‘ഓപ്പറേഷൻ സിന്ദൂർ’ ട്രെയ്ലർ മാത്രം: രാജ്നാഥ് സിംഗ്
Saturday, May 17, 2025 2:06 AM IST
ന്യൂഡൽഹി: തീവ്രവാദികൾക്കെതിരേ ഇന്ത്യ ആരംഭിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ അവസാനിച്ചിട്ടില്ലെന്നും ഇപ്പോൾ നടന്നത് വെറും ട്രെയ്ലർ മാത്രമാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
ശരിയായ സമയത്ത് മുഴുവൻ സിനിമയും ലോകത്തിന് മുന്നിൽ ഇന്ത്യ പ്രദർശിപ്പിക്കുമെന്ന് ഗുജറാത്തിലെ ഭുജ് രുദ്രമാതാ വ്യോമസേനാകേന്ദ്രം സന്ദർശിച്ച് സൈനികരെ അഭിവാദ്യം ചെയ്തുകൊണ്ട് പ്രതിരോധമന്ത്രി വ്യക്തമാക്കി. പാക്കിസ്ഥാന്റെ പെരുമാറ്റം ഇന്ത്യ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാനത്തിന്റെ പേരിൽ ഇന്ത്യ ഹൃദയം തുറക്കാൻ തയാറായപ്പോൾ അതു തകർക്കാൻ ശ്രമിച്ചവർക്ക് രാജ്യം ശക്തമായ മറുപടി നൽകി. പാക്കിസ്ഥാന്റെ ഏതൊരു കോണിലും എത്താൻ ഇന്ത്യക്കു സാധിക്കുമെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു.
ഇന്ത്യൻ സൈന്യം പാക്കിസ്ഥാൻ മണ്ണിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങൾ തകർത്തത് എങ്ങനെയാണെന്ന് ലോകം കണ്ടുവെന്നും പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകികൊണ്ട് രാജ്നാഥ് സിംഗ് വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണം അടക്കം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനപരമായ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിരോധമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ശ്രീനഗറിലെ സൈനികകേന്ദ്രം സന്ദർശിച്ച ശേഷമായിരുന്നു ഭുജിലെ വ്യോമ താവളത്തിലേക്ക് രാജ്നാഥ് സിംഗ് എത്തിയത്.
പാക്കിസ്ഥാനെതിരേ ഇന്ത്യ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ചുവെന്ന സൂചനയും രാജ്നാഥ് സിംഗ് ഇന്നലെ നൽകി. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിന്റെ ശക്തിക്ക് മുന്നിൽ പാക്കിസ്ഥാൻ തലകുനിച്ചുവെന്നാണ് അദ്ദേഹം സൈനികരെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞത്.
നേരത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബ്രഹ്മോസ് മിസൈലിന്റെ ചൂട് പാക്കിസ്ഥാൻ അനുഭവിച്ചുവെന്ന് പറഞ്ഞിരുന്നു. എന്നാൽ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സൈന്യം നടത്തിയ വാർത്താസമ്മേളനത്തിൽ ഒന്നുംതന്നെ ഇന്ത്യ പ്രയോഗിച്ച ആയുധങ്ങളുടെ വിവരം വ്യക്തമാക്കിയിരുന്നില്ല.
തക്കതായ മറുപടി പാക്കിസ്ഥാനു നൽകി എന്നു മാത്രമാണ് സൈന്യം വ്യക്തമാക്കിയത്. അതേസമയം ഇന്ത്യ ബ്രഹ്മോസ് മിസൈൽ പ്രയോഗിച്ചതായി പാക്കിസ്ഥാൻ പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഐഎംഎഫ് ധനസഹായം പുനഃപരിശോധിക്കണം
പാക്കിസ്ഥാനുള്ള ധനസഹായം അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) പുനഃപരിശോധിക്കണമെന്ന് രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകുന്നതിന് പാക്കിസ്ഥാൻ ഈ ഫണ്ട് ഉപയോഗിക്കും.
പാക്കിസ്ഥാനു സാന്പത്തിക സഹായം നൽകരുതെന്ന് ഇന്ത്യ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാൻ ഇന്ത്യൻ അതിർത്തികളിൽ ഡ്രോണ്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് ഐഎംഎഫ് പാക്കിസ്ഥാന് ഒരു ബില്യണ്‍ അമേരിക്കൻ ഡോളർ വായ്പയായി അനുവദിച്ചത്.