വികസന മുരടിപ്പിനു പരിഹാരമില്ലാതെ ചീക്കല്ലൂർ ഗ്രാമം
1549884
Thursday, May 15, 2025 5:55 AM IST
കൽപ്പറ്റ: വികസന മുരടിപ്പിനു പരിഹാരമില്ലാതെ കണിയാന്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂർ ഗ്രാമം. പഞ്ചായത്തിലെ 3,17,18 വാർഡുകളുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന ഗ്രാമത്തിൽ പദ്ധതികൾ പലതുണ്ടെങ്കിലും ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ല. പട്ടികവർഗത്തിൽപ്പെടുന്നതാണ് ഗ്രാമവാസികളിൽ അധികവും.
ചീക്കല്ലൂരിൽ നടപ്പാക്കിയ പദ്ധതികളെല്ലാംതന്നെ പണം ധൂർത്തടിക്കാനുള്ള പരിപാടികളായി മാറിയെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ വമ്മേരി രാഘവൻ, ഉണ്ണിക്കൃഷ്ണൻ ചീക്കല്ലൂർ, കെ. ബാബു മാരാർ, കെ.ജി. സുരേഷ്ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചീക്കല്ലൂരിൽ വരദൂർ പുഴയ്ക്കു കുറുകെ 1990ൽ ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് നിർമിച്ച തടയണ നോക്കുകുത്തിയായി. ഗ്രാമത്തിലെ കരഭൂമിയിലും 200 ഏക്കർ വരുന്ന പാടത്തും ജലസേചനത്തിന് തടയണ ഉതകുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. എന്നാൽ ഇതിനുള്ള യോഗം കർഷകർക്ക് ഉണ്ടായില്ല.
ജലസേചനത്തിന് നിർമിച്ച രണ്ട് കുളങ്ങളുടെ നവീകരണത്തിന് കർഷകർ 2023 സെപ്റ്റംബറിൽ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലും ജില്ലാ കളക്ടർക്കും നിവേദനം നൽകിയെങ്കിലും ഫലം ഉണ്ടായില്ല. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളെ സമീപത്തെ ടൗണുകളുമായി ബന്ധിപ്പിക്കുന്ന റോഡുകളെല്ലാം തകർന്നുകിടക്കുകയാണ്. ഇതി ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർക്കു കുലുക്കമില്ല.
ഗ്രാമത്തിൽ കുടിവെള്ള വിതരണം രണ്ട് വർഷത്തിലധികമായി മുടങ്ങിയിരിക്കയാണ്. പതിറ്റാണ്ടുകൾ മുന്പ് ഇവിടെ ജപ്പാൻ കുടിവെള്ള പദ്ധതി നടപ്പാക്കിയിരുന്നു. പിന്നീട് അധികാരികൾ ജലനിധി പദ്ധതി കൊണ്ടുവന്നു. ഒരു കോടിയിൽപരം രൂപ ചെലവിൽ പണിത ജല ശുദ്ധീകരണ പ്ലാന്റ് പദ്ധതിയുടെ ഭാഗമായിരുന്നു. ഇപ്പോൾ ജൽജീവൻ പദ്ധതിയുമായാണ് അധികൃതർ മുന്നോട്ടുപോകുന്നത്. പദ്ധതി എപ്പോൾ പൂർത്തിയാകുമെന്നതിൽ നടത്തിപ്പുകാർക്കുപോലും തിട്ടമില്ലാത്ത സ്ഥിതിയാണ്.
1962ൽ ചീക്കല്ലൂരിൽ ആരംഭിച്ച ഗവ.എൽപി സ്കൂൾ യുപിയായി ഉയർത്തണമെന്ന മുറവിളി എങ്ങും എത്തുന്നില്ല. നാലാം ക്ലാസോടെ പഠനം നിർത്തുകയാണ് ഗ്രാമത്തിലെ പട്ടികവർഗ കുട്ടികളിൽ അധികവും. അഞ്ച് കിലോമീറ്റർ അകലെയാണ് യുപി സ്കൂൾ. വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടും യുപി വിദ്യാഭ്യാസത്തിന് പോകുന്ന പട്ടികവർഗ കുട്ടികൾ കുറവാണ്.
മഴക്കാലത്ത് ചോർന്നൊലിക്കുന്നതാണ് ചീക്കല്ലൂരിലെ പട്ടികവർഗ ഉന്നതികളിലുള്ള വീടുകളിൽ പലതും. ഇവ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കുന്നതിന് ഉത്തരവാദപ്പെട്ടവർക്ക് ശുഷ്കാന്തിയില്ല. ഗ്രാമത്തിലെ പടിഞ്ഞാറുവീട് ഉന്നതിയിൽ നിർമിച്ച കക്കൂസ് ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്ക് തള്ളുകയാണ്. ഇത് ഉന്നതിയുള്ളവർക്കു പ്രയാസം സൃഷ്ടിക്കുന്നത് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.