പിതാവിനു മർദനമേറ്റ കേസിൽ നീതി കിട്ടുന്നില്ലെന്ന് മകൾ
1560331
Saturday, May 17, 2025 5:41 AM IST
കൽപ്പറ്റ: കുപ്പാടിത്തറ ശ്യാം നിവാസിൽ പി.സി. ജയ്സൺ(49)ഈസ്റ്റർ ദിനം വൈകുന്നേരം മർദനമേറ്റതുമായി ബന്ധപ്പെട്ട കേസിൽ പോലീസിൽനിന്നു നീതി ലഭിക്കുന്നില്ലെന്ന് മകൾ പി.ജെ. അക്സ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മർദനമേറ്റതിനെത്തുടർന്ന് പിതാവിന്റെ ചെറുകുടലിന്റെ 10 സെന്റിമീറ്റർ നീക്കം ചെയ്യേണ്ടിവന്നിട്ടും ശക്തമായ വകുപ്പുകൾ പ്രകാരം കേസെടുക്കാനും പ്രതികളെ അറസ്റ്റുചെയ്യാനും പോലീസ് തയാറാകുന്നില്ലെന്ന് അവർ ആരോപിച്ചു.
കുപ്പാടിത്തറയ്ക്കു സമീപം പുഴയോരത്ത് അയൽവാസികളായ നാലുപേരാണ് ജയ്സണനെ മർദിച്ചത്. പിറ്റേന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയിലൂടെയാണ് ചെറുകുടലിന്റെ ഭാഗം നീക്കം ചെയ്തത്.
മർദനവുമായി ബന്ധപ്പെട്ട് ഏപ്രിൽ 24നാണ് പടിഞ്ഞാറത്തറ പോലീസിൽ പരാതി നൽകിയത്. മേയ് അഞ്ചിന് പോലീസ് സ്റ്റേഷനിൽനിന്നു എഫ്ഐആറിന്റെ പകർപ്പ് ലഭിച്ചു. നിസാര വകുപ്പുകൾ പ്രകാരമാണ് കേസെന്നാണ് പ്രഥമ വിവര റിപ്പോർട്ടിൽനിന്നു മനസിലായതെന്ന് മകൾ പറഞ്ഞു.