ക്രിക്കറ്റ് ലോകത്തെ വിരാട് പുരുഷൻ
Wednesday, May 14, 2025 12:00 AM IST
കണക്കുകൾ മറക്കാം. അഴകൊഴുകിയ ആ ബാറ്റിനെ, ബാറ്റിനു പിന്നിലെ സിദ്ധിയെ, സിദ്ധിക്കു പിന്നിലെ സമർപ്പണത്തെ നമിക്കാം. പതിനാലു വർഷമായി നമ്മെ ആഹ്ലാദിപ്പിക്കുന്ന
ആ മഹാപ്രതിഭയ്ക്കുവേണ്ടി ഹൃദയം നിറഞ്ഞു കൈയടിക്കാം.
140-150 മൈൽ വേഗത്തിൽ ഇരുപതു മീറ്റർ അകലെനിന്നു ചീറിയെത്തുന്ന പന്ത് കണ്ണുചിമ്മിത്തുറക്കുംമുന്പ് അതിർത്തി കടത്തുന്ന വിരാട് കോഹ്ലി. നേർരേഖയിൽ ലയിക്കുന്ന ആ കണ്ണും കൈയും ഉടലും മസ്തിഷ്കവും ചേർന്ന് ഒരു സെക്കൻഡിനെയാണ് ഛിന്നഭിന്നമാക്കുന്നത്. കാര്യം പിടികിട്ടി ആരവങ്ങളുയർത്താൻ ഗാലറികൾക്ക് മൂന്നോ നാലോ സെക്കൻഡ് വേണ്ടിവരും. അതാണ് കണ്ടാനന്ദിക്കുന്ന കാണികളും കൊടുത്താനന്ദിക്കുന്ന കോഹ്ലിമാരും തമ്മിലുള്ള അകലം. പ്രതിഭയുടെ പ്രകാശവർഷങ്ങൾ.
ക്രിക്കറ്റിലെ പന്ത് തോന്ന്യാസിയാണ്. ഒരിക്കലും നേരേ വരില്ല. ബൗളറുടെ കൈയിൽനിന്ന് വിടുംവരെയേ ഉള്ളൂ അതിന്റെ നിർജീവത. പിന്നെയത് കിന്നരിക്കും, ചീറും, ചൂളംകുത്തും, കറങ്ങിത്തിരിഞ്ഞ് പ്രലോഭിപ്പിക്കും, ക്രീസിനു പുറത്തേക്കു വിളിച്ചിറക്കിക്കൊണ്ടുവന്ന് നിഷ്കരുണം പരിഹസിക്കും, പതംപറയും, പ്രണയിക്കും, പേടിച്ചോടും. ഒരു കാമുകിയെപ്പോലെ, ഒരു ശത്രുവിനെപ്പോലെ, നിഷേധിയായ കുറുന്പനെപ്പോലെ, എന്തിനും കൂടെ നിൽക്കുന്ന സുഹൃത്തിനെപ്പോലെ ബാറ്ററെ വികാരം കൊള്ളിക്കും. സെക്കൻഡിന്റെ ഒരംശത്തിൽ ആ വികാരം തിരിച്ചറിഞ്ഞ് ശമിപ്പിക്കുന്ന പ്രതിഭാസമാണ് ബാറ്റർ. വെറും ബാറ്ററല്ല. ക്രീസിലെ കിംഗ്. 14 വർഷമായി ആ രാജാവിന് പേര് കോഹ്ലി. ക്രിക്കറ്റിലെ വിരാട് പുരുഷൻ.
ക്രിക്കറ്റ് കണക്കിന്റെ കളിയാണെന്നു പറയാറുണ്ട്. റിക്കാർഡുകളുടെയും നാഴികക്കല്ലുകളുടെയും അതിപ്രസരം. പലപ്പോഴും കളിയുടെ മനോഹാരിതയെ മറയ്ക്കുംവിധമാണ് കണക്കെഴുതിയ വൻമതിൽ ഉയർന്നു നിൽക്കുക. വിരാട് കോഹ്ലി, കപിൽദേവ്, സൗരവ് ഗാംഗുലി, സച്ചിൻ തെണ്ടുൽക്കർ, രോഹിത് ശർമ, വിരേന്ദർ സെവാഗ്, ബ്രയൻ ലാറ, വിവിയൻ റിച്ചാർഡ്സ്, ക്രിസ് ഗെയിൽ, ഡേവിഡ് ഗവർ, ഇയാൻ ബോതം, റിച്ചാർഡ് ഹാഡ്ലി തുടങ്ങിയ പ്രതിഭകൾ ക്രീസിലെത്തുന്പോൾ നമ്മളറിയാതെ കണക്കുക്ലാസിൽനിന്നു പുറത്തു കടക്കും.
ഒരു ഭാവഗീതംപോലെയൊഴുകുന്ന സാഹിത്യ സൗകുമാര്യങ്ങളിലേക്കു ചിറകു വിടർത്തും. അഴീക്കോട് മാഷിന്റെ, എം.എൻ. വിജയൻ മാഷിന്റെ, കെ.പി.അപ്പൻ സാറിന്റെ ക്ലാസിലെന്നോണം നമ്മൾ ലയിക്കും. അറിയാതെ ഇരിപ്പിടത്തിൽനിന്നെഴുന്നേൽക്കും. ആരവങ്ങളുടെ ചുവപ്പു പരവതാനി വിരിക്കും. ആനന്ദത്തിൽ ആറാടും. ഒടുവിൽ വായുവിലുയരുന്ന ഒരു ചൂണ്ടുവിരലിനെ നമ്മൾ ശപിക്കും.
വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിന്റെ കളം വിടുന്പോൾ കണക്കുകൾ മാത്രമല്ല ബാക്കിയാകുന്നത്. ബാറ്റിംഗ് സൗന്ദര്യത്തിന്റെ അഴകളവുകൾ കൂടിയാണ്. തീർച്ചയായും സംസാരിക്കുന്ന കണക്കുണ്ട്. 123 ടെസ്റ്റ്. 210 ഇന്നിംഗ്സ്. 9,230 റൺസ്. 46.85 ശരാശരി. 30 സെഞ്ചുറി. 31 അർധസെഞ്ചുറി. 121 ക്യാച്ച്. ടെസ്റ്റിൽ കൂടുതൽ ഇരട്ടസെഞ്ചുറികൾ നേടിയ ഇന്ത്യക്കാരൻ (ഏഴ്). രാജ്യത്തെ നയിച്ച 68 ടെസ്റ്റുകളിൽ 40 വിജയങ്ങളുടെ അനന്യത. കണക്കിൽ അഭിരമിക്കുന്നവർ പതിനായിരത്തിലേക്കുള്ള 770 റൺസിന്റെ കുറവിൽ വിലപിക്കും.
കളിയഴകിന്റെ ആരാധകരാകട്ടെ, ആ ക്ലാസിക് ഷോട്ടുകളുടെ വഴിത്താരകൾ പേർത്തുംപേർത്തും ചികഞ്ഞ് വിഷാദിക്കും. ആ വിഷാദത്തിനു പിറകിൽ ആനന്ദത്തിന്റെ തേൻതുള്ളി അലിഞ്ഞുചേർന്നിട്ടുണ്ട്. എല്ലാ പ്രതിഭകളും അവശേഷിപ്പിക്കുന്ന തേൻമധുരം. ഇനി അവശേഷിക്കുന്നത് ഏകദിന മത്സരങ്ങളാണ്. 14,181 റൺസിലെത്തിയ പൂമഴക്കാലം അടുത്ത ഏകദിന ലോകകപ്പ് വരെ തുടരുമായിരിക്കും. സച്ചിന്റെയും (18,426) കുമാർ സംഗക്കാരയുടെയും (14,234) നേട്ടങ്ങൾ വെല്ലുവിളിയായി മുന്നിലുണ്ട്; പൂർണമായും വിരമിക്കും മുന്പൊരു ലോകകിരീടവും.
ബാറ്റുകൊണ്ടും വാക്കുകൊണ്ടും എതിരാളികളെ ഗാലറിക്കപ്പുറത്തേക്കു പറത്താൻ കെല്പുള്ള കരളുറപ്പിന്റെ, നെഞ്ചൂക്കിന്റെ യുഗംകൂടിയാണ് മായുന്നത്. ഫോമിലുള്ളപ്പോൾ വാനോളം, കളി പിഴച്ചാൽ പഴിയോളം. അതാണ് ആരാധകരുടെ കണക്ക്. ഉയർച്ചയുടെ വാരിക്കുഴികളൊഴിവാക്കാൻ സമചിത്തത വേണം. താഴ്ചയുടെ ചവിട്ടടികളിൽനിന്ന് കുതിച്ചുയരാൻ കരളുറപ്പും. രണ്ടും വേണ്ടുവോളമുണ്ടായിരുന്നു കിംഗ് കോഹ്ലിക്ക്.
കണക്കുകൾ മറക്കാം. അഴകൊഴുകിയ ആ ബാറ്റിനെ, ബാറ്റിനു പിന്നിലെ സിദ്ധിയെ, സിദ്ധിക്കു പിന്നിലെ സമർപ്പണത്തെ നമിക്കാം. പതിനാലു വർഷമായി നമ്മെ ആഹ്ലാദിപ്പിക്കുന്ന ആ മഹാപ്രതിഭയ്ക്കുവേണ്ടി ഹൃദയം നിറഞ്ഞു കൈയടിക്കാം.
കിംഗ് കോഹ്ലി നീണാൾ വാഴട്ടെ!