മാരിയിൽ കലുങ്ക് പാലം: അപ്രോച്ച് റോഡ് നിർമാണം പുരോഗമിക്കുന്നു
1549738
Wednesday, May 14, 2025 11:49 PM IST
തൊടുപുഴ: മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം പുരോഗമിക്കുന്നു. റോഡിന്റെ വശങ്ങളിൽ കരിങ്കൽക്കെട്ടാണ് ഇപ്പോൾ നിർമിക്കുന്നത്. കരിങ്കൽ കെട്ട് നിർമാണം പൂർത്തിയായാലും കാലവർഷം അടുത്തെത്തിയതിനാൽ ടാറിംഗ് നടത്താൻ പിന്നെയും വൈകുമെന്നാണ് സൂചന. റോഡിന്റെ ഇരു വശത്തും കരിങ്കൽ കെട്ട് നിർമിക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പാലം നിർമാണം നടത്തിയ മൂവാറ്റുപുഴയിലെ സ്വകാര്യ കരാർ കന്പനിയാണ് അപ്രോച്ച് റോഡും നിർമിക്കുന്നത്. എന്നാൽ അപ്രോച്ച് റോഡ് നിർമാണം പൂർത്തിയായി പാലം ഗതാഗതത്തിനു തുറന്നു നൽകിയാൽ കാഞ്ഞിരമറ്റം ജംഗ്ഷനിൽ കടുത്ത ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന ആശങ്ക ഇപ്പോൾത്തന്നെ ഉടലെടുത്തു കഴിഞ്ഞു.
മാരിയിൽ കലുങ്ക് പാലം നിർമാണം പൂർത്തിയായിട്ട് ഒൻപതു വർഷങ്ങൾ കഴിഞ്ഞെങ്കിലും അപ്രോച്ച് റോഡില്ലാത്തതിനാൽ പാലം ഗതാഗതത്തിനു തുറന്നുകൊടുക്കാനായിരുന്നില്ല. ഇത് ഏറെ പ്രതിഷേധങ്ങൾക്കിടയാക്കുകയും ചെയ്തു. ഇതിനിടെ പാലത്തിന്റെ ഒളമറ്റം ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണം പി.ജെ. ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 1.80 കോടി ഉപയോഗിച്ച് പൂർത്തിയാക്കി.
അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പ് പൂർത്തിയായി രണ്ടുവർഷം കഴിഞ്ഞപ്പോൾ ഇവിടെ റോഡ് നിർമാണം പൂർത്തിയാക്കാനായി. എന്നാൽ കാഞ്ഞിരമറ്റം ഭാഗത്തെ സ്ഥലമെടുപ്പു നടപടികൾ വൈകിയതാണ് ഇവിടെ അപ്രോച്ച് റോഡ് നിർമാണം വൈകാനിടയാക്കിയത്. ഒടുവിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയാക്കി അപ്രോച്ച് റോഡ് നിർമാണത്തിനു തുടക്കമായതോടെ പാലം ഉടൻതന്നെ ഗതാഗതത്തിനായി തുറക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. 90 ലക്ഷം രൂപയാണ് അപ്രോച്ച് റോഡ് നിർമാണത്തിനായി അനുവദിച്ചിരിക്കുന്നത്. 12 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്.
അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാക്കി പാലം തുറന്നുകൊടുത്താൽ പ്രദേശത്തിന്റെ വികസനത്തിനുതന്നെ വഴി ഒരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാഞ്ഞിരമറ്റം, കീരികോട്, തെക്കുംഭാഗം, അഞ്ചിരി ഉൾപ്പെടെയുള്ള മേഖലകളിലെ ജനങ്ങൾക്ക് ഇത് ഏറെ പ്രയോജനപ്പെടും. ഇതിനു പുറമേ കാരിക്കോട് - ചുങ്കം ബൈപാസും പൂർത്തിയാക്കിയാൽ തൊടുപുഴയുടെ കിഴക്കൻ മേഖലയിലുള്ള ഒൻപതു പഞ്ചായത്തുകളിലുള്ളവർക്ക് ഉപകാരപ്രദമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കാരിക്കോട് - മുതലിയാർ മഠം - മാരിയിൽക്കലുങ്ക് - ഡിവൈൻ മേഴ്സി ഷ്റൈൻ വഴി ചുങ്കത്തെത്തുന്ന രീതിയിലാണ് ബൈപാസ്. കാരിക്കോടുനിന്ന് മാരിയിൽ കലുങ്ക് വരെയുള്ള ഭാഗം പൂർണമായും പുതിയ അലൈൻമെന്റിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു വീട് മാത്രമേ ബൈപാസിന്റെ അലൈൻമെന്റിനുള്ളിൽ വരുന്നുള്ളൂ. ബൈപാസിന്റെ ഈ ഭാഗം മുഴുവൻ പുതിയ റോഡ് നിർമിക്കാൻ ആണ് വിഭാവനം ചെയ്തിട്ടുള്ളത്. റോഡ് കടന്നുപോകുന്ന ഭാഗത്തെ ഭൂ ഉടമകളുടെ പിന്തുണയോടെയാണ് റോഡിന്റെ അലൈൻമെന്റ് തയാറാക്കിയിരിക്കുന്നത്.
എന്നാൽ പാലത്തിന്റെ അപ്രോച്ച് റോഡിന് 12 മീറ്റർ മാത്രമുള്ളതിനാൽ ഇവിടെ ഗതാഗതക്കുരുക്കിന് ഇടയാക്കിയേക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കാഞ്ഞിരമറ്റം -തൊടുപുഴ റോഡ് മികച്ച രീതിയിലാണ് നിർമിച്ചിരിക്കുന്നതെങ്കിലും ഇതിനു മതിയായ വീതിയില്ല.
അതിനാൽ ഇരു ഭാഗത്തു നിന്നും മാരിയിൽ കലുങ്ക് പാലത്തിൽനിന്നും വാഹനങ്ങൾ എത്തുന്നതോടെ ഇവിടെ ഗതാഗത തടസം ഉണ്ടാകുമെന്നുറപ്പാണ്.
അപ്രോച്ച് റോഡിനായി സ്ഥലമേറ്റെടുത്തപ്പോൾ ഏതാനും മീറ്റർ കൂടി ഏറ്റെടുത്താൽ സുഗമമായ സഞ്ചാരം ഉറപ്പാക്കാൻ കഴിയുമായിരുന്നെന്ന് നാട്ടുകാർ പറ യുന്നു.