കിക്ക് ഡ്രഗ്സ് സന്ദേശയാത്ര 22നു ജില്ലയിൽ
1560163
Saturday, May 17, 2025 12:17 AM IST
ഇടുക്കി: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ കാന്പയിന്റെ ഭാഗമായി കായിക വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ മന്ത്രി വി. അബ്ദു റഹ്മാൻ നേതൃത്വം നൽകുന്ന ലഹരി വിരുദ്ധ സന്ദേശയാത്ര 22നു ജില്ലയിൽ പര്യടനം നടത്തും. യാത്രയുടെ ഭാഗമായി ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെയും അത്ലറ്റിക്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ രാമക്കൽമേട് മുതൽ നെടുങ്കണ്ടം പടിഞ്ഞാറെ കവല വരെ മാരത്തോണ്‍ സംഘടിപ്പിക്കും
.
രാവിലെ 8.30ന് പടിഞ്ഞാറെ കവലയിൽനിന്നു കിഴക്കേ കവലയിലേക്ക് മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, റോഷി അഗസ്റ്റിൻ, എംഎൽഎമാർ, ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ വാക്കത്തോണ്‍ ആരംഭിക്കും.
തുടർന്ന് കിഴക്കേ കവലയിൽ പൊതുസമ്മേളനം നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് തൊടുപുഴ മങ്ങാട്ടു കവല ബസ് സ്റ്റാൻഡിൽ നിന്നും ഗാന്ധി സ്ക്വയറിലേക്ക് ലഹരി വിരുദ്ധ മഹാറാലി സംഘടിപ്പിക്കും. ഗാന്ധി സ്ക്വയറിൽ പൊതുസമ്മേളനം നടക്കും. വൈകുന്നേരം ആറിന് തൊടുപുഴ മർച്ചന്റ് അസോസിയേഷൻ ഹാളിൽ കായിക അസോസിയേഷൻ പ്രതിനിധികളും കായിക അധ്യാപകരും താരങ്ങളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.
നിർമാണത്തിലിരിക്കുന്ന പച്ചടി ഇൻഡോർ സ്റ്റേഡിയം, നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം, എഴുകുംവയൽ വോളിബോൾ സ്റ്റേഡിയം, കാൽവരിമൗണ്ട് ഹൈസ്കൂൾ സ്റ്റേഡിയം, ഇടുക്കി ഐഡിഎ സ്റ്റേഡിയം എന്നിവയും മന്ത്രി സന്ദർശിക്കും. പരിപാടിയുടെ വിജയത്തിനായി മന്ത്രി റോഷി അഗസ്റ്റിൻ രക്ഷാധികാരിയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ചെയർമാനും, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി വൈസ് ചെയർമാനും സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ ജനറൽ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
കിക്ക് ഡ്രഗ്സ്-ലഹരിവിരുദ്ധ
പ്രചാരണം
ചെറുതോണി: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കായിക വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും സംയുക്തമായി 22ന് നെടുങ്കണ്ടത്തും തൊടുപുഴയിലും കായിക മന്ത്രി പങ്കെടുക്കുന്ന മഹാറാലിയും പൊതുസമ്മേളനവും നടത്തും. രാമക്കൽമേടുനിന്നു നെടുങ്കണ്ടം പടിഞ്ഞാറേകവലയിലേക്ക് മാരത്തോണും നടക്കും. തൊടുപുഴയിൽ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽനിന്ന് ഗാന്ധി സ്ക്വയറിലേക്ക് ലഹരി വിരുദ്ധ സന്ദേശ റാലിയും നടക്കും.
ക്യാമ്പയിന്റെ പ്രചാരണത്തിനായി ജില്ലയിലെ ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ മുഴുവൻ പഞ്ചായത്തുകളിലും 19, 20 തീയതികളിൽ കൂട്ടയോട്ടവും 21ന് എല്ലാ തദ്ദേശ സ്വയംഭരണ വാർഡുകളിൽ പ്രഭാത നടത്തം, ഗ്രാമീണ സ്പോർട്സ് കൗൺസിലുകളുടെ നേതൃത്വത്തിൽ വിവിധ കായിക സംഘടനകളുടെ പ്രദർശന മത്സരങ്ങൾ എന്നിവയും നടക്കും.
അതാത് പഞ്ചായത്തുകളിലെ സ്കൂളുകളിലെ എൻസിസി, എസ്പിസി, കായിക പ്രതിഭകൾ എന്നിവരെ ലഹരിവിരുദ്ധ സന്ദേശ റാലിയിൽ അണിനിരത്തുന്നതിനും പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.