മാനുഷികമൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടുള്ള മിഷനറിദൗത്യം കാലികപ്രസക്തം: മാര്‍ മാത്യു മൂലക്കാട്ട്
1549736
Wednesday, May 14, 2025 11:49 PM IST
കോട്ടയം: മാനുഷിക മൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടുള്ള മിഷനറി ദൗത്യം കാലികപ്രസക്തമെന്ന് കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്.
കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ മിഷന് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന ക്നാനായ സമുദായാംഗങ്ങളായ വൈദികരെയും സന്യസ്തരെയും പങ്കെടുപ്പിച്ച് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മിഷനറി സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
കോട്ടയം അതിരൂപത സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശേരില്‍, വികാരി ജനറാള്‍മാരായ ഫാ. തോമസ് ആനിമൂട്ടില്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പാസ്റ്ററല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു മണക്കാട്ട്, ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു. സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയ്ക്ക് ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.
തുടര്‍ന്ന് മിഷനറിമാരുടെ അനുഭവം പങ്കുവയ്ക്കലും വീഡിയോ പ്രസന്റേഷനും ചര്‍ച്ചകളും ആക്ഷന്‍പ്ലാന്‍ രൂപീകരണവും മിഷനറിമാരെ ആദരിക്കലും നടന്നു. നൂറോളം വൈദിക, സന്യസ്ത മിഷനറിമാര്‍ സംഗമത്തില്‍ പങ്കെടുത്തു.