നീന്തൽ പരിശീലനം തുടർന്ന് കായിക അധ്യാപകർ
1550139
Friday, May 16, 2025 6:02 AM IST
പുൽപ്പള്ളി: കായികാധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ചെങ്കിലും നീന്തൽ പരിശീലനം തുടർന്ന് പുല്ലാനിക്കാവിൽ ഡീവൻസും ജോണ്സണ് വിരിപ്പാമറ്റവും.
കുടിയേറ്റ മേഖലയായ പുൽപ്പള്ളിയിൽ നിന്നാരംഭിച്ച് ജില്ലയിലെ എല്ലാ മേഖലകളിലുമെത്തി വിദ്യാർഥികളെ നീന്തൽ അഭ്യസിപ്പിച്ച ചരിത്രവും ഡീവൻസിനും ജോണ്‍സണും സ്വന്തമാണ്. ഒരു പതിറ്റാണ്ടുകാലമായി പരിശീലന ക്യാന്പുകളടക്കം നടത്തി ഈ അധ്യാപകർ കുട്ടികളെ നീന്തൽ അഭ്യസിപ്പിച്ച് വരികയാണ്.
പുൽപ്പള്ളി, മുള്ളൻകൊല്ലി, കബനിഗിരി, പൂതാടി എന്നിവിടങ്ങളിലാണ് പരിശീലന ക്യാന്പുകൾ നടത്തിവന്നിരുന്നത്. ആദ്യം നീന്തൽ പരിശീലനരംഗത്തേക്ക് കടന്നുവരുന്നവരുടെയെണ്ണം കുറവായിരുന്നുവെങ്കിലും പിന്നീട് നിരവധി പേരാണ് ഈ മേഖലയിലേക്കെത്തിയതെന്ന് അധ്യാപകർ പറയുന്നു. പരിക്കുകൾക്ക് ഏറ്റവും സാധ്യത കുറവുള്ള മത്സരയിനമായ നീന്തൽ കായികക്ഷമത വർധിപ്പിക്കാനുള്ള ഉപാധി കൂടിയാണെന്നും അധ്യാപകർ പറഞ്ഞു.
പുൽപ്പള്ളി വേലിയന്പം ദേവിവിലാസം സ്കൂളിലെ കായികാധ്യാപകനായി 31 വർഷത്തെ സർവീസിന് ശേഷം വിരമിച്ചിട്ടും കായികപ്രവർത്തനങ്ങളിൽ നിന്നും ഡീവൻസ് പിന്നോട്ടുപോകാൻ തയ്യാറായില്ല. പുൽപ്പള്ളി വിജയാഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് വിരമിച്ച ശേഷം പുൽപ്പള്ളി സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ ജോലി ചെയ്ത് വരുന്ന കായികാധ്യാപകൻ ജോണ്‍സണും നീന്തൽ പരിശീലനത്തിൽ സജീവമാണ്.
നീന്തൽ എല്ലാവരും അഭ്യസിച്ചിരിക്കേണ്ടതെന്നതാണെന്നും വ്യായാമത്തോടൊപ്പം ജീവൻ രക്ഷിക്കാനുള്ള ഉപാധികൂടിയാണ് നീന്തലെന്നും ജോണ്സണ് വിരിപ്പാമറ്റവും ഡീവൻസും പറഞ്ഞു.