90 മീറ്റർ കടന്ന് നീരജ്
ദോഹ: പുരുഷ ജാവലിൻ ത്രോയിൽ ഇരട്ട ഒളിന്പിക് മെഡലുള്ള ഇന്ത്യയുടെ സൂപ്പർ താരം നീരജ് ചോപ്ര കരിയറിൽ ആദ്യമായി 90 മീറ്റർ ദൂരം ക്ലിയർ ചെയ്തു. കഴിഞ്ഞ രാത്രിയിൽ നടന്ന ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര 90.23 മീറ്റർ ദൂരം ജാവലിൻ പായിച്ചു.
ടോക്കിയോ ഒളിന്പിക്സിൽ സ്വർണവും പാരീസ് ഒളിന്പിക്സിൽ വെള്ളിയും നേടിയ നീരജ് ചോപ്ര, ദോഹ ഡയമണ്ട് ലീഗിലെ മൂന്നാം ഏറിലാണ് 90.23 മീറ്റർ കുറിച്ചത്. സ്വന്തം പേരിലെ ദേശീയ റിക്കാർഡും ഇതിലൂടെ നീരജ് തിരുത്തി.
അതേസമയം, ദോഹയിൽ വെള്ളി മെഡൽ മാത്രമാണ് നീരജിനു ലഭിച്ചത്. 91.06 മീറ്റർ ജാവലിൻ പായിച്ച ജർമനിയുടെ ജൂലിയൻ വെബറിനാണ് സ്വർണം.
ജയിച്ചാൽ ആർസിബിക്കു പ്ലേ ഓഫ്, തോറ്റാൽ കെകെആർ ഔട്ട്
ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റ് 2025 സീസണ് പുനരാരംഭിക്കുന്ന ഇന്ന് ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാൻ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തോൽവി വഴങ്ങിയാൽ പുറത്താകുമെന്ന ഘട്ടത്തിൽ ജീവന്മരണ പേരാട്ടത്തിന് കോൽക്കത്ത നൈറ്റ് റൈഡേഴ്സും കളത്തിൽ. ബംഗളൂരുവിന്റെ സ്വന്തം തട്ടകത്തിൽ രാത്രി 7.30നാണ് 18-ാം സീസണിലെ 58-ാമത് മത്സരം.
പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബംഗളൂരുവിന് ഇനിയുള്ള മൂന്നു മത്സരങ്ങളിൽ ഒരു ജയം നേടിയാൽ പ്ലേ ഓഫ് ഉറപ്പിക്കാം. അതേസമയം, ആറാം സ്ഥാനത്തുള്ള കോൽക്കത്തയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തണമെങ്കിൽ ഇന്നു മികച്ച ജയം അനിവാര്യം. മറ്റ് ടീമുകളുടെ പ്രകടനത്തെ കൂടി ആശ്രയിച്ചാകും കെകെആറിന്റെ മുന്നോട്ടുള്ള യാത്ര.
വിരാട് കോഹ്ലി കളത്തിൽ
ടെസ്റ്റ് ക്രിക്കറ്റ് വിരമിക്കൽ പ്രഖ്യാപിച്ചശേഷം വിരാട് കോഹ്ലി ആദ്യമായി കളത്തിലെത്തുന്ന മത്സരമാണ് ഇന്നത്തേതെന്നതും ശ്രദ്ധേയം.
ഓറഞ്ച് ക്യാപ് പട്ടികയിൽ ഒന്നാമനാകാൻ ആറ് റണ്‍സ് മാത്രം ആവശ്യമുള്ള റണ്‍ മെഷീൻ വിരാട് കോഹ്ലിയിലാണ് ബംഗളൂരുവിന്റെ ബാറ്റിംഗ് കരുത്ത്. 11 മത്സരങ്ങളിൽനിന്ന് 505 റണ്‍സ് കോഹ്ലി നേടിയിട്ടുണ്ട്. പരിക്കേറ്റ ദേവ്ദത്ത് പടിക്കലിന് പകരം മായങ്ക് അഗർവാളിനെ ബംഗളൂരു ടീമിൽ ഉൾപ്പെടുത്തി. പരിക്കിന്റെ പിടിയിലായ ക്യാപ്റ്റൻ രജത് പാട്ടിദാർ പരിശീലനം ആരംഭിച്ചത് ശുഭസൂചനയാണ്.
12 മത്സരങ്ങളിൽനിന്ന് 17 വിക്കറ്റ് നേടിയ സ്പിന്നർ വരുണ്‍ ചക്രവർത്തിയാണ് ഇംപാക്ട് ഉണ്ടാക്കാൻ സാധ്യതയുള്ള കോൽക്കത്തൻ ബൗളർ. ക്വിന്റൻ ഡികോക്ക് തിരിച്ചെത്തിയെങ്കിലും മൊയീൻ അലി പിന്മാറി. ആന്ദ്രേ റസലിന്റെ ഓൾറൗണ്ട് മികവാണ് ടീമിന്റെ കരുത്തുകളിൽ ഒന്ന്. ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ ബാറ്റിംഗ് ഫോമും ടീമിന് ആശ്വാസമാണ്.
മഴയ്ക്കു സാധ്യത
ചിന്നസ്വാമി സ്റ്റേഡിയത്തിൽ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. 25 ഡിഗ്രി സെൽഷസ് ആയിരുന്നു ഇന്നലത്തെ താപനില.
സ്പാനിഷ് ലാ ലിഗ കിരീടം ബാഴ്സലോണയ്ക്ക്
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ 2024-25 സീസണ് കിരീടം എഫ്സി ബാഴ്സലോണയ്ക്ക്. നാട്ടുശത്രുക്കളായ എസ്പാന്യോളിനെ അവരുടെ തട്ടകത്തില്‍വച്ച് 2-0നു കീഴടക്കിയതോടെയാണ് ബാഴ്സലോണ കിരീടം ഉറപ്പാക്കിയത്.
സീസണില്‍ രണ്ടു മത്സരങ്ങള്‍ ബാക്കിനില്‍ക്കേയാണ് ഹന്‍സി ഫ്ളിക്കിന്റെ ശിഷ്യഗണം ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയതെന്നതും ശ്രദ്ധേയം. 38 റൗണ്ടുള്ള ലീഗില്‍ 36 മത്സരങ്ങളില്‍ നിന്ന് 85 പോയിന്റായി ബാഴ്സലോണയ്ക്ക്. രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിന് 36 മത്സരങ്ങളില്‍ 78 പോയിന്റാണ്. 70 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.
വണ്ടര്‍ യമാല്‍
കറ്റാലന്‍ ഡെര്‍ബിയില്‍, ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം 53-ാം മിനിറ്റില്‍ കൗമാര സൂപ്പര്‍ താരം ലാമിന് യമാലിന്റെ മിന്നും ഗോളിലായിരുന്നു ബാഴ്സലോണ ലീഡ് നേടിയത്. വലത് ടച്ച് ലൈനില്‍നിന്ന് പന്ത് നിയന്ത്രണത്തിലാക്കിയ യമാല്‍, ബോക്സിന്റെ വരയ്ക്കു സമാന്തരമായി മുന്നേറി.
ഓട്ടത്തിനിടെ എസ്പാന്യോളിന്റെ രണ്ട് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഡി സര്‍ക്കിളിനു സമീപത്തുനിന്നു തൊടുത്ത ഷോട്ടിലൂടെ പന്ത് വളച്ച് ഗോള്‍ പോസ്റ്റിന്റെ മേല്‍ത്തട്ടില്‍ നിക്ഷേപിച്ചു. 90+6-ാം മിനിറ്റില്‍ പതിനേഴുകാരനായ യമാലിന്റെ അസിസ്റ്റില്‍ ഫെര്‍മിന്‍ ലോപ്പസ് ബാഴ്സലോണയുടെ രണ്ടാം ഗോള്‍ സ്വന്തമാക്കി.
28-ാം ലാ ലിഗ കിരീടം
എഫ്സി ബാഴ്സലോണ 28-ാം തവണയാണ് സ്പാനിഷ് ലാ ലിഗ കിരീടം സ്വന്തമാക്കുന്നത്. 2022-23 സീസണിലായിരുന്നു അവസാന ലാ ലിഗ നേട്ടം. 2024-25 സീസണില്‍ സ്പെയിനില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്താനും എഫ്സി ബാഴ്സയുടെ യുവപ്രതിഭകള്‍ക്കു സാധിച്ചു.
ലാ ലിഗ കിരീടത്തിനു മുമ്പ്, സീസണിലെ മറ്റു സുപ്രധാന രണ്ടു ട്രോഫികളായ കോപ്പ ഡെല്‍ റേ, സൂപ്പര്‍ കോപ്പ എന്നിവയും ബാഴ്സലോണ സ്വന്തമാക്കിയിരുന്നു. ഈ സീസണില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് മാത്രമേ ഹന്‍സി ഫ്ളിക്കിന്റെയും കുട്ടികളുടെയും കൈപ്പിടിയില്‍ ഒതുങ്ങാതിരുന്നുള്ളൂ. കോപ്പ ഡെല്‍ റേയിലും സൂപ്പര്‍ കോപ്പയിലും റയല്‍ മാഡ്രിഡിനെ ഫൈനലില്‍ കീഴടക്കിയായിരുന്നു ബാഴ്സലോണയുടെ ചുണക്കുട്ടികള്‍ വെന്നിക്കൊടി പാറിച്ചതെന്നതും ശ്രദ്ധേയം.
കോടീശ്വരൻ ക്രിസ്റ്റ്യാനോ
റിയാദ്: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന കായികതാരങ്ങളുടെ പട്ടികയില്‍ പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരിക്കല്‍ക്കൂടി ഒന്നാം സ്ഥാനത്ത്. 2025ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന കായികതാരങ്ങളുടെ പട്ടിക ഫോബ്സ് പ്രഖ്യാപിച്ചപ്പോഴാണ് ക്രിസ്റ്റ്യാനോ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
275 മില്യണ്‍ ഡോളറാണ് (ഏകദേശം 2354 കോടി രൂപ) കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രതിഫലമായി കൈപ്പറ്റിയതെന്നാണ് ഫോബ്സിന്റെ വെളിപ്പെടുത്തല്‍. കായിക താരങ്ങളില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക വരുമാന പട്ടികയില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഒന്നാം സ്ഥാനത്തു തുടരുന്നത്, ആകെ അഞ്ചാം പ്രാവശ്യവും.
വനിതകള്‍, ഇന്ത്യക്കാര്‍ ഇല്ല
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന 50 കായിക താരങ്ങളുടെ പട്ടികയില്‍ ഒരു വനിതപോലും ഇല്ലെന്നതും ശ്രദ്ധേയം. ഇന്ത്യയില്‍നിന്നുള്ള കായിക താരങ്ങള്‍ക്കും ഇടം പിടിക്കാന്‍ സാധിച്ചില്ല.
അര്‍ജന്റൈന്‍ സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കുവേണ്ടി കളിക്കുന്ന മെസിയുടെ വാര്‍ഷിക വരുമാനം 135 മില്യണ്‍ ഡോളറാണ് (ഏകദേശം 1155 കോടി രൂപ).
കൂടുതല്‍ പ്രതിഫലം
(താരം, കായിക ഇനം, തുക കോടി രൂപയില്‍)
1. ക്രിസ്റ്റ്യാനോ / ഫുട്ബോള്‍ / 2354 കോടി
2. സ്റ്റീഫന്‍ കറി / ബാസ്കറ്റ് / 1335 കോടി
3. ടൈസണ്‍ ഫ്യൂരി / ബോക്സിംഗ് / 1249 കോടി
4. ഡാക് പ്രെസ്കോട്ട് / എന്‍എഫ്എല്‍ / 1172 കോടി
5. ലയണല്‍ മെസി / ഫുട്ബോള്‍ / 1155 കോടി
6. ലെബ്രോണ്‍ ജയിംസ് / ബാസ്കറ്റ് / 1145 കോടി
7. ജുവാന്‍ സോട്ടോ / ബേസ്ബോള്‍ / 975 കോടി
8. കരിം ബെന്‍സെമ / ഫുട്ബോള്‍ / 890 കോടി
9. ഷൊഹി ഒഹ്താനി / ബേസ്ബോള്‍ / 877 കോടി
10. കെവിന് ഡ്യൂറന്റ് / ബാസ്കറ്റ് / 867 കോടി
ലൈസന്‍സ് നഷ്ടപ്പെട്ട് ബ്ലാസ്റ്റേഴ്സ്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെ അഞ്ച് ഐഎസ്എല്‍ ക്ലബ്ബുകള്‍ക്ക് പ്രീമിയര്‍ വണ്‍ ലൈസന്‍സ് നിഷേധിച്ച് ഓള് ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന് (എഐഎഫ്എഫ്). ലൈസന്‍സിനുള്ള എ, ബി മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് ലൈസന്‍സ് നിഷേധിച്ചതെന്ന് എഐഎഫ്എഫ് പത്രക്കുറിപ്പില്‍ അറിയിച്ചു.
രണ്ട് ഐ ലീഗ് ക്ലബ്ബുകള്‍ക്കും പ്രീമിയര്‍ വണ്‍ ലൈസന്‍സ് ലഭിച്ചില്ല. ഹോം ഗ്രൗണ്ടായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് സുരക്ഷയില്ലെന്നതുള്‍പ്പെടെ മൂന്നു കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബ്ലാസ്റ്റേഴ്സിന് ലൈസന്‍സ് നിഷേധിച്ചതെന്നാണു സൂചന.
ഐഎസ്എല്‍ ക്ലബ്ബുകളായ ഒഡീഷ എഫ്സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ഹൈദരാബാദ് എഫ്സി, മുഹമ്മദന്‍സ് സ്പോര്‍ട്ടിംഗ് എന്നിവയ്ക്കും ഐ ലീഗ് ചാമ്പ്യന്മാരായ ചര്‍ച്ചില്‍ ബ്രദേഴ്സ്, ഇന്റര്‍ കാശി ക്ലബ്ബുകള്‍ക്കുമാണ് പ്രീമിയര്‍ വണ്‍ ലൈസന്‍സ് നിഷേധിക്കപ്പെട്ടത്.
തീരുമാനത്തിനെതിരേ ക്ലബ്ബുകള്‍ക്ക് അപ്പീല്‍ നല്‍കാനും ദേശീയ ക്ലബ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഇളവ് തേടാനും അവസരമുണ്ട്. ലൈസന്‍സ് ഉണ്ടെങ്കില്‍ മാത്രമേ ക്ലബ്ബുകള്‍ക്ക് എഎഫ്സി ക്ലബ് മത്സരങ്ങളിലും ഐഎസ്എലിലും പങ്കെടുക്കാനാകൂ.
ജിസിഡിഎയുടെ ഉടമസ്ഥതയിലാണ് കലൂര്‍ സ്റ്റേഡിയം. കരാറടിസ്ഥാനത്തിലാണു ബ്ലാസ്റ്റേഴ്സിന് ഗ്രൗണ്ട് അനുവദിച്ചിരിക്കുന്നത്. കലൂര്‍ സ്റ്റേഡിയത്തിനുചുറ്റും കടകളും ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. മത്സരദിവസങ്ങളില്‍ മാത്രമാണു കടകള്‍ അടച്ചിടാറുള്ളത്.
അതേസമയം, ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള അപകടകരമായ വസ്തുക്കള്‍ ഇതിനകത്തുതന്നെ സൂക്ഷിക്കുകയും ചെയ്യും. ഉമാ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട സംഭവം, സ്റ്റേഡിയം കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്റ്ററന്റിലെ പൊട്ടിത്തെറി എന്നിവയ്ക്കു പിന്നാലെ സ്റ്റേഡിയത്തിന്റെ നിലവാരത്തെക്കുറിച്ചും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനുതന്നെ പരസ്യ പ്രസ്താവന ഇറക്കേണ്ടിവന്നിരുന്നു.
ലൈസന്‍സ് നിരസിക്കപ്പെട്ടതിന്റെ കാരണം ക്ലബ്ബിന്റെ നിയന്ത്രണത്തിന് അതീതമായ കാര്യമാണെന്നാണ് ക്ലബ് മാനേജ്മെന്റിന്റെ വിശദീകരണം. അതേസമയം, ക്ലബ്ബില്‍ നിലവിലുള്ള സാമ്പത്തികപ്രതിസന്ധിയും അക്കാഡമികളുടെ നടത്തിപ്പിലെ വീഴ്ചയും ലൈസന്‍സ് നിഷേധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് സൂചനയുണ്ട്. കഴിഞ്ഞ വര്‍ഷവും ഇക്കാരണങ്ങളാല്‍ കേരള ബ്ലാസ്റ്റേഴ്സിന് ലൈസന്‍സ് നഷ്ടമായിരുന്നു.
സമീപവര്‍ഷങ്ങളില്‍ 2023ല്‍ മാത്രമാണ് ക്ലബ്ബിന് ലൈസന്‍സ് ലഭിച്ചിരുന്നത്. പ്രശ്ന പരിഹാരത്തിനായി ബന്ധപ്പെട്ടവരുമായി സജീവ ചര്‍ച്ച നടത്തുന്നുണ്ടെന്ന് ക്ലബ് മാനേജ്മെന്റ് പറയുന്നു.
വാങ്കഡേയില്‍ രോഹിത് സ്റ്റാന്‍ഡ്
മുംബൈ: ഇന്ത്യന്‍ മുന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകനായ രോഹിത് ശര്‍മയുടേ പോരില്‍ മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ പ്രത്യേക സ്റ്റാന്‍ഡ്.
വാങ്കഡേയില്‍ രോഹിത് ശര്‍മ സ്റ്റാന്‍ഡ് മുംബൈ ക്രിക്കറ്റ് അസോസിയേഷന് ഇന്നലെ ഉദ്ഘാടനം ചെയ്തു. അജിത് വഡേക്കര്‍, ശരദ് പവാര്‍ സ്റ്റാന്‍ഡുകളുടെ ഉദ്ഘാടനവും ഇന്നലെ നടന്നു.
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍നിന്ന് ഈ മാസം അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ശര്‍മ, നിലവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിക്കുന്നുണ്ട്. 2024 ലോകകപ്പ് നേട്ടത്തിനു പിന്നാലെ രോഹിത് രാജ്യാന്തര ട്വന്റി-20യില്‍നിന്നു വിരമിച്ചിരുന്നു.
മെസിമോഹം പൊലിഞ്ഞു
ബുവാനോസ് ആരീസ്: സൂപ്പര്‍ താരം ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റൈന്‍ പുരുഷ ഫുട്ബോള്‍ ടീം ഇന്ത്യയില്‍ കളിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചു. 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുശേഷം അര്‍ജന്റീന രാജ്യാന്തര സൗഹൃദങ്ങള്‍ക്കായി ചൈനയിലേക്കാണ് യാത്ര തിരിക്കുക.
ഒക്ടോബറില്‍ ചൈനയില്‍ രണ്ടു സൗഹൃദ മത്സരം കളിക്കും. ആദ്യ മത്സരം ചൈനീസ് ദേശീയ ടീമിനെതിരേയാണ്. ചൈനയിലെ രണ്ടാം സൗഹൃദ മത്സരത്തില്‍ റഷ്യ, ദക്ഷിണകൊറിയ, ജപ്പാന് ടീമുകളില്‍ ഒന്നായിരിക്കും എതിരാളികള്‍.
നവംബറില്‍ ആദ്യം അങ്കോളയ്ക്കെതിരേ ഇറങ്ങും. അര്‍ജന്റീനയുടെ 50-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് ഈ മത്സരം. തുടര്‍ന്ന് ഖത്തറിലെ 2022 ലോകകപ്പ് സ്റ്റേഡിയമായ ലൂസാനില്‍ അമേരിക്കയ്ക്കെതിരേയും അര്‍ജന്റൈന്‍ ടീം ഇറങ്ങും.
ഒക്ടോബര്‍-നവംബറില്‍ അര്‍ജന്റൈന്‍ ടീം ഇന്ത്യയില്‍ എത്തുമെന്നു നേരത്തേ റിപ്പോര്‍ട്ടുവന്നിരുന്നു.
കെഎസ്ഇബി ചാന്പ്യൻ
രാജപാളയം (തമിഴ്നാട്): 30-ാമത് അഖിലേന്ത്യാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ വനിതാ വിഭാഗത്തില്‍ കെഎസ്ഇബി തിരുവനന്തപുരം ജേതാക്കള്‍.
ഫൈനലില്‍ ചെന്നൈ ഇന്‍കം ടാക്സിനെ 69-55നു പരാജയപ്പെടുത്തിയാണ് കെഎസ്ഇബി ചാമ്പ്യന്മാരായത്. കെഎസ്ഇബിയുടെ കവിത ജോസ് ആണ് ടൂര്‍ണമെന്റിലെ മികച്ച താരം.
ഗുജറാത്ത്, ബംഗളൂരു ടീമുകള്‍ക്ക് ഒരു ജയമകലെ പ്ലേ ഓഫ് ടിക്കറ്റ്
ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്ന് ഏപ്രില്‍ എട്ടിന് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണ് താത്കാലിമായി നിര്‍ത്തിവച്ചിരുന്നു.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള പോരാട്ടത്തോടെ ടൂര്‍ണമെന്റ് നാളെ പുനരാരംഭിക്കും. അതോടെ തുടക്കം കുറിക്കുന്നത് പ്ലേ ഓഫ് ടിക്കറ്റിനായുള്ള തീപ്പൊരി പോരാട്ടങ്ങളാണ്. ശരിക്കുള്ള പ്ലേ, ഓണ്‍ ആകുമെന്നു ചുരുക്കം.
ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന് റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ മാത്രമാണ് പ്ലേ ഓഫ് കാണാതെ ഇതിനോടകം പുറത്തായത്. ശേഷിക്കുന്ന ഏഴു ടീമുകള്‍ ലീഗ് ടേബിളില്‍ ആദ്യ നാലു സ്ഥാനത്തെത്തി പ്ലേ ഓഫ് ടിക്കറ്റ് സ്വന്തമാക്കാന്‍ രംഗത്തുണ്ട്.
ഐപിഎല്‍ നീണ്ടുപോയതോടെ, നിര്‍ണായ വിദേശ താരങ്ങളില്‍ പലരും രാജ്യാന്തര മത്സരങ്ങള്‍ക്കായി പോകുന്നത് ടീമുകളുടെ ശക്തി ക്ഷയിപ്പിച്ചിട്ടുണ്ടെന്നതും വാസ്തവം. ടീമുകളുടെ പ്ലേ ഓഫ് സാധ്യതകള്‍ ഇങ്ങനെ:
ഗുജറാത്ത് ടൈറ്റന്‍സ്
(മത്സരം: 11/പോയിന്റ്: 16/റണ്‍റേറ്റ്: 0.793/ബാക്കിയുള്ള മത്സരങ്ങള്‍: ഡല്‍ഹി, ലക്നോ,
ചെന്നൈ)
മൂന്നു മത്സരങ്ങള്‍ ബാക്കിയിരിക്കേ 16 പോയിന്റുമായി ലീഗ് ടേബിളില്‍ നിലവില്‍ ഒന്നാം സ്ഥാനക്കാരാണ് ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്. ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ ഒരു ജയം നേടിയാല്‍ ഗുജറാത്തിന് പ്ലേ ഓഫ് ഉറപ്പിക്കാം. ഇതില്‍ രണ്ടു മത്സരം ഹോം ഗ്രൗണ്ടിലാണ്. അതേസമയം, മൂന്നും പരാജയപ്പെട്ടാല്‍ പുറത്താകും. ആദ്യ രണ്ടു സ്ഥാനത്തിനുള്ളില്‍ ഫിനിഷ് ചെയ്യാനുള്ള സാധ്യതയുണ്ട്.
പ്രശ്നം: സീസണില്‍ 500 റണ്‍സ് നേടിയ ഇംഗ്ലീഷ് ബാറ്റര്‍ ജോസ് ബട്ലര് ദേശീയ ക്യാമ്പിലേക്കു മടങ്ങി. വെസ്റ്റ് ഇന്‍ഡീസ് താരം ഷെര്‍ഫാന്‍ റൂഥര്‍ഫോഡ്, ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസൊ റബാഡ എന്നിവരും കൊഴിഞ്ഞുപോകും.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു
(മത്സരം: 11/പോയിന്റ്: 16/റണ്‍റേറ്റ്: 0.482/ബാക്കിയുള്ള മത്സരങ്ങള്‍: കോല്‍ക്കത്ത, ഹൈദരാബാദ്, ലക്നോ)
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനും ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ ഒരെണ്ണം ജയിച്ചാല്‍ പ്ലേ ഓഫില്‍ പ്രവേശിക്കാം. മൂന്നു ജയം നേടിയാല്‍ ആദ്യ രണ്ടു സ്ഥാനത്ത് ഫിനിഷ് ചെയ്യാം. പരിക്കിനെത്തുടര്‍ന്നു വിശ്രമത്തിലായിരുന്ന ഓസീസ് പേസര്‍ ജോഷ് ഹെയ്സല്‍വുഡ് ടീമിനൊപ്പം ചേരും.
പ്രശ്നം: ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ അടക്കം പരിക്കിന്റെ നിഴലില്‍. പരിക്കേറ്റ് ദേവ്ദത്ത് പടിക്കല്‍ പുറത്ത്. ഇതിനു പിന്നാലെ രാജ്യാന്തര ഡ്യൂട്ടിക്കുപോകുന്ന ഫില്‍ സാള്‍ട്ട്, ജേക്കബ് ബെഥേല്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ലുന്‍ഗി എന്‍ഗിഡി, ലിയാം ലിവിംഗ്സ്റ്റണ്, ജോഷ് ഹെയ്സല്‍വുഡ് തുടങ്ങിയവര്‍ ഇടയ്ക്കുവച്ചു കൊഴിഞ്ഞുപോകും. പ്ലേ ഓഫ് ഘട്ടത്തില്‍ ഇവരാരും ഉണ്ടായേക്കില്ല.
പഞ്ചാബ് കിംഗ്സ്
(മത്സരം: 11/പോയിന്റ്: 15/റണ്‍റേറ്റ്: 0.376/ബാക്കിയുള്ള മത്സരങ്ങള്‍: രാജസ്ഥാന്, ഡല്‍ഹി, മുംബൈ)
ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ ചുരുങ്ങിയത് രണ്ടു ജയം നേടിയാല്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിംഗ്സിനു മറ്റുള്ളവരെ ആശ്രയിക്കാതെ പ്ലേ ഓഫില്‍ കടക്കാം. അതേസമയം, ഡല്‍ഹി x മുംബൈ മത്സരഫലം അനുസരിച്ചും പഞ്ചാബിനു പ്ലേ ഓഫ് ടിക്കറ്റിനുള്ള സാഹചര്യമുണ്ട്. മൂന്നും തോറ്റാല്‍ മറ്റു ടീമുകളുടെ മത്സരഫലം അനുസരിച്ചും പഞ്ചാബിന് പ്ലേ ഓഫ് കാണാം.
പ്രശ്നം: ശേഷിക്കുന്ന മൂന്നു മത്സരങ്ങളും ജയ്പുരില്‍ ആണ്. മാര്‍ക്കോ യാന്സണ്, ജോഷ് ഇംഗ്ലിസ് എന്നിവര്‍ രാജ്യാന്തര ഡ്യൂട്ടിക്കായി സ്വദേശങ്ങളിലേക്കു മടങ്ങും.
മുംബൈ ഇന്ത്യന്‍സ്
(മത്സരം: 12/പോയിന്റ്: 14/റണ്‍റേറ്റ്: 1.156/ബാക്കിയുള്ള മത്സരങ്ങള്‍: ഡല്‍ഹി, പഞ്ചാബ്)
ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനു ശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും ജയം നേടിയാല്‍ പ്ലേ ഓഫില്‍ എത്താം. ഒരെണ്ണം തോറ്റാല്‍ മറ്റു ടീമുകളുടെ മത്സരഫലം അനുസരിച്ചായിരിക്കും മുംബൈയുടെ മുന്നോട്ടുള്ള യാത്ര.
പ്രശ്നം: പ്ലേയിംഗ് ഇലവനിലുണ്ടായിരുന്ന റയാന് റിക്കല്ടണ്, വില്‍ ജാക്സ് എന്നിവര്‍ രാജ്യാന്തര ഡ്യൂട്ടിക്കായി സ്വദേശത്തേക്കു മടങ്ങും.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്
(മത്സരം: 11/പോയിന്റ്: 13/റണ്‍റേറ്റ്: 0.362/ബാക്കിയുള്ള മത്സരങ്ങള്‍: ഗുജറാത്ത്, മുംബൈ, പഞ്ചാബ്)
ശേഷിക്കുന്ന മൂന്നു മത്സരങ്ങളിലും ജയിച്ചാല്‍ മറ്റു ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിക്കാതെ ഡല്‍ഹി ക്യാപ്പിറ്റന്‍സിനു പ്ലേ ഓഫ് സ്വന്തമാക്കാം. ആദ്യ നാലു സ്ഥാനത്തുള്ള ടീമുകളെയാണ് അക്സര്‍ പട്ടേല്‍ നയിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റന്സിന് ഇനി നേരിടാനുള്ളത്.
പ്രശ്നം: ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക് തിരിച്ചെത്തില്ലെന്ന് അറിയിച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രിസ്റ്റണ്‍ സ്റ്റബ്സ് എന്നിവരും രാജ്യാന്തര ഡ്യൂട്ടിക്കായി ഡല്‍ഹി ക്യാമ്പ് വിട്ടുപോകും.
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
(മത്സരം: 12/പോയിന്റ്: 11/റണ്‍റേറ്റ്: 0.193/ബാക്കിയുള്ള മത്സരങ്ങള്‍: ബംഗളൂരു, ഹൈദരാബാദ്)
അജിങ്ക്യ രഹാനെയുടെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഏകദേശം പുറത്താണ്. ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ ജയിച്ചാലും കെകെആറിന് 15 പോയിന്റില്‍ ഫിനിഷ് ചെയ്യാനേ സാധിക്കൂ. നിലവില്‍ മൂന്നു ടീമുകള്‍ക്ക് 15+ പോയിന്റുണ്ട്. എന്നാല്‍, രണ്ടും ജയം സ്വന്തമാക്കി മറ്റു ടീമുകളുടെ മത്സരഫലം അനുകൂലമായാല്‍ കെകെആറിനും പ്ലേ ഓഫ് കളിക്കാം.
രാജ്യാന്തര ഡ്യൂട്ടിക്കു പോകുന്ന കളിക്കാര്‍ കെകെആറിനില്ല എന്നത് ആശ്വാസം.
ലക്നോ സൂപ്പര്‍ ജയന്റ്സ്
(മത്സരം: 11/പോയിന്റ്: 10/റണ്‍റേറ്റ്: -0.469/ബാക്കിയുള്ള മത്സരങ്ങള്‍: ഹൈദരാബാദ്, ഗുജറാത്ത്, ബംഗളൂരു)
അവസാന അഞ്ച് മത്സരങ്ങളില്‍ നാലിലും പരാജയപ്പെട്ടാണ് ഋഷഭ് പന്ത് നയിക്കുന്ന ലക്നോ സൂപ്പര്‍ ജയന്റ്സ് പ്ലേ ഓഫ് പോരാട്ട രംഗത്തുള്ളത്. ശേഷിക്കുന്ന മൂന്നു മത്സരങ്ങളും ജയിച്ച്, മറ്റു ടീമുകളുടെ മത്സരഫലം അനുകൂലമാകണേ എന്ന പ്രാര്‍ഥനയിലാണ് ലക്നോ.
പ്രശ്നം: നെറ്റ് റണ്‍റേറ്റ് മൈനസില്‍. രാജ്യാന്തര ഡ്യൂട്ടിക്കു പോകുന്ന ഓപ്പണര്‍ എയ്ഡന്‍ മാക്രത്തിന്റെ സേവനം നഷ്ടപ്പെടും.
കോഹ്ലിയെ പുകച്ചുചാടിച്ചു
ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വിരാട് കോഹ്ലിയെ വിരമിക്കലിലേക്കു മനപ്പൂര്‍വം തള്ളിവിടുകയായിരുന്നു എന്ന് റിപ്പോര്‍ട്ട്. ആര്. അശ്വിന്, രോഹിത് ശര്‍മ എന്നിവര്‍ക്കു പിന്നാലെ കോഹ്ലിയും വിരമിക്കാനുള്ള വഴി ബിസിസിഐ തുറന്നിടുകയായിരുന്നു എന്നും ആരോപണം.
തികച്ചും അപ്രതീക്ഷിതമായി ഈ മാസം 12നാണ് കോഹ്ലി സോഷ്യല്‍ മീഡിയ വഴി ടെസ്റ്റ് ക്രിക്കറ്റില്‍നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. അടുത്ത മാസം ഇംഗ്ലണ്ടിനെതിരായ എവേ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് കോഹ്ലി ആഭ്യന്തര പടലപ്പിണക്കങ്ങളുടെ പേരില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ക്യാപ്റ്റനാക്കാമെന്നു വാഗ്ദാനം
ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയത്തിലേക്കു (40) നയിച്ച ക്യാപ്റ്റനാണ് വിരാട് കോഹ്ലി. ഡിസംബര്‍-ജനുവരിയില്‍ ടീം ഇന്ത്യ ഓസ്ട്രേലിയന്‍ പര്യടനം നടത്തുന്നതിനിടെ, ക്യാപ്റ്റന്‍സിയിലേക്കു തിരിച്ചെത്തണമെന്ന് കോഹ്ലിയോട് ടീം വൃത്തങ്ങളിലുള്ളവര്‍ സൂചിപ്പിച്ചിരുന്നു.
അഡ്ലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ പരാജയപ്പെട്ടതിനുശേഷമായിരുന്നു അത്. ക്യാപ്റ്റന്‍സിയിലേക്കു തിരിച്ചെത്തുന്നതില്‍ കോഹ്ലിക്കു മടിയില്ലായിരുന്നു എന്ന് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
ടീമിനെ രക്ഷിക്കാന്‍ മുതിര്‍ന്ന കളിക്കാരന് ക്യാപ്റ്റന്‍സി സന്നദ്ധത അറിയിച്ചതായി അന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരിന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ടീം വാര്‍ത്ത ചോര്‍ത്തിയെന്ന പേരില്‍ അന്നു പരിശീലന സംഘത്തിലുണ്ടായിരുന്ന അഭിഷേക് നായര്‍, ടി. ദിലീപ് എന്നിവരെ ബിസിസിഐ കഴിഞ്ഞ മാസം പുറത്താക്കിയെന്നതും ഇതിനോടു ചേര്‍ത്തുവായിക്കണം.
അഡ്ലെയ്ഡിനു ശേഷം കോഹ്ലിക്കു ക്യാപ്റ്റന്‍സി നല്‍കാമെന്നായിരുന്നു ചില കേന്ദ്രങ്ങളിലെ ധാരണയെങ്കിലും പിന്നീട് അതില്‍നിന്നു പിന്നോട്ടുപോയി. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന തീരുമാനം ബിസിസിഐ എടുത്തതോടെയായിരുന്നു അത്.
രഞ്ജി കളിപ്പിച്ചു
ടെസ്റ്റില്‍നിന്ന് അപ്രതീക്ഷിതമായി വിരമിച്ച രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തി ചെയ്ത ശ്രദ്ധേയ നീക്കം രഞ്ജി ട്രോഫി കളിക്കുക എന്നതായിരുന്നു.
നീണ്ട 12 വര്‍ഷത്തിനുശേഷമായിരുന്നു കോഹ്ലി രഞ്ജി ട്രോഫി കളിച്ചത്. ഇതെല്ലാം സൂചിപ്പിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിക്കാനുള്ള ചിന്ത കോഹ്ലിക്കും രോഹിത്തിനും ഇല്ലായിരുന്നു എന്നതാണ്. ബിസിസിഐ നിർദേശത്തെത്തുടർന്നായിരുന്നു ഇരുവരും രഞ്ജി ട്രോഫി കളിച്ചത്.
ഡല്‍ഹി രഞ്ജി ട്രോഫി ടീമില്‍ കളിക്കുന്നതിനിടെ, ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ടിലധികം സെഞ്ചുറി അടിക്കണമെന്ന മോഹം കോഹ്ലി വെളിപ്പെടുത്തിയതായി ഡല്‍ഹി ടീം കോച്ചായ സരന്ദീപ് സിംഗ് വെളിപ്പെടുത്തി.
ഇന്ത്യ എക്കൊപ്പം കളിക്കാനും തയാര്‍
ഈ മാസം അവസാനം ഇംഗ്ലണ്ട് പര്യടനം നടത്താനിരിക്കുന്ന ഇന്ത്യ എ ടീമിനൊപ്പം കളിച്ച്, ഇംഗ്ലീഷ് സാഹചര്യവുമായി പൊരുത്തപ്പെടാന്‍ കോഹ്ലി മാനസികമായി തയാറെടുത്തിരുന്നു എന്നും സരന്ദീപ് സിംഗ് വെളിപ്പെടുത്തി. ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരം എന്ന നിലയില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ശ്രമമായിരുന്നു കോഹ്ലി നടത്തിയത്.
എന്നാല്‍, ഇതിനിടെയാണ് ഇംഗ്ലണ്ട് പര്യടനത്തിലും ക്യാപ്റ്റന്‍സിയിലേക്കു പരിഗണിക്കില്ലെന്നും ടീമിനുള്ളില്‍ ഫിറ്റല്ലെന്നുമുള്ള വിവരം ബിസിസിഐ കോഹ്ലിയെ അറിയിച്ചത്. അതോടെയാണ് സൂപ്പര്‍ താരം വിരമിക്കല്‍ എന്ന കടുത്ത തീരുമാനമെടുത്തതെന്നാണ് വിവരം.
51-ാം വർഷം ബൊലോഞ്ഞ കിരീടത്തിൽ
മിലാന്: നീണ്ട 51 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഇറ്റാലിയന്‍ ക്ലബ് ബൊലോഞ്ഞയ്ക്ക് ഒരു സുപ്രധാന ട്രോഫി. 2024-25 സീസണ് കോപ്പ ഇറ്റാലിയ ട്രോഫി സ്വന്തമാക്കിയാണ് അരനൂറ്റാണ്ട് പിന്നിട്ട കിരീട ദൗര്‍ഭാഗ്യം ബൊലോഞ്ഞ മായ്ച്ചു കളഞ്ഞത്.
കോപ്പ ഇറ്റാലിയ ഫൈനലില്‍ ബൊലോഞ്ഞ1-0ന് എസി മിലാനെ കീഴടക്കി. 53-ാം മിനിറ്റില്‍ ഡാന്‍ എന്‍ഡോയെ നേടിയ ഗോളിലായിരുന്നു ജയം. 1974ല്‍ ആയിരുന്നു ഇതിനു മുമ്പ് ബൊലോഞ്ഞയുടെ കിരീട നേട്ടം. അന്നും കോപ്പ ഇറ്റാലിയ ട്രോഫിയായിരുന്നു അവര്‍ സ്വന്തമാക്കിയത്.
ജോസേട്ടൻ എത്തില്ല; പകരം കുശാൽ
അഹമ്മദാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് എട്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം നാളെ അവസാന ലാപ്പിലേക്കു കടക്കുന്പോൾ കിരീട പ്രതീക്ഷ പുലർത്തി പ്ലെ ഓഫ് ലക്ഷ്യമിട്ടിറങ്ങുന്ന ഗുജറാത്ത് ടൈറ്റൻസിനു തിരിച്ചടി.
മികച്ച ഫോമിലുള്ള ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്ലർ രാജ്യാന്തര മത്സരങ്ങളുള്ളതിനാൽ ഗുജറാത്ത് ടീമിലേക്കു തിരികെ എത്തില്ല. പകരം ശ്രീലങ്കൻ ബാറ്റർ കുശാൽ മെൻഡിസിനെ ഗുജറാത്ത് ടീമിൽ ഉൾപ്പെടുത്തി.
ഗുജറാത്ത് ടൈറ്റൻസിന്റെ മൂന്നാം നന്പർ ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോസ് ബട്ലർ 2025 സീസണിൽ 11 മത്സരങ്ങളിൽനിന്ന് 163.93 സ്ട്രൈക്ക് റേറ്റിൽ 500 റണ്‍സ് നേടിയിരുന്നു. ഓറഞ്ച് ക്യാപ്പിനുള്ള റണ്‍വേട്ടക്കാരിൽ അഞ്ചാം സ്ഥാനത്താണ് താരം. 71.43 ശരാശരിയുള്ള ബട്ലറുടെ ബാറ്റിൽനിന്ന് അഞ്ച് അർധസെഞ്ചുറിയും പിറന്നു. 97 നോട്ടൗട്ടാ ണ് സീസണിലെ ഉയർന്ന സ്കോർ.
മേയ് 29ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരേയുള്ള ഇംഗ്ലണ്ടിന്റെ ഏകദിന ടീമിൽ അംഗമായതിനാലാണ് ബട്ലർക്ക് ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുന്നത്. 15.75 കോടി രൂപയ്ക്കാണ് ഗുജറാത്ത് സീസണിൽ താരത്തെ സ്വന്തമാക്കിയത്.
മുസ്തഫിസുർ വരില്ല
ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി എന്നു പ്രഖ്യാപിച്ച ബംഗ്ലാദേശ് ബൗളർ മുസ്തഫിസുര്‍ റഹ്മാൻ ഐപിഎല്ലിനായി എത്തില്ല. ബംഗ്ലാദേശ് ക്രിക്കറ്റിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം. യുഎഇയിൽ നടക്കുന്ന ട്വന്റി-20 ടൂർണമെന്റിൽ ബംഗ്ലാദേശ് ടീമിന്റെ ഭാഗമാണെന്നതാണ് പ്രശ്നമായത്.
ലോക ടെസ്റ്റ്: ഇന്ത്യക്കു 12.31 കോടി സമ്മാനം
ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ക്കുള്ള സമ്മാനത്തുകയില്‍ മുന്‍സീസണുകളെ അപേക്ഷിച്ച് ഇരട്ടി വര്‍ധനവുമായി ഐസിസി.
അടുത്ത മാസം 11ന് നടക്കുന്ന ഫൈനലില്‍ ജേതാക്കളാകുന്ന ടീമിന് 30.79 കോടി രൂപയാണ് (3.6 മില്യണ്‍ ഡോളര്‍) സമ്മാനം. മുന്‍ സീസണുകളില്‍ 1.6 മില്യണ്‍ ഡോളറായിരുന്നതാണ് ഇത്തവണ ഇരട്ടിയാക്കിയത്. രണ്ടാം സ്ഥാനക്കാര്‍ക്ക് 2.16 മില്യണ്‍ ഡോളറും (18.47 കോടി രൂപ) സമ്മാനമായി ലഭിക്കും.
ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ഇന്ത്യക്ക് 12.31 കോടി രൂപയാണ് സമ്മാനത്തുക.
കെസിഎ പിങ്ക് കിരീടം പേള്‍സിന്
തിരുവനന്തപുരം: കെസിഎ പിങ്ക് ട്വന്റി-20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പേള്‍സിനു കിരീടം. ഫൈനലില്‍ എമറാള്‍ഡിനെ പത്ത് റണ്‍സിന് തോല്‍പ്പിച്ച് പേള്‍സ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കി.
പേള്‍സ് 20 ഓവറില്‍ 81 റണ്‍സിന് പുറത്തായി. എമറാള്‍ഡിന്റെ മറുപടി 17.3 ഓവറില്‍ 71 റണ്‍സില്‍ അവസാനിച്ചു. പേള്‍സിന് വേണ്ടി ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ച (16 റണ്‍സും രണ്ടു വിക്കറ്റും) വി.എസ്. മൃദുലയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
നിയ നസ്നീന് (17), വി.എസ്. മൃദുല (16) എന്നിവരാണ് പേള്സിന്റെ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍മാര്‍. എമറാള്ഡ്സിനുവേണ്ടി ക്യാപ്റ്റന്‍ സി.എം.സി നജ്ല മൂന്നും എം.പി. അലീന രണ്ടും വിക്കറ്റ് സ്വന്തമാക്കി. നിത്യ (16), അനുഷ്ക (15) എന്നിവരാണ് എമറാള്ഡ്സിന്റെ ടോപ് സ്കോറര്‍മാര്‍. പേള്‍സ് ക്യാപ്റ്റന്‍ ഷാനി മൂന്നു വിക്കറ്റ് സ്വന്തമാക്കി. മൃദുല, കീര്‍ത്തി ജയിംസ്, നിയ നസ്നീന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
221 റണ്‍സും 15 വിക്കറ്റും നേടി ഓള്‍റൗണ്ട് മികവു പുലര്‍ത്തിയ സി.എം.സി. നജ് ലയാണ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. സഫയറിന്റെ ക്യാപ്റ്റന്‍ അക്ഷയ സദാനന്ദന് മികച്ച ബാറ്ററായും റൂബിയുടെ വിനയ സുരേന്ദ്രന് മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു.
പേള്സിന്റെ 14 വയസ് മാത്രമുള്ള എന്‍.എസ്. ആര്യനന്ദയ്ക്കാണ് പ്രോമിസിംഗ് യംഗ്സ്റ്റര്‍ പുരസ്കാരം.
എംബപ്പെ, റയല്‍ മാഡ്രിഡ്
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ റയല്‍ മാഡ്രിഡിനു ഹോം ജയം. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് 2-1നു മയ്യോര്‍ക്കയെ കീഴടക്കി.
കിലിയന്‍ എംബപ്പെ (68’), ജേക്കബ് റാമോണ്‍ (90+5’) എന്നിവരായിരുന്നു റയലിന്റെ ഗോള്‍ നേട്ടക്കാര്‍. 11-ാം മിനിറ്റില്‍ പിന്നിലായശേഷം ഇഞ്ചുറി ടൈമിലായിരുന്നു റയലിന്റെ ജയമെന്നതും ശ്രദ്ധേയം. സീസണില്‍ എംബപ്പെയുടെ 40-ാം ഗോളാണ്.
36 മത്സരങ്ങളില്‍നിന്ന് 78 പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തു തുടരുന്നു. 35 മത്സരങ്ങളില്‍ 82 പോയിന്റുമായി എഫ്സി ബാഴ്സലോണയാണ് ലീഗിന്റെ തലപ്പത്ത്.
ഐപിഎല്‍ ടീമുകള്‍ക്ക് ആശ്വാസം
മുംബൈ: ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്നു നിര്‍ത്തിവച്ചശേഷം പുനരാരംഭിക്കുന്ന 2025 സീസണ് ഐപിഎല്ലില്‍, ഫ്രാഞ്ചൈസികള്‍ക്ക് ആശ്വാസവുമായി ഗവേണിംഗ് ബോഡി. മേയ് 25നു തീരേണ്ട 18-ാം സീസണ് ഐപിഎല്‍, ഇടയ്ക്കുവച്ചു നിര്‍ത്തിവയ്ക്കേണ്ടിവന്നതിനാല്‍ ജൂണ്‍ മൂന്നുവരെ നീളും.
ഈ പശ്ചാത്തലത്തില്‍ പല വിദേശ സൂപ്പര്‍ താരങ്ങളും ഐപിഎല്‍ ഫ്രാഞ്ചൈസികളെ വിട്ട് രാജ്യാന്തര മത്സരങ്ങള്‍ക്കായി ദേശീയ ടീമുകള്‍ക്കൊപ്പം ചേരും. അതോടെ 2025 ഐപിഎല്‍ പ്ലേ ഓഫ് ഘട്ടത്തില്‍ പല സൂപ്പര്‍ താരങ്ങളും ഇല്ലാതെ വരുകയും സീസണിന്റെ തിളക്കം നഷ്ടപ്പെടുകയും ചെയ്യും.
ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിലും അയര്‍ലന്‍ഡിലും വെസ്റ്റ് ഇന്‍ഡീസ് നടത്തുന്ന പര്യടനം തുടങ്ങിയ രാജ്യാന്തര മത്സരങ്ങളെല്ലാം ഐപിഎല്‍ പ്ലേ ഓഫിന്റെ (മേയ് 29 മുതല്‍) താരത്തിളക്കം നഷ്ടപ്പെടുത്തുന്നതാണ്.
ഐപിഎല്‍ താത്കാലികമായി നിര്‍ത്തിവച്ചതോടെ (മേയ് എട്ടിന്) വിദേശ താരങ്ങള്‍ ഇന്ത്യവിട്ടിരുന്നു. ശേഷിക്കുന്ന ഐപിഎല്‍ സീസണിനായി തിരിച്ചുവരില്ലെന്ന് ആദ്യം അറിയിച്ചത് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓസീസ് താരം ജേക് ഫ്രേസര്‍ മക്ഗുര്‍ക്കും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഇംഗ്ലീഷ് പേസര്‍ ജാമി ഓവര്‍ട്ടണുമാണ്.
ഇന്ത്യവിട്ട വിദേശ കളിക്കാരില്‍ പലരും തിരിച്ചെത്തിയേക്കില്ലെന്ന പ്രത്യേക സാഹചര്യത്തെ നേരിടാന്‍ ഐപിഎല്‍ ഗവേണിംഗ് ബോഡി ഇന്നലെ പുതിയൊരു നീക്കം നടത്തി. ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി താത്കാലിക കളിക്കാരെ ഫ്രാഞ്ചൈസികള്‍ക്കു സ്വന്തമാക്കാമെന്നതാണ് ഈ നീക്കം.
താത്കാലിക കളിക്കാര്‍ വരും
18-ാം സീസണ് ഐപിഎല്ലില്‍ ഫൈനല്‍ അടക്കം ഇനി ശേഷിക്കുന്നത് 17 മത്സരങ്ങളാണ്. അതില്‍ പ്ലേ ഓഫ് ആരംഭിക്കുന്നത് മേയ് 29ന്, ഫൈനല്‍ ജൂണ്‍ മൂന്നിനും. ജൂണ്‍ മൂന്നുവരെ നീളുന്ന ഐപിഎല്ലിനിടെ ഫ്രാഞ്ചൈസികള്‍ക്കൊപ്പം ഉണ്ടാകില്ലെന്ന് ഉറപ്പുള്ള താരങ്ങള്‍ക്കു പകരമായി ഈ സീസണിലേക്കു താത്കാലിക കളിക്കാരെ സ്വന്തമാക്കാമെന്ന് അധികൃതര്‍ ഇന്നലെ അറിയിച്ചു.
രണ്ടു നിബന്ധനകള്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഐപിഎല്‍ ഗവേണിംഗ് ബോഡി മുന്നോട്ടു വച്ചത്. ഒന്ന്: താത്കാലികമായി സ്വന്തമാക്കുന്ന കളിക്കാരെ 2026 ഐപിഎല്‍ സീസണില്‍ ക്ലബ്ബുകള്‍ക്കു നിലനിര്‍ത്താന്‍ സാധിക്കില്ല.
രണ്ട്: 2025 മെഗാ താരലേലത്തില്‍ രജിസ്റ്റര്‍ ചെയ്ത കളിക്കാരെ മാത്രമേ ഫ്രാഞ്ചൈസികള്‍ക്കു സ്വന്തമാക്കാന്‍ സാധിക്കൂ. ഈ നിബന്ധനയുണ്ടെങ്കിലും ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് ഇടക്കാല ആശ്വാസമേകുന്നതാണ് താത്കാലിക കളിക്കാരുടെ വരവ്.
നിയമത്തില്‍ അയവ്
ഐപിഎല്‍ സീസണിന്റെ ഇടയില്‍ താത്കാലിക കളിക്കാരെ ഫ്രാഞ്ചൈസികള്‍ക്കു മുമ്പും സ്വന്തമാക്കാമായിരുന്നു. അസുഖം, പരിക്ക്, രാജ്യാന്തര ഡ്യൂട്ടി തുടങ്ങിയ സാഹചര്യങ്ങളില്‍ കളിക്കാര്‍ ഐപിഎല്‍ ടീമിനു പുറത്താകുന്ന പശ്ചാത്തലത്തിലായിരുന്നു അത്. താത്കാലിക കളിക്കാരെ ആവശ്യമെങ്കില്‍ സീസണിലെ 12 മത്സരങ്ങള്‍ക്കുള്ളില്‍ സ്വന്തമാക്കണമെന്നതാണ് നിയമം.
എന്നാല്‍, 2025 സീസണിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ നിയമത്തിന് ഇളവു വരുത്തുകയായിരുന്നു. 2025 സീസണില്‍ മുംബൈ ഇന്ത്യന്‍സ്, കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന് റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമുകള്‍ ഇതിനോടകം 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ആദ്യമെത്തിയത് മുസ്തഫിസുര്‍
ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഇടക്കാല കളിക്കാരെ സ്വന്തമാക്കാമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഐപിഎല്‍ 2025 സീസണിലേക്ക് ആദ്യമെത്തിയത് ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്.
ഡല്‍ഹി ക്യാപ്പിറ്റല്സിലേക്കാണ് മുസ്തഫിസുര്‍ എത്തിയത്. ഓസ്ട്രേലിയന്‍ ബാറ്റര്‍ ജേക് ഫ്രേസര്‍ മക്ഗുര്‍ക്ക് തിരിച്ചെത്തില്ലെന്ന് അറിയിച്ചതോടെ ഡല്‍ഹി മുസ്തഫിസുറിനെ സ്വന്തമാക്കി.
ആറ് കോടി രൂപയാണ് മുസ്തഫിസുറിനു ഡല്‍ഹി ക്യാപ്പിറ്റല്‍സ് നല്‍കുക. ഒമ്പത് കോടി രൂപയ്ക്കായിരുന്നു മക്ഗുര്‍ക്കിനെ ഡല്‍ഹി 2025 മെഗാ താരലേലത്തില്‍ സ്വന്തമാക്കിയത്. 2022, 2023 ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റൽസിനുവേണ്ടി കളിച്ച താരമാണ് മുസ്തഫിസുര്‍ റഹ്മാൻ.
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റ് 2025 സീസണ് ശേഷിക്കുന്ന മത്സരങ്ങളിൽ വിദേശതാരങ്ങളുടെ അഭാവം നിഴലിക്കും. ഐപിഎൽ ഇനിയുള്ള മത്സരങ്ങൾക്കായി തിരിച്ചെത്തില്ലെന്ന് ഡൽഹി ക്യാപ്പിറ്റൽസ് ഓപ്പണിംഗ് ബാറ്ററുമായ ഓസ്ട്രേലിയൻ താരം ജേക് ഫ്രേസർ മക്ഗുർക്കും ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഇംഗ്ലീഷ് ഓൾറൗണ്ടർ ജാമി ഓവർട്ടണും വ്യക്തമാക്കി.
ഡൽഹി ക്യാപ്പിറ്റൽസിന്റെ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് തിരികെ എത്തുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. താരത്തിന് തുടർന്നുള്ള മത്സരങ്ങൾക്കായി എത്താൻ താത്പര്യമില്ലെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, മുംബൈ ഇന്ത്യൻസിന്റെ ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ട്, പഞ്ചാബ് കിംഗ്സിന്റെ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മാർക്കോ യാൻസൺ, സൺറൈസേഴ്സ് ഹൈദരാബാദിന്റെ പാറ്റ് കമ്മിൻസ്, ചെന്നൈ സൂപ്പർ കിംഗ്സിന്റെ നൂർ അഹമ്മദ്, ഡെവോൺ കോൺവെ തുടങ്ങിയവരും തിരിച്ച് എത്തുമെന്നാണ് ലഭിക്കുന്ന സൂചന.
ഐപിഎല്‍ പ്ലേ ഓഫ് പോരാട്ട രംഗത്തുള്ള ടീമുകള്‍ക്കൊപ്പം ടൂര്‍ണമെന്റിന്റെ അവസാനംവരെ ഉണ്ടാകാന്‍ സാധ്യതയില്ലാത്ത കളിക്കാര്‍(പോയിന്റ് ടേബിളില്‍ ടീമുകളുടെ നിലവിലെ സ്ഥാനം അനുസരിച്ച്).
ഗുജറാത്ത് ടൈറ്റന്‍സ്: ജോസ് ബട്ലര്, ഷെര്‍ഫാന്‍ റുഥര്‍ഫോഡ്, ജെറാള്‍ഡ് കോറ്റ്സി, കഗിസൊ റബാഡ.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു: ജോഷ് ഹെയ്സല്‍വുഡ്, ലുന്‍ഗി എന്‍ഗിഡി, ഫില്‍ സാള്‍ട്ട്, റൊമാരിയോ ഷെപ്പേര്‍ഡ്, ലിയാം ലിവിംഗ്സ്റ്റണ്, ജേക്കബ് ബെഥേല്‍.
പഞ്ചാബ് കിംഗ്സ്: മാര്‍ക്കോ യാന്സണ്, ജോഷ് ഇംഗ്ലിസ്.
മുംബൈ ഇന്ത്യന്‍സ്: വില്‍ ജാക്സ്, റയാന് റിക്കല്‍ട്ടന്‍, കോര്ബിന് ബോഷ്, റീസ് ടോപ്ലി.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്: ട്രിസ്റ്റണ്‍ സ്റ്റബ്സ്, മിച്ചല്‍ സ്റ്റാര്‍ക്ക്.
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ആര്‍ക്കും രാജ്യാന്തര ഡ്യൂട്ടി ഇല്ല. എല്ലാവരും എത്തുമെന്നു സൂചന.
ലക്നോ സൂപ്പര്‍ ജയന്റ്സ്: എയ്ഡന്‍ മാക്രം, മാത്യു ബ്രീറ്റ്സ്കെ, ഷാമര്‍ ജോസഫ്.
ആര്‍സിബിക്കു കനത്ത പ്രഹരം
ബംഗളൂരു: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണ് ശനിയാഴ്ച പുനരാരംഭിക്കുമ്പോള്‍ ഏറ്റവും വലിയ തിരിച്ചടി വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനാണ്. കഴിഞ്ഞ 17 വര്‍ഷമായി ഐപിഎല്‍ ചാമ്പ്യന്മാരാകാന് സാധിക്കാതിരുന്ന ആര്‍സിബി, 2025 സീസണില്‍ കന്നിക്കിരീടത്തിനായുള്ള കുതിപ്പിലായിരുന്നു.
11 മത്സരങ്ങളില്‍ എട്ട് ജയത്തോടെ 16 പോയിന്റുമായി ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് ആര്‍സിബി. ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സുമായി പോയിന്റ് തുല്യമാണെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് ആര്‍സിബി രണ്ടാം സ്ഥാനത്തായത്.
ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തിവച്ചശേഷം പുനരാരംഭിക്കുമ്പോള്‍ വിദേശ കളിക്കാരില്‍ പലരും ടീമുകള്‍ക്കൊപ്പം ഉണ്ടാകാന്‍ ഇടയില്ല. പ്ലേ ഓഫ് ഘട്ടം മുതലാണ് ഇത്തരത്തില്‍ വിദേശ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായേക്കുക.
ആര്‍സിബി പ്ലേ ഓഫില്‍ എത്തിയാല്‍ വിദേശ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് ശരിക്കും ബാധിക്കും. ഏറ്റവും കൂടുതല്‍ സുപ്രധാന കളിക്കാര്‍ പ്ലേ ഓഫ് ഘട്ടത്തില്‍ ഉണ്ടാകില്ലാത്ത ടീമാണ് ആര്‍സിബി.
രാജ്യാന്തര ഡ്യൂട്ടിക്കു പോകുന്ന ജോഷ് ഹെയ്സല്‍വുഡ്, ലുന്‍ഗി എന്‍ഗിഡി, ഫില്‍ സാള്‍ട്ട്, റൊമാരിയോ ഷെപ്പേര്‍ഡ്, ലിയാം ലിവിംഗ്സ്റ്റണ്, ജേക്കബ് ബെഥേല്‍ എന്നീ ആറു കളിക്കാരെ ആര്‍സിബിക്കു പ്ലേ ഓഫ് ഘട്ടത്തില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
മാത്രമല്ല, ദേവ്ദത്ത് പടിക്കല്‍ പരിക്കേറ്റു പുറത്തായി. ക്യാപ്റ്റന്‍ രജത് പാട്ടിദാറിനും പരിക്കുണ്ട്.പുതിയ മത്സരക്രമം അനുസരിച്ച് സീസണില്‍ ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ രണ്ടും ആര്‍സിബി ഹോം ഗ്രൗണ്ടിലാണ് കളിക്കുന്നത് എന്നതാണ് ടീമിന്റെ ഏക ആശ്വാസം.
ശനിയാഴ്ച കോല്ക്കത്തയ്ക്കെതിരേയാണ് ആര്‍സിബിയുടെ അടുത്ത മത്സരം. ഇടവേളയ്ക്കുശേഷമുള്ള ഐപിഎല്ലിലെ ആദ്യമത്സരം ഇതാണ്.
മേയ് 26; ആഫ്രിക്കന്‍ ഡെഡ്ലൈന്
ജോഹന്നാസ്ബര്‍ഗ്: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണ് അപ്രതീക്ഷിതമായി നീണ്ടതോടെ ഫ്രാഞ്ചൈസികള്‍ പ്രതിസന്ധിയില്‍.
ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തിവച്ചതാണ് പ്രശ്നമായത്. മേയ് 25നു നടക്കേണ്ട ഐപിഎല്‍ ഫൈനല്‍ ജൂണ്‍ മൂന്നിലേക്ക് നീണ്ടു. പുതുക്കിയ മത്സരക്രമം അനുസരിച്ച് മേയ് 17ന് ഐപിഎല്‍ പുനരാരംഭിക്കും. 29 മുതലാണ് പ്ലേ ഓഫ്.
എന്നാല്‍, ജൂണ്‍ 11ന് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഒരുങ്ങുന്ന ദക്ഷിണാഫ്രിക്ക, തങ്ങളുടെ കളിക്കാര്‍ക്ക് അന്ത്യശാസനം നല്‍കിക്കഴിഞ്ഞു. മേയ് 26ന് ടീമിനൊപ്പം ചേരാനാണ് നിര്‍ദേശം.
മേയ് 31ന് ദക്ഷിണാഫ്രിക്കന്‍ ടീം ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടില്‍ എത്തും. ജൂണ്‍ മൂന്നിന് സിംബാബ്വെയുമായി ചതുര്‍ദിന സന്നാഹമത്സരം കളിച്ചശേഷമാണ് ദക്ഷിണാഫ്രിക്ക ഫൈനലിനിറങ്ങുന്നത്.
ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലെ എട്ട് ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ ഐപിഎല്ലിന്റെ ഭാഗമാണ്. മുംബൈ ഇന്ത്യന്‍സിന്റെ റയാന് റിക്കല്‍ട്ടന്‍, കോര്ബിന് ബോഷ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ലുന്‍ഗി എന്‍ഗിഡി, ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ട്രിസ്റ്റണ്‍ സ്റ്റബ്സ്, പഞ്ചാബ് കിംഗ്സിന്റെ മാര്‍ക്കോ യാന്സണ്, ലക്നോ സൂപ്പര്‍ ജയന്റ്സിന്റെ എയ്ഡന്‍ മാക്രം, ഗുജറാത്ത് ടൈറ്റന്‍സിന്റെ കഗിസൊ റബാഡ, സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വിയാന്‍ മള്‍ഡര്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
നിലപാടില്‍ അയവു വരുത്താന്‍ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുമായി ബിസിസിഐ ചര്‍ച്ച നടത്തുന്നുണ്ട്.
ലെഫ്റ്റനന്റ് കേണല്‍ നീരജ് ചോപ്ര
പാനിപ്പട്ട്: ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവായ ഇന്ത്യയുടെ സൂപ്പര്‍ ജാവലിന്‍ താരം നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണല്‍. ടെറിറ്റോറിയല്‍ ആര്‍മി ഓണററി റാങ്കായാണ് നീരജിന് ലെഫ്റ്റനന്റ് കേണല്‍ പദവി ഇന്നലെ നല്‍കിയത്.
ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണവും പാരീസില്‍ വെള്ളിയും നേടിയ നീരജിന്, 2016 ഓഗസ്റ്റില്‍ ഇന്ത്യന്‍ ആര്‍മി നായിബ് സുബേദാര്‍ നല്‍കിയിരുന്നു. 2021ല്‍ സുബേദാര്‍ റാങ്കിലെത്തി. അര്‍ജുന, ഖേല്‍ രത്ന, പദ്മശ്രീ തുടങ്ങിയ ബഹുമതികൾ രാജ്യം നീരജിനു നല്‍കിയിട്ടുണ്ട്.
ബ്രസീലിയ: ബ്രസീലിന്റെ വനിതാ സൂപ്പര്‍ ഫുട്ബോളര് മാര്‍ത്ത ഇടവേളയ്ക്കുശേഷം രാജ്യാന്തര ടീമിലേക്കു തിരിച്ചെത്തി.
2024 പാരീസ് ഒളിമ്പിക്സോടെ രാജ്യാന്തര ഫുട്ബോളില്‍നിന്ന് മാര്‍ത്ത വിരമിച്ചിരുന്നു. പാരീസ് ഒളിമ്പിക്സ് ഫൈനലിനുശേഷം കളത്തിലേക്കു മടങ്ങിവരുകയാണ് വനിതാ ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമായ മാര്‍ത്ത. മൂന്ന് ഒളിമ്പിക്സ് വെള്ളി മാര്‍ത്ത സ്വന്തമാക്കിയിട്ടുണ്ട്.
2025 കോപ്പ അമേരിക്ക ഫുട്ബോളിനു മുന്നോടിയായി ജപ്പാന് എതിരായ സന്നാഹമത്സരത്തിനായാണ് മാര്‍ത്തയെ ബ്രസീല്‍ ടീം തിരിച്ചു വിളിച്ചിരിക്കുന്നത്.
ജൂലൈ 12 മുതല്‍ ഓഗസ്റ്റ് രണ്ടുവരെ ഇക്വഡോറിലാണ് 2025 വനിതാ ലോകപ്പ അമേരിക്ക. ബ്രസീലാണ് നിലവിലെ ചാമ്പ്യന്മാര്.
ഐപിഎല്‍ തുടരുമ്പോള്‍ തിളക്കം കുറയും
മുംബൈ: ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്നു നിര്‍ത്തിവച്ച ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണ് പുനരാരംഭിക്കുമ്പോള്‍ ടീമുകള്‍ക്കൊപ്പം പല വിദേശ സൂപ്പര്‍ താരങ്ങളും ഉണ്ടാകില്ല. ദേശീയ ടീമുകള്‍ക്കൊപ്പം രാജ്യാന്തര ഡ്യൂട്ടി ഉള്ളതാണു കാരണം. പ്ലേ ഓഫ് കാണാതെ 18-ാം സീസണില്‍നിന്ന് ഇതിനോടകം പുറത്തായ ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന് റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ക്ക് ഇതൊന്നും പ്രശ്മല്ല.
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിദേശ താരങ്ങൾ അവരെ വിട്ടുപോകില്ലെന്നതും ശ്രദ്ധേയം. എന്നാല്‍, വിദേശ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് പ്ലേ ഓഫ് പോരാട്ട രംഗത്തുള്ള ബാക്കി ആറു ടീമുകളുടെയും ശക്തി ക്ഷയിപ്പിക്കും. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ് ഐപിഎല്ലിന്റെ തിളക്കത്തിനു മങ്ങലേല്‍പ്പിക്കുന്ന സുപ്രധാന പോരാട്ടം. ജൂണ്‍ 11നു ലോഡ്സില്‍ നടക്കുന്ന ഫൈനലിനായുള്ള ടീം പ്രഖ്യാപനം ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്നലെ നടത്തി.
ഐസിസി ലോക ടെസ്റ്റ് ഫൈനല്‍
ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍, ഐപിഎല്ലില്‍ നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന 13 താരങ്ങള്‍ രണ്ടു സംഘങ്ങളിലുമായി ഉള്‍പ്പെട്ടു. ഐപിഎല്‍ പ്ലേ ഓഫ് ഘട്ടത്തിലേക്കു കടക്കുമ്പോള്‍ ഈ താരങ്ങള്‍ ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പ്.
മുംബൈ ഇന്ത്യന്‍സിന്റെ റയാന് റിക്കല്‍ട്ടന്‍, കോര്ബിന് ബോഷ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ലുന്‍ഗി എന്‍ഗിഡി, ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ട്രിസ്റ്റണ്‍ സ്റ്റബ്സ്, പഞ്ചാബ് കിംഗ്സിന്റെ മാര്‍ക്കോ യാന്സണ്, ലക്നോ സൂപ്പര്‍ ജയന്റ്സിന്റെ എയ്ഡന്‍ മാക്രം, ഗുജറാത്ത് ടൈറ്റന്‍സിന്റെ കഗിസൊ റബാഡ, സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വിയാന്‍ മള്‍ഡര്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ജോഷ് ഹെയ്സല്‍വുഡ്, ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മിച്ചല്‍ സ്റ്റാര്‍ക്ക്, പഞ്ചാബ് കിംഗ്സിന്റെ ജോഷ് ഇംഗ്ലിസ്, സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ് എന്നിവരാണ് ഓസ്ട്രേലിയയുടെ ടീമിലുള്ളത്.
അതായത് മുംബൈ, ബംഗളൂരു, പഞ്ചാബ് ടീമുകളുടെ രണ്ടു കളിക്കാര്‍ വീതം ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പിനെത്തുടര്ന്ന് പ്ലേ ഓഫ് ഘട്ടത്തില്‍ ഉണ്ടാകില്ല. ഐപിഎല്‍ പോയിന്റ് ടേബിളില്‍ രണ്ടും മൂന്നും നാലും സ്ഥാനക്കാരാണ് ബംഗളൂരു (16 പോയിന്റ്), പഞ്ചാബ് (15), മുംബൈ (14) ടീമുകള്‍ എന്നതും ശ്രദ്ധേയം.
മുന്‍നിശ്ചയിച്ചതു പ്രകാരമായിരുന്നെങ്കില്‍ മേയ് 25നായിരുന്നു ഐപിപിഎല്‍ ഫൈനല്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ 11 മുതല്‍ നടക്കും. അതിനു മുമ്പ് ജൂണ്‍ മൂന്നു മുതല്‍ ദക്ഷിണാഫ്രിക്കയ്ക്ക് സിംബാബ്വെയുമായി ചതുര്‍ദിന പരിശീലന മത്സരവുമുണ്ട്.
ഇംഗ്ലണ്ടും ടീമിനെ പ്രഖ്യാപിച്ചു
വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന, ട്വന്റി-20 മത്സരങ്ങള്‍ക്കുള്ള ഇംഗ്ലീഷ് ടീമിനെയും ഇന്നലെ പ്രഖ്യാപിച്ചു. ഗുജറാത്ത് ടൈറ്റന്‍സിന്റെ ജോസ് ബട്ലര്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ജേക്കബ് ബെഥേല്‍, ഫില്‍ സാള്‍ട്ട്, മുംബൈ ഇന്ത്യന്‍സിന്റെ വില്‍ ജാക്സ്, രാജസ്ഥാന് റോയല്‍സിന്റെ ജോഫ്ര ആര്‍ച്ചര്‍, ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ജാമി ഓവര്ട്ടണ് എന്നിവര്‍ ഇംഗ്ലണ്ടിന്റെ ടീമിലുണ്ട്. ഇതില്‍ ആര്‍ച്ചര്‍, ഓവര്ട്ടണ് എന്നിവരുടെ ടീമുകള്‍ക്കു മാത്രമാണ് നിലവില്‍ ഐപിഎല്‍ പ്ലേ ഓഫ് സാധ്യത അസ്തമിച്ചിരിക്കുന്നത്.
രാജ്യാന്തര പോരാട്ടങ്ങള്‍
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മാത്രമല്ല ഐപിഎല്ലിന്റെ പുതിയ മത്സരക്രമത്തെ ബാധിക്കുക. ഇന്ത്യ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം ഉള്‍പ്പെടെ പുതിയ ഐപിഎല്ലിനിടെയാണ്. പുതിയ മത്സരക്രമം അനുസരിച്ച് മേയ് 29 മുതലാണ് പ്ലേ ഓഫ് പോരാട്ടങ്ങള്‍, ജൂണ്‍ മൂന്നിന് ഫൈനലും നടക്കും. ഇന്ത്യ എയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ചതുര്‍ദിന മത്സരം മേയ് 30ന് ആരംഭിക്കും. ജൂണ്‍ 20ന് ആരംഭിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ എ ടീമിന്റെ ഭാഗമാകുന്ന കളിക്കാര്‍ ഉള്‍പ്പെടാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച്, രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നീ സൂപ്പര്‍ താരങ്ങള്‍ ടെസ്റ്റില്‍നിന്നു വിരമിച്ച പശ്ചാത്തലത്തില്‍.
മറ്റു രാജ്യാന്തര മത്സരങ്ങള്‍:
വെസ്റ്റ് ഇന്‍ഡീസിന്റെ അയര്‍ലന്‍ഡ് പര്യടനം: മേയ് 21-ജൂണ്‍ 15വരെ.
വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനം: മേയ് 29-ജൂണ്‍ 10.
ദക്ഷിണാഫ്രിക്ക Vs സിംബാബ്വെ ചതുര്‍ദിനം: ജൂണ്‍ 3.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ജൂണ്‍ 11.
ഈ താരങ്ങള്‍ ഉണ്ടാകില്ല
ഐപിഎല്‍ പ്ലേ ഓഫ് പോരാട്ട രംഗത്തുള്ള ടീമുകള്‍ക്കൊപ്പം ടൂര്‍ണമെന്റിന്റെ അവസാനംവരെ ഉണ്ടാകാന്‍ സാധ്യതയില്ലാത്ത കളിക്കാര്‍(പോയിന്റ് ടേബിളില്‍ ടീമുകളുടെ നിലവിലെ സ്ഥാനം അനുസരിച്ച്).
ഗുജറാത്ത് ടൈറ്റന്‍സ്: ജോസ് ബട്ലര്, ഷെര്‍ഫാന്‍ റുഥര്‍ഫോഡ്, ജെറാള്‍ഡ് കോറ്റ്സി, കഗിസൊ റബാഡ.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു: ജോഷ് ഹെയ്സല്‍വുഡ്, ലുന്‍ഗി എന്‍ഗിഡി, ഫില്‍ സാള്‍ട്ട്, റൊമാരിയോ ഷെപ്പേര്‍ഡ്, ലിയാം ലിവിംഗ്സ്റ്റണ്, ജേക്കബ് ബെഥേല്‍.
പഞ്ചാബ് കിംഗ്സ്: മാര്‍ക്കോ യാന്സണ്, ജോഷ് ഇംഗ്ലിസ്.
മുംബൈ ഇന്ത്യന്‍സ്: വില്‍ ജാക്സ്, റയാന് റിക്കല്‍ട്ടന്‍, കോര്ബിന് ബോഷ്, റീസ് ടോപ്ലി.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്: ട്രിസ്റ്റണ്‍ സ്റ്റബ്സ്, മിച്ചല്‍ സ്റ്റാര്‍ക്ക്.
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ആര്‍ക്കും രാജ്യാന്തര ഡ്യൂട്ടി ഇല്ല.
ലക്നോ സൂപ്പര്‍ ജയന്റ്സ്: എയ്ഡന്‍ മാക്രം, മാത്യു ബ്രീറ്റ്സ്കെ, ഷാമര്‍ ജോസഫ്.
വിരമിക്കലിനുശേഷം കോഹ്ലി അനുഷ്കയ്ക്കൊപ്പം വൃന്ദാവനില്‍
വൃന്ദാവന്‍ (ഉത്തര്‍പ്രദേശ്): 14 വര്‍ഷം നീണ്ട ടെസ്റ്റ് ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുന്നതായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചശേഷം ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി ആദ്യം സന്ദര്‍ശിച്ചത് ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ ആശ്രമം.
കോഹ്ലിക്ക് ഒപ്പം ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മയും ഉണ്ടായിരുന്നു. ആത്മീയ നേതാവായ പ്രേമാനന്ദ് മഹാരാജിന്റെ അനുഗ്രഹം തേടിയാണ് കോഹ്ലി-അനുഷ്ക ദമ്പതികള്‍ വൃന്ദാവനില്‍ എത്തിയത്. വരാഹ ഘട്ടിലെ ശ്രീ രാധാ കേളി കുഞ്ച് ആശ്രമത്തില്‍ ഇന്നലെ മൂന്നു മണിക്കൂറോളം ചെലവിട്ടശേഷമാണ് കോഹ്ലിയും അനുഷ്കയും മടങ്ങിയത്.
ഇതു മൂന്നാം തവണയാണ് കോഹ്ലി-അനുഷ്ക ദമ്പതികള്‍ ആശ്രമം സന്ദര്‍ശിക്കുന്നതെന്നതും ശ്രദ്ധേയം. 2023 ജനുവരി നാലിനും ഈ വര്‍ഷം ജനുവരി 10നുമായിരുന്നു ഇരുവരും മുമ്പ് ഇവിടെ എത്തിയത്.
തിങ്കളാഴ്ചയാണ് സോഷ്യല്‍ മീഡിയയിലൂടെ കോഹ്ലി തന്റെ ടെസ്റ്റ് ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. 2011 ജൂണ്‍ 20നു വെസ്റ്റ് ഇന്‍ഡീസിന് എതിരേ കിംഗ്സ്റ്റണിലായിരുന്നു കോഹ്ലിയുടെ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം.
തുടര്‍ന്ന് 123 ടെസ്റ്റില്‍നിന്ന് 46.85 ശരാശരിയില്‍ 9230 റണ്‍സ് നേടി. 30 സെഞ്ചുറിയും 31 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെയാണിത്. 68 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. കോഹ്ലിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ജയം (40) നേടിയതെന്നതും ചരിത്രം. തികച്ചും അപ്രതീക്ഷിതമായിരുന്നു കോഹ്ലിയുടെ വിരമിക്കൽ എന്നതാണ് വാസ്തവം.
ടീമുകള്‍ പരിശീലനം തുടങ്ങി
അഹമ്മദാബാദ്: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ശനിയാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന അറിയിപ്പു ലഭിച്ചതോടെ ടീമുകള്‍ മുന്നൊരുക്കം തുടങ്ങി.
നിലവില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സാണ് പരിശീലനം ആദ്യം പുനരാരംഭിച്ചത്. ടീം തിങ്കളാഴ്ച മുതല്‍ ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പരിശീലനം തുടങ്ങി.
ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, പേസര്‍ മുഹമ്മദ് സിറാജ്, സായ് സുദര്ശന്, വാഷിംഗ്ടണ്‍ സുന്ദര്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോഡ് തുടങ്ങിയവരെല്ലാം ഗ്രൗണ്ടിലെത്തി.
ലീഗ് റൗണ്ടില്‍ 11 മത്സരങ്ങളില്‍നിന്ന് എട്ടു ജയത്തിലൂടെ 16 പോയിന്റാണ് ഗുജറാത്ത് ടൈറ്റന്‍സിന്. ഇത്രതന്നെ പോയിന്റുള്ള റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (+0.482) നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സ് (+0.793) രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയത്. ലീഗില്‍ മൂന്നു മത്സരങ്ങള്‍ ഗുജറാത്തിനു ബാക്കിയുണ്ട്. ഡല്‍ഹി ക്യാപ്പിറ്റൽസിന് എതിരേ ഞായറാഴ്ച ഡല്‍ഹിയിലാണ് ഗുജറാത്തിന്റെ അടുത്ത മത്സരം.
വിദേശ താരങ്ങള്‍ തിരിച്ചെത്തുന്നു...
ബംഗളൂരു: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ശനിയാഴ്ച പുനരാരംഭിക്കുമെന്ന അറിയിപ്പു ലഭിച്ചതോടെ ഇന്ത്യയില്‍നിന്നു മടങ്ങിയ വിദേശകളിക്കാര്‍ തിരിച്ചെത്താന്‍ തുടങ്ങി.
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരങ്ങളായ സുനില്‍ നരെയ്ന്, ആന്ദ്രേ റസല്‍, റോവ്മാന്‍ പവല്‍, ടീം മെന്റര്‍ ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഇന്നും നാളെയുമായി ക്യാമ്പില്‍ തിരിച്ചെത്തും. ഈ മാസം ഒമ്പതിന് ഒരു ആഴ്ചത്തെ ഇടവേളയില്‍ ഐപിഎല്‍ പിരിഞ്ഞതോടെ ഇവര്‍ ദുബായില്‍ എത്തിയിരുന്നു.
കാബൂളിലുള്ള കെകെആര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്മാനുള്ള ഗുര്‍ബാസ്, സുനില്‍ നരെയ്നും സംഘത്തിനും ഒപ്പം ദുബായില്‍ എത്തിച്ചേര്‍ന്നശേഷം ഇന്ത്യയിലേക്കു തിരിക്കും. മാലദ്വീപിലായിരുന്ന ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ക്കിയ ബംഗളൂരുവില്‍ ടീമിന് ഒപ്പം ചേരും.
ബംഗളൂരുവില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില്‍ ശനിയാഴ്ച രാത്രി 7.30നാണ് മത്സരം. ഈ മത്സരത്തോടെയാണ് ഐപിഎല്‍ പുനരാരംഭിക്കുക. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഈ മത്സരത്തില്‍ ജയിക്കണം.
പഞ്ചാബ് കിംഗ്സിന്റെ മാര്‍ക്കസ് സ്റ്റോയിന്‍സ്, ജോഷ് ഇംഗ്ലിസ്, സണ്‍റൈസേഴ്സിന്റെ പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ്, ഗുജറാത്ത് ടൈറ്റന്‍സിന്റെ ജോസ് ബട്ലര് തുടങ്ങിയ പ്രമുഖരെല്ലാം അതതു ടീം ക്യാമ്പിലേക്കുള്ള മടങ്ങയാത്രയ്ക്കുള്ള ഒരുക്കത്തിലാണ്. ബട്ലറും ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജെറാള്‍ഡ് കോറ്റ്സിയും ഗുജറാത്ത് ടൈറ്റന്‍സിന് ഒപ്പം ഇന്നു ചേരും.
ഐപിഎല്‍ 2025
(പുതുക്കിയ മത്സരക്രമം)
മേയ് 17: ബംഗളൂരു x കോല്‍ക്കത്ത, 7.30 pm, ബംഗളൂരു
മേയ് 18: രാജസ്ഥാന് x പഞ്ചാബ്, 3.30 pm, ജയ്പുര്‍
മേയ് 18: ഡല്‍ഹി x ഗുജറാത്ത്, 7.30 pm, ഡല്‍ഹി
മേയ് 19: ലക്നോ x ഹൈദരാബാദ്, 7.30 pm, ലക്നോ
മേയ് 20: ചെന്നൈ x രാജസ്ഥാന്, 7.30 pm, ഡല്‍ഹി
മേയ് 21: മുംബൈ x ഡല്‍ഹി, 7.30 pm, മുംബൈ
മേയ് 22: ഗുജറാത്ത് x ലക്നോ, 7.30 pm, അഹമ്മദാബാദ്
മേയ് 23: ബംഗളൂരു x ഹൈദരാബാദ്, 7.30 pm, ബംഗളൂരു
മേയ് 24: പഞ്ചാബ് x ഡല്‍ഹി, 7.30 pm, ജയ്പുര്‍
മേയ് 25: ഗുജറാത്ത് x ചെന്നൈ, 3.30 pm, അഹമ്മദാബാദ്
മേയ് 25: ഹൈദരാബാദ് x കോല്‍ക്കത്ത, 7.30 pm, ഡല്‍ഹി
മേയ് 26: പഞ്ചാബ് x മുംബൈ, 7.30 pm, ജയ്പുര്‍
മേയ് 27: ലക്നോ x ബംഗളൂരു, 7.30 pm, ലക്നോ
മേയ് 29: ക്വാളിഫയര്‍ 1
മേയ് 30: എലിമിനേറ്റര്‍
ജൂണ്‍ 01: ക്വാളിഫയര്‍ 2
ജൂണ്‍ 03: ഫൈനല്‍
ജോക്കോവിച്ച്-മുറെ പിരിഞ്ഞു
പാരീസ്: 2025 ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ഈ മാസം 25ന് ആരംഭിക്കാനിരിക്കേ സെര്‍ബിയന്‍ ഇതിഹാസ താരം നൊവാക് ജോക്കോവിച്ചും കോച്ച് ആന്‍ഡി മുറെയും വഴിപിരിഞ്ഞു.
ബ്രിട്ടീഷ് മുന്‍താരമായ മുറെ ആറു മാസം മാത്രമാണ് ജോക്കോവിച്ചിന്റെ പരിശീലകനായിരുന്നത്. വഴിപിരിയുന്ന വിവരം ഇന്നലെ ജോക്കോവിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
മുന്‍ എതിര്‍താരങ്ങളായ ജോക്കോവിച്ചും മുറെയും 2025 ഓസ്ട്രേലിയന്‍ ഓപ്പണിനു മുമ്പാണ് കൈകോര്‍ത്തത്. ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ ജോക്കോവിച്ച് പുറത്തായിരുന്നു. അതിനുശേഷം ഖത്തര്‍ ഓപ്പണില്‍ മൂന്നാം റൗണ്ടിലും ഇന്ത്യന്‍ വെല്‍സില്‍ ആദ്യ റൗണ്ടിലും മയാമി ഓപ്പണിന്റെ ഫൈനലിലും മോണ്ടികാര്‍ലോ മാസ്റ്റേഴ്സില്‍ മൂന്നാം റൗണ്ടിലും മാഡ്രിഡ് ഓപ്പണില്‍ രണ്ടാം റൗണ്ടിലും ജോക്കോവിച്ച് പുറത്തായി.
ജൂണിയര്‍ ക്രിസ്റ്റ്യാനോ അരങ്ങേറി
ലിസ്ബണ്‍: ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന് ക്രിസ്റ്റ്യാനോ ജൂണിയര്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 15 ടീമിനായി അരങ്ങേറി.
54-ാം മിനിറ്റില്‍ പകരക്കാരനായാണ് പതിനാലുകാരനായ ക്രിസ്റ്റ്യാനോ ജൂണിയര്‍ കളത്തിലെത്തിയത്. മത്സരത്തില്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 15 ടീം ഒന്നിന് എതിരേ നാലു ഗോളുകള്‍ക്കു ജപ്പാനെ തോല്‍പ്പിച്ചു.
ഇന്ത്യ-പാക് സംഘര്‍ഷത്തിൽ ഐപിഎൽ ഇരുട്ടിൽ...
മുംബൈ: ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിനു താത്കാലിക വിരാമം.
ഐപിഎല്‍ ഒരു ആഴ്ചത്തേക്കു നിര്‍ത്തിവച്ചതായി ബിസിസിഐ അറിയിച്ചു. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പാക്കിസ്ഥാന്റെ വ്യോമാക്രമണം ശക്തമായ പശ്ചാത്തലത്തിലാണ് ഐപിഎല്‍ നിര്‍ത്തിവച്ചത്. ഐപിഎല്‍ സ്റ്റേഡിയങ്ങള്‍ക്കു സുരക്ഷാ ഭീഷണി ഉണ്ടെന്നതു പരിഗണിച്ചാണ് ബിസിസിഐയുടെ തീരുമാനം.
വ്യാഴാഴ്ച ധരംശാലയില്‍ പഞ്ചാബ് കിംഗ്സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള മത്സരം 11-ാം ഓവറിന്റെ ആദ്യ പന്തിനുശേഷം നിര്‍ത്തിവച്ചിരുന്നു. ബ്ലാക്ക് ഔട്ട് (ലൈറ്റ് അണയ്ക്കല്‍) നിര്‍ദേശത്തെത്തുടര്‍ന്ന് ഫ്ളഡ് ലൈറ്റുകള്‍ അണച്ചു, തുടര്‍ന്ന് മത്സരം റദ്ദാക്കിയതായുള്ള അറിയിപ്പെത്തി. ഇന്നലെ ബിസിസിഐ ഐപിഎല്‍ ഫ്രാഞ്ചൈസികളുമായും ഓഹരി ഉടമകള്‍, പരസ്യദാതാക്കള്‍, ബ്രോഡ്കാസ്റ്റേഴ്സ് തുടങ്ങിയവരുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കാമെന്ന തീരുമാനം കൈക്കൊണ്ടത്.
എന്നു പുനരാരംഭിക്കും
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണിന്റെ ലീഗ് റൗണ്ടില്‍ 12 മത്സരങ്ങള്‍ മാത്രം അവശേഷിക്കേയാണ് ടൂര്‍ണമെന്റ് താത്കാലിമായി നിര്‍ത്തിവച്ചിരിക്കുന്നത്. ചാമ്പ്യന്‍ഷിപ്പ് ഇനി എന്നു പുനരാരംഭിക്കും എന്നതിനെക്കുറിച്ചുള്ള കൃത്യമായ ഉത്തരം ബിസിസിഐ നല്‍കിയിട്ടില്ല.
സാഹചര്യങ്ങള്‍ വിലയിരുത്തി, സര്‍ക്കാര്‍, ഓഹരി ഉടമകള്‍, ടീം അധികൃതര്‍ തുടങ്ങിയവരുമായി ചര്‍ച്ചചെയ്ത് ഐപിഎല്ലിന്റെ പുതിയ മത്സരക്രമവും വേദിയും അറിയിക്കാമെന്നാണ് ബിസിസിഐ വ്യക്തമാക്കിയിരിക്കുന്നത്.
വിദേശ താരങ്ങളുടെ പങ്കാളിത്തം
ഐപിഎല്‍ ഒരു ആഴ്ചത്തെ ഇടവേളയ്ക്കുശേഷം പുനരാരംഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് ചില കേന്ദ്രങ്ങളില്‍നിന്നുള്ള സൂചന. മാത്രമല്ല, വിദേശ കളിക്കാരുടെ പങ്കാളിത്തത്തിലും കുറവുണ്ടായേക്കും. നിലവില്‍ വിദേശ കളിക്കാരെ പ്രത്യേക വിമാനത്തില്‍ തിരിച്ചയയ്ക്കാനാണ് നിര്‍ദേശം. മാത്രമല്ല, വിദേശ കളിക്കാര്‍ക്കു രാജ്യാന്തര മത്സരങ്ങളിലേക്കു തിരിയേണ്ടതിനാല് അവരില്‍ എത്രപേര്‍ ഐപിഎല്ലിന്റെ പുതിയ ഷെഡ്യൂളില്‍ ഉണ്ടാകുമെന്നതും നിശ്ചയമില്ല.
സാധ്യത ഇങ്ങനെ
മുന്‍നിശ്ചയിച്ച നിലയിലാണെങ്കില്‍ മേയ് 25നു കോല്‍ക്കത്ത ഈഡന് ഗാര്ഡന്സിലായിന്നു 2025 സീസണ് ഐപിഎല്‍ ഫൈനല്‍ നടക്കേണ്ടിയിരുന്നത്. ഒരു ആഴ്ച മത്സരങ്ങള്‍ നീട്ടിവച്ചതോടെ മേയ് 25ന് ടൂര്‍ണമെന്റ് അവസാനിക്കില്ലെന്ന് ഉറപ്പായി.
ഫൈനല്‍ അടക്കം 16 മത്സരങ്ങളാണ് ഈ സീസണില്‍ ഇനി ബാക്കിയുള്ളത്. ഐപിഎല്ലിനു പിന്നാലെ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്കു തിരിക്കാനിരിക്കുകയായിരുന്നു. ജൂണ്‍ 20നു ലീഡ്സിലാണ് ഇന്ത്യ x ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ്. ജൂലൈ 31ന് ഓവലില്‍ അഞ്ചാം ടെസ്റ്റ് നടക്കും. അതായത് ഐപിഎല്‍ നീട്ടിവയ്ക്കുന്നത് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടന മുന്നൊരുക്കത്തെ ബാധിക്കും.
ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനവും ഏഷ്യ കപ്പും ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ്. ഒക് ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഹോം ടെസ്റ്റ് പരമ്പര, ഓസ്ട്രേലിയയ്ക്കെതിരായ എവേ ട്വന്റി-20 പരമ്പര, നവംബറില്‍ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം എന്നിങ്ങനെയാണ് 2025ല്‍ ശേഷിക്കുന്ന ഷെഡ്യൂള്‍.
ചുരുക്കത്തില്‍ 2025 സീസണ് ഐപിഎല്‍ അനിശ്ചിതത്വത്തിന്റെ ഇരുട്ടിലകപ്പെട്ടിരിക്കുകയാണ്.
ഇക്കാര്യങ്ങള്‍ നിര്‍ണായകം
►ഒരു ആഴ്ചയ്ക്കുള്ളില്‍ ഐപിഎല്‍ 2025 സീസണ് പുനരാരംഭിച്ചില്ലെങ്കില്‍ ടീമുകളിലെ വിദേശ കളിക്കാരില്‍ പലരും രാജ്യാന്തര ഡ്യൂട്ടിക്കായി പോകും. അതോടെ അവരുടെ പങ്കാളിത്തം ഇല്ലാതാകും.
►വിദേശ കളിക്കാര്‍ പ്രത്യേക വിമാനത്തില്‍ സ്വദേശങ്ങളിലേക്കു മടങ്ങിത്തുടങ്ങി.
►പാക് സൂപ്പര്‍ ലീഗ് ഇതിനോടകം യുഎഇയിലേക്കു മാറ്റി.യുഎഇ പാക്കിസ്ഥാന്റെ നീക്കം അംഗീകരിച്ചിട്ടില്ല. അതിനാൽ ഐപിഎൽ യുഎഇയിൽ എത്താനുള്ള സാധ്യതയുണ്ട്.
►സര്ക്കാന് നിര്‍ദേശം അനുസരിച്ചുമാത്രമേ ഐപിഎല്‍ സീസണ് ഇനി പുനരാരംഭിക്കാന്‍ സാധിക്കൂ.
കടന്നുപോകുന്ന ഓരോ നിമിഷത്തിലും, എടുക്കുന്ന ഓരോ തീരുമാനത്തിലും, നമ്മുടെ ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, ഇന്ത്യന്‍ നേവി എന്നിവയെക്കുറിച്ച് അഭിമാനം തോന്നുന്നു. നമ്മുടെ യോദ്ധാക്കള്‍ നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തിനായി തലയുയര്‍ത്തി നില്ക്കുന്നു. എല്ലാവരും സുരക്ഷിതരായിരിക്കുക!
-രോഹിത് ശര്‍മ
ഈ ദുഷ്കര സമയത്ത് രാജ്യത്തെ സംരക്ഷിക്കുന്ന ഇന്ത്യന്‍ സായുധ സേനയെ ഐക്യദാര്‍ഢ്യത്തോടെ അഭിവാദ്യം ചെയ്യുന്നു. മഹത്തായ ഈ രാജ്യത്തിനായി അചഞ്ചലമായ ധീരതയോടെ നിലകൊള്ളുന്ന സൈന്യത്തിനും അവരുടെ കുടുംബങ്ങളുടെ ത്യാഗങ്ങള്‍ക്കും ഹൃദയംഗമമായ കൃതജ്ഞതയ്ക്കും എന്നേക്കും കടപ്പെട്ടിരിക്കുന്നു.
ജയ് ഹിന്ദ് -വിരാട് കോഹ്ലി
പാക്കിസ്ഥാൻ സൂപ്പർ ലീഗ് യുഎഇയിൽ?
കറാച്ചി: പാക്കിസ്ഥാൻ സൂപ്പർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ 2025 സീസണിൽ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റിയതായി പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) അറിയിച്ചു. റാവൽപിണ്ടി, മുൾട്ടാൻ, ലാഹോർ എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അവസാന എട്ട് മത്സരങ്ങളും യുഎഇയിൽ നടക്കും.
മത്സരങ്ങളുടെ കൃത്യമായ ഷെഡ്യൂളും തീയതിയും വേദികളും പിന്നീട് അറിയിക്കുമെന്നും പിസിബി വ്യക്തമാക്കി. ഇന്ത്യ-പാക് അതിർത്തിയിലെ വ്യോമാക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പിസിബിയുടെ ഈ നീക്കം. വ്യോമാക്രമണം രൂക്ഷമായ സാഹചര്യത്തിൽ വിദേശ താരങ്ങൾ പാക്കിസ്ഥാനിൽനിന്നു മടങ്ങണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
അന്തിമ തീരുമാനം ആയില്ല
അതേസമയം, അപ്രതീക്ഷിത തീരുമാനമായതിനാൽ യുഎഇയിൽ മത്സരങ്ങൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. അതിനുശേഷം ഇനിയുള്ള മത്സരങ്ങളുടെ വേദിയും മത്സരക്രമവും തീരുമാനിക്കും. പാക്കിസ്ഥാനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരേ ഡ്രോണ്‍ ആക്രമണം നടന്നതോടെ പെഷവാർ സൽമിയും കറാച്ചി കിംഗ്സും മത്സരം റദ്ദാക്കിയിരുന്നു.
പാക് ക്രിക്കറ്റ് ബോർഡിന്റെ പ്രഖ്യാപനത്തോട് യുഎഇ അനുകൂല പ്രതികരണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയം. ഐപിഎൽ യുഎഇയിലേക്ക് എത്തുമോ എന്നതു സംബന്ധിച്ച് അന്തിമ തീരുമാനത്തിനുശേഷമേ പാക് സൂപ്പർ ലീഗിനു പച്ചക്കൊടി ലഭിക്കൂ എന്നും റിപ്പോർട്ടുണ്ട്.
യൂറോപ്പ: ഇംഗ്ലീഷ് ഫൈനല്‍
മാഞ്ചസ്റ്റര്‍/ബോഡോ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിന്റെ 2024-25 സീസണില്‍ ഇംഗ്ലീഷ് ഫൈനല്‍. ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടോട്ടന്‍ഹാം ഹോട്ട്സ്പുറും യൂറോപ്പ കിരീടത്തിനായി കൊമ്പുകോര്‍ക്കും.
സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ ബില്‍ബാവോയെ ഇരുപാദങ്ങളിലുമായി 7-1നു കീഴടക്കിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫൈനലില്‍ പ്രവേശിച്ചത്. രണ്ടാം പാദത്തിന്റെ ആദ്യ മിനിറ്റില്‍ മൈക്കല്‍ ജൗരെഗിസറിന്റെ ഗോളില്‍ ബില്‍ബാവോ ലീഡ് നേടി.
മാസണ് മൗണ്ടിന്റെ ഇരട്ട ഗോളാണ് രണ്ടാം പാദത്തില്‍ 4-1ന്റെ ജയത്തിലെത്താന്‍ യുണൈറ്റഡിനെ സഹായിച്ചത്. 72, 90+1 മിനിറ്റുകളിലായിരുന്നു മൗണ്ടിന്റെ ഗോളുകള്‍. കാസെമിറൊ (79’), റാസ്മസ് ഹോജ്ലന്‍ഡ് (85’) എന്നിവരും മാഞ്ചസ്റ്ററിനായി ഗോള്‍ നേടി.
നോര്‍വീജിയന്‍ ക്ലബ്ബായ ബോഡോ ഗ്ലിംറ്റിനെ ഇരുപാദങ്ങളിലുമായി 5-1നു സെമിയില്‍ മറികടന്നാണ് ടോട്ടന്‍ഹാം ഫൈനലിലെത്തിയത്. രണ്ടാം പാദത്തില്‍ 2-0നായിരുന്നു ടോട്ടന്‍ഹാമിന്റെ ജയം.
മുംബൈ: ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കുവേണ്ടി കളിക്കാനുള്ള തീരുമാനം മാറ്റി യുവ താരം യശസ്വി ജയ്സ്വാൾ. വരുന്ന സീസണിൽ മുംബൈക്കൊപ്പം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന് (എംസിഎ) താരം കത്ത് നൽകി.
മാസങ്ങൾക്കുമുന്‍പ് മുംബൈ വിട്ട് ഗോവയ്ക്കുവേണ്ടി കളിക്കുന്നതിനായി ആവശ്യപ്പെട്ട എൻഒസി പിൻവലിക്കുന്നതായി ജയ്സ്വാൾ കത്തിൽ ചൂണ്ടിക്കാട്ടി. ബിസിസിഐക്കോ ഗോവ ക്രിക്കറ്റ് അസോസിയേഷനോ എൻഒസി കൈമാറിയിട്ടില്ലെന്നും ജയ്സ്വാൾ വ്യക്തമാക്കി.
ഇന്ത്യൻ ടീമിലെ യുവതാരങ്ങളിൽ പ്രധാനിയായ ജയ്സ്വാൾ അണ്ടർ 19 മുതൽ മുംബൈ ടീമിലാണ് കളിച്ചത്. എന്നാൽ, ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് ജയ്സ്വാളിന്റെ ടീം മാറ്റമെന്ന റിപ്പോർട്ടുണ്ടായിരുന്നു. ഇക്കാര്യത്തിൽ രഹാനെയും വിശദീകരണവുമായി രംഗത്തെത്തി.
ദക്ഷിണാഫ്രിക്ക ജയം നേടി
കൊളംബോ: ത്രിരാഷ്ട്ര വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ ജയം.
ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ആതിഥേയരായ ശ്രീലങ്കയെ 76 റണ്‍സിനു കീഴടക്കി. സ്കോര്‍: ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 315/9. ശ്രീലങ്ക 42.5 ഓവറില്‍ 239. ഇന്ത്യ x ശ്രീലങ്ക ഫൈനല്‍ നാളെ നടക്കും.
ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ ക്ലോ ട്രിയോണ്‍ ഹാട്രിക് അടക്കം അഞ്ച് വിക്കറ്റ് സ്വന്തമാക്കി. മികച്ച ഓള് റൗണ്ട് പ്രകടനം നടത്തിയ ക്ലിയോണ് ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്. അഞ്ച് വിക്കറ്റ് നേടിയ ക്ലിയോണ്, 51 പന്തില്‍ 74 റണ്‍സും സ്വന്തമാക്കി.
ധരംശാലയിലെ ഫ്ളഡ്ലൈറ്റുകള്‍ കണ്ണടച്ചപ്പോള്‍
ധരംശാല: പഞ്ചാബ് കിംഗ്സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിന്റെ തുടക്കം മുതല്‍ വിഘ്നങ്ങളായിരുന്നു. മഴയെത്തുടര്‍ന്ന് മത്സരം ഒരു മണിക്കൂര്‍ വൈകി. മത്സരം തുടങ്ങിയതിനു പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തികളില്‍ പാക്കിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം.
ടോസ് നേടിയ പഞ്ചാബ് കിംഗ്സ് 10.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് എടുത്തുനില്‍ക്കുമ്പോള്‍ സ്റ്റേഡിയത്തിലെ ഫ്ളഡ്ലൈറ്റുകളില്‍ ഒരെണ്ണം അണഞ്ഞു. സാങ്കേതികത്തകരാറായിരിക്കുമെന്നായിരുന്നു ആരാധകര്‍ ആദ്യം കരുതിയത്.
എന്നാല്‍, ബ്ലാക്ക് ഔട്ട് നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലെടുത്ത തീരുമാനമാണെന്നു ബാക്കിയുള്ള ഫ്ളഡ്ലൈറ്റുകള്കൂടി പിന്നാലെ കണ്ണടച്ചതോടെ മനസിലായി. തുടര്‍ന്ന് തിങ്ങിനിറഞ്ഞ ഗാലറിയില്‍നിന്ന് ആരാധകരെ ഒഴിപ്പിച്ചു, കളിക്കാരെ ടീം ഹോട്ടലുകളില്‍ എത്തിച്ചു.
100 കിലോമീറ്റര്‍ ചുറ്റളവ്
മത്സരം നടക്കുകയായിരുന്ന ധരംശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിനും 100 കിലോമീറ്റര്‍ ചുറ്റളവില്‍ പാക്കിസ്ഥാന്റെ വ്യോമാക്രമണം നടന്നതോടെയാണ് പഞ്ചാബ് x ഡല്‍ഹി പോരാട്ടം പെട്ടെന്നു നിര്‍ത്തിയത്.
എച്ച്പിസിഎ സ്റ്റേഡിയത്തിനും 80 കിലോമീറ്റര്‍ ചുറ്റളവിലുള്ള ജമ്മു, ഉധംപുര്‍, പത്താന്‍കോട്ട് എന്നിവിടങ്ങളില്‍ പാക് വ്യോമാക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. വേദിയിലുണ്ടായിരുന്ന ഐപിഎല്‍ ചെയര്മാന് അരുണ്‍ ധുമാല്‍ ഗ്രൗണ്ടിലിറങ്ങി സ്റ്റേഡിയം ഒഴിയാനായി ആരാധകർക്കു നിര്‍ദേശം നല്കി.
ആഴ്സണലിനെ കീഴടക്കി പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ ഫൈനലില്‍
പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2024-25 സീസണ് കിരീടത്തിനായി ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മനും ഇറ്റാലിയന്‍ ടീം ഇന്റര്‍ മിലാനും കൊമ്പുകോര്‍ക്കും. രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ ഇംഗ്ലീഷ് ക്ലബ് ആഴ്സണലിനെ 1-2നു കീഴടക്കിയ പിഎസ്ജി, ഇരുപാദങ്ങളിലുമായി 3-1ന്റെ ജയത്തോടെയാണ് ഫൈനല്‍ ടിക്കറ്റെടുത്തത്.
മ്യൂണിക്കിലെ അലിയന്‍സ് അരീനയില്‍ ഇന്ത്യന്‍ സമയം മേയ് 31 അര്‍ധരാത്രി 12.30നാണ് ഇന്റര്‍ മിലാന് x പിഎസ്ജി ഫൈനല്‍ പോരാട്ടം. രണ്ടാംപാദ സെമിയില്‍ കളത്തില്‍ ആധിപത്യം ഉണ്ടായിരുന്നെങ്കിലും ഫിനിഷിംഗിലെ പോരായ്മയും പിഎസ്ജി ഗോള്‍ കീപ്പര്‍ ജിയാന്‍ലൂയിജി ഡോണറുമയുടെ മിന്നും പ്രകടനവും ആഴ്സണലിനു വിനയായി.
ക്ലിനിക്കല്‍ പിഎസ്ജി
നോര്‍ത്ത് ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദ സെമിയില്‍ 1-0ന്റെ ജയം നേടിയതിന്റെ മുന്‍തൂക്കവുമായാണ് പിഎസ്ജി സ്വന്തം തട്ടകത്തില്‍ രണ്ടാംപാദത്തിനായി എത്തിയത്. ഗാലറിയില്‍ നിറഞ്ഞ പിഎസ്ജി ആരാധകരുടെ നെഞ്ചിടിപ്പു വര്‍ധിപ്പിച്ച് മൂന്നാം മിനിറ്റില്‍ ആഴ്സണലിന്റെ ഡെക്ലാന് റൈസിന്റെ ഹെഡര്‍ പോസ്റ്റില്‍ തൊട്ടുതൊട്ടില്ലെന്ന രീതിയില്‍ പുറത്തേക്കു പാഞ്ഞു.
തൊട്ടടുത്ത മിനിറ്റില്‍ വീണ്ടും ആഴ്സണല്‍ ആതിഥേയരുടെ ഗോള്‍ മുഖത്ത് ആശങ്ക പടര്‍ത്തി. ഗണ്ണേഴ്സിന്റെ മുന്നേറ്റനിരത്താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഷോട്ട് പിഎസ്ജി ഗോള്‍ കീപ്പര്‍ ജിയാന്‍ലൂയിജി ഡോണറുമ രക്ഷപ്പെടുത്തി. എട്ടാം മിനിറ്റില്‍ മാര്ട്ടിന് ഒഡെഗാര്‍ഡിന്റെ ഷോട്ടിനും ഡോണറുമ വിലങ്ങിട്ടു.
മത്സരഗതിക്കു വിപരീതമായി പിഎസ്ജിയുടെ ക്ലിനിക്കല്‍ ഗോളെത്തി. 27-ാം മിനിറ്റില്‍ ഫ്രീകിക്കിനുശേഷം ലഭിച്ച പന്തില്‍ മിന്നല്‍ ഷോട്ടിലൂടെ ഫാബിയന്‍ റൂയിസ് ആഴ്സണലിന്റെ വല കുലുക്കി.
69-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ ഹാന്ഡ്ബോളായതിനെ തുടര്‍ന്ന് ആഴ്സണലിനെതിരേ റഫറി വിഎആറിലൂടെ പെനാല്‍റ്റി വിധിച്ചു. എന്നാല്‍, വിറ്റിഞ്ഞയുടെ ദുര്‍ബല പെനാല്‍റ്റി ആഴ്സണല്‍ ഗോളി ഡേവിഡ് റായ തട്ടിത്തെറിപ്പിച്ചു.
72-ാം മിനിറ്റില്‍ ജയം ഉറപ്പിച്ച് പിഎസ്ജിക്കായി അക്രാഫ് ഹക്കിമിയുടെ ഗോള്‍. 70-ാം മിനിറ്റില്‍ പകരക്കാരുടെ ബെഞ്ചില്‍നിന്നെത്തിയ ഉസ്മാന് ഡെംബെലെയായിരുന്നു അസിസ്റ്റ് ചെയ്തത്.
76-ാം മിനിറ്റില്‍ ബുക്കായോ സാക്കയിലൂടെ ആഴ്സണല്‍ ഒരു ഗോള്‍ മടക്കിയെങ്കിലും പിഎസ്ജിയുടെ ഫൈനല്‍ യാത്രയ്ക്കു തടയിടാന്‍ സാധിച്ചില്ല. 80-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം സാക്കയ്ക്കു ഗോളാക്കാനും സാധിക്കാതിരുന്നതോടെ മത്സരം പിഎസ്ജിയുടെ പോക്കറ്റില്‍.
പിഎസ്ജിക്കു രണ്ടാം ഫൈനല്‍
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജി ഫൈനലില്‍ പ്രവേശിക്കുന്നത് ഇതു രണ്ടാം തവണ. 2019-20 സീസണിലായിരുന്നു പിഎസ്ജി ആദ്യമായി ഫൈനല്‍ കളിച്ചത്. അന്ന് ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനോട് 1-0നു പരാജയപ്പെട്ടു. കിലിയന്‍ എംബപ്പെ, നെയ്മര്‍, എയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയ താരനിരയുമായായിരുന്നു പിഎസ്ജി കളത്തിലെത്തിയത്.
ഇഞ്ചോടിഞ്ച് ഓറഞ്ച്
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണില്‍ ടോപ് സ്കോററിനുള്ള ഓറഞ്ച് ക്യാപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം.
ലീഗ് റൗണ്ടില്‍ ഇന്നത്തേത് ഉള്‍പ്പെടെ 12 മത്സരങ്ങള്‍ മാത്രം ബാക്കില്നില്ക്കേ 500 റണ്‍സ് കടന്ന ബാറ്റര്‍മാര്‍ അഞ്ച്. അതില്‍ത്തന്നെ ഒന്നാം സ്ഥാനക്കാരനായ സൂര്യകുമാര്‍ യാദവും അഞ്ചാമനായ ജോസ് ബട്ലറിനും തമ്മിലുള്ള വ്യത്യാസം വെറും 10 റണ്‍സ് ആണെന്നതും ശ്രദ്ധേയം.
മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് 12 ഇന്നിംഗ്സില്‍ 510 റണ്‍സുമായാണ് നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്ശന് (509), ശുഭ്മാന്‍ ഗില്‍ (508) എന്നിര്‍ ഒരു റണ്ണിന്റെ വീതം അകലത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
നാലാമതുള്ള റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിരാട് കോഹ്ലിക്ക് 505ഉം അഞ്ചാമനായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ജോസ് ബട്ലറിന് 500ഉം റണ്‍സാണ് നിലവിലുള്ളത്. ലീഗ് റൗണ്ട്/സീസണ് കഴിയുമ്പോഴേക്കും 500+ റണ്‍സുള്ള ബാറ്റര്‍മാരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
2018, 2023 സീസണില്‍ എട്ടു പേര്
ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ബാറ്റര്‍മാര്‍ 500ല്‍ അധികം റണ്‍സ് നേടിയത് 2018ലും 2023ലും. ഈ രണ്ടു സീസണിലും എട്ട് ബാറ്റര്‍മാര്‍ 500ല്‍ അധികം റണ്‍സ് സ്വന്തമാക്കി.
ഹൈദരാബാദിന്റെ കെയ്ന്‍ വില്യംസണ് (735), ഡല്‍ഹിയുടെ ഋഷഭ് പന്ത് (684), പഞ്ചാബിന്റെ കെ.എല്‍. രാഹുല്‍ (659), ചെന്നൈയുടെ അമ്പാട്ടി റായുഡു (602), ചെന്നൈയുടെ ഷെയ്ന് വാട്സണ് (555), രാജസ്ഥാന്റെ ജോസ് ബട്ലര് (548), ബംഗളൂരുവിന്റെ വിരാട് കോഹ്ലി (530), മുംബൈയുടെ സൂര്യകുമാര്‍ യദാവ് (512) എന്നിവരായിരുന്നു 2018 സീസണില്‍ 500ല്‍ അധികം റണ്‍സ് നേടിയത്.
2023ല്‍ ശുഭ്മാന്‍ ഗില്‍ (890-ഗുജറാത്ത്), ഫാഫ് ഡുപ്ലെസി (730-ബംഗളൂരു), ഡെവോണ്‍ കോണ്‍വെ (672-ചെന്നൈ), വിരാട് കോഹ്ലി (639-ബംഗളൂരു), യശസ്വി ജയ്സ്വാള്‍ (625-രാജസ്ഥാന്), സൂര്യകുമാര്‍ യാദവ് (605-മുംബൈ), ഋതുരാജ് ഗെയ്ക്വാദ് (590-ചെന്നൈ), ഡേവിഡ് വാര്‍ണര്‍ (516-ഡല്‍ഹി) എന്നിങ്ങനെ എട്ടു ബാറ്റര്‍മാര്‍ 500ല്‍ അധികം റണ്‍സ് നേടി.
2013, 2024 സീസണുകളില്‍ ഏഴു ബാറ്റര്‍മാര്‍ വീതം അഞ്ഞൂറില്‍ അധികം റണ്‍സ് നേടിയിട്ടുണ്ടെന്നതും ചരിത്രം.
വിരമിക്കല്‍ ഉടനടിയില്ല: ധോണി
ചെന്നൈ: വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിട്ട് ഇന്ത്യന്‍ താരവും ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനുമായ എം.എസ്. ധോണി.
ഐപിഎല്‍ 2026 സീസണില്‍ കളിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് വിരമിക്കൽ സംബന്ധിച്ച് ധോണി മറുപടി നൽകിയത്. “വരുന്ന ആറ്, എട്ട് മാസങ്ങളില്‍ കഠിന പരിശീലനം നടത്തി ശരീരവും കായികക്ഷമതയും ട്വന്റി-20 കളിക്കാന്‍ അനുവദിക്കുമോ എന്ന് വിലയിരുത്തും. അതിനുശേഷമാണ് ഭാവിയെ കുറിച്ചുള്ള തീരുമാനം’’ - ധോണി വ്യക്തമാക്കി.
നാൽപ്പത്തിമൂന്നുകാരനായ ധോണി കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. 2025 സീസൺ ഐപിഎല്ലിൽ ധോണിയുടെ ബാറ്റിംഗ് പൊസിഷനിലും ശൈലിയിലും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ധോണി വിരമിക്കണമെന്നും അതിനുള്ള സമയം അതിക്രമിച്ചതായും നിരവധി മുന്‍ താരങ്ങള്‍ തുറന്നടിച്ചു. അതേസമയം, പ്രതാപകാലത്തെ ധോണി ബ്രില്ല്യന്‍സ് ഈ സീസണിലെ പല മത്സരങ്ങളിലും വിക്കറ്റിനു പിന്നില്‍ കണ്ടു.
സീസണില്‍ നിലവിൽ അവസാന സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. 12നു ഹോം ഗ്രൗണ്ടില്‍ രാജസ്ഥാനെതിരേയാണ് സിഎസ്കെയുടെ അടുത്ത മത്സരം.
ഐപിഎല്ലിലും ബ്ലാക്ക്ഔട്ട് ; ഡൽഹി x പഞ്ചാബ് മത്സരം ഉപേക്ഷിച്ചു
ധരംശാല: അതിർത്തിയിൽ പാക്കിസ്ഥാൻ വ്യോമാക്രണം നടത്തിയതോടെ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഇന്നലെ അരങ്ങേറുകയായിരുന്ന ഡൽഹി ക്യാപ്പിറ്റൽസും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു.
ജമ്മു-കാഷ്മീരിൽ പാക്കിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെ അതിർത്തിയിൽ ബ്ലാക്ക്ഔട്ട് (ലൈറ്റ് അണയ്ക്കൽ) നിർദേശം പുറപ്പെടുവിച്ചിരുന്നു. ധരംശാലയിൽ പഞ്ചാബ് കിംഗ്സും ഡൽഹി ക്യാപ്പിറ്റൽസും തമ്മിലുള്ള മത്സരം 11-ാം ഓവറിലേക്കു കടന്നപ്പോൾ ബ്ലാക്ക്ഔട്ട് നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ഫ്ളഡ്ലൈറ്റ് അണച്ചു.
ഫ്ളഡ്ലൈറ്റിന്റെ കേടുപാടായാണ് ആരാധകർ ആദ്യമിതിനെ കണ്ടത്. എന്നാൽ, സ്റ്റേഡിയത്തിൽനിന്ന് കളിക്കാരെയും ആരാധകരെ നീക്കം ചെയ്തതോടെയാണ് സംഭവത്തിന്റെ ഗൗരവം ഏവർക്കും മനസിലായത്. ആളുകൾ പരിഭ്രാന്തരായെങ്കിലും എല്ലാം നിയന്ത്രണവിധേയമാണെന്ന് ഐപിഎൽ അധികൃതർ അറിയിച്ചു.
സുരക്ഷാ കാരണങ്ങളാൽ മത്സരം ഉപേക്ഷിച്ചതോടെ ഡൽഹിക്കും പഞ്ചാബിനും ഓരോ പോയിന്റ് വീതം നൽകി. 10.1 ഓവറിൽ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എടുത്തു നിൽക്കുകയായിരുന്നു. പ്രിയാൻഷ് ആര്യയും (70), പ്രഭ്സിമ്രൻ സിംഗും (50*) പഞ്ചാബിനായി അർധസെഞ്ചുറി നേടി.
ടീമുകൾ ട്രെയ്നിൽ മടങ്ങും
ഡൽഹി ക്യാപ്പിറ്റൽസ്, പഞ്ചാബ് കിംഗ്സ് ടീമുകൾ ധരംശാലയിൽനിന്ന് ട്രെയ്നിൽ മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. മത്സരം ഉപേക്ഷിച്ചതിനു പിന്നാലെ ഇരുടീമിലെയും കളിക്കാരടക്കമുള്ളവർ ഹോട്ടലിൽ സുരക്ഷിതമായി എത്തിയതായും സ്ഥിരീകരിക്കപ്പെട്ടു. ടീം ഹോട്ടൽ പരിസരങ്ങളിൽ ബ്ലാക്ക്ഔട്ട് നിർദേശം ഇല്ലെന്നാണ് വിവരം.
ഇന്നത്തെ മത്സരം നടക്കുമോ?
അതേസമയം, ലക്നോയിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ലക്നോ സൂപ്പർ ജയന്റ്സും തമ്മിൽ ഇന്നു നടക്കേണ്ട മത്സരത്തെ സംബന്ധിച്ചുള്ള ആശങ്കയും ഉയർന്നിട്ടുണ്ട്. ബ്ലാക്ക്ഔട്ട് നിർദേശം നിലനിൽക്കുമെങ്കിൽ ഇന്നത്തെ ഐപിഎൽ മത്സരം മറ്റൊരു ദിനത്തിലേക്കു മാറ്റിവയ്ക്കാനാണ് സാധ്യത. ഇതിനിടെ ഗുജറാത്ത് ടൈറ്റൻസ് അടുത്ത മത്സരത്തിനായി ഡൽഹിയിലും മുംബൈ ഇന്ത്യൻസ് അഹമ്മദാബാദിലും എത്തിയതായാണ് വിവരം.
കളിക്കാരുടെ സുരക്ഷയെ കരുതി ഐപിഎൽ മത്സരങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ ഉണ്ടെന്നാണ് സൂചന.
സിന്ദൂർ: ഐപിഎൽ വേദി മാറി
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ വേദിയില്‍ മാറ്റം. 11നു ധരംശാലയില്‍ നടക്കേണ്ടിയിരുന്ന മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരം അഹമ്മദാബാദിലേക്കു മാറ്റി.
പാക്കിസ്ഥാൻ തീവ്രവാദികൾക്കെതിരേ ഇന്ത്യ നടത്തിയ സിന്ദൂര്‍ സൈനിക നടപടിയുടെ ഭാഗമായി ധരംശാല, ജമ്മു, ചണ്ഡിഗഡ് വിമാനത്താവളങ്ങള്‍ അടച്ചതിനെത്തുടര്‍ന്നാണ് മത്സരവേദിയില്‍ മാറ്റം വരുത്തിയത്. അതേസമയം, പാക് ക്രിക്കറ്റ് ലീഗിലെ വേദികളിൽ പിസിബിയും മാറ്റംവരുത്തിയിട്ടുണ്ട്.
നിരഞ്ജന ജിജു ക്യാപ്റ്റൻ
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ബാസ്കറ്റ്ബോളില്‍ കേരള വനിതാ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട നിരഞ്ജന ജിജു.
മുംബൈ: ഐപിഎല്‍ ട്വന്റി-20യുടെ ആവേശത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ പിടിച്ചുലച്ച് രോഹിത് ശര്‍മ ടെസ്റ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. തികച്ചും അപ്രതീക്ഷിതമായി, സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു രോഹിത് തന്റെ തീരുമാനം അറിയിച്ചത്. “ഏവര്‍ക്കും ഹലോ! ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണെന്ന വിവരം പങ്കിടാന്‍ ആഗ്രഹിക്കുന്നു.
വെള്ള നിറത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് പരമമായ ബഹുമതിയാണ്. വര്‍ഷങ്ങളോളം നല്കിയ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തുടരും’’-രോഹിത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഓസ്ട്രേലിയന്‍ പര്യടനത്തിലെ നാലാം ടെസ്റ്റിലാണ് രോഹിത് ഇന്ത്യക്കായി അവസാനമായി കളിച്ചത്. ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി പരമ്പരയിലെ അഞ്ചാം മത്സരത്തില്‍നിന്ന് ക്യാപ്റ്റന്‍ രോഹിത് വിട്ടുനിന്നിരുന്നു. ജൂണ്‍-ജൂലൈയില്‍ ഇംഗ്ലണ്ടിന് എതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ രോഹിത് നയിക്കുമെന്ന പ്രതീതി നില്‍ക്കേയാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍നിന്നുള്ള പടിയിറക്കം. 2024 ജൂണില്‍ ഐസിസി ലോകകപ്പ് നേട്ടത്തിനു പിന്നാലെ ട്വന്റി-20 ക്രിക്കറ്റില്‍നിന്നും രോഹിത് വിരമിച്ചിരുന്നു.
മങ്ങിയ ഫോം മോശം ഫോമിനെത്തുടര്‍ന്നാണ് രോഹിത്തിന്റെ വിരമിക്കല്‍. 2024ല്‍ 10.93 മാത്രമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റിംഗ് ശരാശരി. എട്ട് ടെസ്റ്റിലെ 15 ഇന്നിംഗ്സില്നിന്നുള്ള കണക്കാണിത്. ഇതില്‍ 10 ഇന്നിംഗ്സില്‍ ഒരക്കത്തില്‍ രോഹിത് പുറത്തായിരുന്നു എന്നതും ശ്രദ്ധേയം. 2024-25 ടെസ്റ്റ് സീസണില്‍ ചുരുങ്ങിയത് 15 ഇന്നിംഗ്സ് കളിച്ച മുന്‍നിര ബാറ്റര്‍മാരില്‍ ഏറ്റവും കുറവ് ശരാശരിയാണ് രോഹിത്തിന്റേത്.
സെഞ്ചുറിയോടെ തുടക്കം 2013 നവംബറില്‍ ഈഡന് ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരേ 177 റണ്‍സ് നേടിയായിരുന്നു രോഹിത് ശര്‍മയുടെ ടെസ്റ്റ് അരങ്ങേറ്റം. ആറാം നമ്പറായി ആയിരുന്നു അന്ന് രോഹിത് ക്രീസിലെത്തിയത്. അരങ്ങേറ്റത്തിനും ആറു വര്‍ഷത്തിനുശേഷം (2019 ഒക് ടോബറില്‍) ദക്ഷിണാഫ്രിക്കയ്ക്കെതിരേ വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചു.

ഓപ്പണറായുള്ള അരങ്ങേറ്റ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും (176, 127) സെഞ്ചുറി നേടി രോഹിത് സൂപ്പര്‍ ഹിറ്റായി. ടെസ്റ്റ് കരിയറില്‍ 116 ഇന്നിംഗ്സില്‍നിന്ന് 12 സെഞ്ചുറിയും 18 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 4301 റണ്‍സ് നേടി. 2019 ഒക് ടോബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ റാഞ്ചിയില്‍ നേടിയ 212 റണ്‍സ് ആണ് ഉയര്‍ന്ന സ്കോര്‍.
ക്യാപ്റ്റന്‍ രോഹിത് 2021ല്‍ വിരാട് കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതോടെയാണ് രോഹിത് ശര്‍മ തല്‍സ്ഥാനത്തേക്ക് എത്തിയത്. ശ്രീലങ്കയ്ക്കെതിരായ രണ്ടു മത്സര ടെസ്റ്റ് പരമ്പരയായിരുന്നു രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം. 2021-23 ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ എത്തിയത് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലാണ്. എന്നാല്‍, ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു.
2023-25 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനോട് ഹോം പരമ്പരയില്‍ 3-0നു പരാജയപ്പെട്ടത് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലെ നാണക്കേടായി. തുടര്‍ന്ന് ഓസ്ട്രേലിയന്‍ പര്യടനത്തില്‍ 3-1നു പരാജയപ്പെട്ടപ്പോള്‍, നേടിയ ഏക ജയം രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ അല്ലായിരുന്നു എന്നതും മറ്റൊരു വാസ്തവം. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 24 ടെസ്റ്റ് കളിച്ചു. 12 എണ്ണത്തില്‍ ജയം സ്വന്തമാക്കി.
രോഹിത്തിനു പകരം ഗില്‍?
മുംബൈ: രോഹിത് ശര്‍മ അപ്രതീക്ഷിതമായി ടെസ്റ്റില്‍നിന്നു വിരമിച്ചതോടെ, ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍ എത്തിയേക്കുമെന്നു സൂചന.
നിലവില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ശുഭ്മാന്‍ ഗില്ലിനാണ്. ജൂണില്‍ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരമ്പര ആരംഭിക്കുന്ന പശ്ചാത്തലത്തില്‍, ഐപിഎല്ലിനു തൊട്ടുപിന്നാലെ പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ട അവസ്ഥയിലാണ് ബിസിസിഐ. പേസര്‍ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റിലും ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
അതുകൊണ്ടുതന്നെ ദീര്‍ഘകാല ക്യാപ്റ്റനായി ബിസിസിഐ ആദ്യം പരിഗണിക്കുക ഇരുപത്തഞ്ചുകാരനായ ശുഭ്മാന്‍ ഗില്ലിനെ ആയിരിക്കും.
എജ്ജാതി ഇന്റര്‍! ബാഴ്സലോണയെ കീഴടക്കി ഇന്റര്‍ മിലാന് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍
മിലാന്: ഗംഭീരം, നാടകീയം, പ്രവചനാതീതം, ആവേശകരം, വന്യം, 13 ഗോളുകള്‍, ഒരു കൗമാരക്കാരനും അവനേക്കാള്‍ 20 വയസ് കൂടുതലുള്ള വെറ്ററനും സ്കോര്‍ഷീറ്റില്‍... ശരിക്കും ക്ലാസിക്ക്... യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സെമി ഫൈനലായി വിശേഷിപ്പിക്കപ്പെട്ട പോരാട്ടത്തില്‍ എഫ്സി ബാഴ്സലോണയെ രണ്ടാംപാദത്തിന്റെ അധിക സമയത്തെ ഗോളില്‍ 4-3നു മറികടന്ന്, ഇരുപാദങ്ങളിലുമായി 7-6ന്റെ ജയത്തോടെ ഇന്റര്‍ മിലാന് ഫൈനലില്‍.
സാന്‍ സിറോ ഷോ
ബാഴ്സലോണയില്‍ നടന്ന ആദ്യപാദ സെമിയില്‍ 3-3 സമനില പാലിച്ചായിരുന്നു മിലാനിലെ സാന്‍ സിറോ സ്റ്റേഡിയത്തില്‍ ഇരുടീമും രണ്ടാംപാദത്തിനായി ഇറങ്ങിയത്. ആദ്യപാദത്തിലേതുപോലെ ഒന്നാം പകുതിയില്‍ 2-0നു ലീഡ് നേടിയശേഷമായിരുന്നു രണ്ടാംപാദത്തിലും ഇന്റര്‍ മിലാന് നിശ്ചിത സമയത്ത് 3-3 സമനില പാലിച്ചതെന്നതും ശ്രദ്ധേയം.
21-ാം മിനിറ്റില്‍ ലൗതാരോ മാര്‍ട്ടിനെസിന്റെ ഗോളെത്തി. ആദ്യപാദത്തില്‍ ഇരട്ടഗോള്‍ നേടിയ ഡെന്‍സില്‍ ഡംഫ്രിസിന്റെ അസിസ്റ്റിലായിരുന്നു മാര്‍ട്ടിനെസിന്റെ ഗോള്‍. 43-ാം മിനിറ്റില്‍ ഇന്ററിന് അനുകൂലമായി പെനാല്‍റ്റി. ലൗതാരോ മാര്‍ട്ടിനെസിനെ ബോക്സിനുള്ളില്‍ പൗ കുബാര്‍സി വീഴ്ത്തിയതിനായിരുന്നു വിഎആറിലൂടെ റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ഹകാന്‍ ചാല്ഹനോഗ്ലുവിനു (45+1’) പിഴച്ചില്ല.
രണ്ടാം പകുതി, അധിക സമയം
രണ്ടാം പകുതിക്ക് എട്ട് മിനിറ്റ് ദൈര്ഘ്യമായപ്പോള് മുപ്പത്തേഴുകാരനായ ഫ്രാന്‍സെസ്കോ അസെര്‍ബിയുടെ ഹെഡറില്‍ ഇന്റര്‍ മിലാന് മൂന്നാമതും ബാഴ്സയുടെ വല കുലുക്കി. എന്നാല്‍, ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ന്നു. 54-ാം മിനിറ്റില്‍ ബാഴ്സ തിരിച്ചടിച്ചു. ജെറാര്‍ഡ് മാര്‍ട്ടിന്റെ അസിസ്റ്റില്‍ എറിക് ഗാര്‍സ്യയുടെ വകയായിരുന്നു ബാഴ്സയുടെ ഗോള്‍.
മാര്‍ട്ടിന്റെ അസിസ്റ്റില്‍ ഡാനി ഓള്‍മോയുടെ (60’) ഹെഡറില്‍ ബാഴ്സ 2-2 സമനിലയില്‍. എന്നാല്‍, 87-ാം മിനിറ്റില്‍ റാഫീഞ്ഞയുടെ ഗോള്‍. ആദ്യശ്രമത്തിനുശേഷം ലഭിച്ച റീബൗണ്ട് പന്ത് വലയിലാക്കി റാഫീഞ്ഞ ബാഴ്സയെ മുന്നിലെത്തിച്ചു. സ്പാനിഷ് ടീമിന്റെ ആഹ്ലാദത്തിന് ഇഞ്ചുറി ടൈമില്‍ ഇറ്റാലിയന്‍ സംഘം മറുപടി നില്‍കി. 90+3-ാം മിനിറ്റില്‍ ഡംഫ്രിസിന്റെ അസിസ്റ്റില്‍ അസെര്‍ബിയുടെ മിന്നും ഷോട്ട് ബാഴ്സ ഗോള്‍വലയുടെ മേല്‍ത്തട്ടില്‍. മത്സരം അധിക സമയത്തേക്ക്.
99-ാം മിനിറ്റില്‍ ഇന്റര്‍ മിലാനുവേണ്ടി ഡേവിഡ് ഫ്രാറ്റെസിയുടെ വിജയഗോള്‍. 79-ാം മിനിറ്റില്‍ പകരക്കാരുടെ ബെഞ്ചില്നിന്നെത്തിയതായിരുന്നു ഫ്രാറ്റെസി. സാന്‍ സിറോ സ്റ്റേഡിയം തിരമാലയായ നിമിഷം. ബാഴ്സയുടെ പതിനേഴുകാരനായ സൂപ്പര്‍ താരം ലാമിന് യമാല്‍ അടക്കം ഇന്ററിന്റെ ഗോള്‍ മുഖത്തു സമ്മര്‍ദം ചെലുത്തിയെങ്കിലും കോട്ടവാതില്‍ തകര്‍ന്നില്ല.
ഏഴാം ഫൈനല്‍
ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാന് ഫൈനലില്‍ പ്രവേശിക്കുന്നത് ഇത് ഏഴാം തവണ. 2022-23 സീസണിലാണ് അവസാനമായി ഇന്റര്‍ ഫൈനല്‍ കളിച്ചത്. മൂന്നു തവണ (1964, 1965, 2010) ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട ചരിത്രവും ഇന്റര്‍ മിലാനു സ്വന്തം.
13 ഗോള്‍
യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ചരിത്രത്തിലെ റിക്കാര്‍ഡ് സ്കോറിംഗ് പോരാട്ടമായിരുന്നു ഇന്റര്‍ മിലാനും (7) ബാഴ്സലോണയും (6) തമ്മില്‍ അരങ്ങേറിയത്. ഇരുപാദങ്ങളിലുമായി 13 ഗോള്‍ പിറന്നു. 2017-18 സീസണില്‍ ലിവര്‍പൂള്‍ എഫ്സിയും എഎസ് റോമയും സെമിയില്‍ 13 ഗോള്‍ സ്കോര്‍ ചെയ്തു. ആദ്യപാദത്തില്‍ ലിവര്‍പൂളും (5-2) രണ്ടാംപാദത്തില്‍ റോമയും (4-2) ജയം നേടിയിരുന്നു.
ഹാര്‍ദിക്കിന് 24 ലക്ഷം പിഴ
മുംബൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തില്‍ സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു പിഴ ശിക്ഷ. സീസണില്‍ ഇതു രണ്ടാം തവണയാണ് സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ ഹാര്‍ദിക്കിനു പിടിവീഴുന്നത്. 24 ലക്ഷം രൂപയാണ് പിഴ.
മത്സരത്തില്‍ മഴനിയമത്തിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് മൂന്നു വിക്കറ്റ് ജയം സ്വന്തമാക്കി. മഴയെത്തുടര്‍ന്ന് രണ്ടു തവണ മത്സരം നിര്‍ത്തിവച്ചശേഷം, ഒരു ഓവറില്‍ 15 റണ്‍സായി ഗുജറാത്തിന്റെ ലക്ഷ്യം നിര്‍ണയിക്കപ്പെട്ടു.
അതോടെ 19 ഓവറില്‍ 147 എന്നതായി ഗുജറാത്തിന്റെ ലക്ഷ്യം. ദീപക് ചാഹര്‍ എറിഞ്ഞ 19-ാം ഓവറിലെ അവസാന പന്തില്‍ സിംഗിള്‍ എടുത്ത് ഗുജറാത്ത് ജയം സ്വന്തമാക്കി. റണ്ണൗട്ട് അവസരം ഹര്‍ദിക് പാഴാക്കിയതും ഗുജറാത്തിനു ഗുണമായി. സ്കോര്‍: മുംബൈ 155/8 (20). ഗുജറാത്ത് 147/7 (19).
കോൽക്കത്ത: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സിന് സീസണിലെ മൂന്നാം ജയം. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് വിക്കറ്റിന് സിഎസ്കെ കീഴടക്കി. ഡെവാൾഡ് ബ്രെവിസ് (25 പന്തിൽ 52), ശിവം ദുബെ (40 പന്തിൽ 45) എന്നിവരാണ് ചെന്നൈയുടെ ടോപ് സ്കോറർമാർ. സ്കോർ: കോൽക്കത്ത 179/6 (20). ചെന്നൈ 183/8 (19.4).
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (33 പന്തിൽ 48) ടോപ് സ്കോററായി. ആന്ദ്രേ റസൽ (21 പന്തിൽ 38), മനീഷ് പാണ്ഡെ (28 പന്തിൽ 36 നോട്ടൗട്ട്), സുനിൽ നരെയ്ൻ (17 പന്തിൽ 26) എന്നിവരും കെകെആറിനായി ബാറ്റിംഗിൽ തിളങ്ങി. ചെന്നൈ സൂപ്പർ കിംഗ്സിന്റെ നൂർ അഹമ്മദ് 31 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
കൊളംബോ: ത്രിരാഷ്ട്ര വനിതാ ഏകദിന ക്രിക്കറ്റിൽ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ഫൈനലിൽ. ബാറ്റർമാരുടെ പൂരപ്പറന്പായി മാറിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 23 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ കടന്നു. ജെമീമ റോഡ്രിഗസാണ് (101 പന്തിൽ 123 റണ്‍സ്) കളിയിലെ താരം. സ്കോർ: ഇന്ത്യ: 50 ഓവറിൽ 337/9. ദക്ഷിണാഫ്രിക്ക: 50 ഓവറിൽ 314/7.
കോട്ടയം: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ബാസ്കറ്റ്ബോളില്‍ കേരളത്തെ നിരഞ്ജന ജിജു നയിക്കും. ടീം: നിര്ഞ്ജന ജിജു, കെ. ആര്‍തിക, പി. ദേവാംഗന, ക്ലൗഡിയ ഒണ്ടന്, ദിയ ബിജു, അഡെലിന് മരിയ ജോസ്, എ.ബി. വര്‍ഷ, അയന മറിയം ഫിലിപ്പ്, ഇ.എസ്. അനന്യ മോള്, എ.ആര്. അനഘ, ടെസ ഹര്ഷന്. കോച്ച്: എം.എ. നിക്കോളാസ്.
സൂപ്പർ ത്രില്ലറിൽ ഗുജറാത്ത് ടൈറ്റൻസിനു മൂന്നു വിക്കറ്റ് ജയം
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാംദിനവും മഴയെത്തിയെങ്കിലും മത്സരം നനഞ്ഞൊലിച്ചില്ല. ബൗളർമാർ അരങ്ങുവാണ ത്രില്ലർ പോരാട്ടത്തിൽ മഴനിയമത്തിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് ടൈറ്റൻസ് മൂന്നു വിക്കറ്റിനു മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു.
156 റൺസ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഗുജറാത്ത് 14 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 107 റൺസിൽ നിൽക്കുന്പോഴായിരുന്നു ആദ്യം മഴ എത്തിയത്. മത്സരം വീണ്ടും ആരംഭിച്ചെങ്കിലും 18 ഓവറിൽ 132/6 എന്ന നിലയിൽ ഗുജറാത്ത് നിൽക്കുന്പോൾ വീണ്ടും മഴയെത്തി.
മഴനിയമത്തിന്റെ അടിസ്ഥാനത്തിൽ ഗുജറാത്തിന് അപ്പോൾ ജയിക്കാൻ 137 റൺസ് വേണ്ടിയിരുന്നു. എന്നാൽ, അർധരാത്രി 12.30ന് ഗുജറാത്തിന്റെ ലക്ഷ്യം ഒരു ഓവറിൽ 15 റൺസാക്കി നിശ്ചയിക്കപ്പെട്ടു. ദീപക് ചാഹർ എറിഞ്ഞ മഴ നിയമത്തിലെ "സൂപ്പർ ഓവറിൽ' ഗുജറാത്ത് ജയം സ്വന്തമാക്കി.
ജാക്സ്, സൂര്യകുമാര്‍; ബാക്കി ഒരക്കം
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണര്‍മാരായ റയാന് റിക്കല്‍ട്ടനും (2) രോഹിത് ശര്‍മയും (7) തുടക്കത്തിലേ പുറത്ത്. മൂന്നാം വിക്കറ്റില്‍ വില്‍ ജാക്സും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ടീമിനെ മുന്നോട്ടു നയിച്ചു. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് എന്ന നിലയില്‍ ഒന്നിച്ച ഇരുവരും ചേര്‍ന്ന് സ്കോര്‍ 97ല്‍ എത്തിച്ചശേഷമാണ് പിരിഞ്ഞത്.
24 പന്തില്‍ അഞ്ച് ഫോറിന്റെ സഹായത്തോടെ 35 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനെ സായ് കിഷോര്‍ ഷാരൂഖ് ഖാന്റെ കൈകളിലെത്തിച്ചു. സ്കോര്‍ 11.4 ഓവറില്‍ 103ല്‍ നില്ക്കുമ്പോള് വില്‍ ജാക്സും പുറത്ത്. റാഷിദ് ഖാന്റെ പന്തില്‍ സായ് സുദര്‍ശനു ക്യാച്ച് നല്‍കിയായിരുന്നു വില്‍ ജാക്സ് മടങ്ങിയത്. 35 പന്തില്‍ മൂന്നു സിക്സും അഞ്ച് ഫോറും അടക്കം 53 റണ്‍സ് ജാക്സ് സ്വന്തമാക്കി.
പിന്നീട് മുംബൈ ഇന്ത്യന്‍സ് ബാറ്റര്‍മാരുടെ പവലിയന് ഘോഷയാത്രയായിരുന്നു വാങ്കഡേ സ്റ്റേഡിയത്തില്‍ കണ്ടത്. തിലക് വര്‍മ (7), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (1), നമാന്‍ ധിര്‍ (7) എന്നിവരും ഒരക്കത്തില്‍ പുറത്ത്.
സൂര്യകുമാറും വില്‍ ജാക്സും ഒഴികെ മുംബൈയുടെ ബാറ്റിംഗ് നിരയിലെ ആദ്യ ഏഴു പേരിൽ മറ്റാരും രണ്ടക്കം കണ്ടില്ല. എട്ടാമനായി ക്രീസിലെത്തിയ കോർബിൻ ബോഷ് (22 പന്തിൽ രണ്ടു സിക്സും ഒരു ഫോറും അടക്കം 27 റൺസ്) മാത്രമാണ് പിന്നീട് രണ്ടക്കം കണ്ടത്.
സൂര്യകുമാര്‍ യാദവ് 500+
ഇന്നലത്തെ ഇന്നിംഗ്സോടെ 2025 ഐപിഎല്ലില്‍ സൂര്യകുമാര്‍ യാദവ് 500 റണ്‍സ് കടന്നു. ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഏറ്റവും കൂടുതല്‍ പ്രാവശ്യം 500+ റണ്‍സ് നേടുന്ന താരമെന്ന റിക്കാര്‍ഡും സൂര്യകുമാര്‍ ഇതോടെ സ്വന്തമാക്കി.
മൂന്നാം തവണയാണ് (2018, 2023, 2015) സൂര്യകുമാര്‍ ഒരു സീസണില്‍ 500+ റണ്‍സ് നേടുന്നത്. സച്ചിന് തെണ്ടുല്‍ക്കര്‍ (2010, 2011), ക്വിന്റണ്‍ ഡികോക്ക് (2019, 2020) എന്നിവര്‍ക്കൊപ്പം ഇതുവരെ ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു സൂര്യകുമാര്‍ യാദവ്.
ഡല്‍ഹിയുടെ വഴിയില്‍ കല്ലുംമുള്ളും...
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 എഡിഷനില്‍ പ്ലേ ഓഫില്‍ കടക്കാമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരേ തിങ്കളാഴ്ച ബാറ്റിംഗില്‍ തകര്‍ന്നെങ്കിലും മഴയെത്തിയതോടെ പോയിന്റ് പങ്കുവച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ് തടിതപ്പി.
മത്സരം ഉപേക്ഷിച്ചതോടെ 11 മത്സരങ്ങളില്‍നിന്ന് ഏഴു പോയിന്റ് മാത്രമുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് പുറത്ത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. എന്നാല്‍, അക്സര്‍ പട്ടേല്‍ നയിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പ്ലേ ഓഫ് സ്വപ്നം അത്ര എളുപ്പത്തില്‍ ഫലം കാണില്ല.
ശേഷിക്കുന്ന മൂന്നു മത്സരങ്ങളും ജയിച്ചാല്‍ ലീഗ് ടേബിളില്‍ ചുരുങ്ങിയത് രണ്ടാം സ്ഥാനത്തെങ്കിലും ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ഫിനിഷ് ചെയ്യാം. അതേസമയം, മൂന്നു മത്സരങ്ങളും പരാജയപ്പെട്ടാല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് പുറത്താകും.
കാത്തിരിക്കുന്നത് വമ്പന്മാര്
പ്ലേ ഓഫില്‍ പ്രവേശിക്കണമെങ്കില്‍ ആദ്യ നാലു സ്ഥാനത്തിനുള്ളില്‍ ഫിനിഷ് ചെയ്യണം. നിലവില്‍ അഞ്ചാം സ്ഥാനക്കാരാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഇനി അവര്‍ക്കു നേരിടേണ്ടത് ആദ്യ നാലു സ്ഥാനത്തിനുള്ളിലുള്ള ടീമുകളെയാണെന്നതും ശ്രദ്ധേയം. പഞ്ചാബ് കിംഗ്സ് (എട്ടാം തീയതി), ഗുജറാത്ത് ടൈറ്റന്‍സ് (11ന്), മുംബൈ ഇന്ത്യന്‍സ് (15ന്) എന്നീ കരുത്തരെയാണ് ശേഷിക്കുന്ന മത്സരങ്ങളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു നേരിടേണ്ടത്. പ്ലേ ഓഫിലേക്കുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വഴി അത്ര സുഗമമല്ലെന്നു ചുരുക്കം.
18-ാം സീസണ് ഐപിഎല്ലില്‍ ലീഗ് റൗണ്ടില്‍ ഇന്നത്തെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് x ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടം ഉള്‍പ്പെടെ ആകെ ശേഷിക്കുന്നത് 14 മത്സരങ്ങള്‍ മാത്രം. പ്ലേ ഓഫ് കാണാതെ പുറത്തായത് ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന് റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ മൂന്നു ടീമുകള്‍. പ്ലേ ഓഫിനായുള്ള നാലു സ്ഥാനങ്ങള്‍ക്കായി പോരാട്ട രംഗത്തുള്ളത് ബാക്കിയുള്ള ഏഴ് ടീമുകളും.
ഒരു ജയം, ആര്‍സിബി അകത്ത്
നിലവില്‍ 11 മത്സരങ്ങളില്‍നിന്ന് 16 പോയിന്റുള്ള റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്, ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ ഒരു ജയം സ്വന്തമാക്കാന്‍ സാധിച്ചാല്‍ പ്ലേ ഓഫ് ഉറപ്പാക്കാം. എന്നാല്‍, ശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും ജയിച്ചാല്‍ പോലും ആദ്യ രണ്ടു സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ സാധിച്ചേക്കില്ല എന്ന അവസ്ഥയും ആര്‍സിബിക്കുണ്ട്. കാരണം, ചുരുങ്ങിയത് മൂന്നു ടീമുകള്‍ക്ക് ഇരുപതോ അതില്‍ കൂടുതലോ പോയിന്റ് നേടാനുള്ള സാഹചര്യമുണ്ട്. ലക്നോ, ഹൈദരാബാദ്, കോല്‍ക്കത്ത ടീമുകളാണ് ബംഗളൂരുവിന്റെ വരും മത്സരങ്ങളിലെ എതിരാളികള്‍. ലക്നോ സൂപ്പര്‍ ജയന്റ്സിന് എതിരേ വെള്ളിയാഴ്ചയാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ അടുത്ത മത്സരം.
പഞ്ചാബ് കിംഗ്സ്, മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, ലക്നോ സൂപ്പര്‍ ജയന്റ്സ് എന്നീ ടീമുകളും പ്ലേ ഓഫിലേക്കു കണ്ണുനട്ടിരിക്കുകയാണ്. ഈ മൂന്നു ടീമുകള്‍ക്കും ശേഷിക്കുന്ന മത്സരങ്ങളില്‍ ചുരുങ്ങിയത് രണ്ടു ജയമെങ്കിലും സ്വന്തമാക്കണം.
കണക്കുകള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മഴ, മറ്റു മത്സര ഫലങ്ങള്‍ എന്നിവയെല്ലാം നിലവിലെ സാധ്യതകള്‍ തകിടം മറിച്ചേക്കാം. അതുകൊണ്ട് പ്ലേ ഓഫ് ചിത്രം തെളിയുന്നതിനായി കാത്തിരിക്കാം...
പിഎസ്ജി x ആഴ്സണല്‍ രണ്ടാംപാദ സെമി രാത്രി 12.30ന്
പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ രണ്ടാം ഫൈനല്‍, കന്നിക്കിരീടം എന്നീ മോഹങ്ങളുമായി രണ്ടു ടീമുകള്‍ ഈ രാത്രി നേര്‍ക്കുനേര്‍.
ഇംഗ്ലീഷ് ക്ലബ് ആഴ്സണലും ഫ്രഞ്ച് ടീം പാരീസ് സെന്റ് ജെര്മനുമാണ് 2024-25 സീസണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ടിക്കറ്റിനായി ഇന്ത്യന്‍ സമയം ഇന്നു രാത്രി 12.30നു മുഖാമുഖം ഇറങ്ങുന്നത്. ഇരുടീമും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിന്റെ വേദി പാരീസാണ്.
നോര്‍ത്ത് ലണ്ടനില്‍ നടന്ന ആദ്യപാദ സെമിയില്‍ പിഎസ്ജി 1-0നു ജയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ രാത്രി അരങ്ങേറുന്ന രണ്ടാംപാദത്തില്‍ ആതിഥേയരായ പിഎസ്ജിക്കാണ് മാനസിക മുന്‍തൂക്കം.
ചരിത്രം കുറിക്കുമോ?
ആഴ്സണലിനെതിരേ എവേ പോരാട്ടത്തില്‍ കഴിഞ്ഞ ആറു മത്സരങ്ങളില്‍ ആദ്യ ജയം നേടിയശേഷമാണ് പിഎസ്ജി സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇന്നിറങ്ങുന്നത്. ആദ്യപാദ സെമിക്കു മുമ്പ് അഞ്ച് തവണ ലണ്ടനില്‍ കളിച്ചതില്‍ പിഎസ്ജി മൂന്നു പ്രാവശ്യം തോറ്റിരുന്നു, രണ്ടു മത്സരം സമനിലയില്‍ പിരിഞ്ഞു. എന്നാല്‍, പഴയ ചരിത്രം തിരുത്തിയാണ് പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്കുള്ള ആദ്യ ചുവടുവച്ചിരിക്കുന്നത്.
ഹോം മത്സരത്തില്‍ തോറ്റശേഷം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിക്കുന്ന മൂന്നാമതു ടീം എന്ന നേട്ടം കുറിക്കുകയാണ് ആഴ്സണലിന്റെ ലക്ഷ്യം. ആദ്യപാദ സെമിയില്‍ പരാജയപ്പെട്ടശേഷം നെതര്‍ലന്‍ഡ്സില്‍നിന്നുള്ള അയാക്സ് (1995-96), ഇംഗ്ലണ്ടിലെ ടോട്ടന്‍ഹാം ഹോട്ട്സ്പുര്‍ (2018-19) എന്നീ ടീമുകള്‍ മാത്രമാണ് ഇതുവരെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചിട്ടുള്ളൂ.
രണ്ടാം ഫൈനല്‍
ആരു ഫൈനലില്‍ പ്രവേശിച്ചാലും അത് അവരുടെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീട പോരാട്ടമാണ്. 2005-06 സീസണിലാണ് ആഴ്സണലിന്റെ ഏക ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. പിഎസ്ജിയുടേത് 2019-20 സീസണും.
ഇരുടീമിനും ചാമ്പ്യന്‍സ് ലീഗ് ട്രോഫി സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. 2005-06 ഫൈനലില്‍ ആഴ്സണല്‍ 1-2നു ബാഴ്സലോണയോടു പരാജയപ്പെട്ടു. പിഎസ്ജിയുടെ ഫൈനല്‍ തോല്‍വി ബയേണ്‍ മ്യൂണിക്കിനോടായിരുന്നു, 1-0.
പ്രതിരോധ സൗന്ദര്യം ലൂയിസ് ഗാല്‍വന്‍ ഓർമയായി
ബുവാനോസ് ആരീസ്: 1978ല്‍ അര്‍ജന്റീനയുടെ പ്രഥമ ഫിഫ ലോകകപ്പ് കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ലൂയിസ് ഗാല്‍വന്‍ (77) അന്തരിച്ചു.
സെന്റര്‍ ബാക്ക് പൊസിഷനില്‍ കളിച്ചിരുന്ന ഗാല്‍വന്‍, 1978 ലോകകപ്പില്‍ അര്‍ജന്റീനയുടെ എല്ലാ മത്സരങ്ങളിലും കളത്തില്‍ ഇറങ്ങിയിരുന്നു. വൃക്ക രോഗത്തെത്തുടര്‍ന്നു ചികിത്സയിലിരിക്കേയാണ് അന്ത്യം.
ഗാല്‍വന്‍ - പാസരെല്ല
1978ല്‍ അര്‍ജന്റീന ലോകകപ്പ് ചാമ്പ്യന്മാരാകുന്നതില് സെന്‍ട്രല്‍ ബാക്ക് ഡിഫെന്‍സ് നിര്‍ണായകമായിരുന്നു. ഗാല്വനും അര്‍ജന്റൈന്‍ ക്യാപ്റ്റനായ ഡാനിയേല്‍ പാസരെല്ലയുമായിരുന്നു ടീമിന്റെ സെന്‍ട്രല്‍ ഡിഫെന്‍സ് നിയന്ത്രിച്ചത്.
നെതര്‍ലന്‍ഡ്സിന്റെ സൂപ്പര്‍ ടീമിനെ ഫൈനലില്‍ ഒന്നിനെതിരേ മൂന്നു ഗോളിനു കീഴടക്കി അര്‍ജന്റീന കപ്പുയര്‍ത്തി. അര്‍ജന്റൈന്‍ തലസ്ഥാനമായ ബുവാനോസ് ആരീസില്‍ അധിക സമയത്തേക്കു നീണ്ട പോരാട്ടത്തിലായിരുന്നു ഗാല്വനും പാസരെല്ലയും മാരിയോ കെംപ്സും അടങ്ങുന്ന അര്‍ജന്റൈന്‍ ടീമിന്റെ ലോകകപ്പ് കിരീടധാരണം.