എൽസ്റ്റൻ എസ്റ്റേറ്റ്: കോടതിയെ വീണ്ടും സമീപിക്കാൻ അഡ്വ.ജനറലിന് നിർദേശം
1560332
Saturday, May 17, 2025 5:41 AM IST
കൽപ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതർക്ക് ഭവന പദ്ധതി നടപ്പാക്കുന്നതിന് കൽപ്പറ്റയ്ക്കു സമീപം ഏറ്റെടുത്ത എൽസ്റ്റൻ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് കോടതിയെ വീണ്ടും സമീപിക്കാൻ അഡ്വക്കറ്റ് ജനറലിന് സർക്കാർ നിർദേശം.
റവന്യു മന്ത്രി കെ. രാജൻ, പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടി, പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു, അഡീഷണൽ ലേബർ കമ്മീഷണർ(ഐആർ)കെ.എം. സുനിൽ എന്നിവരും ഓണ്ലൈനിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയും പങ്കെടുത്ത യോഗത്തിലെ തീരുമാനം അനുസരിച്ചാണ് നിർദേശം.
പല ഇനങ്ങളിലായി 5,97,53,793 രൂപ തൊഴിലാളികൾക്ക് നൽകാനുണ്ടെന്നും ഇതിന്റെ റവന്യു റിക്കവറി നടക്കുകയാണെന്നും എജി കോടതിയെ അറിയിച്ചിട്ടുണ്ട്. വേതനം, ഗ്രാറ്റുവിറ്റി തുടങ്ങിയവ ഉൾപ്പെടെ കുടിശിക സംബന്ധിച്ച കണക്ക് ബന്ധപ്പെട്ട വകുപ്പ് ശേഖരിച്ചുവരികയാണെന്നും ബോധിപ്പിച്ചു. എസ്റ്റേറ്റ് മാനേജ്മെന്റിന് നഷ്ടപരിഹാരമായി കോടതി നിർദേശിച്ച തുക രണ്ട് ഘട്ടങ്ങളായി സർക്കാർ കെട്ടിവച്ചിട്ടുണ്ട്.
ഈ തുക എങ്ങനെ വിതരണം ചെയ്യണമെന്നതിൽ നിർദേശം കോടതി നൽകിയിട്ടില്ല. തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യം സർക്കാർ അടച്ച തുകയിൽ നിന്ന് ലഭ്യമാക്കുന്നതിന് കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ വീണ്ടും കൊണ്ടുവരാനാണ് എജിക്ക് നിർദേശം.
2015 ഫെബ്രുവരി മുതൽ 2024 ഡിസംബർ വരെ പിഎഫ് കുടിശിക 2,73,43,304 രൂപയും ഇതിനു പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ നിർദേശിക്കുന്ന പിഴപ്പലിശയും 2023-24, 2024-25 വർഷങ്ങളിലെ ബോണസ് 4,43,995 രൂപയും 2022, 2023, 2024 വർഷങ്ങളിലെ ആന്വൽ ലീവ് സറണ്ടർ ആനുകൂല്യമായി 14,20,591 രൂപയും 2019, 2023 വർഷങ്ങളിലെ സാലറി അരിയർ 4,46,382 രൂപയും പ്രൊവിഡന്റ് ഫണ്ടിൽ അധികമായി ഈടാക്കിയ 7,21,240 രൂപയും തൊഴിലാളികളുടെയും സൂപ്പർവൈസർമാരുടെയും നാലു മാസത്തെ വേതന കുടിശിക 17,93,087 രൂപയും
ആറു വർഷത്തെ വെതർ പ്രൊട്ടക്ടീവ് ആനുകൂല്യമായി പ്രതിവർഷം 350 രൂപ നിരക്കിൽ 3,25,500 രൂപയും ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ഉത്തരവിൽ ഉൾപ്പെട്ടതടക്കം 150 തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി 2,35,09,300 രൂപയും അണ്ക്ലയിംഡ് ഡ്യൂസ് 33,67,409 രൂപയും തൊഴിലാളികൾക്ക് കിട്ടാനുണ്ട്. ഈ തുക നൽകുമെന്ന് അഡീഷണൽ ലേബർ കമ്മീഷണറുടെ (ഐആർ) അധ്യക്ഷതയിൽ ജില്ലാ ലേബർ ഓഫീസിൽ ചേർന്ന യോഗത്തിൽ മാനേജ്മെന്റ് സമ്മതിച്ചിരുന്നു.