ലൈസന്‍സ് നഷ്ടപ്പെട്ട് ബ്ലാസ്റ്റേഴ്സ്
Saturday, May 17, 2025 12:00 AM IST
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെ അഞ്ച് ഐഎസ്എല്‍ ക്ലബ്ബുകള്‍ക്ക് പ്രീമിയര്‍ വണ്‍ ലൈസന്‍സ് നിഷേധിച്ച് ഓള് ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന് (എഐഎഫ്എഫ്). ലൈസന്‍സിനുള്ള എ, ബി മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് ലൈസന്‍സ് നിഷേധിച്ചതെന്ന് എഐഎഫ്എഫ് പത്രക്കുറിപ്പില്‍ അറിയിച്ചു.
രണ്ട് ഐ ലീഗ് ക്ലബ്ബുകള്‍ക്കും പ്രീമിയര്‍ വണ്‍ ലൈസന്‍സ് ലഭിച്ചില്ല. ഹോം ഗ്രൗണ്ടായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് സുരക്ഷയില്ലെന്നതുള്‍പ്പെടെ മൂന്നു കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബ്ലാസ്റ്റേഴ്സിന് ലൈസന്‍സ് നിഷേധിച്ചതെന്നാണു സൂചന.
ഐഎസ്എല്‍ ക്ലബ്ബുകളായ ഒഡീഷ എഫ്സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ഹൈദരാബാദ് എഫ്സി, മുഹമ്മദന്‍സ് സ്പോര്‍ട്ടിംഗ് എന്നിവയ്ക്കും ഐ ലീഗ് ചാമ്പ്യന്മാരായ ചര്‍ച്ചില്‍ ബ്രദേഴ്സ്, ഇന്റര്‍ കാശി ക്ലബ്ബുകള്‍ക്കുമാണ് പ്രീമിയര്‍ വണ്‍ ലൈസന്‍സ് നിഷേധിക്കപ്പെട്ടത്.
തീരുമാനത്തിനെതിരേ ക്ലബ്ബുകള്‍ക്ക് അപ്പീല്‍ നല്‍കാനും ദേശീയ ക്ലബ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഇളവ് തേടാനും അവസരമുണ്ട്. ലൈസന്‍സ് ഉണ്ടെങ്കില്‍ മാത്രമേ ക്ലബ്ബുകള്‍ക്ക് എഎഫ്സി ക്ലബ് മത്സരങ്ങളിലും ഐഎസ്എലിലും പങ്കെടുക്കാനാകൂ.
ജിസിഡിഎയുടെ ഉടമസ്ഥതയിലാണ് കലൂര്‍ സ്റ്റേഡിയം. കരാറടിസ്ഥാനത്തിലാണു ബ്ലാസ്റ്റേഴ്സിന് ഗ്രൗണ്ട് അനുവദിച്ചിരിക്കുന്നത്. കലൂര്‍ സ്റ്റേഡിയത്തിനുചുറ്റും കടകളും ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. മത്സരദിവസങ്ങളില്‍ മാത്രമാണു കടകള്‍ അടച്ചിടാറുള്ളത്.
അതേസമയം, ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള അപകടകരമായ വസ്തുക്കള്‍ ഇതിനകത്തുതന്നെ സൂക്ഷിക്കുകയും ചെയ്യും. ഉമാ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട സംഭവം, സ്റ്റേഡിയം കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്റ്ററന്റിലെ പൊട്ടിത്തെറി എന്നിവയ്ക്കു പിന്നാലെ സ്റ്റേഡിയത്തിന്റെ നിലവാരത്തെക്കുറിച്ചും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനുതന്നെ പരസ്യ പ്രസ്താവന ഇറക്കേണ്ടിവന്നിരുന്നു.
ലൈസന്‍സ് നിരസിക്കപ്പെട്ടതിന്റെ കാരണം ക്ലബ്ബിന്റെ നിയന്ത്രണത്തിന് അതീതമായ കാര്യമാണെന്നാണ് ക്ലബ് മാനേജ്മെന്റിന്റെ വിശദീകരണം. അതേസമയം, ക്ലബ്ബില്‍ നിലവിലുള്ള സാമ്പത്തികപ്രതിസന്ധിയും അക്കാഡമികളുടെ നടത്തിപ്പിലെ വീഴ്ചയും ലൈസന്‍സ് നിഷേധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് സൂചനയുണ്ട്. കഴിഞ്ഞ വര്‍ഷവും ഇക്കാരണങ്ങളാല്‍ കേരള ബ്ലാസ്റ്റേഴ്സിന് ലൈസന്‍സ് നഷ്ടമായിരുന്നു.
സമീപവര്‍ഷങ്ങളില്‍ 2023ല്‍ മാത്രമാണ് ക്ലബ്ബിന് ലൈസന്‍സ് ലഭിച്ചിരുന്നത്. പ്രശ്ന പരിഹാരത്തിനായി ബന്ധപ്പെട്ടവരുമായി സജീവ ചര്‍ച്ച നടത്തുന്നുണ്ടെന്ന് ക്ലബ് മാനേജ്മെന്റ് പറയുന്നു.