ജില്ലാതല പ്രവേശനോത്സവം തൊടുപുഴയിൽ
1560161
Saturday, May 17, 2025 12:17 AM IST
വിദ്യാലയങ്ങളിൽ സുരക്ഷയ്ക്ക്ക ർശന മാർഗനിർദേശം
തൊടുപുഴ: ജൂണ് രണ്ടിന് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ചുള്ള നിർദേശങ്ങളാണ് നൽകിയത്. പ്രവേശനോത്സവത്തിനു മുന്നോടിയായി ഒരുക്കങ്ങൾ പൂർത്തിയാക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു. ജൂണ് രണ്ടിന് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലാണ് ഈ വർഷത്തെ ജില്ലാതല പ്രവേശനോത്സവം നടക്കുന്നത്.
സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ 27നകം പൂർത്തിയാക്കണം. പ്രവേശനോത്സവത്തിനു മുന്പ് കെട്ടിടങ്ങൾ പെയിന്റ് ചെയ്ത് മനോഹരമാക്കണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂളുകൾ തുറക്കാൻ അനവദിക്കില്ല. അതാത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങി സ്കൂളിൽ സൂക്ഷിക്കണം. നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന സ്കൂളുകളിൽ വാടകക്കെട്ടിടത്തിലാണ് ക്ലാസുകൾ നടക്കുന്നതെങ്കിൽ ഇത് പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പാക്കണം.
നിർമാണ പ്രവർത്തനം നടക്കുന്ന സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷിതത്വത്തിന്റെ ഭാഗമായി ഇവിടം മറച്ചു കെട്ടുകയും ഇവിടേക്ക് വിദ്യാർഥികൾ പ്രവേശിക്കാതിരിക്കാൻ ബോർഡ് സ്ഥാപിക്കുകയും ചെയ്യണം.
സ്കൂൾ പരിസരത്ത് പ്രചാരണ സാമഗ്രികൾ, കൊടിതോരണങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്സ് എന്നിവ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്യണം. ട്രാഫിക് പോലീസിന്റെ സഹായത്തോടെ സ്കൂളുകൾക്കു മുന്നിൽ മുന്നറിയിപ്പു ബോർഡുകൾ, ട്രാഫിക് സൈൻ ബോർഡുകൾ എന്നിവ സ്ഥാപിക്കണം.
കുട്ടികളുടെ സുരക്ഷ
വീട്ടിൽനിന്നു സ്കൂളിലേക്കും തിരികെയും വിദ്യാർഥികൾ സഞ്ചരിക്കുന്പോൾ അവരുടെ സുരക്ഷിതത്വം വരുത്തണം. സ്വകാര്യ വാഹനങ്ങൾ, പൊതുവാഹനങ്ങൾ, സ്കൂൾ വാഹനങ്ങൾ എന്നിവയിൽ സഞ്ചരിക്കുന്ന വിദ്യാർഥികളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണം. സ്കൂളിനു സമീപം റോഡിന് ഇരു വശവും ഹന്പുകൾ, സ്പീഡ് ബ്രേക്കറുകൾ എന്നിവ ക്രമീകരിക്കണം.
സ്കൂളിനടുത്തുള്ള വെള്ളക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവയ്ക്ക് സുരക്ഷാ ഭിത്തി നിർമിക്കാനും ജലാശയങ്ങൾക്കും മറ്റും സമീപം അപകട സാധ്യതാ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാനും നടപടിയെടുക്കണം. അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റണം. ഇഴജന്തുക്കൾ കയറാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കണം.
ലഹരി ഉപയോഗം
സ്കൂൾ പരിസരത്തെ കടകളിൽ നിരോധിത പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കുളും വിൽപ്പന നടത്തുന്നില്ലെന്ന് പോലീസ്, എക്സൈസ് എന്നിവരുടെ സഹായത്തോടെ പരിശോധിച്ച് ഉറപ്പാക്കണം. സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തണം. ക്ലാസുകൾ തുടങ്ങിയ ശേഷവും നിശ്ചിത സമയം കഴിഞ്ഞ് വീട്ടിലും വിദ്യാർഥികൾ എത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ച് വിവരം തിരക്കണം. വീട്ടിൽനിന്നു വിദ്യാർഥി പുറപ്പെട്ട് സ്കൂളിലെത്തിയില്ലെങ്കിൽ ആ വിവരം ക്ലാസ് ടീച്ചർ പോലീസിനെ അറിയിക്കണം.
പരിസര ശുചീകരണം
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വിദ്യാലയവും പരിസരവും പൂർണമായി വൃത്തിയാക്കണം. ശുചിത്വ വിദ്യാലയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ, തദ്ദേശ സ്ഥാപന അധികൃതർ സംയുക്ത യോഗം ചേർന്ന് ക്രമീകരണം നടത്തണം. പിടിഎയുടെ നേതൃത്വത്തിൽ സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി സന്പൂർണ ശുചീകരണം നടത്തണം. കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റ് ജല സ്രോതസുകൾ എന്നില ശുചീകരിക്കണം.
ഉച്ചഭക്ഷണ വിതരണം
സ്കൂൾ തുറക്കുന്ന ദിവസം തന്നെ ഉച്ചഭക്ഷണ വിതരണം ആരംഭിക്കണം. സ്കൂൾ അടുക്കള, പാചകം ചെയ്യുന്ന പാത്രങ്ങൾ എന്നിവ അണുവിമുക്തമാക്കണം. പാചകത്തൊഴിലാളികൾ ഹെൽത്ത് കാർഡ് എടുത്തെന്ന് ഉറപ്പാക്കണം.
യാത്രാ സുരക്ഷ
സ്കൂൾ വാഹനങ്ങളിൽ കയറ്റാവുന്ന വിദ്യാർഥികളുടെ എണ്ണം, ഫിറ്റ്നസ് എന്നിവ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ബസ് യാത്രയിൽ കുട്ടികളെ കൃത്യമായ സ്റ്റോപ്പുകളിൽ ഇറക്കുന്നതിനും കയറ്റുന്നതിനും ആവശ്യമായ ക്രമീകരണം ഒരുക്കണം. കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിനും പോലീസിന്റെ സഹായം തേടണം.