വനംവകുപ്പിന്റെ വെല്ലുവിളിക്കെതിരേ: മന്ത്രി ശശീന്ദ്രന്റെ കോലം കത്തിച്ച് നാട്ടുകാർ
1549987
Thursday, May 15, 2025 11:36 PM IST
തൊമ്മൻകുത്ത്: കൈവശഭൂമിയിലെ വനംവകുപ്പിന്റെ കടന്നുകയറ്റത്തിനെതിരേയും കുടിയേറ്റ കർഷകന്റെ പട്ടയഭൂമിയിലെ ഉൾപ്പെടെ മരങ്ങൾ മുറിക്കാനും മറ്റുമുള്ള മൗലിക അവകാശങ്ങൾക്കെതിരേ ധിക്കാരപരമായ നിലപാട് സ്വീകരിക്കുന്നതിനെതിരേയും ക്രൈസ്തവർ സംപൂജ്യമായി കരുതുന്ന കുരിശ് നശിപ്പിക്കുകയും ക്രൈസ്തവവികാരം വ്രണപ്പെടുത്തുകയും ചെയ്ത നീചവും നിന്ദ്യവുമായ നടപടിക്കെതിരേ തൊമ്മൻകുത്ത് ഇടവകാംഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മന്ത്രി എ.കെ. ശശീന്ദ്രന്റെ കോലം കത്തിച്ച് പ്രതിഷേധം കടുപ്പിച്ചു.
ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേയുള്ള പ്രതിഷേധത്തിൽനിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ തൊമ്മൻകുത്തിൽ നടന്ന പ്രതിഷേധം.സമരത്തിന്റെ തുടർച്ചയായി 19നു കാളിയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കാളിയാർ ഫൊറോനയുടെ കീഴിലുള്ള ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
കാളിയാർ റേഞ്ച് ഓഫീസർക്കെതിരേയും വണ്ണപ്പുറം വില്ലേജിലെ 4,005 ഏക്കർ പട്ടയ, കൈവശഭൂമികൾ വനഭൂമിയാണെന്ന് തെറ്റായ റിപ്പോർട്ട് നൽകിയ വില്ലേജ് ഓഫീസർക്കെതിരേ നടപടി സ്വീകരിക്കുകയും നശിപ്പിച്ച കുരിശ് പുനഃസ്ഥാപിക്കുകയും ചെയ്യുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.
കുരിശ് പൊളിച്ചതിനെതിരേ വീട്ടുമുറ്റത്ത് കുരിശ് സ്ഥാപിച്ച് വിശ്വാസികൾ നേരത്തെ പ്രതിഷേധിച്ചിരുന്നു. നാരങ്ങാനം പ്രദേശത്ത് 1968നു മുന്പ് ഭൂമി കൈവശമുണ്ടായിരുന്നതായി തൊടുപുഴ മുൻസിഫ് കോടതി ഉത്തരവിറക്കിയിട്ടും അതിനു പുല്ലുവില കൽപ്പിക്കാത്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മൂക്കുകയറിടാൻ സർക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടോയെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.
അടുത്തിടെ വിശ്വാസികൾ പ്രാർഥനയ്ക്കായി ഉപയോഗിച്ചിരുന്ന പീഠവും വിളക്കുകാലുകളും തട്ടിതകർത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അവഹേളനാപരമായ തുടർനീക്കത്തിനെതിരേയും ശക്തമായ നടപടി ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കുരിശ് തകർത്തതിനു പിന്നാലെ ഇവിടെ സ്ഥാപിച്ചിരുന്ന താത്കാലിക പ്രാർഥനാപീഠം നശിപ്പിച്ച സ്ഥലത്ത് വിശ്വാസികൾ പ്രാർഥന തുടർന്നുവരികയാണ്.
ദിവസം ചെല്ലുന്തോറും ഇവിടെ പ്രാർഥിക്കാനെത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. വന്യമൃഗങ്ങൾ ജനവാസ മേഖലയിലിറങ്ങി മനുഷ്യജീവനും സ്വത്തിനും നാശനഷ്ടം വരുത്തുന്പോൾ അതിനെതിരേ ചെറുവിരലനക്കാൻപോലും തയാറാകാത്ത വനംവകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളെ കള്ളക്കേസിൽപ്പെടുത്താനും കർഷകരുടെ സ്വൈര്യജീവിതത്തെ ഇല്ലാതാക്കാനും ശ്രമിക്കുന്നത് പ്രതിഷേധം ആളക്കത്താൻ ഇടയാക്കിയിട്ടുണ്ട്.