തൊമ്മൻകുത്തിൽ വനംമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കും
1549742
Wednesday, May 14, 2025 11:50 PM IST
തൊമ്മൻകുത്ത്: നാരങ്ങാനത്ത് കുരിശ് തകർത്തസ്ഥലത്ത് പ്രാർഥനയ്ക്കായി വിശ്വാസികൾ ഒരുക്കിയ പീഠം എറിഞ്ഞു തകർത്ത വനംവകുപ്പ് നടപടിക്കെതിരേ തൊമ്മൻകുത്ത് ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ വനംമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കും.
ഇന്നു വൈകുന്നേരം അഞ്ചിന് തൊമ്മൻകുത്ത് കവലയിലാണ് പ്രതിഷേധപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇടവകയുടെ കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശ് തകർത്തതിനുപിന്നാലെ പ്രദേശത്തെ വിശ്വാസികൾ ദിവസവും വൈകുന്നേരം ഇവിടെ ഒരുമിച്ചുചേർന്ന് ജപമാല ചൊല്ലിയിരുന്നു.
ഇതുവരെ പ്രാർഥന മുടങ്ങിയിരുന്നില്ല. പീഠം തകർത്തെങ്കിലും തിരികത്തിച്ച് ഇന്നലെയും പ്രാർഥന നടത്തി. തിങ്കളാഴ്ച കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി കുരിശ് തകർത്ത സ്ഥലം സന്ദർശിക്കുകയും വനംവകുപ്പിനെതിരേ ശക്തമായി രംഗത്തുവരികയും ചെയ്തിരുന്നു.
പിറ്റേന്നാണ് വനംവകുപ്പിലെ രണ്ടു ഗാർഡുമാർ ഇരുചക്രവാഹനത്തിലെത്തി പ്രാർഥനാപീഠം എറിഞ്ഞുതകർത്തത്. ഈ സമയം ഇവിടെ ആരും ഉണ്ടായിരുന്നില്ല.
സംഭവത്തിൽ വനംവകുപ്പ് റേഞ്ച് ഓഫീസറുടെ മറുപടിയും വിശ്വാസികളെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു. നേരത്തേ സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസും സ്ഥലം സന്ദർശിച്ച് വനംവകുപ്പിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
കുരിശ് തകർത്ത സംഭവത്തിൽ പ്രതിഷേധിക്കുന്ന ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെയും വനംവകുപ്പ് അവഹേളിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു.
ഭരണമുന്നണിയിലെ പ്രമുഖ പാർട്ടിയുടെ ചെയർമാൻ സ്ഥലം സന്ദർശിച്ച് മടങ്ങിയ ഉടൻതന്നെ പ്രാർഥനാപീഠം എറിഞ്ഞുടച്ചത് മുന്നണിക്കുള്ളിലും അസ്വാരസ്യങ്ങൾക്ക് കാരണമായിട്ടുണ്ട്.
വനംവകുപ്പിനുമുന്നിൽ സർക്കാർ മുട്ടുമടക്കുകയാണെന്ന ജനങ്ങളുടെ ആക്ഷേപം ശരിവയ്ക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ സംഭവമെന്നും വിമർശമുയർന്നിട്ടുണ്ട്.
കുരിശ് തകർക്കൽ
മലയോര കർഷകരെ കുടിയിറക്കാനുള്ള മുന്നൊരുക്കം: പ്രഫ. എം.ജെ. ജേക്കബ്
വണ്ണപ്പുറം: നാരങ്ങാനത്ത് കുരിശ് പിഴുത സംഭവത്തിലും വണ്ണപ്പുറം പഞ്ചായത്തിലെ 4005 ഏക്കർ ഭൂമി വനമാണെന്നു റിപ്പോർട്ട് നൽകിയതിലും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന വനംമന്ത്രിക്കും റവന്യുമന്ത്രിക്കും അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷിക്ക് ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെങ്കിൽ രാജിവയ്ക്കണമെന്നും കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ.ജേക്കബ് ആവശ്യപ്പെട്ടു.
കുരിശ് തകർത്ത സംഭവത്തിൽ തുടക്കത്തിൽ പ്രതികരിക്കാതിരുന്ന എൽഡിഎഫ് ജനവികാരം എതിരാണെന്നു തിരിച്ചറിഞ്ഞാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. സിപിഎം ജില്ലാസെക്രട്ടറി കുരിശുപുനഃസ്ഥാപിക്കാൻ സംരക്ഷണം നൽകുമെന്നുപറയുകയും ജോസ് കെ. മാണി വനംവകുപ്പിന്റ നടപടിയെ നിശിതമായി വിമർശിക്കുകയുംചെയ്തു.
ജോസ് കെ.മാണിയുടെ സന്ദർശനത്തിനു പിറ്റേന്ന് പള്ളിയുടെ കൈവശ ഭൂമിയൽ അതിക്രമം കാട്ടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഒത്താശയും ധൈര്യവും ലഭിച്ചത് എവിടെനിന്നാണെന്ന് എൽഡിഎഫ്നേതാക്കൾ വ്യക്തമാക്കണമെന്നും എം.ജെ. ജേക്കബ് പറഞ്ഞു. എൽഡിഎഫ് നടത്തുന്ന സമരം പ്രഹസനമാണെന്നും മലയോര കർഷകരെ കുടിയിറക്കാനുള്ള മുന്നൊരുക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.