മധ്യപ്രദേശ് മന്ത്രിക്കു പിന്നാലെ സൈന്യത്തെ അപമാനിച്ച് ഉപമുഖ്യമന്ത്രിയും
Saturday, May 17, 2025 2:06 AM IST
ജബൽപുർ/ഇൻഡോർ: ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്നുള്ള മോദി സ്തുതിക്കിടെ സൈന്യത്തെ അപമാനിച്ച് മധ്യപ്രദേശ് മന്ത്രിക്കു പിന്നാലെ ഉപമുഖ്യമന്ത്രിയും.
രാജ്യത്തെ സേനയും സൈനികരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല്ക്കീഴില് വണങ്ങി നില്‍ക്കുന്നവരാണെന്നാണ് ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ജഗദീഷ് ദേവ്ഡ പറഞ്ഞത്.
സായുധസേനകളെ അപമാനിക്കുന്ന പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ് രംഗത്തുവന്നതോടെ നിലപാടിൽ മാറ്റംവരുത്തുകയാണെന്ന് ജഗദീഷ് ദേവ്ഡ പറഞ്ഞെങ്കിലും പ്രതിഷേധം ശക്തമായി തുടരുകയാണ്.
തന്റെ വാക്കുകൾ പ്രതിപക്ഷം വളച്ചൊടിച്ചെന്നും ഓപ്പറേഷൻ സിന്ദുറിന്റെ വിജയത്തെത്തുടർന്ന് രാജ്യത്തെ ജനങ്ങൾ സൈന്യത്തിന്റെ കാൽക്കീഴിൽ വീണുവെന്നാണ് ഉദ്ദേശിച്ചതെന്നുമാണ് ഉപമുഖ്യമന്ത്രിയുടെ പുതിയ ന്യായീകരണം.
മധ്യപ്രദേശ് ധനമന്ത്രികൂടിയായ ജഗദീഷ് ദേവ്ഡ ജബൽപുരിൽ സിവിൽ ഡിഫൻസ് സന്നദ്ധപ്രവർത്തകരെ അഭിസംബോധന ചെയ്യുന്പോഴാണ് വിവാദ പരാമർശം നടത്തിയത്. “പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു നാം നന്ദി പറയേണ്ടതുണ്ട്. രാജ്യം മുഴുവൻ, അതിന്റെ സൈനികരും സൈന്യവും തലകുന്പിട്ട് അദ്ദേഹത്തിന്റെ കാൽക്കീഴിൽ നമസ്തേ പറയണം.
ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനു കൊടുത്ത മറുപടി വിവരിക്കാൻ എനിക്കു വാക്കുകൾ മതിയാകുന്നില്ല”.- ഉപമുഖ്യമന്ത്രി പറഞ്ഞു.