വന്യമൃഗങ്ങൾക്കൊപ്പം വനംവകുപ്പിനെയും നിലയ്ക്കു നിർത്തണം
Friday, May 16, 2025 12:00 AM IST
സമാന്തര ഏകാധിപത്യ ഭരണസംവിധാനം പോലെ പ്രവർത്തിക്കുന്ന വനംവകുപ്പിനുമേൽ
എപ്പോഴും ബ്ബബ്ബബ്ബ പറയുന്ന മന്ത്രിക്കോ മന്ത്രിസഭയ്ക്കുതന്നെയോ യാതൊരു നിയന്ത്രണവുമില്ലെന്നു വരുന്നത് ജനാധിപത്യ സംവിധാനത്തിന് യോജിച്ചതാണോ എന്നതാണു കാതലായ ചോദ്യം. ഒപ്പം, ഇനിയെത്ര കാലം ആവർത്തനക്കഷായത്തിന്റെ കയ്പ് കുടിച്ചിറക്കി വനമേഖലയിലെ ജനങ്ങൾ ജീവിക്കണമെന്നതും.
നഷ്ടപരിഹാരത്തിലെ അനീതിയെക്കുറിച്ചെഴുതിയിട്ടു മഷിയുണങ്ങിയില്ല. അതിനുമുന്പിതാ ഒരാൾകൂടി കടുവയ്ക്കു ഭക്ഷണമായിരിക്കുന്നു. മലപ്പുറം ജില്ലയിലെ കാളികാവ് പഞ്ചായത്തിലെ അടയ്ക്കാക്കുണ്ടിലാണ് ദാരുണസംഭവം.
അടയ്ക്കാക്കുണ്ട് പാറശേരിമലയിൽ ടാപ്പിംഗ് ജോലിയിലായിരുന്ന കല്ലാമൂല സ്വദേശി കളപ്പറന്പൻ അബ്ദുൾ ഗഫൂറി(44)നെയാണ് കടുവ കൊന്നു തിന്നത്. വനാതിർത്തിയിൽനിന്നു രണ്ടു കിലോമീറ്റർ അകലെയായിരുന്നു സംഭവം. ഗതാഗത സൗകര്യം കുറവായതിനാൽ വനപാലകരും നാട്ടുകാരും പോലീസുമെത്താൻ വൈകി.
വനംവകുപ്പിനും ഉദ്യോഗസ്ഥവൃന്ദത്തിനുമെതിരേ കാളികാവിൽ ശക്തമായ പ്രതിഷേധമുണ്ടായി. സ്ഥലത്തെത്തിയ നിലന്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാലിനെ നാട്ടുകാർ തടഞ്ഞു. ഗഫൂറിന്റെ മൃതദേഹം കൊണ്ടുപോകുന്നതിനുമുന്പ് കടുവയുടെ കാര്യത്തിലും ഇനിയൊരാക്രമണം തടയുന്ന കാര്യത്തിലും ഉറപ്പു വേണമെന്ന് നാട്ടുകാർ ശഠിച്ചു.
നരഭോജിക്കടുവയെ വെടിവച്ചുകൊല്ലാൻ ഉത്തരവു പുറപ്പെടുവിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മയക്കുവെടി വച്ച് പിടിക്കാമെന്ന വനംവകുപ്പുദ്യോഗസ്ഥരുടെ പതിവു വാചകമൊന്നും അവരെ തൃപ്തിപ്പെടുത്തിയില്ല. ഈ പ്രദേശത്ത് മാസങ്ങളായി വളർത്തുമൃഗങ്ങളെ വന്യജീവി കൊല്ലുന്നതു പതിവായിരുന്നു. നിരന്തരം പരാതി നല്കിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാരും എംഎൽഎയും ആരോപിച്ചു.
ഗഫൂർ എന്ന ചെറുപ്പക്കാരന്റെ ഓർമകൾക്കു മുന്നിൽ കൈ കൂപ്പിക്കൊണ്ട് ഇനിയെന്താണു പറയേണ്ടത്? പുതുതായൊന്നുമില്ല. എല്ലാം പഴയതുതന്നെ. നൂറ്റൊന്നാവർത്തിച്ചാൽ ക്ഷീരബലയ്ക്കു ഗുണഫലം കൂടും. എന്നാൽ, എത്ര വിമർശിച്ചാലും അപേക്ഷിച്ചാലും നൊന്തു നിലവിളിച്ചാലും നാണവും മാനവും ഉളുപ്പുമില്ലാത്ത വനംവകുപ്പിലെ ഉദ്യോഗസ്ഥവൃന്ദം അനങ്ങില്ല. ചക്കിക്കൊത്ത ചങ്കരനെന്നപോലെ ഒരു മന്ത്രിയും!
ഇനി പതിവുപോലെ നഷ്ടപരിഹാരം, ആശ്രിതർക്ക് ജോലി, ഉദ്യോഗസ്ഥ-മന്ത്രി പുംഗവരുടെ ഉറപ്പ്, കൂട്, കെണി... മറ്റൊന്നും ചെയ്യാനില്ലാതെ നിസഹായരായി പ്രതിഷേധിക്കുന്ന ജനങ്ങൾ ഇതൊക്കെ കേട്ട് വീണ്ടും കീഴടങ്ങും. അടുത്ത ഇരയുടെ ചോര വീഴുംവരെ എല്ലാം പഴയപടി.
ഇനി കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങളുമായി നിയമസഭകളിലേക്കും പാർലമെന്റിലേക്കുമാണ് വിലാപയാത്ര നടത്തേണ്ടതെന്ന് ഒരു മുഖപ്രസംഗത്തിൽ ദീപിക പറഞ്ഞത് മൂന്നുമാസം മുന്പാണ്. മൂന്നു മനുഷ്യജീവികളെ കാട്ടാന ചവിട്ടിക്കൊന്ന രോഷവും സങ്കടവുമാണ് അന്നങ്ങനെ പറയിച്ചത്. ഇനിയുമതു പറയേണ്ടിവരല്ലേ എന്ന യാചനയുമിതാ വിഫലമായിരിക്കുന്നു.
1972ലെ വനം-വന്യജീവി സംരക്ഷണനിയമത്തെക്കുറിച്ച് പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞു. ഈ പ്രാകൃതനിയമം പരിഷ്കരിക്കണമെന്ന് ജനപ്രതിനിധികളടക്കം മുറവിളി കൂട്ടി. കേൾക്കേണ്ടവർ കേട്ടില്ല. ന്യായീകരണങ്ങളുടെ ഉണ്ടയില്ലാവെടികൾ മാത്രം തിരിച്ചുകിട്ടി. മനുഷ്യനു ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലാൻ ഈ നിയമത്തിൽ വകുപ്പുണ്ടെന്നാണു പതിവുഭാഷ്യം. ഇതു നടപ്പാക്കാൻ ഒരുദ്യോഗസ്ഥനും ഇറങ്ങിപ്പുറപ്പെടില്ല.
അത്ര സങ്കീർണവും പരിഹാസ്യവുമാണ് നടപടിക്രമങ്ങൾ. ചെറിയൊരു സംശയമുണ്ടായാൽ കോടതിയിൽനിന്നിറങ്ങാൻ നേരമുണ്ടാകില്ല. ദുരന്തമുണ്ടാകുന്പോൾ പ്രസ്താവന നടത്തുകയും നഷ്ടപരിഹാരം നൽകുകയും തന്നെ എളുപ്പം.
നിയമം മാറ്റേണ്ടത് അനിവാര്യമാണ്. എന്നാൽ, അതില്ലാതെതന്നെ ചെയ്യാൻ അനേകം കാര്യങ്ങളുണ്ട്. അതൊക്കെ ചെയ്താൽതന്നെ കുറെ ജീവൻ രക്ഷിക്കാനാകും. എന്നാൽ ധാർഷ്ട്യവും അഹന്തയും തലയ്ക്കു പിടിച്ച ഉദ്യോഗസ്ഥമേധാവികൾ ജനങ്ങളെ ശത്രുക്കളെയെന്നോണമാണ് നേരിടുന്നത്.
നാടു ഭരിക്കുന്നുവെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ നേതൃത്വത്തെപ്പോലും അവർ തരിന്പും വകവയ്ക്കുന്നില്ല. ആരും പറയുന്നതു കേൾക്കാത്ത വനപാലകരോട്, കാട്ടുപന്നിയെ വെടിവയ്ക്കുന്നവർക്കു പിന്നാലെ പോകേണ്ടെന്ന് മുഖ്യമന്ത്രിതന്നെ പറയേണ്ടിവരുന്ന അവസ്ഥ. ഈയവസ്ഥ മാറ്റാനുള്ള ഇച്ഛാശക്തി ഭരിക്കുന്നവർക്ക് കിട്ടാൻ ഇനിയെന്താണ് ചെയ്യേണ്ടത്?
ഇക്കാര്യങ്ങളോടു ചേർത്തുവയ്ക്കേണ്ട കാര്യമാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ നടന്നത്. ഒരു വ്യക്തിയുടെ ഭൂമിയിൽ കാട്ടാന ഷോക്കേറ്റു ചെരിഞ്ഞു. ഉടമയ്ക്കെതിരേ വനംവകുപ്പ് സ്വാഭാവികമായും കേസെടുത്തു. വീറും കാര്യക്ഷമതയും കൂടിയ അവർ മറ്റൊന്നുകൂടി ചെയ്തു.
ആ സ്ഥലം വൃത്തിയാക്കാൻ കൊണ്ടുവന്ന എസ്കവേറ്ററിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് ഫോറസ്റ്റ് സ്റ്റേഷനിലെത്തിയ കെ.യു. ജനീഷ്കുമാർ എംഎൽഎ ഇദ്ദേഹത്തെ മോചിപ്പിച്ചു. എംഎൽഎ ചെയ്തതിന്റെ തെറ്റും ശരിയുമല്ല ഇവിടെ വിലയിരുത്തുന്നത്.
അങ്ങനെയൊരു സംഭവം ഉണ്ടാകാനിടയാക്കിയ വനംവകുപ്പിന്റെ ബുദ്ധിശൂന്യവും അഹങ്കാരജടിലവുമായ നടപടിയെയാണ് വിമർശിക്കുന്നത്. ആ പ്രദേശത്ത് ആനശല്യം മൂലം ജനം പൊറുതിമുട്ടുന്നു. അപ്പോഴാണ് ആന ചെരിഞ്ഞതുമായി യാതൊരു ബന്ധവുമില്ലാത്തയാളെ കസ്റ്റഡിയിലെടുത്തു വകുപ്പിന്റെ പൊറാട്ടുനാടകം.
സമാന്തര ഏകാധിപത്യ ഭരണസംവിധാനംപോലെ പ്രവർത്തിക്കുന്ന വനംവകുപ്പിനുമേൽ എപ്പോഴും ബ്ബബ്ബബ്ബ പറയുന്ന മന്ത്രിക്കോ മന്ത്രിസഭയ്ക്കുതന്നെയോ യാതൊരു നിയന്ത്രണവുമില്ലെന്നു വരുന്നത് ജനാധിപത്യ സംവിധാനത്തിന് യോജിച്ചതാണോ എന്നതാണു കാതലായ ചോദ്യം. ഒപ്പം, ഇനിയെത്ര കാലം ആവർത്തനക്കഷായത്തിന്റെ കയ്പ് കുടിച്ചിറക്കി വനമേഖലയിലെ ജനങ്ങൾ ജീവിക്കണമെന്നതും.