കണിയാരം എഎൽപി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
1550146
Friday, May 16, 2025 6:02 AM IST
മാനന്തവാടി: കണിയാരം എഎൽപി സ്കൂളിനു പുതുതായി നിർമിച്ച കെട്ടിടത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം നിർവഹിച്ചു.
വിദ്യാലയത്തിന്റെ 76-ാം വാർഷികാഘോഷം ഇതോടനുബന്ധിച്ച് നടത്തി. സേവനത്തിൽനിന്നു വിരമിക്കുന്ന പ്രധാനാധ്യാപിക കെ.എം. ബീനയ്ക്കു യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം ബിഷപ് ഉദ്ഘാടനം ചെയ്തു. രൂപത കോർപറേറ്റ് മാനേജർ ഫാ.സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലെ മികവിനുള്ള പുരസ്കാരം വിദ്യാലയത്തിനു അദ്ദേഹം സമ്മാനിച്ചു.
വിവിധ മേഖലകളിൽ മികവു പുലർത്തിയവരെ സ്കൂൾ മാനേജർ ഫാ.സോണി വാഴക്കാട്ട് അനുമോദിച്ചു. നഗരസഭാ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി കംപ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ "ഉജ്വലം’ പുരസ്കാരം വിതരണം നിർവഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ സിന്ധു സെബാസ്റ്റ്യൻ, ലേഖ രാജീവൻ, കൗണ്‍സിലർ സുനി ഫ്രാൻസിസ് എന്നിവർ എൻഡോവ്മെന്റ് വിതരണം നടത്തി. സ്പർശം പുസ്തകം ബിപിസി കെ.കെ. സുരേഷ് പ്രകാശനം ചെയ്തു.
റിട്ട.എഇഒ എ.കെ. മുരളീധരൻ, സെന്റ് ജോസഫ്സ് ടിടിഐ പ്രിൻസിപ്പൽ കെ.ജെ. ബെന്നി എന്നിവർ പ്രതിഭകളെ ആദരിച്ചു. എഇഒ ഇൻ ചാർജ് എൻ.എസ്. ഷീബ പങ്കെടുത്തു.
വൈഖരി ഈവ്, കലാപരിപാടികൾ എന്നിവ നടന്നു. രണ്ടു കോടി ചെലവിലാണ് സ്കൂളിനു മൂന്നുനില കെട്ടിടം നിർമിച്ചത്. സാധാരണ ക്ലാസ് മുറികൾ, സ്മാർട്ട് ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, ലൈബ്രറി, ആധുനിക സൗകര്യങ്ങളുള്ള ശൗചാലയങ്ങൾ എന്നിവ കെട്ടിടത്തിലുണ്ട്.