പാക്കിസ്ഥാന്റെ തുണക്കാർ അറിയാൻ?
Saturday, May 17, 2025 12:00 AM IST
ഇന്ത്യക്കെതിരേ ഭീകരരെ വളർത്തിയാലുണ്ടാകുന്ന ഫലം ‘ഓപ്പറേഷൻ സിന്ദൂറി’ലൂടെ പാക്കിസ്ഥാൻ അറിഞ്ഞു. പാക്കിസ്ഥാനെ ഇക്കാര്യത്തിൽ സഹായിക്കുന്നവർക്കെതിരേയും രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് ഇന്ത്യ നൽകുന്നത്.
പാക്കിസ്ഥാനും തുർക്കിയും പണ്ടുമുതലേ ഭായി-ഭായിയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഇന്ത്യ-പാക് സംഘർഷം ഇക്കാര്യം വീണ്ടും ഉറപ്പിച്ചു. ഇന്ത്യ പാക്കിസ്ഥാനെ പാഠം പഠിപ്പിച്ച ദിവസങ്ങളിൽ തുർക്കി പാക്കിസ്ഥാനെ പലവിധത്തിലും സഹായിച്ചതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. പാക് ഭീകരർ കാഷ്മീരിലെ പഹൽഗാമിൽ നടത്തിയ കൂട്ടക്കുരുതിക്കെതിരേ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’ൽ രണ്ടു തുർക്കി സൈനികർ കൊല്ലപ്പെടുകയും ചെയ്തു.
പാക്കിസ്ഥാനെ സഹായിച്ച തുർക്കിക്കും അസർബൈജാനും തിരിച്ചടി ഉടൻതന്നെ കിട്ടുകയും ചെയ്തു. ഔദ്യോഗികമായല്ല, തികച്ചും ജനകീയമെന്നു പറയാവുന്ന തിരിച്ചടി. പഴങ്ങൾ മുതൽ ടൂറിസം വരെയുള്ള മേഖലകളിൽ വ്യാപാരികളും ട്രാവൽ ഏജൻസികളും ബഹിഷ്കരണം പ്രഖ്യാപിച്ചു. ഡൽഹിയിലെയും പൂനയിലെയും വ്യാപാരികൾ തുർക്കി ആപ്പിൾ ഇനി വേണ്ടെന്ന നിലപാടെടുത്തു.
1200 മുതൽ 1400 കോടി രൂപയ്ക്കുവരെയുള്ള തുർക്കി ആപ്പിളുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള വിനോദയാത്രകൾ ഇന്ത്യക്കാർ വൻതോതിൽ റദ്ദാക്കുകയാണ്. റദ്ദാക്കുന്നവരുടെ എണ്ണത്തിൽ 250 ശതമാനത്തിലേറെയാണ് വർധന. തുർക്കിയുടെയും അസർബൈജാന്റെയും സന്പദ്വ്യവസ്ഥയ്ക്ക് 4,000 കോടിയിലധികം രൂപയാണ് ഇന്ത്യൻ വിനോദസഞ്ചാരികളുടെ സംഭാവനയെന്നോർക്കണം.
ഇന്ത്യക്കെതിരേ ആക്രമണം വേണ്ടിവന്നാൽ സഹായിക്കാനായി ‘ഓപ്പറേഷൻ സിന്ദൂറി’നു മുന്പേതന്നെ തുർക്കി വ്യോമസേനയുടെ സി-130 വിമാനവും തുർക്കിയുടെ യുദ്ധക്കപ്പലും പാക്കിസ്ഥാനിലെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാക്കിസ്ഥാൻ സൈന്യത്തിന് തുർക്കി വിദഗ്ധപരിശീലനവും നൽകി. ഡ്രോണുകളുടെ ആക്രമണകൃത്യത ഉറപ്പാക്കാൻ വിദഗ്ധരായ ഓപ്പറേറ്റർമാരെയും തുർക്കി പാക്കിസ്ഥാനിലേക്കയച്ചു.
ഇന്ത്യയെ ആക്രമിക്കാനായി തുർക്കിയുടെ 350ലധികം ഡ്രോണുകൾ പാക്കിസ്ഥാൻ ഉപയോഗിച്ചതായി ഇന്ത്യൻ സൈന്യം ചൂണ്ടിക്കാട്ടി. ആളില്ലാ യുദ്ധവിമാനമായ ‘ബെയ്രക്തർ ടിബി2’ (യുസിഎവി), വൈഐഎച്ച്എ ഡ്രോണുകൾ എന്നിവയാണ് പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ ഉപയോഗിച്ചതെന്നാണ് വിവരം. പാക്കിസ്ഥാൻ ആക്രമണത്തിനുപയോഗിച്ച ഡ്രോണുകളുടെ അവശിഷ്ടങ്ങളുടെ ഫോറൻസിക് അന്വേഷണവും തുർക്കി അസിസ്ഗാർഡ് സോങ്കർ ഡ്രോണുകളിലേക്കാണ് വിരൽചൂണ്ടുന്നത്.
തുർക്കിക്കും പാക്കിസ്ഥാനുമിടയിൽ ഗാഢബന്ധം ഉടലെടുത്തതിന് ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ കാരണങ്ങളുണ്ട്. ഇരുരാജ്യങ്ങളും പങ്കിടുന്ന ഇസ്ലാമിക സ്വത്വമാണ് ബന്ധത്തിന്റെ ചരിത്രപരമായ അടിത്തറ. 1964ലും 1971ലും സൈപ്രസുമായുണ്ടായ സംഘർഷങ്ങളിൽ പാക്കിസ്ഥാൻ തുർക്കിയെ പിന്തുണച്ചിരുന്നു. പിന്നീട് റജബ് ത്വയ്യിബ് എർദോഗന്റെ ഉയർച്ചയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇസ്ലാമിസവും 2000നു ശേഷം പാക്കിസ്ഥാനുമായുള്ള പ്രത്യയശാസ്ത്രപരമായ ഇഴയടുപ്പം കൂട്ടി. 2003 മുതൽ എർദോഗൻ കുറഞ്ഞതു പത്തുതവണയെങ്കിലും പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്.
മുസ്ലിംലോകത്തെ ആധിപത്യത്തിനുവേണ്ടിയുള്ള പിന്നാന്പുറ കളികളും ബന്ധത്തിന് ആക്കംകൂട്ടി. ഗൾഫ് ശക്തികൾക്കെതിരായ തന്ത്രപരമായ സന്തുലിതാവസ്ഥ നിലനിർത്താൻ ഖത്തറുമായി ചേർന്നാണ് തുർക്കിയുടെ കളി. സൗദി അറേബ്യയും യുഎഇയുമാണ് മറുവശത്ത്. ഇക്കാര്യത്തിൽ തുർക്കിയെ ശക്തമായി പിന്താങ്ങുന്ന ഗൾഫിതര രാജ്യങ്ങളാണ് പാക്കിസ്ഥാനും മലേഷ്യയും.
മറുവശത്ത് പാക്കിസ്ഥാനും തുർക്കിയെ ആവശ്യമുണ്ട്. കാഷ്മീർ സംബന്ധിച്ച പാക്കിസ്ഥാൻ നിലപാടിനെ തുർക്കി എക്കാലവും പിന്തുണച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലും എർദോഗൻ ‘കാഷ്മീരി സഹോദരൻമാർ’ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണ്. ഇതിൽ ഇന്ത്യ നയതന്ത്രപരമായി പ്രതിഷേധിക്കുകയും ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പ്രധാന രാജ്യാന്തര തുണക്കാരായി പാക്കിസ്ഥാൻ അംഗീകരിക്കുന്നത് തുർക്കിയെയും അസർബൈജാനെയുമാണ്.
2020 മുതൽ ചൈന കഴിഞ്ഞാൽ, തുർക്കിയാണ് പാക്കിസ്ഥാന്റെ ഏറ്റവും വലിയ ആയുധവിതരണക്കാർ. പാക്കിസ്ഥാന്റെ നാവികശേഷി നവീകരിക്കുന്നതിലും തുർക്കി നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യ-തുർക്കി ബന്ധത്തിൽ വിള്ളലുണ്ടാകാനുള്ള ഏറ്റവും വലിയ കാരണം കാഷ്മീർ വിഷയത്തിൽ പാക്കിസ്ഥാനുള്ള പിന്തുണ തന്നെയാണ്.
2013ൽ അന്നത്തെ വിദേശകാര്യമന്ത്രി സൽമാൻ ഖുർഷിദ് ഈ വിഷയത്തിൽ തുർക്കിയെ നിശിതമായി വിമർശിച്ചിരുന്നു. ‘ഇന്ത്യയുടെ ചെലവിൽ സുഹൃത്തുക്കളെ ഉണ്ടാക്കാൻ നോക്കണ്ട’ എന്ന് അദ്ദേഹം അസന്ദിഗ്ധമായി പറഞ്ഞു. 2023ൽ വലിയൊരു ഭൂകന്പത്തിൽ തുർക്കിക്കു വൻനാശം നേരിട്ടപ്പോൾ മനുഷ്യത്വപരമായ സഹായം ഇന്ത്യ നല്കിയിരുന്നു. കേരളവും തുർക്കിയെ സഹായിച്ചു. എന്നാൽ ഇതൊന്നും ഇന്ത്യക്കെതിരായ നിലപാടിൽ മാറ്റം വരുത്താൻ അവരെ പ്രേരിപ്പിച്ചില്ല.
അതേസമയം, തുർക്കി- പാക്കിസ്ഥാൻ സൗഹൃദം വളരുന്നതുകണ്ട് വെറുതെയിരിക്കുകയായിരുന്നില്ല ഇന്ത്യ. കിഴക്കൻ യൂറോപ്പിൽ സൈപ്രസിനും ഗ്രീസിനും പിന്തുണ നല്കി. പകരം കാഷ്മീർ വിഷയത്തിൽ ഗ്രീസ് ഇന്ത്യയെ പിന്തുണയ്ക്കുന്നു. അർമേനിയയുമായുള്ള സൈനികസഖ്യംവഴി പാക്കിസ്ഥാനും തുർക്കിയും പിന്തുണയ്ക്കുന്ന അസർബൈജാനെയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ആഗോളതലത്തിലും തന്ത്രപരമായ സഹകരണത്തിൽ ഇന്ത്യക്കനുകൂലമായ ഘടകങ്ങൾ ഉരുത്തിരിഞ്ഞിട്ടുണ്ട്. യുഎസ് വിദേശനയത്തിൽ പാക്കിസ്ഥാൻ കൂടുതൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2023ൽ നിലവിൽ വന്ന ഐഎംഇസി (ഇന്ത്യമിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി)ഏഷ്യക്കും യൂറോപ്പിനും ഇടയിലുള്ള പാലമെന്ന നിലയിൽ അങ്കാറയുടെ ചരിത്രപരമായ പങ്ക് ദുർബലപ്പെടുത്തുന്നതാണ്.
ഇതു തിരിച്ചറിഞ്ഞ തുർക്കി ഈ സാന്പത്തിക ഇടനാഴിയെ എതിർക്കുന്നു. ഇന്ത്യക്കെതിരേ ഭീകരരെ വളർത്തിയാലുണ്ടാകുന്ന ഫലം ‘ഓപ്പറേഷൻ സിന്ദൂറി’ലൂടെ പാക്കിസ്ഥാൻ അറിഞ്ഞു. പാക്കിസ്ഥാനെ ഇക്കാര്യത്തിൽ സഹായിക്കുന്നവർക്കെതിരേയും രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് വ്യാപാരക്കരാറുകളിൽനിന്നും വിനോദസഞ്ചാരത്തിൽനിന്നും വിട്ടുനിൽക്കുന്നതിലൂടെ ഇന്ത്യ നൽകുന്നത്.
ജനതയുടെ പൂർണപിന്തുണയുണ്ടാകുന്പോൾ സർക്കാരെടുക്കുന്ന ഏതു നടപടിയും ഇരട്ടിശക്തിയോടെ ലക്ഷ്യത്തിലെത്തുമെന്ന് പാക്കിസ്ഥാനും സഹായികളും തിരിച്ചറിഞ്ഞാൽ അവർക്കു നന്ന്.