പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക
1550143
Friday, May 16, 2025 6:02 AM IST
കൽപ്പറ്റ: ഒയിസ്ക ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ജൂണ്‍ അഞ്ച് മുതൽ ജൂലെ നാല് വരെ പരിസ്ഥിതി മാസാചരണം കൊണ്ടാടുന്നതിന്റെ ഭാഗമായി തൈകളുടെയും തണ്ടുകളുടെയും ശേഖരണാർത്ഥം മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിസ്ഥിതി പഠനയാത്ര സംഘടിപ്പിച്ചു. ഒയിസ്ക സൗത്ത് ഇന്ത്യയിലെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ പരിസ്ഥിതി പ്രവർത്തകനും ഒയിസ്ക കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ കക്കോത്ത് പ്രഭാകരന്റെ നേതൃത്വത്തിലാണ് പഠനയാത്ര സംഘടിപ്പിച്ചത്.
രുദ്രാക്ഷം, ഉങ്ങ്, നാഗമരം, പൊൻ ചെന്പകം, മന്ദാരം തുടങ്ങി നിരവധി വൃക്ഷത്തൈകളുടെ വിത്തുകളും തണ്ടുകളും ശേഖരിച്ചു. വിത്ത് ശേഖരണത്തിന്റെ സമാപന പരിപാടി കൽപ്പറ്റയിൽ നടന്നു. ഒയിസ്ക ഇന്റർനാഷണൽ കൽപ്പറ്റ ചാപ്റ്റർ വൈസ് പ്രസിഡന്റ് കെ.ടി. വർഗീസ് പ്രഭാകരനെ ആദരിച്ചു.
കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സമാഹരിച്ച വിത്തുകളുടെ കൈമാറ്റം നടന്നു. മീനങ്ങാടി ഒയിസ്ക ഇക്കൊ റിസോഴ്സ് സെന്റർ, പുൽപ്പള്ളി, മാവിലാംത്തോട്, സുൽത്താൻ ബത്തേരി, മുട്ടിൽ, കൽപ്പറ്റ, പടിഞ്ഞാറത്തറ, മാനന്തവാടി തുടങ്ങിയ പ്രദേശങൾ സന്ദർശിച്ചു. കൽപ്പറ്റ ചാപ്റ്റർ ജോയിന്റ് സെക്രട്ടറിമാരായ മെഡിക്കൽ ഓഫീസർ ഡോ.ടി.സി. അനിത, എം. ഉമ്മർ, കൊയിലേരി ടി.സി. റോയി ചാക്കോ, നിരവിൽപുഴ അജേഷ് എന്നിവർ വിത്തുകൾ പ്രഭാകരന് കൈമാറി.