വിൻഡ്സർ ഇവി പ്രോയുമായി എംജി
Saturday, May 17, 2025 12:00 AM IST
ഓട്ടോസ്പോട്ട്/അരുൺ ടോം
ഇന്ത്യയിലെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) വിപണിയിൽ ടാറ്റാ കൊടികുത്തിവാഴുന്പോളാണ് എംജി വിൻഡ്സറുമായി എത്തുന്നത്. ചുരുങ്ങിയ സമയംകൊണ്ട് ഏവരേയും അന്പരിപ്പിച്ച് വിൻഡ്സർ ‘ഇവി’ വിപണി പിടിച്ചെടുത്തു.
എതിരാളികളെ തലപൊക്കാൻ അനുവദിക്കാതെ വീണ്ടും എംജി വിൻഡ്സർ ഇവി പ്രോ അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്തതിനുശേഷം വിൻഡ്സറിൽ ഉണ്ടായ എല്ലാ പോരായ്മകളും പരിഹരിച്ചാണ് വിൻഡ്സർ ഇവി പ്രോയുടെ വരവ്. 24 മണിക്കൂറിനുള്ളിൽ 8,000ത്തിലധികം ബുക്കിംഗുകൾ ലഭിച്ചതോടെ വിപണിയിലെ എംജിയുടെ സ്വീകാര്യത എത്രമാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് കന്പനി.
പുതിയ പവർപാക്ക്
വാഹനത്തിന്റെ പ്രധാന മാറ്റം ബാറ്ററി പായ്ക്കാണ്. 38 കിലോവാട്ടിൽ നിന്ന് 52.9 കിലോവാട്ടായി ഇതുമാറി. പുതിയ ബാറ്ററി പായ്ക്കുള്ള ഇവിക്ക് ഒറ്റ ചാർജിൽ 449 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് എംജി അവകാശപ്പെടുന്നത്. മുന്പ് ഇത് 332 കിലോമീറ്ററായിരുന്നു. 7.4 കിലോവാട്ട് എസി ചാർജർ ഉപയോഗിച്ച് ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം 9.5 മണിക്കൂർ സമയമെടുക്കും. ഫാസ്റ്റ് ചാർജിംഗ് വേഗം നിലവിലുള്ള മോഡലിലെ 45 കിലോവാട്ടിൽ നിന്ന് 60 കിലോവാട്ടായി കന്പനി ഉയർത്തിയിട്ടുണ്ട്. ഇതുമൂലം 50 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജാകും.
വിൻഡ്സർ ഇവി പ്രോയ്ക്ക് വി2വി (വെഹിക്കിൾ ടു വെഹിക്കിൾ), വി2എൽ (വെഹിക്കിൾ ടു ലോഡ്) എന്നീ പ്രവർത്തനക്ഷമതകൾ ലഭിക്കുന്നു. ഇത് വീട്ടുപകരണങ്ങൾ, ഇലക്ട്രിക് സ്കൂട്ടറുകൾ, മറ്റ് ഇലക്ട്രിക് കാറുകൾ എന്നിവയ്ക്ക് റിവേഴ്സ് ചാർജിംഗ് സാധ്യമാക്കും. വലിയ ബാറ്ററി പായ്ക്ക് വന്നതോടെ ഉള്ളിലെ സ്ഥലസൗകര്യം കുറഞ്ഞിട്ടുണ്ട്. സ്റ്റാൻഡേർഡ് വിൻഡ്സറിലെ 604 ലിറ്ററുമായി താരതമ്യപ്പെടുത്തുന്പോൾ പ്രോയുടെ ബൂട്ട് സ്പേസ് 579 ലിറ്ററായി കുറഞ്ഞു.
ബാറ്ററി ശേഷി മെച്ചപ്പെടുത്തിയെങ്കിലും പവറും ടോർക്കും സ്റ്റാൻഡേർഡ് മോഡലിന് സമാനമാണ്. 136 എച്ച്പി പവറും 200 എൻഎം ടോർക്കും മാറ്റമില്ലാതെ തുടരുന്നു.
സുരക്ഷയും ഡിസൈനും
ലെവൽ 2 അഡാസ് സുരക്ഷയാണ് കന്പനി വിൻഡ്സർ ഇവി പ്രോയ്ക്ക് നൽകിയിരിക്കുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ട്രാഫിക് ജാം അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്് എന്നിവയുൾപ്പെടെ 12 സവിശേഷതകളോടുകൂടിയതാണ് അഡാസ് സംവിധാനം. കൂടാതെ ഒരു പവേർഡ് ടെയിൽഗേറ്റും എംജി ചേർത്തിട്ടുണ്ട്.
വിൻഡ്സറിന്റെ സ്റ്റാൻഡേർഡ് പതിപ്പിലുള്ള എൽഇഡി ലൈറ്റുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, എയ്റോ ലോഞ്ച് സീറ്റുകൾ, 15.6 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും പ്രോയിലുമുണ്ട്. പുതുതായി രൂപകൽപ്പന ചെയ്ത 18 ഇഞ്ച് അലോയ് വീലുകൾ ഒഴികെ എംജി വിൻഡ്സർ ഇവി പ്രോയുടെ മൊത്തത്തിലുള്ള രൂപകൽപ്പനയും സ്റ്റൈലിംഗും പഴയ വിൻഡ്സറിന് സമാനമാണ്. ഇത് എംജി ഹെക്ടർ എസ്യുവിയിൽ നിന്ന് കടമെടുത്തിട്ടുള്ളതാണ്.
വിൻഡ്സർ ഇവി പ്രോ സെലാഡണ് ബ്ലൂ, അറോറ സിൽവർ, ഗ്ലേസ് റെഡ് എന്നീ മൂന്ന് പുതിയ എക്സ്റ്റീരിയർ ഷേഡുകളിലും ലഭിക്കും. ഇന്റീരിയർ ഡ്യുവൽ ടോണ് ഐവറിയും ബ്ലാക്ക് ഫിനിഷും ലഭിക്കും. കൂടാതെ, ഫോക്സ് വുഡൻ ആക്സന്റുകളും ചേർത്തിട്ടുണ്ട്.
എംജി വിൻഡ്സർ ഇവി പ്രോ വാഹനം ടോപ്പ് സ്പെക്ക് വേരിയന്റിൽ മാത്രമേ ലഭ്യമാകൂ. ബാറ്ററി സഹിതം 18.10 ലക്ഷം രൂപയും ബാറ്ററി ആസ് സർവീസ് പ്രോഗ്രാമിൽ 13.10 ലക്ഷം രൂപയും എക്സ് ഷോറൂം വില. സബ്സ്ക്രിപ്ഷൻ നിരക്കിൽ മാറ്റമില്ല. കിലോമീറ്ററിന് 4.5 രൂപയായി തുടരുന്നു.
മൈലേജ്: 449 കിലോമീറ്റർ
വില: 13.10 ലക്ഷം