ജില്ലാ കളക്ടറുടെ ഓണ്‍ലൈൻ പരാതി പരിഹാര സെല്ലിന് തുടക്കമായി
1549885
Thursday, May 15, 2025 5:55 AM IST
കൽപ്പറ്റ: പൊതുജനങ്ങൾക്ക് ജില്ലാ കളക്ടറെ നേരിൽ കാണാതെ പരാതി പരിഹരിക്കാനുള്ള ഓണ്‍ലൈൻ പരാതി പരിഹാര സെല്ലിന് തുടക്കമായി. കളക്ടറേറ്റിൽ വരാതെ തന്നെ പൊതുജനങ്ങളുടെ പരാതി കളക്ടർക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. കളക്ടർ ഡി.ആർ. മേഘശ്രീ ഉദ്ഘാടനം നിർവഹിച്ചു.
പൊതുജനങ്ങൾക്ക് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ ഓണ്‍ലൈനായി അപേക്ഷാ നൽകാനും പരാതിയുടെ തൽസ്ഥിതി അറിയാനും സാധിക്കും. ജനങ്ങളുടെ ജോലി സമയം നഷ്ടപ്പെടുത്താതെ, ഓഫീസുകളിൽ കയറിയിറങ്ങാതെ പരാതി തീർപ്പുണ്ടാക്കാൻ സഹായകരമാകും വിധമാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഓണ്‍ലൈൻ പോർട്ടലിൽ ലഭിക്കുന്ന പരാതികൾ ജില്ലാ കളക്ടർ നേരിട്ട് നിരീക്ഷിച്ച് ബന്ധപ്പെട്ട വകുപ്പുകളിലേയ്ക്ക് കൈമാറി ദ്രുതഗതിയിൽ നടപടികൾ സ്വീകരിക്കും. പൊതുജന പരാതി പരിഹാര സെൽ, ഐടി സെൽ, റവന്യു വകുപ്പ്, എൻഐസി, അക്ഷയ, ഐടി മിഷൻ എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് പ്രവർത്തിക്കുന്നത്.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ പിജി സെൽ ജൂണിയർ സൂപ്രണ്ട് കെ. ഗീത, ഇൻഫർമാറ്റിക്സ് ഓഫീസർ ജസിം ഹാഫിസ്, ഐടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ എസ്. നിവേദ്, ഐടി സെൽ ഉദ്യോഗസ്ഥർ, ഇന്റേണ്‍സ് എന്നിവർ പങ്കെടുത്തു.