ഓഹരിവിപണികൾ ശക്തമായ നിലയിൽ
Saturday, May 17, 2025 12:00 AM IST
മുംബൈ: ഈ ആഴ്ചയിലെ കഴിഞ്ഞ അഞ്ച് സെഷനുകളിലായി ആഭ്യന്തര മുൻനിര ഓഹരികളായ എൻഎസ്ഇ നിഫ്റ്റി 50യും ബിഎസ്ഇ സെൻസെക്സും വ്യാപാരത്തിൽ നാല് ശതമാനം കുതിച്ചു. ഭൗമരാഷ്ട്രീയ ആശങ്കകളെ അവഗണിച്ച് വിദേശ സ്ഥാപന നിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്ക് പണം ഒഴുക്കുകയും ചെയ്തു.
ഈ ആഴ്ച നിഫ്റ്റി 50 സൂചിക 4.2 ശതമാനം ഉയർന്നപ്പോൾ 30 കന്പനികളുടെ കൂട്ടമുള്ള സെൻസെക്സ് 3.6 ശതമാനലേക്ക് ഉയർന്നു. ഇതോടൊപ്പംതന്നെ വിശാല വിപണികളും നേട്ടം കൈവരിച്ചു. നിഫ്റ്റി മിഡ്കാപ് 7.3 ശതമാനം ഉയർന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര നേട്ടമാണ് നിഫ്റ്റി മിഡ്കാപ് രേഖപ്പെടുത്തിയത്. അതേസമയം നിഫ്റ്റി സ്മോൾകാപ് 9.2 ശതമാനമാണ് മുന്നേറിയത്.
നിഫ്റ്റിയിലെ 50 ഓഹരികളിൽ 47 എണ്ണം നേട്ടത്തിൽ വ്യാപാരം പൂർത്തിയാക്കി. ബിഇഎൽ, അദാനി എന്റർപ്രൈസസ്, ഹീറോ മോട്ടകോർപ്, ജിയോ ഫിനാൻഷ്യൽ, ശ്രീറാം ഫിനാൻസ് എന്നിവയാണ് ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത്. മിഡ്കാപ്പിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയവരിൽ ഇന്റലെക്റ്റ് ഡിസൈൻ, എൻബിസിസി, എയ്ഞ്ചൽ വണ്‍, ഐആർഎഫ്സി, എസ്ജെവിഎൻ എന്നിവ ഉൾപ്പെടുന്നു.
മേഖലാ സൂചികകളിൽ നിഫ്റ്റി ഡിഫൻസാണ് ഏറ്റവും കൂടുതൽ മികവ് കാഴ്ചവച്ചത്. 11 ശതമാനത്തിലേക്കാണ് ഡിഫൻസ് സൂചികയെത്തിയത്. റിയാലിറ്റി (10.9 %), മെറ്റൽ (9.22%) എന്നിവയാണ് പിന്നിൽ. പൊതുമേഖലാ ബാങ്കുകൾ, ഓട്ടോ, ഐടി സൂചികകൾ ഏകദേശം ആറു ശതമാനത്തിനടത്ത് ഉയർന്നാണ് വ്യാപാരം പൂർത്തീകരിച്ചത്. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഫാർമ, നിഫ്റ്റി ഹെൽത്കെയർ എന്നിവയും നേരിയ രീതിയിൽ നേട്ടമുണ്ടാക്കി.
സിപിഎസ്ഇ (സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസസ്), എനർജി ഓഹരികൾ യഥാക്രമം 7.1 ശതമാനം വരെ നേട്ടത്തിലെത്തി. ഇൻഫ്രാസ്ട്രക്ചർ, കമ്മോഡിറ്റീസ് സൂചികകൾ യഥാക്രമം 4 ശതമാനവും 6 ശതമാനവും ഉയർന്നു. ശക്തമായ വിദേശ നിക്ഷേപവും മേഖലാടിസ്ഥാനത്തിലുള്ള അനുകൂല സാഹചര്യങ്ങളും മൂലം പ്രത്യേകിച്ച് പ്രതിരോധ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ, ആഴ്ചയിലുടനീളം വികാരം മികച്ചതായി തുടർന്നു.
രണ്ടു ദിവസത്തിനുശേഷം വിപണിയിൽ തിരുത്തൽ
ഈ ആഴ്ച ഓഹരിവിപണി നേട്ടമുണ്ടാക്കിയെങ്കിലും വ്യാപാരത്തിന്റെ ആഴ്ചയിലെ അവസാന ദിനമായ ഇന്നലെ സെൻസെക്സും നിഫ്റ്റിയും ഇന്നലെ തകർച്ചയിൽ ക്ലോസ് ചെയ്തു.
തുടർച്ചയായ രണ്ടു ദിവസത്തെ നേട്ടത്തിനുശേഷമാണ് ഇന്ത്യൻ ആഭ്യന്തര വിപ ണിക്ക് ഇടിവുണ്ടായത്. വ്യാഴാഴ്ചത്തെ ശക്തമായ കുതിപ്പിനു ശേഷം ഐടി ഓഹരികളിലെയും ഭാരതി എയർടെല്ലിലെയും ലാഭമെടുപ്പാണ് വിപണിയുടെ തകർച്ചയ്ക്കിടയാക്കിയത്. സെൻസെക്സ് 200.15 പോയിന്റ് (0.24%) ഇടിഞ്ഞ് 82330.59ലും നിഫ്റ്റി 42.30 പോയിന്റ് (0.17%) താഴ്ന്ന് 25,019.80ലും വ്യാപാരം പൂർത്തിയാക്കി.
ഭാരതി എയർടെല്ലിനാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. 2.85 ശതമാനത്തിന്റെ ഇടിവാണ് കന്പനിയുടെ ഓഹരികൾക്കുണ്ടായത്. എയർടെല്ലിൽ സിംഗപ്പുർ ആസ്ഥാനമായുള്ള സിംഗ്ടെൽ കന്പനി തങ്ങളുടെ നേരിട്ടുള്ള ഓഹരിയുടെ ഏകദേശം 1.2 ശതമാനം (ഏകദേശം 1.5 ബില്യണ്‍ ഡോളർ) വിറ്റതായി അറിയിച്ചതിനെത്തുടർന്നാണ് കന്പനിയുടെ ഓഹരികൾ ഇടിഞ്ഞത്.
എച്ച്സിഎൽ ടെക്, എസ്ബിഐ, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്, ബജാജ് ഫിൻസെർവ്, എൽ ആൻഡ് ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റൻ എന്നിവയാണ് നഷ്ടം നേരിട്ടവരിൽ മുൻപന്തിയിൽ. ഭാരത് ഇലക്ട്രോണിക്സ്, ബജാജ് ഓട്ടോ, ടാറ്റ കണ്‍സ്യൂമർ പ്രൊഡക്ട്സ്, അദാനി എന്റർപ്രൈസസ്, ഇറ്റേണൽ, എച്ച്്യുഎൽ എന്നിവയുടെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഡിഫൻസ് ഓഹരികൾ ഇന്നലെയും മുന്നേറ്റം തുടർന്നു.