പഠനോത്സവത്തിന് ഇന്ന് തുടക്കം
1549980
Thursday, May 15, 2025 11:36 PM IST
ഇടുക്കി: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന പഠന കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ജൈവവൈവിധ്യ പഠനോത്സവത്തിന് ഇന്ന് രാവിലെ കുട്ടികളുടെ പ്രകൃതി സൗഹൃദ ചിത്ര രചനയോടെ തുടക്കമാകും. അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന പഠനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് പഠനോത്സവം സംഘടിപ്പിക്കുന്നത്. ഈ അധ്യയന വർഷം ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളിലേക്ക് എത്തുന്ന വിദ്യാർഥികൾ പഠനോത്സവത്തിൽ പങ്കെടുക്കും. ശില്പശാലകൾ, കുട്ടികൾ നടത്തിയ വിവിധ പഠനങ്ങളുടെ അവതരണം, ഫീൽഡ് പ്രവർത്തനങ്ങൾ, കലാപരിപാടികൾ എന്നിവയാണ് പഠനോത്സവത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പച്ചത്തുരുത്ത് സന്ദർശനം, മൂന്നാർ യാത്ര, പക്ഷി നിരീക്ഷണം, ശലഭ നിരീക്ഷണം, ഇരവികുളം നാഷണൽ പാർക്ക് സന്ദർശനം, മാട്ടുപ്പെട്ടി ഇൻഡോ സിസ് ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശനം, പരിസ്ഥിതി വിദഗ്ധരുടെ നേതൃത്വത്തിൽ ക്ലാസുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമാണ്.
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ബ്ലോക്ക് ജില്ലാതല മൊഗാ ക്വിസ്, ഓപ്പണ്‍ ആക്ടിവിറ്റി എന്നിവയിൽ വിജയികളായവരാണ് സംസ്ഥാന പഠനോത്സവത്തിൽ പങ്കെടുക്കുന്നത്. തദ്ദേശസ്ഥാപന തലത്തിൽ പങ്കെടുത്ത 4318 പേരിൽനിന്ന് വിജയികളായ 608 കുട്ടികളെ പങ്കെടുപ്പിച്ചാണ് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചത്. ഇതിൽനിന്ന് വിജയികളായ 60 വിദ്യാർഥികളാണ് പഠനോത്സവത്തിൽ പങ്കെടുക്കുന്നത്.