അടിമാലി താലൂക്കാശുപത്രിയില്‍ രോഗിക്ക് എലിയുടെ കടിയേറ്റതായി പരാതി
1549744
Wednesday, May 14, 2025 11:50 PM IST
അടിമാലി: അടിമാലി താലൂക്കാശുപത്രിയില്‍ രോഗിക്ക് എലിയുടെ കടിയേറ്റതായി പരാതി. സര്‍ജറിക്കുശേഷം ആശുപത്രിയിലെ പേ വാര്‍ഡില്‍ ചികിത്സയില്‍ തുടര്‍ന്നിരുന്ന കമ്പിളികണ്ടം സ്വദേശി ഷാജനാണ് ഇന്നലെ പുലര്‍ച്ചെ എലിയുടെ കടിയേറ്റത്.
ഡയബറ്റിക് രോഗിയായ ഷാജന് കഴിഞ്ഞ 28നായിരുന്നു കാലിലെ സര്‍ജറിക്കായി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയത്. കട്ടിലില്‍ കിടക്കുന്പോഴാണ് കാലില്‍ എലിയുടെ കടിയേറ്റതെന്ന് ഷാജന് പറഞ്ഞു. മുറിയില്‍ ഷാജന് കിടക്കുന്ന ഭാഗത്ത് ജനാലയ്ക്ക് അടയ്ക്കാനുള്ള പാളികള്‍ ഇല്ല.
കാഡ്ബോഡ് കഷണങ്ങളും മറ്റും ഉപയോഗിച്ചാണ് ഈ ഭാഗം മറച്ചിട്ടുള്ളത്.
ഇതു വഴി ഇഴജന്തുക്കളടക്കം അകത്ത് പ്രവേശിക്കാനുള്ള സാധ്യത ഏറെയാണ്. ഷാജന്റെ ഇരു കാലുകളിലും വിരലിന്റെ അഗ്രഭാഗത്ത് കടിയേറ്റതിന്റെ പാടുകള്‍ ഉണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഷാജന് ചികിത്സ ലഭ്യമാക്കിയതായും തുറന്നു കിടന്നിരുന്ന ജനല്‍ ഭാഗം അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രിയില്‍വച്ച് രോഗിക്ക് എലിയുടെ കടിയേറ്റതില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.