പാപ്പുവ ന്യൂ ഗിനിയയിൽ പോളിയോ ബാധ
Saturday, May 17, 2025 12:00 AM IST
ജനീവ: പാപ്പുവ ന്യൂ ഗിനിയയിൽ വീണ്ടും പോളിയോ പടരാൻ തുടങ്ങിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രണ്ടു കുട്ടികൾ രോഗബാധിതരായിട്ടുണ്ട്. രാജ്യത്ത് അടിയന്തരമായി വാക്സിൻ വിതരണം ആരംഭിക്കാനാണു സംഘടന നിർദേശിച്ചിരിക്കുന്നത്.
പാപ്പുവ ന്യൂ ഗിനിയ രണ്ടായിരത്തിൽ പോളിയോ മുക്തമാണെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2018ൽ വീണ്ടും രാജ്യത്ത് രോഗം പ്രത്യക്ഷപ്പെട്ടു. അതേ വർഷംതന്നെ വാക്സിനേഷനിലൂടെ രോഗബാധ നിയന്ത്രിക്കാനായി.
പ്രധാനമായും അഞ്ചുവയസിൽ താഴെയുള്ള കുട്ടിൾക്കാണു രോഗം പിടിപെടുന്നത്. രോഗബാധിതരുടെ മലത്തിൽനിന്നും തുമ്മൽ, ചുമ എന്നിവയിലൂടെ ഉമിനീരിൽനിന്നും പോളിയോ വൈറസ് മറ്റൊരാളിലേക്കു പടരാം.