മുള്ളൻകൊല്ലി മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് രാജിവയ്ക്കണം: ഡികെടിഎഫ്
1560330
Saturday, May 17, 2025 5:41 AM IST
പുൽപ്പള്ളി: ദളിത് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കോണ്ഗ്രസ് മുള്ളൻകൊല്ലി മണ്ഡലം പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡികെടിഎഫ്) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രൂക്ഷമായ പ്രതിസന്ധിയാണ് മുള്ളൻകൊല്ലിയിലെ കോണ്ഗ്രസ് നേരിടുന്നത്. പാർട്ടിയേയും പ്രവർത്തകരേയും ഒന്നിച്ചുകൊണ്ടുപോകുന്നതിൽ മണ്ഡലം പ്രസിഡന്റ് പരാജയപ്പെട്ടിരിക്കുകയാണ്.
പാർട്ടിയിൽ ഒരു ബൂത്ത് കമ്മിറ്റി ഭാരവാഹിപോലുമല്ലാതിരുന്നയാളെ ഡിസിസി പ്രസിഡന്റുമായുള്ള ബന്ധുത്വം യോഗ്യതയാക്കിയാണ് മണ്ഡലം പ്രസിഡന്റായും മുള്ളൻകൊല്ലി ബാങ്ക് പ്രസിഡന്റായുമെല്ലാം തെരഞ്ഞെടുത്തത്. മുള്ളൻകൊല്ലിയിലെ ഒട്ടുമിക്ക ബൂത്തുകമ്മിറ്റികളും നിർജീവമാണ്. ചില വാർഡുകളിലും ബൂത്തുകളിലും മണ്ഡലം പ്രസിഡന്റിനെ കാലുകുത്താൻപോലും പ്രവർത്തകർ അനുവദിച്ചിട്ടില്ല. ദളിത് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കേസിൽ കുറ്റാരോപിതനെ സംരക്ഷിക്കാൻ പാർട്ടി നേതൃത്വത്തിലെ ചിലർ പോലീസിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ട്.
മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഭൂരിപക്ഷം പ്രവർത്തകരും ഒപ്പിട്ട് കെപിസിസി നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയെടുക്കാത്തത് പ്രവർത്തകരോടുള്ള വെല്ലുവിളിയാണ്. തദ്ദേശതെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഈ വിഷയത്തിൽ നേതൃത്വത്തിന്റെ ഇടപെടലുണ്ടായില്ലെങ്കിൽ പാർട്ടിക്ക് ദോഷംചെയ്യും.
മണ്ഡലം പ്രസിഡന്റിനെതിരായ നടപടി വൈകിയാൽ ഡികെടിഎഫ് പരസ്യപ്രതിഷേധത്തിലേക്ക് കടക്കും. മണ്ഡലം പ്രസിഡന്റ് സി.ഡി. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ശിവരാമൻ പാറക്കുഴി, മാത്യു ഉണ്ണിയാപ്പള്ളി, ജോണ്സണ് കക്കാട്ട്, ചെറിയാൻ പനച്ചിക്കൽ, അപ്പച്ചൻ മങ്ങാട്ട്കുന്നേൽ, പാപ്പച്ചൻ കമുങ്ങ്കാട്ടിൽ, ത്രേസ്യാമ്മ കിരിക്കുന്നേൽ, എത്സമ്മ പാലത്താനത്ത് തുടങ്ങിയവർ പ്രസംഗിച്ചു.