"സിനിമാ വർത്തമാനം' സെമിനാർ സംഘടിപ്പിച്ച് കേളി ജരീർ യൂണിറ്റ്
Friday, May 16, 2025 3:15 PM IST
റിയാദ്: കേളി കലാ സാംസ്കാരികവേദി മാലാസ് ഏരിയ-ജരീർ യൂണിറ്റിന്റെ നാലാം സമ്മേളനത്തിന് മുന്നോടിയായി ചെറീസ് റസ്റ്റോറന്റിൽ "സിനിമാ വർത്തമാനം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ഓരോരുത്തർക്കും തങ്ങളുടെ മൂന്ന് സിനിമാ കാഴ്ചപ്പാടുകൾ, അനുഭവങ്ങൾ എന്നിവ പങ്കുവയ്ക്കുവാനും ഒരു കാലത്ത് ലോകത്തിന്റെ നെറുകയിൽ നിന്നിരുന്ന മലയാള സിനിമ വയലൻസിലേക്കും മറ്റും ഗതി മാറിയോ എന്ന അന്വേഷണവുമായിരുന്നു പ്രധാനമായും സെമിനാർ.
യൂണിറ്റ് ട്രഷർ രാഗേഷ് നമ്മുടെ നിത്യജീവിതമായി ഇഴചേർന്നു കിടക്കുന്ന സിനിമകളിൽ "എഐ' സാങ്കേതിക വിദ്യ അനുഭവവേദ്യമാകുന്ന വർത്തമാന കാലത്ത് എന്തെല്ലാം മാറ്റങ്ങൾ ആധുനിക സിനിമാ വ്യവസായത്തിലും ഉള്ളടക്കത്തിലും ഉണ്ടാകുന്നു എന്ന ചോദ്യമുയർത്തികൊണ്ട് എല്ലാവരെയും പരിപാടിയിലക്ക് സ്വാഗതം ചെയ്തു.
റിയാദിലെ അറിയപ്പെടുന്ന എഴുത്തുകാരനും അധ്യാപകനുമായ ഫൈസൽ ഗുരുവായൂർ സെമിനാർ ഉദ്ഘാടനം ചെയ്തു. ഫൈസൽ കൊണ്ടോട്ടി സിനിമ വഴി തെറ്റുമ്പോഴെല്ലാം രാഷ്ട്രീയ സാമൂഹിക ഇടപെടലുകൾ ഉണ്ടാകുന്നതിനെപ്പറ്റി സൂചിപ്പിച്ചു കൊണ്ട് വിഷയം അവതരിപ്പിച്ചു. ശേഷം ലഹരിവിരുദ്ധ അവാർഡ് വിന്നിംഗ് ഷോർട്ട് ഫിലിം തളിരിന്റെ പ്രദർശനവും സംവിധായകനുമായുള്ള ഓൺലൈൻ സംവാദവും നടന്നു.
കേളിരക്ഷാധികാരി കൺവീനർ കെ പി എം സാദിഖ്, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ മലാസ് രക്ഷാധികാരി സെക്രട്ടറി സുനിൽ കുമാർ, രക്ഷാധികാരി അംഗം സീന സെബിൻ ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ടുചാലി, പ്രസിഡന്റ് മുകുന്ദൻ തുടങ്ങി റിയാദിലെ പ്രധാന വ്യക്തിത്വങ്ങൾ, തങ്ങളുടെ കാഴ്ചപ്പാടുകൾ പറഞ്ഞും സെമിനാറിന് ആശംസകൾ അർപ്പിച്ചും സംസാരിച്ചു.
മോഡറേറ്ററായി യൂണിറ്റ് സെക്രട്ടറി സുജിത്ത് ഭംഗിയായി സെമിനാർ നിയന്ത്രിക്കുകയും ഉപസംഹരിക്കുകയും ചെയ്തു. രതീഷ് നന്ദി പറഞ്ഞതോടെ മൂന്ന് മണിക്കൂർ നീണ്ടു നിന്ന സെമിനാർ അവസാനിച്ചു. എല്ലാവർക്കും ഭക്ഷണം ഒരുക്കിയിരുന്നു.