ലയയും കുടുംബവും ഇനി പുതിയ വീട്ടിൽ അന്തിയുറങ്ങും
1550145
Friday, May 16, 2025 6:02 AM IST
മാനന്തവാടി: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ വീടു നിഷ്ടപ്പെട്ട മേപ്പാടി ജിഎച്ച്എസ്എസിലെ ഒന്പതാം ക്ലാസ് വിദ്യാർഥി ലയയ്ക്ക് വേണ്ടി നൻമ മനസുകളുടെ സഹായത്തോടെ നിർമിച്ച വീടിന്റെ താക്കോൽ കൈമാറി.
അയർലൻഡ് വാട്ടർ ഫോർഡ് സെന്റ് മേരീസ് സീറോമലബാർ കാത്തലിക് ഇടവക സമൂഹമാണ് വീടു നിർമിച്ചു നൽകിയത്. 18 ലക്ഷം രൂപ ചെലവിലാണ് പ്രവർത്തികൾ പൂർത്തീകരിച്ചത്. മാനന്തവാടി സെന്റ് ജോസഫ്സ് കത്തീഡ്രൽ ഇടവകാംഗം സണ്ണി വണ്ടന്നൂർ പാലാക്കുളിയിൽ സൗജന്യമായി നൽകിയ ഏഴു സെന്റ് സ്ഥലത്താണ് വീടു നിർമിച്ചത്.
അയർലന്റിൽ താമസിക്കുന്ന സണ്ണിയുടെ മകൾ ആഷ്ലിനും ഭർത്താവ് ബിബിനും ദുരന്തത്തിൽ ഇരയായവർക്ക് സഹായം എന്ന ആശയം ഇടവകയിൽ അറിയിക്കുകയും ഇടവക വികാരി ഫാ. ജോമോൻ കാക്കനാട്ടിന്റെ നേതൃത്വത്തിൽ 12 അംഗ കണ്സ്ട്രക്ഷൻ കമ്മിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തതോടെ ലയക്കും കുടുംബത്തിനും വീടെന്ന സ്വപ്നം പൂവണിയുകയായിരുന്നു.
ഗൃഹ പ്രവേശനം നാടമുറിച്ചുകൊണ്ടും താക്കോൽ കൈമാറിയും ഫാ. ജോമോൻ കാക്കനാട്ട് നിർവഹിച്ചു. മാനന്തവാടി സെന്റ് ജോസഫ്സ് കത്തീഡ്രൽ ഇടവക വികാരി ഫാ. സോണി വാഴക്കാട്ട് വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു.
സണ്ണി വണ്ടന്നൂർ, ലയ, ലയയുടെ മാതാവ് സന്ധ്യ, സഹോദരങ്ങൾ, കുടുംബാംഗങ്ങൾ, പള്ളി കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. സണ്ണി വണ്ടന്നൂരിന്റെ ആത്മാർത്ഥമായ നേതൃത്വത്തിന് വാട്ടർഫോർഡ് ഇടവകസമൂഹത്തിന്റെ മെമന്േറാ നൽകി ആദരിച്ചു.
കണ്സ്ട്രക്ഷൻ കമ്മിറ്റി അഗങ്ങളായ ലൂയിസ്, ടോം, ടെഡി, ജോസ്മോൻ, ജോജോ, സൈജു, എബി, ലിനറ്റ്, മനോജ്, അമിത്, രേഖ, സൗമ്യ എന്നിവർക്കുള്ള നന്ദിയും ചടങ്ങിൽ അറിയിച്ചു.