നഷ്ടപരിഹാരത്തിലും ചെപ്പടിവിദ്യയോ?
Thursday, May 15, 2025 12:00 AM IST
യഥാർഥത്തിൽ, പത്തുലക്ഷം രൂപ വീതം സംസ്ഥാന വിഹിതവും കേന്ദ്രവിഹിതവും സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിന്റെ നാലു ലക്ഷവും ഇൻഷ്വറൻസ് തുകയായ ഒരു ലക്ഷവും ചേർത്ത് 25 ലക്ഷം രൂപയാണ് വന്യമൃഗ ആക്രമണത്തിനിരയായി മരിക്കുന്നവരുടെ ആശ്രിതർക്കു ലഭിക്കേണ്ടത്. 2022 മുതൽ മഹാരാഷ്ട്ര 25 ലക്ഷമാണ് ഇങ്ങനെ മരിക്കുന്നവരുടെ അവകാശികൾക്കു നല്കുന്നത്. മധ്യപ്രദേശ് സർക്കാരും നഷ്ടപരിഹാരം 8.5 ലക്ഷത്തിൽനിന്ന് 25 ലക്ഷമാക്കി.
യുദ്ധം ഒന്നും മാറ്റുന്നില്ല. നിലനിൽക്കുന്ന അസമത്വവും അനീതിയും ക്രൂരതകളുമൊന്നും. തകർച്ചയുടെ അവശിഷ്ടങ്ങളും കുറേ നിലവിളികളും അവയോടു കൂട്ടിച്ചേർക്കുന്നു എന്നു മാത്രം. യുദ്ധത്തിന്റെ കാർമേഘങ്ങൾ താത്കാലികമായെങ്കിലും മാഞ്ഞുപോയ ആശ്വാസത്തോടെ ദൈനംദിന ജീവിതത്തിന്റെ യാഥാർഥ്യങ്ങൾക്കു നേരേ മുഖം തിരിക്കുന്പോൾ കബളിപ്പിക്കപ്പെട്ടവരുടെ വേദനയും ആത്മരോഷവും തന്നെയാണ് ചുറ്റും.
രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തെക്കുറിച്ചല്ല പറയുന്നത്. ദിവസേനയുള്ള ജീവിതപോരാട്ടത്തെക്കുറിച്ചാണ്. കാടിനൊപ്പം നാട്ടിലും അരങ്ങുവാഴുന്ന കാട്ടുനീതിയെക്കുറിച്ചാണ്. വന്യജീവി ആക്രമണത്തെ സംസ്ഥാനത്തു സവിശേഷദുരന്തമായി പ്രഖ്യാപിച്ചതിനുശേഷം സർക്കാർ ഉത്തരവിലൂടെ പ്രാബല്യത്തിൽ വന്ന ദുരിതാശ്വാസ മാനദണ്ഡത്തെക്കുറിച്ചാണ്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കാർ ഉത്തരവനുസരിച്ച്, വന്യജീവി ആക്രമണത്തെത്തുടർന്ന് മരിക്കുന്നവരുടെ കുടുംബങ്ങൾക്കു പത്തുലക്ഷം രൂപ അനുവദിക്കും. ഇതിൽ ആറു ലക്ഷം രൂപ വനംവകുപ്പിന്റെ തനതു ഫണ്ടിൽനിന്നും നാലു ലക്ഷം സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽനിന്നും.
ആക്രമണം വനത്തിനകത്തുവച്ചാണോ പുറത്തുവച്ചാണോ എന്നതു നോക്കാതെയാണ് നഷ്ടപരിഹാരം നല്കുക. മരിക്കുന്നവരുടെ അന്ത്യകർമങ്ങൾക്കായി പതിനായിരം രൂപയും കുടുംബത്തിനു നല്കും. പരിക്കേൽക്കുന്നവർക്ക് സ്ലാബടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകാനും വ്യവസ്ഥയുണ്ട്. വിവിധ വകുപ്പുകളിൽനിന്നാണ് ഈ നഷ്ടപരിഹാരം നല്കുക എന്നും ഉത്തരവിൽ പറയുന്നു.
പാന്പ്, തേനീച്ച, കടന്നൽ എന്നിവ മൂലം മരണമടയുന്നവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുക രണ്ടു ലക്ഷത്തിൽനിന്ന് നാലു ലക്ഷം രൂപയാക്കി ഉയർത്തിയതാണ് മറ്റൊരു ശ്രദ്ധേയ നടപടി. എല്ലാം നല്ലത്. സർക്കാരിനെ നമുക്ക് അഭിനന്ദിക്കാം. ഇനി മറ്റു ചില കാര്യങ്ങൾ പരിശോധിക്കാം.
സംസ്ഥാന സർക്കാരിന്റെ 07-03-2024ലെ ഉത്തരവനുസരിച്ചാണ് ഇത്തരം മരണങ്ങളെ സംസ്ഥാന സവിശേഷ ദുരന്തമായി (State Specific Disaster) പ്രഖ്യാപിച്ചത്. എന്നാൽ അനുബന്ധമായി പുറത്തിറക്കേണ്ട മാനദണ്ഡങ്ങൾ, മാർഗനിർദേശങ്ങൾ എന്നിവ പുറത്തിറക്കിയത് കഴിഞ്ഞ ദിവസവും. ഒരു വർഷത്തിലേറെ നീണ്ട “കാര്യക്ഷമത”.
അതും ക്ഷമിക്കാം. ക്ഷമയുടെ നെല്ലിപ്പലകമേൽ അഭ്യാസം കാണിച്ചു ജീവിക്കാൻ വിധിക്കപ്പെട്ടവരാണല്ലോ മലയോര കർഷകരും ജനങ്ങളും. വേറെയും കണക്കുകളിലേക്കു വരാം. 05-04-2018ലെ സർക്കാർ ഉത്തരവു പ്രകാരമാണ് വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന വ്യക്തികളുടെ അവകാശികൾക്ക് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്കുന്നത്.
22-11-23ലെ കേന്ദ്രസർക്കാർ ഉത്തരവു പ്രകാരം, ഇതേ വിഷയത്തിൽ പത്തു ലക്ഷം രൂപ നല്കാൻ തീരുമാനിച്ചിരുന്നു. വൈൽഡ് ലൈഫ് ഹാബിറ്റാറ്റ്സ് ഫണ്ടിൽനിന്നു കേന്ദ്രപദ്ധതികളായ പ്രോജക്ട് എലിഫന്റ്, പ്രോജക്ട് ടൈഗർ സ്കീമുകൾ പ്രകാരവും കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് തുക അനുവദിക്കുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
എന്നാൽ, കേരളത്തിൽ ഇന്നുവരെ ആർക്കും കേന്ദ്രവിഹിതമായ പത്തുലക്ഷം രൂപ കൊടുത്തിട്ടില്ല. യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കന്പനിയുമായി 2018 മുതൽ സർക്കാർ ഒപ്പിട്ട ധാരണാപത്രമനുസരിച്ച്, വനത്തിനകത്തു കഴിയുന്ന ആദിവാസികളും വനാതിർത്തി പങ്കിടുന്നവരും വന്യജീവി ആക്രമണത്തിൽ മരിച്ചാൽ ഇൻഷ്വറൻസ് കന്പനി ഒരു ലക്ഷം രൂപ ഇൻഷ്വറൻസ് തുകയായി നല്കണം. ഇതും ആർക്കും ലഭിച്ചതായി അറിവില്ല.
സംസ്ഥാനത്തിന്റെ വിഹിതമായ പത്തുലക്ഷം രൂപ ആറു ലക്ഷമാക്കി വെട്ടിച്ചുരുക്കി ദുരന്തപ്രതികരണ നിധിയിൽനിന്നുള്ള നാലു ലക്ഷം രൂപയും ചേർത്ത് പത്തുലക്ഷമാക്കി നല്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. വന്പിച്ച വിറ്റഴിക്കൽ വിപണന മേളകൾ കണ്ടു പരിചയിച്ചിട്ടുള്ള മലയാളികളെയാണോ ഇത്തരം കണക്കിന്റെ കളികളിലൂടെ കബളിപ്പിക്കാൻ നോക്കുന്നത്?
യഥാർഥത്തിൽ, പത്തുലക്ഷം രൂപ വീതം സംസ്ഥാന വിഹിതവും കേന്ദ്രവിഹിതവും സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിന്റെ നാലു ലക്ഷവും ഇൻഷ്വറൻസ് തുകയായ ഒരു ലക്ഷവും ചേർത്ത് 25 ലക്ഷം രൂപയാണ് വന്യമൃഗ ആക്രമണത്തിനിരയായി മരിക്കുന്നവരുടെ ആശ്രിതർക്കു ലഭിക്കേണ്ടത്. 2022 മുതൽ മഹാരാഷ്ട്ര 25 ലക്ഷമാണ് ഇങ്ങനെ മരിക്കുന്നവരുടെ അവകാശികൾക്കു നല്കുന്നത്.
മധ്യപ്രദേശ് സർക്കാരും നഷ്ടപരിഹാരം 8.5 ലക്ഷത്തിൽനിന്ന് 25 ലക്ഷമാക്കി. ഇവിടെ മാത്രമെന്താണ് ഓരോ കാര്യവും നടക്കാൻ ഇങ്ങനെ മുറവിളി കൂട്ടേണ്ടിവരുന്നത്? കരയുന്ന കുഞ്ഞിനേ പാലുള്ളു എന്ന പഴഞ്ചൊല്ലാണോ ഭരിക്കുന്നവരുടെ ആപ്തവാക്യം. വനാതിർത്തികളിൽ വീഴുന്ന മനുഷ്യരക്തവും സാന്പത്തികശാസ്ത്രത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും സൂക്ഷ്മദർശിനിയിലൂടെ നോക്കിയാണോ വിലയിരുത്തുന്നത്?
സംസ്ഥാന ദുരന്ത പ്രതികരണനിധിയിലേക്കു വരുന്ന തുകയുടെ 75 ശതമാനം കേന്ദ്രഫണ്ടാണ്. 25 ശതമാനം സംസ്ഥാനത്തിന്റെയും. 2011 മുതൽ 2025 വരെ ദുരന്തപ്രതികരണ നിധിയിലേക്കു വന്ന കേന്ദ്രവിഹിതം 2546. 61 കോടി രൂപയാണ്. സംസ്ഥാന വിഹിതമായി വന്നിട്ടുള്ളത് 848.59 കോടി രൂപയും. ഈ നിധിയിൽ നീക്കിയിരിപ്പായി 700 കോടിയോളം രൂപയുണ്ട്.
കൂടാതെ നഷ്ടപരിഹാരം കൊടുക്കാനായി 2024ൽ കിഫ്ബി കൊടുത്ത 210 കോടി രൂപയും.സാന്പത്തിക പ്രതിസന്ധിയെന്ന മുട്ടുന്യായം പറയാനും വലിയ സ്കോപ്പില്ലെന്നു ചുരുക്കം. യുദ്ധകാലത്ത് ഭരണകൂടങ്ങൾ പല ഉത്തരവാദിത്വങ്ങളും സമർത്ഥമായി മറച്ചുപിടിക്കും എന്നു പറയാറുണ്ട്. ഇവിടെ യുദ്ധമായാലും സമാധാനമായാലും സമാധാനമില്ലാത്തവരാണ് വനാതിർത്തികളിൽ ജീവിക്കുന്ന മനുഷ്യർ. അതു മനസിലാക്കി പ്രവർത്തിക്കുന്ന സർക്കാരിനെയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.