സ്പാനിഷ് ലാ ലിഗ കിരീടം ബാഴ്സലോണയ്ക്ക്
Saturday, May 17, 2025 12:00 AM IST
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ 2024-25 സീസണ് കിരീടം എഫ്സി ബാഴ്സലോണയ്ക്ക്. നാട്ടുശത്രുക്കളായ എസ്പാന്യോളിനെ അവരുടെ തട്ടകത്തില്‍വച്ച് 2-0നു കീഴടക്കിയതോടെയാണ് ബാഴ്സലോണ കിരീടം ഉറപ്പാക്കിയത്.
സീസണില്‍ രണ്ടു മത്സരങ്ങള്‍ ബാക്കിനില്‍ക്കേയാണ് ഹന്‍സി ഫ്ളിക്കിന്റെ ശിഷ്യഗണം ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയതെന്നതും ശ്രദ്ധേയം. 38 റൗണ്ടുള്ള ലീഗില്‍ 36 മത്സരങ്ങളില്‍ നിന്ന് 85 പോയിന്റായി ബാഴ്സലോണയ്ക്ക്. രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിന് 36 മത്സരങ്ങളില്‍ 78 പോയിന്റാണ്. 70 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.
വണ്ടര്‍ യമാല്‍
കറ്റാലന്‍ ഡെര്‍ബിയില്‍, ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം 53-ാം മിനിറ്റില്‍ കൗമാര സൂപ്പര്‍ താരം ലാമിന് യമാലിന്റെ മിന്നും ഗോളിലായിരുന്നു ബാഴ്സലോണ ലീഡ് നേടിയത്. വലത് ടച്ച് ലൈനില്‍നിന്ന് പന്ത് നിയന്ത്രണത്തിലാക്കിയ യമാല്‍, ബോക്സിന്റെ വരയ്ക്കു സമാന്തരമായി മുന്നേറി.
ഓട്ടത്തിനിടെ എസ്പാന്യോളിന്റെ രണ്ട് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഡി സര്‍ക്കിളിനു സമീപത്തുനിന്നു തൊടുത്ത ഷോട്ടിലൂടെ പന്ത് വളച്ച് ഗോള്‍ പോസ്റ്റിന്റെ മേല്‍ത്തട്ടില്‍ നിക്ഷേപിച്ചു. 90+6-ാം മിനിറ്റില്‍ പതിനേഴുകാരനായ യമാലിന്റെ അസിസ്റ്റില്‍ ഫെര്‍മിന്‍ ലോപ്പസ് ബാഴ്സലോണയുടെ രണ്ടാം ഗോള്‍ സ്വന്തമാക്കി.
28-ാം ലാ ലിഗ കിരീടം
എഫ്സി ബാഴ്സലോണ 28-ാം തവണയാണ് സ്പാനിഷ് ലാ ലിഗ കിരീടം സ്വന്തമാക്കുന്നത്. 2022-23 സീസണിലായിരുന്നു അവസാന ലാ ലിഗ നേട്ടം. 2024-25 സീസണില്‍ സ്പെയിനില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്താനും എഫ്സി ബാഴ്സയുടെ യുവപ്രതിഭകള്‍ക്കു സാധിച്ചു.
ലാ ലിഗ കിരീടത്തിനു മുമ്പ്, സീസണിലെ മറ്റു സുപ്രധാന രണ്ടു ട്രോഫികളായ കോപ്പ ഡെല്‍ റേ, സൂപ്പര്‍ കോപ്പ എന്നിവയും ബാഴ്സലോണ സ്വന്തമാക്കിയിരുന്നു. ഈ സീസണില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് മാത്രമേ ഹന്‍സി ഫ്ളിക്കിന്റെയും കുട്ടികളുടെയും കൈപ്പിടിയില്‍ ഒതുങ്ങാതിരുന്നുള്ളൂ. കോപ്പ ഡെല്‍ റേയിലും സൂപ്പര്‍ കോപ്പയിലും റയല്‍ മാഡ്രിഡിനെ ഫൈനലില്‍ കീഴടക്കിയായിരുന്നു ബാഴ്സലോണയുടെ ചുണക്കുട്ടികള്‍ വെന്നിക്കൊടി പാറിച്ചതെന്നതും ശ്രദ്ധേയം.