ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം
Thursday, May 15, 2025 5:32 PM IST
ബംഗളൂരു: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ബംഗളൂരു ഭദ്രാസനത്തിലെ മുഴുവൻ പള്ളികളുടെയും അഭിമുഖ്യത്തിൽ ഞായറാഴ്ച സ്വീകരണം നൽകും.
രാവിലെ 7.15ന് കാതോലിക്ക ബാവയ്ക്ക് സ്വീകരണം നൽകും. തുടർന്ന് ബാവയുടെ പ്രധാന കാർമികത്തിൽ ഭദ്രാസന ആസ്ഥാനം സ്ഥിതി ചെയ്യുന്ന യലഹങ്ക സെന്റ് ബേസിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ മൂന്നിന്മേൽ കുർബാന അർപ്പിക്കും.
ഭദ്രാസന മെത്രാപ്പൊലിത്ത ഐസക് മോർ ഒസ്താത്തിയോസ്, തുമ്പാമൺ ഭദ്രാസന മെത്രാപോലിത്ത യുഹാനോൻ മോർ മിലിത്തിയോസ്, മൂവാറ്റുപുഴ - അങ്കമാലി ഭദ്രാസന മെത്രാപ്പൊലിത്ത മാത്യൂസ് മോർ അന്തിമോസ് എന്നിവർ സഹകാർമികരാകും.
ഞായറാഴ്ച കുർബാനയ്ക്കു ശേഷം ദൈവാലയത്തോട് ചേർന്ന് ഭദ്രാസനം വാങ്ങിയ സ്ഥലത്ത് റെജി ഫിലിപ്പ് മലയിലും കുടുംബവും സ്വന്തം ചെലവിൽ നിർമിച്ച് ഭദ്രാസനത്തിന് നൽകിയ ഭദ്രാസന ആസ്ഥാന കൂദാശയും അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ തൃക്കരങ്ങളാൽ മെത്രാപ്പോലീത്താന്മാരുടെയും സാന്നിധ്യത്തിൽ നിർവഹിക്കപ്പെടും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കർണാടക മന്ത്രി കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്യും. കർണാടക മന്ത്രി ബൈരെ ഗൗഡ, ചലച്ചിത്ര താരം ലാലു അലക്സ്, മറ്റു കല രാഷ്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
ബാവയ്ക്ക് സ്വീകരണത്തിനുള്ള ഒരുക്കങ്ങളും ആസ്ഥാന നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുമെന്ന് ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് മങ്ങാട്ട് അറിയിച്ചു.