വന്യജീവികളുടെ താവളമായി വേടൻകോട് എസ്റ്റേറ്റിലെ കാടുമൂടിയ ഭാഗം
1549878
Thursday, May 15, 2025 5:55 AM IST
ചീരാൽ: 300 ഏക്കർ വരുന്ന വേടൻകോട് എസ്റ്റേറ്റിലെ കാടുമൂടിയ ഭാഗം വന്യജീവികൾ താവളമാക്കി. പുലി, പന്നി, കാട്ടാട്, മയിൽ, കുരങ്ങ് തുടങ്ങിയ ഇനം വന്യജീവികൾ എസ്റ്റേറ്റിലെ ‘വനത്തിൽ’ തങ്ങുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
എസ്റ്റേറ്റിലെ മഞ്ഞക്കുന്ന് ഭാഗമാണ് കാടുമൂടിയത്. എസ്റ്റേറ്റിനടുത്താണ് കല്ലിങ്കര, മഞ്ഞക്കുന്ന്, തവണി, ചെറുമാട് തുടങ്ങിയ ജനവാസ കേന്ദ്രങ്ങൾ. ഇവിടങ്ങളിൽ വന്യജീവി ശല്യം കലശലാണ്. മഞ്ഞക്കുന്നിനടുത്ത് കഴിഞ്ഞദിവസം പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു.
കാട് വെട്ടിത്തെളിക്കാൻ വേടൻകോട് എസ്റ്റേറ്റ് മാനേജ്മെന്റിന് നിർദേശം നൽകണമെന്ന് പ്രദേശവാസികളുടെ യോഗം റവന്യു അധികാരികളോട് ആവശ്യപ്പെട്ടു. എസ്റ്റേറ്റിലുള്ള വന്യജീവികളെ വനത്തിലേക്ക് തുരത്തണമെന്ന ആവശ്യവും ഉന്നിയിച്ചു.
ജെ.എ. രാജു അധ്യക്ഷത വഹിച്ചു. കെ.സി.കെ. തങ്ങൾ, ടി. ഗംഗാധരൻ, വി.എസ്. സദാശിവൻ, സലിം നൂലക്കുന്ന്, ടി.എൻ. സുരേന്ദ്രൻ, എ. സലിം എന്നിവർ പ്രസംഗിച്ചു.