സോഫിയ ഖുറേഷിക്കെതിരായ പരാമർശം: മന്ത്രിക്ക് സുപ്രീംകോടതിയുടെ താക്കീത്
Friday, May 16, 2025 2:00 AM IST
ന്യൂഡൽഹി: "ഓപ്പറേഷൻ സിന്ദൂറി’നെക്കുറിച്ച് മാധ്യമങ്ങളിലൂടെ രാജ്യത്തെ അറിയിച്ച വനിതാ സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായ കേണൽ സോഫിയ ഖുറേഷിക്കെതിരേ മധ്യപ്രദേശ് കാബിനറ്റ് മന്ത്രി കുൻവർ വിജയ് ഷാ നടത്തിയ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.
സംവേദനക്ഷമത പാലിക്കേണ്ട സമയങ്ങളിൽ ഭരണഘടനാപദവികൾ വഹിക്കുന്ന വ്യക്തികൾ ഉത്തരവാദിത്വത്തോടെ സംസാരിക്കണമെന്ന് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുടെ ബെഞ്ച് താക്കീത് നൽകി.
രാജ്യം പ്രത്യേക സാഹചര്യത്തിലൂടെ കടന്നുപോകുന്പോൾ പൊതുപരാമർശങ്ങളിൽ അന്തസ് നിലനിർത്തേണ്ട പ്രാധാന്യത്തെക്കുറിച്ച് മന്ത്രിയെ കോടതി ഓർമിപ്പിച്ചു.
സോഫിയ ഖുറേഷിയെ "തീവ്രവാദികളുടെ സഹോദരി' എന്നു വിശേഷിപ്പിച്ച ബിജെപി മന്ത്രിയുടെ പ്രസ്താവനയിൽ എഫ്ഐആർ ഇട്ട് കേസെടുക്കാൻ മധ്യപ്രദേശ് ഹൈക്കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ഷാ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് വിഷയത്തിൽ രൂക്ഷവിമർശനം നേരിട്ടത്.
വിഷയത്തിൽ അടിയന്തര വാദം ആവശ്യപ്പെട്ടെങ്കിലും അതു നിരസിച്ച കോടതി എഫ്ഐആർ സ്റ്റേ ചെയ്യാനും വിസമ്മതിച്ചു. ഹർജി ഇന്ന് പരിഗണിക്കും. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് ഹൈക്കോടതിയെ അറിയിക്കാനും ബെഞ്ച് നിർദേശിച്ചു.
മന്ത്രിയുടെ പരാമർശത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചതായും തന്റെ വാക്കുകളെ മാധ്യമങ്ങളാണ് മറ്റു തലത്തിലേക്ക് എത്തിച്ചതെന്നും ഷായ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക വിഭ ദത്ത മഖിജ കോടതിയിൽ പറഞ്ഞു. എന്നാൽ, ഈ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളുകയായിരുന്നു.
"ഓപ്പറേഷൻ സിന്ദൂറി'ന്റെ വിജയം ആഘോഷിക്കുന്പോൾ പൊതുപരിപാടിയിലെ ബിജെപി മന്ത്രിയുടെ പ്രസ്താവന കേന്ദ്രസർക്കാരിനെയും പാർട്ടിയെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു.
വിവാദ പരാമർശനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ഹൈക്കോടതി ഇടപെട്ടതോടെ ബുധനാഴ്ച വൈകുന്നേരമാണ് ഭാരതീയ ന്യായ സംഹിതയിൽ വിവിധ വകുപ്പുകൾ ചേർത്തു മന്ത്രിക്കെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.