സ്കൂൾ ബസും ഡ്രൈവറും ഫിറ്റാണോ ?..... പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്
1560328
Saturday, May 17, 2025 5:41 AM IST
കൽപ്പറ്റ: സ്കൂൾ തുറക്കലിന് മുന്നോടിയായി സ്കൂൾ ബസുകളും ഡ്രൈവർമാരും ഫിറ്റാണോയെന്ന് പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ബസും ഡ്രൈവറും ഫിറ്റാണെങ്കിൽ ജൂണ്‍ രണ്ടിന് വാഹനം നിരത്തിലിറക്കാമെന്ന് അധികൃതർ. അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് സ്കൂൾ ബസുകളുടെ പരിശോധന കർശനമാക്കാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്.
ജില്ലയിലെ സ്കൂൾ ബസ് ഡ്രൈവർമാരുടെയും ബസുകളുടെയും പരിശോധന 28 മുതൽ 30 വരെ നടക്കും. റീജണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ നേതൃത്വത്തിൽ 28ന് സ്കൂൾ ബസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലന ക്ലാസ് നൽകും. ഡ്രൈവർമാർ ക്ലാസിൽ പങ്കെടുക്കുന്നുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പാക്കണം.
ലഹരി ഉപയോഗം, റോഡ് സേഫ്റ്റി, കുട്ടികളുടെ സുരക്ഷ, സമൂഹ മാധ്യമങ്ങളുടെ ഇടപെടൽ, സ്കൂൾ ബസിൽ ആയമാരുടെ ആവശ്യം തുടങ്ങിയ വിഷയങ്ങൾ ക്ലാസെടുക്കും. അശ്രദ്ധമായി സ്കൂൾവാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വാഹനത്തിൽ ഒട്ടിച്ച ഡെയ്ഞ്ചറസ് ഡ്രൈവിംഗ് സ്റ്റിക്കർ ഉപയോഗിച്ച് പരാതി നൽകാമെന്നും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരാതി നൽകാൻ എക്സൈസ് വകുപ്പിന്റെ നന്പർ വാഹനങ്ങളിൽ പ്രദർശിപ്പിക്കുമെന്നും ആർടിഒ അറിയിച്ചു.
സ്കൂൾ ബസുകൾക്ക് മണിക്കൂറിൽ 50 കിലോ മീറ്ററാണ് വേഗപരിധി. ബസിൽ 12 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഒരു സീറ്റിൽ രണ്ട് പേർക്ക് വീതം ഇരിക്കാം. 12 വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഒരാൾക്ക് ഒരു സീറ്റ് എന്ന നിലയിലാണ് സീറ്റിംഗ് ക്രമീകരിക്കുന്നത്. സ്കൂൾ വാഹനത്തിൽ വിദ്യാർഥികളെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കുകയില്ലെന്നും അത്തരത്തിൽ യാത്ര ചെയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സ്കൂൾ അധികൃതർക്കെതിരേ കർശന നടപടി സ്വീകരിക്കും.
ഹെവി സ്കൂൾ വാഹനങ്ങൾ നിയമ വിരുദ്ധമായി ഓടിച്ചാൽ 7500 രൂപയും ഓട്ടോറിക്ഷയിൽ പരിധിക്ക് പുറമേ കുട്ടികളെ കയറ്റിയാൽ 3000 രൂപ പിഴയും പെർമിറ്റും റദ്ദാക്കും. പ്രൈവറ്റ് (നോണ്‍ ട്രാൻസ്പോർട്ട്) വാഹനങ്ങളിൽ കുട്ടികളെ കൊണ്ടു പോയാൽ വാഹന ഉടമയുടെ ആർസി, വാഹനം ഓടിക്കുന്ന വ്യക്തിയുടെ ലൈസൻസ് എന്നിവ റദ്ദാക്കും.