ബക്കിഗ്ഹാം പാലസ് ഗാർഡൻ പാർട്ടിയിൽ അതിഥിയായി മലയാളി നഴ്സ് പ്രബിൻ ബേബി
അപ്പച്ചൻ കണ്ണഞ്ചിറ
Friday, May 16, 2025 5:01 PM IST
ലണ്ടൻ: അന്തരാഷ്ട്ര നഴ്സിംഗ് ദിനത്തിൽ ഇരട്ടി മധുരവുമായി സ്റ്റീവനേജിൽ നിന്നുള്ള മലയാളി നഴ്സ് പ്രബിൻ ബേബി. സ്റ്റീവനേജിലെ ഈസ്റ്റ് ആൻഡ് നോർത്ത് ഹേർട്ഫോർഡ്ഷയർ എൻഎച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള ലിസ്റ്റർ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ പ്രബിൻ ബേബിക്കാണ് ബക്കിഗ്ഹാം പാലസ് ഗാർഡൻ പാർട്ടിയിൽ അതിഥിയായി പ്രവേശനം കിട്ടിയത്.
സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ അംഗവും മുൻ ഭാരവാഹിയുമാണ് പ്രബിൻ. ആതുര സേവന രംഗത്തെ പ്രവർത്തന മികവിനും അർപ്പണ മനോഭാവത്തിനുമുള്ള അംഗീകാരമായിട്ടാണ് ഗാർഡൻ പാർട്ടിയിലേക്ക് പ്രബിന്റെ പേര് ട്രസ്റ്റ് നിർദേശിച്ചതും പ്രത്യേകമായി ക്ഷണിക്കപ്പെട്ടതും.
ഗാർഡൻ പാർട്ടിയിൽ ആതിഥേയ സംഘത്തിൽ ചാൾസ് രാജാവ്, രാജ്ഞി കാമില, രാജകുമാരി ആനി, പ്രിൻസ് എഡ്വേർഡ്, എഡിൻബർഗ് ആൻഡ് ഗ്ലോസ്റ്റർ ഡച്ചസ് സോഫി തുടങ്ങിയ രാജ കുടുംബത്തിലെ ഉന്നത വ്യക്തികൾ നേതൃത്വം വഹിച്ചു.
ബഹുമുഖ പ്രതിഭകളും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരുമായ നിരവധി പ്രമുഖർ ഗാർഡൻ പങ്കുചേർന്നിരുന്നു. കമ്യൂണിറ്റി അംഗങ്ങളുടെ മികച്ച സംഭാവനകൾക്ക് നന്ദി പറയുന്നതിനും അവരുടെ പൊതുസേവനത്തിന് ആദരവ് അർപ്പിക്കുന്നതിക്കുന്നതിനുമായി 1860 മുതൽ രാജകുടുംബം ഗാർഡൻ പാർട്ടികൾ വർഷം തോറും നടത്തിവരുന്നുണ്ട്.

ഗാർഡൻ പാർട്ടി ദിനങ്ങളിൽ ഉച്ച കഴിഞ്ഞു മൂന്നിന് കൊട്ടാര കവാടങ്ങൾ തുറക്കുകയും അതിഥികളുടെ പ്രവേശനം ആരംഭിക്കുകയും ചെയ്യും. അതിഥികളുടെ പ്രവേശനം തുടങ്ങി ഒരു മണിക്കൂറിനു ശേഷം രാജകുടുംബത്തിലെ അംഗങ്ങൾ എത്തുകയും സൈനിക ബാൻഡ് ദേശീയഗാനം ആലപിക്കുകയും ചെയ്തുകൊണ്ടാണ് പരിപാടി ഔദ്യോഗികമായി ആരംഭിക്കുക.
തുടർന്ന് രാജ കുടുംബം അതിഥികളെ നേരിൽക്കാണുവാൻ സമയം കണ്ടെത്തും. ഗാർഡൻ പാർട്ടിയിൽ സാധാരണ നൽകുന്നത് ചായ, സാൻഡ്വിച്ചുകൾ, ക്രീമും ജാമും ചേർത്ത റൊട്ടികൾ, വിക്ടോറിയ സ്പോഞ്ച് കേക്കുകൾ അടക്കം ഇനങ്ങളാണ്.
പലപ്പോഴും സ്വാദിഷ്ടമായ കസ്റ്റാർഡ് നിറച്ച പൈ, മിനി-പൈ കൂടാതെ മറ്റു ചെറുപലഹാരങ്ങളും നല്കപ്പെടാറുണ്ട്. കൊട്ടാരത്തിലെ പൂന്തോട്ടത്തിലിരുന്ന് രാജകുടുംബങ്ങളടക്കം വിശിഷ്ഠ വ്യക്തികൊളോടൊപ്പം സമയം ചെലവഴിക്കുവാൻ കിട്ടുന്ന അവസരമാണ് മുഖ്യം.
ഈസ്റ്റ് ആൻഡ് നോർത്ത് എൻഎച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള സ്റ്റീവനേജ് ലിസ്റ്റർ ആശുപത്രിയിൽ നേഴ്സായ പ്രബിൻ ബേബി തിരുവല്ല സ്വദേശിയാണ്. യുകെയിൽ എത്തി അഞ്ചു വർഷത്തിനിടെ തന്നെ, തന്റെ മിടുക്കും സംഘാടക പാഠവവും നഴ്സിംഗ് മേഖലകളിലും സഹപ്രവർത്തകർക്കിടയിലും ട്രസ്റ്റിലും ശ്രദ്ധേയമാക്കുവാൻ പ്രബിനു കഴിഞ്ഞിരുന്നു.
നവാഗതരായ ജോലിക്കാരുടെ ഉന്നമനത്തിനും സഹായത്തിനും പ്രശംസനീയമായ തലത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങളും ആകർഷകമായ നേതൃത്വ പാഠവവും മനസിലാക്കി ട്രസ്റ്റ് പ്രസ്തുത മേഖലയിൽ കോഓർഡിനേറ്ററാക്കി ഉയർത്തിയ പ്രബിൻ, പേഷ്യന്റ് എക്സ്പീരിയൻസ് നഴ്സായിട്ടാണ് ജോലി നോക്കുന്നത്.
സ്റ്റീവനേജിലെ ലിസ്റ്റർ ആശുപത്രിയിൽ കേരള ദേശീയോത്സവമായ തിരുവോണം പ്രത്യേകമായി സംഘടിപ്പിക്കുവാനും അതിനായി വർഷത്തിൽ ഒരു ദിനവും വേദിയും ഒരുക്കുവാനും ആവശ്യമായ ഫണ്ട് സംഘടിപ്പിക്കുവാനും സദ്യയടക്കം വിളമ്പുവാനും കഴിഞ്ഞത് പ്രബിന്റെ ഇടപെടലിലൂടെയാണ്.