‘താമരശേരി ചുരത്തിലെ ഗതാഗതക്കരുക്കിന് ശാശ്വത പരിഹാരം കാണണം’
1560333
Saturday, May 17, 2025 5:41 AM IST
കൽപ്പറ്റ: താമരശേരി ചുരത്തിൽ ആവർത്തിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് കോണ്‍ഗ്രസ് വൈത്തിരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പോൾസണ്‍ കൂവയ്ക്കൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
അത്യാസന്ന നിലയിൽ വയനാട്ടിൽനിന്നു കോഴിക്കോട്ടെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയ രോഗികളിൽ ചലരുടെ ജീവൻ നഷ്ടപ്പെടാൻപോലും ചുരത്തിൽ പലപ്പോഴും ഉണ്ടാകുന്ന ഗതാഗത തടസം കാരണമാകുകയാണ്. എന്നിട്ടും ഉത്തരവാദപ്പെട്ടവർ അനങ്ങാപ്പാറ നയം തുടരുകയാണ്.
ചുരം റോഡിലൂടെ മൾട്ടി ആക്സിൽ ബസും ട്രക്കും ഉൾപ്പെടെ ആയിരക്കണക്കിനു വാഹനങ്ങളാണ് പ്രതിദിനം കടന്നുപോകുന്നത്. ചില ദിവസങ്ങളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗത തടസമാണ് ചുരത്തിൽ ഉണ്ടാകുന്നത്.
ബദൽ റോഡുകളിൽ ഒന്നെങ്കിലും യാഥാർഥ്യമായാൽ ഈ അവസ്ഥയ്ക്കു മാറ്റമാകും. ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ, പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ റോഡുകൾ നിർമിക്കുന്നത് വയനാടിന് ഏറെ ഗുണം ചെയ്യുന്നതാണ്. 1994ൽ ആരംഭിച്ച പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് നിർമാണം ഇതുവരെ പൂർത്തിയായില്ല.
പ്രവൃത്തിക്ക് വനഭൂമി ഉപയോഗപ്പെടുത്തുന്നതിന് കേന്ദ്രാനുമതി ലഭിക്കാത്തതാണ് ഈ റോഡ് പദ്ധതിക്ക് വിനയായത്. 500 കോടി രൂപ ചെലവിൽ പൂർത്തിയാക്കാവുന്ന ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡിന്റെ കാര്യത്തിൽ സർക്കാർ മൗനത്തിലാണ്. ഇത് ദൗർഭാഗ്യകരമാണെന്നും പോൾസണ്‍ കൂവയ്ക്കൽ പറഞ്ഞു.