സ്കൂൾ തുറക്കൽ: ഒരുക്കം പുരോഗമിക്കുന്നു
1549978
Thursday, May 15, 2025 11:36 PM IST
തൊടുപുഴ: പുതിയ അധ്യയനവർഷം ആരംഭിക്കാൻ രണ്ടാഴ്ച ബാക്കി നിൽക്കെ സ്കൂളുകളിലേക്ക് വിദ്യാർഥികളെ വരവേൽക്കാനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു.
സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും മോടിപിടിപ്പിക്കുന്ന ജോലികളും മഴക്കാലപൂർവ ശുചീകരണവും വേഗത്തിൽ പൂർത്തിയാക്കണമെന്ന് സ്കൂൾ അധികൃതർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.
സ്കൂളും പരിസരവും വൃത്തിയാക്കുക, മലിന ജലം ഒഴുക്കിക്കളയാനുള്ള സംവിധാനം ക്രമീകരിക്കുക, സ്കൂൾ പരിസരത്ത് അപകടകരമായ വിധത്തിൽ നിൽക്കുന്ന മരങ്ങളും മരശിഖരങ്ങളും വെട്ടിനീക്കുക എന്നീ നിർദേശങ്ങൾ വിദ്യാഭ്യാസ ഉപഡയറക്ടർ നൽകിയിട്ടുണ്ട്. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഉപ ജില്ലാതലത്തിൽ പ്രഥമാധ്യാപകരുടെ യോഗവും വിളിച്ചു ചേർത്തിരുന്നു.
സ്കൂളുകൾ തുറക്കുന്നതിനു മുൻപുതന്നെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അതത് തദ്ദേശ സ്ഥാപനങ്ങളിൽനിന്നു വാങ്ങി സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. മിക്ക സ്കൂളുകളിലും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നു. സ്കൂൾ കെട്ടിടങ്ങളുടെ പെയിന്റിംഗ്, ചുമരുകളിൽ ചിത്രങ്ങൾ വരയ്ക്കൽ എന്നിങ്ങനെയുള്ള ജോലികൾ പല സ്കൂളുകളിലും നടന്നുവരുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ സ്കൂളും പരിസരവും വൃത്തിയാക്കൽ ആരംഭിക്കും.
പല സ്കൂളുകളിലും കിണർ, ടാങ്ക് ശുചീകരണം, കാടു തെളിക്കൽ, പരിസരം അണുവിമുക്തമാക്കൽ, പാചകപ്പുര വൃത്തിയാക്കൽ, പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങളും മരച്ചില്ലകളും മുറിച്ചു നീക്കൽ എന്നിങ്ങനെയുള്ള ജോലികൾ ആരംഭിച്ചിട്ടില്ല. സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ കെട്ടിടങ്ങളിൽ ഇഴ ജന്തുക്കൾ വാസമുറപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന അടുത്ത ദിവസംതന്നെ ആരംഭിക്കും. എല്ലാ വാഹനങ്ങളുടെയും സുരക്ഷാ പരിശോധന നടത്തി കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കും. ഇതോടൊപ്പംതന്നെ സ്കൂൾ വാഹനങ്ങൾ ഓടിക്കുന്നവർക്ക് ബോധവത്കരണ ക്ലാസുകളും നടത്തും.
സ്കൂൾ തുറന്നതിനു ശേഷവും വിവിധ സ്ക്വാഡുകൾ പരിശോധന നടത്തും. പാഠപുസ്തക വിതരണവും പൂർത്തിയായതായി അധികൃതർ അറിയിച്ചു.
സ്കൂൾ വിപണിയും
ഉണർന്നു
തൊടുപുഴ: സ്കൂൾ വിപണികളിലും തിരക്കേറി വരികയാണ്. വിദ്യാർഥികൾക്കായി പുത്തൻ ട്രെൻഡുകളാണ് സ്കൂൾ വിപണികൾ ഒരുക്കിയിരിക്കുന്നത്. ബാഗ്, കുട, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിൽ, ചെരിപ്പ്, ഷൂസ്, നോട്ട്ബുക്ക്, പേന, പെൻസിൽ, നെയിംസ്ലിപ് തുടങ്ങി സ്കൂൾകുട്ടികൾക്ക് ആവശ്യമായതെല്ലാം വിപണിയിൽ എത്തിയിട്ടുണ്ട്.
സ്കൂൾ തുറക്കുന്പോൾ വ്യാപാരികൾ ഏറെ പ്രതീക്ഷ വയ്ക്കുന്നത് സ്കൂൾ ബാഗുകളിലും കുടകളിലുമാണ്.
വർണക്കുടകളും സൂപ്പർഹീറോകളുടെയും കാർട്ടൂണ്‍ താരങ്ങളുടെയും ചിത്രങ്ങളുള്ള ബാഗുകളുമെല്ലാം കടകളിൽ നിരന്നുകഴിഞ്ഞു. ബാഗ്, കുട വിപണിയിൽ വൻകിട ബ്രാൻഡുകൾ തമ്മിലാണ് മത്സരം.
ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് വില കൂടുതലാണെങ്കിലും ഗുണമേൻമയും സൗജന്യങ്ങളും ഗാരന്റിയുമെല്ലാം ഉപഭോക്താക്കളെ ആകർഷിക്കുന്നു. ബാഗ് ബ്രാൻഡ് അനുസരിച്ച് ശരാശരി 500 മുതൽ 2,500 രൂപ വരെയാണ് വില. കുറഞ്ഞ ബാഗുകൾ 350 രൂപ മുതൽ ലഭ്യമാണ്. വിവിധ വർണങ്ങളിലുള്ളതും ചിത്രങ്ങൾ ഉള്ളതുമായ കുടകൾക്കാണ് കുട്ടികൾക്കിടയിൽ പ്രിയം. 350 രൂപ മുതലാണ് കുടകളുടെ വില. മൂന്ന്, അഞ്ച് ഫോൾഡറുകളുള്ള കുടകൾക്കും പ്രായവ്യത്യാസമില്ലാതെ ഉപയോഗിക്കുന്ന കാലൻകുടകൾക്കും ആവശ്യക്കാരേറെയുണ്ട്.
കുട്ടികളുടെ മഴക്കോട്ടുകൾക്ക് 200 രൂപ മുതലാണ് വില. ലഞ്ച് ബോക്സുകൾ 250 രൂപ മുതൽ ലഭ്യമാണ്. കൂടുതൽ ആവശ്യക്കാരുള്ള സ്റ്റീൽ വാട്ടർ ബോട്ടിലുകൾക്ക് 300 രൂപയിലാണ് വില തുടങ്ങുന്നത്. കാർട്ടൂണ്‍ കഥാപാത്രങ്ങളുടെയും കാറിന്റെയും ബസിന്റെയും രൂപത്തിലുള്ള പെൻസിൽ ബോക്സുകളാണ് സ്കൂൾ വിപണിയിലെ മറ്റൊരു ആകർഷണം. 30 മുതൽ 150 രൂപ വരെയാണ് പെൻസിൽ ബോക്സുകളുടെ വില. സ്കൂൾ വിപണിയിൽ അടുത്ത ദിവസങ്ങളിൽ തിരക്കേറുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. അതേസമയം, ആളുകൾ കൂടുതലായി ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നത് കച്ചവടത്തെ ബാധിക്കുമോയെന്ന ആശങ്കയും ചെറുകിട വ്യാപാരികൾക്കുണ്ട്.