ചൂട് കൂടിയാൽ കോഴികളിൽ മുട്ട ഉത്പാദനം കുറയും
Friday, May 16, 2025 10:51 AM IST
കൊടും ചൂടും ഉയർന്ന താപനിലയും മൂലം കോഴികളിൽ മരണനിരക്ക് കൂടുക മാത്രമല്ല, മുട്ട ഉത്പാദനത്തിൽ കാര്യമായ കുറവുണ്ടാകുകയും ചെയ്യും. കോഴികൾ മുട്ടയിടുന്ന സ്ഥലത്തെ താപനില 23.8 ഡിഗ്രി സെന്റിഗ്രേഡ് ആകുന്നതാണ് ഉത്തമം. 29.4 ഡിഗ്രി വരെ കുഴപ്പമില്ല.
എന്നാൽ, മുട്ടയിടുന്ന സ്ഥലത്തെ ഊഷ്മാവ് 32.3 ഡിഗ്രിക്ക് മുകളിലാകുന്പോൾ പക്ഷികൾ അസ്വസ്തരാകുകയും തീറ്റ എടുക്കുന്നതു കുറയുകയും ചെയ്യും. ഇതുവഴി മുട്ട, ഇറച്ചി ഉത്പാദനം കുറയും. ചൂട് 37.8 ഡിഗ്രിയിൽ കൂടുതൽ ആയാൽ മരണനിരക്ക് വളരെ കൂടും.
കോഴികളുടെ സ്വാഭാവിക ശരീര താപനില 41 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഉയർന്ന അന്തരീക്ഷ ആർദ്രതയും, 30 ഡിഗ്രി സെൽഷ്യസിന് മീതെ അന്തരീക്ഷ താപനില ഉയരുന്നതും കോഴികളുടെ ശരീര താപനിയന്ത്രണ സംവിധാനത്തെ തകരാറിലാക്കും.
താപനില 32 ഡിഗ്രിക്ക് മുകളിൽ ഓരോ ഡിഗ്രി വർധിക്കുംതോറും തീറ്റപരിവർത്തന ശേഷിയും, വളർച്ചയും 5 ശതമാനം വരെ കുറയും. മാത്രമല്ല, പ്രതിരോധശേഷി കുറയുന്നതു കാരണം കോഴിവസന്ത, കോഴിവസൂരി, കണ്ണ് രോഗങ്ങൾ, കോക്സിഡിയോസിസ്, അടക്കമുള്ള രോഗങ്ങളും പിടിക്കാൻ സാധ്യതയുണ്ട്.