ണ എന്നിവയുടെ വിലയിൽ വർധനവുണ്ടായിട്ടും ഈ കുറവുണ്ടായെന്നു പറയുന്നു. ഇറക്കുമതി തീരുവയിലെ വർധനവ് മൂലം സസ്യ എണ്ണയുടെ വില 19 ശതമാനവും എൽപിജി സിലിണ്ടർ വില ആറു ശതമാനവുമാണ് ഉയർന്നത്.
പച്ചക്കറിയിലുണ്ടായ വിലക്കുറവ് വെജിറ്റേറിയൻ താലിയുടെ വില കുറയാനിടയാക്കി. തക്കാളിയുടെ വില 2024 ഏപ്രിലിനെ അപേക്ഷിച്ച് ഈ ഏപ്രിലിൽ 34 ശതമാനമാണ് ഇടിഞ്ഞത്. കിലോയ്ക്ക് 32 രൂപയിൽനിന്ന് 21 രൂപയിലെത്തി. കഴിഞ്ഞ വർഷം വിളവിലുണ്ടായ കുറവാണ് വിലക്കയറ്റത്തിനു കാരണമായത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉരുളക്കിഴങ്ങ് വില 11 ശതമാനവും സവാള വില ആറു ശതമാനവുമാണ് കുറഞ്ഞത്.
മാസക്കണക്കിൽ നോക്കിയാൽ വെജിറ്റേറിയൻ താലിയുടെ വില 2025ന് മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ 1.2 ശതമാനവും നോൺ വെജ് താലിയുടെ വില രണ്ടു ശതമാനവും കുറഞ്ഞു. ഉരുളക്കിഴങ്ങിന്റെ വില രണ്ടു ശതമാന കുറഞ്ഞതും സവാള വില 14 ശതമാനം കുത്തനെ ഇടിവുമുണ്ടാതാണ് ഇതിനു പ്രധാന കാരണം.
നോൺ വെജിറ്റേറിയൻ താലിയിലെ പ്രധാനഘടകമായ ഇറച്ചിക്കോഴി വില മാർച്ചിനെക്കാൾ രണ്ടു ശതമാനമാണ് താഴ്ന്നത്.
ഇറച്ചിക്കോഴിക്ക് 2024 ഏപ്രിലിനെക്കാൾ ഈ ഏപ്രിലിൽ നാലു ശതമാനം വിലക്കുറവുണ്ടായി. ചില സംസ്ഥാനങ്ങളിൽ പക്ഷിപ്പനി ആശങ്കകൾ പടർന്നതിനെത്തുടർന്ന് ആവശ്യകത കുറഞ്ഞതും മറ്റു സ്ഥലങ്ങളിൽനിന്ന് ലഭ്യത കൂടിയതുമാണ് ഇറച്ചിക്കോഴിയുടെ വില കുറയുന്നതിനിടയാക്കിയത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,075 രൂപയും പവന് 72,600 രൂപയുമായി.