വനിതാ പഞ്ചായത്തഗം അസി. സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതായി പരാതി
1549984
Thursday, May 15, 2025 11:36 PM IST
നെടുങ്കണ്ടം: കരുണാപുരം വനിതാ പഞ്ചായത്തഗം സെക്രട്ടറിയുടെ ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതായി പരാതി. കരുണാപുരം പഞ്ചായത്ത് രണ്ടാം വാർഡ് പ്രതിനിധി കോൺഗ്രസിലെ റാബി സിദ്ദിഖിനെതിരെയാണ് പരാതി.
പഞ്ചയത്ത് ജോയിന്റ് ഡയറക്ടർക്കും ജില്ലാ കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്. പുഴയിലേക്കും തോടുകളിലേക്കും മാലിന്യങ്ങൾ ഒഴുക്കുന്നവർക്കെതിരേ നടപടി സ്വീകരിച്ചതിന്റെ പേരിൽ ഉദ്യോഗസ്ഥനെതിരേ പലതവണ ഭരണ സമിതി അംഗം ഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു.
ബുധനാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിക്ക് ശേഷം ഭരണ സമിതി അംഗം ഉദ്യോഗസ്ഥനോട് പ്രകോപനപരമായി സംസാരിക്കുകയും നോക്കി നടന്നില്ലെങ്കിൽ പിറകിൽനിന്നു വണ്ടിയിടിച്ചു കഴിയുമ്പോൾ എല്ലാം അവസാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
ഇത്രകാലം ജീവിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും അതാണ് വിധിയെങ്കിൽ നേരിടാൻ തയാറാണെന്നും മറുപടി പറഞ്ഞ ഉദ്യോഗസ്ഥനോട് അത് കരുണാപുരത്തുവച്ചുതന്നെ നടക്കുമെന്ന് ഭരണസമിതി അംഗം പറഞ്ഞതായും പരാതിയിൽ പറയുന്നു. മെംബറുടെ ഭീഷണി നിലനിൽക്കുന്നതിനാൽ നിർഭയമായും സുരക്ഷിതമായും ജോലി ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ അപേക്ഷ.