അന്പലവയൽ മഞ്ഞപ്പാറ ഭൂമി ഇടപാട്: ലൂഥറൻ ചർച്ച് ട്രസ്റ്റ് പോലീസിൽ പരാതി നൽകി
1549881
Thursday, May 15, 2025 5:55 AM IST
കൽപ്പറ്റ: അന്പലവയൽ മഞ്ഞപ്പാറയിൽ ഇന്ത്യ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് കൈവശംവച്ച് നികുതിയടച്ചുവരുന്ന 40 സെന്റ് ഭൂമിയുടെ വിൽപന വിവാദത്തിൽ. ഭൂമി 9.62 ലക്ഷം രൂപ വില നിശ്ചയിച്ച് രണ്ട് സ്വകാര്യ വ്യക്തികൾക്ക് ആധാരം ചെയ്തു നൽകിയത് അധികാരപ്പെട്ട വ്യക്തിയല്ലെന്നു കാണിച്ചും കുറ്റക്കാർക്കെതിരേ കർശന നടപടി ആവശ്യപ്പെട്ടും ലൂഥറൻ ചർച്ച് അധികൃതർ ജില്ലാ പോലീസ് മേധാവിക്കും അന്പലവയൽ പോലീസ് സ്റ്റേഷനിലും പരാതി നൽകി.
ഭൂമി ആധാരം ചെയ്തു നൽകിയ കൊല്ലം നിലമേൽ ബംഗ്ലാംകുന്ന് എൽഎം കോന്പൗണ്ട് ഡാർവിൻ(60), ഭൂമി വാങ്ങിയ അന്പലവയൽ ഉരുളാംകുന്നത്ത് കെ.സി. കുഞ്ഞമ്മു(63), മകൻ അബ്ദുൾ സുജീദ്(36)തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് പരാതി.
2025 മാർച്ച് 21നാണ് ഭൂമിയുടെ ആധാരം നടന്നത്. ഭൂമി എഴുതിക്കൊടുത്ത ഡാർവിൻ ഇവാഞ്ചലിക്കൽ ലൂഥർ ഇന്ത്യാ മിഷൻ പ്രോപ്പർട്ടീസ് ബോർഡ് ജനറൽ സെക്രട്ടറിയാണെന്നാണ് ആധാരത്തിൽ പറയുന്നത്. ഭൂമി വിൽപനയെക്കുറിച്ച് കഴിഞ്ഞ ദിവസം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചർച്ച് അധികൃതർ പോലീസിനെ സമീപിച്ചത്. വിഷയത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
മഞ്ഞപ്പാറയിലെ ഭൂമിയുടെ വിൽപനയിലും ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും സമഗ്രാന്വേഷണം ആവശ്യമാണെന്ന് ചർച്ച് തിരുവനന്തപുരം സിനഡ് പ്രസിഡന്റ് ഡോ.മോഹനൻ മാനുവൽ, ട്രസ്റ്റ് ഡയറക്ടർ ഫാ.ജി. ജസ്റ്റിൻ രാജ്, ഫാ.ബി. ജോയി, നിലമേൽ സർക്കിൾ പ്രസിഡന്റ് ഫാ.എ.ടി. ബേബി, ചർച്ച് കൗണ്സിൽ അംഗം ഫാ.എസ്എസ്. ഒലിവർ, ഫാ.വി. വിപിൻ, ഫാ.മനുപ്രസാദ് എം,ഫാ.ജോണ് ദാസ്, ഫാ.പ്രശാന്ത് രാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വയനാട്ടിലുള്ളതടക്കം സഭയുടെ വസ്തുക്കൾ ഇന്ത്യ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് എന്ന പേരിൽ ചെന്നൈ രജിസ്ട്രേഷൻ ഓഫീസിൽ കന്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതാണ്. ട്രസ്റ്റിന്റെ പേരിലുള്ള വസ്തുക്കൾ ചെന്നൈ ഹൈക്കോടതിയുടെ അറിവോ സമ്മതമോ ഇല്ലാതെ വിൽപന നടത്താൻ ആർക്കും അധികാരമില്ല.
സഭയുടെ വസ്തുക്കൾ തട്ടിയെടുക്കാൻ തത്പര കക്ഷികൾ ആസൂത്രിത നീക്കം വർഷങ്ങളായി നടത്തിവരികയാണ്. മീനങ്ങാടിയിൽ സഭയുടെ പേരിൽ 3.5 ഏക്കർ ഭൂമിയുണ്ട്. ഇവിടെ ഷോപ്പിംഗ് കോംപ്ല്സ് നിർമിക്കുന്നതു തടയാൻ ചിലർ ശ്രമിച്ചതായി ചർച്ച് അധികൃതർ പറഞ്ഞു.