ചട്ടലംഘനം: മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്ക് സ്ഥലം മാറ്റം
1549743
Wednesday, May 14, 2025 11:50 PM IST
മൂന്നാർ: ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയ മൂന്നാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് സ്ഥലം മാറ്റം. ജി.പി. ഉദയകുമാറിനെ പഞ്ചായത്ത് പ്രിൻസിപ്പൽ ഡയറക്ടറാണ് സ്ഥലം മാറ്റി ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് തൂണേരി പഞ്ചായത്തിലേക്കാണ് മാറ്റം. പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുള്ള ചട്ടങ്ങൾ പാലിക്കാത്ത കാരണത്തിനാണ് നടപടി.
കഴിഞ്ഞ മാർച്ച് 28ന് നടന്ന നാടകീയ സംഭവങ്ങളാണ് നടപടിക്കു കാരണമായത്. മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാർ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതിനുള്ള സന്നദ്ധത അറിയിച്ച് സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു. ഇത് സ്വീകരിച്ച സെക്രട്ടറി തെരഞ്ഞെടുപ്പു കമ്മീഷന് കൈമാറുകയും ചെയ്തു.
എന്നാൽ, രാജിക്കത്തിലെ ഒപ്പ് തന്റേതല്ലെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റും കൂട്ടരും തന്റെ മുറിയിൽ അതിക്രമിച്ചു കയറി ബലമായി കത്തിൽ ഒപ്പിടുവാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും വിസമ്മതിച്ചതിനെത്തുടർന്ന് വ്യാജ ഒപ്പിട്ട് നൽകുകയായിരുന്നുവെന്നും ചൂണ്ടിക്കാണിച്ച് ദീപയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇരുവരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെടുകയും വാദം കേട്ടശേഷം പഞ്ചായത്ത് സെക്രട്ടറി ചട്ടലംഘനം നടത്തിയതായി കണ്ടെത്തുകയും ചെയ്തു.
പഞ്ചായത്ത് രാജ് ആക്ട് പ്രകാരം സെക്രട്ടറിയുടെ മുന്പിൽ വച്ച് ഒപ്പിട്ടു നൽകുന്ന രാജികത്തു മാത്രമേ സാധൂകരിക്കപ്പെടുകയുള്ളൂ എന്നിരിക്കെ തന്റെ മുന്പിൽവച്ച് ഒപ്പിടാത്ത രാജിക്കത്ത് സ്വീകരിച്ചതാണ് ചട്ടലംഘനമായി തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയത്. സെക്രട്ടറിയും പ്രതിപക്ഷവും ഒത്തുകളി നടത്തുകയാണെന്ന ആരോപണവുമായി ഭരണകക്ഷിയായ കോണ്ഗ്രസ് രംഗത്ത് എത്തുകയും ചെയ്തു. ദീപയ്ക്ക് പ്രസിഡന്റ് പദവിയിൽ തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവു നൽകുകയും ചെയ്തി രുന്നു.