സിപിഎം വയനാട് മാർച്ച് നാളെ തുടങ്ങും
1560327
Saturday, May 17, 2025 5:41 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതരോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിക്കുന്നതിനും ജില്ലയുടെ വികസന വിഷയങ്ങൾ ഉയർത്തുന്നതിനും എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളോട് വിശദീകരിക്കുന്നതിനും സിപിഎം ജില്ലാ കമ്മിറ്റിയുടെ വയനാട് മാർച്ച് നാളെ തുടങ്ങും.
27 വരെ നീളുന്ന മാർച്ച് നാളെ വൈകുന്നേരം നാലിന് കാട്ടിക്കുളത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി കെ. റഫീഖ്, സംസ്ഥാന കമ്മിറ്റിയംഗം സി.കെ. ശശീന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ രുക്മണി സുബ്രഹ്മണ്യൻ, എ.എൻ. പ്രഭാകരൻ, എം. മധു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജാഥയിൽ 150 സ്ഥിരാഗംങ്ങളുണ്ടാകും. ഓരോ ഏരിയയിലും 500ൽ അധികം പേർ മാർച്ചിൽ അണിനിരക്കും.
ദുരന്ത ബാധിതരുടെ പുനരധിവാസത്തിനും വന്യമൃഗശല്യ പ്രതിരോധത്തിനും സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ച പ്രത്യേക പാക്കേജുകൾ അംഗീകരിക്കുക, വനം-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക, കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെയും ബാവലി-മൈസൂരു പാതയിലെയും രാത്രിയാത്രാ വിലക്ക് നീക്കാൻ കേന്ദ്ര, കർണാടക സർക്കാരുകൾ ഇടപെടുക, ചുരം ബദൽ പാതകൾക്ക് കേന്ദ്രാനുമതി നൽകുക,തുടങ്ങിയ ആവശ്യങ്ങൾ മാർച്ചിൽ ഉന്നയിക്കും. ഇന്ന് ലോക്കൽ കേന്ദ്രങ്ങളിൽ വിളംബരറാലി നടത്തും.
19ന് തലപ്പുഴയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ, 21ന് വെള്ളമുണ്ട എട്ടേനാലിൽ സംസ്ഥാന കമ്മിറ്റി അംഗം വി. വസീഫ്, 22ന് പടിഞ്ഞാറത്തറയിൽ മുൻ മന്ത്രി കെ.ടി. ജലീൽ, 23ന് ചുണ്ടേലിൽ സംസ്ഥാന കമ്മിറ്റി അംഗം എം. മെഹബൂബ്, 24ന് മുട്ടിലിൽ സംസ്ഥാന കമ്മിറ്റി അംഗം എ.എ. റഹിം എംപി, 25ന് മീനങ്ങാടിയിൽ സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ, 26ന് കേണിച്ചിറയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് എന്നിവർ സമാപന യോഗം ഉദ്ഘാടനം ചെയ്യും.
27ന് വൈകുന്നേരം ബത്തേരിയിൽ സമാപന സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും.