’അരങ്ങ്’ ജില്ലാതല കലോത്സവം തുടങ്ങി: ബത്തേരി സിഡിഎസ് മുന്നിൽ
1549879
Thursday, May 15, 2025 5:55 AM IST
കൽപ്പറ്റ: കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ അയൽക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലാപരമായ കഴിവുകളെ ഉണർത്തുന്നതിനും പ്രകടിപ്പിക്കുന്നതിനും അവസരം ഒരുക്കുന്ന ജില്ലാതല കലോത്സവം ‘അരങ്ങ് 2025’ ന് തിരിതെളിഞ്ഞു.
മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഹൈസ്കൂളിൽ നടക്കുന്ന ദ്വിദിന കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. വിനയൻ അധ്യക്ഷത വഹിച്ചു.
ആദ്യദിനം സ്റ്റേജിതര മത്സരങ്ങളും വിവിധ സ്റ്റേജ് ഇനങ്ങളും പൂർത്തിയാവുന്പോൾ 90 പോയിന്റുമായി ബത്തേരി സിഡിഎസ് ആണ് മുന്നിൽ. 23 പോയിന്റുമായി തവിഞ്ഞാൽ സിഡിഎസ് രണ്ടാമതും 17 പോയിന്റുമായി പനമരം സിഡിഎസ് മൂന്നാം സ്ഥാനത്തുമാണ്.
98 മത്സര ഇനങ്ങളിലായി ജില്ലയിലെ 27 സിഡിഎസുകളിൽ നിന്നും 500 ൽ അധികം മത്സരാർഥികളാണ് ജില്ലാ കലോത്സവത്തിന്റെ ഭാഗമാവുന്നത്. സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ ബ്ലോക്ക് അടിസ്ഥാനത്തിൽ നടത്തിയ കലോത്സവത്തിലെ വിജയികളാണ് ജില്ലാ കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.
കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം സിന്ധു ശ്രീധരൻ, മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി,
മീനങ്ങാടി പഞ്ചായത്ത് വാർഡ് അംഗം ഉഷ രാജേന്ദ്രൻ, ജില്ലയിലെ വിവിധ സിഡിഎസ് ചെയർപേഴ്സണ്മാർ, എഡിഎംസിമാരായ എ.കെ. അമീൻ, വി.കെ. റജീന, എഡിഎംസി കെ.എം. സലീന എന്നിവർ പങ്കെടുത്തു.