വണ്ടിക്കടവ് -ചാമപ്പാറ റോഡ് തകർന്നു: അപകടങ്ങൾ നിത്യസംഭവം
1550138
Friday, May 16, 2025 6:02 AM IST
പുൽപ്പള്ളി: വണ്ടിക്കടവ് - ചാമപ്പാറ തീരദേശറോഡ് തകർന്നതോടെ ഈ റൂട്ടിൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യസംഭവമായി. കഴിഞ്ഞ ദിവസം ഈ റോഡിൽ ഓംമ്നി വാൻ മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. വണ്ടിക്കടവ് - കൊളവള്ളി റോഡിൽ വണ്ടിക്കടവ് മുതൽ ചാമപ്പാറ വരെയുള്ള 2.3 കിലോമീറ്ററാണ് നാല് വർഷം മുൻപ് പൂട്ടുകട്ട പാകിയുറപ്പിച്ചത്.
കട്ടയിളകാതെ വശങ്ങളിലും നടുവിലും സ്ഥാപിച്ച കോണ്ക്രീറ്റ് ബെൽറ്റ് പൊട്ടിത്തകർന്നിട്ട് കാലമേറെയായി. ബസുകൾ ഉൾപ്പടെയുള്ള ഭാരവാഹനങ്ങളും ചെറു വാഹനങ്ങളും ഇടതടവില്ലാതെ ഓടുന്ന റൂട്ടാണിത്. റോഡ് നിർമാണത്തിന്റെ ഗ്യാരന്റി സമയം കഴിഞ്ഞതിനാൽ അറ്റകുറ്റപ്പണികളൊന്നും നടക്കുന്നില്ല.
കോണ്ക്രീറ്റ് ബെൽറ്റ് പൊട്ടിയതോടെ പലയിടത്തും പൂട്ടുകാകളും ഇളകിമാറി ഇരുചക്ര വാഹനങ്ങൾ ഇതിൽ തട്ടിമറിയുന്നതും പതിവാണ്. കോണ്ക്രീറ്റിന് ഉപയോഗിച്ച കന്പികളും പൊട്ടിയകന്ന് അപകടമുണ്ടാക്കുന്നു.
ഇന്നലെ വാനിന്റെ ലീഫ് സെറ്റിൽ കന്പി കുടുങ്ങിയാണ് അപകടമുണ്ടായത് സീതാമൗണ്ട്, കൊളവള്ളി, മരക്കടവ് ഭാഗത്തുള്ളവർക്ക് മുള്ളൻകൊല്ലി, പാടിച്ചിറ ടൗണുകളൊഴിവാക്കി എളുപ്പം ബത്തേരിക്കും പുൽപ്പള്ളിക്കും പോകാൻ കഴിയുന്ന റൂട്ടാണ് ഇത്.